ഓലപ്പാമ്പുകാട്ടി പേടിപ്പിക്കേണ്ട

രേന്ദ്രമോഡി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ കീഴിലുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും പദവികളെയും സര്‍ക്കാര്‍ ഓഫീസുകളെയും അതിലെ ഉദ്യോഗസ്ഥരെയും എതിര്‍ രാഷ്ട്രീയമുള്ള സംസ്ഥാന സര്‍ക്കാരുകളെ അലോസരപ്പെടുത്തുകയോ അസ്ഥിരമാക്കുകയോ ചെയ്യാനായി നഗ്നമായി ഉപയോഗിക്കുകയാണ്. ഭരണഘടനാ വ്യവസ്ഥകളുടെ നഗ്നമായ ലംഘനത്തിനു മറ്റൊരു ഉദാഹരണമാണ് അത്. ഗവര്‍ണര്‍, കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍, കസ്റ്റംസ്, ഇഡി, സിബിഐ മുതലായ ഏജന്‍സികള്‍ എന്നിവയൊക്കെ മുമ്പ് മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് കൂട്ടുകക്ഷി സര്‍ക്കാരുകളെ മറിച്ചിടാന്‍ ഉപയോഗിച്ചു. പിന്നീട് രാജസ്താനിലും. അടുത്തയിടെ പോണ്ടിച്ചേരിയിലും.

ഇപ്പോള്‍, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം  കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി തിരഞ്ഞെടുപ്പുവേളയില്‍ ഉപയോഗിക്കാനായി ഇഡി (എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്)യെ നിയോഗിച്ചിരിക്കുകയാണ്. കിഫ്ബിയാണ് ഇപ്പോള്‍ ശരവ്യം. ഇതിനുമുമ്പ് സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്ന പേരില്‍ അതില്‍ കക്ഷികളായവരെ മാത്രമല്ല, മന്ത്രി കെ ടി ജലീല്‍, മുഖ്യമന്ത്രിയുടെ അഡീ. പിഎസ് സി എം രവീന്ദ്രന്‍ തുടങ്ങിയവരെ ചോദ്യം ചെയ്തിരുന്നു. അവസാനം ആര്‍ക്കെതിരെയും തെളിവൊന്നുമില്ലാത്തതുകൊണ്ട് കേസെടുക്കാനായില്ല എന്ന അനുഭവം മുന്നിലുണ്ട്.

അതിരിക്കെയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കിഫ്ബിയിലെ ഉദ്യോഗസ്ഥരെ ഇഡി വിളിച്ച് ചോദ്യം ചെയ്യാന്‍ മുതിര്‍ന്നിരിക്കുന്നത്. കിഫ്ബിയില്‍ എന്തോ നിയമവിരുദ്ധ പണമിടപാടുകള്‍ നടന്നിരിക്കുന്നു എന്ന പ്രതീതി പരത്താനാണ് നീക്കമെന്ന് വ്യക്തം. യുഡിഎഫ് - ബിജെപി നേതാക്കള്‍ കിഫ്ബിയുടെ നേരെ ആരോപണ കല്ലേറ് തുടങ്ങിയിട്ട് മാസങ്ങള്‍, അല്ല വര്‍ഷങ്ങള്‍ തന്നെ, പലതായി. പക്ഷെ, ബന്ധപ്പെട്ടവര്‍ വസ്തുതകള്‍ വിശദീകരിച്ചതോടെ ആരോപണങ്ങളെല്ലാം അമ്പെ തകര്‍ന്നുപോയി. എന്താണ് ഈ ആരോപണത്തിനു അടിസ്ഥാനം? കിഫ്ബി വഴി സര്‍ക്കാര്‍ സമാഹരിച്ച പണംകൊണ്ടാണ് വിദ്യാലയങ്ങള്‍, ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ മുതലായവ പണിതതും പണിതുകൊണ്ടിരിക്കുന്നതും. അവയൊക്കെ ജനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന അവരുടെ സാര്‍വത്രികമായ പിന്തുണ എല്‍ഡിഎഫിനു ഉറപ്പാക്കുന്ന വികസന പദ്ധതികളാണ്. ഇനിയും അത്തരം നിരവധി പദ്ധതികള്‍ അടുത്തു തന്നെ പൂര്‍ത്തിയാകും. ഇത് ജനങ്ങള്‍ക്കിടയില്‍ വികസനത്തെക്കുറിച്ചും സേവന നിലവാരം ഉയര്‍ത്തുന്നതു സംബന്ധിച്ചും സര്‍ക്കാര്‍ എങ്ങനെ ജനങ്ങളെ സേവിക്കണം എന്ന കാര്യത്തിലും പുതിയ അവബോധവും ധാരണയും പ്രതീക്ഷയും ഉയര്‍ത്തിയിരിക്കുന്നു.

2020 ജൂലൈ ആദ്യം മുതല്‍ സ്വര്‍ണകള്ളക്കടത്തിനെച്ചൊല്ലി പ്രതിപക്ഷകക്ഷികളും അവയുടെ മെഗാഫോണുകളായി വര്‍ത്തിക്കുന്ന മാധ്യമങ്ങളും ആരോപണ പരമ്പര ഉയര്‍ത്തിയിട്ടും ഒന്നുപോലും നീതിപീഠങ്ങള്‍ക്കോ ജനങ്ങള്‍ക്കോ വിശ്വസനീയമായി തോന്നിയില്ല. ആ പ്രചരണ കോലാഹലത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒലിച്ചുപോകുമെന്നായിരുന്നു പ്രതിപക്ഷങ്ങളും മ മാധ്യമങ്ങളും പ്രതീക്ഷിച്ചത്. എന്നാല്‍ ഒലിച്ചുപോയത് പ്രതിപക്ഷങ്ങളാണ്, ആ മാധ്യമങ്ങളുടെ വിശ്വാസ്യതയാണ്; അവയുടെ ആത്മവിശ്വാസമാണ്. എന്നിട്ടും അവ ദിവസവും ഇല്ലാക്കഥകളും നുണപ്രചരണവും ആവര്‍ത്തിക്കുന്നു. പക്ഷെ, അവ ജനങ്ങള്‍ക്ക് ഒട്ടും വിശ്വാസ്യമായി അനുഭവപ്പെടുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിമാര്‍ തന്നെ കേരളത്തില്‍ വന്നു ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഫെബ്രുവരി 28നു കൊച്ചിയില്‍ എത്തി കിഫ്ബി വഴി കേരളത്തിന്‍റെ വികസനത്തിനായി ഫണ്ട് സമാഹരിക്കുന്നതിനെയും ആ ഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍ വികസനം നടത്തുന്നതിനെയും കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു. അതേത്തുടര്‍ന്നാണ് മാര്‍ച്ച് 2 മുതല്‍ കൊച്ചിയിലെ ഇ.ഡി ഓഫീസ് കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. അത് വാര്‍ത്തയാകുന്നില്ലെന്നു കണ്ടപ്പോള്‍ ആ ഓഫീസ് തന്നെ മാധ്യമങ്ങളെ വിവരമറിയിച്ചു, കിഫ്ബി സിഇഒയെ തന്നെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന്.

ഇഡി ഉന്നയിക്കുന്ന വാദം മുമ്പ് സിഎജി ഉന്നയിച്ചതാണ്, കേരള സര്‍ക്കാരിന്‍റെ കണക്ക് ആഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍. ആരോപണം ഇതായിരുന്നു: കിഫ്ബി മസാലബോണ്ട് വിറ്റ് വിദേശത്തുനിന്ന് പണം സമാഹരിച്ചത് നിയമലംഘനമാണ് എന്ന്. വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കാനും വിദേശത്ത് ഫണ്ട് നിക്ഷേപിക്കാനും ഏത് വ്യക്തിയും സ്ഥാപനവും അനുമതി വാങ്ങണം. കിഫ്ബിയുടെ അല്ല, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ. അതാണ് നിയമം. കിഫ്ബി നിയമാനുസൃതം ആ അനുവാദത്തിനു അപേക്ഷിച്ചു, കിട്ടി. അതനുസരിച്ചാണ് മസാലബോണ്ട് വിറ്റ് അത് പണം ഉണ്ടാക്കിയത്. അതൊക്കെ റിസര്‍വ് ബാങ്കിനെ കൃത്യമായി അറിയിച്ചിട്ടുമുണ്ട്
.
സിഎജിയുടെയും ഇഡിയുടെയും (യുഡിഎഫിന്‍റെയും ബിജെപിയുടെയും നേതാക്കളുടെയും) വാദം കിഫ്ബിക്ക് മസാല ബോണ്ട് വില്‍ക്കാന്‍ അധികാരമില്ല എന്നാണ്. കിഫ്ബി കേരള സര്‍ക്കാരിന്‍റെ ഭാഗമാണ് എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ കേരള നിയമസഭ പാസാക്കിയ കിഫ്ബി സംബന്ധിച്ച നിയമപ്രകാരം കിഫ്ബി ബോഡി കോര്‍പറേറ്റ് ആണ്. കേന്ദ്രത്തിന്‍റെ എന്‍എച്ച്എഐ, വൈദ്യുതിരംഗത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ്. അവ സര്‍ക്കാരിന്‍റെ സൃഷ്ടികളാണെങ്കിലും, അങ്ങനെ അല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാം. പണം കടമെടുക്കാനും ചെലവഴിക്കാനും അധികാരമുണ്ട്. കൃത്യമായി കണക്കുവെയ്ക്കുകയും മറ്റും വേണം.

കിഫ്ബി നിയമപരമായി സര്‍ക്കാര്‍ സ്ഥാപനമല്ലാത്തതിനാല്‍ അത് എടുക്കുന്ന കടം സര്‍ക്കാരിന്‍റെ കണക്കില്‍ വരില്ല. അതേസമയം സര്‍ക്കാരിനുവേണ്ടി പദ്ധതികളില്‍ പണം ചെലവഴിക്കാം. അത് തവണകളായി സര്‍ക്കാര്‍ തിരിച്ചടച്ചാല്‍ മതി. കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകള്‍ പ്രകാരമുള്ള കടം കേരള സര്‍ക്കാര്‍ എടുക്കുന്നത് ബജറ്റില്‍ പറയുന്ന ചെലവുകള്‍ക്ക് ഉപയോഗിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി വഴി കിട്ടുന്ന പണം ഉപയോഗിക്കുന്നു. ആ തുക വര്‍ഷംതോറും ചെറിയ തുകകളായി പലിശസഹിതം തിരിച്ചടയ്ക്കുന്നു. ഈ ഒരു നിയമപരമായ സാധ്യത പ്രയോജനപ്പെടുത്തിയാണ് കേരള സര്‍ക്കാര്‍ 60,000 കോടി രൂപയുടെ വിവിധ പദ്ധതികള്‍ അംഗീകരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ബജറ്റ് വഴിയുള്ള സാര്‍വത്രിക റേഷന്‍, സൗജന്യമായ ആരോഗ്യ - വിദ്യാഭ്യാസ സേവനങ്ങള്‍, 60 ലക്ഷത്തോളം പേര്‍ക്ക് സാമൂഹ്യപെന്‍ഷന്‍ മുതലായവയും കിഫ്ബി വഴി മെച്ചപ്പെട്ട ആശുപത്രി, സ്കൂള്‍ കെട്ടിടങ്ങള്‍, റോഡുകള്‍, ബൈപാസുകള്‍, പാലങ്ങള്‍ മുതലായവയും എല്ലാം നടപ്പില്‍ വരാന്‍ തുടങ്ങിയതോടെ ഈ എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യത്യസ്തമായ ഒന്നാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. 2,60,000ല്‍പരം വീടുകളല്ലേ ലൈഫ് പദ്ധതിയില്‍ നിര്‍മിച്ചത്. ഇനിയും നിരവധി നിര്‍മിക്കാനിരിക്കുന്നു. സകല വീടുകളിലും മെച്ചപ്പെട്ട വൈഫൈ - ഇന്‍റര്‍നെറ്റ് സേവനം സൗജന്യമായോ കുറഞ്ഞ നിരക്കിലോ ഏര്‍പ്പെടുത്തുന്ന കെ ഫോണ്‍, മത്സ്യതൊഴിലാളികള്‍ക്കായി മത്സ്യബന്ധന സൗകര്യങ്ങളും അവര്‍ പിടിക്കുന്ന മത്സ്യത്തിനു ന്യായവിലയും ലഭ്യമാക്കുന്നതോടൊപ്പം മെച്ചപ്പെട്ട വീടുനിര്‍മാണം - ഇങ്ങനെ സമൂഹത്തില്‍ പാവപ്പെട്ടവരിലും സാധാരണക്കാരിലും സര്‍ക്കാരിന്‍റെ സഹായവും സേവനവും ലഭിക്കാത്ത ഒരു വിഭാഗവും ഇല്ലാത്ത സ്ഥിതിയാണ്. ഇത് യുഡിഎഫിന്‍റെയും ബിജെപിയുടെയും വോട്ട് ബാങ്കുകളില്‍ ചോര്‍ച്ച ഉണ്ടാക്കിയിരിക്കുന്നു, ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.

ഇതു തടയാനുള്ള മോഡി സര്‍ക്കാരിന്‍റെ പൂഴിക്കടകന്‍ അടവാണ് ഇഡിയെ ഉപയോഗിച്ച് കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിരട്ടുന്നത്. ഇത് നഗ്നമായ തിരഞ്ഞെടുപ്പു ചട്ടലംഘനമാണ്. കിഫ്ബിയെ നിയന്ത്രിക്കാന്‍, അതിനെ ചോദ്യം ചെയ്യാന്‍ നിയമപരമായി അധികാരപ്പെട്ടത് കമ്പനിവകുപ്പും റിസര്‍വ് ബാങ്കും ഒക്കെയാണ്. ഇഡി ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ. പക്ഷെ ഇതിനകം അത് ചെയ്തതുപോലെ കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥരോടും മറ്റും മോശമായി പെരുമാറിയതുപോലുള്ള പ്രവൃത്തികള്‍ക്ക് അവര്‍ ഉത്തരവാദപ്പെട്ടവരോട് സമാധാനം പറയേണ്ടിവരും.

ഇന്ത്യാ മഹാരാജ്യം ഇപ്പോഴും ജനാധിപത്യ രാജ്യമാണ്, ഭരണഘടനയും നിയമങ്ങളും ബാധകമായ ഭരണസംവിധാനമാണ് ഇവിടെ നിലവിലുള്ളത്. അതിന്‍റെ സ്ഥാനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്ന തെമ്മാടിക്കൂട്ടങ്ങള്‍ കയ്യേറിയാല്‍ ചോദ്യം ചെയ്യാന്‍ നിയമവ്യവസ്ഥയും ജനങ്ങളുമുണ്ട്. അതു മറന്നുകൊണ്ട് മോഡി സര്‍ക്കാരോ അതിന്‍റെ ശേവുകക്കാരോ നിയമവിരുദ്ധമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ തന്നെ സമാധാനം പറയേണ്ടിവരും. അവരുടെ അത്തരം വിരട്ടലൊന്നും കേരളത്തിലെ ജനങ്ങളുടെയോ അവരുടെ സര്‍ക്കാരിന്‍റെയോ അടുത്ത് ചെലവാകില്ല.  നിയമവിരുദ്ധമായി ഒന്നും ചെയ്യാത്തതുകൊണ്ട് മുഖ്യമന്ത്രിയോ സര്‍ക്കാരോ ഈ ഓലപ്പാമ്പു കണ്ട് വിരളാന്‍ പോകുന്നുമില്ല. •