കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതി- പട്ടികവര്‍ഗങ്ങളോട് അവഗണന

തിരഞ്ഞെടുപ്പ് കാമ്പെയ്ന്‍

പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ അവതരിപ്പിച്ച മറുപടിയില്‍നിന്നും, ഒപ്പംതന്നെ റിസര്‍ച്ച് സ്കോളറായ സിദ്ധാര്‍ഥ് ജോഷി നല്‍കിയ വിവരാവകാശത്തിന് ലഭിച്ച മറുപടിയില്‍ നിന്നും കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവണ്‍മെന്‍റ് എത്രമാത്രം ദളിത്-പട്ടികവര്‍ഗ-പിന്നോക്ക വിരുദ്ധമാണെന്ന് നമുക്ക് വ്യക്തമാകുന്നു. കേന്ദ്ര സര്‍വകലാശാലകളിലും കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നോക്ക-പട്ടികവര്‍ഗ-പട്ടികജാതി ഗോത്രവിഭാഗങ്ങള്‍ക്കുള്ള സംവരണ സീറ്റുകളില്‍ ഫാക്കല്‍റ്റികളെ നിയമിക്കാതെ ഒഴിച്ചിടുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പിന്നോക്ക ജനവിഭാഗത്തിനര്‍ഹതപ്പെട്ട സംവരണ സീറ്റുകളില്‍ അവരെ നിയമിക്കാതെ മാറ്റിനിര്‍ത്തുന്നു എന്നതില്‍ നിന്നുതന്നെ ബിജെപി ഗവണ്‍മെന്‍റിന്‍റെ ഉദ്ദേശ്യവും നയവും നമുക്ക് വായിച്ചെടുക്കാമല്ലോ! പാര്‍ലമെന്‍റില്‍ കേന്ദ്രമന്ത്രി രമേശ് പൊക്രിയാല്‍ നല്‍കിയ മറുപടി പ്രകാരം, കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒബിസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള സംവരണ തസ്തികകളില്‍ പകുതിയില്‍ കൂടുതലും അതുപോലെ തന്നെ എസ്സി/എസ്ടി വിഭാഗങ്ങള്‍ക്കുള്ള സംവരണ തസ്തികകളില്‍ 40 ശതമാനവും  ആണ് ഒഴിഞ്ഞുകിടക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റുകളില്‍ ഈ സ്ഥിതി അത്യന്തം രൂക്ഷമാണ്. കണക്കുകള്‍ പറയുന്നതിങ്ങനെ;

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റുകളില്‍ (ഐഐഎം) എസ്സി വിഭാഗത്തിനും ഒബിസി വിഭാഗത്തിനുമുള്ള സംവരണ തസ്തികകളില്‍ 60 ശതമാനവും നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുന്നു. അതിലും ഭീകരമാണ് പട്ടികവര്‍ഗ വിഭാഗത്തോട് കാണിക്കുന്ന അവഗണന. ഏതാണ്ട് 80 ശതമാനം തസ്തികകളാണ് ഈ വിഭാഗത്തിനുള്ള സംവരണ തസ്തികകളില്‍ ഒഴിഞ്ഞുകിടക്കുന്നത്. അതായത്, എസ്ടി വിഭാഗത്തിനായി ഒഴിച്ചിട്ടിരിക്കുന്ന 24 തസ്തികകളില്‍ കേവലം 5 തസ്തികകളില്‍ മാത്രമേ നിയമനം നടക്കുന്നുള്ളൂ എന്നര്‍ഥം. 

ഐഐഎം കൊല്‍ക്കത്ത: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ഫാക്കല്‍റ്റി മെമ്പര്‍മാരാരും തന്നെ ഇല്ല. മൊത്തം 77 തസ്തികകളില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട 3 ഫാക്കല്‍റ്റി മെമ്പര്‍മാരുടെ കണക്കു മാത്രമാണ് (അതായത് 3%) മാത്രമാണ് നിയമിക്കപ്പെട്ടിട്ടുള്ളത്.
ഐഐഎം ബംഗളൂരു: മൊത്തം 103 ഫാക്കല്‍റ്റി അംഗങ്ങളില്‍ സംവരണവിഭാഗത്തില്‍പെട്ടവര്‍ 6% മാത്രമാണ് അതായത് എസ്സി-3, എസ്ടി-1, ഒബിസി-2!
ഐഐഎം അഹമ്മദാബാദ്: "ഫാക്കല്‍റ്റികളെ സംബന്ധിച്ച കാറ്റഗറി അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ഒന്നും തന്നെ ഞങ്ങള്‍ സൂക്ഷിക്കാറില്ല" എന്നായിരുന്നു വിവരാവകാശം വഴി ഈ സ്ഥാപനം നല്‍കിയ മറുപടി
ഐഐഎം ലക്നൗ: ഒന്നാം തലമുറ ഐഐഎമ്മുകളിലൊന്നായ ഇവിടെ കേവലം 5 ശതമാനമാണ് സംവരണവിഭാഗത്തില്‍പ്പെട്ട ഫാക്കല്‍റ്റികളുടെ എണ്ണം.
ഐഐഎം കോഴിക്കോട്: 10 ശതമാനത്തില്‍ താഴെ മാത്രമാണ് സംവരണ വിഭാഗത്തില്‍പ്പെട്ട ഫാക്കല്‍റ്റികളുടെ എണ്ണം
ഐഐഎം ഇന്‍ഡോര്‍: ഇതു സംബന്ധിച്ച യാതൊരു വിവരവും നല്‍കാനില്ല തങ്ങള്‍ക്ക് എന്നതായിരുന്നു ഇവിടെ നിന്നുള്ള മറുപടി.
ഐഐഎം നാഗ്പൂര്‍: സംവരണവിഭാഗത്തില്‍ നിന്നും ഒരാള്‍പോലും ഈ സ്ഥാപനത്തില്‍ ഇല്ല.

അസിസ്റ്റന്‍റ് പ്രൊഫസര്‍ 
തസ്തികകള്‍

കേന്ദ്ര സര്‍വകലാശാലകളില്‍ പ്രൊഫസര്‍ തസ്തികകളേക്കാള്‍ കൂടുതല്‍ വേക്കന്‍സികള്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികകള്‍ക്കാണെന്നാണ് ലോക്സഭയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. 42 സര്‍വകലാശാലകളിലായി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത 709 അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികകളില്‍ അഞ്ഞൂറോളം തസ്തികകള്‍ മാത്രമേ ഇതുവരെ നികത്തിയിട്ടുള്ളൂ.

ഇനി പ്രൊഫസര്‍ തസ്തികകളുടെ കാര്യമോ? പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 137 തസ്തികകളില്‍ 9 തസ്തികകളില്‍ മാത്രമേ നിയമനം നല്‍കിയിട്ടുള്ളൂ. ഈ തസ്തികകളില്‍ 93 %വും നികത്തപ്പെടാതെ അവശേഷിക്കുന്നു എന്നാണ് ഇതര്‍ഥമാകുന്നത്. കേന്ദ്ര സര്‍വകലാശാലകളിലെ 1062 പ്രൊഫസര്‍മാരില്‍ 1 ശതമാനത്തില്‍ താഴെ മാത്രമാണ് പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ളത്. പിന്നോക്ക വിഭാഗത്തിനായി (ഒബിസി) സംവരണം ചെയ്തിട്ടുള്ള 378 പ്രൊഫസര്‍ തസ്തികകളില്‍ 5%ത്തില്‍ താഴെ മാത്രമാണ് ഇതുവരെ നികത്തിയിട്ടുള്ളത്. എത്രമാത്രം അവഗണനയാണ് ബിജെപി സര്‍ക്കാര്‍ സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളോട് കാണിക്കുന്നത്! വെറുപ്പിന്‍റെയും അവഗണനയുടെയും വര്‍ഗീയവെറിയുടെയും രാഷ്ട്രീയം പേറുന്ന ഒരു പാര്‍ടിയാല്‍ നയിക്കപ്പെടുന്ന ഗവണ്‍മെന്‍റില്‍ നിന്നും ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്. •