നവകേരള നിര്‍മ്മിതിക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുക

എല്‍ഡിഎഫ് പ്രകടനപത്രിക

ആമുഖം
നവകേരള നിര്‍മ്മിതിയുടെ പുതിയൊരു ഘട്ടത്തിലേയ്ക്ക് നാം കടക്കുകയാണ്. അടിസ്ഥാന സൗകര്യ മേഖലയില്‍ പിണറായി വിജയന്‍ സര്‍ക്കാരുണ്ടാക്കിയ മുന്നേറ്റത്തിന്‍റെ അടിത്തറയില്‍ സ്ഥായിയായ ഒരു വികസന മാതൃക യാഥാര്‍ത്ഥ്യമാക്കണം. പാവങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതോടൊപ്പം നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെടണം. അതിനായി കേരളത്തെ ജ്ഞാനസമൂഹമായും അതിനുതകുന്ന തരത്തിലുള്ള വികസന മാതൃകകള്‍ സഫലമാകുന്ന നാടായും രൂപപ്പെടുത്തണം. ഇവ ഉറപ്പുവരുത്താന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ ഭരണത്തുടര്‍ച്ച അനിവാര്യമാണ്. അതിനനുകൂലമായ സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. കഴിഞ്ഞ തവണ ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍ നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 580ഉം നടപ്പാക്കിയ ചരിത്ര നേട്ടത്തിന്‍റെ അഭിമാനകരമായ റിപ്പോര്‍ട്ട് കാര്‍ഡുമായിട്ടാണ് എല്‍ഡിഎഫ് ഇന്നു വീണ്ടും ജനങ്ങളെ സമീപിക്കുന്നത്.

കേരളം ഒന്നാമത്
ക്ഷേമ വികസന മേഖലകളില്‍ കേരളത്തിന്‍റെ ഒന്നാമത് എന്ന സ്ഥാനത്തിന്  കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ലോകസ്വീകാര്യത ലഭിച്ചിട്ടുണ്ട്. നീതി ആയോഗിന്‍റെ സുസ്ഥിരവികസന സൂചികയിലും ഒന്നാം സ്ഥാനത്താണ് കേരളം. ഇന്ത്യയില്‍ ഏറ്റവും കാര്യക്ഷമമായി ഭരണം നടക്കുന്ന സംസ്ഥാനത്തിനുള്ള പുരസ്കാരം കഴിഞ്ഞ വര്‍ഷവും നമുക്കു ലഭിച്ചു. വളര്‍ച്ച, സുസ്ഥിര വികസനം, സാമൂഹികനീതി, തുല്യത എന്നീ തൂണുകളില്‍ ഉറച്ചുനിന്ന് മുന്നേറുന്ന വികസനശൈലിയുടെ മികവാണ് കേരളത്തെ ഈ പുരസ്കാരത്തിനു പ്രാപ്തമാക്കിയത്.

നിതി ആയോഗ് തയ്യാറാക്കിയ സൂചികകള്‍ പ്രകാരം ആരോഗ്യമേഖലയിലും കേരളം തുടര്‍ച്ചയായി ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്. ശിശു മരണ നിരക്കും അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. മികച്ച പ്രതിരോധകുത്തിവെയ്പ്പ് നല്‍കുന്ന കാര്യത്തിലും കേരളം മുന്നേറി. ക്ഷയരോഗ നിവാരണത്തിലും സംസ്ഥാനം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ മികച്ച ആശുപത്രികള്‍ക്കുള്ള നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍റേര്‍ഡില്‍ ആദ്യ പന്ത്രണ്ടു സ്ഥാനങ്ങളിലും കേരളത്തില്‍ നിന്നുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാണ്. 

ഭരണ നേതൃത്വത്തില്‍ നിന്ന് അഴിമതി സമ്പൂര്‍ണമായി തുടച്ചു നീക്കിക്കഴിഞ്ഞു. 'ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷണല്‍ ഇന്ത്യ'യും 'ലോക്കല്‍ സര്‍ക്കിള്‍സ്' എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമും ചേര്‍ന്നു നടത്തിയ ഇന്ത്യാ കറപ്ഷന്‍ സര്‍വെയില്‍, രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെയാണ് തിരഞ്ഞെടുത്തത്. ഗുണനിലവാര സൂചികകളിലെ ഒന്നാംസ്ഥാനം നിലനിര്‍ത്തിക്കൊണ്ട്, ശാന്തവും സമാധാനപൂര്‍ണവുമായ സാമൂഹ്യജീവിതം ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ക്രമസമാധാനപാലനത്തിലും ഇന്ത്യയിലെ ഏറ്റവും മുന്നില്‍ കേരളം തന്നെയാണ്. 

കേരളം കൈവരിച്ച പ്രഥമസ്ഥാനങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. യുബിഐ ഗ്ലോബല്‍ നടത്തിയ പഠനത്തില്‍ പബ്ലിക് ബിസിനസ് ആക്സിലറേറ്ററിനുള്ള ഒന്നാം സ്ഥാനത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും ഉയര്‍ന്ന ജീവിതായുസ്സും ലിംഗ അനുപാതവും സാക്ഷരതയും കേരളത്തിലാണ്. പഠനപ്രായത്തിലെ ഏതാണ്ട് എല്ലാ കുട്ടികളും സ്കൂളില്‍ ചേരുന്നുണ്ട്. ഏതാണ്ട് എല്ലാവരും ഇപ്പോള്‍ പത്തു വരെ പഠിക്കും. കൊഴിഞ്ഞു പോക്ക് ഏറ്റവും താഴ്ന്നത് കേരളത്തിലാണ്. 

ഭൂപരിഷ്കരണം വളരെ വലിയ മാറ്റമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്. തൊഴിലാളികള്‍ക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മിനിമംകൂലി ലഭിക്കുന്നത് കേരളത്തിലാണ്. അതുകൊണ്ടാണ് അതിഥി തൊഴിലാളികള്‍ ഇവിടേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നത്. മലയാളിയുടെ പ്രതിശീര്‍ഷ വരുമാനം ദേശീയശരാശരിയേക്കാള്‍ ഏതാണ്ട് 50 ശതമാനം ഉയര്‍ന്നതാണ്.

സ്ത്രീകള്‍ക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ചെന്നുമാത്രമല്ല, ജെന്‍ഡര്‍ ബജറ്റിനും തുടക്കമിട്ടു. സംസ്ഥാന ബജറ്റിന്‍റെ 16 ശതമാനം വനിതാപദ്ധതികള്‍ക്ക് നീക്കിവച്ചു. ഇന്ത്യയിലാദ്യമായി ട്രാന്‍സ്ജന്‍ഡര്‍ നയം പ്രഖ്യാപിച്ചത് കേരളമാണ്.  ലൈംഗികാതിക്രമം നടത്തുന്നവരുടെ രജിസ്ട്രിക്ക് തുടക്കംകുറിച്ച ആദ്യസംസ്ഥാനവും നാം തന്നെ. രാജ്യത്ത് ഏറ്റവും വേഗതയില്‍ ദാരിദ്ര്യം കുറഞ്ഞത് കേരളത്തിലാണ്.


എല്ലാ വീടുകളിലും ശുചിത്വ സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയ ആദ്യ സംസ്ഥാനമാണു കേരളം. നൂറുശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ആദ്യസംസ്ഥാനവും കേരളം തന്നെ. എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം കേരളത്തിന് ഇന്നു കയ്യെത്തും അരികിലായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഗ്രാമീണ റോഡുകള്‍ കേരളത്തിലാണ്. ഇന്‍റര്‍നെറ്റ് ഉപയോഗം ഓരോ പൗരന്‍റെയും അവകാശമായി പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു നാഴികക്കല്ലുകൂടി ചരിത്രത്തില്‍ നാം സ്ഥാപിച്ചു.

ജനസംഖ്യാനുപാതികമായി പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക്സംസ്ഥാന ബജറ്റ് വിഹിതം നീക്കിവയ്ക്കുന്ന ഏക സംസ്ഥാനവും കേരളം തന്നെ. ഈ വിഭാഗങ്ങള്‍ക്ക് നീക്കിവച്ച തുകയുടെ വിഹിതം രാജ്യത്തെ മറ്റേതൊരു സംസ്ഥാനം നീക്കിവച്ചതിനേക്കാളും കൂടുതലാണുതാനും. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് മികച്ച പാക്കേജുകള്‍ രൂപപ്പെടുത്തിയ സംസ്ഥാനവും കേരളമാണ്. ഏറ്റവും കൂടുതല്‍ ശതമാനം കുടുംബങ്ങള്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കുന്നത് കേരളത്തിലാണ്. ക്ഷേമ വികസനത്തിന് മുന്‍നിരയില്‍ മുന്നേറാന്‍ അഞ്ചുവര്‍ഷത്തെ ഭരണത്തിനു കഴിഞ്ഞുവെന്ന് എതിരാളികള്‍ പോലും സമ്മതിക്കും. 

ക്ഷേമകേരളം
കേരളത്തെ ഇത്തരത്തില്‍ ജീവിതഗുണമേന്മയോടും സുരക്ഷയോടുംകൂടെ മനുഷ്യര്‍ക്ക് ജീവിക്കാന്‍ കൊള്ളാവുന്ന സംസ്ഥാനമാക്കി നിലനിര്‍ത്തുന്നതിന്‍റെ പെരുമ മുഖ്യമായും ഇടതുപക്ഷത്തിനവകാശപ്പെട്ടതാണ്. മെച്ചപ്പെട്ട കൂലിയും കൂടുതല്‍ നീതിപൂര്‍വമായ ഭൂവിതരണവും എല്ലാവര്‍ക്കും ഗുണമേന്മയുള്ള പൊതുസേവനങ്ങളും ഉറപ്പുവരുത്തിയത് ഇടതുപക്ഷ സര്‍ക്കാരുകളായിരുന്നു. 1957ലെ ഇഎംഎസ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ച ഈ പാരമ്പര്യത്തെ ഏറ്റവും ഉജ്വലമാക്കിയ അഞ്ചുവര്‍ഷങ്ങളാണ് കടന്നുപോയത്. എല്ലാവര്‍ക്കും ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, വീട്, കക്കൂസ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ വലിയ കുതിപ്പുതന്നെ ഉണ്ടായി. എല്ലാവര്‍ക്കും സൗജന്യ ചികിത്സയും സൗജന്യ ഭക്ഷണവും പകുതി കുടുംബങ്ങള്‍ക്കെങ്കിലും ധനസഹായവും ഉറപ്പുവരുത്തിയ കേരളത്തിന്‍റെ കോവിഡ് പ്രതിരോധം ലോകത്താകെ പ്രകീര്‍ത്തിക്കപ്പെട്ടു. കേരള സര്‍ക്കാരിന്‍റെ കമ്പോള ഇടപെടല്‍ എത്രമേല്‍ ആശ്വാസമാണ് ഈ നാടിന് ഉണ്ടാക്കിയതെന്ന് കോവിഡ്കാലം  തെളിയിച്ചു. ഒരാളും പട്ടിണി കിടക്കേണ്ടി വന്നില്ല. വിലക്കയറ്റം പിടിച്ചു നിര്‍ത്തി. ഈ ക്ഷേമസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇനിയും മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള വ്യക്തമായ പരിപാടി കൂടിയാണ് ഈ മാനിഫെസ്റ്റോ.

പശ്ചാത്തലമേഖലയിലെ കുതിപ്പ്
ജനക്ഷേമത്തിലുള്ള ഊന്നല്‍ എക്കാലത്തും ഇടതുപക്ഷത്തിന്‍റെ തനിമയായിരുന്നു. ക്ഷേമച്ചെലവുകളെല്ലാം കഴിഞ്ഞ് പശ്ചാത്തല സൗകര്യ നിക്ഷേപത്തിന് നീക്കിവെയ്ക്കാന്‍ ബജറ്റില്‍ വേണ്ടത്ര പണമുണ്ടാകാറില്ല. വായ്പയെടുക്കുന്ന പണത്തിന്‍റെ വലിയപങ്കും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കും ദൈനംദിന ചെലവുകള്‍ക്കുമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. പശ്ചാത്തലസൗകര്യ മേഖലയിലെ പിന്നാക്കാവസ്ഥ മറികടക്കാതെ നവകേരള സൃഷ്ടി അസാധ്യമാണെന്ന് വ്യക്തമായിരുന്നു. ഇതിനുള്ള മാര്‍ഗം കിഫ്ബിയിലൂടെ തുറന്നു. അസംഭവ്യമെന്ന് പ്രതിപക്ഷം വിശേഷിപ്പിച്ചത് നമ്മുടെ കണ്‍മുന്നില്‍ യാഥാര്‍ത്ഥ്യമായി.  

കാല്‍നൂറ്റാണ്ടു കാത്തിരുന്നാല്‍ മാത്രം സാധ്യമാകുന്ന പശ്ചാത്തല സൗകര്യവികസനമാണ് കിഫ്ബി കേരളത്തില്‍ സാധ്യമാക്കിയത്. അങ്ങനെയൊരു സംവിധാനത്തെ തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.  കിഫ്ബി നടത്തുന്ന വിഭവസമാഹരണം ഭരണഘടനാവിരുദ്ധമാണെന്ന് സിഎജിയോടൊപ്പം പ്രതിപക്ഷവും ആവര്‍ത്തിച്ചു വാദിച്ചു. എന്നാല്‍, അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 60,000 കോടി രൂപ സമാഹരിക്കാന്‍ അവരുടെ കൈയില്‍ ബദല്‍ പരിപാടിയുമില്ല. നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങളെ എങ്ങനെയെങ്കിലും മുടക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം. ഇത് അനുവദിക്കാനാവില്ല.  ഭരണത്തുടര്‍ച്ചയില്ലെങ്കില്‍ കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും തുടങ്ങിയവതോ തുടങ്ങാന്‍ പോകുന്നതോ ആയ എല്ലാ പദ്ധതികളും അവതാളത്തിലാകും. സിഎജി, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് യുഡിഎഫും ബിജെപിയും കിഫ്ബിയെ തകര്‍ക്കുന്നതിനു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്‍റെ വികസനത്തെ തകര്‍ക്കുന്നതിനുള്ള ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാനാവണം. നമ്മുടെ സംസ്ഥാനത്ത് ആവിഷ്കരിച്ചിട്ടുള്ള വികസനപദ്ധതികള്‍ നടപ്പിലാക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരിക എന്നത് പ്രധാനമാണ്.

സാമ്പത്തിക അടിത്തറയില്‍പൊളിച്ചെഴുത്ത് 
മേല്‍പ്പറഞ്ഞ പശ്ചാത്തല സൗകര്യങ്ങള്‍ നിക്ഷേപകരെ കേരളത്തിലേയ്ക്ക് കൂടുതല്‍ ആകര്‍ഷിക്കും. കേരളത്തിനു കൂടുതല്‍ അനുയോജ്യമായ വ്യവസായങ്ങളായി നാം കരുതുന്നത് ഐടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസം പോലുള്ള സേവന പ്രദാന വ്യവസായങ്ങളുമാണ്. ഇതിനുപുറമെ പ്രധാനമുള്ളത് കമ്പ്യൂട്ടര്‍ നിര്‍മ്മാണം പോലുള്ള നൈപുണീസാന്ദ്ര വ്യവസായങ്ങളും നമ്മുടെ വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത വ്യവസായങ്ങളുമാണ്. ഉത്പാദനവും ഉത്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന ബയോടെക്നോളജി പോലുള്ള സാങ്കേതികവിദ്യകളുടെ വികാസവും പ്രധാനമാണ്. കേരളത്തിന്‍റെ സാമ്പത്തിക അടിത്തറയെ വിജ്ഞാനസമ്പദ്ഘടനയായി പുതുക്കിപ്പണിയുന്നതിന് കൃത്യമായൊരു പരിപാടിയുമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിലെ ജനങ്ങളെ സമീപിക്കുന്നത്.   

വിജ്ഞാന സമ്പദ്ഘടനയായുള്ള പരിവര്‍ത്തനത്തിന് ഉന്നത വിദ്യാഭ്യാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവണം. അലകും പിടിയും മാറണം. പരമാവധി യുവജനങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസവും എല്ലാവര്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങളും ലഭ്യമാക്കണം. വിജ്ഞാനത്തെ നൂതന വിദ്യകളായി രൂപാന്തരപ്പെടുത്തണം. സമ്പദ്ഘടനയുടെ സമസ്തമേഖലകളിലും ആധുനിക ശാസ്ത്രവും നൂതനസാങ്കേതികവിദ്യകളും ഉള്‍ക്കൊള്ളാനാവുംവിധം ആസൂത്രിതമായ ഇടപെടല്‍ വേണം. നൂതനവിദ്യാ സംരംഭങ്ങള്‍ അഥവാ സ്റ്റാര്‍ട്ട് അപ്പുകള്‍ തഴച്ചുവളരണം. ഇതിനെല്ലാമായി ഉന്നത വിദ്യാഭ്യാസത്തിലും സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഉണ്ടായതുപോലുള്ള മുന്നേറ്റമുണ്ടാക്കാന്‍ ഇനിയും കഴിയേണ്ടതുണ്ട്. 

ജനതയുടെ സാമൂഹ്യ ബോധവും ചരിത്രബോധവും മാനവിക മൂല്യങ്ങളുമെല്ലാം കൂടുതല്‍ വികസിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള സാമൂഹ്യ ശാസ്ത്ര പഠനങ്ങളുടെ വികാസവും പ്രധാനമാണ്. ഇത്തരം പഠനങ്ങളില്‍ അത്യുന്നത തലത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളുടെ രൂപീകരണവും പ്രധാനമായി നമുക്ക് മുമ്പിലുണ്ട്.

മതനിരപേക്ഷ സര്‍ക്കാര്‍
അങ്ങനെ, കേരള സമ്പദ്ഘടനയുടെ അടിത്തറ പൊളിച്ചു പണിയുന്നതിനുള്ള കര്‍മ്മപദ്ധതിയാണ് ഈ പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നത്. അഭ്യസ്തവിദ്യരായ മലയാളികള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിലവസരങ്ങള്‍ നാട്ടില്‍ത്തന്നെ ലഭ്യമാക്കും. സമ്പദ്ഘടനയുടെ മാറ്റം സര്‍ക്കാരിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കും. ക്ഷേമസുരക്ഷാ സൗകര്യങ്ങള്‍ പുതിയ വിതാനത്തിലേയ്ക്ക് ഉയര്‍ത്തും. പ്രധാനപ്പെട്ട കാര്യം ഇത്തരത്തില്‍ കേരളം ഒരു പുതിയ വികസനപാതയിലേയ്ക്ക് പുരോഗമിക്കുന്നത് കേരളത്തിന്‍റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ ശക്തിപ്പെടുത്തുന്നതിനും പ്രധാനമാണെന്ന് കാണാനാവും. 

സുസ്ഥിരവികസനം എന്ന ലക്ഷ്യം നേടുന്നതിന് പ്രധാനമായ സമാധാന അന്തരീക്ഷം ഇന്ന് വലിയ വെല്ലുവിളികളെ നേരിടുന്നുണ്ട്. കറകളഞ്ഞ ന്യൂനപക്ഷ വിരോധം പ്രചരിപ്പിക്കുന്നതിനും ജനാധിപത്യപരമായ കാഴ്ചപ്പാടുകളെ നിരാകരിച്ചും ഭരണഘടനാസ്ഥാപനങ്ങളെയും അവയുടെ അവകാശങ്ങളെയും നിര്‍വീര്യമാക്കിയും തങ്ങളുടെ രാഷ്ട്രീയ ഭരണാധികാരത്തെ സംഘപരിവാര്‍ ഉപയോഗപ്പെടുത്തുകയാണ്. ഫാസിസ്റ്റ് പ്രവണതകളോടുകൂടിയുള്ള സംഘപരിവാറിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇതാണ് മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ നേരിടുന്ന ഏറ്റവും ആപത്കരമായ വെല്ലുവിളി. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഇതിന്‍റെ ഭാഗമായി രൂപപ്പെടുന്ന അരക്ഷിതാവസ്ഥയെ ഉപയോഗപ്പെടുത്തിക്കൊണ്ട് ജമായത്തെ ഇസ്ലാമിയെ പോലെയുള്ള മൗദൂദിസ്റ്റ് സംഘടനകളുടെയും എസ്ഡിപിഐ പോലുള്ള തീവ്രചിന്താഗതിക്കാരുടെയും  പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കു വളമായി തീരുന്നു.

ഭൂരിപക്ഷത്തിന്‍റെ പേരിലായാലും ന്യൂനപക്ഷത്തിന്‍റെ പേരിലായാലും മതരാഷ്ട്രവാദം നാടിന് അപകടമാണ്. മതരാഷ്ട്രവാദവും മതവിശ്വാസവും രണ്ടാണ് എന്ന സുചിന്തിതമായ നിലപാടാണ് എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്നത്. വര്‍ഗീയ തീവ്രവാദ ശക്തികളെ ചെറുത്തുതോല്‍പ്പിക്കാന്‍ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഐക്യനിര ഉയര്‍ന്നുവരേണ്ടതുണ്ട്. ഒരുതരത്തിലുള്ള വര്‍ഗീയതയുമായും സന്ധി ചെയ്യാതെ എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാനും ഒരു മതത്തിലും വിശ്വാസമില്ലാത്തവര്‍ക്കും സമാധാനത്തോടെ ജീവിക്കാനും വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നല്‍കും.

നമ്മുടെ മതനിരപേക്ഷ സംസ്കാരത്തിന്‍റെ കാവലാളായ മാതൃഭാഷയുടെ സംരക്ഷണവും വികാസവും ഇതോടൊപ്പം തന്നെ പ്രധാനമാണ്. നവകേരള നിര്‍മ്മിതിയുടെ സാംസ്കാരിക അടിത്തറ ഭാഷയാണെന്ന കാഴ്ചപ്പാടോടെ അവ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രധാനമാണ്. മനുഷ്യബന്ധങ്ങളെ ആര്‍ദ്രവും ജനാധിപത്യപരവുമാക്കുന്നത് കലയും അതുമായി ബന്ധപ്പെട്ട സംസ്കാരങ്ങളുമാണ്. അതിനാല്‍ നമ്മുടെ ഭാഷയും സംസ്കാരവും കലകളും സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നത് നമ്മുടെ ജീവിതത്തെ കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കുന്നതിന് പ്രധാനമാണ്. ആഗോളവത്കരണം ഉയര്‍ത്തുന്ന സാംസ്കാരിക രൂപങ്ങളെയും വര്‍ഗീയമായ കാഴ്ചപ്പാടുകളെയും പ്രതിരോധിച്ച് മുന്നേറുന്നതിന് ഇത് പ്രധാനമാണ്. അതിനാല്‍ നമ്മുടെ സംസ്കാരത്തിന്‍റെ പൊതുവായ ഈടുവയ്പ്പുകളെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നത് നാടിന്‍റെ വികാസത്തിന് അത്യന്താപേക്ഷിതമാണെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കാണുന്നു.

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ
ഹിന്ദു വര്‍ഗ്ഗീയതയെ ഉയര്‍ത്തി കേന്ദ്ര അധികാരം കൈക്കലാക്കിയ ബിജെപി അറുപിന്തിരിപ്പന്‍ കോര്‍പ്പറേറ്റ് സാമ്പത്തിക നയങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കുന്നു. നിയന്ത്രിത കമ്പോളങ്ങളെ തകര്‍ത്ത് കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വയ്ക്കുന്നു. പൊതുമേഖല വിറ്റുതുലയ്ക്കുന്നു. ബാങ്കും ഇന്‍ഷ്വറന്‍സുംപോലും വില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യത്തെ തകര്‍ച്ചയുടെ വക്കിലെത്തിച്ചപ്പോഴാണ് കൂനിന്മേല്‍ കുരുവെന്നപോലെ കോവിഡ് നാടിനെ ഗ്രസിച്ചത്. തൊഴിലെടുക്കുന്നവരുടെ 92 ശതമാനം പണിയെടുക്കുന്ന അസംഘടിത മേഖലയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കപ്പെട്ടത്. എണ്ണവില ഉയര്‍ത്തി ജനങ്ങളെ പിഴിയുക, കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് കൊടുക്കുക ഇതാണ് ബിജെപിയുടെ നികുതി നയം. ജനങ്ങളുടെ കൈയില്‍ പണം എത്തിച്ച് കമ്പോള മുരടിപ്പില്‍ നിന്ന് പുറത്തു കടക്കാനല്ല അവര്‍ ശ്രമിക്കുന്നത്. കോര്‍പ്പറേറ്റുകളെയും ഫിനാന്‍സ് മൂലധനത്തെയും പ്രീതിപ്പെടുത്തി നിക്ഷേപം വര്‍ദ്ധിപ്പിച്ച് മാന്ദ്യത്തില്‍ നിന്ന് കരകയറാമെന്നാണ് അവരുടെ വാദം. ഇതിന്‍റെ ഫലമായി കോവിഡുകാലത്ത് ലോകത്ത് ഏറ്റവും രൂക്ഷമായ ഉല്‍പ്പാദന തകര്‍ച്ചയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ഈ നയങ്ങള്‍ക്കെതിരെ തൊഴിലാളികളുടെയും കൃഷിക്കാരുടെയും സമരങ്ങള്‍ കൊടുമ്പിരികൊള്ളുകയാണ്. അവരോടൊപ്പമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി.

കേന്ദ്രസര്‍ക്കാരിന്‍റെയും കേരള സര്‍ക്കാരിന്‍റെയും നയങ്ങളിലെ അന്തരം മനസ്സിലാക്കുന്നതിന് ഈ കോവിഡുകാലത്തു സ്വീകരിച്ച നയങ്ങള്‍ താരതമ്യപ്പെടുത്തിയാല്‍ മതിയാകും. ജനങ്ങള്‍ക്കു പരമാവധി സമാശ്വാസം നല്‍കുന്ന നയമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. ഒരാളുപോലും കേരളത്തില്‍ പട്ടിണികിടക്കില്ലായെന്ന് ഉറപ്പുവരുത്തി. ഉയര്‍ന്ന പെന്‍ഷനും ഭക്ഷ്യക്കിറ്റും കുടുംബശ്രീ വഴിയുള്ള ഉപജീവന വായ്പയും മറ്റും സാര്‍വത്രിക അംഗീകാരം നേടി. കോവിഡ് രോഗികള്‍ക്കു സൗജന്യ ചികിത്സ മാത്രമല്ല, സൗജന്യ ഭക്ഷണവും നല്‍കി. ഇന്ത്യയില്‍ ആദ്യമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഉത്തേജക പാക്കേജ് മുന്നോട്ടുവച്ച സംസ്ഥാനമാണ് കേരളം. കേരളം കോവിഡ് കാലത്ത് സ്വീകരിച്ച പ്രവര്‍ത്തന മാതൃക റിസര്‍വ് ബാങ്കിന്‍റെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

കേരളത്തിലെ കോവിഡ് മരണനിരക്ക് ദേശീയ ശരാശരിയുടെ മൂന്നിലൊന്നില്‍ താഴെയാണ്. രോഗവ്യാപനം അഖിലേന്ത്യാ ശരാശരിയുടെ പകുതി മാത്രമാണ്. കോവിഡിനെ പ്രതിരോധിച്ചുകൊണ്ട് കേരളം സമ്പദ്ഘടനയെ ഉണര്‍ത്താന്‍ നൂറുദിന പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കി. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഉത്തേജക പാക്കേജായി അതു മാറി. പൊതു ആരോഗ്യവും പൊതു വിദ്യാഭ്യാസും ശക്തിപ്പെടുത്തി. വികേന്ദ്രീകൃത ഭരണക്രമത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാണ് കേരളം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംഘടിപ്പിച്ചത്.

കേരളത്തിന്‍റെ വികസനാനുഭവം ആഗോളമായി ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. കോവിഡ് പ്രതിരോധം ഇതിനെ കൂടുതല്‍ ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നു. വേറിട്ടൊരു ലോകം സാധ്യമാക്കുന്നതിനുവേണ്ടി ലോകമെമ്പാടും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ മുന്നില്‍ ഇന്ത്യന്‍ ഫെഡറല്‍ വ്യവസ്ഥയുടെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് കേരളം തീര്‍ക്കുന്ന ഈ പുത്തന്‍ മാതൃക പ്രചോദനവും ആവേശവുമായി മാറും. ഇതിനായി വീണ്ടും ഒരു കര്‍മ്മ പരിപാടി കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരുടെ മുന്നില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അവതരിപ്പിക്കുന്നു.

പ്രകടനപത്രികയില്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ നടപ്പിലാക്കുന്നതിനും നാടിന്‍റെ വികസനത്തിന് സവിശേഷമായ കുതിപ്പ് സംഭാവന ചെയ്ത് മുന്നോട്ടുപോകുന്നതിനും കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതികള്‍ നടപ്പിലാക്കിയത് നിരവധി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ്. കേരളത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശി. കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ പ്രത്യക്ഷപ്പെട്ട നിപ്പ വൈറസിനെയും അതിജീവിക്കാന്‍ നമുക്കു കഴിഞ്ഞു. ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ പ്രളയത്തെയും ഈ കാലയളവിലാണ് നാം അതിജീവിച്ചത്. ലോകത്തെമ്പാടും മരണം വാരിവിതറിയ കോവിഡ് 19 നെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനും മരണ സംഖ്യ ഏറെ പരിമിതപ്പെടുത്താനും കഴിഞ്ഞുവെന്നതും അഭിമാനകരമായ കാര്യമാണ്. ഇത്തരത്തില്‍ ഉണ്ടായ നിരവധി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് നവകേരള സൃഷ്ടിക്ക് ഉതകുന്ന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കിയത്. ഒന്നും നടക്കില്ലായെന്ന നിരാശയില്‍ നിന്ന് ഒന്നായി നിന്നാല്‍ നമുക്ക് പലതും നേടാനാവുമെന്ന ശുഭാപ്തി വിശ്വാസത്തിലേക്കും കൂട്ടായ്മയിലേക്കും നയിക്കുന്നതിനും ഈ കാലയളവില്‍ കഴിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജനങ്ങളെ ഒന്നാക്കി നിര്‍ത്തി ഭരണസംവിധാനത്തെ ജനങ്ങളുമായി താദാമ്യം പ്രാപിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിനും കഴിഞ്ഞുവെന്നതും അഭിമാനകരമായ നേട്ടം തന്നെയാണ്. ഭരണയന്ത്രത്തെ ജനകീയവത്കരിച്ചുകൊണ്ടുള്ള ഇടപെടലിന്‍റെ കാലമായിരുന്നു ഈ 5 വര്‍ഷക്കാലം. ഇടതുപക്ഷ സര്‍ക്കാരുകള്‍ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായ ഭരണസംവിധാനം പ്രാദേശിക തലങ്ങളില്‍ രൂപപ്പെടുത്തുന്നതിനിടയാക്കിയിട്ടുണ്ട്. കേരളത്തിന്‍റെ ഈ സവിശേഷതയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായി തീരുകയും ചെയ്തു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയ അഭിമാനബോധത്തോടെയുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പുതിയ പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നത്.

50 ഇന പരിപാടി
ഈ പ്രകടനപത്രിക രൂപപ്പെടുത്തിയതു ജനപങ്കാളിത്തത്തോടെയാണ്. എല്ലാവിഭാഗം ജനങ്ങളുമായി മുഖ്യമന്ത്രി നേരിട്ടു നടത്തിയ സംവാദങ്ങള്‍, വിവിധ സംഘടനകളും വ്യക്തികളും ഓണ്‍ലൈനായും അല്ലാതെയും അയച്ചുതന്ന നിര്‍ദ്ദേശങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പാര്‍ട്ടികളുടെ കുറിപ്പുകള്‍, ഇവയെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ് 900 വാഗ്ദാനങ്ങളുടെ പ്രകടനപത്രിക രൂപംകൊണ്ടത്. പെട്ടെന്നൊരു വിഗഹവീക്ഷണം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഇവയെ ഒരു 50 ഇന പരിപാടിയായി സംക്ഷേപിച്ചിരിക്കുകയാണ്. 900 വാഗ്ദാനങ്ങള്‍ അനുബന്ധമായി ചേര്‍ത്തിരിക്കുകയാണ്.

അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് ആവശ്യമായ തൊഴില്‍ ലഭിക്കുന്നില്ലായെന്ന പ്രശ്നത്തെ ഉള്‍ക്കൊണ്ടുകൊണ്ട് തൊഴില്‍ സൃഷ്ടിക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ പ്രകടനപത്രിക രൂപപ്പെടുത്തിയിട്ടുള്ളത്. മൊത്തം 40 ലക്ഷം തൊഴിലവസരങ്ങളാണ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്യുന്നത്. ഈ ലക്ഷ്യം നേടുന്നതിന് നൈപുണി പരിശീലനം, വ്യവസായ പുനസംഘടന, കാര്‍ഷിക നവീകരണം എന്നിവയ്ക്കു കൃത്യമായ ഗൃഹപാഠത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പരിപാടികള്‍ പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നു. കുടുംബാധിഷ്ഠിത മൈക്രോപ്ലാനുകളിലൂടെ കേവലദാരിദ്ര്യം ഇല്ലാതാക്കും. കൃഷിക്കാരുടെ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്തും. വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ ലോകോത്തരമാക്കും.

20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കുതൊഴില്‍ നല്‍കും
ഈ ലക്ഷ്യത്തോടെ തല്‍പ്പരരായ മുഴുവന്‍ അഭ്യസ്തവിദ്യര്‍ക്കും നൈപുണി പരിശീലനം നല്‍കും. ഇവരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കും.

15 ലക്ഷം ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും
കാര്‍ഷിക മേഖലയില്‍ 5 ലക്ഷവും കാര്‍ഷികേതര മേഖലയില്‍ 10 ലക്ഷവും ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും.

15000 സ്റ്റാര്‍ട്ട് അപ്പുകള്‍
അഞ്ചു വര്‍ഷംകൊണ്ട് 15000 സ്റ്റാര്‍ട്ട് അപ്പുകള്‍കൂടി ആരംഭിക്കും. ഒരു ലക്ഷം പേര്‍ക്ക് പുതിയതായി തൊഴില്‍ ലഭിക്കും. ഇതിന് ആവശ്യമായ നൂതനവിദ്യകള്‍ വികസിപ്പിക്കുന്നതിന് ഇന്നവേഷന്‍ ചലഞ്ചു പോലുള്ള സംവിധാനങ്ങള്‍ക്കു രൂപംനല്‍കും.

പൊതുമേഖലയെ സംരക്ഷിക്കും
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങ ളെയും ലാഭത്തിലാക്കും. വൈവിധ്യവല്‍ക്കരിക്കുകയും വിപുലീകരിക്കു കയും ചെയ്യും. ഇതിനായി ഓരോ സ്ഥാപനത്തിന്‍റെയും വിശദമായ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധീകരിക്കും.

സ്വകാര്യ നിക്ഷേപം
മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് സ്വകാര്യ നിക്ഷേപത്തെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കും. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് വ്യവസായ മേഖലയില്‍ 10,000 കോടി രൂപയുടെ നിക്ഷേപം സൃഷ്ടിക്കും.

കേരളം ഇലക്ട്രോണിക് 
ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബ്

രാജ്യത്തെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക് വ്യവസായ മേഖലയായി കേരളത്തെ മാറ്റും. അതുപോലെ തന്നെ ആരോഗ്യ മേഖലയിലെ കേരളത്തിന്‍റെ ബ്രാന്‍ഡിനെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ വികസനത്തിനായി ഉപയോഗപ്പെടുത്തും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബുകളില്‍ ഒന്നായി കേരളത്തെ മാറ്റും.

മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍
റബര്‍ പാര്‍ക്ക്, കോഫി പാര്‍ക്ക്, റൈസ് പാര്‍ക്ക്, സ്പൈസസ് പാര്‍ക്ക്, ഫുഡ് പാര്‍ക്ക്, ജില്ലാ ആഗ്രോ പാര്‍ക്കുകള്‍ തുടങ്ങിയവ സ്ഥാപിക്കും. പൊതുമേഖലാ ഭക്ഷ്യസംസ്കരണ വ്യവസായ ങ്ങളെ നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും. നാളികേര സംഭരണത്തിനും സംസ്കരണത്തിനും സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്തും.

ടൂറിസം വിപണി ഇരട്ടിയാക്കും
ടൂറിസം വിപണി ഇരട്ടിയാക്കും. ടൂറിസത്തിനുള്ള അടങ്കല്‍ ഇരട്ടിയാക്കും. പൈതൃക ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിക്കും. സപൈസസ് റൂട്ട് ആവിഷ്കരിക്കും. ടൂറിസം ഡെസ്റ്റിനേഷനുകളുടെ, പ്രത്യേകിച്ച് മലബാര്‍ മേഖലയിലുള്ളവയുടെ പശ്ചാത്തല സൗകര്യങ്ങള്‍ മാസ്റ്റര്‍പ്ലാനിന്‍റെ അടിസ്ഥാനത്തില്‍ വികസിപ്പിക്കും.

ചെറുകിട വ്യവസായ മേഖല
 സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലകളില്‍ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്ന് 3 ലക്ഷമായി ഉയര്‍ത്തും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പ്രത്യേക സ്കീമുകള്‍ തയ്യാറാക്കും. 6 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

പ്രവാസി പുനരധിവാസം
അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പ അടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവന സംഘങ്ങള്‍, വിപണന ശൃംഖല തുടങ്ങിയ തൊഴില്‍ പദ്ധതികളില്‍ പ്രവാസികള്‍ക്കു പ്രത്യേക പരിഗണന നല്‍കും. ഇവയെല്ലാം സംയോജിപ്പിച്ച് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കു രൂപം നല്‍കും.

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം ശക്തിപ്പെടുത്തും
പരമദരിദ്ര കുടുംബങ്ങളുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കും. അതിലെ ഓരോ കുടുംബത്തിനെയും കരകയറ്റുന്നതിനു മൈക്രോപ്ലാന്‍ ഉണ്ടാക്കി നടപ്പാക്കും. 4.5 ലക്ഷം കുടുംബങ്ങള്‍ക്ക് ഇങ്ങനെ 1 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായം നല്‍കും. പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ജീവിത ദുരിതങ്ങള്‍ക്ക് ഏറെ പരിഹാരമുണ്ടാക്കാന്‍ ഇതിലൂടെ കഴിയും.

കൃഷിക്കാരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ദ്ധന സൃഷ്ടിക്കും
കൃഷിക്കാരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ദ്ധന സൃഷ്ടിക്കും. ഇതിനായി ശാസ്ത്ര-സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തും. ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് ഉതകുന്നവിധം ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കും. കാര്‍ഷികോത്പാദന ക്ഷമത വര്‍ദ്ധന, തറവിലയിലെ കാലോചിത പരിഷ്കാരം, കാര്‍ഷിക ഉല്‍പന്ന സംസ്കരണത്തില്‍ നിന്നുള്ള വരുമാനം, അനുബന്ധ വരുമാനങ്ങള്‍, എന്നിവയിലൂടെയാണ് ഈ നേട്ടം ഉറപ്പുവരുത്തുക.

മൃഗപരിപാലനം
പാലില്‍ സ്വയം പര്യാപ്തത കൈവരിക്കും. പാല്‍ ഉത്പാദനത്തില്‍ നമ്മള്‍ കൈവരിച്ച നേട്ടങ്ങള്‍ തുടര്‍വര്‍ഷങ്ങളിലും നിലനിര്‍ത്തുകയും, കേരളത്തെ ക്ഷീര മിച്ച സംസ്ഥാനമാക്കുകയും ചെയ്യും. കാലിത്തീറ്റ ഉത്പാദന ശേഷി ഇരട്ടിയാക്കും. മൊബൈല്‍ വെറ്റിനറി സേവനങ്ങള്‍ എല്ലാ ബ്ലോക്കുകളിലേയ്ക്കും വ്യാപിപ്പിക്കും.

പരമ്പരാഗത വ്യവസായ സംരക്ഷണം
സമൂല നവീകരണത്തിലൂടെ കയറിനെ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. യു.ഡി.എഫിന്‍റെ കാലത്ത് കയര്‍ ഉത്പാദനം 7000 ടണ്ണായിരുന്നത് 28,000 ആയി ഉയര്‍ന്നിട്ടുണ്ട്. അത് 70,000 ടണ്ണായി ഉയര്‍ത്തും. കശുവണ്ടിയില്‍ 10,000 പേര്‍ക്കുകൂടി തൊഴില്‍ നല്‍കും. ന്യായവിലയ്ക്ക് കാഷ്യൂ ബോര്‍ഡ് ഉപയോഗപ്പെടുത്തി വ്യവസായത്തിനു തോട്ടണ്ടി ലഭ്യമാക്കും. കൈത്തറിക്കുള്ള യൂണിഫോം പദ്ധതി വിപുലപ്പെടുത്തും.

കടല്‍ കടലിന്‍റെ മക്കള്‍ക്ക്
മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലില്‍ മത്സ്യബന്ധനത്തിനുള്ള പ്രവേശന അധികാരം, ആദ്യ വില്‍പ്പനാവകാശം എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉറപ്പുവരുത്തും.

തീരദേശ വികസന പാക്കേജ്
തീരദേശ വികസന പാക്കേജ് തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണമുള്ള മുഴുവന്‍ തീരങ്ങളും പുലിമുട്ടുകളോ മറ്റു തീരസംരക്ഷണ പ്രവൃത്തികളോ ഉറപ്പു വരുത്തും. പുനര്‍ഗേഹം പദ്ധതി നടപ്പാക്കും. മുഴുവന്‍ ഹാര്‍ബറുകളു ടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

പട്ടികജാതി ക്ഷേമം
മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും അഞ്ചു വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടം നല്‍കും. ഭൂരഹിതര്‍ക്കു കിടപ്പാടമെങ്കിലും ലഭ്യമാക്കും. എല്ലാ ആവാസ സങ്കേതങ്ങളിലും അംബേദ്ക്കര്‍ പദ്ധതി നടപ്പാക്കും.

പട്ടികവര്‍ഗ്ഗ ക്ഷേമം
മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പുവരുത്തും. ഒരേക്കര്‍ കൃഷി ഭൂമി വീതം ലഭ്യമാക്കും. വന വിഭവങ്ങള്‍ക്ക് തറവിലയും വിപണിയും ഉറപ്പുവരുത്തും. സ്കൂളിനു പുറത്തുള്ള വിദ്യാഭ്യാസ പിന്തുണ വര്‍ദ്ധിപ്പിക്കും. ആനുകൂല്യങ്ങള്‍ ഉയര്‍ത്തും. പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ഉപപദ്ധതി പൂര്‍ണ്ണമായും ഊരുകൂട്ടങ്ങളുടെ തീരുമാനവിധേയമായിരിക്കുമെന്ന് ഉറപ്പുവരുത്തും.

മറ്റു സാമൂഹ്യ വിഭാഗങ്ങള്‍
പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും പട്ടിക ജാതിക്കാര്‍ക്കുമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തുല്യ അളവില്‍ നല്‍കും. പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനുള്ള ബജറ്റ് പിന്തുണ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. പിന്നോക്ക വികസന കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കും. ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കും
.
ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാധാരണ കുട്ടികള്‍ക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. ജനസംഖ്യാനുപാതമായി ബഡ്സ് സ്കൂളുകള്‍ സ്ഥാപിക്കും. സ്പെഷ്യല്‍ സ്കൂളുകളുടെ ധനസഹായം ഇരട്ടിയാക്കും. മുഴുവന്‍ ഭിന്നശേഷി ക്കാര്‍ക്കും സഹായോപകരണങ്ങള്‍ ഉറപ്പുവരുത്തും.

വയോജനക്ഷേമം
വിപുലമായ വയോജന സര്‍വ്വേ നടത്തും. സേവനങ്ങള്‍ വാതില്‍പ്പടിയില്‍ നല്‍കും. എല്ലാ വാര്‍ഡുകളിലും വയോജന ക്ലബ്ബുകള്‍ സ്ഥാപിക്കും. വയോജന അയല്‍ക്കൂട്ടങ്ങള്‍ വിപുലപ്പെടുത്തും. പ്രത്യേക വയോജന ക്ലിനിക്കുകളും ഓപികളും, പ്രത്യേക സാന്ത്വന പരിചരണം, വയോജനങ്ങള്‍ക്കു മരുന്ന് വാതില്‍പ്പടിയില്‍ എന്നിവ ആരോഗ്യ മേഖലയില്‍ ഉറപ്പുവരുത്തും. സംസ്ഥാന-ജില്ല പ്രാദേശികതലങ്ങളില്‍ വയോജന കൗണ്‍സിലുകള്‍ രൂപീകരിക്കും. വയോജന നിയമം കര്‍ശനമായി നടപ്പാക്കും.

സ്കൂള്‍ വിദ്യാഭ്യാസം
മുഴുവന്‍ കുട്ടികളും മിനിമം ശേഷി നേടുമെന്ന് ഉറപ്പിക്കും. നാലിലൊന്ന് കുട്ടികളെങ്കിലും എ ഗ്രേഡില്‍ എത്തുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ അഞ്ചു വര്‍ഷം 6.8 ലക്ഷം കുട്ടികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നതെങ്കില്‍ അടുത്ത അഞ്ചു വര്‍ഷം ഇവരുടെ എണ്ണം 10 ലക്ഷമായി ഉയര്‍ത്തും.

ഉന്നതവിദ്യാഭ്യാസ അഴിച്ചുപണി
സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നേടിയ മികവിന്‍റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും. ഇതിനായി 30 സ്വതന്ത്ര മികവിന്‍റെ കേന്ദ്രങ്ങള്‍ സര്‍വകലാശാലകള്‍ക്കുള്ളില്‍ സ്ഥാപിക്കും. 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ അനുവദിക്കും. ഡോക്ടറല്‍ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. അഫിലിയേറ്റഡ് കോളേജുകളിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും.

ആരോഗ്യ സംരക്ഷണം ലോകോത്തരം
താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളുടെ കെട്ടിട നിര്‍മ്മാണം അടക്കമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രണ്ടുനേരം ഒ.പിയും മരുന്നും ലാബും ഉറപ്പുവരുത്തും. 20 ലക്ഷം കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ കിടത്തി ചികിത്സയും ബാക്കിയുള്ളവര്‍ക്ക് 2 ലക്ഷം വരെ കാരുണ്യാ പദ്ധതിയും ശക്തിപ്പെടുത്തും

ആയുഷ് പ്രോത്സാഹനം
കണ്ണൂരിലെ അത്യാധുനിക ഗവേഷണ കേന്ദ്രം പൂര്‍ത്തീകരിക്കും. ആയൂര്‍വേദത്തിന്‍റെ ടൂറിസം സാധ്യതകളെ തനിമയും ശാസ്ത്രീയതയും കൈവെടിയാതെ പ്രയോജനപ്പെടുത്തും. ഔഷധ സസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് കുടുംബശ്രീയുമായി ബന്ധപ്പെട്ട സ്കീം ആരംഭിക്കും.

എല്ലാവര്‍ക്കും കുടിവെള്ളം
5000 കോടി രൂപയുടെ കിഫ്ബി പദ്ധതികളും, ജല്‍ജീവന്‍ മിഷന്‍ പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. 30 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കും. വാട്ടര്‍ അതോറിറ്റി പുനഃസംഘടിപ്പിക്കും. പാതിവഴിയിലായ എല്ലാ സ്വീവേജ് പദ്ധതികളും പൂര്‍ത്തീകരിക്കും.

എല്ലാവര്‍ക്കും വീട്
അടുത്ത വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ നല്‍കും. ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും. മൊത്തം അഞ്ചു ലക്ഷം വീടുകള്‍ അഞ്ചു വര്‍ഷംകൊണ്ട് പണി തീര്‍ക്കും. ഭൂമി ലഭ്യമായിടങ്ങളില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയും.

പുതിയ കായിക സംസ്കാരം
എല്ലാ ജില്ലകളിലെയും സ്പോര്‍ട്സ് സമുച്ചയങ്ങള്‍ പൂര്‍ത്തീകരിക്കും. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഒരു മികച്ച കളിക്കളമെങ്കിലും ഉറപ്പുവരുത്തും. സ്കൂള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സ്പോര്‍ട്സ് പരിശീലനം നല്‍കും. എല്ലാ ജില്ലകളിലും റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളുകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കും.

ഭാഷാ വികസനവും
സാംസ്കാരിക നവോത്ഥാനവും

ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുന്നതാണ്. ചരിത്ര സ്മാരകങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നമ്മുടെ സാംസ്കാരികവും കലാപരവുമായ രൂപങ്ങളെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും.

60,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ 
പ്രവൃത്തികള്‍

60,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. ട്രാന്‍സ്ഗ്രിഡ്, കെഫോണ്‍, ജലപാത, തീരദേശ  മലയോര ഹൈവേകള്‍, വ്യവസായ പാര്‍ക്കുകള്‍, ആശുപത്രി-കോളേജ് നവീകരണം, യൂണിവേഴ്സിറ്റി കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങി കിഫ്ബി പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

ഭീമന്‍ പശ്ചാത്തല 
സൗകര്യ പദ്ധതികള്‍

കൊച്ചിയില്‍ നിന്ന് പാലക്കാട് വഴിയുള്ള വ്യവസായ ഇടനാഴി, കൊച്ചിയില്‍ നിന്ന് മംഗലാപുര ത്തേയ്ക്കുള്ള വ്യവസായ ഇടനാഴി, തിരുവനന്തപുരം കാപ്പിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്പ്മെന്‍റ് പദ്ധതി, പുതിയ തെക്കുവടക്ക് സില്‍വര്‍ ലൈന്‍ റെയില്‍വേ പദ്ധതി എന്നീ നാലു ഭീമന്‍ പശ്ചാത്തല സൗകര്യ പദ്ധതികള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗണ്യമായി പൂര്‍ത്തീകരിക്കും.

വൈദ്യുതിക്ഷാമം ഇല്ലാത്ത കാലം
2040 വരെ വൈദ്യുതിക്ഷാമം ഇല്ല എന്ന് ഉറപ്പുവരുത്തുന്ന 10,000 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതി പൂര്‍ത്തീകരിക്കും. 4000 കോടി രൂപയുടെ വൈദ്യുതി വിതരണ പദ്ധതി പൂര്‍ത്തീകരിക്കും.

റോഡ് നവീകരണം
15,000 കിലോമീറ്റര്‍ റോഡ് ബി.എം ആന്‍ഡ് ബിസിയില്‍ പൂര്‍ത്തീകരിക്കും. 72 റെയില്‍വേ മേല്‍പ്പാലങ്ങള്‍ പണിയും. 100 മേജര്‍ പാലങ്ങള്‍ പൂര്‍ത്തീകരിക്കും. ദേശീയപാതാ വികസനം പൂര്‍ത്തിയാക്കും. മലയോരഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപ്പാത എന്നിവ പൂര്‍ത്തീകരിക്കും. മൊത്തം 40,000 കോടി രൂപ റോഡു നിര്‍മ്മാണത്തിന് ചെലവഴിക്കും.

ജലഗതാഗതം  ബദല്‍പാത
തെക്കുവടക്ക് ദേശീയ ജലപാത പൂര്‍ത്തീകരിക്കും. ആയിരത്തില്‍പ്പരം കിലോമീറ്റര്‍ ഫീഡര്‍ കനാലുകള്‍ നവീകരിക്കും. കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ത്തീകരിക്കും. തീരദേശ കാര്‍ഗോ ഷിപ്പിംഗ് ആരംഭിക്കും. വിഴിഞ്ഞം, അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം ഹാര്‍ബറുകള്‍ പൂര്‍ത്തിയാക്കും. അഴീക്കല്‍ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതി ആരംഭിക്കും.

റെയില്‍വേവ്യോമ ഗതാഗതം
കൊച്ചി മെട്രോ പൂര്‍ത്തീകരിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചാല്‍ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോ ആരംഭിക്കും. തലശേരി മൈസൂര്‍, നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ ലൈനുകള്‍ നിര്‍മ്മിക്കും. ശബരി റെയില്‍ പൂര്‍ത്തിയാക്കും.

തദ്ദേശഭരണം 
പുതിയ വിതാനത്തിലേയ്ക്ക്

ജനകീയാസൂത്രണത്തിന്‍റെ 25-ാം വാര്‍ഷികവുമായി ബന്ധപ്പെടുത്തി ഇതുവരെ അനുഭവങ്ങളെ സമഗ്രമായി വിലയിരുത്തിക്കൊണ്ട് 14ാം പഞ്ചവത്സര പദ്ധതി രൂപീകരിക്കും. നീര്‍ത്തടാധിഷ്ഠിത ആസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കും. നൂതന പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കും. കൂടുതല്‍ പണവും അധികാരവും ഊദ്യോഗസ്ഥരെയും നല്‍കും.

പരിസ്ഥിതി സൗഹൃദം
കേരളത്തിന്‍റെ പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിന് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നീര്‍ത്തട അടിസ്ഥാനത്തിലുള്ള ജലമണ്ണു സംരക്ഷണ പദ്ധതികളുടെ അടിസ്ഥാനത്തില്‍ നദീതട പദ്ധതികള്‍ ആവിഷ്കരിക്കും. ഇ-വാഹനനയം ആവിഷ്കരിച്ചു നടപ്പാക്കും.

വനസംരക്ഷണം
കൈയേറ്റം പൂര്‍ണമായും തടയും. വനം അതിര്‍ത്തികള്‍ ജണ്ട കെട്ടിയും ഡിജിറ്റലൈസ് ചെയ്തും സംരക്ഷിക്കും. മനുഷ്യവന്യമൃഗ സംഘര്‍ഷം ഒഴിവാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കും. വനാതിര്‍ത്തിക്കു ചുറ്റും ബഫര്‍ സോണ്‍ നിജപ്പെടുത്തു മ്പോള്‍ ജനവാസ മേഖലകളെ ഒഴിവാക്കും.

പ്രത്യേക വികസന പാക്കേജുകള്‍
7500 കോടി രൂപയുടെ വയനാട് പാക്കേജ്, 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2500 കോടിയുടെ കുട്ടനാട് പാക്കേജ്, 5000 കോടി രൂപയുടെ തീരദേശ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കും. കാസര്‍കോട് പാക്കേജിനുള്ള തുക വര്‍ദ്ധിപ്പിക്കും. ഇതിനായി പ്രത്യേക മേല്‍നോട്ട സമിതികള്‍ രൂപീകരിക്കും. വര്‍ഷത്തില്‍ രണ്ടു തവണ പ്രത്യേകമായി ഇതിന്‍റെ പുരോഗതി അവലോകനം ചെയ്യും. മലബാറിന്‍റെ പിന്നാക്കാവസ്ഥ പരിഹാരിക്കുന്നതിനു പ്രത്യേക പരിഗണന നല്‍കും.

ശുചിത്വം
കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വ പ്രദേശമാക്കും. ഉറവിട മാലിന്യ സംസ്കരണത്തിന്‍റെ അടിസ്ഥാനത്തില്‍ ഖരമാലിന്യ സംസ്കരണവും പ്രാദേശിക സ്വീവേജ് സംസ്കരണവും നടപ്പാക്കും. അനിവാര്യമായ ഇടങ്ങളില്‍ വന്‍കിട മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്‍റുകളും സ്ഥാപിക്കും.

കേരളം സ്ത്രീ സൗഹൃദമാക്കും
സ്ത്രീകള്‍ക്കു നേരെയുള്ള  അതിക്രമങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന് ക്രൈം മാപ്പിംഗിന്‍റെ അടിസ്ഥാനത്തിലുള്ള ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കും. സ്ത്രീകളുടെ തൊഴിലവസരങ്ങള്‍  നാലിലൊന്നെങ്കിലും ഉയര്‍ത്തും. സ്ത്രീകള്‍ക്കുള്ള പദ്ധതി അടങ്കല്‍ പത്തു ശതമാനത്തിലേറെയാക്കും. വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജന്‍ഡര്‍ പാര്‍ക്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ട്രാന്‍സ്ജന്‍ഡര്‍ പോളിസി നടപ്പിലാക്കും. ഗൃഹജോലിയുടെ മൂല്യം അംഗീകരിച്ചുകൊണ്ട് വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും.

ശിശു സൗഹൃദം
ശിശുസൗഹൃദ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളുടെ മാനദണ്ഡങ്ങള്‍ക്കു രൂപം നല്‍കും. അവ എല്ലാവരും കൈവരിക്കുന്നതിന് ഒരു സമയബന്ധിത പരിപാടി തയ്യാറാക്കും. അങ്കണവാടികള്‍ സ്മാര്‍ട്ടാക്കും.

വിശപ്പുരഹിത കേരളം
സിവില്‍ സപ്ലൈസും കണ്‍സ്യൂമര്‍ഫെഡും വിപുലപ്പെടുത്തും. റേഷന്‍കടകളെ മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍കൂടി വില്‍ക്കാന്‍ അനുവദിക്കും. സ്വകാര്യ വിപണനശാലകള്‍ക്ക് ഔദ്യോഗിക റേറ്റിംഗ് ഏര്‍പ്പെടുത്തും. ജനസംഖ്യാനുപാതികമായി ജനകീയ ഹോട്ടലുകള്‍ ആരംഭിക്കും. കേരളത്തില്‍ ഒരാളും പട്ടിണി കിടക്കാന്‍ അനുവദിക്കില്ല.

സഹകരണ മേഖലയുടെ സംരക്ഷണം
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങളെ ശക്തമായി ചെറുക്കും. കേരള ബാങ്ക് വിപുലീകരിച്ച് എന്‍.ആര്‍.ഐ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബാങ്ക് ആക്കും. ഡെപ്പോസിറ്റ് അടിത്തറ ഇരട്ടിയായി ഉയര്‍ത്തും. കേരളത്തിന്‍റെ വികസനത്തിന് കൃഷിക്കാര്‍ക്കും സംരംഭകര്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം ഉദാരമായ വായ്പ ലഭ്യമാക്കുന്ന കേരളത്തിന്‍റെ ബാങ്കാകും. അപ്പെക്സ് ബാങ്കിനോടു ബന്ധപ്പെടുത്തി മികച്ച ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ പ്രാഥമിക സഹകരണ ബാങ്കുകളിലും ലഭ്യമാക്കും.

സാമൂഹ്യ സുരക്ഷ
സാമൂഹ്യ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയായി ഉയര്‍ത്തും. അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്സ് അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, കുടുംബശ്രീ ജീവനക്കാര്‍, പ്രീപ്രൈമറി അധ്യാപകര്‍, എന്‍.എച്ച്.എം ജീവനക്കാര്‍, സ്കൂള്‍ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി എല്ലാ സ്കീം വര്‍ക്കേഴ്സിന്‍റെയും ആനുകൂല്യങ്ങള്‍ കാലോചിതമായി ഉയര്‍ത്തും. മിനിമംകൂലി 700 രൂപയാക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഗാര്‍ഹിക തൊഴിലാളികള്‍ക്കു പ്രത്യേക സ്കീമുകള്‍ ആരംഭിക്കും.

വാണിജ്യമേഖല
വാണിജ്യമിഷന്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കും. പൈതൃക കമ്പോളങ്ങളെ നവീകരിക്കും. റോഡ് പ്രോജക്ടുകളില്‍ കട നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനു മേഖലാതല വിപണികള്‍ സൃഷ്ടിക്കും. കെ.എസ്.എഫ്.ഇ മ്യൂച്വല്‍ ഗ്യാരണ്ടിയില്‍ ചിട്ടികള്‍ ആരംഭിക്കും. കേരളബാങ്ക് ചെറുകിട വ്യാപാരികള്‍ക്കു വേണ്ടി പദ്ധതികള്‍ ആവിഷ്കരിക്കും. ജി.എസ്.ടി കൂടുതല്‍ വ്യാപാരി സൗഹൃദമാക്കും. നല്ല നികുതിദായകര്‍ക്ക് പ്രിവിലേജ് കാര്‍ഡ് നല്‍കും. കേരള ഭാഗ്യക്കുറിയെ സംരക്ഷിക്കും.

സദ്ഭരണവും 
അഴിമതി നിര്‍മ്മാര്‍ജനവും

ഇ-ഗവേണന്‍സ്, ഇടെന്‍ഡറിംഗ്, സോഷ്യല്‍ ഓഡിറ്റ്, കര്‍ശനമായ വിജിലന്‍സ് സംവിധാനം എന്നിവയെല്ലാം ഉപയോഗപ്പെടുത്തി അഴിമതി നിര്‍മ്മാര്‍ജനം ചെയ്യും. സോഷ്യല്‍ പോലീസിംഗ് സംവിധാനം ശക്തിപ്പെടുത്തും. അതിനായുള്ള ഡയറക്ടറേറ്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. ജനമൈത്രി പൊലീസ് പുനഃസംവിധാനം ചെയ്ത് ഇതിനു കീഴില്‍ കൂടുതല്‍ ശക്തമാക്കും. ക്രമസമാധാനം മെച്ചപ്പെടുത്തും. ഏതു പരാതിയിലും 30 ദിവസത്തിനകം തീരുമാനം ഉറപ്പുവരുത്തും.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്
അധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ നവകേരള നിര്‍മ്മിതിക്കായി വ്യവസായ സംരംഭകര്‍ അടക്കമുള്ളവരോട് പൂര്‍ണ സഹകരണം ഉറപ്പുവരുത്തും. സര്‍ക്കാരിന്‍റെ ആദ്യവര്‍ഷത്തില്‍ തന്നെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 സംസ്ഥാനങ്ങളില്‍ ഒന്നാക്കുകയും ചെയ്യും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.

നിയമനങ്ങള്‍ 
പി.എസ്.സി മുഖേന

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്പെഷ്യല്‍ റൂളുകള്‍ക്കു രൂപം നല്‍കുകയും നിയമനങ്ങള്‍ പി.എസ്.സിക്കു വിടുകയും ചെയ്യും. ഒഴിവുകള്‍ പൂര്‍ണ്ണമായും സമയബന്ധിതമായും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് ഉറപ്പുവരുത്തും. പി.എസ്.സി പരീക്ഷ, മൂല്യനിര്‍ണ്ണയം, നിയമനം എന്നിവ നടത്തുവാന്‍ ചലനാത്മകവും പൂര്‍ണ്ണതോതില്‍ ഓട്ടോമേറ്റഡുമായ സംവിധാനം സൃഷ്ടിക്കും.

കടാശ്വാസം
കാര്‍ഷിക കടാശ്വാസ കമ്മീഷന്‍, മത്സ്യമേഖല കടാശ്വാസ കമ്മീഷന്‍, വിദ്യാഭ്യാസ വായ്പാ സമാശ്വാസം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തുടരും. 

ഉപസംഹാരം
പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാകുമെന്നതിന് ഉറപ്പ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അനുഭവം ജനങ്ങള്‍ക്കു നല്‍കുന്നുണ്ട്. വാഗ്ദാനങ്ങളുടെ നടപ്പാക്കല്‍ പുരോഗതി സംബന്ധിച്ച് ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ചുകൊണ്ട്, മാനിഫെസ്റ്റോയുടെ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തി ഒരു പുതുമാതൃക സൃഷ്ടിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചലിക്കുന്ന ഭരണസംവിധാനവും അതിനു പിന്നിലെ രാഷ്ട്രീയ ഇച്ഛാശക്തിയും കേരളത്തിന് ഒരു പുതിയ അനുഭവമായിരുന്നു. വാക്കിനു വിലയുണ്ട് എന്ന് തെളിയിക്കപ്പെട്ട കാലം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാരിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമായി മാറുക മാത്രമല്ല, അവയുടെ പൂര്‍ത്തീകരണം കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. പ്രകടനപത്രികയ്ക്കു പുറമേ ഉയര്‍ന്നുവന്ന ജനകീയ ആവശ്യങ്ങള്‍ പലതും അംഗീകരിച്ചു നടപ്പാക്കാനും കഴിഞ്ഞു. ഇതായിരിക്കും നാളെയുംഎല്‍ഡിഎഫ് പിന്തുടരാന്‍ പോകുന്ന മാതൃക.

ലോകത്തിന്‍റെ പ്രശംസ നേടിയ കേരള മോഡല്‍ പുതിയ തലത്തിലേയ്ക്ക് ഉയരുകയാണ്. ക്ഷേമാശ്വാസ പദ്ധതികള്‍ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വിസ്മയകരമായ മാറ്റങ്ങള്‍ വരുന്നു. ആധുനിക വ്യവസായത്തിന്‍റെയും വളര്‍ച്ച സാധ്യമാകുന്നു. സാമൂഹ്യനേട്ടങ്ങളില്‍ നിന്നു പിന്നാക്കം പോകാതെ, വ്യവസായ വളര്‍ച്ചയിലും ആധുനിക തൊഴില്‍ത്തുറയിലും കുതിപ്പുണ്ടാക്കുന്ന വിജ്ഞാന സമൂഹ സൃഷ്ടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യം വെയ്ക്കുന്നത്. അതുവഴി കേരളം കാലോചിതമായി വികസിത സമൂഹങ്ങള്‍ക്കൊപ്പം ചേരുകയാണ്.

കേന്ദ്രസര്‍ക്കാര്‍ നവലിബറല്‍ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ ആക്രമണോത്സുകമായി നടപ്പിലാക്കുന്ന കാലമാണിത്. സംസ്ഥാനത്തിന്‍റെ അധികാരം നാള്‍ക്കുനാള്‍ ചുരുങ്ങുകയാണ്. ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോഴും നവലിബറല്‍ നയങ്ങള്‍ക്കൊരു ബദലായിത്തന്നെ കേരളം എന്ന തുരുത്തിനെ നിലനിര്‍ത്തേണ്ടതുണ്ട്.

കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും കേന്ദ്രസര്‍ക്കാരുകള്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് നടപ്പാക്കിയ സ്വകാര്യവത്കരണ, ഉദാരവത്കരണ നയങ്ങള്‍ക്ക് ബദലായിരിക്കും കേരള മാതൃക. പൊതു ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ മാത്രമല്ല, പൊതുമേഖലാ വ്യവസായങ്ങളെയും വൈദ്യുതി, കുടിവെള്ളം, ഗതാഗതം തുടങ്ങിയ പൊതുമേഖലകളെയും  കേരളം സംരക്ഷിക്കും.

സംഘപരിവാര്‍ വര്‍ഗീയതയുടെ വിഷപ്പുക പരക്കാത്ത സമൂഹം എന്ന നേട്ടവും നമുക്കു നിലനിര്‍ത്തണം. ന്യൂനപക്ഷ വര്‍ഗീയ ശക്തികളുമായും പരസ്യമായി കൂട്ടുകൂടുമ്പോള്‍ തന്നെ ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിന് ബിജെപിയുമായി രഹസ്യധാരണയില്‍ എത്താന്‍ മടിയില്ലാത്ത യുഡിഎഫിന് കേരളത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യവും സാമൂഹ്യമൈത്രിയും സംരക്ഷിക്കാന്‍ കഴിയില്ല. സ്വസ്ഥതയും സമാധാനവും പുലരുന്ന നാടായി കേരളം നിലനില്‍ക്കാന്‍ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഭരണത്തുടര്‍ച്ച കൂടിയേ തീരൂ. വര്‍ഗീയ ശക്തികള്‍ക്ക് ഒരു സ്വാധീനവുമില്ലാത്ത ഭരണം കാഴ്ചവെയ്ക്കാന്‍ എല്‍ഡിഎഫിനു മാത്രമേ കഴിയൂ.

വര്‍ഗീയ ശക്തികള്‍ക്ക് പങ്കാളിത്തമില്ലാത്ത ഭരണം, ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയത്തിന് വലിയ കരുത്തു പകരും. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഇന്ത്യയ്ക്കു മാതൃകയായിത്തീരും. സാമൂഹ്യക്ഷേമത്തിനോടൊപ്പം സാമ്പത്തിക വളര്‍ച്ചയും ഉറപ്പുനല്‍കുന്ന ഒരു നവകേരളം നമുക്കു സൃഷ്ടിക്കാം. ഇത്തരം ബദലിന്‍റെ അനുഭവങ്ങള്‍ രാജ്യ വ്യാപകമായി എത്തിച്ച് ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ പിന്നില്‍ കൂടുതല്‍ ജനവിഭാഗങ്ങളെ അണിനിരത്താനും കഴിയണം. മലയാളിയുടെ അന്തസ് ലോകത്തില്‍ ഉയര്‍ന്നു നിന്ന കാലമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷം. അത് അങ്ങനെ തന്നെ എന്നും നിലനില്‍ക്കുമെന്ന് ഉറപ്പിക്കാന്‍ എല്‍ഡിഎഫ് ഭരണം തുടരണം. •