ചരിത്രം മാറ്റിയെഴുതാന്‍ വികസനമുന്നേറ്റജാഥകള്‍

എ വിജയരാഘവന്‍

ഫെബ്രുവരി 13, 14 തീയതികളില്‍ യഥാക്രമം കാസര്‍കോട് ജില്ലയിലെ ഉപ്പളയില്‍നിന്നും എറണാകുളത്തുനിന്നും എല്‍ഡിഎഫിന്‍റെ ആഭിമുഖ്യത്തില്‍ രണ്ട് വികസനമുന്നേറ്റ ജാഥകള്‍ പ്രയാണമാരംഭിക്കുകയും ഫെബ്രുവരി 26ന് തൃശൂരിലും തിരുവനന്തപുരത്തും വലിയ ബഹുജനറാലിയോടുകൂടി സമാപിക്കുകയും ചെയ്തു. വടക്കന്‍ ജില്ലകളില്‍ പര്യടനം നടത്തിയ ജാഥയ്ക്ക് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും തെക്കന്‍ ജില്ലകളില്‍ പര്യടനം നടത്തിയ ജാഥയ്ക്ക് ബിനോയ് വിശ്വം എംപിയും  നേതൃത്വം നല്‍കി. ഉപ്പളയില്‍ നിന്നാരംഭിച്ച ജാഥ മുഖ്യമന്ത്രി പിണറായി വിജയനും എറണാകുളത്തുനിന്നാരംഭിച്ച ജാഥ സിപിഐ സെക്രട്ടറി ഡി രാജയുമാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തി കാലിക രാഷ്ട്രീയ നിലപാടുകള്‍ ജനങ്ങളുമായി വിനിമയം ചെയ്യാനാണ് ഈ ജാഥയെ എല്‍ഡിഎഫ് ഉപയോഗപ്പെടുത്തിയത്.  ജനപങ്കാളിത്തംകൊണ്ട് വളരെ ശ്രദ്ധേയമായ രാഷ്ട്രീയ ഇടപെടലുകള്‍കൂടിയായിരുന്നു എല്‍ഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥകള്‍. 


കോവിഡ് പശ്ചാത്തലത്തില്‍ പൊതുവേ വിപുലമായ ജനകീയ ക്യാമ്പയിനുകള്‍ക്ക് പരിമിതിയുണ്ട്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടുള്ള പ്രചാരണം എന്ന നിലയില്‍ത്തന്നെയാണ് എല്‍ഡിഎഫ് ഈ ജാഥകള്‍ സംഘടിപ്പിച്ചത്. ഹാരാര്‍പ്പണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയ ജാഥാ പരിപാടിയാണ് സംഘടിപ്പിച്ചത്. സാമൂഹ്യ അകലം പാലിച്ച് ആളുകള്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശമുണ്ടായി. മാസ്ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യാനുള്ള സംവിധാനമുണ്ടാക്കി. ഈ പങ്കാളിത്തത്തില്‍ പരിമിതിയുണ്ടാകും എന്ന ആശങ്കയെ അസ്ഥാനത്താക്കിയാണ് ജാഥയെ സ്വീകരിക്കാന്‍ വലിയ തോതില്‍ ജനങ്ങള്‍ ഒഴുകിയെത്തിയത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്‍റ് കേരളീയ സമൂഹഘടനയില്‍ സൃഷ്ടിച്ച നവീന വികസനസമീപനത്തിന്‍റെ നേര്‍ക്കാഴ്ചകളിലൂടെയാണ് ജാഥ പര്യടനം നടത്തിയത്. ഈ വികസന കാഴ്ചപ്പാടില്‍ സൂക്ഷ്മതലത്തില്‍ എല്ലാ കേരളീയര്‍ക്കും അവരുടെ ജീവിതത്തെ മെച്ചപ്പെടുത്താന്‍ സഹായകമായ  സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്‍റ് സ്വീകരിച്ചത്. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 166 ശതമാനം വര്‍ധിപ്പിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്‍റ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ സാമൂഹ്യ പെന്‍ഷനുകള്‍ ഒന്നരവര്‍ഷം വിതരണം ചെയ്യാതെ വയോജനങ്ങളെ പട്ടിണിക്കിടുന്ന ക്രൂരതയാണുണ്ടായത്. ഇപ്പോള്‍ അവരുടെ വീടുകളില്‍ ഈ തുക എല്ലാ മാസവും നേരിട്ടെത്തിക്കുന്നു. 

ഇന്ന് 60 ലക്ഷത്തോളം പേര്‍ ഈ ആനുകൂല്യം അനുഭവിക്കുന്നുണ്ട്. പൊതുവിതരണ സമ്പ്രദായത്തിന്‍റെ ആനുകൂല്യം 85 ലക്ഷം വീടുകളിലെത്തിക്കാന്‍ കോവിഡ് കാലത്ത് സര്‍ക്കാരിന് സാധിച്ചത് ശ്രദ്ധേയമായി. നാലു മിഷനുകളുടെ പ്രവര്‍ത്തനം വിവിധ മേഖലകളിലുണ്ടാക്കിയ മികവ് ഓരോ കുടുംബത്തിനും സഹായകമായി. 


ഇന്നത്തെ ലോകക്രമത്തില്‍ വിദ്യാഭ്യാസത്തിന്‍റെ വാണിജ്യവല്‍ക്കരണം എല്ലാ മുതലാളിത്ത രാജ്യങ്ങള്‍ക്കകത്തും വലിയ സാമൂഹ്യ പ്രശ്നമായിട്ടുണ്ട്. വിദ്യാഭ്യാസ ലോണുകള്‍ പുതുതലമുറയെ യൗവനാരംഭത്തില്‍ത്തന്നെ വലിയ കടക്കാരാക്കി. ശാസ്ത്ര-സാങ്കേതിക മികവ് നേടാന്‍ കഴിയാത്തവര്‍ വലിയതോതില്‍ പിന്തള്ളപ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷനില്‍ പിന്നോക്കം നില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പഠിക്കുന്ന പാവപ്പെട്ടവര്‍ക്ക് തൊഴില്‍സാധ്യതയും വളരെയേറെ കുറഞ്ഞുപോകുന്നു. തൊഴിലാളികളും താഴ്ന്ന ഇടത്തരക്കാരും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കപ്പെടാനിടയാക്കുന്ന സാമൂഹ്യ വിപത്താണിത്. വലതുപക്ഷരാഷ്ട്രീയക്കാര്‍ തങ്ങളുടെ സ്വാര്‍ഥതാല്‍പ്പര്യത്തിനായി ഈ വിഷയം പ്രചരണായുധമാക്കുകയും ചെയ്യുന്നു. വിദ്വേഷ രാഷ്ട്രീയത്തിന്‍റെ വേരന്വേഷിക്കുമ്പോള്‍ ഇതും ഒരു പ്രധാന കാരണമാണ്. വിദ്യാഭ്യാസ അസന്തുലിതാവസ്ഥ അവര്‍ ആയുധമാക്കുന്നത് കാണാനാവും. പതിനായിരക്കണക്കിന് ഡിജിറ്റല്‍ ക്ലാസ് മുറികള്‍, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചുകൊണ്ട് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയിലുണ്ടാക്കിയ മാറ്റമാണ് ഏഴ് ലക്ഷത്തോളം പുതിയ വിദ്യാര്‍ഥികളെ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ വിട്ട് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തോടടുപ്പിച്ചത്. 


കോവിഡ് കാലത്ത് എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കിയ കേരളത്തിന്‍റെ സാര്‍വത്രിക ആരോഗ്യ സൗകര്യം ലോകശ്രദ്ധയാകര്‍ഷിച്ചു. അനാഥാവസ്ഥയില്‍നിന്ന് ഈ ആശുപത്രികളെ മികവാര്‍ന്ന ആതുര ശുശ്രൂഷാ കേന്ദ്രമാക്കാന്‍ അഞ്ചുവര്‍ഷംകൊണ്ട് കേരള സര്‍ക്കാരിനായി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും മെഡിക്കല്‍ കോളേജുകളും നവീനസൗകര്യങ്ങളാല്‍ സമൃദ്ധമാക്കപ്പെട്ടു. ഡോക്ടര്‍മാരുടെ സ്ഥലംമാറ്റത്തിന് പണമീടാക്കുന്ന സംവിധാനം പഴയ കഥയായി. വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പൊതുജനാരോഗ്യമേഖലയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. 

നാല്‍പ്പതിനായിരം ഹെക്ടര്‍ സ്ഥലത്ത് പുതുതായി നെല്‍കൃഷി ആരംഭിച്ചു. നെല്ലിന്‍റെ താങ്ങുവിലയില്‍ കേന്ദ്ര സബ്സിഡിയേക്കാള്‍ നാല്‍പ്പത് ശതമാനം അധികം നല്‍കി കേരള സര്‍ക്കാര്‍ നെല്ലു സംഭരിച്ചു. രണ്ടു ലക്ഷത്തോളം പേര്‍ ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളായി. പ്രളയവും കോവിഡ് മഹാമാരിയും അപകടങ്ങളുണ്ടാക്കിയ കാലത്തെ അതിജീവിച്ചാണ് കേരളം വ്യക്തിഗത സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയ വികസന മുന്നേറ്റമുണ്ടാക്കിയത്. തിരഞ്ഞെടുപ്പ് പ്രകടന പത്രിക കേരളത്തില്‍ ഇന്ന് എല്ലാവരാലും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു 'അവകാശപത്രിക'യായി മാറിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ അത് ഏതാണ്ട് പൂര്‍ണമായി നടപ്പിലാക്കി പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ എല്ലാ വര്‍ഷവും പ്രസിദ്ധീകരിച്ചപ്പോഴാണ്. നാനാമേഖലകളിലും ഈ വികസന കാഴ്ചപ്പാട് സമൂഹത്തിന്‍റെ താഴെ തട്ടിലുള്ള ഓരോ കുടുംബത്തിന്‍റെയും ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഒന്നായി ഭാവിയില്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുമെന്ന ഇടതുപക്ഷ വീക്ഷണം ജാഥയുടെ സ്വീകാര്യത വര്‍ധിപ്പിച്ച പ്രധാന ഘടകമായി. 


ദീര്‍ഘകാല ലക്ഷ്യംവച്ചുകൊണ്ട് വലിയ മൂലധന നിക്ഷേപം നടത്താന്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ പരിശ്രമം ഇതിനകം സാര്‍വദേശീയ ശ്രദ്ധ നേടിയ ഒന്നാണ്. ബജറ്റിന്‍റെ നികുതി ഘടനയെയും കടമെടുക്കാനുള്ള അവകാശത്തെയും  നിയന്ത്രിക്കുന്ന കേന്ദ്രനിയമങ്ങളുടെ സമ്മര്‍ദത്തിന് വിധേയമായി സാമ്പത്തികമായും സംസ്ഥാനങ്ങള്‍ വീര്‍പ്പുമുട്ടുകയാണ്. ജിഎസ്ടി വന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി. പൊതുനിക്ഷേപം നടത്താനുള്ള സാധ്യതകള്‍ ബജറ്റുകളില്‍ പരിമിതമാകുന്ന സ്ഥിതിയാണ് ഇതുവഴിയുണ്ടായത്. കിഫ്ബി വഴി  കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പതിനായിരക്കണക്കിന് കോടി രൂപ സമാഹരിച്ച്  അടിസ്ഥാന സൗകര്യമേഖലകളില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഇത് കേരള ഗവണ്‍മെന്‍റിന്‍റെ ഏറ്റവും വലിയ നേട്ടമാണ്. നൂറുകണക്കിന് പുതിയ സ്കൂള്‍ കെട്ടിടങ്ങളും പാലങ്ങളും ചെറിയ കാലംകൊണ്ട് നിര്‍മിക്കപ്പെട്ടു. മുടങ്ങിക്കിടന്ന ദേശീയപാതയുടെ നിര്‍മാണം ത്വരിതഗതിയില്‍ മുന്നോട്ടുനീങ്ങുന്നു. വഴിമുട്ടിനിന്ന ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ നിശ്ചയദാര്‍ഢ്യമുള്ള നിലപാടിലൂടെ പൂര്‍ത്തീകരിക്കാന്‍  എല്‍ഡിഎഫ് സര്‍ക്കാരിനായി. സെമി സ്പീഡ് റെയില്‍വേ ലൈന്‍, മലയോര - തീരദേശ ഹൈവേകള്‍, സംസ്ഥാനത്തെ പൂര്‍ണമായി ബന്ധിപ്പിക്കുന്ന ദേശീയ ജലപാത എന്നിവയും കേരളത്തിന്‍റെ വികസനദൃഷ്ടാന്തങ്ങളാണ്. ശാസ്ത്ര-സാങ്കേതിക മികവിനെ ഓരോ വീട്ടിലും എത്തിക്കാനും വേഗമേറിയ ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ വിപുലപ്പെടുത്താനും സര്‍ക്കാര്‍  മുന്‍കൈയെടുത്തു. അഭ്യസ്തവിദ്യരായ യുവതികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുകയാണ്. ഇരുപതുലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കാനുള്ള വാഗ്ദാനവും അത് പ്രായോഗികമാക്കാനുള്ള നടപടിയും ഇതിനകം കേരള സര്‍ക്കാര്‍ സ്വീകരിച്ചു. സൂക്ഷ്മതലത്തിലും വിപുലമായ കാഴ്ചപ്പാടിലും വികസനത്തെ സമന്വയിപ്പിക്കാന്‍ കഴിഞ്ഞതും അത് പ്രാവര്‍ത്തികമാക്കിയതുമാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്‍റിന്‍റെ ഏറ്റവും വലിയ പ്രത്യേകത. 


ലോക സാമ്പത്തിക തകര്‍ച്ചയുടെ പ്രത്യേക പരിതഃസ്ഥിതിയില്‍ കോവിഡാനന്തര ലോക ഘടനയില്‍ കൂടുതല്‍ രൂക്ഷമാകാനിടയുള്ള സാമൂഹ്യ ദുരിതങ്ങളുമായി ബന്ധപ്പെടുത്തി ലോകത്തിലേക്ക് വ്യാപിച്ചുകിടക്കുന്ന മലയാളി സമൂഹത്തെ കരുതലോടെ കാണുക എന്ന നവീന കാഴ്ചപ്പാടാണ് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്‍റ് നടത്തുന്നത്. ജനങ്ങളുടെ അനുഭവസാക്ഷ്യങ്ങളായ വികസന യാഥാര്‍ഥ്യങ്ങളെയാണ് ജാഥയില്‍ മുഴുനീളെ വിശദീകരിച്ചത്. കേരള സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ജനങ്ങള്‍ക്കുള്ള അടുപ്പവും മതിപ്പും ജാഥാ സ്വീകരണങ്ങളിലുടനീളം ദൃശ്യമായി. ഗവണ്‍മെന്‍റിനെതിരെ പ്രതിപക്ഷത്തുള്ള യുഡിഎഫും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് സ്വാധീനം വിപുലപ്പെടുത്താന്‍ ശ്രമിക്കുന്ന ബിജെപിയും നടത്തുന്ന കള്ളപ്രചാരണങ്ങള്‍ ജനങ്ങള്‍ നിരാകരിക്കുന്നുവെന്നതിന്‍റെ തെളിവുകൂടിയാണ് ജാഥയിലെ ജനപങ്കാളിത്തം. 

യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള ഭരണരംഗത്തെ ഏറ്റവും വലിയ വ്യത്യാസം അഴിമതിയോടുള്ള സമീപനത്തിന്‍റേതുകൂടിയാണ്. പാലാരിവട്ടം പാലം നിര്‍മാണത്തിന് നേതൃത്വം നല്‍കിയ യുഡിഎഫ്കാലത്തെ വകുപ്പുമന്ത്രി അഴിമതിയുടെ  പേരില്‍ ജയിലില്‍ കിടന്നത് ഈ അടുത്ത കാലത്താണ്. ഓരോ ആവശ്യത്തിനും സര്‍ക്കാര്‍ ഓഫീസില്‍ പണമീടാക്കി സേവനം നല്‍കുന്നതാണ് യുഡിഎഫ് രീതി. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യം ജനങ്ങള്‍ക്കുള്ള അവകാശമായി അവരിലെത്തിക്കാന്‍, അഴിമതിരഹിതമായ ഭരണം നടത്താന്‍ കഴിഞ്ഞ കേരള സര്‍ക്കാരിനോടുള്ള സ്നേഹാദരവ് ജാഥയുടെ സ്വീകാര്യത വര്‍ധിപ്പിച്ച പ്രധാന ഘടകമായി. 


തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയം യുഡിഎഫിനെയും ബിജെപിയെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. എല്‍ഡിഎഫ് തുടര്‍ഭരണം കേരളത്തില്‍ വരാതിരിക്കാന്‍ ഹീനമായ രാഷ്ട്രീയ നീക്കുപോക്കുകള്‍ പരസ്പരം ഉണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. എല്ലാ വര്‍ഗീയതകളോടും യുഡിഎഫ് സന്ധി ചെയ്യുന്നത് ദശാബ്ദങ്ങളായി കേരളത്തില്‍ പതിവുകാഴ്ചയാണ്. കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബിജെപി അതിന്‍റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളുടെ വേഗത വര്‍ധിപ്പിച്ചിട്ടുണ്ട്. അയോധ്യയില്‍ പള്ളി പൊളിച്ച് അമ്പലം പണിയുന്നതിന് സെക്കുലര്‍ ഇന്ത്യയുടെ പ്രധാനമന്ത്രി  തറക്കല്ലിടുന്നത് ആര്‍എസ്എസിന്‍റെ വിദ്വേഷ രാഷ്ട്രീയത്തിന് സാധൂകരണം നല്‍കുന്നു. സംഘപരിവാറിനെയും ബിജെപിയെയും തുറന്നെതിര്‍ക്കുന്നതിനു പകരം മൃദു ഹിന്ദുത്വ നിലപാടാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കേന്ദ്ര കോണ്‍ഗ്രസിന്‍റെ നിലപാട്. ഇത്തരം അവസരവാദത്തെ നിശിതമായി എതിര്‍ത്ത് ഹിന്ദുത്വ ശക്തികള്‍ക്കെതിരെ സുവ്യക്തവും ചാഞ്ചാട്ടമില്ലാത്തതുമായ നിലപാടെടുക്കുന്നത് ഇടതുപക്ഷമാണ്. കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചാല്‍ പൗരത്വ ഭേദഗതി നിയമം പൊടിതട്ടിയെടുത്ത് നടപ്പിലാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ തീരുമാനത്തിന് മുന്നില്‍ കേരളം മുട്ടുമടക്കില്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് വികസന മുന്നേറ്റജാഥ ഉദ്ഘാടനം ചെയ്തത്. 


പ്രതിദിനം പെട്രോളിനും പാചകവാതകത്തിനും വില വര്‍ധിപ്പിക്കുന്ന തീരുമാനങ്ങളെടുക്കുന്ന കേന്ദ്രഭരണത്തോടുള്ള ജനങ്ങളുടെ കടുത്ത രോഷം ജാഥാ സ്വീകരണത്തിലുടനീളം ദൃശ്യമായിരുന്നു. കോര്‍പറേറ്റ് ലാഭം വര്‍ധിപ്പിക്കുന്നതിനുവേണ്ടി ഭരണനിര്‍വഹണം നടത്തുന്ന ഒരു കേന്ദ്ര ഗവണ്‍മെന്‍റാണ് ഇന്ന് ഇന്ത്യയിലുള്ളത്. ബിജെപിക്കൊപ്പം കോണ്‍ഗ്രസും ഈ നയത്തെയാണ് പിന്തുടരുന്നതെന്ന് ജനങ്ങള്‍ക്കിടയില്‍ വ്യക്തമാക്കാന്‍ ഈ വികസന മുന്നേറ്റജാഥയ്ക്കു സാധിച്ചു. സംഘപരിവാര്‍ ശക്തികള്‍ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാന്‍ കോണ്‍ഗ്രസില്‍നിന്നുള്ള കാലുമാറ്റം ലക്ഷ്യമിട്ടിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ പുതുശേരിയില്‍ കൂട്ടത്തോടെ കാലുമാറി  ബിജെപിയായതും ഈ ജാഥാപര്യടനത്തിനിടയിലാണ്. കേരളത്തില്‍ ഇടതുപക്ഷത്തെ മുഖ്യ ശത്രുവായി കണ്ട് ബിജെപിയോട് യുഡിഎഫ് ഉണ്ടാക്കുന്ന അവസരവാദ നിലപാടുകള്‍ ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കാന്‍ ജാഥയ്ക്കു കഴിഞ്ഞു. കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം ഇന്നത്തെ രാഷ്ട്രീയ ഘടനയില്‍ ഉയര്‍ന്നുവരുന്ന വര്‍ഗീയതയുടെയും കോര്‍പറേറ്റ് അനുകൂല സാമ്പത്തിക നയത്തിന്‍റെയും പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കാന്‍ പ്രാപ്തിയില്ലാത്തവരായി ചുരുങ്ങുന്നത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട് എന്ന കാര്യവും ജാഥാ പര്യടനത്തില്‍ വ്യക്തമായി. രാഹുല്‍ - പ്രിയങ്ക ദ്വയത്തിന് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന അഗാധ പ്രതിസന്ധിയെ നേരിടാന്‍ പ്രാപ്തിയില്ലെന്ന് ബോധ്യപ്പെട്ട രാഷ്ട്രീയ സന്ദര്‍ഭംകൂടിയായിരുന്നു ജാഥയുടെ പര്യടനകാലം. 


ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്‍റ് തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകണം എന്ന താല്‍പ്പര്യം ജനങ്ങള്‍ക്കിടയില്‍ പ്രകടമായി. കോണ്‍ഗ്രസും ബിജെപിയും കേരളത്തിലുണ്ടാക്കുന്ന അവസരവാദ സഖ്യത്തോട് ഒരു മതിപ്പും കേരള ജനതയ്ക്കില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളുടെ മുന്നില്‍ തകരാത്ത രാഷ്ട്രീയ നിലപാടുള്ളതും ഇടതുപക്ഷത്തിന് മാത്രമാണ്. ഇക്കാര്യം കൂടുതല്‍ സുവ്യക്തമാക്കാനാണ് ജാഥയുടെ സ്വീകരണപരിപാടിയെ ഉപയോഗപ്പെടുത്തിയത്. കോവിഡാനന്തര ലോകം പണിയെടുക്കുന്നവരുടെ ജീവിത പരിതഃസ്ഥിതിയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ പോവുകയാണ്. തൊഴിലിടങ്ങള്‍ സ്വന്തം വീടുകളിലേക്ക് ചുരുങ്ങുകയാണ്. സാധാരണക്കാരന്‍ ഡിജിറ്റല്‍ മേധാവിത്വത്തിന് കീഴ്പ്പെടുകയും കായിക തൊഴിലുകള്‍ കുറയുകയും ചെയ്യുന്ന പുതിയകാല പ്രതിസന്ധികള്‍ ഓരോ നാളും പാവപ്പെട്ടവര്‍ അനുഭവിക്കാന്‍ പോവുകയാണ്. ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ വികസനത്തെ മുന്നോട്ടുകൊണ്ടുപോകാനും ഓരോ കുടുംബത്തെയും പ്രത്യേകം ശ്രദ്ധിച്ച് അവരുടെ ജീവിത നിലവാരം ഉയര്‍ത്താനുമുള്ള ഒരു ബദല്‍ നയം ഇന്ന് ആവശ്യമാണ്. 

മാസങ്ങളായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരമുയര്‍ത്തുന്ന നീതിയുടെ പ്രശ്നത്തെ നിരാകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നൂറുകോടി കൃഷിക്കാരെ മണ്ണില്‍നിന്ന് പറിച്ചെടുത്ത് തെരുവിലേക്ക് എറിയാന്‍ യാതൊരു മനഃസ്താപവും ബിജെപിക്കില്ല. സംഘപരിവാറിനെ അധികാരത്തിലെത്തിച്ച കോര്‍പറേറ്റുകളുടെ താളത്തിനനുസരിച്ചാണ് പാവപ്പെട്ട ഇന്ത്യക്കാരന്‍റെ ജീവിതം നിര്‍ണയിക്കപ്പെടുന്നത്. 

വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിച്ച് ജനകീയ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്താമെന്ന വ്യാമോഹമാണ് കേന്ദ്രഗവണ്‍മെന്‍റിനെ നയിക്കുന്നത്. ഈ സാഹചര്യത്തില്‍ അതില്‍നിന്നു വ്യത്യസ്തമായ രാഷ്ട്രീയ, സാമ്പത്തിക നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക ഗവണ്‍മെന്‍റാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള കേരള ഗവണ്‍മെന്‍റ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കേ ഈ സര്‍ക്കാരിന്‍റെ തുടര്‍ഭരണം ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയഘടനയില്‍ പ്രധാനമാണ്. അതിന്‍റെ പ്രതിസ്പന്ദനം ഇന്ത്യയിലാകെ അലയടിക്കും. ഈ രാഷ്ട്രീയ സമരത്തില്‍ സ്വന്തം പങ്കുവഹിക്കുമെന്ന പ്രതിജ്ഞയുമായാണ് പതിനായിരങ്ങള്‍ വികസനമുന്നേറ്റ ജാഥയെ സ്വീകരിക്കാനെത്തിയത്. 

കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ പ്രതിപക്ഷം നടത്തുന്ന കുപ്രചാരണങ്ങളെ ജനങ്ങള്‍ നിരാകരിക്കുന്ന കാഴ്ചയാണ് ജാഥാ സ്വീകരണങ്ങളില്‍ കണ്ടത്. പ്രതിപക്ഷത്തിന്‍റെയും ബിജെപിയുടെയും അക്രമസമരങ്ങള്‍ക്കൊപ്പമല്ല കേരളത്തിലെ ജനങ്ങള്‍ എന്നതിന്‍റെ പ്രഖ്യാപനംകൂടിയായി വികസനമുന്നേറ്റ ജാഥകള്‍. 

കേരളത്തിലെ നൂറ്റിനാല്‍പ്പത് നിയോജകമണ്ഡലങ്ങളിലൂടെയും ജാഥ കടന്നുപോകുമ്പോള്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമെല്ലാം ദൃശ്യമായ നിറഞ്ഞ പങ്കാളിത്തത്തിന്‍റെ ഒഴുക്ക് കേരളം കരുതലോടെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്‍റിനെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണമേല്‍പ്പിക്കും എന്നതിന്‍റെ ഉറപ്പുകൂടിയാണ്.•