ഇവര്‍ പറയുന്നു

തിരഞ്ഞെടുപ്പ് കാമ്പെയ്ന്‍

പിണറായി പൂര്‍ത്തിയാക്കുന്ന അഞ്ച് വര്‍ഷം 
ഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് പടികളിറങ്ങുകയാണ്. മറ്റൊരു തിരഞ്ഞെടുപ്പിന്‍റെ പ്രഖ്യാപനവും വന്നുകഴിഞ്ഞു. പിന്നിടുന്ന അഞ്ചു വര്‍ഷത്തിന്‍റെ കണക്കെടുക്കുമ്പോള്‍ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെ വിലയിരുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ആദ്യം കാണാന്‍ കഴിയുന്നത് കേരളത്തിന്‍റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഗവണ്‍മെന്‍റ് എന്നാണ്. റോഡുകള്‍, മേല്‍പ്പാലങ്ങള്‍, ആധുനിക സൗകര്യങ്ങളോടുകൂടിയ സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഇങ്ങനെ പോകുന്നു പ്രത്യക്ഷത്തില്‍ വികസനം കൊണ്ടുവന്ന മാറ്റങ്ങള്‍. ഇവിടെയൊന്നും അഴിമതിയുടെ കഥകള്‍ കേട്ടില്ല എന്നത് എടുത്തു പറയേണ്ട മറ്റൊരു കാര്യം. 
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സംഭവിച്ച മാറ്റങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളുടെ പരാധീനതകളെ ഇല്ലായ്മചെയ്ത് ആധുനികമായ സൗകര്യങ്ങള്‍ ഒരുക്കിയെ ടുത്ത്, സാധാരണക്കാരന് അപ്രാപ്യമെന്നു കരുതിയിരുന്ന ചികിത്സാലോകത്തേയ്ക്കാണ് ഗവണ്‍മെന്‍റ് കൂട്ടിക്കൊണ്ടുപോയത്. വിദ്യാഭ്യാസമേഖലയില്‍ പൊതു വിദ്യാഭ്യാസത്തിനു നല്‍കിയ പ്രാധാന്യം എടുത്തു പറയേണ്ടതാണ്. പിന്നോക്കം കിടന്ന സര്‍ക്കാര്‍ സ്കൂളുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കിയും ആധുനികമായ പഠനസമ്പ്രദായങ്ങള്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കിയും മികച്ച കെട്ടിടങ്ങളും ക്ലാസ്സ് മുറികളും ഒരുക്കിയുമൊക്കെയാണ് ഈ ലക്ഷ്യം കണ്ടത്. 
നിപ, ഇപ്പോള്‍ കൊവിഡ് - രണ്ട് മഹാമാരികളേയും നേരിടുകയും നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇടതു സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ലോകമാകെ അംഗീകരിച്ചതും പ്രശംസ പിടിച്ചുപറ്റി യതുമാണ്. കഠിനമായ പ്രകൃതിക്ഷോഭത്തില്‍ നമ്മുടെ സാമ്പത്തികസ്ഥിതിയെത്തന്നെ പിടിച്ചുകുലുക്കിയ രണ്ട് മണ്‍സൂണ്‍കാലത്തെ പ്രളയവും തീരദേശത്ത് കണ്ണീര്‍ പടര്‍ത്തിയ ഓഖിയും പിണറായി സര്‍ക്കാര്‍ നേരിട്ടത് എത്ര അവധാനതയോടെയായിരുന്നു. അഴിമതി കുറയ്ക്കാനും പൊതുസമൂഹത്തിന്‍റെ ജീവിത സാഹചര്യങ്ങളെ ഉയര്‍ത്താനും സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ എടുത്തു പറയേണ്ടതാണ്. 
(സമകാലിക മലയാളം വാരിക 2021 മാര്‍ച്ച് 8ന്‍റെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ നിന്ന്)