കോവിഡ് പശ്ചാത്തലത്തില്‍ ലെനിനെ ഓര്‍ക്കുമ്പോള്‍

കെ എന്‍ ഗണേശ്

ലെനിന്‍റെ നൂറ്റി അന്‍പതാം ജന്മ വാര്‍ഷികം ആചരിച്ചത് ലോകമാസകലം കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി വ്യാപിച്ച സാഹചര്യത്തിലാണ് . ലോകം ജാതിയുടെയും മതത്തിന്‍റെയും വര്‍ഗത്തിന്‍റെയും വംശത്തിന്‍റെയും ലിംഗത്തിന്‍റെയും ഭേദമില്ലാതെ ഈ മഹാമാരിയെ അതിജീവിക്കനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. റഷ്യന്‍ വിപ്ലവകാലത്തു യൂറോപ്പിനെയും അമേരിക്കയെയും ബാധിച്ച സ്പാനിഷ് ഫ്ളൂവിനെ നേരിടാന്‍ ലോകമാസകലം ഒന്നിക്കണം എന്ന് ലെനിന്‍ ആവശ്യപ്പെട്ടിരുന്നു. പകര്‍ച്ചവ്യാധിയെ തുരത്താന്‍ യുദ്ധത്തില്‍ നിന്നു തന്നെ പിന്മാറണമെന്നും ലെനിന്‍ അഭ്യര്‍ത്ഥിച്ചു. മനുഷ്യരാശിയേക്കാള്‍ മൂലധനവ്യാപനത്തിനും സാമ്പത്തികാധികാരത്തിനും പ്രാധാന്യം നല്‍കിയ സാമ്രാജ്യത്വം അതൊന്നും ചെവിക്കൊണ്ടില്ല.
യുദ്ധത്തോടും വ്യാധികളോടുമുള്ള ലെനിന്‍റെ നിലപാട് സാമൂഹ്യപുരോഗതിയെ സംബന്ധിച്ച വ്യത്യസ്തനിലപാടുകളെ സൂചിപ്പിച്ചു.വിഭവങ്ങള്‍ക്കും മനുഷ്യാധ്വാനത്തിനും ഇവയെ ആസ്പദമാക്കിയ മൂലധനസംഭരണത്തിനും സാമ്രാജ്യത്വശക്തികളുടെയിടയിലെ കിടമത്സരങ്ങളാണ് ഒന്നാം ലോകയുദ്ധത്തിനു കാരണം എന്ന് ലെനിന്‍ വിലയിരുത്തി. യുദ്ധം തൊഴിലാളിവര്‍ഗത്തിനും മനുഷ്യരാശിക്ക് മൊത്തത്തിലും വിരുദ്ധമാണ്.യുദ്ധക്കെടുതികളുടെ സിംഹഭാഗവും തൊഴിലാളിവര്‍ഗത്തിന്‍റെ ചുമലിലാണ് വരുന്നത്.യുദ്ധം കൊണ്ടുണ്ടാകുന്ന സാമ്പത്തികനാശവും ആളപായവും എല്ലാവര്‍ഗങ്ങളെയും ഒരു പോലെ ബാധിക്കുന്നു.അതുപോലെ തന്നെയാണ് പകര്‍ച്ചവ്യാധികളും. പകര്‍ച്ചവ്യാധികള്‍ പരത്തുന്ന സൂക്ഷ്മജീവികള്‍ക്ക് വര്‍ഗങ്ങളെയോ മതങ്ങളെയോ തിരിച്ചറിയാന്‍ കഴിയില്ല.അത്തരം പ്രതിഭാസങ്ങളെ മനുഷ്യരാശി ഒരുമിച്ച് നിന്ന് പോരാടി തോല്‍പ്പിക്കേണ്ടിവരും.


ലെനിന്‍റേയും പൊതുവില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയും നിലപാടുകള്‍ പൊതുജനാരോഗ്യത്തെപ്പറ്റിയുള്ള രണ്ട് വ്യത്യസ്തനിലപാടുകളിലേക്ക് നയിച്ചു. അതിലൊന്ന് രോഗചികിത്സയെയും മറ്റൊന്ന് രോഗപ്രതിരോധത്തെയും ആസ്പദമാക്കിയുള്ളതായിരുന്നു. വാക്സിനുകള്‍ വഴി മനുഷ്യരുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നിട്ടും വരുന്ന രോഗങ്ങളെ നിയന്ത്രിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക എന്നതായിരുന്നു പൊതുവില്‍ മരുന്നുകമ്പനികളും മെഡിക്കല്‍ പ്രൊഫഷണലുകളും അംഗീകരിച്ച നയം. ഇതനുസരിച്ച് ആധുനികവൈദ്യശാസ്ത്രത്തിനും അവര്‍ നിര്‍മിക്കുന്ന ഔഷധങ്ങള്‍ക്കും രോഗനിര്‍മാര്‍ജനശേഷിയുണ്ട്. അങ്ങനെ പുതിയ രോഗങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ അവയെ നിര്‍മാര്‍ജനം ചെയ്യാനും കഴിയും. കോവിഡിനെ സമ്പന്ധിച്ച് പ്രശ്നം തന്നെ അതിനുള്ള വാക്സിന്‍ കണ്ടെത്തിയിട്ടില്ല എന്നതാണ്. വാക്സിന്‍ കണ്ടെത്താത്തതിന്‍റെ കാരണമായി അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് പറയുന്നത് ചൈനയും ലോകാരോഗ്യസംഘടനയും കോവിഡിനെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു വെച്ചു എന്നതാണ്. അതായത് സമയത്തിന് വിവരം ലഭിച്ചു എന്നുണ്ടെങ്കില്‍ അതിനുള്ള മരുന്ന് അമേരിക്കന്‍ ലാബുകളില്‍ കണ്ടെത്തുമായിരുന്നു. മരുന്ന് വിട്ടു കമ്പനികള്‍ ലാഭം കൊയ്യുമായിരുന്നു, മരുന്നു കഴിച്ച് പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. മാത്രമല്ല ഇനി കോവിഡ് 19 എപ്പോള്‍ വന്നാലും അതിനുള്ള മരുന്ന് റെഡിയായി സ്റ്റോക്കിലും കാണും. ഇതാണ് രമേശ് ചെന്നിത്തലയും മറ്റും പ്രചരിപ്പിക്കാന്‍ ശ്രമിച്ച മിറ്റിഗേഷന്‍.ട്രംപും സാമ്രാജ്യത്വവും ഇതുതന്നെയാണ് പറഞ്ഞിരുന്നത്.
എന്നാല്‍ ഇതിനു സാമൂഹ്യമായ മറുവശമുണ്ട് . വാക്സിനുകള്‍ കണ്ടുപിടിച്ചതിനു ശേഷം നിരവധി രോഗങ്ങളെ തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് നേരാണ് . മിക്കവാറും എല്ലാ രോഗങ്ങള്‍ക്കും ആധുനിക വൈദ്യശാസ്ത്രത്തില്‍ മരുന്നുകളുമുണ്ട്. എന്നാല്‍ നിരവധി പുതിയ വൈറസ് ബാധകള്‍ വരുന്നുണ്ട്. അവയ്ക്കെല്ലാം വാക്സിനുകള്‍ കണ്ടെത്തിയിട്ടില്ല. സാധ്യമായ മരുന്നുകള്‍ പ്രയോഗിക്കാം എന്നല്ലാതെ മരുന്ന് കൊണ്ടുമാത്രം അവയെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയും എന്ന് ഉറപ്പില്ല. അതുകൊണ്ട് ഏറ്റവും ശക്തമായ രോഗപ്രതിരോധം ഏതുവഴിയായുള്ള സമ്പര്‍ക്കം കൊണ്ടാണോ രോഗം പടരുന്നത് അവയെ ഇല്ലാതാക്കുക എന്നതാണ്. കൊതുക് ആണെങ്കില്‍ അത്. വവ്വാലാണെങ്കില്‍ അത്, മനുഷ്യര്‍ വഴിയാണെങ്കില്‍ മനുഷ്യസമ്പര്‍ക്കം പരമാവധികുറച്ചുകൊണ്ട്. ഇവിടെ വെറും സാമ്പത്തിക കണക്കുകൂട്ടലുകള്‍ അല്ല പ്രധാനം. സാമൂഹ്യമായി ഉത്തരവാദിത്വബോധത്തോടെയുള്ള പ്രവര്‍ത്തനമാണ്.ഇവിടെ ആരും ശാസ്ത്രസാങ്കേതികവിദ്യകളെയോ അവയ്ക്കു നല്‍കാന്‍ കഴിയുന്ന സംഭാവനകളെയോ നിഷേധിക്കുന്നില്ല. അവയെ ഉപയോഗിച്ചുകൊണ്ടുള്ള രോഗനിര്‍മാര്‍ജനത്തിനു തന്നെയാണ് ശ്രമിക്കുന്നത്.അതെ സമയം സാമൂഹ്യമായ ജാഗ്രതയില്‍ ഊന്നുന്നു എന്ന് മാത്രം.


ഇവിടെ ഒന്നുകൂടി പ്രസക്തമാണ്. സാമൂഹ്യമായ ജാഗ്രത ഉറപ്പു വരുത്തണമെങ്കില്‍ അതിനുള്ള സംവിധാനങ്ങള്‍ കൂടി ഒരു സമൂഹത്തില്‍ ഉണ്ടാകണം.അതായത് ഏതെങ്കിലും വിധത്തിലുള്ള സാമൂഹ്യകൂട്ടായ്മബോധം സാമൂഹ്യജാഗ്രത ഉറപ്പു വരുത്തുന്നതിന് അനിവാര്യമാണ്. കേവലമായ ഒരു ഗവണ്മെന്‍റ് ഓര്‍ഡര്‍ കൊണ്ട് ഈ കൂട്ടായ്മ ഉണ്ടാവുകയില്ല. ശക്തമായ ബോധവത്കരണ പ്രചാരണപരിപാടിയും ആത്മവിശ്വാസമുണര്‍ത്തലും ഇതിനാവശ്യമാണ്. അതായത് മരുന്നുകമ്പനികളുടെയും ബഹുരാഷ്ട്രകുത്തകകളുടെയും പ്രചാരണതന്ത്രങ്ങള്‍ ഇവിടെ വിലപ്പോകുകയില്ല.രോഗബാധിതനായ ഒരാള്‍ക്ക് ആവശ്യമുള്ളത് സ്വര്‍ണകച്ചവടക്കാരന്‍റെയും തുണിക്കച്ചവടക്കാരന്‍റെയും പ്രചാരണ തന്ത്രങ്ങളല്ല. അയാളുടെ അവസ്ഥയെക്കുറിച്ചുള്ള കൃത്യവും ശാസ്ത്രീയവുമായ വിവരങ്ങളാണ്,  അയാള്‍ക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകളാണ്. മരുന്നുകച്ചവടക്കാര്‍ അയാളില്‍ ഭീതിയുണര്‍ത്തി കൂടുതല്‍ മരുന്നുകള്‍ കഴിപ്പിക്കുന്നതിലായിരിക്കും ഊന്നുക . അവരുടെ ആയുധം ഭീതിയാണ്, ജാഗ്രതയല്ല.
സാമ്രാജ്യത്വത്തിന്‍റെ ലാഭാധിഷ്ഠിതമായ സാമ്പത്തികകാഴ്ചപ്പാടും സാമൂഹ്യബദ്ധമായ കാഴ്ചപ്പാടും തമ്മിലുള്ള ഭിന്നത വിവിധരാഷ്ട്രങ്ങള്‍ കോവിഡിനെ കൈകാര്യം ചെയ്ത രീതിയില്‍ നിന്നുതന്നെ കാണാം.ചൈനയില്‍ വുഹാനിലെ വൈറോളജിസ്റ്റുകള്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുകയും ഉടന്‍ തന്നെ സാമൂഹ്യപ്രതിരോധത്തിലേക്ക് നീങ്ങണം എന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ ഭരണകൂടം പ്രതികരിച്ചില്ലെന്നത് ശരിയാണ്. രോഗം തടയുന്നതിനുള്ള സാമ്പ്രദായികമാര്‍ഗങ്ങളാണ് അവര്‍ സ്വീകരിച്ചത് . എന്നാല്‍ സാമൂഹ്യവ്യാപനത്തിലേക്ക് നീങ്ങിയപ്പോള്‍ അതിശക്തമായ വിധത്തില്‍ അവര്‍ പ്രവര്‍ത്തിക്കുകയും ആ പ്രവിശ്യയിലെ മുഴുവന്‍ ജനങ്ങളെയും നിരീക്ഷണത്തില്‍ കൊണ്ടുവന്ന് ആ പ്രവിശ്യയും വുഹാന്‍ നഗരവും അടച്ചിടുകയും ചെയ്തു. വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥികളാണ് കേരളത്തിലെ ആദ്യത്തെ കോവിഡ് ബാധിതര്‍. നിപ്പ വൈറസിനെ നേരിട്ടപ്പോള്‍ വളര്‍ത്തിയെടുത്ത സാമൂഹ്യപ്രതിരോധതന്ത്രങ്ങള്‍ ഇവിടെയും നടപ്പിലാക്കിയതുകൊണ്ടാണ് ആദ്യം കേരളം കോവിഡിനെ അതിജീവിച്ചത്. ചൈനയിലും ഇതേ തന്ത്രങ്ങളാണ് കോവിഡിനെ കുറച്ചുകൊണ്ടുവരാനും ഏതാണ്ട് ഇല്ലാതാക്കാനും സഹായിച്ചത്. ഇപ്പോള്‍ ചൈനയില്‍ സംഭവിക്കുന്ന രണ്ടാം വ്യാപനം പുറമെ നിന്നു വന്നവര്‍ സൃഷ്ടിച്ചതാണ്. അതായത് പ്രധാനമായി പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് കോവിഡ് വ്യാപിക്കുന്നതാണ്. ഇത് തന്നെയാണ് കേരളത്തിലെ രണ്ടാം വ്യാപനത്തിലും സംഭവിച്ചത്. ഇനി പ്രവാസികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വരുമ്പോള്‍ ഒരു മൂന്നാം വ്യാപനവും സംഭവിച്ചുകൂടായ്കയില്ല. അതിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലാണ് കേരളം ഇപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്നതും.


ഇത് ചൈനയ്ക്കും കേരളത്തിനും സാധിക്കുന്നതിന്‍റെ പിന്നിലുള്ള ഘടകങ്ങളും പ്രധാനമാണ്. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞ സൗത്ത് കൊറിയ , ജപ്പാന്‍ മുതലായ മുതലാളിത്ത രാഷ്ട്രങ്ങള്‍ക്കും ഇതു ബാധകമാണ്.. അതിലൊന്ന് ശക്തമായ പൊതുജനാരോഗ്യസംവിധാനങ്ങളാണ് . വാക്സിനേഷനും പൊതുജനാരോഗ്യത്തെ സംബന്ധിച്ച വിവരശേഖരണവും ആരോഗ്യപരിപാടികളും ഇക്കാര്യത്തില്‍ ഫലപ്രദമായ സേവനമാണ് നിര്‍വഹിക്കുന്നത്. കേരളത്തിലെ ആശ - അംഗന്‍വാടി പ്രവര്‍ത്തകരുടെ സേവനം ഉദാഹരണമാണ്. ചൈനയിലെ നഗ്നപാദ ആരോഗ്യപ്രവര്‍ത്തകരെ കുറിച്ചുള്ള കഥകള്‍ നമ്മുടെ ഇടയില്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്. സമാനമായ ആരോഗ്യസംവിധാനങ്ങളുള്ള മറ്റൊരു രാഷ്ട്രമാണ് ക്യൂബ. ഇത്തരം സംവിധാനങ്ങളില്‍ ചിലതു സ്വകാര്യമേഖലയിലുമാകാം. അവരുടെ നിരന്തരമായ പ്രവര്‍ത്തനം സാമൂഹ്യ പ്രതിരോധത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.ജനങ്ങളുടെ പ്രതിരോധശേഷിയും ഇതിനനുസരിച്ച് വര്‍ധിച്ചിട്ടുമുണ്ട്.
ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനം മറ്റൊന്നാണ്. ചൈനയിലെ സ്വേച്ഛാധിപത്യം കൊണ്ടാണ് അവിടെ ഫലപ്രദമായി ഇടപെടാന്‍ സഹായിച്ചത് എന്ന വാദം പ്രചരിക്കുന്നുണ്ട്. തികഞ്ഞ അസംബന്ധമാണിത്. സാമൂഹ്യപ്രവര്‍ത്തനം എന്നാല്‍ സ്വേഛാധിപത്യമാണെന്നും കച്ചവടരാഷ്ട്രീയം സ്വതന്ത്രചിന്തയുടെ പ്രതീകമാണെന്നും ഉള്ള വികലമായ കാഴ്ചപ്പാടുകളാണ് ഇതിനു പിന്നില്‍ .അങ്ങനെയെങ്കില്‍ സൗദി അറേബ്യയെപ്പോലുള്ള ജനാധിപത്യമില്ലാത്ത രാജ്യങ്ങളില്‍ കോവിഡിനെ ഫലപ്രദമായി തടയാന്‍ കഴിയേണ്ടതാണ്. അങ്ങിനെയൊന്നും സംഭവിച്ചിട്ടില്ല. ഒരു രാജ്യം സ്വേഛാധിപത്യമാണോ ജനാധിപത്യമാണോ എന്നത് മാത്രമല്ല, മുമ്പ് സൂചിപ്പിച്ചതു പോലെ രോഗപ്രതിരോധത്തിനാവശ്യമായ കൃത്യമായ രീതിയും അത് നടപ്പിലാക്കുന്നതിനാവശ്യമായ സാമൂഹ്യമായ ആത്മവിശ്വാസവും പകര്‍ന്നു നല്‍കാന്‍ ഒരു ഭരണകൂടത്തിന് കഴിയുന്നുണ്ടോ എന്നതും പ്രധാനമാണ്. ആത്മവിശ്വാസമെന്നാല്‍ ദീപം കത്തിക്കലും ചെണ്ടകൊട്ടലുമല്ല. സാമൂഹ്യജാഗ്രതയില്ലാത്ത വിശ്വാസങ്ങള്‍ കൊണ്ട് ഒന്നും സംഭവിക്കുകയില്ല എന്നതും ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ് .


ഇവിടെയാണ് വികസിതം എന്ന് സ്വയം വിളിക്കുന്ന രാഷ്ട്രങ്ങളുടെ യഥാര്‍ഥ ദൗര്‍ബല്യം പുറത്തുവരുന്നത്. യൂറോപ്യന്‍ രാഷ്ട്രങ്ങളിലും അമേരിക്കയിലും ആദ്യം കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ സാധാരണ വ്യാധികള്‍ക്കുള്ള ചികിത്സാരീതികള്‍ മാത്രമാണ് ഉപയോഗിച്ചത്. മരുന്നുകള്‍ക്കുള്ള അന്വേഷണം , ഉദാഹരണത്തിന് ഇന്ത്യയില്‍ നിന്ന് ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഇറക്കുമതി ചെയ്യാനുള്ള ശ്രമം, വാക്സിനുകള്‍ക്കു വേണ്ടി കൊണ്ടു പിടിച്ച ഗവേഷണം, മരുന്നുകമ്പനികളെ ആശ്രയിക്കല്‍ തുടങ്ങിയ സ്ഥിരം രീതികള്‍ മാത്രമാണ് അവരുടെ കയ്യില്‍ ഉണ്ടായിരുന്നത്. ഈ രാഷ്ട്രങ്ങള്‍ സാമൂഹ്യപ്രതിരോധത്തിനു തയ്യാറായിരുന്നില്ല എന്നു മാത്രമല്ല രോഗം പടര്‍ന്നു പിടിച്ചാല്‍ ചികത്സിക്കാന്‍ ആവശ്യമായ പൊതുജനാരോഗ്യസംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. നാടു മുഴുവനും ഉണ്ടായിരുന്ന സ്വകാര്യ സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രികളില്‍ ഇത്തരം വ്യാധികള്‍ ചികില്സിക്കാനുള്ള പ്രാഥമിക സംവിധാനങ്ങള്‍ പോലും ഉണ്ടായിരുന്നില്ല മാസ്കുകള്‍, സാനിറ്റൈസറുകള്‍, പിപിഇ കിറ്റുകള്‍, വെന്‍റിലേറ്ററുകള്‍ തുടങ്ങിയവയ്ക്കു പോലും ക്ഷാമം നേരിട്ടു. പൊതുജനാരോഗ്യം ലാഭത്തില്‍ മാത്രം താല്പര്യമുള്ള വ്യവസായമേഖലയെ ഏല്‍പ്പിച്ചതിന്‍റെ ദുരന്തമാണ് ഇവിടെയെല്ലാം കണ്ടത്. ബ്രിട്ടനില്‍ ശക്തമായിരുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ മാര്‍ഗരറ്റ് താച്ചര്‍ ഇല്ലാതാക്കിയതിന്‍റെ യഥാര്‍ത്ഥ ദുരന്തം ഇപ്പോഴാണ് പ്രത്യക്ഷപ്പെട്ടത്. അവരുടെ പിന്‍ഗാമി പോലും കോവിഡ് രോഗബാധിതനായത് ദുരന്തത്തിന്‍റെ മാറ്റുകൂട്ടുകയും ചെയ്തു. അമേരിക്കയില്‍ ഒരു പൊതുജനാരോഗ്യസംവിധാനമുണ്ടാകണം എന്ന ആവശ്യം ഒബാമ ഭാഗികമായെങ്കിലും അംഗീകരിച്ചതാണ് ട്രംപ് എടുത്തുകളഞ്ഞത്. ഇറ്റലിയില്‍ പൂര്‍ണമായും സ്വകാര്യമേഖലയുടെയും മതമേഖലയുടെയും നിയന്ത്രണത്തിലാണ് ആരോഗ്യസംവിധാനങ്ങള്‍. മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളിലും അതുപോലെ തന്നെയാണ്. ഭേദപ്പെട്ട സംവിധാനങ്ങളുള്ള സ്വീഡനിലും ഡെന്മാര്‍ക്കിലും കോവിഡ് വ്യാപിച്ചത് ഈ ദൗര്‍ബല്യത്തെ വിളിച്ചറിയിക്കുന്നു.ചുരുക്കത്തില്‍ വില്പനയുടെ സാമ്പത്തികശാസ്ത്രത്തില്‍ മനുഷ്യര്‍ പ്രവേശിക്കുന്നത് ഉപഭോക്താക്കള്‍ മാത്രമായാണ്. അവര്‍ക്ക് ഉപഭോഗം നടത്താനാകാത്ത വസ്തുക്കള്‍ നിര്‍മിച്ചുകൂട്ടിയാലും അവര്‍ക്കാവശ്യമുള്ള വസ്തുക്കള്‍ നിര്‍മിക്കാന്‍ കഴിയാതിരുന്നാലും അത് വില്പനയുടെ അതായത് മുതലാളിത്തത്തിന്‍റെ പ്രതിസന്ധിയാണ് . ഇതിനെ പലപ്പോഴും മുതലാളിത്തരാഷ്ട്രങ്ങള്‍ മറികടക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ സംഭവിക്കുമ്പോള്‍ ഭരണകൂടം തന്നെ നേരിട്ട് ഇടപെട്ടാണ്. യുദ്ധക്കെടുതികളെയും മുതലാളിമാര്‍ അവരുടെ തോന്ന്യാസങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്ന കെടുതികളെയും ഇത്തരത്തില്‍ അതിജീവിക്കാനുള്ള തന്ത്രങ്ങള്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ തന്നെ നല്‍കുന്നുണ്ട്. പക്ഷേ പരിസ്ഥിതിദുരന്തങ്ങള്‍, ഇപ്പോള്‍ സംഭവിക്കുന്നതുപോലുള്ള ജൈവപ്രതിസന്ധികള്‍ തുടങ്ങിയവ കച്ചവടത്തിന്‍റെ ലോജിക്കില്‍ നിന്ന് പരിഹരിക്കാവുന്നവയല്ല. ന്യൂക്ലിയര്‍ യുദ്ധഭീഷണിക്കുള്ള മറുപടി ആണവയുദ്ധം ചെയ്യാതിരിക്കുക എന്നതാണ്. അതുപോലും ഒരു ജീവിയാണെന്നു പോലും പറയാന്‍ സാധിക്കാത്ത വൈറസിന്‍റെ കാര്യത്തില്‍ എങ്ങനെ ഉപയോഗിക്കാമെന്നതിനു ഒരു എത്തും പിടിയുമില്ല. സാമ്രാജ്യത്വം നേരിടുന്ന ഏറ്റവും ഭയാനകമായ പ്രതിസന്ധിയാണിത്.
പതിന്നാലാം നൂറ്റാണ്ടില്‍ ബുബോണിക് പ്ളേഗ് ബാധിച്ച് യൂറോപ്പിലെ മൂന്നിലൊന്നു ഭാഗം ജനങ്ങള്‍ ചത്തൊടുങ്ങിയപ്പോള്‍ യൂറോപ്യന്‍മാര്‍ നിര്‍വൃതി കണ്ടെത്തിയത് പ്ളേഗ് പരത്തിയത് കിഴക്കു നിന്നുള്ള പ്രാകൃതന്മാരാണെന്നു വാദിച്ച് അവരുടെ മേല്‍ കുതിര കയറി ആയിരുന്നു. പിന്നീട് ഇവര്‍ ഇന്ത്യയില്‍ ചൈനയിലും മറ്റുമെത്തിയപ്പോള്‍ മലമ്പനിയും കോളറയും ടൈഫോയിഡും അവരെ നടുക്കി. അതില്‍ നിന്നു രക്ഷപ്പെടാനായി സ്വയം ഹില്‍ സ്റ്റേഷനുകള്‍ ഉണ്ടാക്കി, അവിടെ പോയി താമസിച്ചു. ഇവിടെ ചത്തൊടുങ്ങുന്നവരെ എങ്ങനെ പരിചരിക്കണം എന്നതിനെപ്പറ്റി പ്രത്യേകിച്ചോരു ധാരണയുമുണ്ടായിരുന്നില്ല. വാക്സിനുകള്‍ കണ്ടെത്തിയതോടെ അതിനൊരു പരിഹാരമായി. പിന്നെയും ആരോഗ്യസംവിധാനങ്ങള്‍ വളര്‍ന്നു വരാതിരുന്നതുകൊണ്ടു കേരളത്തില്‍ പോലും പതിനായിരങ്ങളാണ് 1940 കളില്‍ കോളറ ബാധിച്ച് മരിച്ചത്. അതുകഴിഞ്ഞു ചില ദശകങ്ങള്‍ക്കകം വികസിത മുതലാളിതരാഷ്ട്രങ്ങളെ വരെ വിറങ്ങലിപ്പിച്ച ഒരു പ്രതിസന്ധിയെ നാം തടഞ്ഞു നിര്‍ത്തുകയാണ്. ഇതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാരണം നമ്മുടെ, ആഴത്തില്‍ വേരൂന്നിയ പൊതുജനാരോഗ്യസംവിധാനങ്ങളാണെന്നതില്‍ യാതൊരു സംശയവുമില്ല. അതിനോടൊപ്പം കഴിഞ്ഞ ദശകങ്ങളില്‍ സാമൂഹ്യ ജനാധിപത്യ പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നു വരികയും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടര്‍ച്ചയായി നേരിടേണ്ടിവന്ന പാരിസ്ഥിതികവും ജൈവവുമായ പ്രതിസന്ധികളെ തരണം ചെയ്യുന്നതിലൂടെശക്തി പ്രാപിക്കുകയും ചെയ്ത സാമൂഹ്യജാഗ്രതയുടെയും ലാഭാധിഷ്ഠിതമല്ലാത്ത സന്നദ്ധപ്രവര്‍ത്തനത്തിന്‍റെയും സങ്കല്പവും ചേര്‍ന്നാണ് നമ്മെ ഇവിടെ വരെ എത്തിക്കുന്നത്.


ഇത് സൃഷ്ടിക്കാന്‍ മുതലാളിത്തത്തിന് സാധ്യമല്ല. മുതലാളിത്തത്തിന് തൊഴിലാളികളെക്കൊണ്ടു പണിയെടുപ്പിച്ച് ഉത്പാദനം നടത്തി വില്‍ക്കാന്‍ കഴിയും. നേടിയ ലാഭത്തെ ഉപയോഗപ്പെടുത്തി പുതിയ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും വികസിപ്പിക്കുകയും അവയെ ശക്തമായ പ്രചാരണതന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി കമ്പോളത്തില്‍ എത്തിക്കാനും കഴിയും. എന്നാല്‍ അതിനപ്പുറം പോകാന്‍, സമൂഹത്തിന്‍റെ ഭാഗധേയങ്ങള്‍ മൊത്തത്തില്‍ തീരുമാനിക്കാന്‍ അവര്‍ക്കു കഴിയുകയില്ല. അത്തരം എല്ലാ തീരുമാനങ്ങളിലും ലാഭനഷ്ടക്കണക്കുകള്‍ ഇടപെടും. പഴി ചാരല്‍, ഭീഷണികള്‍. മര്‍ദനമുറകള്‍, യുദ്ധങ്ങള്‍ തുടങ്ങിയ സാമ്പ്രദായികരീതികളാണ് അവരുടെ ആശ്രയം. മതം,ജാതി, വംശം, ലിംഗപരമായ ഭിന്നതകള്‍ തുടങ്ങിയവയെ അവര്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. ഇത്തരം വിദ്യകളുപയോഗിച്ച് സ്വന്തം പ്രതിസന്ധികളെ മറികടക്കുക എന്നതല്ലാതെ മനുഷ്യരാശിയുടെ ക്ഷേമം ഉറപ്പുവരുത്തുന്ന രീതികള്‍ അവരുടെ കൈവശമില്ല. കോവിഡ് വ്യാപനത്തിന്‍റെ കാരണക്കാര്‍ ചൈനയാണെന്നു ട്രംപ് ആവര്‍ത്തിച്ചു പറയുമ്പോഴും, വിദേശികളെ കടത്താതിരിക്കാന്‍ സ്വന്തം അതിര്‍ത്തികള്‍ അടച്ചിടുമ്പോഴും അമേരിക്ക ചെയ്യുന്നത് പലതവണ പയറ്റിയ സൂത്രങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ്. അതുകൊണ്ടൊന്നും ലോകയുദ്ധങ്ങളില്‍ പോലും അനുഭവിക്കാത്ത വിധത്തിലുള്ള കൂട്ടക്കുരുതിയെ അതിജീവിക്കാന്‍ ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രത്തിനു കഴിയുന്നില്ല എന്ന വസ്തുതയുമുണ്ട്. ഈയിടെയായി ട്രംപിന് നേരിടേണ്ടി വന്ന ഉത്തരകൊറിയയിലെ ഭരണാധികാരിക്ക് മസ്തിഷ്കമരണം സംഭവിച്ചിരിക്കുന്നു എന്നും മറ്റുമുള്ള വാര്‍ത്തയും ഇതിന്‍റെ ഭാഗമാണ് .സ്വന്തം പ്രതിസന്ധിയെ മറ്റുള്ളവരുമായുള്ള സംഘര്‍ഷം വഴി മുതലാക്കുക എന്ന പഴയ തന്ത്രമാണ് ഇവിടെയെല്ലാം കാണുന്നത്. വരാന്‍ പോകുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കളിയും ഇവിടെ കാണാം.


213 രാജ്യങ്ങളിലാണ് ഇപ്പോള്‍ കോവിഡ് പടര്‍ന്നിരിക്കുന്നത്. പരിമിതികള്‍ നിലനില്‍ക്കെ തന്നെ മനുഷ്യരാശിയെ മുന്നില്‍ കണ്ട് സഹായ ഹസ്തം നീട്ടാന്‍ തയ്യാറാകുന്നത് ചൈനയും ക്യൂബയും പോലുള്ള രാജ്യങ്ങളാണ്. സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ മാത്രമല്ല അവരുടെ പിണിയാളുകളായ സംഘടനകള്‍ പോലും ഇതുവരെ കോവിഡില്‍ കുടുങ്ങിയ രാജ്യങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം നല്‍കാന്‍ തയ്യാറായിട്ടില്ല. അങ്ങനെ സഹായിക്കാന്‍ സാധ്യതയുണ്ടായിരുന്ന ലോകാരോഗ്യസംഘടനയ്ക്കുള്ള ധനസഹായം അമേരിക്ക പിന്‍വലിക്കുകയും ചെയ്തു. സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് രാജ്യങ്ങള്‍ വരുന്നു എന്ന ഐഎംഎഫ് മേധാവിയുടെ വിലാപം മാത്രമാണ് കേള്‍ക്കുന്നത്. സാമ്രാജ്യത്വത്തിന്‍റെ മാത്രമല്ല അവരുടെ സംരക്ഷണത്തില്‍ കെട്ടിയുയര്‍ത്തിയ എല്ലാ സംവിധാനങ്ങളുടെയും മൂടുപടം ഇപ്പോള്‍ വലിച്ചു കീറിയെറിയപ്പെട്ടിരിക്കുകയാണ്. കൊച്ചുകേരളത്തിന് ഇതുവരെ ചെയ്യാന്‍ കഴിഞ്ഞതുപോലും ഇവര്‍ക്ക് ചെയ്യാന്‍ കഴിയുന്നില്ലെന്ന് വ്യക്തമാവുകയാണ്.


ഇവിടെയാണ് ലെനിന്‍റേയും റഷ്യന്‍ വിപ്ലവത്തിന്‍റെയും പ്രസക്തി നാം വീണ്ടും ഓര്‍ക്കുന്നത്. സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ അവരുടെ കോളനികള്‍ക്കും മൂലധനത്തിനും വിഭവങ്ങള്‍ക്കും വേണ്ടി നടത്തിയ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ഒരു രാഷ്ട്രമായിരുന്നു റഷ്യ. ലെനിന്‍റെ ഭാഷയില്‍ സാമ്രാജ്യത്വത്തിലെ ദുര്‍ബലമായ കണ്ണി. യുദ്ധത്തിന്‍റെ അന്ത്യം റഷ്യന്‍ ജനതയുടെ ജീവിതത്തിന്‍റെ നിലനില്‍പ്പിനു ആവശ്യമായിരുന്നു. തനതായൊരു ജീവിതം സൃഷ്ടിക്കാനുള്ള റഷ്യന്‍ ജനതയുടെ മോഹമാണ് റഷ്യന്‍കമ്യൂണിസ്റ് പാര്‍ടി വിപ്ലവത്തിലൂടെ സാക്ഷാല്‍ക്കരിച്ചത്. അതിനു സാമ്രാജ്യത്വവുമായുള്ള ബന്ധം പിഴുതെറിയേണ്ടത് ആവശ്യമാണെന്നും ഒപ്പം തന്നെ ജനവിരുദ്ധ സാര്‍ ഭരണകൂടം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ തിരിച്ചറിഞ്ഞു. അവര്‍ സൃഷ്ടിക്കുന്ന പുതിയ ലോകത്തിന്‍റെ അടിത്തറ ലാഭാധിഷ്ഠിതമായ സാമ്പത്തികക്രമമല്ല,, സഹോദര്യത്തിലും സമത്വത്തിലും അധ്ഷ്ഠിതമായ ഉല്പാദനരൂപങ്ങളാണെന്നും അവര്‍ കണ്ടെത്തി. ഇപ്പോള്‍ വീണ്ടും ലോകം നേരിടുന്ന അടിസ്ഥാനവൈരുദ്ധ്യം അതുതന്നെയാവുകയാണ്. ലാഭാധിഷ്ഠിതമായ ക്രമം ജനങ്ങളുടെ കൂട്ടക്കുരുതിയിലേക്ക് നയിക്കുമ്പോള്‍ സഹോദര്യത്തിലും സഹാനുഭൂതിയിലും സന്നദ്ധപ്രവര്‍ത്തനത്തിലും അധിഷ്ഠിതമായ മറ്റൊരു രീതി ജനങ്ങളെ ജീവിതത്തിലേക്ക് നയിക്കുകയാണ്. ഇതില്‍ നമ്മുടെ കേരളം ചെറുതല്ലാത്ത പങ്കു വഹിക്കുന്നു എന്നത് നാം അഭിമാനത്തോടെ കാണേണ്ടതുണ്ട്.