നമോവാകം!!
ഗൗരി
ക്ലാസ്മേറ്റ്സ് എന്ന സിനിമയില്‍ ജയസൂര്യ അവതരിപ്പിച്ച സതീശന് കഞ്ഞിക്കുഴി, ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച അയ്മനം സിദ്ധാര്ഥന്, മെക്സിക്കന്‍ അപാരതയില്‍ രൂപേഷ് പീതാംബരന് അവതരിപ്പിച്ച രൂപേഷ് - ഈ മൂന്ന് സിലിമാ കഥാപാത്രങ്ങളും കൂടിച്ചേര്‍ന്നാല്‍ ഇന്നത്തെ കോണ്‍ഗ്രസിന്റെ നേതൃനിരയാകും - പ്രത്യേകിച്ചും വിദ്യാര്‍ഥി - യുവജന നേതൃനിര. തട്ടിപ്പ്, വെട്ടിപ്പ്, അക്രമം ആദിയായ വിവിധ കലാപരിപാടികളുടെ ആശാന്മാര്. അവര്‍ക്കതേ അറിയൂ. പക്ഷേ, അതെല്ലാം മൂടിവയ്ക്കാന്‍ സമര്‍ഥമായി പണിയെടുക്കുന്ന മനോരമാദി മുഖ്യധാരാ മാധ്യമങ്ങളുണ്ട്. അതോണ്ട് അവര്‍ക്ക് നല്ലപിള്ള ചമഞ്ഞിരിക്കാന്‍ പറ്റും.
19-ാം തീയതിയിലെ മനോരമയുടെ ഒന്നാം പേജിലെ (മറ്റു പത്രങ്ങളിലും) ചിത്രം നോക്കൂ. മുഖത്തും തലയിലുമെല്ലാം ചോരയൊലിപ്പിച്ചു നിക്കണ കെഎസ്യു പിള്ളാരുടേതാണീ ചിത്രം. ഇത്രയും വലിയ ചോരച്ചാല് ഉണ്ടാകണമെങ്കില്‍ തലയില്‍ നല്ല മുറിവുണ്ടാകണം. എന്നാല്‍ അതിന്റെയൊരു ലക്ഷണവുമില്ല. മാത്രമല്ല, അങ്ങനെയൊരു മുറിവുണ്ടായാല്‍, അത് തലയ്ക്കാണെങ്കില് കിറുങ്ങി വീഴാനാണ് സാധ്യത - അതിനു മനോരമ ആപ്പീസിലെ ഫൊറന്‍സിക് പരിശോധനയൊന്നും വേണ്ട. അപ്പോ എന്തു കലാപരിപാടിയായിരിക്കും നടന്നിരിക്കുക? യൂത്ത് കോണ്‍ഗ്രസ് - കെഎസ്യു സമരങ്ങളിലെ സ്ഥിരം പരിപാടി തന്നെ - ചുവന്ന മഷി പ്രയോഗം!
ഈ ചിത്രത്തിനു താഴെയായി അന്നത്തെ തലവാചകം ഇങ്ങനെ വായിക്കാം: "കെഎസ്യു മാര്‍ച്ചിനുനേരെ വ്യാപക ലാത്തിച്ചാര്‍ജ്". അതിന്റെ ഉപശീര്‍ഷകം: "നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാരമായ പരിക്ക്. തിരിച്ചു തല്ലി പ്രവര്‍ത്തകര്‍. സെക്രട്ടേറിയറ്റ് പരിസരം യുദ്ധക്കളം". 18-ാം തീയതി നടന്ന സംഭവം എസ്എഫ്ഐയുടെയോ ഡിവൈഎഫ്ഐയുടെയോ മാര്ച്ചായിരുന്നെങ്കില് മനോരമയും മറ്റു മുഖ്യധാരക്കാരും നല്കുമായിരുന്ന തലവാചകം ഒന്നു സങ്കല്പിച്ചു നോക്കിയേ! എസ്എഫ്ഐ മാര്‍ച്ചില്‍ വ്യാപക അക്രമം എന്നായിരിക്കുമല്ലോ. പൊലീസ് അതിക്രമത്തെ തമസ്കരിക്കുകയായിരിക്കും മാധ്യമങ്ങള്‍, പ്രത്യേകിച്ചും മനോരമ.
കാര്യങ്ങളുടെ കിടപ്പ് എങ്ങനെയെന്നറിയാന്‍ മൂന്നാം പേജിലെ "ചോരയില്‍ മുങ്ങി" എന്ന റിപ്പോര്‍ട്ടും ചിത്രങ്ങളും ഒന്നു നോക്കിയാല്‍ മതി. തലവാചകത്തിനു മുകളിലായി രണ്ട് ചിത്രങ്ങള്‍. ഒന്നില്‍ പൊലീസുകാരനെ തല്ലുന്ന കെഎസ്യുക്കാരന്റെ ചിത്രം. "കൊടുത്തു....! കെഎസ്യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനെ മര്‍ദിക്കുന്ന പ്രവര്‍ത്തകര്‍" എന്ന അടിക്കുറിപ്പോടെ നല്കിയിരിക്കുന്നു. അതിനു വലതുവശത്തായി "കൊണ്ടു....! സര്‍ക്കാരിനെതിരെ കെഎസ്യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകനെ പൊലീസ് മര്‍ദിക്കുന്നു" എന്ന അടിക്കുറിപ്പോടെയുള്ള ചിത്രവും നല്കിയിരിക്കുന്നു. എന്താ ഈ ചിത്രങ്ങളും അടിക്കുറിപ്പുകളും നല്കുന്ന അര്‍ഥം? അങ്ങോട്ട് കൊടുത്തു, തിരികെ കൊണ്ടു എന്നല്ലേ? അങ്ങനെയാകുമ്പോള്‍ ഒന്നാം പേജിലെ ശീര്‍ഷകം, "കെഎസ്യു മാര്‍ച്ചില്‍ വ്യാപക അക്രമം" എന്നായിരിക്കണമല്ലോ! കെഎസ്യു അക്രമത്തിന്റെ ദൃശ്യങ്ങളാണ്, പൊലീസ് തല്ലുന്ന ദൃശ്യങ്ങളെക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നത്.
മനോരമയ്ക്ക് വലിയ ന്യൂസ് വാല്യു ഉള്ള ഒരു ചിത്രമായിരുന്നല്ലോ മുഖത്ത് മുറിവേറ്റ് ചോരയൊലിപ്പിച്ച് നില്ക്കണ പെണ്‍കുട്ടീടെ ചിത്രം? എന്തേ അത് ഒഴിവാക്കി? അത് തിരിച്ചടിയാകുമെന്നറിയാവുന്നതുകൊണ്ടു തന്നെ. അതെന്താന്നല്ലേ? സെക്രട്ടേറിയറ്റിന്റെ മതില് ചാടാന്‍ ശ്രമിക്കുന്ന, ആ പെണ്മണിയുടെ ചുരിദാര്‍ മതിലിലെ കമ്പിയേല്‍ ഉടക്കിയപ്പോള്‍ അപകടത്തിലാകാതിരിക്കാന്‍ ഇടപെടുന്ന വനിത പൊലീസ്, അകത്തോട്ട് ചാടാന്‍ ശ്രമിച്ചിട്ടും പറ്റാതായ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കുമ്പോള്‍ തിരിച്ചു താഴേക്കു ചാടുന്ന ആ യൂത്ത്കോണ്ഗ്രസുകാരിയുടെ മുഖത്ത് സഹപോരാളി പൊലീസിനെ തല്ലാന്‍ ഓങ്ങിയ നീളമുള്ള മുളവടി കൊള്ളുന്നതും അച്ചടിച്ചു വന്നാല്‍ സമരം "സമാധാനപരം" എന്ന് പറയാനാവില്ലല്ലോ! എന്നാല്‍ ചില ചാനലുകളിലൂടെയും നവമാധ്യമങ്ങളിലൂടെയും ആ ചിത്രം നാടാകെ കണ്ടതാണെന്ന് മനോരമ മറക്കണ്ട. വേലി ചാടുന്ന പയ്യിന് കോലു കൊണ്ടു മരണം എന്നു പറയുമ്പോലെയായി സങ്കതി!
കെഎസ്യു - യൂത്ത് കോണ്‍ഗ്രസ് സമരത്തിന്റെ വിഷയം പിഎസ്സി ലിസ്റ്റും നിയമനവുമാണല്ലോ. അപ്പോ ഒരു സംശയം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒന്നര വര്‍ഷം കൂടി നീട്ടണമെന്നാണല്ലോ റാങ്ക് ഹോള്‍ഡര്‍മാരുടെ ആവശ്യം. ഇപ്പോള്‍ ഒഴിവില്ലെന്നറിയുന്നതുകൊണ്ടാണല്ലോ ഈ നീട്ടല്‍ ആവശ്യം ഉയരുന്നത്. അതിനര്‍ഥം ഇപ്പോള്‍ അപേക്ഷകരോ ടെസ്റ്റിനു കാത്തു നില്ക്കുന്നവരോ ആയവരുടെ താല്പര്യങ്ങള്ക്കെതിരെയാണ് ഈ സമരം എന്നല്ലേ? അപ്പോള്‍ റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തിനു പിന്തുണ നല്കുന്ന സംഘികളും കെഎസ്യു - യൂത്ത് കോണ്‍ഗ്രസുകാരും മൂത്ത കോണ്‍ഗ്രസുകാരും മനോരമാദി മാധ്യമങ്ങളും വലിയൊരു വിഭാഗം വരുന്ന തൊഴില്‍രഹിതരോടുള്ള യുദ്ധപ്രഖ്യാപനമാണ് നടത്തുന്നത്.
ഫെബ്രുവരി 17ന് 'മനോരമ'യുടെ മുഖപ്രസംഗം "മാനുഷികത മറക്കരുത് സര്‍ക്കാര്‍, യുവജനങ്ങളുടെ നെഞ്ചിലെ തീ കാണാതെ പോകരുത്" എന്ന ശീര്‍ഷകത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിവൈകാരികതയുടേതായ അന്തരീക്ഷം സൃഷ്ടിച്ച് തൊഴില്‍രഹിതരായ ചെറുപ്പക്കാരെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള രാഷ്ട്രീയ പൊറാട്ടുനാടകമാണ് മനോരമ മുഖപ്രസംഗത്തിലൂടെ ആടിത്തിമിര്‍ക്കുന്നത്.
ബംഗാളില്‍ ഇടതുപക്ഷ വിദ്യാര്‍ഥി - യുവജന സംഘടനകള്‍ നടത്തുന്ന സമരവുമായി കേരളത്തില്‍ പിഎസ്സി റാങ്ക് ഹോള്‍ഡര്‍മാര്‍ നടത്തുന്ന സമരത്തെ ഒത്തുവച്ച് പരിശോധിക്കുകയുമാണ് മനോരമ. ബംഗാളില്‍ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിന് ജീവന് വയ്പിച്ച് ആയുസ് നീട്ടിക്കൊടുക്കണമെന്നാവശ്യപ്പെട്ടാണോ സമരമെന്ന് മനോരമയോട് ചോദിച്ചേക്കരുത്. മുഖപ്രസംഗമാണെങ്കിലും റിപ്പോര്‍ട്ടാണെങ്കിലും സത്യത്തില്‍നിന്ന് ഏറെ അകലെ ആയിരിക്കുമല്ലോ മനോരമയുടെ നില്‍പ്പ്. തൊഴില്‍രഹിതരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ്, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ടാണ് ബംഗാളില്‍ ഇടതുപക്ഷ വിദ്യാര്‍ഥി - യുവജനസംഘടനകള്‍ സമരം ചെയ്യുന്നത്. ആ സമരത്തെ ലാത്തിയും വെടിയുണ്ടയും പിന്നെ തൃണമൂല്‍ ഗുണ്ടകളെയും കൊണ്ടാണ് മമതാ ബാനര്‍ജി നേരിടുന്നത്.
കേരളത്തില്‍ അത്തരമൊരു സമരമാണോ നടക്കുന്നത്? റാങ്ക് ഹോള്‍ഡര്‍മാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഒറ്റക്കാര്യമേ നോക്കേണ്ടതുള്ളൂവെന്ന് വേണമെങ്കില്‍ സമ്മതിക്കാം. അതായത് ലിസ്റ്റില്‍ പേരുള്ള തങ്ങള്‍ക്ക് ജോലി ഉറപ്പാക്കല്‍. ഒഴിവുണ്ടോ കാലാവധി കഴിഞ്ഞാല്‍ നീട്ടുന്നത് നിയമപ്രകാരം ശരിയോ എന്നൊന്നും അറിയേണ്ടത് തങ്ങളുടെ കാര്യമല്ല എന്നവര്‍ക്ക് വാദിക്കാവുന്നതാണ്. എന്നാല്‍ മനോരമയെപോലെയുള്ള പൊതുമാധ്യമങ്ങള്‍, കോണ്‍ഗ്രസിനെയും ബിജെപിയെയും പോലെയുള്ള രാഷ്ട്രീയ കക്ഷികള്‍, വിദ്യാര്‍ഥി - യുവജന സംഘടനകള്‍ക്കെല്ലാം റാങ്ക്ലിസ്റ്റിലുള്ളവരുടെ വ്യക്തിഗതവും വൈകാരികവുമായ ആവശ്യങ്ങളോട് കണ്ണും പൂട്ടി പ്രതികരിക്കാനാവുമോ? പറ്റില്ല എന്നുള്ളതിന്റെ തെളിവല്ലേ മനോരമ മുഖപ്രസംഗത്തില്‍ കൃത്യമായ കാര്യം പറയാതെ ഉരുണ്ടുകളിക്കുന്നത്.
മുതലാളിത്ത സമൂഹത്തിലെ ഒരു തിന്മ തന്നെയാണ് തൊഴിലില്ലായ്മ. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കൊടുത്ത് അതിനു പരിഹാരം കാണാനാവുമെന്ന് മനോരമയോ പ്രതിപക്ഷത്തെ ഏതെങ്കിലും കക്ഷിയോ കരുതുന്നുണ്ടോ? കേരളത്തില്‍ മാത്രമല്ലല്ലോ ഇന്ത്യയില്‍ തൊഴിലില്ലായ്മയുള്ളത്? 2020ലെ കണക്കനുസരിച്ച് തൊഴിലില്ലായ്മയുടെ കാര്യത്തില്‍ ഇന്ത്യയില്‍ 15-ാം സ്ഥാനത്താണ് കേരളം. കേരളത്തെക്കാള്‍ സമ്പന്നമായ തമിഴ്നാട് രണ്ടാം സ്ഥാനത്താണ്. പോണ്ടിച്ചേരി ഒന്നാം സ്ഥാനത്തും. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്ര 10-ാം സ്ഥാനത്തും രാജസ്താന്‍ 13-ാം സ്ഥാനത്തുമാണ്. ബിജെപി ഭരിക്കുന്ന ഹരിയാന 5-ാം സ്ഥാനത്തും കര്‍ണാടകം 7-ാം സ്ഥാനത്തുമാണ്. സിഎംഐഇഎ കണക്കുപ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 5.5 ശതമാനവും ദേശീയ ശരാശരി 6.7 ശതമാനവുമാണ്. കേരളത്തില്‍ കഴിഞ്ഞ 5 വര്‍ഷമായി തൊഴിലില്ലായ്മ കുറയ്ക്കുന്നതിനായി പിണറായി സര്‍ക്കാര്‍ വലിയ തോതില്‍ ഇടപെടുകയും അത് ഫലം കാണുകയും ചെയ്തിട്ടുണ്ടെന്നത് അംഗീകരിക്കാതിരിക്കാന്‍ മനോരമയെപ്പോലെ അന്ധത ബാധിച്ച ഒരു മാധ്യമത്തിനേ കഴിയൂ. "കേരളത്തിലെ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കി"നെക്കുറിച്ച് വാചാലമാകുന്ന മനോരമ മുഖപ്രസംഗം ഈ സത്യങ്ങള്‍ക്കുനേരെ കണ്ണടച്ചാല്‍ ഇരുട്ടാവില്ലല്ലോ!
കരാര്‍, താല്കാലിക നിയമനങ്ങളെക്കുറിച്ച് വാചാലമാവുകയും വാവിട്ട് നിലവിളിക്കുകയും ചെയ്യുന്ന മനോരമ ഈ സമ്പ്രദായം എങ്ങനെ നമ്മുടെ സര്‍വീസിന്റെ ഭാഗമായി എന്നു കൂടി പറയണമായിരുന്നു. നവലിബറല്‍ ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായുള്ള പ്രോജക്ടുകളും വിദേശ വായ്പയെ ആശ്രയിച്ചുള്ള പ്രോജക്ടുകളും കേന്ദ്രാവിഷ്കൃത പദ്ധതികളും സ്ഥിരം നിയമനം അംഗീകരിക്കില്ലെന്ന് മനോരമയ്ക്ക് അറിയാത്തതല്ല. സാധ്യമായേടത്തോളം സ്ഥിരം നിയമനം വേണമെന്ന് വാദിക്കുന്ന, അതിന്റെ അടിസ്ഥാനത്തില്‍ 30,000ത്തില്‍ അധികം സ്ഥിരം തസ്തികകള്‍ 5 വര്‍ഷത്തിനിടെ സൃഷ്ടിച്ച പിണറായി സര്‍ക്കാരിനെതിരെ വാളോങ്ങുന്നതുവഴി പഴയതുപോലെ കരാര്‍ - താല്കാലിക സംവിധാനം മതിയെന്ന ഉള്ളിലിരുപ്പല്ലേ മനോരമ പുറത്തുകാണിക്കുന്നത്. പൊതുമേഖലയെയും സര്‍ക്കാര്‍ സര്‍വീസിനെയും എതിര്‍ക്കുന്ന, സ്വകാര്യമേഖലയുടെ താന്തോന്നിത്തങ്ങള്ക്കായി വാദിക്കുന്ന മനോരമ പൊഴിക്കുന്നത് മുതലക്കണ്ണീരാണെന്നറിയാന് പാഴൂര്‍ പടിക്കല്‍ പോകേണ്ടതില്ല.
18ന്റെ മനോരമയുടെ 11-ാം പേജില്‍ "തിരിച്ചടിപ്പേടിയില്‍ പിന്മാറ്റം" എന്ന ശീര്‍ഷകത്തില്‍ സുജിത്നായരുടെ ഒരു കടിതമുണ്ട്. 10 വര്‍ഷം കഴിഞ്ഞ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഒരു ഉടായിപ്പ് സാധനമാണ് ഇത്. ആദ്യം ലക്ഷക്കണക്കിനാളുകളെ നിയമിക്കാന്‍ പോകുന്നുവെന്ന പ്രതീതി സൃഷ്ടിക്കുക, എന്നിട്ട് തങ്ങളെ പേടിച്ച് സര്‍ക്കാര്‍ അതുപേക്ഷിച്ചുവെന്ന് പറയുക. ഇതെല്ലാം മനോരമക്കൊഞ്ഞാണന്മാരുടെ സ്ഥിരം ഏര്‍പ്പാടാണ്. അണ്ണാന് ആനയോട് പറഞ്ഞ പഴേ സങ്കതിയാണ് ഇതോര്‍മിപ്പിക്കുന്നത്!
കസ്റ്റംസിനെതിരെ കേസ്
17-ാം തീയതിയിലെ മനോരമയുടെ 9-ാം പേജില്‍ "കള്ളക്കടത്ത് : കസ്റ്റംസുകാര്‍ക്കെതിരെ തെളിവുമായി സിബിഐ. കേസിന് അനുമതിയില്ല" എന്നൊരു സ്റ്റോറിയുണ്ട്. കേരളത്തില്‍ സിബിഐ കേസുകള്‍ എടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന ഉത്തരവിനോടുള്ള അസഹിഷ്ണുതയാണ് ഈ റിപ്പോര്‍ട്ടില്‍ മനോരമ പ്രകടിപ്പിക്കുന്നത്. എന്നാല്‍ കസ്റ്റംസ് എന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിക്കെതിരെ സിബിഐ എന്ന കേന്ദ്ര ഏജന്‍സി അന്വേഷിക്കാന്‍ എന്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടണമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. കാരണം സംസ്ഥാന വിജിലന്‍സിനോ പൊലീസിനോ കസ്റ്റംസിലെ അഴിമതിക്കെതിരെ കേസെടുക്കാനോ കഴിയില്ലെന്നും മനോരമയ്ക്ക് അറിയാത്തതല്ല. സിബിഐക്ക് സംസ്ഥാന വിജിലന്‍സിന്റെയോ പൊലീസിന്റെയോ അധികാരപരിധിയില്‍ വരുന്ന കേസുകളില്‍ അന്വേഷണവുമായി എത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി വേണമെന്നു വരുന്നതിനെ തലതിരിച്ച് നോക്കുകയാണ് മനോരമ. സിബിഐയിലെ ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് അഴിമതിക്കാരായ കസ്റ്റംസ് ഉദ്യോഗസ്ഥരെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ്.
ഫൊറന്സിക്കിന്റെ മായാജാലം
22-ാം തീയതിയിലെ മനോരമയുടെ ഒന്നാം പേജില്‍ ഒരു കിടുക്കാമണി സാധനത്തെ രാജേഷ് എന്നയാള്‍ പാകപ്പെടുത്തി ഇട്ടിട്ടുണ്ട്. കോങ്കികള്‍ക്കും സംഘികള്‍ക്കും ഇനി ആവോളമെടുത്ത് ഭക്ഷിക്കാം. നോക്കൂ, "വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ രാഷ്ട്രീയമില്ല: ഫൊറന്‍സിക് റിപ്പോര്‍ട്ട്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക: രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും റിപ്പോര്‍ട്ട്". രാഷ്ട്രീയ ഗൂഢാലോചന, കൊല്ലപ്പെട്ടവരുടെയും പ്രതികളായവരുടെയും രാഷ്ട്രീയ ബന്ധങ്ങളും കൊലപാതകത്തിലേക്ക് നയിച്ച രാഷ്ട്രീയ കാരണങ്ങളുമെല്ലാം ഫൊറന്‍സിക് സയന്‍സിന്റെ പരിധിയില്‍ എങ്ങനെയാണ് വരുന്നതെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടീം കിട്ടണില്ല!
കൊല്ലപ്പെട്ടവരെല്ലാം കൊലപ്പെടുത്തിയവരാണെന്നും മനോരമേടെ ഫൊറന്‍സിക് സയന്‍സ് റിപ്പോര്‍ട്ടില്‍ പറേണുണ്ടത്രെ! ഇത്തരമൊരു ഫൊറന്‍സിക് സയന്‍സ് റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അജ്ജാതി സയന്റിസ്റ്റുകളുടെ മഹാജ്ഞാനത്തിനുമുന്നില് നമ്മള് നമിച്ചേ പറ്റൂ. കോണ്‍ഗ്രസ് ഉന്നതര്‍ക്ക് ഇരട്ടക്കൊലപാതകത്തില്‍ ഒരു റോളുമുണ്ടായിരുന്നില്ലെന്നും മനോരമയ്ക്ക് വേണ്ടപ്പെട്ട ഈ ഫൊറന്‍സിക് വിദഗ്ദ്ധന് റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ടെന്നാണ് കണ്ടത്തിലുകാരുടെ പണിക്കാരന് പയ്യന്റെ കണ്ടെത്തല്‍! എന്തായാലും ഇതൊരൊന്നൊന്നര റിപ്പോര്‍ട്ടു തന്നെയാണേനും!
എന്തായാലും അന്നേ ദിവസം തന്നെ 6-ാം പേജില്‍ "ഇരട്ടക്കൊലപാതകം വഴിതുറന്നത് രാഷ്ട്രീയ ആരോപണങ്ങള്‍ക്കും വിവാദത്തിനും" കോണ്‍ഗ്രസിനെ സമാധാനത്തിന്റെ വെള്ളരിപ്രാവുകളാക്കി വെള്ളപൂശലാണ് ഈ റിപ്പോര്‍ട്ടിന്റെ അന്തര്‍ധാര. സിപിഐ എം ഈ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിനെതിരെ, പ്രത്യേകിച്ചും ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ, പ്രചാരണം നടത്തിയെന്നാണ് മനോരമ പരിഭവം പറയുന്നത്. ഈ കോണ്‍ഗ്രസ് എന്നാല്‍ അണികളും നേതാക്കളുമെല്ലാം പഞ്ചാവങ്ങളും സമാധാനകാംക്ഷികളും മാത്രമാണെന്നാണ് കണ്ടത്തിലുകാരുടെ പക്ഷം! അപ്പോ ഓരേപ്പറ്റി ഈ സിപിഐ എമ്മുകാര്‍ക്ക് അങ്ങനെ വല്ലോം പറയാമോന്നാണ് ഈ അളിഞ്ഞ പത്രം ചോദിക്കുന്ന ശോദ്യം!
കൊളങ്ങരേത്ത് രാഘവന് എന്ന തൊഴിലാളി സംഘടനാ പ്രവര്‍ത്തകനെ അയാളുടെ പണിസ്ഥലത്ത് ചെന്ന് ബോംബെറിഞ്ഞും വെട്ടിയും കുത്തിയും കൊന്ന കേസിലെ പ്രധാന പ്രതിയെ പിന്നീട് സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായിക്കെതിരെ സ്ഥാനാര്‍ഥിയായും (ഇയാള്‍ പത്തുവര്‍ഷം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കൊലപാതകം നടത്തിയതിനു കോണ്‍ഗ്രസ് നല്കിയ പാരിതോഷികം) നിര്‍ത്തിയ കോണ്‍ഗ്രസിന്റെ സമാധാനകാംക്ഷ ആരെയും രോമാഞ്ചമണിയിക്കും!
എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റും ദീര്‍ഘകാലം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷനുമായിരുന്നയാള്, കോണ്‍ഗ്രസിന്റെ ജന്മിപക്ഷപാതിത്വത്തില് മനംനൊന്ത്, അതില്‍ പ്രതിഷേധിച്ച് ആ പാര്‍ടിയില്‍നിന്ന് രാജിവെച്ച് സിപിഐ എമ്മില്‍ ചേര്‍ന്നപ്പോള്‍, ആ പഴയ കോണ്‍ഗ്രസുകാരനെ, കൊടുങ്ങല്ലൂര്‍ അബ്ദുള്‍ ഖാദറിനെ വെടിവെച്ചുകൊല്ലാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല കോണ്‍ഗ്രസ്സിന്! മൊയാരത്തിനെ, അഴീക്കോടനെ, കുഞ്ഞാലിയെ, ചാവക്കാട് നഗരസഭാധ്യക്ഷനായിരുന്ന വത്സലനെ എന്നിങ്ങനെ നീളുന്നു സമാധാന പാര്‍ടിയുടെ കൊലപാതക പരമ്പരകള്‍! സ്വന്തം പാര്‍ടിയിലെ ഗ്രൂപ്പുവഴക്കുകളില്‍ കൊലക്കത്തികൊണ്ട് മറുപടിപറഞ്ഞ പാരമ്പര്യം കോണ്‍ഗ്രസിനുണ്ട്. കേരളത്തിലെ കലാലയങ്ങളില്‍ ചോര വീഴ്ത്തിയ പാരമ്പര്യത്തിലും മുന്നില്‍ ഇതേ രാഷ്ട്രീയത്തിന്റെ കുഞ്ഞാടുകളാണല്ലോ.
കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ വംശീയ സ്വഭാവമുള്ള കൂട്ടക്കൊലയ്ക്ക് - 1984ലെ സിഖ് കൂട്ടക്കൊല - നേതൃത്വം നല്‍കിയത് ഇതേ സമാധാനകക്ഷിയുടെ ദേശീയതലത്തിലെ കിടിലന്‍ നേതാക്കളാണല്ലോ! തണ്ടൂരി അടുപ്പിലിട്ട് സ്വന്തം കാമുകിയെ കൊന്ന സംസ്ഥാനതല നേതാവും പാര്‍ടി ഓഫീസിലെ പാവം അടിച്ചുതളിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന് ചാക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ നേതാവുമെല്ലാം കോണ്‍ഗ്രസിന്റെ തൊപ്പിയിലെ നക്ഷത്രങ്ങളാണല്ലോ! സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസിന്റെ തനി സ്വരൂപമാണ് മെക്സിക്കന്‍ അപാരതയെന്ന സിനിമേലെ രൂപേഷ് എന്ന കഥാപാത്രം! ഇതൊന്നും കാണാതെയും അറിയാതെയുമിരിക്കുന്ന പത്രമൊന്നുമല്ല മനോരമ! ഇത്ര തരംതാണ, ജീര്‍ണിച്ച മാധ്യമ പ്രവര്‍ത്തനത്തിന് മനോരമയെ നമുക്ക് നമിക്കാം. •