കോവിഡ് കാലത്തെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍

ടി പി കുഞ്ഞിക്കണ്ണന്‍

ലോകചരിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു വര്‍ഷമായാണ് 2020 എന്ന കോവിഡ് കാലം  അടയാളപ്പെടുത്തപ്പെടുന്നത്. ഇക്കാലത്ത്  ജനങ്ങളുടെ ഉപജീവനം, വരുമാനം, തൊഴില്‍, രാജ്യത്തെ ഉല്‍പ്പാദനം എന്നിവയോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ സമീപനം 2021-22 വര്‍ഷത്തെ കേന്ദ്ര സംസ്ഥാന ബജറ്റുകളെ മുന്‍നിര്‍ത്തി പരിശോധിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

കോവിഡ് കാലം
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ലോക കമ്പോളത്തിന്‍റെ എല്ലാ വാതിലുകളും തുറന്നിടാനായി ആജ്ഞാപിക്കുന്ന ധനമൂലധനത്തിന്‍റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ മനുഷ്യന്‍റെ വായ ടപ്പിച്ചുകൊണ്ട് കോവിഡ് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നു. ഇതോടെ മുതലാളിത്ത രാജ്യങ്ങളില്‍പ്പോലും കമ്പോളത്തിനതീതമായ രാഷ്ട്രീയ പുനര്‍ചിന്ത ശക്തിപ്പെട്ടിരിക്കുന്നു. അത് പൊതുമേഖല, സര്‍ക്കാര്‍ ഇടപെടല്‍, സാമൂഹ്യനിയന്ത്രണം, ജനകീയ കൂട്ടായ്മ എന്നീ ആശയങ്ങള്‍ക്കൊക്കെ പുതുജീവന്‍ നല്‍കിയിരിക്കുന്നു. പല മുതലാളിത്ത രാജ്യങ്ങളും ഈ രീതിയില്‍ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തമായി, കോവിഡ് കാലത്ത് കോര്‍പറേറ്റുകള്‍ക്കുണ്ടായ നഷ്ടം നികത്താനായി സ്വന്തം ജനങ്ങളുടെ കഷ്ടപ്പാടുകളെ മറന്നു കൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളെയും പല രാജ്യങ്ങളിലും കാണാം. നിര്‍ഭാഗ്യവശാല്‍, ഇന്ത്യാ സര്‍ക്കാരിന്‍റെ നടപടികളെല്ലാം കാണിക്കുന്നത് ഈ കോര്‍പറേറ്റ് അനുകൂല ചായ്വാണ്. അതിനുവേണ്ടി നിലവിലുള്ള നിയമങ്ങള്‍ തിരുത്തിയെഴുതാനും പുതിയ നിയമങ്ങള്‍ പാസ്സാക്കാനും പൊതുസംവിധാനത്തെയാകെ നോക്കുകുത്തിയാക്കാനും ഭരണഘടനാ മൂല്യങ്ങളെപ്പോലും അവഗണിക്കാനുമെല്ലാം തയ്യാറായിട്ടുള്ള ഭരണകൂടമാണ് ഇന്ത്യയില്‍ ഇന്നുള്ളത്.

കോവിഡ് കാലത്താണ് കേന്ദ്ര സര്‍ക്കാരിന്‍റെ കോര്‍പറേറ്റ് പ്രീണനം ഭീകരമായി അനുഭവപ്പെട്ടത്. അതിന്‍റെ ഭാഗമായി മിനിബജറ്റുകളെന്നോണം അവതരിപ്പിക്കപ്പെട്ട സാമ്പത്തിക ഉത്തേജകപാക്കേജില്‍ ദേശീയ വരുമാനത്തിന്‍റെ 10 ശതമാനത്തിലേറെ വാഗ്ദാനം ചെയ്തെങ്കിലും, കേവലം രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് ജനങ്ങള്‍ക്കും സമ്പദ്ഘടനക്കും വേണ്ടി നേരിട്ട് ചെലവാക്കിയത്. ബാക്കി പൂര്‍ണമായും, കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കനുഗുണമായിട്ടായിരുന്നു. കോവിഡ് കാലത്ത്, രാജ്യത്തെ ജനജീവിതം അക്ഷരാര്‍ഥത്തില്‍തന്നെ സ്തംഭിച്ചു. ലോകത്താകെ സമ്പത്തുല്‍പ്പാദനത്തില്‍ 10 ശതമാനത്തിന്‍റെ കുറവുണ്ടായപ്പോള്‍ ഇന്ത്യയില്‍ ഇത് 23 % ആയിരുന്നു. അതുകൊണ്ടുതന്നെ വരുമാനം, ഉല്‍പ്പാദനം, തൊഴില്‍ എന്നിവ തകര്‍ന്നടിഞ്ഞ സ്ഥിതിയാണ്, ഇന്ത്യയിലുള്ളത്. 

നേരത്തെ തന്നെ ശക്തിപ്പെട്ടു വന്ന സാമ്പത്തികമാന്ദ്യം കോവിഡ് കാലത്ത് അതിന്‍റെ പാരമ്യത്തിലെത്തിക്കുന്ന തരത്തിലായിരുന്നു സര്‍ക്കാര്‍ നിലപാട്. ഒരു മുന്നറിയിപ്പും മുന്നൊരുക്കവുമില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും അന്ധാളിച്ചുപോയ ദരിദ്രതൊഴിലാളികള്‍ കൂട്ടപ്പലായനം നടത്താന്‍ നിര്‍ബന്ധിതരാവുകയും ചെയ്തതതോടെ ഉല്‍പ്പാദനരംഗങ്ങള്‍ മൊത്തത്തില്‍തന്നെ സ്തംഭിച്ചു. അവരുടെ കൈവശം പണം എത്തിക്കാനോ, ആശ്വാസം പകരാനോ സംരക്ഷണം നല്‍കാനോ നാമമാത്രമായ പരിപാടികള്‍ മാത്രമാണുണ്ടായിരുന്നത്. അതിനാല്‍ത്തന്നെ രാജ്യം ഇനിയും, ലോക്ഡൗണിനു മുമ്പുള്ള കാലത്തേക്ക് എത്തിയിട്ടില്ല. ഇതൊക്കെ കണക്കിലെടുത്ത് ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും, രാജ്യത്തെ  ഉല്‍പ്പാദനവും ക്രയശേഷിയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതും ഭക്ഷണമടക്കമുള്ള സാമൂഹ്യ സുരക്ഷാമാര്‍ഗങ്ങള്‍ എല്ലാ അര്‍ഥത്തിലും ഉറപ്പാക്കുന്നതുമായ ഒരു ബജറ്റാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് രാജ്യം പ്രതീക്ഷിച്ചത്.

കേന്ദ്ര ബജറ്റ്
ബജറ്റ് യഥാര്‍ഥത്തില്‍ ഒരു വരവുചെലവ് കണക്കാണ്. സര്‍ക്കാരിന്‍റെ ബജറ്റ്, വരവിന്‍റെ സ്രോതസ്സുകളെയും, ചെലവിന്‍റെ ലക്ഷ്യങ്ങളെയും മുന്‍നിര്‍ത്തിയാണ് അതിന്‍റെ രാഷ്ട്രീയ പക്ഷപാതിത്വം പ്രകടമാക്കുന്നത്. പുതിയ കേന്ദ്ര ബജറ്റ് പരോക്ഷ നികുതികളെയും പൊതുമേഖലാ ആസ്തി വില്‍പ്പനയെയും അപനിക്ഷേപത്തെയും പ്രധാന വരുമാന സ്രോതസ്സായി കാണുന്നു. ചെലവാകട്ടെ, വളരെ "പോപ്പുലിസ്റ്റായ" രീതിയില്‍ സ്വകാര്യവല്‍ക്കരണത്തിന്‍റെ പാതയില്‍ ജനങ്ങളെ മുന്നില്‍ നിര്‍ത്തി കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുംവിധം തയ്യാറാക്കിയിരിക്കുന്നു. ഇന്ത്യയില്‍ സ്വകാര്യവല്‍ക്കരണമെന്നത്, വിദേശ നിക്ഷേപത്തിന്‍റെ പര്യായമാണെന്നിരിക്കെ, നടപടികളെല്ലാം ആത്മനിര്‍ഭര്‍ (ദേശീയ സ്വാശ്രയത്വം) അടിസ്ഥാനമാക്കിയാണെന്നത് പ്രചാരണം മാത്രമായി കണ്ടാല്‍ മതി. അതുകൊണ്ടുതന്നെ ദേശീയ വരുമാനം 11 % വര്‍ധിച്ചു എന്നൊക്കെ പറയുന്നത് കൃത്യമായ നിലപാടുകളെ അടിസ്ഥാനമാക്കിയാണെന്ന് തോന്നുന്നില്ല. രാജ്യം അസാധാരണമായൊരു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എല്ലാവരും സമ്മതിക്കുന്നു. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയാല്‍ തന്നെ, ഈ വര്‍ഷം കഴിഞ്ഞാല്‍ രാജ്യം കോവിഡ് പൂര്‍വ അവസ്ഥയില്‍ എത്തുകയില്ല എന്നാണ് കണക്കുകൂട്ടലുകള്‍ കാണിക്കുന്നത്. അതിനാല്‍ മാറി ചിന്തിക്കണം, എന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും പഴയ അതേ ചക്രച്ചാലില്‍ തനി യാഥാസ്ഥിതികമായ വിധത്തിലുള്ള ധനമാനേജ്മെന്‍റ് രീതിയില്‍ തന്നെയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.


ആറ് തിരികുറ്റികളില്‍ ഊന്നി സമ്പദ്ഘടനയുടെ വീണ്ടെടുപ്പ് സാധ്യമാക്കുമെന്നാണ് സര്‍ക്കാര്‍چ അവകാശപ്പെടുന്നത്. ഇതടക്കം എല്ലാ കാര്യങ്ങള്‍ക്കുമുള്ള മൊത്തം ചെലവായി ബജറ്റില്‍ (2021-22ല്‍) വിഭാവനം ചെയ്യുന്നത്, 34,83,236 കോടി രൂപയാണ്. ഇതിലാകട്ടെ, 2020-21 വര്‍ഷത്തെ പുതുക്കിയ ചെലവായ 34,50,305 കോടിയേക്കാള്‍ 32,931 കോടി മാത്രമാണ് കൂടുതലുള്ളത്. അതായത്, അധിക ചെലവ് ഒരു ശതമാനത്തില്‍ കുറവാണെന്നര്‍ഥം. മൂലധന ചെലവിലെ വര്‍ധന 15% ആണെങ്കിലും അതില്‍ നിന്നുള്ള തൊഴില്‍/വരുമാന വര്‍ധന സഫലീകരിക്കാന്‍ ഏറെ സമയമെടുക്കും. സാധാരണ ബജറ്റ് പ്രസംഗത്തില്‍, വികസന രംഗങ്ങളില്‍ ഒന്നാമതായി പറയാറ് കാര്‍ഷികമേഖലയെപ്പറ്റിയാണ്. ഇപ്പോള്‍ നടക്കുന്ന കര്‍ഷകസമരത്തിന്‍റെ പ്രാധാന്യം കൂടി കണക്കിലെടുത്ത് കൂടുതല്‍ ആനുകൂല്യവും വകയിരുത്തലും കൃഷിക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ബജറ്റവതരണം തുടങ്ങി, ഒരു മണിക്കൂറിനു ശേഷമാണ് കൃഷിയെപ്പറ്റി പരാമര്‍ശിക്കുന്നതുപോലും; വകയിരുത്തല്‍ ഒന്നും ഇല്ല. മൊത്തം അടങ്കല്‍ 1.54 ലക്ഷം കോടിയില്‍നിന്ന് 1.48 ലക്ഷം കോടിയായി കുറച്ചു. അതെല്ലാം തന്നെ ബാങ്ക് വായ്പകള്‍ വഴിയാണ് ലഭ്യമാക്കുന്നത്.


ബാങ്കുകളാകട്ടെ, ചെറുകിട കാര്‍ഷിക വായ്പകളൊക്ക പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. കാര്‍ഷിക ഇന്‍പുട്ടുകള്‍ക്ക് സബ്സിഡി ഇല്ല. കൃഷിക്കുള്ള വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിനു പുതിയ നിയമം തന്നെ വന്നിരിക്കുന്നു. ഭക്ഷ്യസംരക്ഷണം, പൊതുവിതരണ സംവിധാനം, ധാന്യവില നിര്‍ണയം എന്നിവക്കൊന്നും കൃത്യമായ നടപടികളില്ല. പിഎം-കിസാന്‍ പദ്ധതിയുക്കുള്ള വകയിരുത്തല്‍ കഴിഞ്ഞ വര്‍ഷത്തെ ഏഴായിരം കോടി രൂപയില്‍തന്നെ. കോവിഡ് കാലത്ത് ഏറ്റവും വര്‍ധന ഉണ്ടായത് ഭക്ഷ്യ സബ്സിഡി ഇനത്തിലായിരുന്നു. 2020-21ലെ പുതുക്കിയ ബജറ്റ് അനുസരിച്ച് ഇത് 4,22,618 കോടി ആയിരുന്നു. സൗജന്യ സബ്സിഡി ഭക്ഷ്യവിതരണം, കിറ്റ്, റേഷന്‍ സബ്സിഡി എന്നിവയ്ക്കൊക്കെ ആയിരുന്നു ഇത്. ഇപ്പോഴും സ്ഥിതിഗതികള്‍ പഴയ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല എന്നതൊരു വസ്തുതയായിരിക്കെ,  ഈ വര്‍ഷത്തെ ഭക്ഷ്യസബ്സിഡി 2,42,836 കോടി ആയി കുറച്ചിരിക്കുന്നു.

കാര്‍ഷിക പശ്ചാത്തല വികസന ഫണ്ട് (എഐഎഫ്) എന്ന നിലയില്‍ ഒരു ലക്ഷം കോടി വായ്പ വാങ്ങാമത്രെ. എന്നാല്‍ കാര്‍ഷിക പശ്ചാത്തല വികസന സെസ്സ് എന്ന നിലയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ സെസ്സ് ഏര്‍പ്പെടുത്തി. ഇത് "സെസ്സ്" ആണെന്നതു കൊണ്ടുതന്നെ, സംസ്ഥാനങ്ങളുമായി വീതിച്ചെടുക്കുന്ന പണമല്ല. ഈ രീതിയില്‍ പുതുതായി ചുമത്തുന്ന വരുമാന മാര്‍ഗങ്ങളൊക്കെ തന്നെ സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കാത്ത വരുമാനമാണ്. കേന്ദ്രം ചുമത്തുന്ന പിരിവുകളില്‍ 16%വും ഇത്തരത്തിലുള്ളവയാണത്രെ. ഇത് ഫെഡറല്‍ വ്യവസ്ഥയ്ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ക്കിടയാക്കുന്നു. ഇത്തരം സെസ്സുകളാകട്ടെ, കൃഷിയെ നേരില്‍ സഹായിക്കുന്നവയുമല്ല. മാത്രമല്ല, എഐഎഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചതും ഇതുവരെയായി നടപടികളൊന്നും നടക്കാത്തതുമാണ്.


പുതിയ കേന്ദ്ര ബജറ്റിനെ "മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്ത"മാക്കുന്നത് ആരോഗ്യരംഗത്തെ വര്‍ധിച്ച പരിഗണനയാണത്രെ. ആരോഗ്യ ചെലവുകളില്‍ 137% ന്‍റെ വര്‍ധനവുണ്ടത്രെ. 2020-21ല്‍ പുതുക്കിയ ബജറ്റ് കണക്കനുസരിച്ച് 94,452 കോടി രൂപയായിരുന്നു ചെലവാക്കിയതെങ്കില്‍ പുതിയ ബജറ്റില്‍ വിഭാവനം ചെയ്യുന്നത് 2,23,846 കോടി രൂപയാണ്. ഇവിടെയാണ് കണക്കിലെ കസര്‍ത്ത് മറനീക്കി പുറത്തുവരുന്നത്. ആരോഗ്യകുടുംബക്ഷേമ വകുപ്പ് എന്ന് സാധാരണ പറയാറുള്ള വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി കാര്യമായ വര്‍ധനയൊന്നും ഇല്ല. അത് 2020-21ലെ 65000 കോടി രൂപയില്‍നിന്ന് 71,269 കോടിരൂപയായി; അതായത് 9.6%ന്‍റെ വര്‍ധന മാത്രമാണ്. എന്നാല്‍, 2020-21ല്‍ ആരോഗ്യവകുപ്പിന്‍റെ പുതുക്കിയ ബജറ്റ് കണക്ക് 78,866 കോടി രൂപയായിരുന്നു. അത് വെച്ചുനോക്കുമ്പോള്‍ യഥാര്‍ഥത്തില്‍ 9.6%ന്‍റെ കുറവാണ് ഈ രംഗത്തുണ്ടായത്. 

ആരോഗ്യമെന്ന പേരില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ടതില്ലാത്ത കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡ് വാക്സിന്‍ കുത്തിവെപ്പിന്‍റെ 35,000 കോടി രൂപ, കുടിവെള്ള വിതരണത്തിനുള്ള 60,030 കോടി രൂപ, സാനിറ്റേഷനുള്ള 2700 കോടി രൂപ, ആരോഗ്യവകുപ്പിലേക്കായി പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച 49,000 കോടിരൂപയുമെല്ലാം ഇതില്‍പ്പെടുന്നു. ആത്മനിര്‍ഭര്‍ പദ്ധതിപ്രകാരം അനുവദിച്ച വിവിധ തലത്തിലുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള പണം വരുന്ന ആറ് വര്‍ഷത്തേക്കുള്ളതാണ്. ഇത്തരം ചെപ്പടിവിദ്യകളെല്ലാം മാറ്റിനിര്‍ത്തി ആരോഗ്യരംഗത്തെ മാത്രം മൊത്തം ചെലവ് പരിഗണിച്ചാല്‍ അതിന്‍റെ അനുപാതം 2.39%ല്‍നിന്ന് 2.14% ആയി കുറഞ്ഞിരിക്കുന്നു. വാക്സിനും കുടിവെള്ളവുമൊക്കെ ആരോഗ്യസംരക്ഷണത്തില്‍ പ്രധാനമാണ്. എന്നാല്‍, കോവിഡ് കാലത്ത് എല്ലാ മറയും നീക്കി പുറത്തുവന്ന ഇന്ത്യയിലെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ഒട്ടേറെ ദൗര്‍ബല്യങ്ങള്‍, പരിഹരിക്കാനുള്ള തനത് പരിപാടികള്‍ ഒന്നും തന്നെ ബജറ്റില്‍ ഇല്ല. ഞടആഥ അടങ്കലില്‍പോലും മാറ്റം നിര്‍ദ്ദേശിക്കുന്നില്ല എന്നത് ഖേദകരമാണ്. 


ചുരുക്കത്തില്‍, കോവിഡില്‍ തകര്‍ന്ന പൊതുജനാരോഗ്യരംഗമായാലും, കര്‍ഷകസമരത്തില്‍ തകര്‍ന്ന ഭക്ഷ്യസുരക്ഷാ സംവിധാനമായാലും പോരായ്മകള്‍ പരിഹരിക്കാനുള്ള യാതൊരു നടപടിയും കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതൊക്കെ സംഭവിക്കുന്നത് ലോക വിശപ്പ് സൂചികയില്‍ 107ല്‍ 94-ാം സ്ഥാനത്ത് നിലകൊണ്ടുകൊണ്ട് ലോകത്ത് ഏറ്റവും കൂടുതല്‍ വിശക്കുന്നവരുള്ള രാജ്യങ്ങളിലായി ഇന്ത്യ മാറിയ അവസരത്തിലാണെന്നു കൂടി കാണേണ്ടിയിരിക്കുന്നു. അസിം പ്രേംജി സര്‍വകലാശാല 2020 നവംബര്‍ - ഡിസംബറില്‍ നടത്തിയ സര്‍വെയില്‍ പ്രതികരിച്ചവരില്‍ മൂന്നില്‍രണ്ടുപേരും ലോക്ഡൗണിനുമുമ്പുള്ള സ്ഥിതിയിലേക്കെത്തിയിട്ടില്ലെന്നാണ് വെളിവാക്കിയത്.

ബജറ്റ് പ്രസംഗത്തില്‍ കയറിപ്പറ്റാത്ത ഒരു ഇനമാണ് തൊഴിലുറപ്പ് പദ്ധതി. 2021-22 വര്‍ഷത്തേക്കുള്ള കണക്കില്‍ 73000 കോടി രൂപയാണ് ഇതിനായി വിഭാവനം ചെയ്തിരിക്കുന്നത്. 2020-21 വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയത് 61,500 കോടിരൂപയായിരുന്നു. എന്നാല്‍, കോവിഡ് കാലത്തെ ജീവിതത്തകര്‍ച്ചയും തൊഴിലാളി പലായനവും ഉപജീവനയാചനയും കാരണം കഴിഞ്ഞ വര്‍ഷത്തെ പുതുക്കിയ കണക്കനുസരിച്ച് 1.11 ലക്ഷം കോടിരൂപയായി ഉയര്‍ന്നിരുന്നു. മാത്രമല്ല, 2020 ഡിസംബറില്‍ സിഎംഐഇ നടത്തിയ കണക്കെടുപ്പില്‍ ഗ്രാമീണ തൊഴിലില്ലായ്മ 9% ആണ്. ആ നിലയ്ക്ക് വര്‍ഷത്തില്‍ 100-150 ദിവസം വരെയെങ്കിലും തൊഴില്‍ ലഭിക്കണം. അങ്ങനെ വരുമ്പോള്‍ 2020-21ലെ പുതുക്കിയ കണക്കിനേക്കാള്‍ കൂടുതല്‍ പണം തൊഴിലുറപ്പിനായി വകയിരുത്തേണ്ടതായിരുന്നു. അസംഘടിത മേഖല ഇന്നും മുമ്പത്തെ സ്ഥിതിയിലേക്ക് എത്താത്ത അവസ്ഥയില്‍ ഇത് വളരെ പ്രസക്തമാണുതാനും. എന്നിട്ടും ഈ വര്‍ഷത്തെ ബജറ്റില്‍ തൊഴിലുറപ്പില്‍ വകയിരുത്തിയത് 73000 കോടിരൂപ മാത്രമാണ്. അതായത് മുന്‍വര്‍ഷത്തെ ചെലവിനേക്കള്‍ 38000 കോടി (34%) രൂപയുടെ കുറവ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മറ്റെന്തെങ്കിലും തരത്തിലുള്ള (ഉദാ: ക്ഷേമബോര്‍ഡുകള്‍) ആനുകൂല്യങ്ങളൊന്നും ബജറ്റില്‍ പറയുന്നുമില്ല.

അംഗന്‍വാടികള്‍ അടക്കമുള്ള വനിതാ - ശിശുക്ഷേമ പദ്ധതികള്‍ പലതുംകൂട്ടിച്ചേര്‍ത്ത് വലിയ പദ്ധതിയാക്കി. എന്നാല്‍, നേരത്തെ ഉണ്ടായിരുന്ന പണംപോലും നീക്കിവെച്ചിട്ടില്ല. ഉദാ: 2020-21ല്‍ സ്കൂള്‍ ഉച്ചഭക്ഷണത്തിനുള്ള പുതുക്കിയ ചെലവ് 12900 കോടിരൂപ ആയിരുന്നു. എന്നാല്‍, പുതിയ ബജറ്റില്‍ ഇത് 11,500 കോടി രൂപയാണ്. അംഗന്‍വാടികള്‍ക്ക് 2020-21ലെ ബജറ്റില്‍ വകയിരുത്തിയ തുക മുഴുവന്‍ ചെലവാക്കിയിരുന്നില്ല. കോവിഡ് കാലത്ത് അംഗന്‍വാടികള്‍ തുറക്കാത്ത സാഹചര്യത്തില്‍, നല്‍കേണ്ടിയിരുന്ന ഉച്ചഭക്ഷണ വിതരണം, വീട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നുവേണം അനുമാനിക്കാന്‍. പോഷകാഹാര പദ്ധതികള്‍ പൊതുവില്‍ മോഡി സര്‍ക്കാര്‍ അവഗണിക്കുകയാണ്. സാര്‍വത്രിക പൊതുവിതരണ സംവിധാനത്തേയും ഗൗരവത്തിലെടുക്കുന്നില്ല. ചുരുക്കത്തില്‍, പട്ടിണി, വിശപ്പ്, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിങ്ങനെയുള്ള ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ക്കൊന്നും ഒരു മഹാമാരിക്കാലത്ത് നല്‍കേണ്ട യാതൊരു മുന്‍ഗണനയും കേന്ദ്ര ബജറ്റില്‍ നല്‍കുന്നില്ല. സാമൂഹ്യക്ഷേമ ചെലവുകള്‍ക്കുള്ള വകയിരുത്തല്‍ മുന്‍വര്‍ഷത്തേക്കാള്‍ 33800 കോടിരൂപ കുറവാണ്.


കേരള ബജറ്റ് 
2021-22ലെ കേരള ബജറ്റിന്‍റെ പ്രധാന പ്രത്യേകത ഒരു പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാര്യങ്ങളെ കാണുന്നു എന്നതാണ്. കേന്ദ്ര ആസൂത്രണകമ്മീഷന്‍ ഇല്ലാതായിട്ടും ആസൂത്രണ പ്രക്രിയ നിലനില്‍ക്കുന്ന ഏക സംസ്ഥാനം കേരളമാണ്. അതുകൊണ്ടുതന്നെ 13-ാം പദ്ധതിയുടെ അവസാന വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുന്നതും, 14-ാം പദ്ധതിക്കായുള്ള വികസന സമീപനം മുന്നോട്ടുവെയ്ക്കുന്നതുമാണ് സംസ്ഥാന ബജറ്റ്. ഇത് കൂടാതെ, കേരള ബജറ്റിന്‍റെ പശ്ചാത്തലമായി മറ്റൊരു ദുരന്തം, അതായത് തുടര്‍ച്ചയായി, രണ്ടു വര്‍ഷങ്ങളിലുണ്ടായ പ്രളയം കൂടിയുണ്ട്. അവിടെ തുടങ്ങിയ പുതിയൊരു കേരള സൃഷ്ടിയുടെ ഭാഗംകൂടിയാണ് ഈ ബജറ്റ്. 25 വര്‍ഷത്തെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്‍റെ അനുഭവങ്ങള്‍ കൈമുതലായുള്ള ശക്തമായൊരു തദ്ദേശ ഭരണ സംവിധാനം പുതുതായി അധികാരമേറ്റിരിക്കുന്നു എന്നത് ഇവിടത്തെ പ്രത്യേകതയാണ്. എന്നാല്‍, ഇന്ത്യയിലേതുപോലെ, കേരളത്തിലേയും പ്രധാന പ്രശ്നം തൊഴിലില്ലായ്മയും വരുമാനത്തിലെയും ഉല്‍പാദനത്തിലെയും തകര്‍ച്ചയുമാണ്. സംസ്ഥാനത്തെ ഒരു ഗ്രാമ പഞ്ചായത്തായ കോഴിക്കോട് ജില്ലയിലെ നൊച്ചാട് നടത്തിയ പഠനം ഇതിന്‍റെ സൂക്ഷ്മതല വിശദാംശങ്ങള്‍ നല്‍കാന്‍ പര്യാപ്തമാണ്.

 
തൊഴിലുമായി ബന്ധപ്പെടുത്തി കേരള ബജറ്റ് ജനങ്ങളെ പ്രധാനമായും രണ്ടായി കാണുന്നു. ദിവസ ക്കൂലിയെ ആശ്രയിക്കുന്നവരെന്നും തൊഴിലന്വേഷകരായ അഭ്യസ്തവിദ്യരെന്നും. ഇവര്‍ക്കായി യഥാക്രമം 13ഉം 12ഉം പരിപാടികള്‍ ബജറ്റ് മുന്നോട്ടുവെയ്ക്കുന്നു. ഇതിനുള്ള വരുമാനസ്രോതസ്, കേന്ദ്രസഹായം, ജിഎസ്ടി വിഹിതം; ധനകാര്യ സ്ഥാപനങ്ങളുടെ ഏകോപനം (കെഎസ്എഫ്ഇ, കെഎസ്ഐഡിസി, കേരള ബാങ്ക്, കെഎഫ്സി, കെഐഎല്‍എഫ്ബി എന്നിങ്ങനെ) വഴി കണ്ടെത്തുന്നു. 


സാമൂഹ്യരീതിയില്‍ അധിഷ്ഠിതമായ ഉപജീവന ഉപാധികള്‍ നല്‍കുന്നു എന്നതാണ് ദിവസക്കൂലിക്കാര്‍ക്കുള്ള സഹായ രീതി. ഇതിന്‍റെ ഭാഗമായി എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും പ്രതിമാസം 1600 രൂപയാക്കുന്നു. അംഗന്‍വാടി, ആശാവര്‍ക്കര്‍, സ്കൂള്‍ പാചക തൊഴിലാളി എന്നിവരുടെ വേതനം വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് വിളയായ നെല്ല്, നാളികേരം, റബര്‍ എന്നിവയുടെ താങ്ങുവില വര്‍ധിപ്പിക്കുന്നു. ഇതില്‍ എടുത്തുപറയേണ്ടത് നെല്ലിന്‍റെ കാര്യമാണ്. ഇന്ത്യയില്‍ എപിഎംസി മണ്ഡികള്‍ ഉള്ള സംസ്ഥാനങ്ങളില്‍പോലും (അവ ഇല്ലാതാക്കാന്‍ കേന്ദ്രം നിയമമുണ്ടാക്കിയിരിക്കുന്നു) വില 1838 രൂപ (ക്വിന്‍റല്‍) ആയിരിക്കുമ്പോള്‍ കേരളത്തില്‍ 962 രൂപ ബോണസ്സായി നല്‍കി, നെല്ലിന്‍റെ താങ്ങുവില 2800 രൂപ  ആക്കിയിരിക്കുന്നു. കൂടാതെ 12 തരം പച്ചക്കറികള്‍ക്കും താങ്ങുവില ഏര്‍പ്പെടുത്തിയിട്ടുണ്ട്. റേഷന്‍ കടകളിലൂടെയുള്ള അരി വിതരണം നീല, വെള്ള കാര്‍ഡുകാര്‍ക്കും മാസത്തില്‍ കിലോയ്ക്ക് 15 രൂപവെച്ച് 10 കിലോ അരി അധികമായി നല്‍കുന്നു. 

തൊഴിലുറപ്പിനുള്ള അടങ്കല്‍ 4057 കോടിരൂപയാക്കിയിരിക്കുന്നു. ഇതിന്മേല്‍ മൂന്നുലക്ഷം പേരെക്കൂടി അധികം ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നു. ഇപ്പോള്‍ വര്‍ഷത്തില്‍ ശരാശരി 50-55 ദിവസം പണി കിട്ടുന്നത്, 75 ദിവസം ആക്കി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. 20 ദിവസത്തെ പണി കിട്ടിയവര്‍ക്ക് ക്ഷേമനിധി അംഗത്വവും, 75 ദിവസം കിട്ടിയവര്‍ക്ക് ഉത്സവബത്തയും, 60 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് പെന്‍ഷന്‍ പദ്ധതിയും ഉദ്ദേശിക്കുന്നു. കൂടാതെ അയ്യങ്കാളിയുടെ പേരിലുള്ള നഗര തൊഴില്‍ദാന പദ്ധതിക്ക് 200 കോടിയും വകയിരുത്തുന്നു. കാര്‍ഷികരംഗത്ത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ വിഭാവനംചെയ്യുന്നു. കാര്‍ഷിക ഇതര രംഗങ്ങളില്‍ മൂന്നുലക്ഷംപേര്‍ അടക്കം അഞ്ചുലക്ഷം പേര്‍ക്ക് ഉപജീവന ഉപാധികളുമായി ബന്ധപ്പെടുത്തി തൊഴില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നു. 

അഭ്യസ്തവിദ്യരായ മൂന്നുലക്ഷം പേര്‍ക്ക് ഈ വര്‍ഷം തൊഴില്‍ കണ്ടെത്തും. ഇതില്‍ സ്ത്രീകള്‍ക്കായിരിക്കും മുന്തിയ പരിഗണന. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍വഴി വര്‍ക്ക് സൈറ്റ്, വര്‍ക്ക് അറ്റ് ഹോം, വര്‍ക്ക് നിയര്‍ഹോം എന്നീ പദ്ധതികള്‍ നിലവില്‍ വരും. കേരള സ്റ്റേറ്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (കെ-ഡിസ്ക്) എന്ന സംവിധാനം ശക്തിപ്പെടുത്തി ഇതിനായി ഉപയോഗിക്കും. ഇതിന്‍റെ കീഴില്‍ ശക്തമായൊരു നൈപുണി മിഷന്‍ കുടുംബശ്രീ മുഖേന പ്രവര്‍ത്തിക്കും. കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി സ്കൂള്‍ ഡിജിറ്റലൈസേഷന്‍, സൗജന്യവും ഇളവുള്ളതുമായ ലാപ്ടോപ്പ് വിതരണം, ഇന്‍റര്‍നെറ്റ് കണക്ഷന്‍, കെ ഫോണ്‍ വിപുലീകരണം എന്നിവ നടപ്പാക്കും. ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനത്തിന്‍റെ ചട്ടക്കൂടില്‍ പുനഃ ക്രമീകരിക്കുംവിധം ഉന്നത വിദ്യാഭ്യാസരംഗത്ത് ഏറെ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. 2000 കോടി രൂപ അധികച്ചെലവുവരുന്ന ഇത്തരം പദ്ധതികള്‍വഴി 3.5 ലക്ഷം കുട്ടികള്‍കൂടി ഉന്നത വിദ്യാഭ്യാസരംഗത്ത് എത്തുമെന്ന് കണക്കാക്കുന്നു. ഒപ്പംതന്നെ മികവിന്‍റെ കേന്ദ്രങ്ങളും സ്ഥാപിക്കും. 500  പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് നല്‍കും. ഇതിനായി ശാസ്ത്രസാങ്കേതിക സംവിധാനം വലിയതോതില്‍ വിപുലീകരിക്കും. 


പല രീതിയിലുള്ള നവീകരണം പ്രോത്സാഹിപ്പിക്കും. എല്ലാ രംഗത്തേയും ഉല്‍പാദനം, വിതരണം, വിപണനം, വിനിമയം, സംഘാടനം, കമ്പോളം, യാത്ര, കടത്ത്, വില നിര്‍ണയം, ഗുണനിലവാരം എന്നിങ്ങനെ എല്ലാ രംഗങ്ങളിലും നൂതന രീതിയിലുള്ള ഇടപെടല്‍ കൊണ്ടുവരും. ഒപ്പം ഇവയൊക്കെ സഫലീകരിക്കുന്ന രീതിയില്‍ സ്റ്റാര്‍ട്അപ്പുകള്‍ ശക്തിപ്പെടുത്തും. ഇത്തരം 2500 സ്റ്റാര്‍ട്അപ്പുകള്‍ക്കായി 20,000 കോടി രൂപ വകയിരുത്തുന്നു. ഒപ്പം ആധുനിക വ്യവസായങ്ങള്‍ വിപുലീകരിക്കാനും വ്യവസായ ഇടനാഴികള്‍ക്കും പദ്ധതികള്‍ ഉണ്ടാക്കുന്നു. 


തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ഭാവി കേരളത്തിന്‍റെ വികസന കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ ചെറുകിട വ്യവസായ ക്ലസ്റ്ററുകള്‍, ബ്ലോക്കുതല റിസോഴ്സ് കേന്ദ്രങ്ങള്‍, എസ്ബിഎസ്ഇയു ഇന്നൊവേറ്റീവ് ഫണ്ട് എന്നിവ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നു. 12,074 കോടി രൂപ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഉപാധിരഹിത ഫണ്ടായി ലഭിക്കും. എല്ലാതരം പദ്ധതികളും ചേര്‍ന്ന് തദ്ദേശ സ്ഥാപനങ്ങള്‍വഴി ചെലവാക്കാന്‍ 25,660 കോടി രൂപ ഉണ്ടാകുമത്രെ. 760 കോടി ചെലവില്‍, 75% സ്ത്രീ പങ്കാളിത്തം ഉണ്ടാകുന്ന രീതിയില്‍ തൊഴില്‍ സംരംഭങ്ങള്‍ക്ക് രൂപം നല്‍കും. കുടുംബശ്രീക്കായി 1749 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ബാങ്ക് വായ്പ 12,000 കോടി രൂപയുടേത് ഇപ്പോള്‍ നിലവിലുണ്ട്. 


ഇവയ്ക്കെല്ലാം പുറമെ വിദ്യാഭ്യാസം (1000 പുതിയ തസ്തികകള്‍), ആരോഗ്യം, (4000 പുതിയ തസ്തികകള്‍), ടൂറിസം, മൃഗസംരക്ഷണം, മത്സ്യം, ശാസ്ത്ര-സാങ്കേതികം, വനം തുടങ്ങിയ വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ക്കായി പണവും തദനുസൃമായ സംവിധാനങ്ങളും ഉറപ്പാക്കുന്നു. ആ രീതിയില്‍ പരിശോധിക്കുമ്പോള്‍, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും അവരുടെ ജീവിതത്തേയും സ്പര്‍ശിക്കുന്നതാണ് 2021-22ലെ കേരള ബജറ്റ്. ധാരാളം പരിമിതികള്‍ക്കകത്താണ് ഇത്തരമൊരു ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. എന്നിട്ടും എല്ലാ ധനകാര്യ സംവിധാനങ്ങളെയും ഏകോപിപ്പിക്കാനും ഓരോന്നിന്‍റെയും ധര്‍മം നിറവേറ്റത്തക്കവിധം പ്രവര്‍ത്തനങ്ങളെ വിഭജിച്ച് നല്‍കാനും കഴിഞ്ഞിരിക്കുന്നു. ആ അര്‍ഥത്തില്‍ പ്രകൃതിദുരന്തത്തെയും രോഗദുരന്തത്തെയും സാമ്പത്തിക തകര്‍ച്ചയേയും മാന്ദ്യാവസ്ഥയേയും നേരിടാന്‍ ഒരു ചെറിയ സംസ്ഥാനത്തെ സജ്ജമാക്കുന്നതിനു ഈ ബജറ്റ് ആത്മാര്‍ത്ഥമായി ശ്രമിക്കുന്നു. 

അതേസമയം എല്ലാ നിയമങ്ങളും ഉണ്ടാക്കുന്ന, നോട്ടടിക്കാന്‍ അധികാരമുള്ള കേന്ദ്രസര്‍ക്കാര്‍ ഈയൊരു കെടുതിക്കാലത്തുപോലും ഇത്തരം സാധ്യതകളെ ജനങ്ങള്‍ക്കനുകൂലമായി പ്രയോജനപ്പെടുത്തുന്നില്ല. ഈ കേന്ദ്ര സമീപനം യാദൃച്ഛികമല്ല ബോധപൂര്‍വമാണെന്നതാണ് കേന്ദ്ര ബജറ്റിനെ ജനവിരുദ്ധമാക്കുന്നത്, കൂടുതല്‍ യാഥാസ്ഥിതികമാക്കുന്നതും. അതേസമയം പരിമിതികള്‍ക്കകത്തുനിന്ന് ജനങ്ങളെ സഹായിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു എന്നതാണ് കേരള ബജറ്റിനെ ജനപക്ഷവും വികസനോന്മുഖവുമാക്കുന്നതും. ഇത് രാഷ്ട്രീയ നിലപാടുകളിലെ  വ്യത്യാസംകൊണ്ടാണെന്ന തിരിച്ചറിവാണ് ഈ കോവിഡ്കാലത്ത് ജനങ്ങള്‍ക്കുണ്ടാകേണ്ടത്.•