മാധ്യമ ഗുണ്ടുകള്‍

ഗൗരി

ന്തംവിട്ട പ്രതി എന്തും ചെയ്യുമെന്നാണല്ലോ ചൊല്ല്! അതാണിപ്പോള്‍ മനോരമയുടെ അവസ്ഥ. ഭ്രാന്തിളകിയ മട്ടിലാണ് അത് എന്ന് മാധ്യമസ്ഥാപനത്തിന്‍റെ ഓരോ ദിവസത്തെയും അച്ചടി-ദൃശ്യമാധ്യമങ്ങള്‍ ശ്രദ്ധിക്കുന്ന ആര്‍ക്കും കാണാനാവും. സംസ്ഥാനത്ത് ഇടതുപക്ഷത്തിന്‍റെ, സിപിഐ എമ്മിന്‍റെ നേതൃത്വത്തിലുള്ള ഒരു മുന്നണിയുടെ തുടര്‍ഭരണം, അതും തങ്ങള്‍ കഴിഞ്ഞ രണ്ട് ദശകത്തിലേറെക്കാലം വേട്ടയാടിക്കൊണ്ടിരുന്ന പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള തുടര്‍ഭരണം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കാന്‍ പോലും ഈ കോര്‍പ്പറേറ്റ് സ്ഥാപനത്തിനു കഴിയില്ല. അത് അവരുടെ വര്‍ഗതാല്‍പ്പര്യത്തിന്‍റെ പ്രശ്നമാണ്. അത് സംരക്ഷിക്കുന്ന കൂട്ടര്‍ അധി

പക്ഷേ, വസ്തുതകളുടെ പിന്‍ബലത്തോടെ അതിന് കഴിയില്ലെന്ന് അവര്‍ക്ക് കൃത്യമായ ധാരണയുണ്ട്. അതിനവര്‍ നിരന്തരമായി നുണ പറഞ്ഞുകൊണ്ടേയിരിക്കും. സത്യമെന്ന മട്ടില്‍ പച്ചക്കള്ളം പ്രചരിപ്പിക്കാന്‍, അതാവര്‍ത്തിച്ചുകൊണ്ടേയിരിക്കാന്‍ അവര്‍ക്കൊരു മടിയുമില്ല. ദൈനംദിനം ആ പത്രത്താളുകളിലൂടെയും ചാനലിലൂടെയും എന്തോരം ഗുണ്ടുകളാണെന്നോ മനോരമ പൊട്ടിച്ചുകൊണ്ടിരിക്കുന്നത്!

യഥാര്‍ഥത്തില്‍ കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തെ മുന്നില്‍നിന്ന് കൈപിടിച്ച് നയിക്കുന്നത് ഈ മാധ്യമസ്ഥാപനമാണെന്നു പറഞ്ഞാല്‍ അധികപ്പറ്റാവില്ല. എന്നാല്‍ മനോരമ ഒറ്റയ്ക്കാണെന്ന് പറഞ്ഞുകൂട. മുഖ്യധാരാ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഏറെക്കുറെ ഒറ്റക്കെട്ടാണ്. ഇന്ന് കേരളത്തില്‍ ഇടതുപക്ഷം നേരിടുന്നത് കോണ്‍ഗ്രസിനെയോ മുസ്ലീം ലീഗിനെയോ ബിജെപിയെയോ മാത്രമല്ല (കോ-ലീ-ബിയെ മാത്രമല്ല) അതിനെക്കാള്‍ ഭീകരമായ കൂടുതല്‍ പ്രഹരശേഷിയുള്ള മുഖ്യധാരാ മാധ്യമങ്ങളെക്കൂടിയാണ്.

ഇതേവരെ പടച്ചുവിട്ട നുണക്കൂമ്പാരങ്ങള്‍ കാര്യമായൊന്നും ഏശുന്നില്ലെന്നറിയാവുന്ന മനോരമാദികള്‍ ഇപ്പോള്‍ പുതിയൊരു അസ്ത്രമാണ് ഇടതുപക്ഷത്തിനെതിരെ തൊടുത്തുവിട്ടിരിക്കുന്നത്. ഇരട്ടവോട്ടും കള്ളവോട്ടും. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മനോരമ ഈ വിഷയത്തില്‍ ഒട്ടേറെ പര്‍വതീകരിച്ച സ്റ്റോറികള്‍ പ്രസിദ്ധീകരിച്ചതിനു പുറമേ രണ്ട് മുഖപ്രസംഗങ്ങള്‍ കൂടി വായനക്കാരുടെ മുന്നിലേക്ക് ചവച്ചുതുപ്പിയിട്ടുണ്ട്.

മാര്‍ച്ച് 17ന് "ഇത്തവണ കള്ളവോട്ട് ബൂത്ത് കാണരുത്. തപാല്‍ വോട്ടുകളില്‍ ക്രമക്കേട് നടക്കാതിരിക്കാനും ജാഗ്രത വേണം" എന്ന ശീര്‍ഷകത്തിലാണ് മുഖപ്രസംഗം. മാര്‍ച്ച് 19ന് മുഖപ്രസംഗത്തിന്‍റെ ശീര്‍ഷകം ഇങ്ങനെ: "കുറ്റമറ്റ"താകണം വോട്ടര്‍ പട്ടിക. കള്ളപ്പേരുകള്‍ എത്രയും വേഗം കണ്ടെത്തി നീക്കം ചെയ്യണം". രണ്ടും അന്തസ്സാര ശൂന്യമാണെന്ന് പറയാതെ വയ്യ. എന്നാല്‍ പക്കാ പ്രൊപ്പഗന്‍ഡ സാധനങ്ങളുമാണ്. എന്നാല്‍ കൃത്യമായി തുറന്ന് വിരല്‍ചൂണ്ടാനുള്ള ആര്‍ജവമൊട്ടില്ല താനും. കാരണം നിയമനടപടി നേരിടേണ്ടതായി വരുമെന്ന ഭയംതന്നെ! എല്ലാ നുണയന്മാര്‍ക്കുമുള്ള പൊതുഭീതി തന്നെ.

ഇനി നമുക്ക് ഈ മുഖപ്രസംഗ ഗുണ്ടുകള്‍ ഒന്നു പൊട്ടിച്ചുനോക്കാം. 17-ാം തീയതി ഈ പത്രം പറഞ്ഞു തുടങ്ങുന്നതിങ്ങനെയാണ്: "കള്ളവോട്ടിലൂടെയും തപാല്‍ വോട്ടിലെ ക്രമക്കേടുകളിലൂടെയുമൊക്കെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ എന്തുവില കൊടുത്തും ചെറുക്കണമെന്ന് ഓര്‍മിപ്പിക്കുന്നുണ്ട്, ഈ തിരഞ്ഞെടുപ്പും!" ഈ പറഞ്ഞ കാര്യത്തോട് ഒരു വിധത്തിലും നമുക്ക് കലഹിക്കാനാവില്ല. ജനാധിപത്യത്തെ, ജനഹിതത്തെ, മനോരമ തന്നെ പറയുന്നതുപോലെ "ജനാധിപത്യത്തിന്‍റെ സൗന്ദര്യത്തെ" ഒരു തരത്തിലും അട്ടിമറിക്കാന്‍ പാടില്ലായെന്നത് ഈ രാജ്യത്തെ ജനതയുടെ, തൊഴിലാളി കര്‍ഷകാദി അധ്വാനിക്കുന്നവരുടെ ആവശ്യമാണ്, നിലപാടാണ്. യഥാര്‍ഥത്തില്‍ ജനാധിപത്യത്തെ എക്കാലത്തും അട്ടിമറിച്ചിട്ടുള്ളത് മുതലാളിവര്‍ഗമാണ്, അതിന്‍റെ രാഷ്ട്രീയമാണ്. ഈ ജനാധിപത്യകശാപ്പിന് എന്നും കൂട്ടുനിന്നിട്ടുള്ള പാരമ്പര്യമാണ് മനോരമയ്ക്കുള്ളത്.

ഉദാഹരണം തേടി മറുനാടുകളിലേക്കൊന്നും പോണ്ട. കേരളത്തില്‍ 1957ല്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭയെ കാലാവധി പൂര്‍ത്തിയാകുംമുമ്പ് കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടത് ജനാധിപത്യപരമായ നടപടിയായിരുന്നോ? ആ പിരിച്ചുവിടലിലേക്ക് നയിച്ച അക്രമങ്ങള്‍, കലാപങ്ങള്‍ എല്ലാം ജനാധിപത്യത്തിന്‍റെ സൗന്ദര്യ സംരക്ഷണത്തിനായിരുന്നോ? കുടിയൊഴിപ്പിക്കല്‍ നിരോധനവും കാര്‍ഷികപരിഷ്കരണവും വിദ്യാഭ്യാസ നിയമവും പൊലീസിനെ തൊഴിലാളികളെയും കൃഷിക്കാരെയും മര്‍ദിച്ചൊതുക്കാനും ജന്മിമാര്‍ക്കും മുതലാളിമാര്‍ക്കും കാവല്‍ നില്‍ക്കാനുമുള്ള ഉപകരണമാക്കാന്‍ പറ്റില്ലെന്ന നയവുമെല്ലാമാണല്ലോ ആ 'വിമോചനസമര' കോലാഹലങ്ങള്‍ക്ക് കാരണമായത്. അന്നത്തെ ആ അക്രമപേക്കൂത്തുകളും ഒടുവില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടതും എന്തു ജനാധിപത്യസംരക്ഷണമാണു ഹേ?

മനോരമയ്ക്കും കൂട്ടര്‍ക്കും ജനാധിപത്യമെന്നാല്‍ പാവപ്പെട്ടവനെ ചൂഷണം ചെയ്യാനും കൊള്ളയടിക്കാനും അവന്‍റെ ചോരയൂറ്റിക്കുടിച്ച് കൊളയട്ടകളെപ്പോലെ തടിച്ചുകൊഴുക്കാനുമുള്ള അവസരമൊരുക്കലിനപ്പുറം ഒന്നുമല്ല. ജനഹിതം അതിനെതിരായി നീങ്ങിയാല്‍ വാളെടുക്കാനും കുറുവടി പ്രയോഗിക്കാനും തോക്കിന്‍റെ പ്രയോഗത്തിനുമൊന്നും മുതലാളിത്തം മടിക്കില്ലെന്ന് കേരളം കണ്ടതാണല്ലോ? 1959ല്‍ കേരളത്തില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യം ജനാധിപത്യബോധം വഴിഞ്ഞൊഴുകുന്നതാണെന്ന് തോന്നുന്നുണ്ടോ മനോരമയ്ക്ക്: "തമ്പ്രാനെന്ന് വിളിപ്പിക്കും, പാളേല്‍ കഞ്ഞി കുടിപ്പിക്കും" എന്ന ആ കൊലവിളി എന്തിന്‍റെ പ്രതീകമാണെന്ന് ഈ നാടിന് നന്നായി അറിയാം! എത്ര പാവപ്പെട്ട മനുഷ്യരെയാണ് നിങ്ങളുടെയാ കുറുവടിപ്പടയും ക്രിസ്റ്റഫര്‍മാരെന്ന ഗുണ്ടാസംഘവുമെല്ലാം കൂടി കൊന്നും കൊല്ലാതെയും വയല്‍വരമ്പുകളില്‍ ചവിട്ടിത്താഴ്ത്തിയത്; പാവപ്പെട്ട തൊഴിലാളികളെ അവകാശബോധമുള്ളവരാക്കാന്‍ ശ്രമിച്ച കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കിയത്. അതിലൊന്നും മനോരമ മുതലാളിമാര്‍ക്ക് തരിമ്പും കുറ്റബോധവുമുണ്ടാവില്ല. അതുകൊണ്ട് മനോരമ ജനാധിപത്യത്തിന്‍റെ സൗന്ദര്യശാസ്ത്രത്തെകുറിച്ച് അധികം ഉപന്യസിക്കാതിരിക്കുന്നതാണ് നല്ലത്.

"പാര്‍ടിക്കോട്ടകളില്‍ സ്വന്തം സ്ഥാനാര്‍ഥിക്കു റെക്കോര്‍ഡ് ഭൂരിപക്ഷം നേടി കൊടുക്കാനും പലപ്പോഴും പ്രവര്‍ത്തകര്‍ കള്ളവോട്ടു ചെയ്യുന്നു... കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികള്‍ കള്ളവോട്ടു തടയാന്‍ ബൂത്തുകളില്‍ നിരീക്ഷണ സമിതിയുണ്ടാക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്." മനോരമ ജനാധിപത്യത്തിന്‍റെ പേരില്‍ വാല് പൊക്കുന്നതിന്‍റെ ഗുട്ടന്‍സ് പിടികിട്ടിയല്ലോ! പോരെങ്കില്‍ ഒരു ക്ലൂ കൂടി നോക്കാം: "2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതിന്‍റെ പേരില്‍ കണ്ണൂരില്‍ എന്ന പ്രയോഗം കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകും. എന്നാലേ മനോരമയോടൊരു ചോദ്യം. 2016ല്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥ സംവിധാനത്തെയാകെ നിയന്ത്രിച്ചിരുന്ന മുഖ്യമന്ത്രിയാരാ? ഉമ്മന്‍ചാണ്ടിയല്ലേ! ആഭ്യന്തരമന്ത്രിയാരാ? ചെന്നിത്തലയല്ലേ!

അപ്പോള്‍ അതല്ല കാര്യം. 2016ല്‍ ഇടതുപക്ഷം വന്‍ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നു. അതാണ് മനോരമയ്ക്ക് സഹിക്കാനാവാത്ത കുഴപ്പം! 2011ല്‍ ഭരണം യുഡിഎഫിന് കിട്ടിയതു കൊണ്ട് സങ്കതി ക്ലീന്‍! നോക്കു, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലായിരുന്നല്ലോ, കള്ളവോട്ട്, പോസ്റ്റല്‍ വോട്ട് കൃതിമം, ഇരട്ടവോട്ട് എന്നെല്ലാം പറഞ്ഞ് മനോരമയും വലതുപക്ഷ രാഷ്ട്രീയക്കാരും ഒരു പാട് കോലാഹലമുണ്ടാക്കിയത്? അപ്പോള്‍ ആ തിരഞ്ഞെടുപ്പില്‍ മൂന്നുലക്ഷത്തിന്‍റെയും നാല് ലക്ഷത്തിന്‍റെയുമെല്ലാം ഭൂരിപക്ഷം നേടി വലതുപക്ഷം ജയിച്ചത് കള്ളവോട്ടും ഇരട്ടവോട്ടും പോസ്റ്റല്‍വോട്ട് കൃത്രിമവുമെല്ലാം കൊണ്ടാണെന്ന് മനോരമ പറയുമോ? ഫലപ്രഖ്യാപനം  കഴിഞ്ഞപ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ അതെല്ലാം വിഴുങ്ങിയല്ലോ.

മറ്റൊരു കാര്യം, "ബൂത്തുകളില്‍ നിരീക്ഷണ സമിതി" രൂപീകരിക്കും പോലും! ഏത് നിയമത്തിന്‍റെയും ചട്ടത്തിന്‍റെയും പിന്‍ബലത്തിലാണ് ഈ നിരീക്ഷണം? അപ്പോള്‍ അതിനര്‍ഥം ഗുണ്ടാസംഘങ്ങളെ ആയുധങ്ങളും കൊടുത്തയച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കണമെന്നല്ലേ! കോണ്‍ഗ്രസിന്‍റെ പാരമ്പര്യം അറിയാവുന്നവര്‍ക്ക് അതില്‍ തെല്ലും അല്‍ഭുതം കാണാനാവില്ല. ആ പാര്‍ടിയുടെ പുഷ്ക്കലകാലത്ത് ബിഹാറിലും മറ്റും അധികാരമുറപ്പിച്ചിരുന്നത് തോക്കിന്‍മുനയില്‍ ഗുണ്ടാപ്പട ഇറങ്ങിയിട്ടായിരുന്നല്ലോ! അത്തരം സംഭവങ്ങള്‍ സ്വന്തം ജീവന്‍ അപകടപ്പെടുത്തി ക്യാമറയില്‍ പകര്‍ത്തി ലോകത്തിനുമുന്നില്‍ തുറന്നു കാണിച്ച മാധ്യമപ്രവര്‍ത്തക ഇന്നും ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നുണ്ട് എന്നത് മനോരമയ്ക്ക് ഓര്‍മയുണ്ടാവില്ല. നുണപറയലല്ലാതെ സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം മനോരമയ്ക്ക് അന്യമാണല്ലോ!

ഇനി 19ന്‍റെ മനോരമ മുഖപ്രസംഗം കൂടിയൊന്നു നോക്കാം. അതവസാനിപ്പിക്കുന്ന മനോഹരമായ വാക്കുകള്‍ ഇങ്ങനെയാണ്: "വോട്ടര്‍പട്ടിക ആയുധമാക്കിയും ഉദ്യോഗസ്ഥരെ പടയ്ക്ക് ചേര്‍ത്തും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് ആശങ്കാജനകം തന്നെ. ഇതോടൊപ്പം തോല്‍ക്കുന്നതാവട്ടെ ജനാധിപത്യവും!" വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍! അതൊരു സോഫ്ട്വെയര്‍ ഉപയോഗിച്ച് ഡിജിിറ്റലായാണ് തയ്യാറാക്കുന്നത്. ആ സോഫ്റ്റ്വെയര്‍ കേരള സര്‍ക്കാരോ കേരളത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ അല്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തയ്യാറാക്കുന്നത്.

ഇനി മഹാസംഭവമായി മനോരമയും പൊക്കിപ്പിടിച്ച ഉദുമയിലെ കുമാരി എന്ന കോണ്‍ഗ്രസ് അനുഭാവിയുടെ പേരില്‍ ചേര്‍ത്തിരിക്കുന്ന 4 വോട്ടിന്‍റെ കാര്യം നോക്കാം.  ഒരു പേജില്‍ ഒരേ പേരില്‍ ഒരേ ഫോട്ടോ പതിച്ച് നാല് വോട്ടെന്നാല്‍ കേരളത്തില്‍ എവിടെയെങ്കിലും ആ നാല് വോട്ട് ചെയ്യാനാകുമോ? കോണ്‍ഗ്രസിന്‍റെ ഒരു ശക്തി കേന്ദ്രത്തിലാണിതെന്നാണ് അറിയുന്നത്. അപ്പോള്‍ ഈ "കള്ളവോട്ട്" ചേര്‍ത്തത് കോണ്‍ഗ്രസ് തിരുമാലികളായിരിക്കണമല്ലോ! അക്രമമഴിച്ചുവിട്ട് ബൂത്ത് പിടിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരിക്കുമോ ആവോ? കാരണം ഒരാളിന്‍റെ പേരില്‍ 4 വോട്ട് ചേര്‍ത്ത് ഒരു പേജില്‍ തന്നെ വരത്തക്കവിധം പണിപറ്റിക്കുന്ന മന്ദബുദ്ധികള്‍ ചെന്നിത്തല ശിഷ്യരേ ആകൂ. മാര്‍ച്ച് 22ന്‍റെ മനോരമയില്‍ ഒന്നാം പേജില്‍ നിരത്തിയിരിക്കുന്ന രണ്ട് പേരുടെ വോട്ട് ഇരട്ടിപ്പിക്കല്‍ റിപ്പോര്‍ട്ടും ചിത്രവും ഇതേ ഗണത്തില്‍ വരുന്നു.

എന്നാല്‍ വേറൊരു സാധ്യതകൂടി കാണാം. ഡിജിറ്റലായി പേര് ചേര്‍ക്കുമ്പോള്‍ നെറ്റ്വര്‍ക്ക് സ്ലോ ആയാല്‍ പേര് ചേര്‍ക്കല്‍ പൂര്‍ത്തിയാകാന്‍ സമയം കൂടുതല്‍ ആകും. അപ്പോള്‍ പേര് ചേര്‍ക്കാന്‍ ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ അതൊന്നുകൂടി ആവര്‍ക്കാന്‍ സാധ്യതയുണ്ട്. ഇത് ഫലത്തില്‍ രണ്ട് പ്രാവശ്യമോ മൂന്നുപ്രാവശ്യമോ ഉള്ള പേര് ചേര്‍ക്കലായി മാറാന്‍ സാധ്യതയുണ്ട്. അങ്ങനെ സാങ്കേതികമായുണ്ടാകുന്ന പിഴവുകളെ പര്‍വതീകരിച്ച് ഉറഞ്ഞു തുള്ളുന്നത്, വലിയ പ്രശ്നമായി ഉയര്‍ത്തുന്നത് രാഷ്ട്രീയമായി മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ്! മാത്രമല്ല, പരാജയം മണക്കുമ്പോള്‍ വലതുപക്ഷം ലോകത്തെല്ലായിടത്തും ഇമ്മാതിരി കൊസ്രാക്കൊള്ളികളാണ് പ്രയോഗിക്കാറുള്ളത്! വോട്ടര്‍പട്ടികയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനല്ല, തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിത്തവും നിയന്ത്രണാധികാരവുമെന്നതു പോലും മനോരമ മൂടിവയ്ക്കുകയാണ്.

വക്രീകരണം വഴിയുള്ള പ്രൊപ്പഗന്‍ഡയും തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ആവോളം പ്രയോഗിക്കുന്നുണ്ട് മനോരമ. 17-ാം തീയതിയിലെ ഒന്നാം പേജിലെ അവതരണം തന്നെ അതാണ് കാണിക്കുന്നത്. "ധര്‍മടത്തേക്ക് ആ സങ്കടം" എന്ന ഗമണ്ടന്‍ തലവാചകത്തിലൂടെ വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയെ ധര്‍മടം സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുമ്പോള്‍ അത്തരമൊരു നുണപ്രചാരണത്തിനാണ് മനോരമ കോപ്പുകൂട്ടുന്നത്. വാളയാര്‍ കേസില്‍ ആ പെണ്‍കുട്ടികളുടെ അമ്മയും കുടുംബവും ആവശ്യപ്പെട്ട, സിബിഐ അന്വേഷണമടക്കം സര്‍വ ആവശ്യങ്ങളും അംഗീകരിച്ചുവെന്നതിലാണ് മനോരമയ്ക്കും നീലകണ്ഠാദി കുത്തിത്തിരിപ്പുകാര്‍ക്കും വേവലാതി. സര്‍ക്കാരിനെതിരെ ഉപയോഗിക്കാവുന്ന ഒരു ആയുധമില്ലാതായതിലുള്ള നിരാശ. എന്നിട്ടും ആ അമ്മയെയും കുടുംബത്തെയും തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രയോഗിക്കാനുള്ള കരുവാക്കാന്‍ നോക്കുകയാണ് മനോരമ.

17ന് ഒന്നാം പേജില്‍ ധര്‍മടത്തെ സങ്കടത്തെ ഇടതുവശത്തും വലതുവശത്ത് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെയും ടോപ്പില്‍തന്നെ താങ്ങിക്കൊണ്ട് മനോരമ യുഡിഎഫിനായി സങ്കടക്കടല്‍ സൃഷ്ടിക്കാനാണ് കുതിച്ചുചാടുന്നത്. പോരെങ്കില്‍ 10, 11 പേജുകള്‍ ചേര്‍ത്തുള്ള സെന്‍റര്‍ സ്പ്രെഡ്ഡില്‍ ഇവര്‍ രണ്ടുപേരുടെയും പ്രത്യേക അഭിമുഖം കൊടുത്ത് സ്പെഷ്യല്‍ ഇലക്ഷന്‍ ഇഫക്ട് സൃഷ്ടിക്കാനും ഈ വലതുപക്ഷ മാധ്യമം കച്ചകെട്ടിയിറങ്ങുന്നു!

ബോധപൂര്‍വമായ നുണപ്രചാരണത്തിനും മനോരമ പതിവുപോലെ തയ്യാറാകുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളത്തില്‍ പിഎസ്സി വഴി 1,60,587 ഒഴിവുകളില്‍ നിയമനം നടത്തിയത് സര്‍വകാല റിക്കാര്‍ഡാണ്. അതിനുപുറമേ 30,000 ത്തിലധികം സ്ഥിരം തസ്തികകള്‍ക്കുകൂടാതെ അത്രത്തോളം തന്നെ താല്‍ക്കാലിക തസ്തികകളും ഈ കാലത്ത് പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചുവെന്നതും വസ്തുതയാണ്. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ മനോരമയ്ക്കാവുന്നില്ല. വസ്തുതകള്‍ നിരത്തി ഖണ്ഡിക്കാനാകാത്ത പത്രം ഇവിടെയും കള്ളപ്രചാരണമാണ് നടത്തുന്നത്. ഒരു ലക്ഷം പേരെ പോലും പിഎസ്സി വഴി നിയമിച്ചില്ല എന്നാണ് മനോരമ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന സ്പാര്‍ക്ക് എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിനെ ഉദ്ധരിച്ച് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. അതുതന്നെ പെരുങ്കള്ളമാണ്. കാരണം സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ നിയമനം മാത്രമേ സാങ്കേതികമായി സ്പാര്‍ക്കിലെ ശമ്പള വിതരണ കണക്കിലൂടെ ലഭിക്കൂവെന്ന കാര്യം മനോരമ മറച്ചുപിടിക്കുകയാണ്. യഥാര്‍ഥത്തില്‍ കെഎസ്ഇബി, കെഎസ്ആര്‍ടിസി വാട്ടര്‍ അതോറിറ്റി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങള്‍ക്കുപുറമെ യൂണിവേഴ്സിറ്റികള്‍ പോലെയുള്ള സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള നിയമനവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ പിഎസ്സി വഴിയാണ് നിയമനം നടത്തുന്നത് എന്ന കാര്യം മനോരമയ്ക്ക് അറിയാത്തതല്ല.

മനോരമത്തള്ളിന്‍റെ പാരമ്യമാണ് 22-ാം തീയതിയിലെ 8-ാം പേജിലെ ഒരവതരണം! നോക്കൂ- "ഇഞ്ചോടിഞ്ച് പൊരുതി മുന്നേറി ക്യാപ്റ്റന്‍ രമേശ്. ഓരോ വിഷയത്തിലും സര്‍ക്കാരിന്‍റെ കീഴടങ്ങല്‍" എന്ന് വലിയ വായില്‍ വിളിച്ചുകൂവുന്ന മനോരമ ചെന്നിത്തലയെത്തന്നെ കണ്ണുതള്ളിപ്പിക്കുകയാണ്! മുഖ്യമന്ത്രിയെ നവമാധ്യമങ്ങളിലെ സാധാരണക്കാര്‍ ക്യാപ്റ്റനായി വിശേഷിപ്പിക്കാന്‍ തുടങ്ങിയത് പ്രളയകാലത്തും പിന്നീട് കോവിഡ് കാലത്തും നടന്ന പോരാട്ടങ്ങളില്‍ അദ്ദേഹം ജനത്തിന് നേതൃത്വം കൊടുത്തതുകൊണ്ടാണ്! അപ്പോഴെല്ലാം പിന്തിരിഞ്ഞുനിന്ന് കുത്തിത്തിരിപ്പിനു തയ്യാറായ ചെന്നിത്തലയനെ 'ക്യാപ്റ്റന്‍' ആയി മനോരമ പൊലിപ്പിക്കുമ്പോള്‍ അവരുടെ യഥാര്‍ഥ ഇംഗിതമല്ല പ്രകടമാക്കുന്നത്. അണിയറയില്‍ അണിയിച്ച് നിര്‍ത്തിയിട്ടുള്ള മനോരമ ക്യാപ്റ്റന്‍ ചാണ്ടിയാണ്! പാലം കടന്നാല്‍ ഇതേ മനോരമ തന്നെ ചെന്നിത്തലയെ വലിച്ച് കടലിലെറിയുമെന്ന് അറിയാന്‍ അതിയാന് സാമാന്യബുദ്ധിയെങ്കിലും വേണമല്ലോ!
ശബരിമലയില്‍ ഇടതുപക്ഷവും സര്‍ക്കാരും കൃത്യമായ നിലപാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. വിഷയം കോടതിയിലാണ്. കോടതി തീര്‍പ്പാക്കട്ടെ. അപ്പോള്‍ ആവശ്യമെങ്കില്‍ എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്ത് പരിഹാരം കാണാമെന്നാണ് സര്‍ക്കാരും എല്‍ഡിഎഫും സിപിഐ എമ്മും ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ഇതുകൊണ്ട് അടങ്ങാന്‍ വലതുപക്ഷവും അവരുടെ കൊഴലൂത്തുകാരായ മാധ്യമങ്ങളും തയ്യാറല്ല. തിരഞ്ഞെടുപ്പ് വിഷയമാക്കി കൊളം കലക്കി മീന്‍ പിടിക്കാനാണ് കോങ്കി-സംഘികള്‍ക്കായി മനോരമയും കച്ചകെട്ടി ഇറങ്ങുന്നത്. 2018ല്‍ എന്തുകൊണ്ട് ചര്‍ച്ച ഉണ്ടായില്ലെന്ന് ചോദിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കുന്നത് സുപ്രീംകോടതി വിധി വന്നപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും അതിനെ സ്വാഗതം ചെയ്ത് ചാടി വീണ കാര്യമാണ്. മാത്രമല്ല, ബിജെപിയും അതിന്‍റെ നേതാക്കളും വിധി വരും മുന്‍പുതന്നെ അത്തരമൊരു നിലപാടെടുത്ത് കോടതിയെക്കാളും മുന്‍പേ ഗമിക്കുകയായിരുന്നു. അതും മനോരമ മറയ്ക്കുന്നു. മാത്രമല്ല 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ജയിച്ചാല്‍ വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്നാണല്ലോ ബിജെപി പറഞ്ഞത്. ഇപ്പോള്‍ ഇത് ചര്‍ച്ചയ്ക്കെടുക്കുന്നത് സബ്ജുഡീസാകുമെന്നല്ലേ, കോടതി വിധി വരട്ടെയെന്നല്ലേ! യുഡിഎഫിന്‍റെ ഇപ്പോഴത്തെ വാഗ്ദാനവും മുതലെടുപ്പ് രാഷ്ട്രീയത്തിനപ്പുറമൊന്നുമല്ല' ഈ പാര്‍ടികളെ സംബന്ധിച്ചിടത്തോളം മാനിഫെസ്റ്റോ നടപ്പാക്കാനുള്ളതല്ലല്ലോ.

ഇപ്പോള്‍ യുഡിഎഫിന്‍റെ മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങള്‍ പൊലിപ്പിച്ചുകാട്ടി പൊക്കിപ്പിടിക്കാനുള്ള വ്യഗ്രതയാണ് മനോരമ പ്രകടിപ്പിക്കുന്നത്.20-ാം തീയതിയിലെ പത്രത്തില്‍ എല്‍ഡിഎഫ് മാനിഫെസ്റ്റോയെ, "ക്ഷേമപെന്‍ഷന്‍ 5 വര്‍ഷം കൊണ്ട് 2500" എന്നവതരിപ്പിച്ച മനോരമ, 21ന് യുഡിഎഫ് മാനിഫെസ്റ്റോയെ, "വന്‍വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കു"മെന്ന് പൊലിപ്പിക്കുന്നു. മാത്രമല്ല, 22ന് 9-ാം പേജില്‍ "ക്ഷേമം മുഖ്യം" എന്ന ടൈറ്റിലില്‍ യുഡിഎഫ്- എല്‍ഡിഎഫ് പ്രകടനപ്രതികകളുടെ ഒരു താരതമ്യം തന്നെ അവതരിപ്പിക്കുന്നു. 600 രൂപ പെന്‍ഷന്‍ 18 മാസം കുടിശ്ശികയിട്ട് പാവപ്പെട്ടവന്‍റെ കഞ്ഞിയില്‍ മണ്ണുവാരിയിട്ട പാര്‍ടീസാണ് 3000 രൂപയാക്കി പെന്‍ഷന്‍ ഒറ്റവര്‍ഷം കൊണ്ട് വര്‍ധിപ്പിക്കുമെന്ന് തള്ളുന്നത് എന്നെങ്കിലും മനോരമ പറയണമായിരുന്നു, പൊതുമാധ്യമമെന്ന ധര്‍മം പാലിക്കാന്‍! ന്യായ്പദ്ധതി പ്രകാരം പ്രതിമാസം 6000 രൂപ നല്‍കുമെന്ന് പറയുന്ന കോണ്‍ഗ്രസ് തങ്ങള്‍ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ആ ന്യായം നടപ്പാക്കിയിട്ടുണ്ടോയെന്ന് പറയുന്നില്ല. എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തായ ശേഷം കോപ്പിയടിച്ച് തുക കൂട്ടിതള്ളുന്നതാണ് യുഡിഎഫിന്‍റെ അഭ്യാസം എന്നറിയാന്‍ വിശേഷബുദ്ധിയൊന്നും വേണ്ട. അത് നടപ്പാക്കാനുള്ളതല്ലയെന്നും ഈ നാടറിയുന്നുണ്ട്! •