പരാജയം സമ്മതിച്ച് യുഡിഎഫും ബിജെപിയും

തിരഞ്ഞെടുപ്പു പ്രചരണത്തിനു ഇനി രണ്ടാഴ്ചയെ ഉള്ളൂ. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാല്‍, യുഡിഎഫ് - എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ പലരും മുന്നണിയിലെയോ സ്വന്തം പാര്‍ടിയിലെയോ കലഹങ്ങള്‍മൂലം ഇപ്പോഴും സ്തംഭിച്ചു നില്‍ക്കുകയാണ്. അത്ര രൂക്ഷമാണ് ആ മുന്നണികളിലെ കലഹവും കോണ്‍ഗ്രസ്, ബിജെപി കക്ഷികളിലെ ആഭ്യന്തര പ്രശ്നങ്ങളും. മാത്രമല്ല, ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഗൗരവമായി കാണുന്ന പ്രശ്നത്തെ അവഗണിച്ച് തങ്ങള്‍ക്ക് താല്‍പര്യമുള്ള പ്രശ്നങ്ങളില്‍ കേന്ദ്രീകരിച്ചാണ് യുഡിഎഫും എന്‍ഡിഎയും പ്രചാരണം നടത്തുന്നത്.

ജനങ്ങള്‍ക്കു മുന്നിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ എന്തെല്ലാമാണ് ഈ തിരഞ്ഞെടുപ്പില്‍? ഒന്ന്, എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടപ്പാക്കിയ ക്ഷേമ - ആശ്വാസ - വികസന പ്രവര്‍ത്തനങ്ങള്‍. സമാനതകള്‍ ഇല്ലാത്തവയാണ് അവ. ക്ഷേമ - സാമൂഹ്യപെന്‍ഷന്‍ 1600 രൂപ വീതം 60.5 ലക്ഷം പേര്‍ക്കാണ് ഏപ്രിലില്‍ വിതരണം ചെയ്യുക. ഇപ്പോള്‍ അത് 1500 രൂപയാണ്. ഏതാണ്ട് മൂന്നുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയില്‍ വീട് നല്‍കി. കോവിഡ് ബാധിച്ചവര്‍ക്കെല്ലാം സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കിവരുന്നു. കേന്ദ്രമോ മറ്റ് സംസ്ഥാനങ്ങളോ നടപ്പാക്കാത്ത നിരവധി കാര്യങ്ങള്‍, സ്കൂള്‍ - ആശുപത്രി കെട്ടിടങ്ങള്‍, റോഡ്, പാലം മുതലായവ അന്താരാഷ്ട്ര നിലവാരത്തില്‍ പണിതതും പണിതുകൊണ്ടിരിക്കുന്നതും. ഇങ്ങനെ നിരവധി കാര്യങ്ങള്‍.

ഈ പദ്ധതികളെയൊക്കെ തടസ്സവാദങ്ങള്‍ ഉന്നയിച്ച് തടയാനാണ് പ്രതിപക്ഷ നേതാവിന്‍റെ മുന്‍കയ്യില്‍ യുഡിഎഫ് ശ്രമിച്ചത്. ബിജെപിയും അങ്ങനെതന്നെ. ഒറ്റ പദ്ധതിയോടും ആശ്വാസ പ്രവര്‍ത്തനത്തോടും അവയൊന്നും സഹകരിച്ചില്ല. അതേസമയം മോഡി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ എണ്ണ - പാചക വാതക വിലകള്‍ കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു, ലോകമാകെ എണ്ണ വില കുറഞ്ഞ വേളകളിലും. കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ എട്ടുലക്ഷത്തോളം ഒഴിവുകളാണ് വര്‍ഷങ്ങളായി നികത്തപ്പെടാത്തത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തിനിടയില്‍ 1.6 ലക്ഷം നിയമനങ്ങള്‍ പിഎസ്സി വഴി നടത്തിയപ്പോഴാണിത്. അവശ്യ സാധന വില വര്‍ധന മൂലവും വ്യാപകമായ തൊഴിലില്ലായ്മ മൂലവും രാജ്യത്താകെ ജനങ്ങള്‍ പൊറുതിമുട്ടുന്നു. തൊഴിലാളികളും കര്‍ഷകരും കേന്ദ്ര സര്‍ക്കാരിന്‍റെ ശത്രുതാപരമായ നടപടികള്‍മൂലം ഇത്രമാത്രം പ്രയാസപ്പെടുന്ന കാലം ഉണ്ടായിട്ടില്ല. ശക്തമായ സമരമാണ് അവ നടത്തുന്നത്. ആ വേളയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനെല്ലാം കടകവിരുദ്ധമായി ക്ഷേമ - ആശ്വാസ - വികസന നടപടികള്‍ കൈക്കൊള്ളുന്നത്. മോഡി സര്‍ക്കാരിന്‍റെ ക്ഷേമ - ആശ്വാസ - വികസന പരിപാടി അംബാനി - അദാനി മുതലായ കോര്‍പറേറ്റുകള്‍ക്കു മാത്രം.

സംസ്ഥാന സര്‍ക്കാരിനെക്കുറിച്ച് യുഡിഎഫും എന്‍ഡിഎയും ഉന്നയിക്കുന്നത് തെളിവ് ഇല്ലാത്ത അഴിമതി ആരോപണങ്ങള്‍ മാത്രം. അതിനായി കസ്റ്റംസ്, ഇഡി എന്നീ കേന്ദ്ര ഏജന്‍സികളെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. എല്‍ഡിഎഫ് ബിജെപിയുമായി കൂട്ടുചേര്‍ന്നിരിക്കുന്നു എന്നാണ് യുഡിഎഫ് ആരോപണം. യുഡിഎഫും എല്‍ഡിഎഫും ഒറ്റക്കെട്ടാണെന്ന് ബിജെപി ആരോപിക്കുന്നു. ഈ ആരോപണങ്ങള്‍ രണ്ടും യഥാര്‍ഥത്തില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ പ്രയോഗത്തിലുള്ള കൂട്ടുകെട്ടിന്‍റെ കാര്യം ജനങ്ങളില്‍നിന്നു മറച്ചുവെയ്ക്കാനാണ്. അത് ഏപ്രില്‍ 6ന്‍റെ വോട്ടെടുപ്പില്‍ ജനങ്ങള്‍ തുറന്നുകാണിക്കും. 1980കള്‍ മുതല്‍ അവിടവിടെയായി പ്രയോഗത്തിലിരുന്നതാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള സഹകരണം. 1991ല്‍ അത് പരസ്യമായ കോ ലീ ബി സഖ്യമായി പുറത്തുവന്നു. കെ ജി മാരാരുടെ ജീവചരിത്രത്തിലും കെ രാമന്‍പിള്ളയുടെ ആത്മകഥകയിലും വിവരിച്ചതും ഇപ്പോള്‍ ഒ രാജഗോപാല്‍ ആവര്‍ത്തിച്ചതും കമ്യൂണിസ്റ്റ് വിരുദ്ധമായ കോ ലീ ബി സഖ്യത്തെക്കുറിച്ചാണ്. കോണ്‍ഗ്രസിനെയും ലീഗിനെയും ബിജെപി വോട്ട് നല്‍കി സഹായിച്ചപ്പോഴും ഫലപ്രദമായി തിരികെ അത് ചെയ്തിരുന്നില്ല എന്ന പരാതി കെ ജി മാരാര്‍ അന്നേ പറഞ്ഞിരുന്നു. 2016ല്‍ നേമത്ത് രാജഗോപാലനെ വിജയിപ്പിച്ചുകൊണ്ടാണ് യുഡിഎഫ് അതു പരിഹരിച്ചത്. അത് കഴിഞ്ഞ ഡിസംബറിലെ തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ പലേടങ്ങളിലും ആവര്‍ത്തിക്കപ്പെട്ടു. അതു കാണിക്കുന്നത് കേരളത്തില്‍ കോ ലി ബി സഖ്യം വ്യാപകമായല്ലെങ്കിലും പ്രയോഗത്തിലുണ്ട് എന്നു തന്നെയാണ്. ഈ അടിസ്ഥാനത്തിലാണ് ശോഭാ സുരേന്ദ്രന്‍ മുസ്ലീംലീഗുമായി കൂട്ടുകെട്ടിനു ബിജെപി തയ്യാറാണെന്നു പ്രസ്താവിച്ചത് എന്നു വേണം കരുതാന്‍. അവരുടെയെല്ലാം ഇടതുപക്ഷ വിരോധത്തിന്‍റെ സാക്ഷ്യപത്രമാണ് ആ പ്രസ്താവന.

ഈ വസ്തുത മൂടിവെക്കാനും ബിജെപി വിരുദ്ധത പ്രചരിപ്പിച്ച് ന്യൂനപക്ഷ - മതനിരപേക്ഷ വോട്ടുകള്‍ നേടിയെടുക്കാനുംവേണ്ടിയാണ് തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ നേമത്ത് 'ശക്തനായ' സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. കഴിഞ്ഞ തവണ നേമത്ത് യുഡിഎഫിനുണ്ടായ പരാജയം തടയണം എന്ന് കോണ്‍ഗ്രസിനു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍, അവിടെ നിര്‍ത്തേണ്ട സ്ഥാനാര്‍ഥിയെക്കുറിച്ച് നേതൃത്വം നേരത്തെ തന്നെ ആലോചിക്കേണ്ടതായിരുന്നു. അതൊരു പ്രശ്നമായി മാധ്യമങ്ങളിലും മറ്റും ഉയര്‍ന്നപ്പോഴാണ് സംസ്ഥാനത്താകെ മതനിരപേക്ഷ പരിവേഷം ഉണ്ടാക്കാനായി "ശക്തനായ" സ്ഥാനാര്‍ഥിയെ അവിടെ നിര്‍ത്താന്‍ തീരുമാനിച്ചത്. വീണ്ടുവിചാരത്തില്‍ ഉണ്ടായ നിലപാടല്ല അതെങ്കില്‍, ചില ഗൃഹപാഠങ്ങള്‍ അക്കാര്യത്തില്‍ നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മത്സരിക്കാന്‍ തയ്യാറാകാത്തതില്‍നിന്നും 'സുരക്ഷിത' സ്ഥാനാര്‍ഥിയായ കെ മുരളീധരനെ അവിടെ നിയോഗിച്ചതില്‍നിന്നും മറ്റ് നിയോജകമണ്ഡലങ്ങളിലെ പ്രചാരണത്തിന് ഉപയോഗിക്കാനുള്ള ആയുധം മാത്രമാണ് നേമത്തെ മത്സരം എന്നു വ്യക്തം.

അതുപോലെ തന്നെ വീണേടത്തു കിടന്നുള്ള ഉരുളല്‍ ആണ് ധര്‍മടത്തെ സ്ഥാനാര്‍ഥി പ്രശ്നം. മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടെ മത്സരിക്കും എന്ന് യുഡിഎഫിനു അറിയാത്തതല്ലല്ലോ. 'ശക്തനായ' പ്രതിയോഗിയെ നിയോഗിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍, മുന്‍കൂട്ടി ഗൃഹപാഠം ചെയ്യേണ്ടതായിരുന്നില്ലേ? ആ മണ്ഡലത്തിലെ വോട്ടിങ് പ്രവണത അറിയാമായിരുന്നതുകൊണ്ടായിരിക്കാം, അതേക്കുറിച്ച് കെപിസിസി മുന്‍കൂട്ടി തീരുമാനമൊന്നും കൈക്കൊള്ളാതിരുന്നത്. ഇപ്പോള്‍ പതിനൊന്നാം മണിക്കൂറില്‍ മറ്റൊരു 'ശക്തനായ' കെ സുധാകരന്‍ എംപിയെ നിയോഗിക്കാന്‍ ശ്രമിക്കുന്നു; സുധാകരന്‍ വൈമനസ്യം അറിയിക്കുന്നു.

ആകെക്കൂടി നോക്കുമ്പോള്‍, യുഡിഎഫ് ആയാലും ബിജെപിയായാലും കേരളത്തിലെ വോട്ടെടുപ്പു ഫലം എന്തായിരിക്കുമെന്ന് മുന്‍കൂട്ടി വിലയിരുത്തിയിട്ടുണ്ട് എന്നുവേണം കരുതാന്‍. അഖിലേന്ത്യാതലത്തില്‍ ശക്തരായ എതിരാളികളായി അവകാശപ്പെടുന്ന ആ രണ്ടു പാര്‍ടികളും കോര്‍പറേറ്റ് മൂലധനശക്തികളുടെ ആരാധകരും പ്രബലപോരാളികളുമാണ്. അതുകൊണ്ടാണ് അവ യഥാര്‍ഥത്തില്‍ എല്‍ഡിഎഫിനെതിരെ കൈകോര്‍ക്കുന്നത്. ശുദ്ധാത്മാക്കളായ വോട്ടര്‍മാരെ കബളിപ്പിക്കാനായി അവരുടെ മുന്നില്‍ പ്രബല വൈരികളായി അഭിനയിക്കുന്നു. ഇതൊക്കെ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ വേണ്ട രാഷ്ട്രീയ പ്രബുദ്ധത കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ട്.•