രാജ്യത്തിന്‍റെ ഐക്യത്തിന് ഭീഷണിയാകുന്ന മോഡി ഗവണ്‍മെന്‍റ്

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ച് പ്രതിപക്ഷകക്ഷികളും വലതുപക്ഷ മാധ്യമങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍, കേന്ദ്രത്തിലെ മോഡി വാഴ്ചയുടെ സാമ്പത്തികവും വര്‍ഗീയവും രാഷ്ട്രീയവുമായ ആക്രമണങ്ങള്‍മൂലം വലയുകയാണ് ജനസാമാന്യം. രാജ്യത്ത് ഒരു ജനാധിപത്യ സര്‍ക്കാര്‍ നിലവിലുണ്ട് എന്നു പറയാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. പിന്നോക്ക-ദരിദ്രവിഭാഗങ്ങള്‍ക്കായി നല്‍കുന്ന സൗജന്യങ്ങളും ആനുകൂല്യങ്ങളും തീരെ തുച്ഛമാണെന്നു ബിജെപിക്ക് വന്‍ഭൂരിപക്ഷമുള്ള ഒരു പാര്‍ലമെന്‍ററി കാര്യസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ-സാമൂഹ്യപെന്‍ഷനുകള്‍ കേരളത്തില്‍ നല്‍കപ്പെടുന്നതിന്‍റെ അഞ്ചിലൊന്നേ വരൂ. അതുപോലെ തന്നെയാണ് നല്‍കപ്പെടുന്ന മറ്റ് ആനുകൂല്യങ്ങളും എന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവ വര്‍ധിപ്പിക്കേണ്ടതിന്‍റെ ആവശ്യം കമ്മിറ്റി ഊന്നിപ്പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ തസ്തികകളിലേക്കുള്ള നിയമനം വര്‍ഷങ്ങളായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഏറ്റവും ചെറിയ സര്‍ക്കാര്‍ സംവിധാനം, ഏറ്റവും കൂടുതല്‍ ഭരണം എന്നാണല്ലൊ മോഡിയുടെ ആപ്തവാക്യം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം, സര്‍ക്കാര്‍ സേവനം, ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കായി ചെലവഴിക്കുന്ന പണം എന്നിവയെല്ലാം കുറച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം പെട്രോള്‍, ഡീസല്‍, പാചകവാതകം ഇവയുടെ വില കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ബജറ്റ് ചര്‍ച്ചകള്‍ക്കായി കഴിഞ്ഞയാഴ്ച പാര്‍ലമെന്‍റ് സമ്മേളിച്ചപ്പോള്‍ ആദ്യ ദിവസങ്ങളില്‍ ഇതൊക്കെ സംബന്ധിച്ച പ്രതിപക്ഷ ബഹളംമൂലം പാര്‍ലമെന്‍റ് പ്രവര്‍ത്തനം സ്തംഭിച്ചു.

രാജ്യത്ത് തൊഴിലില്ലായ്മ ഇത്ര മാത്രം രൂക്ഷമായ കാലം അടുത്തൊന്നും ഉണ്ടായിട്ടില്ല. പൊതുമേഖലയില്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു കിട്ടുന്ന പണമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബജറ്റ് വരവിലെ ഒരു പ്രധാന ഇനം. 2019, 2020 വര്‍ഷങ്ങളില്‍ നാലു ലക്ഷം കോടിയോളം രൂപയാണ് കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവായും മറ്റും കൈമാറിയിട്ടുള്ളത്.

ഈ സാമ്പത്തികവര്‍ഷവും ഇത്തരത്തിലുള്ള ഇളവുകള്‍ അവയ്ക്കു നല്‍കുന്നുണ്ട്. അതേ സമയം മൂന്നു പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട ചില പൊതുമേഖലാ സ്ഥാപനങ്ങളെ അവയ്ക്കു കൈമാറുകയും ചെയ്യുന്നു. കാര്‍ഷികമേഖലയെയാകെ സ്വകാര്യമേഖലയ്ക്കു കൈമാറുകയാണ് ഈയിടെ പാര്‍ലമെന്‍റ് പാസാക്കിയ മൂന്ന് നിയമങ്ങളുടെ ലക്ഷ്യം. അതിനെതിരെയാണ് മൂന്നു മാസമായുള്ള കര്‍ഷകസമരം. ഇങ്ങനെ ഒരു ജനാധിപത്യ സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട കടമകളെല്ലാം സ്വകാര്യമേഖലയെ തിടുക്കപ്പെട്ട് ഏല്‍പ്പിക്കുകയാണ് മോഡി സര്‍ക്കാര്‍.


ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയതയുടെയും ഭാഷാഭ്രാന്തിന്‍റെയും മറ്റ് വിഭാഗീയതകളുടെയുമായ സങ്കുചിതദേശീയത്വ വികാരം കുത്തിവയ്ക്കുന്നതിനു രാജ്യത്തിന്‍റെ നാനാഭാഗങ്ങളിലായി ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ നേതൃത്വം നല്‍കുന്നു. ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസംഗിക്കുമ്പോള്‍ മുസ്ലീം എന്ന പദം ഉച്ചരിക്കുന്നതുതന്നെ കഠിനമായ വെറുപ്പിന്‍റെ സ്വരത്തിലാണ്. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളുടെയും പ്രവൃത്തികളുടെയും യുക്തിയും സ്വരവുമെല്ലാം ഇത്തരത്തിലുള്ള കടുത്ത വിദ്വേഷം ഓളംവെട്ടുന്നവയാണ്. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ നേതാക്കളില്‍ അമിത്ഷായെപ്പോലെ ഇത്രയേറെ വിവാദം ഉയര്‍ത്തുകയും നിരവധി വര്‍ഗീയ-പൈശാചിക ആക്രമണങ്ങള്‍ക്ക് പ്രഭവകേന്ദ്രമായിരിക്കുകയും ചെയ്യുന്ന മറ്റൊരാള്‍ ഉണ്ടോ എന്ന സംശയം പലരും ഉയര്‍ത്തിയിട്ടുണ്ട്. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അവിടെ പല വ്യാജ ഏറ്റുമുട്ടലുകള്‍ നടക്കുകയും അവയില്‍ പല കോണ്‍ഗ്രസ് നേതാക്കള്‍ (ചില ബിജെപി നേതാക്കളും) ഉള്‍പ്പെടെ പലരും വധിക്കപ്പെടുകയുമുണ്ടായി. അതേക്കുറിച്ച് അന്നത്തെ സര്‍ക്കാര്‍ നടത്തിയ അന്വേഷണങ്ങള്‍ തേഞ്ഞുമാഞ്ഞു പോയി. അവശേഷിച്ചവ മോഡി പ്രധാനമന്ത്രിയായശേഷം തേച്ചുമാച്ചുകളയുകയും ചെയ്തു എന്ന വാര്‍ത്തകള്‍ എല്ലാവരും വായിച്ചതാണല്ലൊ. ആ പഴയ ഗുജറാത്ത് അന്തരീക്ഷം ഇന്ന് ഇന്ത്യയെ ആകെ ചൂഴ്ന്നു നില്‍ക്കുന്നു.

കോവിഡ് മഹാമാരി ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. ആനുപാതികമായി ഇന്ത്യയേക്കാള്‍ കൂടുതല്‍ പേര്‍ രോഗത്തിനടിപ്പെടുകയും മരിക്കുകയും ചെയ്ത രാജ്യങ്ങള്‍ പലതാണ്. എന്നാല്‍, അവിടങ്ങളിലെ ജനങ്ങളെ അതത് സര്‍ക്കാരുകള്‍ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തതുപോലെ, മഹാമാരി മൂലം അടച്ചിട്ടകാലത്ത് രാജ്യത്തെ തൊഴിലാളികള്‍, പട്ടിണിപ്പാവങ്ങള്‍, കൃഷിക്കാര്‍ മുതലായവരെ സഹായിക്കാനും സംരക്ഷിക്കാനും മോഡി സര്‍ക്കാര്‍ മുന്നോട്ടുവന്നില്ല എന്നത് ഏതെങ്കിലും രാഷ്ട്രീയപാര്‍ടികളുടെ കുറ്റപ്പെടുത്തലല്ല; സാര്‍വത്രികമായ വിമര്‍ശനമാണ്. അത്തരത്തില്‍ രാജ്യവും ജനങ്ങളും രോഗപീഡയാല്‍ പ്രയാസപ്പെടുമ്പോഴും തങ്ങളുടെ സങ്കുചിത വര്‍ഗീയ-കുത്തക പ്രീണന-വിഭാഗീയ നയങ്ങളുമായി മുന്നോട്ടുപോവുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തുവന്നത്. അതിന്‍റെ തുടര്‍ച്ചയാണ് കഴിഞ്ഞ മെയ് മുതല്‍ക്കുള്ള മാസങ്ങളില്‍ ഇതേവരെ ആര്‍ക്കും കാണാനായത്.

ഈ കാലയളവിലാണ് യുപി സംസ്ഥാനത്ത് കൊച്ചു പെണ്‍കുട്ടികള്‍മുതല്‍ക്കുള്ള സ്ത്രീകളെ ഉറ്റബന്ധുക്കളുടെപോലും മുന്നില്‍വച്ച് കാപാലികര്‍ മാനഭംഗംചെയ്യുകയും തുടര്‍ന്നു കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടത്. പരാതിപ്പെട്ട ഇരകളുടെ അച്ഛനമ്മമാര്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ സംഘപരിവാരവും പൊലീസും ആക്രമിക്കുന്ന, പലപ്പോഴും പച്ചക്ക് കൊന്നൊടുക്കുന്ന സ്ഥിതി ഉണ്ടായി. രാജ്യത്തെങ്ങും അത്തരം പാതകങ്ങള്‍ അപലപിക്കപ്പെട്ടിട്ടും ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍ (യുപിയിലെ യോഗി ആദിത്യനാഥ് നയിക്കുന്നത് ഉള്‍പ്പെടെ) ആ വിമര്‍ശനം ഉള്‍ക്കൊള്ളാതെ അക്രമികളെ സംരക്ഷിക്കുന്ന നടപടിയാണ് പലപ്പോഴും കൈക്കൊണ്ടത്. ദളിതര്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍ എന്നിവര്‍ക്കൊന്നും ആര്‍എസ്എസ്-ബിജെപി വാഴ്ചയില്‍ രക്ഷയില്ല എന്ന സ്ഥിതി ഇന്നു പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ബിജെപി നയിക്കുന്ന ഹരിയാന സര്‍ക്കാര്‍ ഈയിടെ ഒരു നിയമം പാസാക്കി. ആ സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ ഉണ്ടാകുന്ന പുതിയ തൊഴിലുകളില്‍ 75 ശതമാനം അന്നാട്ടുകാര്‍ക്കായി സംവരണം ചെയ്യണം എന്നതാണ് അതിന്‍റെ ഉള്ളടക്കം. ഓരോ നാട്ടുകാര്‍ക്കും ജോലി ലഭിക്കണം, സംശയമില്ല. എന്നാല്‍, മണ്ണിന്‍റെ മക്കള്‍വാദം സംസ്ഥാന സര്‍ക്കാര്‍ തന്നെ ഉന്നയിക്കുന്നതും അതിനെ നിയമമാക്കുന്നതും അങ്ങേയറ്റം അപലപനീയമാണ്. കാരണം ഇന്ത്യയെ ഒരു രാഷ്ട്രമായി കാണുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. ഇന്ത്യയില്‍ ജമ്മുകാശ്മീര്‍ ഒഴികെ ഏത് സംസ്ഥാനത്തുംപോയി ജീവിക്കാനും തൊഴിലെടുക്കാനും എല്ലാ പൗരര്‍ക്കും അവകാശമുണ്ട് എന്നതാണ് ഭരണഘടന നമുക്കെല്ലാം നല്‍കുന്ന സ്വാതന്ത്ര്യം, അവകാശം. ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ഇത്തരമൊരു സങ്കുചിത ദേശീയത്വ വ്യവസ്ഥ ഇപ്പോള്‍ ഏര്‍പ്പെടുത്തിയതിലൂടെ ഭരണഘടനയെയാണ് വെല്ലുവിളിക്കുന്നത്.

ഇതു കാണിക്കുന്നത് ബിജെപിക്ക് ഭരണഘടനയോട് കൂറില്ല, വിശാലമായ ദേശീയകാഴ്ചപ്പാടില്ല എന്നാണ്.. വായില്‍ തോന്നിയത് കോതയ്ക്കു പാട്ട് എന്ന മട്ടിലുള്ള ബിജെപിയുടെ ഈ സമീപനവും നടപടികളും രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും കെട്ടുറപ്പിനും ഭീഷണിയായി മാറുകയാണ്. •