ഇവര്‍ പറയുന്നു

തിരഞ്ഞെടുപ്പ് കാമ്പെയ്ന്‍

ഭരണത്തുടര്‍ച്ചയെ എതിര്‍ക്കുന്നതിലെ
ജനാധിപത്യ വിരുദ്ധത

"ജനാധിപത്യം എന്നത് ഒരിക്കലും ഭരണത്തുടര്‍ച്ചയോ ഭരണാധികാരികളുടെ തുടര്‍ച്ചയ്ക്കോ വേണ്ടി നില്ക്കാന്‍ പാടില്ല. ഭരണാധികാരികള്‍ മാറിവരുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്" എന്ന് സണ്ണി കപിക്കാട് പറയുന്നതിനോട് എനിക്ക് യോജിപ്പാണ്. 

ഭരണത്തുടര്‍ച്ചയും ഭരണാധികാരിയുടെ തുടര്‍ച്ചയുമൊക്കെ സംഭവിക്കുന്നത് രാജവാഴ്ചയിലാണ്. അവിടെ പ്രജകള്‍ അക്കാര്യം അറിയേണ്ടതില്ല, അത് സംഭവിച്ചുകൊള്ളും.

ജനാധിപത്യത്തില്‍ ചെറിയ വ്യത്യാസമുണ്ട്; ഓരോ തിരഞ്ഞെടുപ്പിലും ഭരണാധികാരികളെ ജനങ്ങള്‍ തിരഞ്ഞെടുക്കുകയാണ്. കഴിഞ്ഞ നിയമസഭയില്‍ ഉണ്ടായിരുന്ന സീറ്റുകള്‍ക്ക് ആനുപാതികമായി ഒരു പാര്‍ട്ടിയ്ക്കും അടുത്ത നിയമസഭയില്‍ സീറ്റില്ല; 140 ആളുകളെയും പുതുതായി തിരഞ്ഞെടുക്കുകയാണ്. 

നിങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ച ആളായതുകൊണ്ട്/പാര്‍ട്ടിക്കാരനായതുകൊണ്ട് ഈ  തിരഞ്ഞെടുപ്പില്‍ നില്ക്കാന്‍ പാടില്ല എന്നാണോ അദ്ദേഹം പറയുക? അങ്ങനെ ഒരാളെ ജനം  തിരഞ്ഞെടുത്താല്‍ ആ  തിരഞ്ഞെടുപ്പ് അംഗീകരിക്കില്ല എന്നാണോ? അതോ അവര്‍ ഭൂരിപക്ഷമായാല്‍ അംഗീകരിക്കില്ല എന്നാണോ? 
ചുരുക്കത്തില്‍, ഭരണം നടത്തുന്ന കക്ഷി/മുന്നണി മാറിനിന്നുകൊണ്ടു നടത്തുന്ന തിരഞ്ഞെടുപ്പിനെ മാത്രമേ അദ്ദേഹം അംഗീകരിക്കൂ എന്നാണോ?
                                                                                                         ***
ഇക്കാലത്തു ജീവിക്കുന്ന മലയാളികളില്‍ നമ്മുടെ ഭരണഘടനയുടെ ആത്മാവ് കണ്ടിട്ടുള്ള അപൂര്‍വം ആളുകളില്‍ ഒരാളായാണ് സണ്ണി കപിക്കാടിനെ ഞാന്‍ കണ്ടിട്ടുള്ളത്. അദ്ദേഹത്തോട് ഇത്രയും പ്രാഥമികമായ, ഒരു വേള ബാലിശമായ കാര്യങ്ങള്‍ പറയേണ്ടിവരുന്നത് ഖേദകരമാണ്.   

എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തുകൊണ്ട് അധികാരത്തില്‍ വരരുത് എന്നദ്ദേഹം പറഞ്ഞാല്‍ അതിന്മേല്‍ ഒരു സംവാദ സാധ്യതയുണ്ട്. എന്തുകൊണ്ട് എന്‍ഡിഎയ്ക്ക് കേരളത്തില്‍ ഒരു സീറ്റും കിട്ടരുത് എന്നു പറഞ്ഞാല്‍ അതിലൊരു രാഷ്ട്രീയമുണ്ട്. എന്തുകൊണ്ട് യു ഡി എഫ് അധികാരത്തില്‍ വരണം എന്ന് അദ്ദേഹം പറഞ്ഞാല്‍ അതിലൊരു നിലപാട് കാണാം.

ഭരണത്തുടര്‍ച്ച എന്നത് നയത്തിന്‍റെ തുടര്‍ച്ച എന്നാണ് എങ്കില്‍ ആ നയത്തെ അദ്ദേഹം എതിര്‍ക്കുന്നത് മനസിലാക്കാം; ആ നയത്തിന് വോട്ടു ചെയ്യരുത് എന്നു പറയുന്നതും മനസിലാക്കാം. പക്ഷേ അദ്ദേഹം അതുപയോഗിക്കുന്നത് സാങ്കേതികമായ, കേവലമായ അര്‍ത്ഥത്തിലാണ്, രാഷ്ട്രീയമായ അര്‍ത്ഥത്തിലല്ല. അത് സംവാദത്തിന്‍റെ ഭാഷയല്ല; അത് ഓപ്ഷനുകള്‍ അടയ്ക്കുന്ന രീതിയാണ്. 

അതാണോ അദ്ദേഹം മെച്ചപ്പെട്ട ജനാധിപത്യ രൂപമായി കണക്കുന്നത്?
'ഭരണത്തുടര്‍ച്ച' എന്ന ഭരണഘടനപരമായോ നിയമപരമായോ രാഷ്ട്രീയമായോ സാംഗത്യമില്ലാത്ത ഒരു സംജ്ഞയുടെമേല്‍ അദ്ദേഹം ചര്‍ച്ചയെ കൊണ്ടുവന്നു കെട്ടുന്നതിന്‍റെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അതിന്‍റെ അര്‍ത്ഥത്തില്‍ത്തന്നെ ആണ് അദ്ദേഹം അതുപയോഗിക്കുന്നതെങ്കില്‍, ജനങ്ങള്‍ നടത്തുന്ന വിലയിരുത്തലിനെ അദ്ദേഹം വിധിക്കുന്നതായി മാത്രമേ കണക്കാക്കാനാകൂ.  
അത് ജനാധിപത്യ വിരുദ്ധമാണ്.       
അത് അദ്ദേഹത്തിന് അറിയേണ്ടതാണ്.

         - കെ ജെ ജേക്കബ്
                                                                                                                                                                                  
അഞ്ചുവര്‍ഷത്തെ 
ജീവിതാനുഭവങ്ങള്‍

പണ്ട് എംബിബിഎസിന് പഠിക്കുമ്പോള്‍ ഒരു പ്രൊഫസര്‍ പറഞ്ഞതാണ് വളരെ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു അസുഖവുമായി ഒരു രോഗി നിങ്ങളുടെ അടുത്ത് വന്നു എന്നു കരുതുക. നിങ്ങളെ സംബന്ധിച്ച് മാത്രമാണ് ആ അസുഖം വളരെ അപൂര്‍വമായിട്ടുള്ളത്, ആ രോഗിയോട് ഏതെങ്കിലും ഒരു അസുഖത്തിന്‍റെ പേര് പറയാന്‍ പറഞ്ഞാല്‍ മിക്കവാറും ആ രോഗി പറയുന്നത് ഈ അസുഖത്തിന്‍റെ പേരായിരിക്കും, അല്ലാതെ ജലദോഷമോ വൈറല്‍ പനിയോ ആയിരിക്കില്ല.

അതുപോലെ ഓരോരുത്തരുടെയും ഓര്‍മ്മകള്‍ ഓരോ രീതിയില്‍ ആണ്. നമുക്ക് നിസ്സാരം എന്നു തോന്നുന്ന കാര്യങ്ങള്‍ മറ്റുള്ള ചിലര്‍ക്ക് വളരെ വിലപ്പെട്ടതായിരിക്കും. 

♦ പിണറായി സര്‍ക്കാര്‍ ചെയ്ത ഏറ്റവും നല്ല കാര്യം ഏതെന്ന് ചോദിച്ചാല്‍ ഓരോരുത്തരുടെയും മറുപടി വ്യത്യസ്തമായിരിക്കും.
♦ ദീപക് പച്ച ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞത് അദ്ദേഹത്തിന് ഈ സര്‍ക്കാര്‍ ചെയ്ത സേവനങ്ങളില്‍ ഏറ്റവും വലുതായി ഫീല്‍ ചെയ്തത് സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം തുണി നല്‍കുന്നതും അത് സൗജന്യമായി തയ്ക്കാന്‍ വേണ്ടിയുള്ള പണം കൂടി ഈ സര്‍ക്കാര്‍ കൊടുക്കുന്നു എന്നതുമാണ്. അത് അദ്ദേഹത്തിന്‍റെ ജീവിതവുമായി ഇടകലര്‍ന്നതുകൊണ്ടാണ് അങ്ങനെ അദ്ദേഹത്തിന് തോന്നിയത്.
♦ മെഡിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു മാനേജര്‍ എന്നോടു പറഞ്ഞത് ഈ സര്‍ക്കാര്‍ ചെയ്ത സേവനങ്ങളില്‍ ഏറ്റവും വലുതായി ഫീല്‍ ചെയ്തത് സ്കൂളുകള്‍ ആധുനികരിച്ച് ഹൈടെക് ആക്കിയതാണ് എന്നാണ്. അതുകാരണം തന്‍റെ രണ്ടു കുട്ടികളെയും അദ്ദേഹം പ്രൈവറ്റ് സ്കൂളില്‍ നിന്നും സര്‍ക്കാര്‍ സ്കൂളിലേക്ക് മാറ്റിയെന്നുമാണ്.
♦ അതേ സമയം വീട്ടുജോലിക്ക് സഹായിക്കാന്‍ വരുന്ന സ്ത്രീ പറഞ്ഞത് ഈ സര്‍ക്കാര്‍ ചെയ്ത സേവനങ്ങളില്‍ ഏറ്റവും വലുതായി അവര്‍ക്ക് തോന്നിയത് ലൈഫ് പദ്ധതി പ്രകാരം വീട് കിട്ടിയതാണ്. കയറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്ത ഒരു കൂര എന്നത് അതിവിദൂര സ്വപ്നം ആയിട്ടുള്ളവര്‍ക്ക് അത് കിട്ടിയത് കൊണ്ടായിരിക്കാം അങ്ങനെ തോന്നിയത്.
♦ ബീഡി തെറുപ്പ് തൊഴിലാക്കിയ ഒരു വയസ്സായ ഹൃദ്രോഗിയായ ഉമ്മ പറഞ്ഞത് മുടക്കമില്ലാതെ കിട്ടുന്ന വര്‍ധിപ്പിച്ച സാമൂഹിക പെന്‍ഷനെയും സൗജന്യമായി ആശുപത്രിയില്‍ നിന്നും കിട്ടുന്ന ജീവിതശൈലീ രോഗങ്ങളുടെ മരുന്നുകളെയും പറ്റിയാണ്. അവര്‍ക്ക് മക്കളുടെയോ മരുമക്കളുടെയോ മുന്നില്‍ കൈ നീട്ടാതെ, മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാന്‍ പറ്റി എന്നുള്ളതുകൊണ്ടായിരിക്കാം.
♦ പക്ഷേ എനിക്ക് ഏറ്റവും ടച്ചിങ് ആയി തോന്നിയത് സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ള എന്‍റെ ഒരു ഡോക്ടര്‍ സുഹൃത്ത് പറഞ്ഞ കാര്യമാണ്.
പണ്ടൊക്കെ ഹാര്‍ട്ട് അറ്റാക്ക് ആയി വന്നാല്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുക എന്നുള്ളത് മാത്രമായിരുന്നു അവിടെയുള്ള ഓപ്ഷന്‍. അങ്ങനെ പോയില്ലെങ്കില്‍ അവിടെ വാര്‍ഡില്‍ കിടന്ന് ചിലപ്പോള്‍ രോഗി മരണപ്പെട്ടു പോകും.
ഇപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് ആയി ഒരാള്‍ വന്നാല്‍ അയാളെ മാറ്റാന്‍ എല്ലാ സജ്ജീകരണങ്ങളുള്ള ഒരു ഐസിയു ഉണ്ട്. ബ്ലോക്ക് അലിയിച്ച് കളയുന്ന റീറ്റിപ്ലേസ് (Reteplase) എന്ന ഇന്‍ജക്ഷന്‍ ജില്ലാ ഹോസ്പിറ്റലുകളിലും താലൂക്ക് ഹോസ്പിറ്റലുകളിലും ഉണ്ട്. ഓര്‍ക്കുക ഏകദേശം 30,000 രൂപ വിലയുള്ള രണ്ട് ഇന്‍ജക്ഷന്‍ ഒരു രോഗിക്ക് വേണം. അതായത് ഒരാള്‍ക്ക് 60,000 രൂപ വിലയുള്ള ഇന്‍ജക്ഷന്‍ തികച്ചും സൗജന്യമായി ലഭിക്കുന്നു.  
ഇത്തരം നല്ല നല്ല ഓര്‍മ്മകള്‍ ഓരോരുത്തര്‍ക്കും ഇനിയുമിനിയും ഉണ്ടാകാന്‍...
♦ വീണ്ടും പിണറായി സര്‍ക്കാര്‍
♦ ഉറപ്പാണ് എല്‍ഡിഎഫ്
          - ഡോ. ഷാനവാസ് എ ആര്‍


ഉമ്മന്‍ചാണ്ടിയുടെ വരുമാനം
2014-15 വര്‍ഷം ഉമ്മന്‍ചാണ്ടി കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. ആ വര്‍ഷമാണ് അദ്ദേഹം വരുമാന നികുതി റിട്ടേണ്‍ അവസാനമായി നല്‍കിയത്. ഒരു മുഖ്യമന്ത്രിക്ക് ശമ്പളം എത്രയാണെന്ന് അറിയാമല്ലോ. എന്നാല്‍ അദ്ദേഹം 2014-15 ലെ റിട്ടേണില്‍ വാര്‍ഷിക വരുമാനമായി കാണിച്ചത് വെറും 3,42,230 രൂപ!!!

അതായത്, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രതിമാസ വരുമാനം വെറും 28,600 രൂപ !!!
50 വര്‍ഷമായി അദ്ദേഹം പുതുപ്പള്ളി എംഎല്‍എ ആണ്. 50 വര്‍ഷത്തെ എംഎല്‍എ പെന്‍ഷന്‍ ഒരാള്‍ക്ക് പ്രതിമാസം ഏതാണ്ട് 50,000 രൂപ കിട്ടുമെന്നു നിയമസഭാ വെബ്സൈറ്റ് പറയുന്നു. 
2015 നു ശേഷം ഉമ്മന്‍ചാണ്ടി വരുമാന നികുതി അടയ്ക്കുകയോ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല !! 

മകന്‍ ചാണ്ടി ഉമ്മന്‍ വക്കീലാണ്. 2020 റിട്ടേണ്‍ അനുസരിച്ച് പ്രതിമാസ വരുമാനം 11,811 രൂപ !!
മലയാളമനോരമ എത്ര തള്ളിയാലും, ഉടുപ്പ് കീറി നടന്നാലും, വസ്തുതകള്‍ സ്വന്തം ഒപ്പുള്ള സത്യവാങ്മൂലമായി ഇലക്ഷന്‍ കമ്മീഷന്‍റെ വെബ്സൈറ്റില്‍ വരും. 
സത്യം നമ്മെ നോക്കി പല്ലിളിക്കും ??
അരിയാഹാരം കഴിക്കുന്നവരില്‍ എത്രപേര്‍ ഈ കണക്ക് വിശ്വസിക്കും???


ഒരേ സമയം സ്വന്തം ജനതയോട് കള്ളം പറയുകയും, അതേസമയം നികുതി വെട്ടിക്കുകയും ചെയ്യുന്ന ഒരാള്‍ മാന്യനായി, ഒരു വലിയ ജനതയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഒക്കെയായി മാറുന്നെങ്കില്‍, ആ ജനത അടിസ്ഥാനപരമായി തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന, ഇന്‍റഗ്രിറ്റി ഇല്ലാത്ത ജനത ആയിരിക്കണം. അല്ലെങ്കില്‍ അയാളുടെ ഈ മുഖം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടാന്‍ മറ്റു പാര്‍ട്ടികള്‍ പരാജയപ്പെട്ടത് കൊണ്ടാവണം.
പൊതുജീവിതത്തില്‍ അടിസ്ഥാന സത്യസന്ധത കാണിക്കാത്ത മനുഷ്യരെങ്ങനെയാണ് ഒരു സംസ്ഥാനത്തെ സത്യത്തിന്‍റെ മാര്‍ഗ്ഗത്തില്‍ നയിക്കുന്നത്?
            - അഡ്വ.ഹരീഷ് വാസുദേവന്‍
 

വീട്ടകങ്ങളില്‍ സ്ത്രീകള്‍ 
ചെയ്യുന്ന കാണാപ്പണി
വീട്ടകങ്ങളില്‍ സ്ത്രീകള്‍ ചെയ്യുന്ന കാണാപ്പണിയെ മനസ്സിലാക്കാനും അംഗീകരിക്കാനും കേരളത്തിലെ ഇടത് നേതൃത്വം തയ്യാറായത് ചെറിയ കാര്യമല്ല. സ്ത്രീകളുടെ അധ്വാനത്തെ പരിഗണിക്കാത്ത, മലയാളി സമൂഹത്തിന് ലഭിച്ചിരിക്കുന്ന ശക്തമായ സന്ദേശമാണ് എല്‍ഡിഎഫ് പ്രകടന പത്രികയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഒരൊറ്റ കാരണം മതി കേരളത്തിന്‍റെ പാതി ജനസംഖ്യ വരുന്ന സ്ത്രീകള്‍ക്ക് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാന്‍. കാരണം ഈ ഉറപ്പില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. 
           - വിധു വിന്‍സെന്‍റ്
 

കാറ്റാടിയന്ത്രത്തോട് യുദ്ധംചെയ്യരുത്!
സെര്‍വാന്‍റിസിന്‍റെ 'ഡോണ്‍ ക്വിക്സോട്ട്' എന്ന കഥാപാത്രമുണ്ട്. ചാവാലിക്കുതിരയുടെ മേല്‍ ഒടിഞ്ഞ വാളുമായി കയറി കാറ്റാടി യന്ത്രത്തോടും കഴുതക്കൂട്ടത്തോടും യുദ്ധം ചെയ്യുന്ന മനുഷ്യന്‍. 

ലൂയിസ് കരോളിന്‍റെ 'ത്രൂ ദ ലുക്കിങ് ഗ്ലാസി' ല്‍ വെള്ളയോദ്ധാവ് എന്നൊരാളുണ്ട്. കുതിരസവാരിയിലെ ബാലന്‍സിനെയും വേഗതയെയും കുറിച്ച് വാതോരാതെ സംസാരിക്കുകയും നിയന്ത്രണമില്ലാത്ത കുതിര ഓടുമ്പോഴും നില്‍ക്കുമ്പോഴും മറിഞ്ഞു വീഴുകയും ചെയ്യുന്ന പാവം.

യുഡിഎഫിന്‍റെ പ്രകടനപത്രികയെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോള്‍ ഈ കഥാപാത്രങ്ങളെയാണ് ഓര്‍മ്മ വന്നത്.

ന്യായ് പദ്ധതിയിലെ 72,000 മുതല്‍ പെന്‍ഷന്‍ 3,000 രൂപയും നിരവധി സബ്സിഡികളും അടക്കം നിരവധി ആനുകൂല്യങ്ങള്‍ ആണ് യുഡിഎഫ് പ്രകടനപത്രിക പ്രഖ്യാപിച്ചത്. ക്ഷേമനിധികള്‍ പുനരവലോകനം ചെയ്യാന്‍ കമ്മീഷനെ നിയമിക്കും എന്നും പറയുന്നു .അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ആദിവാസികളുടെ ഇടയില്‍ വിതരണം ചെയ്യുമെന്നും പറയുന്നു. പലതും എല്‍ഡിഎഫ് പത്രികയെ കടത്തിവെട്ടാനുള്ള ശ്രമമാണ്.One upmanship എന്നു പറയും. ആദിവാസി ഭൂമിയെ സംബന്ധിച്ച ഉറപ്പ് ഉദാഹരണമാണ്..

ക്ഷേമ പദ്ധതികള്‍ ആവശ്യമാണെന്നതില്‍ സംശയമില്ല. അവ ഇല്ലാതാകുന്ന ഘട്ടത്തിലേക്ക് കേരളം എത്തിയിട്ടില്ല. പക്ഷേ ക്ഷേമ പദ്ധതികള്‍ സമ്പത്തിന്‍റെ പുനര്‍വിതരണത്തിന്‍റെ രൂപമാണ്. അത് ഉറപ്പു വരുത്തണമെങ്കില്‍ സമ്പന്നരില്‍ ഉയര്‍ന്ന നികുതി ചുമത്തണം. അല്ലെങ്കില്‍ പൊതുമേഖല വികസിപ്പിച്ച് സ്റ്റേറ്റിന്‍റെ കൈവശമുള്ള റിസര്‍വ് ഫണ്ട് വര്‍ദ്ധിപ്പിക്കണം. അല്ലെങ്കില്‍ സ്റ്റേറ്റിന്‍റെ പൊതു കടം വര്‍ധിപ്പിച്ച് ഡഫിസിറ്റ് ഫൈനാന്‍സിങ്ങിലെക്ക് നീങ്ങണം. ഇത്തരം കമ്മി നികത്തണമെങ്കില്‍ ആഭ്യന്തര വരുമാനം വര്‍ധിപ്പിക്കാതെ രക്ഷയില്ല.ഇതിനാണ് കിഫ്ബിയും കെ-ഫോണും കേരള ബാങ്കും നാല്‍പത് ലക്ഷം പേര്‍ക്ക് തൊഴിലും സംരംഭകത്വവുമെല്ലാം. ബദല്‍ നയങ്ങളില്ലാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ലിബറലുകള്‍ പോലും അംഗീകരിച്ച അവസ്ഥയാണ് ഇപ്പോഴുള്ളത്

എല്‍ഡിഎഫിന്‍റെ ബദല്‍ നയങ്ങളോടുള്ള എതിര്‍പ്പ് യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച് കഴിഞ്ഞു. അവരുടെ വാദം അവരുടെ നിലപാടാണ്. അങ്ങനെയെങ്കില്‍ ഇവിടെ പ്രഖ്യാപിച്ച ന്യായ് പദ്ധതി അടക്കമുള്ള പദ്ധതികള്‍ക്ക് പണം എവിടെ നിന്ന് കണ്ടെത്തും? ജിഎസ്ടി ഉള്ളതുകൊണ്ട് അധികനികുതി സാധ്യമല്ല .പൊതുമേഖലയെ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങളുമില്ല. നിലവിലുള്ള പെന്‍ഷനുകള്‍ നിലനിര്‍ത്തുമോ എന്ന് ഉറപ്പില്ല. അപ്പോള്‍ പണം എവിടെ നിന്നു വരും? പണം ആര്‍ക്ക് വിതരണം ചെയ്യും? 

പണം വരാവുന്ന ഒരു വഴി തൊഴിലാളികളുടെ വരുമാനത്തില്‍ നിന്നുള്ള പെന്‍ഷന്‍ ഫണ്ടാണ്. തൊഴിലാളികളുടെ ഇന്‍ഷുറന്‍സ്, പി എഫ് തുടങ്ങിയവയില്‍ നിന്നു കയ്യിട്ട് വാരല്‍ ഇപ്പോള്‍തന്നെ നടക്കുന്നുണ്ട്.പെന്‍ഷന്‍ ഫണ്ട് ഇപ്പോള്‍ തന്നെ ഊഹക്കച്ചവടത്തിന്‍റെയും വിലപേശലിന്‍റെയും രൂപമായി മാറുകയാണ്. മറ്റൊന്ന് കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വമാണ്. സിഎസ്ആറില്‍ താല്പര്യമുള്ളവര്‍ ഇപ്പോള്‍ തന്നെ ധാരാളമുണ്ട്. ഇവ കേന്ദ്രം പിന്തുടരുന്ന നവ ലിബറല്‍ നയങ്ങളുടെ ഭാഗമാണ്

അതായത് യുഡിഎഫിന്‍റെ ക്ഷേമ സങ്കല്പം കേന്ദ്ര നയങ്ങളില്‍ നിന്ന് ഭിന്നമല്ല ; എല്‍ ഡി എഫിന്‍റെ ബദല്‍ കാഴ്ചപ്പാട് സ്വീകരിക്കാന്‍ അവര്‍ തയ്യാറല്ലാത്തതുകൊണ്ട് നവലിബറല്‍ ഉച്ഛിഷ്ടഭക്ഷണത്തിന് അപ്പുറം എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്ന സൂചനയില്ല. നിര്‍ദേശിച്ചതുതന്നെ എങ്ങനെ ചെയ്യും എന്നതിന് വ്യക്തതയില്ല.


നവലിബറല്‍ കുതിരയെ നിയന്ത്രിക്കുന്നത് ലാഭത്തിന്‍റെ ലോജിക്ക് മാത്രമാണ്. അതിന്‍റെ പുറത്തു കയറി ഉരുണ്ടു വീഴുന്നവരെയാണ് ലോകം മുഴുവന്‍ കാണുന്നത്. അതിന്‍റെ പുറത്തുകയറി ക്ഷേമരാഷ്ട്രമുണ്ടാക്കുന്നവരുടെ അവസ്ഥ കാറ്റാടിയന്ത്രത്തോട് യുദ്ധം ചെയ്യുന്നവരുടെ അവസ്ഥയാണ്.
          - കെ എന്‍ ഗണേശ്

എന്‍റടുത്ത് എവിടുന്നാ മോളേ പൈസ?
എന്‍റടുത്ത് എവിടുന്നാ മോളെ പൈസ, അച്ഛനോട് ചോദിക്ക് എന്ന് ഇനി പറയണ്ട. 

മിച്ചം പിടിച്ചു മല്ലീടേം കടുകിന്‍റേം കുപ്പീല് കാണാതെ ഒളിപ്പിച്ചു വെക്കണ്ട

രാവിലെ തൊട്ട് നിനക്കീ വീട്ടില്‍ എന്താ പണീന്നു ചോദിക്കുമ്പോ തല കുനിയണ്ട

സമ്പാദിച്ചു കൊണ്ടു വരുന്നത് ഞാനാ അതുകൊണ്ട് കണക്ക് കാണിച്ചിട്ട് പോയാ മതീന്ന് പറയുമ്പോ മിണ്ടാതെ നിക്കണ്ട|

നിനക്കിപ്പം എന്തിനാ കണ്മഷി? ആരെ കാണിക്കാനാണ് പൈസ വെറുതെ കളയുന്നത് എന്നു കേക്കുമ്പോ കണ്ണു നിറയണ്ട


ബ്രേസിയര്‍ വാങ്ങാനും പാന്‍റീസ് വാങ്ങാനും പാഡ് വാങ്ങാനും ചെന്നു കൈനീട്ടണ്ട. നീട്ടാന്‍ വയ്യത്തോണ്ട് നരച്ചതും പുളിച്ചതും തന്നെ വീണ്ടും ഇടണ്ട. 

മക്കള്‍ക്ക് ഇഷ്ടമുള്ള ഒരു ബിസ്കറ്റ്, അല്ലെങ്കില്‍ ഒരു ഐസ്ക്രീം ഒക്കെ ഇടയ്ക്കൊന്നു വാങ്ങിക്കൊടുക്കാന്‍ പറ്റുന്നില്ലല്ലോ എന്നോര്‍ക്കണ്ട.

പെണ്ണുങ്ങളേ, ചരിത്രത്തില്‍ ആദ്യമായി ഒരു മുന്നണി പറയുകയാണ് തങ്ങള്‍ കാണുന്നുണ്ട് നിങ്ങളെ എന്ന്. കരിയും പുകയും മഞ്ഞളും മത്തിയും സോപ്പും ചൂലും ഒക്കെ നിറഞ്ഞ നിങ്ങളുടെ ജീവിതത്തിന് വിലയുണ്ട് എന്ന്, നിങ്ങളുടെ അധ്വാനത്തിന് വിലയുണ്ട് എന്ന്. എത്രയോ വര്‍ഷങ്ങളായി തനിക്കുവേണ്ടി ഒരു വട്ടം പോലും നടുവൊന്നു നിവര്‍ത്താതെ അഭിമാനത്തോടെ തന്നെത്തന്നെയൊന്നു നോക്കാതെ ജീവിച്ചു തീര്‍ത്തില്ലേ? ഇനി മതി! ഒരവസരം വരികയാണ്, നിങ്ങള്‍ക്കും അവകാശങ്ങളുണ്ട് ആഗ്രഹങ്ങളുണ്ട് എന്നു ഉറക്കെ പറയാന്‍, ആരുടേം ഔദാര്യമില്ലാതെ അതൊക്കെ ചെയ്യാന്‍. സ്വന്തം പേരില്‍ വരുന്ന കുറച്ചു രൂപ, അതു എത്രയെങ്കിലും ആയിക്കോട്ടെ, അതു തരുന്ന ആത്മവിശ്വാസം വളരെ വളരെ വലുതാണ്. ചിന്തിക്കൂ പെണ്ണുങ്ങളെ, ബഹുമാനിക്കുകയാണ് നിങ്ങളുടെ ജീവിതത്തെ, ഒരു കൈ തരികയാണ് ആത്മാഭിമാനത്തോടെ ജീവിക്കാന്‍, സ്വയം സ്നേഹിക്കാന്‍. ദുരിതകാലത്ത് നിങ്ങളുടെ അടുക്കളകള്‍ ഒഴിയാതെ കാത്തതാണ്, നാളെ കലത്തില്‍ എന്തെടുത്തിടും ദൈവമേ എന്നു ചിന്തിക്കാന്‍ വിടാതെ കൂടെ നിന്നതാണ്, ഇപ്പോഴും ചെയ്യുന്നത് അതാണ്, കൂടെയുണ്ട് എന്നാണ് പറയാതെ പറയുന്നത്. 

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍!
               - ദൃശ്യ അനൂപ്