ബഹുജന പ്രക്ഷോഭത്തിന്റെ ബോധനപരമായ പങ്ക്
പ്രഭാത് പട്നായക്
വിഭാഗീയമല്ലാത്ത ഒരു ബഹുജന പ്രക്ഷോഭത്തിലെ പങ്കാളിത്തം, അതായത്, ഒരു വിഭാഗം മറ്റെതെങ്കിലും വിഭാഗം ജനങ്ങള്ക്കെതിരെയല്ലാതെ ജീവിതത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നടത്തുന്ന പോരാട്ടം (തീര്‍ച്ചയായും അതൊരു ക്ലാസിക്കലായ ഉദാഹരണമാണ്) ജനാധിപത്യത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങള്‍ പറഞ്ഞുതരുന്ന മഹത്തായ അധ്യാപനമാണ്. അതുകൊണ്ടാണ് അത്തരത്തിലൊരു ബഹുജന പ്രക്ഷോഭത്തിന് എത്തിച്ചേരാന്‍ പറ്റുന്ന ഏറ്റവും ഉന്നത രൂപമായ രാഷ്ട്രീയ വിപ്ലവങ്ങള്‍ ബൃഹത്തായ സാമൂഹിക കോളിളക്കങ്ങള്ക്കുള്ള അവസരമാകുന്നത്; അതായത് ജനങ്ങളുടെ പരസ്പരമുള്ള കാഴ്ചപ്പാടുകള്‍ വിപ്ലവത്കരിക്കപ്പെടുന്ന തരത്തിലുള്ള കോളിളക്കങ്ങള്‍. വാസ്തവത്തില്‍, വിപ്ലവത്തിന്റെ വിജയത്തിനനിവാര്യമായ സാഹചര്യങ്ങളെ ഇതുള്ക്കൊള്ളുകയും വിപ്ലവത്തില്‍ പങ്കെടുക്കുന്ന പ്രക്രിയയിലെ മൗലികമായ ഈ വസ്തുത ജനങ്ങള്‍ പഠിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലൊരു ബഹുജന പ്രക്ഷോഭത്തിലെ പങ്കാളിത്തത്തിന്റെ ബോധനപരമായ പങ്ക് മൂടിവയ്ക്കപ്പെടേണ്ടതില്ല; അതിന്റെ പ്രാധാന്യം അളവറ്റതാണ്; പലപ്പോഴും അത് അംഗീകരിക്കപ്പെടാറുമില്ല. കൊളോണിയല്‍ വിരുദ്ധസമരമാണ് അതിന്റെ പ്രകടമായ ഒരുദാഹരണം. ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് തങ്ങള്‍ ജാതിയെയും ലിംഗപരമായ മുന്‍വിധികളെയും സ്വയം മറികടക്കുന്നുവെന്ന് പെട്ടെന്നു തോന്നുകയും അവരില്‍ സോഷ്യലിസ്റ്റ് അഥവാ കമ്യൂണിസ്റ്റ് കാഴ്ചപ്പാടുകള്‍ ആര്ജിക്കുകപോലും ചെയ്ത ആ യാഥാര്‍ഥ്യം, കൊളോണിയല്‍ വിരുദ്ധ സമരത്തിലെ അവരുടെ പങ്കാളിത്തത്തിന്റെ ഫലമായിരുന്നു. ശരിയാണ്, ഇന്ത്യയിലെ ഈ സമരത്തിന്റെ വ്യാപ്തി ഏറെക്കുറെ തടഞ്ഞുനിര്ത്തപ്പെട്ടിട്ടുണ്ടാകാം; എന്നാല്‍ അന്ന് ആ കൊളോണിയല്‍ വിരുദ്ധ സമരം ഉണ്ടായിരുന്നില്ലായെങ്കില്‍ എല്ലാ പൗരര്‍ക്കും തുല്യത ഉറപ്പാക്കുന്ന, എല്ലാവര്ക്കും വേണ്ടി ജനാധിപത്യപരമായ സ്ഥാപനങ്ങളും മൗലികാവകാശങ്ങളും സ്ഥാപിച്ച, എല്ലാ മതങ്ങളില്‍നിന്നും ഭരണകൂടത്തെ വേര്‍തിരിച്ചുനിര്‍ത്തിയ നമ്മുടെ ഭരണഘടനയില്‍ തെളിഞ്ഞുകാണുന്ന ആധുനികതയിലേക്കുള്ള ഇന്ത്യയുടെ പ്രയാണം സാധ്യമാവുകയില്ലായിരുന്നു. സഹസ്രാബ്ദങ്ങളായി ജാതിവ്യവസ്ഥയുടെ രൂപത്തില്‍ സ്ഥാപിതമായ അസമത്വവും അടിച്ചമര്‍ത്തലുംകൊണ്ട് സവിശേഷവത്കരിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തില്‍ ഇത് അടിസ്ഥാനപരമായ ഒരു മാറ്റം തന്നെയായിരുന്നു; പക്ഷേ ഈ മാറ്റം മഹാത്മാഗാന്ധിയുടേയോ ജവഹര്‍ലാല്‍ നെഹ്റുവിന്റേയോ അംബേദ്ക്കറിന്റേയോ കരുണാമയമായ അനുഗ്രഹാശിസുകളുടെ ഫലമായിരുന്നില്ല; അത് കൊളോണിയലിസത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഉത്പന്നമായിരുന്നു; ഒരു പുതിയ ഇന്ത്യ വാഗ്ദാനം ചെയ്ത ആ പ്രക്ഷോഭം വലിയൊരു വിഭാഗം ജനങ്ങളെ അതിലേക്കെത്തിച്ചിരുന്നു; ജനങ്ങളുടെ ഈ അഭിലാഷം പ്രകടമാക്കിക്കൊണ്ട് ഭരണഘടന തയ്യാറാക്കുക എന്ന കടമയാണ് നേതാക്കള്‍ ചെയ്തത്.
തത്ത്വചിന്തകനായ അകീല്‍ ബില്‍ഗ്രാമി, ജനങ്ങളുടെ കാഴ്ചപ്പാടു മാറ്റുന്നതില്‍ ബഹുജനപ്രസ്ഥാനത്തിന്റെ പങ്കു സംബന്ധിച്ച് വളരെ സവിശേഷവും ശ്രദ്ധേയവുമായ ഉദാഹരണം മുന്നോട്ടു വയ്ക്കുന്നുണ്ട്. ബംഗാള്‍ പ്രവിശ്യാ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ 1921ല്‍ സ്ത്രീകള്‍ക്കു വോട്ടവകാശം നല്കുന്നതു സംബന്ധിച്ച ഒരു ബില്‍ മുന്നോട്ടുവെച്ചെങ്കിലും അത് പരാജയപ്പെടുത്തപ്പെട്ടു. അതിനുശേഷം ഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്രാപിക്കുകയും അതില്‍ പങ്കെടുത്ത മുസ്ലീം ജനവിഭാഗങ്ങളില്‍ നിലപാടുമാറ്റം ഉണ്ടാവുകയും ചെയ്തു. അവരിലൊട്ടേറെപേര്, മാറ്റത്തിനുവേണ്ടി പുരോഗമനപരമായ നിയമനിര്‍മാണം മുന്നോട്ടുവയ്ക്കുന്നതിന് നിയമനിര്‍മാണ സമിതികള്‍ വേണമെന്ന് ആവശ്യപ്പെട്ട് സി ആര് ദാസ് കോണ്‍ഗ്രസിനുള്ളില്‍തന്നെ സ്ഥാപിച്ച സ്വരാജ്യപാര്ടിയില് അണിനിരന്നു. സ്ത്രീകളുടെ വോട്ടവകാശം സംബന്ധിച്ച് ഒരിക്കല്‍ പരാജയപ്പെടുത്തപ്പെട്ട അതേ ബില്‍ 1925ല്‍ ബംഗാള്‍ ലെജിസ്ലേച്ചറില്‍ അവതരിപ്പിക്കുകയും ഈ സ്വരാജിസ്റ്റ് മുസ്ലീങ്ങള്‍ അതിനനുകൂലമായി വോട്ടു ചെയ്യുകയും ആ ബില്‍ അംഗീകരിക്കുകയും ചെയ്തു. അതായത് ഒരു പരമ്പരാഗത സമൂഹത്തിന്റെ സവിശേഷതയായ ലിംഗപരമായ മുന്‍വിധികളെ മറികടക്കുന്നതിന് ചുരുങ്ങിയ കാലയളവിനുള്ളില്‍ സാധിച്ചു; സുപ്രധാനമായ നിലപാടുമാറ്റങ്ങള്‍ കൊണ്ടുവന്ന ബഹുജന പ്രസ്ഥാനത്തിലെ പങ്കാളിത്തമാണ് അതിനുകാരണം. നയപരമായി സാമ്രാജ്യത്വവിരുദ്ധമായിരുന്നു എങ്കില്‍പോലും ആ പ്രസ്ഥാനം തന്നെ, ഖിലാഫത്ത് തിരിച്ചുകൊണ്ടു വരുക എന്ന അസാധ്യമായ പരമ്പരാഗതമായ ഒരു ലക്ഷ്യത്തിനാല് പ്രചോദനം കൊണ്ട ഒന്നായിരുന്നു; എന്നിട്ടും അതിന് ഇത്തരമൊരു സുപ്രധാനമായ നിലപാടു മാറ്റം കൊണ്ടുവരുവാന്‍ സാധിച്ചു. (സ്വാഭാവികമായും ആദ്യകാല കമ്യൂണിസ്റ്റുകാരില്‍ ഒട്ടേറെപേര്‍ ഈ അണിയില്‍നിന്നും വന്നവരായിരുന്നു).
തീര്‍ച്ചയായും സമാനമായൊരു സ്വാധീനമാണ് ഇന്ന് കര്‍ഷകപ്രക്ഷോഭം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുക്കളായ ജാട്ടുകള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ വന്‍തോതില്‍ ഭിന്നിപ്പുണ്ടാക്കിക്കൊണ്ട് 2013ല്‍ മുസഫര്‍നഗര്‍ കലാപം കെട്ടഴിച്ചുവിട്ട വര്‍ഗീയവെറിയില്‍ അടിപ്പെട്ടവരായിരുന്നു ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരില്‍ ഗണ്യമായൊരു വിഭാഗം; മുസഫര്‍ നഗര്‍ കലാപമാണ് പിന്നീടു നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നല്ല നേട്ടമുണ്ടാക്കിക്കൊടുത്തത്. ഈ പ്രദേശത്തെ തിരഞ്ഞെടുപ്പുകളിലെ സമഗ്രാധിപത്യം അതുവരെ ബിജെപിയെ പുറന്തള്ളിയിരുന്നു എങ്കില്‍, വര്‍ഗീയ കലാപങ്ങളെയും സമുദായങ്ങള്‍ തമ്മിലുള്ള ധ്രുവീകരണത്തെയും തുടര്‍ന്ന് ബിജെപി ഈ പ്രദേശങ്ങളെ പിടിച്ചടക്കിയെന്നു മാത്രമല്ല, അതിന്റെ ബലത്തില്‍ 2014ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള പാര്‍ലമെന്റ് സീറ്റുകളില്‍ സിംഹഭാഗവും അവര്‍ക്കു ലഭിക്കുകയും ചെയ്തു; അങ്ങനെ ബിജെപി കേന്ദ്രത്തില്‍ ഭൂരിപക്ഷം നേടി. നിയമസഭാ തിരഞ്ഞെടുപ്പുകളിലായാലും 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലായാലും യുപിയില്‍ ബിജെപി കൈവരിച്ച തുടര്‍ച്ചയായുള്ള വിജയം, പശ്ചിമ യുപിയിലെ ഈ വര്‍ഗീയധ്രുവീകരണത്തിന്റെ ഭാഗമായാണ്.
എന്നാല്‍ കര്‍ഷകപ്രക്ഷോഭം ഈ ധ്രുവീകരണത്തെ മറികടക്കുകയും, കുപ്രസിദ്ധമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മുസ്ലീങ്ങളെയും ഹിന്ദുക്കളായ ജാട്ടുകളെയും ഒന്നിച്ചുകൊണ്ടുവരുകയും ചെയ്തു. 2013ലെ കലാപങ്ങള്‍ക്കു പ്രോത്സാഹനം നല്കിയ നിലവില്‍ കേന്ദ്രമന്ത്രി സഭാംഗം കൂടിയായിട്ടുള്ള ഒരു വ്യക്തി, ബിജെപി നേതാക്കളെ സാമൂഹികമായി അകറ്റി നിര്‍ത്തുകയെന്ന കര്‍ഷകനേതാക്കളുടെ ആഹ്വാനത്തെ തകര്‍ക്കുന്നതിന് സാമൂഹികമായ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ആ ഗ്രാമത്തിലേക്ക് ബലമായി കടക്കുവാന്‍ ശ്രമിച്ചു; അദ്ദേഹത്തിന്റെയൊപ്പം വന്ന ഗുണ്ടാ അനുചരസംഘത്തെക്കണ്ട് പ്രകോപിതരായ ഒരു വിഭാഗം ഗ്രാമവാസികള്‍ അദ്ദേഹത്തെ തങ്ങളുടെ ഗ്രാമത്തിലേക്കു പ്രവേശിക്കുന്നതില്‍നിന്നു തടഞ്ഞു. തന്നെ തടഞ്ഞത് എതിര് രാഷ്ട്രീയ പാര്‍ടിയിലെ അംഗങ്ങള്‍ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം; എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനിലെത്തി എന്ന വസ്തുത ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നു. ബിജെപി കെട്ടിച്ചമച്ച പഴയ കെട്ടുകഥകള്‍ ഇനിയുമേറെ പ്രാവര്‍ത്തികമാകാത്ത തരത്തില്‍ ജനങ്ങളില്‍ അടിമുടിയുണ്ടായ ഈ നിലപാടുമാറ്റം കര്‍ഷകപ്രക്ഷോഭത്തിന്റെ സൃഷ്ടിയാണെന്നത് വ്യക്തമാണ്.
അതുപോലെതന്നെ ജാട്ട് കര്‍ഷകരും ദളിത് തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷം ഈ പ്രദേശത്തെ ശാശ്വതമായ ഒരു സവിശേഷതയായിരുന്നു; തൊഴിലാളി-കര്‍ഷക ഐക്യത്തിന്റെ വഴിയിലെ ഒരു പ്രധാന പ്രതിബന്ധമായിരുന്നു അത്. ഇവിടെ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള സംഘര്‍ഷം ജാട്ട് കര്‍ഷകരും ദളിതരും തമ്മിലുള്ള ജാതീയമായ സംഘര്‍ഷമായി മാറ്റുകയായിരുന്നു. കത്തിനിന്ന ഈ വൈരുദ്ധ്യം ഡല്‍ഹിയില്‍നിന്നും അധികം അകലെയല്ലാത്ത കഞ്ചാവാല എന്നൊരു ഗ്രാമത്തില്‍ ഏതാനും ദശകങ്ങള്‍ക്കുമുമ്പ് ആളിപ്പടരുകയായിരുന്നു; അന്നത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. എന്തു തന്നെയായാലും ഇപ്പോഴത്തെ ഈ കര്‍ഷകപ്രക്ഷോഭം ഈ രണ്ടുവിഭാഗങ്ങളെയും അഭൂതപൂര്‍വമായ ഐക്യത്തിലേക്ക് കൊണ്ടുവന്നു. ഈ ബില്ലുകളുടെ നടപ്പാക്കല്‍ എല്ലാ വര്‍ഗങ്ങള്‍ക്കും ഹാനികരമായ തരത്തില്‍, ഇന്ന് നിലവിലുള്ള കൃഷി മേഖലയുടെയാകെ മരണമണി മുഴക്കുകയാണെന്ന ബോധ്യം ഈ രണ്ടു വിഭാഗങ്ങളിലും മൂന്ന് ബില്ലുകള്ക്കുമെതിരായി സമരം ചെയ്യുന്ന മറ്റെല്ലാവരിലും പ്രകടമാണ്. കാര്‍ഷിക ബില്ലുകള്‍ക്കെതിരായ ബഹുജന പ്രക്ഷോഭത്തിലൂടെ ഈ വ്യത്യസ്ത വിഭാഗങ്ങളെ ഒന്നിച്ചു കൊണ്ടുവരുവാന്‍ സാധിച്ചു എന്നത് ആഴത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.
പരമ്പരാഗതമായ നിലപാടുകളെ മറികടക്കുന്ന മൂന്നാമത്തെ മേഖല ലിംഗപരമായ പ്രശ്നവുമായി ബന്ധപ്പെട്ടതാണ്. കര്‍ഷകപ്രക്ഷോഭത്തില്‍ സ്ത്രീകള്‍ ഇത്രയേറെ അത്യസാധാരണമായവിധം സജീവമായി നില്ക്കുന്നു എന്നതു തന്നെ ഒരു തികഞ്ഞ പുരുഷാധിപത്യ സമൂഹത്തില്‍ ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നതാണ്; ഒരുപക്ഷേ ആരും തന്നെ പ്രതീക്ഷിച്ചിട്ടുണ്ടാവാത്ത ഒന്നാണത്. അവരെ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവന്നു എന്നത് സ്ത്രീകള്‍ക്കിടയില്‍ ഒരു വലിയ മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നു; ഈ മാറ്റം ഭാവിയില്‍ ലിംഗപരമായ ബന്ധങ്ങളില്‍ വലിയ പ്രാധാന്യം ചെലുത്തും.
അടുത്തത്, ഈ രംഗത്തെ വ്യാവസായിക തൊഴിലാളികളും കര്‍ഷകരും തമ്മില്‍ ഒരു ബന്ധമുണ്ടായിരിക്കുന്നു; ഐക്യദാര്‍ഢ്യത്തിന്റെ അഭൂതപൂര്‍വമായ ഒരു തലം ഇവിടെയും നമുക്ക് കാണാനാകും. പ്രചോദിതമായ അടയാളങ്ങളില്‍, സംഗ്രഹിക്കപ്പെട്ട ചരിത്രത്തില്‍, വീണ്ടെടുക്കപ്പെട്ട സമരപാരമ്പര്യങ്ങളില് ഒക്കെ ഈ ബഹുജന പ്രക്ഷോഭത്തിന്റെ അനന്തരഫലങ്ങള്‍ പ്രകടമാണ്. ഉദാഹരണത്തിന്, ഭഗത്സിംഗിന്റെ അമ്മാവനായ അജിത്സിംഗ് നേതൃത്വം നല്കിയ 1906ലെ "പഗാഡി സംബാല്‍" പ്രക്ഷോഭത്തിന്റെ ഒരു വീണ്ടെടുപ്പ് ഇവിടെ ഉണ്ടായി. അതിനാല്‍ത്തന്നെ ഇന്ത്യന്‍ കൃഷിമേഖല ഇന്ന് നേരിടുന്ന ഭീഷണിയും കൊളോണിയല്‍ കാലഘട്ടത്തില്‍ അത് നേരിട്ട ഭീഷണിയും തമ്മിലുള്ള പൊരുത്തത്തെ ഈ പ്രക്ഷോഭം അടിവരയിടുകയാണ്.
ആയതുകൊണ്ടുതന്നെ ജനാധിപത്യവത്കരിക്കുന്നതിലും ഐക്യപ്പെടുത്തുന്നതിലും കര്‍ഷകപ്രക്ഷോഭം വഹിക്കുന്ന പങ്ക് കുറ്റമറ്റതും അതുപോലെ പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ബിജെപി ഗവണ്മെന്റ് ഭരണസംവിധാനത്തില്‍ കൊണ്ടു വന്ന വിഭാഗീയതയ്ക്കും സ്വേച്ഛാധിപത്യത്തിനും പ്രധാന എതിരാളിയായി അത് നില്ക്കുന്നു.
ഇവിടെയാണ് മതനിരപേക്ഷതയുടെ വിഷയത്തിന്മേല്, ഭക്ഷണത്തിന്റെ വിഷയത്തിന്മേല് നടത്തുന്ന ബഹുജന പ്രക്ഷോഭങ്ങളും പ്രാഥമികമായും വിഭാഗീയമായ, ബിജെപിയുമായി ബന്ധപ്പെട്ടു കിടക്കുന്ന തരം പ്രക്ഷോഭങ്ങളും തമ്മിലുള്ള വ്യത്യാസം എന്ന നിര്‍ണായക വിഷയത്തിലേക്ക് നാം എത്തിച്ചേരുന്നത്. എല്‍ കെ അദ്വാനി രഥയാത്ര നടത്തിയപ്പോള്‍ ഒട്ടേറെ വ്യാഖ്യാതാക്കള്‍ ഒരു വലിയ "ബഹുജനപ്രക്ഷോഭം" കത്തിപ്പടരുന്നതായി അതിനെ വിശേഷിപ്പിച്ചു; നിലപാടുപരമായ മാറ്റം മുന്നോട്ടുവയ്ക്കുന്ന "ബഹുജനപ്രക്ഷോഭ"ങ്ങളും അതില്ലാത്ത ബിജെപി-തരം പ്രക്ഷോഭങ്ങളും തമ്മില്‍ ഒരു സമുദ്രത്തോളം വ്യത്യാസമുണ്ട് എന്ന കാര്യമാണ് ഈ വ്യാഖ്യാനങ്ങള്‍ അന്നു വിട്ടുകളഞ്ഞത്.
നിലവിലുള്ള ബോധതലത്തിന്റെ അതിജീവനം മുന്നോട്ടുവയ്ക്കുവാന്‍ കര്‍ഷകപ്രക്ഷോഭം പോലെയൊരു "ബഹുജനപ്രക്ഷോഭ"ത്തിനു സാധിക്കുന്നത്, അത് ഒരു പൊതുമതനിരപേക്ഷ വേദിയില്‍ ജനങ്ങളെ ഒന്നിപ്പിച്ചുനിര്ത്തുന്നതു കൊണ്ടാണ്. നിലനില്‍ക്കുന്ന ബോധതലത്തെ അതിജീവിക്കുന്നതിനുവേണ്ടി ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തുന്നതില്‍നിന്നും നേര്‍വിപരീതമായി ബിജെപിയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രക്ഷോഭങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരകളില്‍ അഭിരമിക്കുന്നു; അവര്‍ ആ തെറ്റായ ധാരകളെ ഊട്ടിയുറപ്പിക്കുന്നു; നിലവിലുള്ള വിഭാഗീയതയെ ദൃഢപ്പെടുത്തുന്നു; നിലനില്‍ക്കുന്ന പിന്തിരിപ്പന് ബോധത്തിന്റെ അതിജീവനത്തിലേക്കു നയിക്കുന്നതിനു പകരം അവര്‍ അതിനെ വീണ്ടും ശക്തിപ്പെടുത്തുന്നു.
കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തില്‍നിന്നും ആര്‍എസ്എസ് വിട്ടുനിന്നു എന്നത് അവിചാരിതമായ ഒരു സംഭവമല്ല. ആ പോരാട്ടം രാജ്യത്താകെ ഒരു പുതിയ ഉണര്‍വിനുള്ള അടിത്തറയായി മാറുകയായിരുന്നു; ഇന്ന് കര്‍ഷകപ്രക്ഷോഭം ആ ഉണര്‍വിന്റെ പൈതൃകമായി മാറിയിരിക്കുന്നു; അത് ആ ഉണര്‍വിനെ മുന്നോട്ടുകൊണ്ടുവരുകയും ചെയ്യുന്നു.•