പുതുച്ചേരിയിലും കോണ്‍ഗ്രസ് കാവിവല്‍ക്കരിക്കപ്പെടുമ്പോള്‍

വി ബി പരമേശ്വരന്‍

ബിജെപിയുടെ പ്രലോഭനങ്ങളില്‍ പുതുച്ചേരിയിലെ നേതാക്കളും വീണതോടെ  ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് അധികാരമുണ്ടായിരുന്ന ഏക സംസ്ഥാനവും അവര്‍ക്ക് കൈമോശം വന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫെബ്രുവരി 22 ന്  രാജിവെച്ചു. 1967 ല്‍ തമിഴ്നാട്ടില്‍ അധികാരം നഷ്ടമായ കോണ്‍ഗ്രസിന് പിന്നീട് ഒരിക്കലും ആ സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. അപ്പോഴൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ ആശ്വാസം കൊണ്ടത് പുതുച്ചേരിയിലെ ഭരണം എടുത്തുകാട്ടിയായിരുന്നു. ആ പച്ചത്തുരുത്തും കോണ്‍ഗ്രസിന് ഇപ്പോള്‍ നഷ്ടമായി. നാല് ദശാബ്ധക്കാലം നീണ്ട ഭരണസാരഥ്യത്തില്‍ നിന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പടിയിറങ്ങിയത്. ഇതോടെ ദക്ഷിണേന്ത്യയില്‍ ഒരിടത്തും കോണ്‍ഗ്രസിന് ഭരണമില്ലാതായി. രാജ്യത്ത് 28 സംസ്ഥാനങ്ങളില്‍ കേവലം മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമായി കോണ്‍ഗ്രസ് ഭരണം ഒതുങ്ങി; പഞ്ചാബിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും. രാജസ്ഥാനിലും വിമത പ്രവര്‍ത്തനം ശക്തമായതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഭരണം നഷ്ടപ്പെടാമെന്ന അവസ്ഥയാണുള്ളത്. 

ഇന്ത്യയിലെമ്പാടും നടക്കുന്ന കോണ്‍ഗ്രസിന്‍റെ കാവിവല്‍ക്കരണം തന്നെയാണ് പുതുച്ചേരിയിലും കോണ്‍ഗ്രസിന് വിനയായത്. ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസുകാര്‍ ബിജെപിയാകുന്ന സ്ഥിതിയാണുള്ളത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് എളുപ്പം ബിജെപിയാകുന്ന പ്രക്രിയയാണ് പുതുച്ചേരിയില്‍ നടന്നത്. രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവെച്ച് ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറായത്. ഡിഎംകെയുടെ മൂന്ന് എംഎല്‍എമാരില്‍ ഒരാളും ബിജെപിയിലേക്ക് ചേക്കേറി. നേരത്തേ ഒരു കോണ്‍ഗ്രസ് എംഎല്‍എയെ അയോഗ്യനാക്കി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഫലത്തില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് കൂറുമാറിയത്. പണവും കേന്ദ്ര അധികാരവും കൊണ്ട് എവിടെയും അധികാരം നേടാന്‍ കഴിയുമെന്ന് ബിജെപി ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു എംഎല്‍എ പോലും ഇല്ലാത്ത പുതുച്ചേരിയിലാണ് ഇക്കുറി അവര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയിരിക്കുന്നത്. ഏഴാമത്തെ സംസ്ഥാനത്താണ് ബിജെപി ഈ രീതിയില്‍ അട്ടിമറി നടത്തുന്നത്. നിയമസഭാസാമാജികരുടെ കണ്ണ് തള്ളിപ്പോകുന്ന ഓഫറുകളാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. പ്രത്യയശാസ്ത്ര ദാര്‍ഢ്യമോ രാഷ്ട്രീയ ആത്മാര്‍ഥതയോ ഇല്ലാത്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍ എളുപ്പം അതിന് വശംവദരാകുകയും ചെയ്യുന്നു. 

പുതുച്ചേരിയിലെ  കോണ്‍ഗ്രസില്‍ ചാഞ്ചാട്ടം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ തന്നെ ഇത് പ്രകടമായിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പുതുച്ചേരി കോണ്‍ഗ്രസ് പ്രസിഡന്‍റ് എ നമശിവായം ആയിരുന്നു. 33 അംഗ നിയമസഭയിലേക്ക്(മൂന്ന് അംഗങ്ങള്‍ നോമിനേറ്റ് ചെയ്യപ്പെടുന്നതാണ്) നടന്ന തെരഞ്ഞെടുപ്പില്‍ 15 സീറ്റ് നേടിക്കൊണ്ട് കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായി. മൂന്നംഗ ഡിഎംകെയുടെയും മാഹിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക ഇടതുപക്ഷ സ്വതന്ത്രന്‍റെയും പിന്തുണയോടെ കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ച നമശിവായമല്ല മുഖ്യമന്ത്രിയായത്. പകരം തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത വി നാരായണസ്വാമിയാണ് ഹൈക്കമാന്‍ഡിന്‍റെ പിന്തുണയോടെ മുഖ്യമന്ത്രിയായത്. ഇതോടെ തന്നെ കോണ്‍ഗ്രസില്‍ തര്‍ക്കം തുടങ്ങിയിരുന്നു. ബിജെപി ഇതിനെ സമര്‍ഥമായി ഉപയോഗിക്കുകയും കരുക്കള്‍ നീക്കുകയും ചെയ്തു. ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറായ ഏഴംഗ എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍ രംഗസ്വാമിയുടെ ജേഷ്ഠ്യനാണ് നമശിവായത്തിന്‍റെ ഭാര്യാ പിതാവ്. സ്വാഭാവികമായും ബിജെപിക്ക് നമശിവായവുമായി ബന്ധം സ്ഥാപിക്കാന്‍ എളുപ്പമായി. ജനുവരി 25 ന് പൊതുമരാമത്ത് മന്ത്രി കൂടിയായ നമശിവായം രാജിവെച്ചു. ദിപെന്തന്‍ എന്ന എംഎല്‍എയും അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി പുതുച്ചേരിയില്‍ എത്തുന്നതിന് തൊട്ടു തലേദിവസം മറ്റൊരു കോണ്‍ഗ്രസ് മന്ത്രിയായ മല്ലാടി കൃഷ്ണ റാവുവും(ആരോഗ്യമന്ത്രി)എംഎല്‍എയായ ജോണ്‍കുമാറും രാജിവെച്ചു. പല പരിപാടികളിലും പങ്കെടുത്ത രാഹുല്‍ഗാന്ധി സ്വന്തം പാര്‍ടിയിലെ അണികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ മാത്രം ഒരു നടപടിയും സ്വീകരിച്ചില്ല. വീണ്ടും ഒരു എംഎല്‍എ കൂടി രാജിവെച്ചതോടെ കോണ്‍ഗ്രസ് അംഗ സംഖ്യ 9 ആയി ഇടിഞ്ഞു. അതായത് കോണ്‍ഗ്രസ് മുന്നണിക്ക് ഭൂരിപക്ഷം നഷ്ടമായി. ഈ ഘട്ടത്തിലാണ് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ബേദിയെ മാറ്റി തമിഴിശൈ സൗന്ദര്‍രാജന് പുതുച്ചേരി ലഫ്. ഗവര്‍ണറുടെ ചുമതല കൂടി മോഡി സര്‍ക്കാര്‍ നല്‍കിയത്. തമിഴ്നാട് ബിജെപി പ്രസിഡന്‍റായിരുന്ന തമിഴിശൈയെ പുതുച്ചേരിയുടെ ചുമതല നല്‍കിയത് ചാക്കിട്ടുപിടുത്തം സുഗമമാക്കാനും കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ വീഴ്ച ഉറപ്പുവരുത്താനുമായിരുന്നു. അത് ഫലംകണ്ടു. ഫെബ്രുവരി 22 ന് വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. സഭാ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഗവര്‍ണറാണോ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നെങ്കിലും 22 ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടന്നു. 

പുതുച്ചേരിയില്‍ രാഷ്ട്രീയമായി ഒരു സ്വാധീനവും ഇല്ലാതിരുന്നിട്ടും ബിജെപി ആഗ്രഹിച്ചപോലെയാണ് കാര്യങ്ങള്‍ നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 18 സീറ്റിലും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട പാര്‍ടിയായിരുന്നു ബിജെപി. 2001 ലെ തെരഞ്ഞെടുപ്പില്‍ ഒരു എംഎല്‍എ വിജയിച്ചത് മാത്രമാണ് ബിജെപിക്ക് ഇതുവരെ നേടാനായ വിജയം. എന്നാല്‍ ബിജെപി ദൂതനായ ഗവര്‍ണറുടെയും കാവിവല്‍ക്കരിക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെയും സഹായത്തോടെ നാരായണസ്വാമി സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപിക്കായി. അതില്‍ നിര്‍ണായകമായത് നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന മൂന്ന് അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാമെന്ന് സ്പീക്കര്‍ വി പി ശിവകൊളന്തു വിധിച്ചതാണ്. അതാണ് അന്തിമമായി നാരായണസ്വാമിയുടെ രാജിയിലേക്ക് നയിച്ചത്. സ്പീക്കറും ബിജെപി ക്യാമ്പിലേക്ക് പോകുകയാണെന്ന ചര്‍ച്ച ഇതോടെ സജീവമാകുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരാണ് നേരത്തേ നോമിനേറ്റഡ് അംഗങ്ങളെ നിശ്ചയിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ലിസ്റ്റ് കേന്ദ്രം അംഗീകരിക്കുകയായിരുന്നു. എന്നാല്‍ മോഡി സര്‍ക്കാര്‍ ഈ രീതി മാറ്റി. കേന്ദ്രം നേരിട്ടാണ് നോമിനേറ്റഡ് അംഗങ്ങളെ നിശ്ചയിച്ചത്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തോല്‍പിച്ച ബിജെപി നേതാക്കളെ തന്നെ നോമിനേറ്റഡ് അംഗങ്ങളാക്കി. ജനുവരി മധ്യത്തില്‍ ഒരു നോമിനേറ്റഡ് അംഗം മരിച്ചപ്പോള്‍ ഉടന്‍ തന്നെ ബിജെപി പകരം ആളെ നിയോഗിക്കുകയും ചെയ്തു. നിയമസഭയുടെ കാലാവധി ജൂണ്‍ എട്ടിന് അവസാനിക്കുമെന്നിരിക്കെയാണ് ഈ നടപടി. എന്തുവിലകൊടുത്തും പുതുച്ചേരിയിലെ ഭരണം പിടിക്കുക എന്നതായിരുന്നു ബിജെപിയുടെ അജന്‍ഡ. നേരത്തേ നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇക്കുറി അതും അനുവദിക്കപ്പെട്ടു. ഇതോടെയാണ് വി നാരായണസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ, ബിജെപി സഖ്യം തയ്യാറായിട്ടില്ല. ഏത് നിമിഷവും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുമെന്നതിനാലാണിത്. അതിനാല്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്കാണ് നീങ്ങുന്നത്. 


പുതുച്ചേരിയിലെ സര്‍ക്കാര്‍കൂടി വീണതോടെ, ഭരണം ലഭിച്ചിട്ടും കൂറുമാറ്റം കാരണം കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ട സംസ്ഥാനങ്ങളുടെ എണ്ണം നാലായി. കര്‍ണാടകം, മധ്യപ്രദേശ്, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി ഇത്തരത്തില്‍ അധികാരം പിടിച്ചെടുത്തത്. ഗോവയിലും മേഘാലയത്തിലും മണിപ്പൂരിലും കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ല. ബിജെപി പണമൊഴുക്കിയപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടം ചാടി.

അരുണാചലില്‍ 44 സീറ്റുനേടി കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും മുഖ്യമന്ത്രി പെമ ഖണ്ഡുവിന്‍റെ നേതൃത്വത്തില്‍ 42 എംഎല്‍എമാരാണ്  ബിജെപിയില്‍ ചേക്കേറിയത്. യുവ നേതാവ് ജ്യോതിരാധിത്യസിന്ധ്യയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ മധ്യപ്രദേശിലും കോണ്‍ഗ്രസ് ഭരണം അവസാനിച്ചു.

കര്‍ണാടകയില്‍ ജെഡിഎസ്ڊ-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ വീഴ്ത്തിയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. 13 പേര്‍ കൂറുമാറിയതില്‍ പത്തും കോണ്‍ഗ്രസില്‍ നിന്നായിരുന്നു. മണിപ്പൂരില്‍ 60 അംഗസഭയില്‍ 28 സീറ്റ് നേടി കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയായെങ്കിലും  ബിജെപി പ്രാദേശിക പാര്‍ടികളെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കി. ഗോവയില്‍ 17ഉം മേഘാലയത്തില്‍ 21ഉം സീറ്റുനേടി കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായെങ്കിലും അവിടങ്ങളിലും കോണ്‍ഗ്രസ്സിന് സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. •