കോടികള്‍ പറ്റിച്ച് നാടുമുടിക്കുന്ന കോര്‍പറേറ്റുകള്‍

തിരഞ്ഞെടുപ്പ് കാമ്പെയ്ന്‍

2020 ഡിസംബര്‍ 30 വരെയുള്ള കണക്കുപ്രകാരം കഴിഞ്ഞ 8 വര്‍ഷത്തിനിടെ രാജ്യത്തെ 12 പൊതുബാങ്കുകളിലായി കിട്ടാക്കടമായി ബിജെപി സര്‍ക്കാര്‍ എഴുതിത്തള്ളിയത്  6.32 ലക്ഷംകോടി രൂപ. ഇതില്‍ വന്‍കിടക്കാര്‍ക്ക് 100 കോടി രൂപയോ അതില്‍ കൂടുതലോ വായ്പയായി നല്‍കിയതിലൂടെ ഉണ്ടായ കിട്ടാക്കടം 2.78 ലക്ഷം കോടി രൂപ. ഈ കിട്ടാക്കടത്തില്‍ തിരിച്ചുപിടിച്ചത് വെറും 19,207 കോടി രൂപ മാത്രം. കഴിഞ്ഞ 4 വര്‍ഷത്തിനിടെ പ്രഖ്യാപിച്ച മൊത്തം കിട്ടാക്കടം 4.95 ലക്ഷം കോടി രൂപ. ഇതില്‍ വെറും 16% മാത്രമാണ് തിരിച്ചുപിടിച്ചത്.

ദരിദ്രരെ മറയ്ക്കാന്‍ മതില്‍കെട്ടുന്ന
 മോഡിയുടെ ഇന്ത്യ

അധികാരം പിടിക്കാന്‍ മോഡി ഉയര്‍ത്തിക്കാട്ടിയ ഗുജറാത്ത് മോഡലിന്‍റെ തനിനിറം ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച അവസരത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കുമുമ്പാകെ വെളിപ്പെട്ടു. ട്രംപ് സഞ്ചരിച്ച വഴികളിലെ ഓരങ്ങളില്‍ നരകതുല്യം ജീവിക്കുന്ന മനുഷ്യരെ മറയ്ക്കാന്‍ കോടികള്‍ ചെലവഴിച്ച് മോഡി മതിലുകെട്ടി. അതുവഴി മറച്ചുവച്ചത് യഥാര്‍ഥ ഇന്ത്യയുടെ നേര്‍ചിത്രമാണ്. ഓക്സ്ഫാമിന്‍റെ തന്നെ റിപ്പോര്‍ട്ട് ഇതിന്‍റെ വ്യക്തമായ ചിത്രം നല്‍കുന്നു. ഇന്ത്യയിലെ അതി ദരിദ്ര വിഭാഗത്തില്‍പ്പെട്ട 20 ശതമാനത്തിലെ 6 ശതമാനം പേര്‍ക്കു മാത്രമേ കക്കൂസ് സൗകര്യമുള്ളൂ. ഇന്ത്യയിലെ ജനസംഖ്യയില്‍ 59.6ശതമാനവും ഒറ്റമുറി വീടോ അതുപോലുമോ ഇല്ലാത്തവരാണ്!. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ കഴിയാതെപോയ ഈ വിഭാഗത്തിനിടയില്‍ മഹാമാരി ഏറ്റവും കൂടുതലായി പടര്‍ന്നുപിടിച്ചതും ഇതിനു തെളിവാണ്.

കോവിഡ് കാലം ശതകോടീശ്വരര്‍ക്ക് സുവര്‍ണകാലം
 കോവിഡ് കാലം ഇന്ത്യയിലെ ശതകോടീശ്വരര്‍ക്ക് ചാകരക്കാലമായി. ഓക്സ്ഫാം ഏറ്റവും പുതിയതായി പുറത്തുവിട്ട 'ഇന്‍ഇക്വാലിറ്റി വൈറസ്' റിപ്പോര്‍ട്ടില്‍ പറയുന്നത്, കോവിഡ് കാലത്ത് ഇന്ത്യയിലെ ശതകോടീശ്വരരുടെ സ്വത്തില്‍ 35 ശതമാനത്തിന്‍റെ (3 ലക്ഷം കോടി രൂപ) വര്‍ധനയുണ്ടായി എന്നാണ്. ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയിലെ 24 ശതമാനം ആളുകളും വെറും 3000 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവരായിരുന്നപ്പോള്‍ മണിക്കൂറില്‍ 90 കോടി രൂപ സമ്പാദിക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി മുകേഷ് അംബാനി മാറി. അംബാനിക്ക് കോവിഡ് കാലത്ത് അധികമായി വര്‍ധിച്ച  സമ്പത്തുണ്ടായിരുന്നെങ്കില്‍ ഇന്ത്യയിലെ അസംഘടിതമേഖലയിലെ 40 കോടി, തൊഴിലാളികളെ കുറഞ്ഞത് 5 മാസ ത്തേക്കെങ്കിലും പട്ടിണിയില്‍നിന്ന് രക്ഷിക്കാമായിരുന്നു. സ്വത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 11 ശതകോടീശ്വരര്‍ക്ക് ലോക്ഡൗണ്‍ കാലത്ത് മാത്രം വര്‍ധിച്ച സമ്പത്ത് മതിയായിരുന്നു തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് അടുത്ത 10 വര്‍ഷത്തേക്ക് കൂലി കൊടുക്കാന്‍. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 954 കുടുംബങ്ങളുടെ സ്വത്ത് നികുതി മതി ഇന്ത്യയിലെ ജിഡിപി 1% കൂടി ഉയരാന്‍. ഇപ്പറഞ്ഞതിനര്‍ഥം മോഡി വാഴ്ചയില്‍ ഒരു വശത്ത് ഇന്ത്യയിലെ ബഹുഭൂരിപക്ഷവും മുഴുപ്പട്ടിണിയിലേക്ക് ആഴുമ്പോള്‍ മറുവശത്ത് അതിസമ്പന്നര്‍ക്ക് വീണ്ടും വീണ്ടും സ്വത്ത് കുന്നുകൂട്ടാന്‍ കഴിയുംവിധം സാമ്പത്തിക അസമത്വം ഇന്ത്യയില്‍ നിലനില്‍ക്കുന്നു എന്നാണ്.


വീഡിയോകോണ്‍ പറയുന്നു, കമ്പനി പൂട്ടിച്ചത് 
മോഡിയാണ്

39000 കോടി രൂപയുടെ കടബാധ്യത തങ്ങള്‍ക്കുണ്ടായതിന് ഉത്തരവാദി മോഡിയാണെന്നു പ്രമുഖ ടെലിവിഷന്‍ കമ്പനിയായ വീഡിയോ കോണ്‍ പറയുന്നു. 2016 നവംബറില്‍ പ്രധാനമന്ത്രി അപ്രതീക്ഷിതമായി നോട്ടുകള്‍ അസാധുവാക്കിയതു കാരണം കമ്പനിയുടെ കാഥോഡ് റേ ടെലിവിഷന്‍ വിഭാഗം അടച്ചുപൂട്ടേണ്ടി വന്നു. ഇതുകാരണം നഷ്ടത്തിലേക്കു കൂപ്പുകുത്തിയ കമ്പനിക്ക്, തങ്ങള്‍ വായ്പയെടുത്ത പണം തിരികെ അടയ്ക്കാനായില്ല. കടുത്ത നടപടിയുമായി മുന്നോട്ടുപോയ എസ്ബിഐയ്ക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കമ്പനിയുടെ ആസ്തികള്‍ കണ്ടുകെട്ടണമെന്ന് പറഞ്ഞ് സുപ്രീംകോടതിയും കൈയൊഴിഞ്ഞു.
മോഡിയുടെ 
സ്വന്തം മോഡിമാര്‍

നീരവ് മോഡി, ലളിത് മോഡി പിന്നെ വിജയ്മല്ല്യ, മെഹുല്‍ ചോസ്കി, ജതിന്‍ മേത്ത ഇതൊക്കെ ഇന്ത്യയിലെ വമ്പന്‍ ബിസിനസ്സുകാരാണ്. ബാങ്കുകളില്‍നിന്ന് കോടികള്‍ കടമെടുത്ത് രായ്ക്കുരാമാനം നാടുവിട്ട ഫ്രോഡുകളാണ്. ഈ ഫ്രോഡുകളെയെല്ലാം സ്ഥലം വിടാന്‍ സഹായിച്ചത് പ്രധാനമന്ത്രി മോഡിയും. ഇങ്ങനെ 31 പേരാണ് നാടുവിട്ട് വിദേശത്ത് വിലസുന്നത്. വിജയ്മല്ല്യ മുങ്ങിയത് 9000 കോടിരൂപയുടെ കടം തിരിച്ചടയ്ക്കാതെ, നീരവ് മോഡി- 12,636 കോടി രൂപ, ജതിന്‍ മേത്ത- 7000 കോടി രൂപ, ലളിത് മോഡി- 125 കോടി രൂപ, സ്റ്റെര്‍ലിങ് ബയോടെക് ഡയറക്ടര്‍മാര്‍-5000 കോടി രൂപ. പട്ടിക ഇങ്ങനെ നീളുന്നു.•