പ്രഹസനമാകുന്ന യുഡിഎഫ് പ്രകടനപത്രിക

ഗിരീഷ് ചേനപ്പാടി

രോ തിരഞ്ഞെടുപ്പു കാലത്തും എല്‍ഡിഎഫിന്‍റെ പ്രകടനപത്രിക പ്രസിദ്ധീകരിക്കാന്‍ യുഡിഎഫ് നേതൃത്വം കാത്തിരിക്കും. ക്ഷേമപദ്ധതികളെയും വികസന പദ്ധതികളെയും കുറിച്ച് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറയുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കും. എന്നിട്ട് അതില്‍ പറയുന്ന കാര്യങ്ങളേക്കാള്‍ കൂടുതല്‍ അനുകൂല്യങ്ങള്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നല്‍കും എന്ന് യുഡിഎഫ് പ്രകടനപത്രികയില്‍ എഴുതിവയ്ക്കും. യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ യുഡിഎഫിന്‍റെ പ്രകടനപത്രിക കൂടുതല്‍ ഗംഭീരം എന്നു വീമ്പിളക്കും. അതിന്‍റെ തനിയാവര്‍ത്തനമാണ് ഇത്തവണയും.

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പുകാലത്ത് വോട്ടര്‍മാരെ പറ്റിക്കാനുള്ള അഭ്യാസം മാത്രമാണ്; അത് ഒരിക്കലും നടപ്പാക്കാനുള്ളതല്ല. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ പലതും ബജറ്റു പ്രസംഗവേളകളില്‍ പ്രഖ്യാപനങ്ങളായും കടന്നു വരും. എന്നാല്‍ അവയൊക്കെ പ്രഖ്യാപനങ്ങള്‍ മാത്രമായി അവശേഷിക്കും.

2011ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിയ ഭൂരിപക്ഷത്തില്‍ (എല്‍ഡിഎഫ് 68, യുഡിഎഫ് 72) അധികാരത്തില്‍ വന്നല്ലോ. അതിനുശേഷം അവര്‍ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളോടും ബജറ്റു പ്രഖ്യാപനങ്ങളോടും സ്വീകരിച്ച സമീപനം മാത്രം ശ്രദ്ധിച്ചാല്‍ മതി അവരുടെ തനിനിറം വ്യക്തമാകാന്‍. പ്രകടനപ്രതികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ പണം എവിടെ നിന്നു സമാഹരിക്കും,എങ്ങനെ നടപ്പാക്കും ഇത്തരം കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമില്ല. 2021ലെ യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളായ നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ വീതം നല്‍കുന്ന ന്യായ്പദ്ധതിക്കും ക്ഷേമപെന്‍ഷന്‍ ഒറ്റയടിക്ക് 3000 രൂപയാക്കുന്നതിനും ആവശ്യമായ പണം എങ്ങനെ കണ്ടെത്തും എന്ന ചോദ്യത്തിന് യുഡിഎഫ് നേതൃത്വം വെള്ളം കുടിക്കുന്ന കാഴ്ച നാം കണ്ടു. നടപ്പാക്കാനുള്ളത് അല്ലല്ലോ പ്രകടനപത്രികയിലെ വാഗ്ദാനം എന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ മുമ്പ് വ്യക്തമാക്കിയിട്ടുള്ളതുമാണ്.

2011ലെ യുഡിഎഫ് പ്രകടനപ്രതികയിലെ മുഖ്യവാഗ്ദാനമായിരുന്നു 37 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും എന്നത്. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് തൊഴിലവസരങ്ങള്‍ ഒന്നും സൃഷ്ടിച്ചില്ല എന്നു മാത്രമല്ല സര്‍ക്കാര്‍ സര്‍വീസുകളില്‍ അപ്രഖ്യാപിത നിയമന നിരോധനം നടപ്പാക്കുകയും ചെയ്തു.

ക്ഷേമപെന്‍ഷനുകള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കും എന്നായിരുന്നു യുഡിഎഫിന്‍റെ മറ്റൊരു മോഹനവാഗ്ദാനം. പെന്‍ഷന്‍ തുക മിക്കപ്പോഴും കുടിശ്ശികയായിരുന്നു.എന്നതാണ് സത്യം. 2015-16ലെ ബജറ്റില്‍ 2710 കോടി രൂപ വക കൊള്ളിക്കുകയും ചെയ്തു. പക്ഷേ പദ്ധതി പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയായിരുന്നു. എന്നു മാത്രമല്ല യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക കൊടുക്കാന്‍ അവശേഷിക്കുകയായിരുന്നു.

അടിസ്ഥാന സൗകര്യവികസനത്തിന് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും എന്നാണ് 2011ലെ യുഡിഎഫ് പ്രകടനപ്രതിക വോട്ടര്‍മാര്‍ക്ക് നല്‍കിയ മറ്റൊരു വാഗ്ദാനം. ഓരോ ബജറ്റിലും അടിസ്ഥാനസൗകര്യ വികസനത്തിന് കോടികള്‍ വകയിരുത്തിയെങ്കിലും ഒരു പദ്ധതി പോലും നടപ്പായില്ല എന്നതാണ് യാഥാര്‍ഥ്യം.

എല്ലാ ഭൂരഹിതര്‍ക്കും മിച്ചഭൂമി എന്നതായിരുന്നു മറ്റൊരു യുഡിഎഫ് വാഗ്ദാനം. ഭൂമി നല്‍കിയില്ലെന്നു മാത്രമല്ല വികസനത്തിന്‍റെ പേരില്‍ കുടിയൊഴിപ്പിക്കലുകള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഒഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ഒന്നും ചെയ്തുമില്ല.

വീടില്ലാത്തവര്‍ക്ക് വീടു നല്‍കും എന്നതായിരുന്നു യുഡിഎഫിന്‍റെ 2011ലെമറ്റൊരു വാഗ്ദാനം. ഗൃഹശ്രീ ഭവനപദ്ധതി പ്രഖ്യാപിച്ചുവെങ്കിലും നടപ്പാക്കിയില്ല. എന്നു മാത്രമല്ല നല്ല രീതിയില്‍ പ്രവര്‍ത്തനം നടന്നുവന്ന ഇ എം എസ് ഭവനപദ്ധതിയെ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കുകയും ചെയ്തു. 2013-14ലെ ബജറ്റില്‍ 3 വര്‍ഷം കൊണ്ട് മൂന്നുലക്ഷം വീടുകള്‍ പ്രഖ്യാപിച്ചു. പക്ഷേ പ്രഖ്യാപനമായി അവശേഷിക്കുക മാത്രമായിരുന്നു അവ. എന്നു മാത്രമല്ല പ്രകൃതിക്ഷോഭംമൂലം വീടു നഷ്ടപ്പെട്ടവര്‍ക്ക് യഥാസമയം സഹായധനം നല്‍കാന്‍പോലും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല.

90 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടെ കര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതി എന്നതായിരുന്നു 2011ലെ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പു വാഗ്ദാനം. സമഗ്ര കാര്‍ഷിക പദ്ധതി എല്ലാ ബജറ്റുകളിലും ആവര്‍ത്തിച്ചെങ്കിലും പദ്ധതി നടപ്പിലാക്കിയില്ല.

മാലിന്യരഹിത കേരളം എന്നത് യുഡിഎഫിന്‍റെ വലിയ വാഗ്ദാനമായിരുന്നു. അവരുടെ കാലത്ത് എല്ലാ ബജറ്റുകളിലും ആവര്‍ത്തിച്ച് പ്രഖ്യാപനം നടന്നെങ്കിലും വര്‍ധിച്ചുവരുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിന് ആവശ്യമായ ഒരു പദ്ധതിയും നടപ്പാക്കിയില്ല.

കേരളത്തെ ഹൈടെക്ക് കൃഷി സംസ്ഥാനമാക്കിമാറ്റും എന്നതായിരുന്നു മറ്റൊരു യുഡിഎഫ് വാഗ്ദാനം. 2014-15 കാലത്തെ ബജറ്റില്‍ അത് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അതിനുള്ള പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല എന്നു മാത്രമല്ല സംസ്ഥാനത്ത് കൃഷി തന്നെ അന്യം നിന്നുപോകുന്ന അവസ്ഥയിലാക്കുകയും ചെയ്തു.

പരമദരിദ്ര കുടുംബങ്ങളെ സര്‍ക്കാര്‍ ദത്തെടുക്കും എന്നായിരുന്നു 2011ല്‍ യുഡിഎഫ് നല്‍കിയ വാഗ്ദാനം. എന്നാല്‍ അതു പാടേ അവഗണിക്കുകയായിരുന്നു ഭരണം ലഭിച്ചപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍.

പത്താം ക്ലാസ്സിലെത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി സൈക്കിള്‍ നല്‍കും, ഓരോ പ്ലസ് ടു വിദ്യാര്‍ഥിക്കും സൗജന്യമായി സൗരോര്‍ജ വിളക്കു നല്‍കും, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നതിനും ഇരുചക്രവാഹനം വാങ്ങുന്നതിനും പലിശ രഹിത വായ്പ ലഭ്യമാക്കും, ബിപിഎല്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് ധനസഹായം നല്‍കും, കുടുംബനാഥന്‍റെ മരണത്തെത്തുടര്‍ന്ന് അനാഥമാകുന്ന കുടുംബത്തിന് പ്രതിമാസം സഹായധനം നല്‍കും. ഇങ്ങനെ പാവപ്പെട്ടവരെ പറ്റിക്കാനുള്ള ഒട്ടനവധി വാഗ്ദാനങ്ങള്‍ 2011ലെ യുഡിഎഫ് പ്രകടനപ്രതികയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഭരണം കിട്ടിക്കഴിഞ്ഞപ്പോള്‍ അതേക്കുറിച്ച് ഒരക്ഷരം മിണ്ടുകപോലും ചെയ്യാതെ പാവപ്പെട്ടവരെ ക്രൂരമായി വഞ്ചിക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. ഈ വാഗ്ദാനങ്ങള്‍തന്നെയാണ് 2021ലും അവര്‍ ആവര്‍ത്തിക്കുന്നത്.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് യുഡിഎഫ് പ്രകടനപ്രതികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല എന്നു മാത്രമല്ല കിരാതമായി വഞ്ചിക്കുകയും ചെയ്തു. 2012-13ലെ ബജറ്റില്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് 25 കോടി രൂപ ചികിത്സാസഹായമായി പ്രഖ്യാപിച്ചു. എന്നാല്‍ അതു നടപ്പാക്കിയില്ല എന്നു മാത്രമല്ല അവരെ തിരിഞ്ഞുനോക്കാന്‍ പോലുമുള്ള മര്യാദ യുഡിഎഫ് സര്‍ക്കാര്‍ കാണിച്ചുമില്ല.

തൊഴിലുറപ്പു തൊഴിലാളികള്‍ക്കു പെന്‍ഷന്‍ നല്‍കും എന്നായിരുന്നു 2011ല്‍ യുഡിഎഫ് നല്‍കിയ വാഗ്ദാനം. കൊടുത്തില്ല എന്നു മാത്രമല്ല തൊഴിലുറപ്പുദിനങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു.

മാവേലിസ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കും എന്നതായിരുന്നു 2011ലെ യുഡിഎഫ് പ്രകടനപ്രതികയിലെ മറ്റൊരു പ്രധാന വാഗ്ദാനം. ബജറ്റ് പ്രഖ്യാപനങ്ങളില്‍ ആവര്‍ത്തിച്ചതല്ലാതെ അത് നടപ്പാക്കപ്പെട്ടില്ല എന്നു മാത്രമല്ല എല്‍ഡിഎഫ് ഭരണകാലത്ത് ലാഭത്തിലോടിയ നന്മ, സപ്ലൈകോ, മാവേലിസ്റ്റോര്‍ മുതലായവയെ അവയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാതെ തകര്‍ക്കുകയും ചെയ്തു.

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സേഫ്റ്റി അതോറിറ്റി, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്, മീനച്ചില്‍ നദീതടപദ്ധതി, അതിവേഗ റെയില്‍ കോറിഡോര്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍, കുട്ടനാട്ടിലും പാലക്കാട്ടും നെല്ല് വ്യവസായ പാര്‍ക്കുകള്‍, മൂന്ന് നാളികേര വ്യവസായ പാര്‍ക്കുകള്‍ ഇങ്ങനെ പോകുന്നു 2011ലെ യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍. ഇവയില്‍ പലതും ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഇടംപിടിച്ചതല്ലാതെ ഒരെണ്ണംപോലും നടപ്പാക്കപ്പെട്ടില്ല. അതിനുനേരെ കണ്ണടച്ചിട്ടാണ് യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ ക്ഷേമ-വികസന വാഗ്ദാനങ്ങളില്‍ മുമ്പില്‍ യുഡിഎഫ് ആണെന്നു വീമ്പിളക്കുന്നത്.

എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പിനു നല്‍കുന്ന വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കാനുള്ളതാണ്. സമയബന്ധിതമായി ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയും അഭൂതപൂര്‍വമായ ഇച്ഛാശക്തിയിലൂടെയും എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞതെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തു. എല്‍ഡിഎഫ് പ്രകടനപ്രതികകള്‍ 2016ല്‍ നല്‍കിയത് 600 വാഗ്ദാനങ്ങളായിരുന്നു. അവയില്‍ 580 എണ്ണവും നടപ്പാക്കി. പൂര്‍ത്തീകരിക്കപ്പെട്ടവയും സമയബന്ധിതമായി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നവയും ഉള്‍പ്പെടെയുള്ള പ്രോഗസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.

നൂറുവര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ പ്രളയം ഉള്‍പ്പെടെ തുടര്‍ച്ചയായ രണ്ടു പ്രളയങ്ങള്‍. നിപ്പ, ഓഖി, കോവിഡ് 19 മഹാമാരി എന്നിവ പോലുള്ള വന്‍ദുരന്തങ്ങള്‍ പോലും വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പിണറായി സര്‍ക്കാരിനു തടസ്സമായില്ല.

അതുകൊണ്ടാണ് വാക്കിനു വിലയുള്ള സര്‍ക്കാര്‍ എന്ന ഖ്യാതി വളരെ വേഗം സ്വന്തമാക്കാന്‍ പിണറായി സര്‍ക്കാരിനു സാധിച്ചത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങള്‍, അരികുവല്‍ക്കരിക്കപ്പെട്ടവര്‍, എല്ലാവരാലും തഴയപ്പെട്ട ജനവിഭാഗങ്ങള്‍ ഇവരുടെ ക്ഷേമത്തിനും പുരോഗതിക്കുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. ക്ഷേമപെന്‍ഷന്‍ നല്‍കിയിട്ടുമതി സര്‍ക്കാരിന്‍റെ മറ്റേതൊരു ചെലവും നിര്‍വഹിക്കുന്നത് എന്ന മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫിന്‍റെയും കര്‍ശനമായ നിലപാടുകൊണ്ടാണ് അതതുമാസങ്ങളില്‍ ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിച്ചത്. അതുപോലെ കോവിഡ് മഹാമാരി കാലത്തും തുടര്‍ന്നും ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കിയിട്ടുമതി മറ്റെന്തും എന്ന സര്‍ക്കാരിന്‍റെ ഉറച്ച നിലപാടാണ് എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യക്കിറ്റു ലഭിക്കാന്‍ കാരണം.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളോട് ഈ സര്‍ക്കാര്‍ കാണിച്ച പക്ഷപാതം തന്നെയാണ് അവരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ കഴിഞ്ഞത്. യുഡിഎഫ് കാലത്ത് ഈ വിഭാഗങ്ങള്‍ക്ക് ഏറ്റവും പിന്നണിയിലായിരുന്നു സ്ഥാനം. അതുകൊണ്ടാണ് ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയാക്കിയത്. അതുകൊണ്ടാണ് പാവപ്പെട്ടവര്‍ക്ക് വീടുനല്‍കുന്ന കാര്യത്തില്‍ പുരോഗതി ഒന്നും ഉണ്ടാകാതിരുന്നത്; അവശ ജനവിഭാഗങ്ങളും അരികുവല്‍ക്കരിക്കപ്പെട്ടവരും പാടേ അവഗണിക്കപ്പെട്ടത്. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള നയപരമായ അന്തരമാണ് ഇതിലെല്ലാം പ്രകടമാകുന്നത്.

അഴിമതിയും അലസതയും കെടുകാര്യസ്ഥയും അനങ്ങാപ്പാറ സമീപനവുമായിരുന്നു യുഡിഎഫ് സര്‍ക്കാരിന്‍റെ മുഖമുദ്ര. പ്രവര്‍ത്തനങ്ങളില്‍ അത്മാര്‍ഥതയില്ലാതെ പബ്ലിസിറ്റി സ്റ്റണ്ടിന്‍റെ പിന്നാലെ അവര്‍ പോയി. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തന്നെ ഏറ്റവും വലിയ തെളിവ്. പറയുന്ന ഒരു കാര്യവും ചെയ്യാതെ വെറും ഉഡായിപ്പുകള്‍ മാത്രമാണ് അവയെന്ന് ജനങ്ങള്‍ വളരെ വേഗം തിരിച്ചറിഞ്ഞു.

സംസ്ഥാനത്തിന്‍റെ വികസനരംഗത്ത് വന്‍കുതിപ്പിനിടയാക്കുന്ന ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ പോലും ഒരു മടിയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിച്ചില്ല. വന്‍കിട പദ്ധതികളോടെല്ലാം ഇതേ ഉദാസീന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്തിനേറെപ്പറയുന്നു സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സമയത്ത് പാഠപുസ്തകങ്ങള്‍ നല്‍കാന്‍ പോലും കഴിയാത്തവരായിരുന്നു യുഡിഎഫ് ഭരണകര്‍ത്താക്കള്‍.


യുഡിഎഫിന്‍റെ തനിനിറം ജനങ്ങള്‍ തിരിച്ചറിയുന്നതിന്‍റെ ഒന്നാം നമ്പര്‍ തെളിവാണ് 2020ലെ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ തിളക്കമാര്‍ന്ന വിജയം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് മികച്ച വിജയം കരസ്ഥമാക്കുമെന്നാണ് അഭിപ്രായ സര്‍വെകളെല്ലാം വ്യക്തമാക്കുന്നത്. മനോരമ, മാതൃഭൂമി തുടങ്ങിയ എല്‍ഡിഎഫ് വിരുദ്ധമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്ത അഭിപ്രായ സര്‍വെകള്‍പോലും എല്‍ഡിഎഫ് വിജയം അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍വെകളുടെ പ്രവചനങ്ങളെയെല്ലാം കവച്ചു വച്ചുകൊണ്ടുള്ള ഉജ്വലവിജയമാണ് എല്‍ഡിഎഫ് നേടിയത്. 87 സീറ്റുകള്‍ വരെയാണ് അന്ന് എല്‍ഡിഎഫിന് മിക്ക സര്‍വെകളും പ്രവചിച്ചത്. എന്നാല്‍ 91 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലേറിയത്. ഇത്തവണയും അഭിപ്രായ സര്‍വെകളെയെല്ലാം കവച്ചുവച്ചുകൊണ്ട് എല്‍ഡിഎഫ് ഉജ്വലവിജയം നേടി ഭരണത്തുടര്‍ച്ച കൈവരിക്കും. •