സമഗ്രവികസനം ലക്ഷ്യമിട്ട് നൂതന പദ്ധതികള്‍

തിരഞ്ഞെടുപ്പ് കാമ്പെയ്ന്‍

കേരളത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് സര്‍വതലസ്പര്‍ശിയായ നിരവധി പദ്ധതികള്‍ എല്‍ഡിഎഫ് ഗവണ്‍മെന്‍റ് രൂപീകരിച്ച് നടപ്പിലാക്കി. ചിലവ നടപ്പിലാക്കിക്കൊണ്ടിരിക്കുകയുമാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും എത്തിപ്പിടിക്കാനാകാത്ത വിധം അഭിമാനപൂര്‍വം കേരളത്തെ ഉയര്‍ത്തിപ്പിടിക്കുന്ന, തങ്ങള്‍ അധികാരത്തിലേറ്റാല്‍ പിരിച്ചുവിടുമെന്നും തകര്‍ക്കുമെന്നുമൊക്കെ യുഡിഎഫ് വെല്ലുവിളിക്കുന്ന, രണ്ടു പ്രളയം വന്നിട്ടും മഹാമാരി വന്നിട്ടും തകരാതെ കേരളത്തെ താങ്ങിനിര്‍ത്തുന്ന, നമ്മെ നാമാക്കി മാറ്റിയ ഈ പദ്ധതികളെപ്പറ്റി നാം അറിയണം.

കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ്)
കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബര്‍ 11ന് നായനാര്‍ സര്‍ക്കാരിന്‍റെ കാലത്താണ് കിഫ്ബി ആരംഭിച്ചത്. സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കലാണ് കിഫ്ബിയുടെ ലക്ഷ്യം. എന്നാല്‍ അതിനുശേഷം കിഫ്ബി വേണ്ട വിധത്തി ല്‍ ഉപയോഗപ്പെടുത്തപ്പെടുകയുണ്ടായില്ല. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍, യുഡിഎഫ് ഗവണ്‍മെന്‍റ് അവശേഷിച്ചുപോയ സാമ്പത്തികമാന്ദ്യത്തെ ഫലപ്രദമായി നേരിടുന്നതിനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് കിഫ്ബി ചട്ടങ്ങള്‍ പരിഷ്കരിച്ചു. അതുവഴി സെബിയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ മാര്‍ഗങ്ങള്‍ ഉപയോഗിക്കത്തക്കവിധം കിഫ്ബിയെ സജ്ജമാക്കി. കിഫ്ബി വഴി സമാഹരിക്കുന്ന നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരന്‍റി നല്‍കുന്നു. നിക്ഷേപകര്‍ക്കു മടക്കിക്കൊടുക്കാനുള്ള തുക മോട്ടോര്‍ വാഹന നികുതിയിനത്തിലൂടെയും പെട്രോള്‍ സെസ്സിലൂടെയും കിഫ്ബിക്കു ലഭിക്കും. കിഫ്ബിയുടെ ഒരു രൂപ പോലും സര്‍ക്കാര്‍ ഖജനാവില്‍ നിക്ഷേപിക്കുകയോ മറ്റ് വകുപ്പുകള്‍ക്കായി വക മാറ്റുകയോ ചെയ്യില്ല. ഐടി, അടിസ്ഥാന സൗകര്യവികസനം, ഗതാഗതം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രധാനമായും കിഫ്ബിയിലെ പണം വിനിയോഗിക്കുന്നത്. സിഎജി ആക്ടിലെ സെക്ഷന്‍ 14 (1) പ്രകാരം കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമാണ്. അത് നടക്കുന്നുമുണ്ട്.

എന്താണ് മസാല ബോണ്ട്?
ട്രോളുകള്‍ വഴിയും മാധ്യമങ്ങള്‍വഴിയും അല്ലാതെയും ഏറെ പഴികേള്‍ക്കേണ്ടി വന്ന മസാല ബോണ്ട് എന്താണ്? രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ത്തന്നെ ബോണ്ടിറക്കി പണം സമാഹരിക്കുന്ന രീതിയാണിത്. ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനാണ്, രൂപയില്‍ ഇറക്കുന്ന ബോണ്ടുകള്‍ക്ക് 'മസാല ബോണ്ട്' എന്ന പേരുനല്‍കിയത്.

കെ-റെയില്‍ 
(കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ്)

തിരുവനന്തപുരത്തുനിന്നും കാസര്‍കോടുവരെ നാല് മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന സെമി ഹൈസ്പീഡ് റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി. 529.45 കി.മി ദൈര്‍ഘ്യമുള്ള ഈ റെയില്‍പാത കേരള ഗവണ്‍മെന്‍റിന്‍റെയും റെയില്‍വേ മന്ത്രാലയത്തിന്‍റെയും സംയുക്ത സഹകരണത്തോടെയാണ് നടത്തുന്നത്.

കെ-ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക്  നെറ്റ്വര്‍ക്ക്)
സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിടുന്ന ഈ പദ്ധതി 2020 ഡിസംബറോടെ നിലവില്‍ വന്നു.സംസ്ഥാനത്തെ സുശക്തമായ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കാന്‍ ഉദ്ദേശിച്ചുള്ള ഈ പദ്ധതി, കെഎസ്ഇബിയും കെഎസ്ഐടിഎല്‍ ഉം സംയുക്തമായാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളില്‍ സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നു. ഏഴ് ജില്ലകളിലായി ആയിരത്തോളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. 

ഇ-മൊബിലിറ്റി (ഇലക്ട്രോ മൊബിലിറ്റി)
വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കൊണ്ടുവന്ന പദ്ധതി. ഇതു വഴി ഇന്ധനം ലാഭിക്കുക, അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുക എന്നിവയാണ് മുഖ്യമായും ലക്ഷ്യമിടുന്നത്. പത്ത് വര്‍ഷം കൊണ്ട് 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കെഎസ്ആര്‍ടിസിക്ക് 3000 ബസുകള്‍ നിര്‍മിച്ചുനല്‍കാനും പദ്ധതിയിട്ടിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ അസംബ്ലിങ്, അവയുടെ നിര്‍മാണം, ചാര്‍ജിങ് പോയിന്‍റുകളുടെ ശൃംഖല സ്ഥാപിക്കല്‍ ഇവയാണ് ചുരുക്കത്തില്‍ ഇ-മൊബിലിറ്റി. കേരളത്തിന്‍റെ മുഖഛായ തന്നെ മാറ്റുന്ന ഈ പദ്ധതിയെയും തുരങ്കം വയ്ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. കേരളത്തിന്‍റെ പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സും സ്വിറ്റ്സര്‍ലാന്‍ഡിലെ പ്രമുഖ വാഹന നിര്‍മാണ കമ്പനിയായ ഹെസും സംയുക്തമായാണ് ഈ പദ്ധതി തുടങ്ങുന്നത്. കെഎഎല്‍ ഇതിനോടകം തന്നെ ഇലക്ട്രിക് ഓട്ടോ നിര്‍മിച്ച് നേപ്പാളിലേക്ക് കയറ്റി അയച്ചുകഴിഞ്ഞു.

കെ-ഡിസ്ക്
(കേരള ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍)

ഡിജിറ്റല്‍ സങ്കേതങ്ങളിലൂടെ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും കേരളത്തെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയാകുന്നതിനും ലക്ഷ്യംവെച്ചുള്ള പദ്ധതി. സാങ്കേതികമായി ശാക്തീകരിക്കപ്പെട്ട ഒരു സമൂഹസൃഷ്ടിയ്ക്കായി വിജ്ഞാനത്തൊഴിലാളികളെ സജ്ജരാക്കുന്നതിനായി കെ ഡിസ്കിനുകീഴില്‍ പ്രത്യേകം രൂപകല്‍പനചെയ്ത പ്രോഗ്രാമാണ് യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം. അഭ്യസ്തവിദ്യര്‍ക്ക് വീട്ടിലിരുന്ന് തൊഴില്‍ ചെയ്യത്തക്കവിധം ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആയാണ് കെഡിസ്ക് പ്രവര്‍ത്തിക്കുന്നത്. ഇതിനായി ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. വിജ്ഞാന വ്യവസായത്തില്‍ കെ-ഡിസ്ക് വന്‍ കുതിപ്പ് സൃഷ്ടിക്കും. •