ഭരണത്തുടര്‍ച്ച ഉറപ്പിച്ച്  എല്‍ഡിഎഫ്


ടതുപക്ഷമാണ് ഏത് തിരഞ്ഞെടുപ്പിലും ജനങ്ങൾക്കുമുമ്പാകെ വ്യക്തമായ ലക്ഷ്യത്തോടെയുള്ള പ്രകടനപത്രിക സമർപ്പിക്കാറുള്ളത്. തങ്ങളുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലവിൽ വന്നാൽ എന്തൊക്കെ കാര്യങ്ങളാണ് നടപ്പാക്കുക എന്നു തിരഞ്ഞെടുപ്പു പ്രചരണകാലത്ത് അത് ജനങ്ങൾക്ക് വിശദീകരിച്ചുകൊടുക്കുന്നു. 1957 മുതൽ പിന്തുടരുന്ന പതിവാണത്. ജനങ്ങൾക്കു മുമ്പാകെ അവതരിപ്പിക്കുന്നതിനു മുമ്പായി അക്കാര്യം പാർടി/മുന്നണി നേതൃത്വം വിശദമായി ചർച്ച ചെയ്യും. അതിനു മുമ്പ് ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചതും ജനങ്ങൾ ആവശ്യപ്പെട്ടതുമായ കാര്യങ്ങളെ ക്രോഡീകരിച്ചാണ് പ്രകടനപത്രിക അവസാനം തയ്യാറാക്കുക. 2016ൽ 600 ഇന പ്രകടനപത്രികയും ഇപ്പോൾ 900 ഇന പത്രികയും തയ്യാറാക്കിയിട്ടുള്ളത് ഈ അടിസ്ഥാനത്തിലാണ്. ജയിച്ച് സർക്കാർ രൂപീകരിച്ചാൽ പത്രികയിലെ ഇനങ്ങൾ നടപ്പാക്കുന്നതിനു മുൻഗണന നൽകും. ഇപ്പോഴത്തെ സർക്കാർ ഓരോ വർഷം കഴിയുമ്പോഴും പ്രോഗ്രസ് റിപ്പോർട്ട് ജനസമക്ഷം അവതരിപ്പിക്കുന്ന സമ്പ്രദായം നടപ്പാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് 600ൽ 580 ഇനങ്ങൾ നടപ്പായതായി സർക്കാർ പറയുന്നത്.

ഇപ്പോഴത്തെ 900 ഇനങ്ങളുള്ള പ്രകടനപത്രിക സാമൂഹ്യ ജീവിതത്തിന്റെയും ഭരണത്തിന്റെയും നാനാമേഖലകളെ സമഗ്രമായി സ്പർശിക്കുന്നതാണ്. മൂന്നു വശങ്ങളാണ് അതിൽ പ്രധാനമായി പരാമർശിക്കേണ്ടത് അല്ലെങ്കിൽ ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടത്. ഒന്നാമത്, പരമദാരിദ്ര്യത്തെ അടുത്ത 5 വർഷം കൊണ്ട് പൂർണമായി തുടച്ചുനീക്കാൻ എൽഡിഎഫ് ലക്ഷ്യമിടുന്നു. 89 ലക്ഷം കുടുംബങ്ങളുള്ളതിൽ 4.5 ലക്ഷം കുടുംബങ്ങൾ, ഏതാണ്ട് 5 ശതമാനം ആണ് ഈ വിഭാഗത്തിലുള്ളത്. അവർക്ക് ഭക്ഷണം, വീട്, വിദ്യാഭ്യാസം, ആരോഗ്യരക്ഷ, തൊഴിൽ, മറ്റ് ക്ഷേമനടപടികൾ എന്നിവ നിഷ്കൃഷ്ടമായി നടപ്പാക്കിക്കൊണ്ട് അവരെ ദാരിദ്ര്യരേഖയ്ക്ക് മുകളിലാക്കാൻ കഴിയണം എന്ന് ലക്ഷ്യമിടുന്നു. അതിനു കഴിയും എന്ന ആത്മവിശ്വാസം എൽഡിഎഫിനുണ്ട്. ഇന്ത്യയിൽ ഇങ്ങനെ പരമദാരിദ്ര്യം പൂർണമായി തുടച്ചുനീക്കിയ സംസ്ഥാനങ്ങൾ ഒന്നുംതന്നെയില്ല. അത് സാക്ഷാൽകരിക്കാൻ കഴിഞ്ഞാൽ കേരളത്തിന് മറ്റൊരു നേട്ടമായിരിക്കും.

പരമദാരിദ്ര്യമില്ലെങ്കിലും, തൊഴിലില്ലായ്മ മൂലം ജീവിതം സുരക്ഷിതമാക്കാൻ കഴിയാത്ത ഒരു വലിയ വിഭാഗം കേരളത്തിലുണ്ട്. കർഷകർ, തൊഴിലാളികൾ, ഇടത്തരക്കാർ എന്നിവരിൽ ഓരോ വിഭാഗം ഇക്കൂട്ടത്തിലുണ്ട്. വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നേടിയവരാണ് അവരിൽ ഏറെയും. കൃഷിയും ഗ്രാമീണ പരമ്പരാഗത മേഖലാ തൊഴിലുകളും മറ്റും അവർക്കായി കാര്യക്ഷമമാക്കണം. ധാന്യങ്ങൾ, പച്ചക്കറി, പഴങ്ങൾ, വാണിജ്യവിളകൾ ഇവയുടെ ഉൽപ്പാദനക്ഷമത വർധിപ്പിച്ചും കർഷകർക്ക് വില ഉറപ്പാക്കിയും ഇവ വിപുലമായി സംസ്ക്കരിക്കുന്നതിനുള്ള സൗകര്യം സംസ്ഥാനത്ത് ഏർപ്പെടുത്തിയും 15 ലക്ഷം പുതിയ തൊഴിലുകൾ സൃഷ്ടിക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. പാൽ, മുട്ട, ഇറച്ചി എന്നിവയ്ക്കായി കന്നുകാലികൾ, ആട്, കോഴി, താറാവ് മുതലായവയെ വിപുലമായ തോതിൽ വളർത്തിക്കൊണ്ടും ഉൽപ്പന്ന സംസ്ക്കരണം നടത്തിക്കൊണ്ടുമാണ് ഈ ലക്ഷ്യം നേടാൻ കഴിയുക. കഴിഞ്ഞ 5 വർഷങ്ങളിൽ ഈ മേഖലയിൽ കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങൾ ഇത്തരത്തിലുള്ള ലക്ഷ്യം പ്രഖ്യാപിക്കാനും അത് സാക്ഷാൽക്കരിക്കാനുമുള്ള ആത്മവിശ്വാസം നൽകുന്നു.


അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിനാളുകൾ തൊഴിൽരഹിതരാണ് കേരളത്തിൽ. അഭ്യസ്തവിദ്യരായ യുവതികളിൽ ഒരു വിഭാഗം വിവാഹത്തിനു ശേഷവും കുട്ടികൾ ഉണ്ടാകുമ്പോഴും ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു. ഇങ്ങനെയുള്ളവർ സംസ്ഥാനത്ത് ദശലക്ഷക്കണക്കിനുണ്ട്. കോവിഡ് മഹാമാരി മൂലം ലോകത്താകെ അടച്ചിടൽ ഏർപ്പെടുത്തപ്പെട്ടപ്പോൾ ഒരു വിഭാഗം സ്ഥാപനങ്ങൾ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ (വർക്ക് ഫ്രം ഹോം) സംവിധാനം ഒരുക്കി. കുറെയധികം ജോലികൾ ഇത്തരത്തിലായിരിക്കും വരും വർഷങ്ങളിൽ.

കേരളത്തിലെ തൊഴിൽരഹിതരായ അഭ്യസ്തവിദ്യരായവർക്ക്, സ്ത്രീകൾക്ക് വിശേഷിച്ചും, ഈ സാധ്യത പ്രയോജനപ്പെടുത്തി തൊഴിൽ ലഭ്യമാക്കാൻ എൽഡിഎഫ് ഉദ്ദേശിക്കുന്നു. വരും വർഷങ്ങളിൽ ഇത്തരത്തിൽ 20 ലക്ഷം തൊഴിലുകൾ കേരളത്തിൽ സൃഷ്ടിക്കാൻ അത് ലക്ഷ്യമിടുന്നു. കെ ഫോൺ, സാർവത്രികമായി 24 മണിക്കൂർ വൈദ്യുതി ലഭ്യത മുതലായ ഇതിനകം ഏർപ്പെടുത്തിയ/ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന സൗകര്യങ്ങളെ ഇതിനായി സർക്കാർ ഉപയോഗപ്പെടുത്തണമെന്നു എൽഡിഎഫ് നിർദേശിക്കുന്നു. അഭ്യസ്തവിദ്യരായ സ്ത്രീകളുടെ മാത്രമല്ല, യുവാക്കളുടെയും തൊഴിലില്ലായ്മ ഇതുവഴി വലിയ അളവോളം പരിഹരിക്കാൻ കഴിയും. മാത്രമല്ല, ഇത്രയും പേർ തൊഴിലെടുക്കുന്ന സ്ഥിതി ഉണ്ടാകുമ്പോൾ, മറ്റ് ഒട്ടേറെ അനുബന്ധതൊഴിൽ സാധ്യതകൾ ഇവിടെ ഉരുത്തിരിയും.

ഐടി ഉൾപ്പെടെ ആധുനികþഅത്യാധുനിക ശാസ്ത്രþസാങ്കേതിക സിദ്ധികൾ ഉപയോഗിച്ചുകൊണ്ടുള്ള തൊഴിൽ സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും വലിയ തോതിൽ ഇവിടെ വളർത്താൻ എൽഡിഎഫ് ഉദ്ദേശിക്കുന്നു. കഴിഞ്ഞ 5 വർഷത്തിനകം കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 300ൽനിന്നു 3900 ആയി വർധിച്ചു. അടുത്ത അഞ്ചുവർഷത്തിനകം 30,000 ആയി വർധിപ്പിക്കാനും 1.5 ലക്ഷം തൊഴിലവസരങ്ങൾ അവ വഴി സൃഷ്ടിക്കാനും എൽഡിഎഫ് ലക്ഷ്യമിടുന്നു.


ഈ മുന്നേറ്റം സാധ്യവും സ്ഥായിയും ആകണമെങ്കിൽ വിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചുകയറ്റം ആവശ്യമാണ്. പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്ത്. സർവകലാശാലകൾ, കോളേജുകൾ, ഗവേഷണസ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തിന്റെ അലകും പിടിയും ഈ ലക്ഷ്യത്തിന് ഉതകുന്ന രീതിയിൽ മാറ്റിയെടുക്കേണ്ടതുണ്ട്. വിദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും പോയാണ് ഇവിടുത്തെ അഭ്യസ്തവിദ്യരും അനഭ്യസ്തവിദ്യരുമായ യുവതീ യുവാക്കൾ കഴിഞ്ഞ നൂറ്റാണ്ടിലേറെക്കാലമായി ഉപജീവനം നടത്തിവന്നത്. ഇവിടെ ജനിച്ചുവളരുന്നതിൽ മഹാഭൂരിപക്ഷത്തിനും ഇവിടെത്തന്നെ വിദ്യാഭ്യാസം നേടി തൊഴിൽ ചെയ്തു ജീവിക്കാൻ ഉതകുംവിധം വിദ്യാഭ്യാസþതൊഴിൽമേഖലയിലാകെ ഒരു പൊളിച്ചെഴുത്ത് നടത്താനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യരക്ഷ എന്നിവയ്ക്കായി ഇപ്പോൾ അന്യസംസ്ഥാനങ്ങൾ/രാജ്യങ്ങൾ എന്നിവയിലേക്ക് ആളുകൾ പോകുന്ന സ്ഥിതി മാറ്റി ഈ ആവശ്യങ്ങൾക്കായി മറ്റിടങ്ങളിൽ നിന്ന് ആളുകളെ കേരളത്തിലേക്ക് ആകർഷിക്കാൻ കഴിയുംവിധം ഈ രംഗത്തെ സ്ഥാപനങ്ങളെയും സൗകര്യങ്ങളെയും പുനരാവിഷ്കരിക്കാനും പുനഃസംവിധാനം ചെയ്യാനും എൽഡിഎഫ് ലക്ഷ്യമിടുന്നു. ഇതൊക്കെ നടപ്പാക്കപ്പെടുന്നതോടെ സംസ്ഥാനത്തിന്റെ ചിന്താഗതിയിലും ഭൗതിക സൗകര്യങ്ങളിലും സാമൂഹ്യþവ്യക്തി താൽപ്പര്യങ്ങളിലും ലക്ഷ്യങ്ങളിലുമാകെ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്നത് വസ്തുതയാണ്. നവകേരളം സൃഷ്ടിക്കപ്പെടുന്നത്, സാർവത്രികമായ നവോത്ഥാനം ഇവിടുത്തെ എല്ലാ വിഭാഗം ജനങ്ങളിലും ഉണ്ടാകുന്നത് അതോടെയായിരിക്കും.

ഈ കാഴ്ചപ്പാടും അത് സാക്ഷാത്കരിക്കാൻ വേണ്ട പ്രായോഗിക പ്രവർത്തനങ്ങളും ആവിഷ്കരിച്ചത് മുഖ്യമന്ത്രിയോ എൽഡിഎഫ് നേതൃത്വമോ തനിച്ചല്ല. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ആയിരക്കണക്കിനു സഹോദരീ സഹോദര·ാരുടെ വികാര വിചാരങ്ങളുടെയും ഉപദേശനിർദേശങ്ങളുടെയും സമൂർത്ത പരിപാടികളുടെയും അടിസ്ഥാനത്തിലാണ്. എന്നാൽ, ഇവയെ സ്വാഗതം ചെയ്യുന്നതിനും ചർച്ചാവിഷയമാക്കുന്നതിനും സ്വാംശീകരിക്കുന്നതിനും അതിന്റെയെല്ലാം ഫലമായി മൂർത്തമായ ലക്ഷ്യങ്ങളും പരിപാടികളും തയ്യാറാക്കുന്നതിനും അനുഭവസമ്പന്നവും സന്നദ്ധവുമായ നേതൃത്വം എൽഡിഎഫിന് ഉള്ളതുകൊണ്ടാണ് ഇവയെല്ലാം ഏകോപിപ്പിക്കപ്പെട്ടത്. അവർക്ക് ഭാവനാത്മകവും ക്രിയാത്മകവും ആയ നേതൃത്വം നൽകി എന്നതാണ് പിണറായി വിജയന്റെ സംഭാവന. അത് ചെറുതല്ല. അതേ സമയം മറ്റ് നേതാക്കളെയെല്ലാം, നരേന്ദ്രമോഡി എൻഡിഎയിൽ ചെയ്യുന്നതു പോലെ, തൃണവൽഗണിച്ചു കൊണ്ടല്ല പിണറായി വിജയൻ എൽഡിഎഫിനും അതിന്റെ സർക്കാരിനും നേതൃത്വം നൽകുന്നത്. കൂട്ടായ്മയോടെയും ജനാധിപത്യബോധത്തോടെയുമാണ്. അത് തിരിച്ചറിയാനുള്ള ജനാധിപത്യബോധം ഇല്ലാത്തതുകൊണ്ടാണ് കുടുംബാധിപത്യ പാർടി നേതാക്കളും അമിതാധികാര പാർടി നേതാക്കളും പിണറായി വിജയന്റെ ഏകാധിപത്യമെന്നു പുലമ്പിക്കൊണ്ടിരിക്കുന്നത്. ഈ വസ്തുതകൾ തിരിച്ചറിഞ്ഞ് കേരളത്തിലെ ജനത ഇടതുപക്ഷത്തിന്റെ തുടർഭരണം ഉറപ്പാക്കാനുള്ള ഉറച്ച തീരുമാനത്തിൽ എത്തിയിരിക്കുകയാണ്. ഭരണത്തുടർച്ച എന്നാൽ നയങ്ങളുടെയും പരിപാടികളുടെയും തുടർച്ച എന്നാണർഥം. അതുണ്ടാകുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഉറപ്പാണ് എൽഡിഎഫ്. •