വാഗ്ദാനങ്ങളല്ല, നിറവേറ്റലാണ് വേണ്ടത്

ഡോ. ടി എം തോമസ് ഐസക്

പഹാസ്യമായ പ്രകടനപത്രികയിലൂടെ ജനങ്ങളുടെ ഓര്‍മ്മ ശക്തിയെ തീക്കൊള്ളി കൊണ്ട് മാന്തുകയാണ് യുഡിഎഫ്. 600 രൂപ പെന്‍ഷന്‍ 18 മാസമാണ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയത്. അവരാണ് ക്ഷേമപെന്‍ഷന്‍ 3000 ആക്കും എന്ന വ്യാമോഹം വിതറി വോട്ടുപിടിക്കാനിറങ്ങുന്നത്. അര്‍ഹതയുള്ളത് യഥാസമയം വിതരണം ചെയ്യാത്തവരുടെ വ്യാമോഹവില്‍പനയെ കേരളജനത പുച്ഛിച്ചു തള്ളും.

2006ലെ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എന്തായിരുന്നു സ്ഥിതി? അന്ന് 110 രൂപയായിരുന്ന പെന്‍ഷന്‍ രണ്ടര വര്‍ഷം കുടിശ്ശിക വരുത്തിയിട്ടാണ് എ കെ ആന്‍റണി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. ആ കുടിശ്ശിക കൊടുത്തു തീര്‍ത്ത ശേഷമാണ് വിഎസ് സര്‍ക്കാര്‍ ഭരണം തുടങ്ങിയത്. ഞങ്ങള്‍ അത് 500 രൂപയാക്കി ഉയര്‍ത്തി എന്നു മാത്രമല്ല, ആ സര്‍ക്കാരിന്‍റെ കാലത്ത് ഒരു രൂപ പോലും കുടിശ്ശികയുമുണ്ടായിരുന്നില്ല.


പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നു. അവരുടെ ഭരണം അവസാനിച്ചപ്പോള്‍ 600 രൂപ പെന്‍ഷന്‍ 18 മാസം കുടിശ്ശിക. ആ കുടിശ്ശിക കൊടുത്തു തീര്‍ത്തത് ഇപ്പോഴത്തെ സര്‍ക്കാര്‍. ഇതുവരെ ഒരു രൂപയും കുടിശ്ശിക വന്നിട്ടില്ലെന്നു മാത്രമല്ല, പെന്‍ഷന്‍ 600ല്‍ നിന്ന് 1600 രൂപയായി ഉയരുകയും ചെയ്തു.

2006 മുതല്‍ ഇതുവരെയുള്ള കാലമെടുത്താല്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 110ല്‍ നിന്ന് 1600 രൂപയായി. അതില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയത് വെറും 100 രൂപയുടെ വര്‍ദ്ധന. അതു തന്നെ ഒന്നര വര്‍ഷം കുടിശ്ശികയുമാക്കി.

ഇക്കൂട്ടരാണ് പെന്‍ഷന്‍ 3000 ആക്കുമെന്ന വാഗ്ദാനവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. എല്‍ഡിഎഫിന്‍റെ പ്രകടനപത്രികയില്‍ 2500 രൂപ പറഞ്ഞപ്പോള്‍, അതില്‍ നിന്ന് 500 കൂട്ടി ഒരു വാഗ്ദാനം ഫിറ്റു ചെയ്തത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമം. അങ്ങനെ അവരുടെ ഓര്‍മ്മശക്തിയെ പരിഹസിക്കുകയാണ് യുഡിഎഫ്.

പെന്‍ഷന്‍റെ കാര്യത്തില്‍ 500 രൂപ കൂട്ടി വെയ്ക്കാന്‍ വേണ്ടി തങ്ങളുടെ മാനിഫെസ്റ്റോ വെച്ചു താമസിപ്പിക്കുകയാണ് യുഡിഎഫ് ചെയ്തത് എന്ന് ഇപ്പോള്‍ വ്യക്തമായി. ക്ഷേമ ആനുകൂല്യങ്ങളില്‍ എല്‍.ഡി.എഫ്. എന്തു പറയുന്നോ അതിന് മുകളില്‍ പ്രഖ്യാപിക്കുവാനുള്ള അടവായിരുന്നു അത്. അങ്ങനെ ചിലത് കൂട്ടിവച്ചപ്പോള്‍ അവര്‍ ആദ്യം നടത്തിയ പ്രഖ്യാപനങ്ങളില്‍ മാറ്റം വരുത്തുവാന്‍ അവര്‍ വിട്ടുപോയി. അതിന്‍റെ ഫലമായി യു.ഡി.എഫിന്‍റെ ക്ഷേമ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനാവാത്ത പ്രഹസനങ്ങളായി മാറിയിരിക്കുന്നു.
ഇതിനായി 5 വര്‍ഷംകൊണ്ട് 1 ലക്ഷം കോടി രൂപ വേണം.

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ന്യായ് പദ്ധതി പ്രകാരം 6000 രൂപ വീതം മാസം തോറും നല്കും എന്നാണ് പറയുന്നത്. 20 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ ഉണ്ട്. അവര്‍ക്ക് 6000 രൂപ വീതം 5 വര്‍ഷം നല്കുവാന്‍ 72,000 കോടി രൂപ വേണം.
തീര്‍ന്നില്ല, മേല്‍പറഞ്ഞ ന്യായ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ അല്ലാത്ത 40 മുതല്‍ 60 വയസ്സുവരെയുള്ള തൊഴില്‍രഹിതരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ വീതം നല്കും. കേരളത്തിലെ 80 ലക്ഷത്തിറേെവരുന്ന കുടുംബങ്ങള്‍ അതില്‍ 20 ലക്ഷം കുടുംബങ്ങളെ ന്യായ് പദ്ധതിയില്‍ ഉള്ളതുകൊണ്ടും, മറ്റൊരു 20 ലക്ഷം പേരെ അര്‍ഹത ഇല്ലാത്തതിന്‍റെയും പേരില്‍ മാറ്റി നിര്‍ത്താം. എങ്കിലും 40 ലക്ഷം കുടുംബങ്ങള്‍ ഉണ്ടല്ലോ. അതില്‍ ഒരു സ്ത്രീക്കു മാത്രം 2000 രൂപ വച്ച് നല്‍കുവാന്‍ തീരുമാനിച്ചാല്‍ 5 വര്‍ഷത്തേയ്ക്ക് 48,000 കോടി രൂപ വേണം.

വാരിക്കോരി പ്രഖ്യാപിച്ചിട്ടുള്ള മറ്റു ക്ഷേമ ആനുകൂല്യങ്ങളെ ഒന്നും ഈ കണക്കില്‍ പെടുത്തിയിട്ടില്ല. ഈ മൂന്ന് ഇനങ്ങളിലായി മാത്രം 2.2 ലക്ഷം കോടി രൂപ വേണം. ഓരോ വര്‍ഷവും 44,000 കോടി രൂപ. ഇത്രയും തുക എങ്ങനെ കണ്ടെത്തും എന്ന് പ്രതിപക്ഷ നേതാവ് ജനങ്ങളോട് വിശദീകരിക്കണം.

എല്‍ഡിഎഫിന് പ്രകടനപത്രിക പ്രഹസനമല്ല. ചെയ്തു തീര്‍ത്ത കാര്യങ്ങളും ചെയ്യാനുള്ള കാര്യങ്ങളും വിശദീകരിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടുമായിട്ടാണ് ഞങ്ങള്‍ ജനങ്ങളെ സമീപിക്കുന്നത്. 2011ല്‍ നല്‍കിയ എത്ര വാഗ്ദാനങ്ങള്‍ 2016 വരെയുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കി എന്നുകൂടി ജനങ്ങളോട് തുറന്നു പറയാനുള്ള ബാധ്യത യുഡിഎഫിനുണ്ട്.

അത്തരമൊരു താരതമ്യത്തിനുള്ള തന്‍റേടം പ്രതിപക്ഷ നേതാവിനുണ്ടോ എന്നാണ് ഞങ്ങളുടെ വെല്ലുവിളി.

തൊഴിലില്ലായ്മ 
പരിഹരിക്കുന്നതിന് 
ശാസ്ത്രീയ പദ്ധതി

അഭ്യസ്തവിദ്യരായ കേരളത്തിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഏറ്റവും കൃത്യമായ പരിപാടി മുന്നോട്ടു വെയ്ക്കുന്നതാണ് എല്‍ഡിഎഫിന്‍റെ മാനിഫെസ്റ്റോ. എന്നാല്‍ യുഡിഎഫിനാകട്ടെ അത്തരമൊരു പരിപാടിയൊന്നുമില്ല. തട്ടിക്കൂട്ടു പത്രികയില്‍ ശാസ്ത്രീയവീക്ഷണം പരതുന്നത് മണ്ടത്തരമാണ് എന്നറിയാതെയല്ല ഈ താരതമ്യം.

എല്‍ഡിഎഫിന്‍റെ പ്രകടനപത്രികയില്‍ 40 ലക്ഷം പേര്‍ക്ക് 5 വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കാന്‍ കൃത്യമായ പദ്ധതിയുണ്ട്. മൂന്നു രീതിയിലാണ് ഈ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക.

1.    20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുവാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴിലവസരങ്ങള്‍: ഇതിനായുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം തയ്യാറായി കഴിഞ്ഞു. ഇതിന് നേതൃത്വം നല്‍കുവാന്‍ കിഫ്ബി പോലെ മികവുറ്റൊരു സ്ഥാപനമായി കെഡിസ്കിനെ പുനഃസംഘടിപ്പിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്തു തുടങ്ങി. ആദ്യ ബാച്ചിന് ജോലിയും ലഭിച്ചു. 

2. സര്‍ക്കാര്‍ അടക്കം സംഘടിത മേഖലയില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍: യുഡിഎഫിന്‍റെ മാനിഫെസ്റ്റോ പരിശോധിച്ച്  നോക്കൂ. ടൂറിസം, സ്റ്റാര്‍ട്ട് അപ്പുകള്‍, ഐടി എന്നിവ ഒഴിച്ച് മറ്റ് ആധുനിക തൊഴില്‍ മേഖലകളെക്കുറിച്ച്  പരാമര്‍ശം പോലുമില്ല . മറിച്ച് എല്‍ഡിഎഫിന്‍റെ പത്രികയിലോ, വിജ്ഞാന വ്യവസായങ്ങള്‍, നൈപുണി വ്യവസായങ്ങള്‍, സേവന പ്രധാന വ്യവസായങ്ങള്‍, മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍, പൊതുമേഖല എന്നിവയെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മാനിഫെസ്റ്റോ തയാറാക്കുന്നതില്‍ ആവശ്യമായ ഗൃഹപാഠത്തിന്‍റെ വ്യത്യാസം രണ്ടു മാനിഫെസ്റ്റോയും തമ്മില്‍ പ്രകടമാണ്.

3. കുടുംബശ്രീ, ജില്ലാ വ്യവസായ വികസന ഏജന്‍സികള്‍ തുടങ്ങിയവരുടെ ആഭിമുഖ്യത്തില്‍ 15 ലക്ഷം തൊഴിലവസരങ്ങള്‍: കുടംബശ്രീ അടക്കം ഉള്ള വികസന ഏജന്‍സികള്‍ ഉപയോഗപ്പെടുത്തി 15 ലക്ഷം ഉപജീവന തൊഴിലുകള്‍ എങ്ങനെ സൃഷ്ടിക്കും എന്നത് എല്‍ഡിഎഫ് മാനിഫെസ്റ്റോ വിശദീകരിക്കുന്നു. മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 1.8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ 200 ദിവസങ്ങള്‍ കൊണ്ട് സൃഷ്ടിച്ച അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഏതൊരാള്‍ക്കും ഉപജീവന തൊഴിലുകള്‍ സംബന്ധിച്ചുള്ള ഭാഗങ്ങള്‍ താരതമ്യപ്പെടുത്തി നോക്കാം.

തൊഴില്‍ സംബന്ധിച്ച് യുഡിഎഫ് മാനിഫെസ്റ്റോയില്‍ മുഖ്യമായി  പരാമര്‍ശിക്കുന്നത് പി.എസ്.സി നിയമനങ്ങളെക്കുറിച്ചാണ്. പി.എസ്.സി നിയമനം സുതാര്യമാക്കുക, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക, പരമാവധി നിയമനങ്ങള്‍ പി.എസ്.സിക്കു വിടുക തുടങ്ങിയ കാര്യങ്ങളില്‍ രണ്ട് മാനിഫെസ്റ്റോയും തമ്മില്‍ വലിയ അന്തരമില്ല. പക്ഷേ പി.എസ്.സി വഴി 5 വര്‍ഷം കൊണ്ട് 1.5 ലക്ഷത്തില്‍പ്പരം ജോലികള്‍ സൃഷ്ടിക്കുവാനേ കഴിയൂ. എന്നാല്‍ കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ അതുമാത്രം പോരല്ലോ. അവിടെയാണ് എല്‍ഡിഎഫിന്‍റെ മാനിഫെസ്റ്റോ പ്രസക്തമാകുന്നത്. 

ചുരുക്കത്തില്‍ കേരളത്തിലെ ഏറ്റവും നീറുന്ന പ്രശ്നമായ തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ യു.ഡി.എഫിന് വ്യക്തമായ ഒരു പദ്ധതിയുമില്ല.•