എല്‍ഡിഎഫ് പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നത്

സി പി നാരായണന്‍

പ്രില്‍ 6ന് കേരളത്തിലെ വോട്ടര്‍മാര്‍ 15-ാം കേരള നിയമസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുകയാണ്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ എന്താണ് ചെയ്യുക എന്ന് പ്രധാന എതിരാളികളായ എല്‍ഡിഎഫും യുഡിഎഫും വോട്ടര്‍മാരോട് വിശദീകരിച്ചിട്ടുണ്ട്, അവയുടെ പ്രകടനപത്രികയിലൂടെ. അവയില്‍ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വാരിക്കോരി സൗജന്യങ്ങളും ആനുകൂല്യങ്ങളും നല്‍കുമെന്ന വാഗ്ദാനങ്ങള്‍ മാത്രമാണ് എന്ന വിമര്‍ശനം ചില സാമ്പത്തിക വിദഗ്ദ്ധരും ചില മാധ്യമങ്ങളും ഉന്നയിച്ചിട്ടുണ്ട്. അവയിലൊന്നാണ് മാര്‍ച്ച് 24ന്‍റെ 'ഹിന്ദു'വില്‍ സാമ്പത്തിക വിദഗ്ദ്ധനായ പുലാപ്ര ബാലകൃഷ്ണന്‍ എഴുതിയിരിക്കുന്നത്. മറ്റൊന്നു 23ലെ മലയാള മനോരമയും.

എല്‍ഡിഎഫിന്‍റെ പ്രകടന പത്രിക പൂര്‍ണമായി വായിക്കാതെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത് എന്നുവേണം കരുതാന്‍. ജനങ്ങള്‍ക്ക് പല ആനുകൂല്യങ്ങളും നല്‍കുന്നു; സമ്പദ്വ്യവസ്ഥയെ വളര്‍ത്താന്‍ ഒന്നും ചെയ്യുന്നില്ല; കടം വാങ്ങി ചെലവഴിക്കുകയാണ്; അതിന്‍റെ ഭാരം മുഴുവന്‍ പേറേണ്ടിവരുന്നത് പണിയെടുക്കുന്നവരാണ് - മദ്യം, ലോട്ടറി, പെട്രോള്‍, വാഹനനികുതികളിലൂടെ -എന്നാണ് അദ്ദേഹത്തിന്‍റെ ആക്ഷേപം. വേറൊരു നികുതിയുണ്ട്; എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി കേന്ദ്രം പിരിക്കുന്ന ജിഎസ്ടി, അത് നിരവധി നികുതികളുടെ ആകെത്തുകയാണ്. അത് പുലാപ്രയെപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ ഏറെ വാഴ്ത്തുകയും ന്യായീകരിക്കുകയും ചെയ്തതാണ്. കേരള സര്‍ക്കാരിന്‍റെ പുതിയ ബജറ്റ് വായിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ ആരോപണം ഉന്നയിക്കുകയില്ലായിരുന്നു. സര്‍ക്കാരിനു കടമുണ്ട്. പക്ഷെ, അതിനെ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച പരിധിക്കുള്ളില്‍ നിര്‍ത്തിക്കൊണ്ടാണ് സാമ്പത്തികം കൈകാര്യം ചെയ്യുന്നത്. മാത്രമല്ല, ശതമാനക്കണക്കില്‍ അതിനെ കുറച്ചുകൊണ്ടുവരികയുമാണ്. അതൊന്നും വായിക്കാതെയും മനസ്സിലാക്കാതെയും അദ്ദേഹം കാടുകയറി വിമര്‍ശനം നടത്തിയിരിക്കുകയാണ് എന്നു വേണം മനസ്സിലാക്കാന്‍.

ഒരു കാര്യം കൂടി പറയട്ടെ. എല്‍ഡിഎഫ് - യുഡിഎഫ് പ്രകടനപത്രികകളെക്കുറിച്ച് അദ്ദേഹം ആദ്യം പരാമര്‍ശിക്കുന്നുണ്ടെങ്കിലും യുഡിഎഫിന്‍റേതിനെക്കുറിച്ച് ഒരക്ഷരം എഴുതിയിട്ടില്ല. ഫലത്തില്‍ അത് എല്‍ഡിഎഫിനെക്കുറിച്ചുള്ള വിമര്‍ശനം മാത്രമായി. അതു മാത്രമാണോ അദ്ദേഹം ഉദ്ദേശിച്ചത് എന്ന് അറിഞ്ഞുകൂട.

യുഡിഎഫ് നേതാക്കള്‍ എല്‍ഡിഎഫിനെ കടത്തിവെട്ടാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് പ്രകടന പത്രികയുടെ കാര്യത്തില്‍ എന്നു അവര്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. അവരെപ്പോലുള്ള വലതുപക്ഷ പാര്‍ടികള്‍ക്ക്, മുമ്പ് ഒരിക്കല്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രസ്താവിച്ചതുപോലെ, തിരഞ്ഞെടുപ്പില്‍ ജനങ്ങളെ ആകര്‍ഷിക്കാനുള്ള പിത്തലാട്ടം മാത്രമാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍. തിരഞ്ഞെടുപ്പു കഴിയുന്നതോടെ അത് മറക്കും. അതാണല്ലോ ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍, എല്‍ഡിഎഫ് 2016ല്‍ 600 ഇന പ്രകടന പത്രിക അവതരിപ്പിച്ചത് നടപ്പാക്കാന്‍ ഉദ്ദേശിച്ചായിരുന്നു. അതുകൊണ്ട് ഓരോ വര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കു മുമ്പാകെ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുണ്ടായിരുന്നു. ആകെയുള്ള 600 ഇനങ്ങളില്‍ 580ഉം നടപ്പാക്കിക്കഴിഞ്ഞതായി മുഖ്യമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ വേണം എല്‍ഡിഎഫിന്‍റെ പ്രകടന പത്രികയെ വിലയിരുത്താന്‍. അതേസമയം 2011ല്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഏറിയ പങ്കും നടപ്പാക്കാത്ത പാരമ്പര്യം യുഡിഎഫിന്‍റെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുണ്ട്. ക്ഷേമ  - സാമൂഹ്യ പെന്‍ഷന്‍ 600 രൂപയായി കൊട്ടിഘോഷിച്ച് വര്‍ദ്ധിപ്പിച്ചെങ്കിലും, 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാക്കിയാണ് യുഡിഎഫ് സര്‍ക്കാര്‍ അന്ന് പടിയിറങ്ങിയത്. പിന്നീടുവന്ന പിണറായി വിജയന്‍ സര്‍ക്കാരാണ് അത് കൊടുത്തുതീര്‍ത്തത്. കൊട്ടിഘോഷിച്ച ഒട്ടേറെ പദ്ധതികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കര്‍ നടപ്പാക്കിയുമില്ല.

യുഡിഎഫ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത് ക്ഷേമ പെന്‍ഷന്‍ പ്രതിമാസം 3000 രൂപയായി വര്‍ധിപ്പിക്കുമെന്നാണ്. 60 ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നത്. അത്രയും പേര്‍ക്ക് പ്രതിമാസം 3000 രൂപ വീതം പെന്‍ഷന്‍ നല്‍കാന്‍ ഒരു വര്‍ഷം 21,600 കോടി രൂപ വേണ്ടിവരും. ന്യായ് പദ്ധതി പ്രകാരം പ്രതിമാസം 6000 രൂപ വീതം നല്‍കുമെന്നും പറയുന്നു. 4.5 ലക്ഷമാണ് അതിനു സംസ്ഥാനത്ത് അര്‍ഹതയുള്ള ദരിദ്രകുടുംബങ്ങള്‍. അതിനു 31,500 കോടി രൂപ വേണം. ഈ രണ്ടിനങ്ങള്‍ക്ക് മാത്രമായി 53,100 കോടി രൂപ വേണം. പ്രഖ്യാപിക്കുന്ന മറ്റ് ആനുകൂല്യങ്ങള്‍ക്ക് വേറെ തുക വേണം. അതുപോലെ സര്‍ക്കാരിന്‍റെ ദൈനംദിനാവശ്യങ്ങള്‍ക്കും. ഇതിനൊക്കെയുള്ള പണം എങ്ങനെ സമാഹരിക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കുന്നുമില്ല. മലയാള മനോരമ, പുലാപ്ര ബാലകൃഷ്ണനെപ്പോലെ, പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് എങ്ങനെ പണം ഉണ്ടാക്കും എന്നു ചോദിക്കുന്നുണ്ട്. അതിന്‍റെ ചോദ്യവും പ്രധാനമായി എല്‍ഡിഎഫിനോടാണ്.
എല്‍ഡിഎഫിന്‍റെ പ്രകടന പത്രിക 25 പേജുണ്ട്. ആദ്യത്തെ ആറുപേജില്‍ ഈ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലം ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു. അതിനുശേഷം 50 ഇനങ്ങളിലായി എങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അടുത്ത 5 വര്‍ഷം ഭരണം നടത്തുക എന്നതിന്‍റെ വിശദാംശങ്ങള്‍ വിശദീകരിക്കുന്നു. എന്താണ് കേരളത്തിന്‍റെ ഇന്നത്തെ സ്ഥിതി എന്നു കൃത്യമായി വിലയിരുത്തി എങ്ങനെ നവകേരളം നിര്‍മിക്കും, അതിനു ഏതേത് ജനവിഭാഗങ്ങള്‍ക്ക് എന്തെല്ലാം ചെയ്യും, ജനജീവിതം മൊത്തത്തില്‍ എങ്ങനെ മെച്ചപ്പെടുത്തും, അതിനുള്ള വിഭവസമാഹരണത്തിനുള്ള സാധ്യതകള്‍ - ഇവയെല്ലാം വിവരിക്കുന്നുണ്ട്. ഈ 50 ഇനങ്ങളുമായി ബന്ധപ്പെട്ട മൂര്‍ത്തമായ കാര്യങ്ങള്‍, എന്തൊക്കെ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു എന്നതിന്‍റെ വിശദാംശങ്ങള്‍ എല്ലാം ക്യുആര്‍കോഡില്‍ 900 ചെറുഖണ്ഡികകളിലായി വിവരിച്ചിരിക്കുന്നു. അതെല്ലാം കൂടിയാണ് എല്‍ഡിഎഫ് പ്രകടന പത്രിക.

ആദ്യം തന്നെ വിവരിക്കുന്നത് 40 ലക്ഷം തൊഴിലുകള്‍ 5 വര്‍ഷംകൊണ്ട് സൃഷ്ടിച്ചു നല്‍കുന്നതിനെക്കുറിച്ചാണ്. 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍, 15 ലക്ഷം ഉപജീവനതൊഴിലുകള്‍, ഇവയ്ക്കുപുറമെ സ്റ്റാര്‍ട്ടപ്പുകളിലും പൊതുമേഖലയിലും സ്വകാര്യ സ്ഥാപനങ്ങളിലും രാസ - ഔഷധ - മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍, ടൂറിസം, ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍ ഇവയ്ക്കായി 5 ലക്ഷം തൊഴിലുകള്‍. ഇത്രയും പേര്‍ക്ക് കേരളത്തില്‍ തൊഴില്‍ ഉണ്ടാവുകയാണെങ്കില്‍ സംസ്ഥാനത്തിന്‍റെ വരുമാനത്തിലും സര്‍ക്കാരിന്‍റെ നികുതി ലഭ്യതയിലുമൊക്കെ അത് വലിയ തോതില്‍ പ്രതിഫലിക്കും. സംസ്ഥാനത്ത് ഇത്തരത്തില്‍ തൊഴിലവസരങ്ങള്‍ ഒരിക്കലും വര്‍ധിച്ചിട്ടില്ല. അതിനാല്‍ അത്തരമൊരു മാറ്റം സംസ്ഥാനത്തിന്‍റെ സര്‍വമണ്ഡലങ്ങളിലും പ്രതിഫലിക്കും.  പുലാപ്ര ബാലകൃഷ്ണനും മനോരമയും ഒക്കെ എന്തുകൊണ്ട് ഇത് കണ്ടില്ല?

കൃഷിക്കാരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ധന എം എസ് സ്വാമിനാഥന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചതാണ്. അത് നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത് ഭരണത്തിലേറിയ നരേന്ദ്രമോഡി സര്‍ക്കാര്‍ ഇപ്പോള്‍ കൃഷിക്കാരുടെ ഉള്ള വരുമാനം പോലും ഇല്ലാതാക്കാനുള്ള നീക്കത്തിലാണ്. അപ്പോഴാണ് എല്‍ഡിഎഫ് 50 ശതമാനം വര്‍ധന കൃഷിക്കാരുടെ വരുമാനത്തില്‍ വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം സംസ്ഥാനം പച്ചക്കറി, പാല്‍, മുട്ട, ഇറച്ചി ഇവയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ലക്ഷ്യം എല്‍ഡിഎഫ് പ്രഖ്യാപിക്കുന്നു. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, കൈത്തറി, ഗ്രാമീണ വ്യവസായങ്ങള്‍ എന്നിവയെ സംരക്ഷിക്കുമെന്ന് എല്‍ഡിഎഫ് പറയുന്നു. ഇതൊക്കെ നടപ്പായാല്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ഏറെ മെച്ചപ്പെടും.

മത്സ്യത്തൊഴിലാളികളാണ് കടലിന്‍റെ, അതിലെ മത്സ്യസമ്പത്തിന്‍റെ ഉടമകള്‍ എന്ന് എല്‍ഡിഎഫ് പ്രഖ്യാപിക്കുന്നു. അത് ലക്ഷ്യമാക്കിയുള്ള നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുക. അതോടൊപ്പം അവരുടെ ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തും. അതിന്‍റെ ഭാഗമായി തീരദേശവികസന പാക്കേജും എല്‍ഡിഎഫ് പ്രഖ്യാപിക്കുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് വാര്‍ഷിക പദ്ധതിയുടെ ഭാഗമെന്ന നിലയില്‍ 10.2 ശതമാനം വീതം തുക ചെലവഴിക്കുന്നത്. കേന്ദ്രമോ മറ്റ് സംസ്ഥാനങ്ങളോ പഞ്ചവത്സരപദ്ധതിയോ അതിന്‍റെ ഭാഗമായിരുന്ന വികസന പരിപാടികളോ നടപ്പാക്കുന്നില്ല. അതുകൊണ്ട് പ്രയാസപ്പെടുന്നവര്‍ പട്ടികവിഭാഗങ്ങള്‍, മറ്റ് പിന്നാക്കക്കാര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ മുതലായവരാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അവര്‍ക്കൊക്കെയായി കഴിഞ്ഞ 5 വര്‍ഷം ആയിരക്കണക്കിനു കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ആ സമീപനം തുടരുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നു·

എടുത്തുപറയേണ്ട മറ്റൊരു കാര്യം കേരളത്തില്‍നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാനുള്ള എല്‍ഡിഎഫിന്‍റെ വാഗ്ദാനമാണ്. 4.5 ലക്ഷം കുടുംബങ്ങളാണ് - ഏതാണ്ട് 5 ശതമാനം - കേരളത്തില്‍ ദരിദ്രരായി ഉള്ളത്. ഇവര്‍ക്കായി ആവശ്യമായ വികസന സഹായം നല്‍കി അവരെ സമൂഹജീവിതത്തിലേക്കും ദാരിദ്ര്യരേഖക്ക് മുകളിലേക്കും കൊണ്ടുവരികയാണ് ലക്ഷ്യം. പിന്നാക്ക, ദരിദ്ര, നിരക്ഷര, നിരാലംബ കുടുംബങ്ങളുടെ കൈപിടിച്ചുയര്‍ത്തി പുതിയൊരു സാമൂഹ്യ - സാമ്പത്തിക അവസ്ഥയിലേക്ക് സംസ്ഥാനത്തെ മുന്നേറ്റാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. അത് കേവലം തിരഞ്ഞെടുപ്പ് വാഗ്ദാനമല്ല; ശ്രീനാരായണ ഗുരു മുതല്‍ക്കിങ്ങോട്ടുള്ള സാമൂഹ്യമോചകര്‍ പ്രഖ്യാപിച്ച ലക്ഷ്യത്തിന്‍റെ സാക്ഷാത്കാരമായിരിക്കും അത്.

ഇതോടൊപ്പം പറയേണ്ടതാണ് ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ മുതലായ സാധാരണ അവഗണിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍. ഭിന്നശേഷിക്കാരെ കഴിവതും സാധാരണ പൗരരുടെ ജീവിതത്തുറകളില്‍ ഭാഗഭാക്കാക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. അതിനുകഴിയാത്ത അവരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാന്‍ വിപുലമായ പദ്ധതികളുണ്ട്. വയോജനങ്ങളെ സഹായിക്കാനാണ് ക്ഷേമ - സാമൂഹ്യ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നിരവധി പരിഷ്കാരങ്ങള്‍. വാര്‍ഡ്തോറും അവര്‍ക്കായുള്ള പല സംവിധാനങ്ങളുണ്ട്, ഭക്ഷണം, ആരോഗ്യരക്ഷ മുതലായവയ്ക്ക്. വര്‍ധിച്ചുവരുന്ന വൃദ്ധര്‍ക്ക് ക്ഷേമവും വര്‍ധിപ്പിക്കുന്നു.

സ്ത്രീകളെ പുരുഷന്മാരോടൊപ്പം എല്ലാ ജീവിത മേഖലകളിലും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അവര്‍ പുരുഷന്മാരെപ്പോലെ തന്നെയോ അതിലേറെയോ അഭ്യസ്തവിദ്യരാണ്. എന്നാല്‍ അവരില്‍ നാലിലൊന്നു പേര്‍ക്കേ തൊഴിലുള്ളു. സര്‍ക്കാര്‍ അഭ്യസ്തവിദ്യര്‍ക്ക് 20 ലക്ഷം പുതിയ തൊഴിലുകള്‍ വര്‍ക്കം ഫ്രം ഹോം പരിപാടിയില്‍ പ്രഖ്യാപിച്ചിട്ടുള്ളത് മുഖ്യമായി സ്ത്രീകളെ ലക്ഷ്യമിട്ടാണ്. അവരുടെ ആരോഗ്യ - സാമൂഹ്യ - സാംസ്കാരികാദി രക്ഷക്കായി എല്‍ഡിഎഫ് ബൃഹത്തായ പരിപാടി ആവിഷ്കരിച്ചിരിക്കുന്നു.

വിദ്യാഭ്യാസരംഗത്ത് ഏറെ മുതല്‍മുടക്ക് കഴിഞ്ഞ 5 വര്‍ഷത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. സ്കൂള്‍ വിദ്യാഭ്യാസം കൂടുതല്‍ ഫലപ്രദമാക്കാനുള്ള പരിപാടി, ഉന്നത വിദ്യാഭ്യാസമാകെ കാലോചിതമായി പുതുക്കിപ്പണിയാനുള്ള പദ്ധതികള്‍ ഇവയെല്ലാം പ്രഖ്യാപിച്ചിട്ടുണ്ട്. 30 മികവിന്‍റെ കേന്ദ്രങ്ങള്‍, 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍, സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും വലിയ മുതല്‍മുടക്ക് - നവകേരള സൃഷ്ടി-എന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചപ്പോള്‍ എന്താണ് ഉദ്ദേശിച്ചത് എന്നു ഇതള്‍ വിടര്‍ന്നുവരുന്നു ഈ പ്രകടന പത്രികയില്‍.

ജനങ്ങളെ ചികിത്സിക്കലല്ല ആരോഗ്യരക്ഷയുടെ മര്‍മം. രോഗം വരാതെ നോക്കലാണ്. അതിന് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വ്യാപിച്ചുകിടക്കുന്ന സംവിധാനമുണ്ടിപ്പോള്‍. അവയുടെയെല്ലാം ഭൗതിക - സാങ്കേതിക സൗകര്യങ്ങളും ഡോക്ടര്‍, നഴ്സ് മുതലായവരുടെ സേവനങ്ങളും വന്‍തോതില്‍ വര്‍ധിപ്പിച്ചത് എല്ലാവര്‍ക്കും ബോധ്യമാണ്. കാന്‍സര്‍ ചികിത്സ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൃദയ ചികില്‍സ എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് എല്ലാ താലൂക്ക് ആശുപത്രികളിലും സൗകര്യപ്പെടുത്തിയിരിക്കുന്നു.  ആവശ്യമുള്ള പ്രധാന മരുന്നുകള്‍ ആലപ്പുഴയിലെ കെഎസ്ഡിപിയില്‍ നിര്‍മിക്കാന്‍ വിപുല പദ്ധതിയുണ്ട്. ഇതോടൊപ്പം ആയുര്‍വേദ, ഹോമിയോ ആദിയായ ചികിത്സാ പദ്ധതികളും വിപുലപ്പെടുത്തുന്നു.

സ്പോര്‍ട്സിനെ ഒഴിവുകാല വിനോദമെന്നതിനുപകരം ജീവിതത്തിലെ അവിഭാജ്യഘടകമായി വികസിപ്പിക്കുന്ന നയമാണ് എല്‍ഡിഎഫിന്. അതിനായി നൂറുകണക്കിനു കോടി രൂപയുടെ പദ്ധതികളാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം നടപ്പാക്കുന്നത്.


എല്ലാവര്‍ക്കും കുടിവെള്ളം, വീട് എന്നിവ ആകാശകുസുമമല്ല കേരളത്തില്‍ ഇന്ന്. ഇവ സാര്‍വത്രികമായി ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ എല്‍ഡിഎഫ് മുന്നോട്ടുവെക്കുന്നു. ഭാഷാ വികസനത്തിനും സാംസ്കാരിക നവോത്ഥാനത്തിനും അതുപോലുള്ള ഹ്രസ്വ - ബൃഹദ് പദ്ധതികള്‍ പ്രകടന പത്രികയില്‍ വിവരിച്ചിട്ടുണ്ട്. വായനശാലകളും ഗ്രന്ഥശാലകളുമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തിന്‍റെ ഗതി തിരിച്ചുവിട്ടത്. അവയ്ക്കു ഇന്നു പ്രധാന പങ്ക് വഹിക്കാനുണ്ട് എന്ന് തിരിച്ചറിഞ്ഞുള്ള പരിപാടി പ്രകടന പത്രികയിലുണ്ട്. നൂറു നൂറു സാംസ്കാരിക പരിപാടികള്‍ അതിലുണ്ട്.

63,000 കോടി രൂപയുടെ പശ്ചാത്തല വികസന പദ്ധതികള്‍ ഇതിനകം എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അവയില്‍ മിക്കതും കിഫ്ബി വഴിയാണ് നടപ്പാക്കുക. ഇതിനകം അവയില്‍ കുറെയെണ്ണം പൂര്‍ത്തിയായി. അതുപോലെ മറ്റുള്ളവയും നടപ്പാക്കും. വിഭവസമാഹരണത്തിനു കൃത്യമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കൊച്ചി - പാലക്കാട് ഇടനാഴി, തിരുവനന്തപുരത്തെ കാപ്പിറ്റല്‍ സിറ്റി പ്രാദേശിക വികസന പദ്ധതി, കൊച്ചി - മംഗലാപുരം വ്യവസായ ഇടനാഴി, സില്‍വര്‍ ലൈന്‍ റെയില്‍വെ മുതലായവ ബൃഹത്പദ്ധതികളാണ്. കൊച്ചി ആഗോളനഗരമായി വികസിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. വൈദ്യുതി ഇടതടവില്ലാതെ 365 ദിവസം 24 മണിക്കൂറും ലഭ്യമാക്കുന്നതിനും അതില്‍ ഏറെ പങ്കും സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നതിനും പദ്ധതികളുണ്ട്. അവയില്‍ ചിലവ നടപ്പാക്കിക്കഴിഞ്ഞു, തെക്കു വടക്ക് ട്രാന്‍സ്ഗ്രിഡ് പദ്ധതിപോലെ ഇടതടവില്ലാത്ത വൈദ്യുതി വിതരണത്തിനും. ഇതുപോലെ തന്നെയാണ് സംസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം അന്താരാഷ്ട്ര നിലവാരം ഉള്ളവയാക്കി മാറ്റുന്നതിനുള്ള പദ്ധതിയും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

ജനങ്ങളെ വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യരക്ഷയിലൂടെയും ആഹാരം, വെള്ളം, വൈദ്യുതി, വീട് മുതലായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയും തങ്ങളുടെ പൗരധര്‍മം നിറവേറ്റാന്‍ പരിശീലിപ്പിച്ചു വരികയാണ്. അങ്ങനെ വരുമ്പോള്‍ അവരെ ഏകോദര സഹോദരങ്ങളെപ്പോലെ മതനിരപേക്ഷവും സ്വാതന്ത്ര്യം - നീതി - സമത്വബോധമുള്ളവരായും വളര്‍ത്തുകയാണ് എല്‍ഡിഎഫിന്‍റെ ലക്ഷ്യം. ലോകത്തിനാകെ മാതൃകയായ ഒരു ജനതയായി കേരളീയര്‍ അതുവഴി മാറും. ബിജെപി ജനങ്ങളെ മതാടിസ്ഥാനത്തിലും കോണ്‍ഗ്രസ് സാമ്പത്തികാടിസ്ഥാനത്തിലും ഉച്ചനീച ബോധമുള്ളവരാക്കി മാറ്റുമ്പോള്‍ എല്‍ഡിഎഫ് അവരെ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന അടിസ്ഥാന സമീപനമുള്ള പൗരരായി മാറ്റുകയാണ്. അതിനു അവശ്യം വേണ്ട പരിപാടിയാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക മുന്നോട്ടുവെക്കുന്നത്. •