ഉറപ്പാണ് എല്‍ഡിഎഫ്

നിയമസഭാ തിരഞ്ഞെടുപ്പ് ഇങ്ങടുത്തപ്പോള്‍ മാധ്യമ സര്‍വെകള്‍ മൊത്തത്തില്‍ പ്രവചിക്കുന്നത് 1977നുശേഷം ഇതാദ്യമായി ഭരണത്തുടര്‍ച്ച കേരളത്തില്‍ ഉണ്ടാകുമെന്നാണ്. മാതൃഭൂമി, മലയാള മനോരമ, മീഡിയ വണ്‍ മുതലായ ഈയിടെ അഭിപ്രായസര്‍വെ നടത്തിയ യുഡിഎഫ് പ്രചാരകരായ മാധ്യമങ്ങള്‍ക്കുവരെ അങ്ങനെ പറയേണ്ടിവന്നിരിക്കുന്നു. ഇതു കേട്ടും വായിച്ചും യുഡിഎഫ് പ്രവര്‍ത്തകര്‍ നിരാശരാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇതുമൂലം പ്രവര്‍ത്തനം അമാന്തത്തില്‍ ആക്കിക്കൂട. അവസാന ദിവസങ്ങളിലാണ് യുഡിഎഫും എന്‍ഡിഎയും അവയുടെ പ്രചരണോപാധികള്‍ ഊര്‍ജസ്വലമാക്കുക. അതിനാല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജാഗ്രത കൈവിടരുത്. ജനങ്ങളുടെ ചിന്താഗതി വെളിപ്പെടുത്തുന്നു ഈ അഭിപ്രായ സര്‍വെകള്‍. അവയുടെ നിഗമനം ഏപ്രില്‍ 6 വരെ ഈ ദിശയില്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.

140 മണ്ഡലങ്ങളില്‍ നൂറിലേറെ എണ്ണത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കാവുന്ന സാധ്യതയുണ്ട്. അത് സാക്ഷാത്കരിക്കാനാകണം എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമം. വോട്ടര്‍മാര്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തിലും ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്നവയെ മുന്‍നിര്‍ത്തിയുമാണ് എല്‍ഡിഎഫിനു പിന്തുണ നല്‍കുന്നത്. അതുറപ്പിക്കാന്‍ കഴിയുന്നവിധം പ്രകടന പത്രിക വിശദീകരിച്ച് യുഡിഎഫും ബിജെപി നേതാക്കളും ചില മാധ്യമങ്ങളും നടത്തുന്ന പച്ചക്കള്ളപ്രചാരണം തുറന്നുകാട്ടിയും ജനങ്ങളെ കൂടെ ഉറപ്പിച്ചു നിര്‍ത്തേണ്ടതുണ്ട്.

മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് അപവാദപ്രചാരണം ആ നേതാക്കള്‍ ആരംഭിച്ചിട്ട് ഒമ്പതുമാസമായി. ഇതേവരെ അതിനെ സ്ഥിരീകരിക്കുന്ന ഒരു തെളിവു പോലും അവര്‍ക്ക് മുന്നോട്ടുവെക്കാനായിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ കസ്റ്റംസ്, ഇഡി ഏജന്‍സികളെ ഇതിനായി ദുരുപയോഗം ചെയ്യുകയാണ്. തങ്ങളുടെ അധീനത്തിലുള്ള സ്വര്‍ണകള്ളക്കടത്തു കേസ് പ്രതികളെ ആരോപണം ഉന്നയിക്കാനും പ്രചരിപ്പിക്കാനും ഉപാധികളാക്കുകയാണ് ബിജെപിയും യുഡിഎഫും. പക്ഷേ, അതൊക്കെ ഉടനുടന്‍ തുറന്നുകാട്ടപ്പെടുന്നുമുണ്ട്. മുഖ്യമന്ത്രിയെയോ സ്പീക്കറെയോ ചില മന്ത്രിമാരെയോ ഉദ്യോഗസ്ഥരെയോ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നീക്കമെല്ലാം ഇതേവരെ അപ്പാടെ പരാജയപ്പെട്ടു. ഇല്ലാക്കഥകളാണ് അവ ഇപ്പോഴും പ്രചരിപ്പിക്കുന്നത്. 

തങ്ങളെ സമ്മര്‍ദ്ദം ചെലുത്തി എടുത്ത മൊഴികളാണ് ഇ.ഡി. പ്രചരിപ്പിക്കുന്നത് എന്ന് സ്വപ്ന സുരേഷ് തന്നെ കൊണ്ടു നടക്കുന്ന പൊലീസുകാരോടും സന്ദീപ് നായര്‍ കോടതിക്കെഴുതിയ കത്തിലും വെളിപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ പേരില്‍ കേരള പൊലീസ് ഇഡിക്കെതിരെ എടുത്ത കേസ് കയ്യോടെ തള്ളിക്കളയാന്‍ ഹൈക്കോടതി വിസമ്മതിച്ചിരിക്കുന്നു. വാദം കേട്ടശേഷം തീരുമാനിക്കാമെന്നാണ് കോടതി പറഞ്ഞത്. തിരഞ്ഞെടുപ്പിനുമുമ്പ് പത്തു വോട്ടുകിട്ടാന്‍ പ്രയോഗിക്കാവുന്ന പ്രചാരണത്തിന് കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദംമൂലം ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാണ്. ഇന്ന് രാജ്യത്തെ നിയമവാഴ്ച ഏതു ദിശയിലാണ് മോഡി സര്‍ക്കാരിനുകീഴില്‍ പോകുന്നത് എന്നു വ്യക്തമാക്കുന്നു ഈ സംഭവം.

യുഡിഎഫിനെയും ബിജെപിയെയും സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. യുഡിഎഫിനു ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ അതിലെ പാര്‍ടികള്‍ വലിയ തകര്‍ച്ചയെ നേരിടും. വിശേഷിച്ച് കോണ്‍ഗ്രസ്. സ്ഥാനാര്‍ഥി നിര്‍ണയത്തോടെ അതില്‍നിന്ന് നേതൃചര്‍ച്ച ആരംഭിച്ചിരിക്കുന്നു. അണികളും ചോര്‍ന്നുകൊണ്ടിരിക്കുന്നു. ആ പാര്‍ടി ഫലത്തില്‍ എ, ഐ പാര്‍ടികളായി ഭിന്നിച്ചിരിക്കുന്നു എന്നാണ് കോണ്‍ഗ്രസില്‍നിന്ന് ഈയിടെ രാജിവെച്ച പി സി ചാക്കോ മുതല്‍ സുരേഷ് ബാബു വരെയുള്ള നേതാക്കള്‍ പറയുന്നത്. പാണക്കാട് പടിപ്പുരയില്‍വെച്ചുള്ള തീരുമാനമായിരുന്നു മുസ്ലീംലീഗിനു അന്തിമതീരുമാനം ഇതേവരെ. ഇപ്പോള്‍ ആ തീരുമാനത്തെ പല ലീഗ് പ്രവര്‍ത്തകരും നേതാക്കളും ചോദ്യം ചെയ്യുന്ന സ്ഥിതി ഉണ്ടായിരിക്കുന്നു. ഇതുമൂലം യുഡിഎഫിനുള്ള പിന്തുണ തന്നെ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടായി. മാണി കേരള കോണ്‍ഗ്രസ്സിനെ പുകച്ചു പുറത്തുചാടിച്ചത് കോണ്‍ഗ്രസ്സിലെ കോട്ടയം കേന്ദ്രീകരിച്ചുള്ള നേതാക്കളാണെന്ന ആക്ഷേപമുണ്ട്. ജോസഫ് വിഭാഗം യുഡിഎഫിലുണ്ടെങ്കിലും, ജോസ് കെ മാണി വിഭാഗത്തിന്‍റെ പോക്ക് യുഡിഎഫിനു കനത്ത പ്രഹരമായി എന്നു തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കി. അത് എല്‍ഡിഎഫിനെ അത്രമേല്‍ ശക്തിപ്പെടുത്തുകയും ചെയ്തു.

ബിജെപിക്ക് കേരളത്തില്‍ വേരോട്ടം ഉണ്ടാകണമെങ്കില്‍ ജനങ്ങള്‍ മതാടിസ്ഥാനത്തില്‍ വിഘടിച്ചു നില്‍ക്കണം. എന്നാല്‍, നൂറുകണക്കിനു വര്‍ഷങ്ങളായി ഹിന്ദു - ക്രിസ്ത്യന്‍ - മുസ്ലീം വിഭാഗങ്ങള്‍ ഇവിടെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയുമാണ് ജീവിച്ചുവരുന്നത്. അതിനെ തകര്‍ക്കാനുള്ള നീക്കം ഇതേവരെ വലിയ ഫലം ഉണ്ടാക്കിയിട്ടില്ല. സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തിന്‍റെ സാന്നിധ്യം 50 വര്‍ഷം മുമ്പ് തലശ്ശേരിയിലും 20 വര്‍ഷം മുമ്പ് മാറാട്ടടക്കം കോഴിക്കോട് - മലപ്പുറം മേഖലകളിലും ആര്‍എസ്എസും മുസ്ലീം തീവ്രവാദികളും നടത്തിയ നീക്കത്തെ പരാജയപ്പെടുത്തി. മാത്രമല്ല, ബിജെപിയില്‍ ആകെ പടലപ്പിണക്കമാണ്. കോണ്‍ഗ്രസ്സില്‍ ഉള്ളതിലും രൂക്ഷമാണ് ബിജെപിയിലെ ഗ്രൂപ്പ് പോര്. മോഡിയും അമിത്ഷായും പണിപ്പെട്ടിട്ടും അത് പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. 

യുഡിഎഫിന്‍റെയും എന്‍ഡിഎയുടെയും ദുര്‍ബലാവസ്ഥയും നിസ്സഹായതയും വെളിവാക്കുന്നതാണ് അവ എല്‍ഡിഎഫിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍. നിഷ്കാമകര്‍മികളെപ്പോലെ രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും ദിവസേന എല്‍ഡിഎഫ് സര്‍ക്കാരിനും നേതൃത്വത്തിനും എതിരെ ആരോപണശരങ്ങള്‍ എയ്യുന്നുണ്ട്. പക്ഷേ, എല്ലാം ദുര്‍ബലം. ഏറ്റവും ഒടുവില്‍ വോട്ട് ഇരട്ടിപ്പാണ് വിഷയം. ഇവയില്‍ പലതും വോട്ടര്‍മാര്‍ താമസം മാറ്റുന്നതുമൂലം ഉണ്ടാകുന്നതാണ്. വോട്ടറുടെ താമസസ്ഥലം മാറ്റുന്നതിനുപകരം പുതിയ വോട്ട് ചേര്‍ക്കലാണ് നടക്കുന്നത്. അതില്‍ വോട്ടറുടെയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുടെയും വീഴ്ചയുണ്ട്. വോട്ടറാണെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ്വെച്ച് നോക്കിയാല്‍ വിലാസംവെച്ച് എവിടെയാണ് ഇപ്പോള്‍ വോട്ട് എന്നു കണ്ടെത്താനാകും. അത് പുതിയ വിലാസത്തിലേക്ക് മാറ്റിയാല്‍ മതി. അങ്ങനെ ചെയ്യാത്തതുമൂലം പല ഇരട്ടിപ്പുകളും ഇത്തരത്തില്‍ ഉണ്ടാകുന്നു. വോട്ടര്‍മാരെ ഓണ്‍ലൈനായാണ് ഇപ്പോള്‍ ചേര്‍ക്കുന്നത്. അതിന്‍റെ സോഫ്ട്വെയറിന്‍റെ തകരാറുമൂലവും ഇരട്ടിപ്പുണ്ടാകുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ഓരോരുത്തര്‍ക്കും ഓരോ തിരിച്ചറിയല്‍ കാര്‍ഡാണുള്ളത് എന്നതിനാല്‍ ഒരാള്‍ക്ക് ഒന്നിലേറെ വോട്ട് ചെയ്യാന്‍ സാധാരണഗതിയില്‍ കഴിയില്ല. അതിനെ മഹാപ്രശ്നമായി ഉന്നയിക്കുന്നത് ചെന്നിത്തലയുടെയും മറ്റും വിഷയദാരിദ്ര്യം കൊണ്ടാണ്.

സോളാര്‍ കേസിലെ പ്രതി തന്നെ മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പല രാഷ്ട്രീയ നേതാക്കളും തന്നോട് അപമര്യാദയോടെ പെരുമാറി എന്നും മറ്റുമുള്ള ആരോപണം ഉന്നയിച്ച് സിബിഐക്ക് കേസ് കൊടുത്തിരുന്നു. അത് സിബിഐ അന്വേഷിക്കാന്‍ തുടങ്ങിയെന്ന വാര്‍ത്ത യുഡിഎഫില്‍ വലിയ വിഷമം സൃഷ്ടിക്കുന്നു. വി കെ ഇബ്രാഹിംകുഞ്ഞ്, കെ എം ഷാജി, എം സി കമറുദ്ദീന്‍ (മഞ്ചേശ്വരം എംഎല്‍എ) എന്നിവരുടെ പേരിലുള്ള അഴിമതി ആരോപണങ്ങള്‍ മുസ്ലീംലീഗിനു മാത്രമല്ല, യുഡിഎഫിനാകെ ജനസമ്മതി കുറയാന്‍ ഇടയാക്കി. കള്ളപ്രചാരണങ്ങളിലൂടെ ഇത് നികത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതാക്കള്‍.
ദേവികുളം, ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ പൂര്‍ണമായ വിവരമോ രേഖകളോ ഇല്ലാത്തതിനാല്‍ തള്ളപ്പെട്ടു. വരണാധികാരിയുടെ തീരുമാനത്തിനെതിരെ സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍ പരാതിപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചു കഴിഞ്ഞാല്‍ കോടതി ഇടപെടരുത് എന്ന നിയമവ്യവസ്ഥ ഉള്ളതിനാല്‍ പരാതി തള്ളപ്പെട്ടു. ഈ മണ്ഡലങ്ങളില്‍ കാര്യമായ എന്‍ഡിഎ സാന്നിധ്യമുണ്ട്. അത് യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രയോജനപ്പെടുത്താന്‍ ബോധപൂര്‍വം നടത്തപ്പെട്ട നാടകമാണ് നാമനിര്‍ദ്ദേശ പത്രികയിലെ കുറവുകള്‍ എന്ന് പരക്കെ സംശയിക്കപ്പെടുന്നു. യുഡിഎഫും എന്‍ഡിഎയും തമ്മില്‍ - അതില്‍ വിശേഷിച്ച് കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ - വോട്ടു കച്ചവടമുണ്ട് എന്ന് 30 വര്‍ഷം മുമ്പു വടകരയും ബേപ്പൂരും നടന്ന കോലീബി സഖ്യം സ്ഥിരീകരിച്ചതാണ്. അതിന്‍റെ ആവര്‍ത്തനമാകാം ഇപ്പോള്‍ ഈ മൂന്നു മണ്ഡലങ്ങളില്‍ കൊടിയേറിയത്.

അതു വെളിവാക്കുന്നത് യാഥാസ്ഥിതിക രാഷ്ട്രീയശക്തികളില്‍ നിലനില്‍ക്കുന്ന കഠിനമായ ഇടതുപക്ഷ വിരോധമാണ്. എന്നാല്‍, ജനങ്ങള്‍ മൊത്തത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്നതിനാല്‍ ഇത്തരം ഓലപ്പാമ്പുകളൊന്നും തിരഞ്ഞെടുപ്പുഫലത്തെ കാര്യമായി സ്വാധീനിക്കാന്‍ പോകുന്നില്ല. ഉറപ്പാണ് എല്‍ഡിഎഫ്. •