മ്യാന്‍മര്‍ ജനതയോട് ഐക്യദാര്‍ഢ്യം

ട്ടാള അട്ടിമറിക്കെതിരായി മ്യാന്‍മറില്‍ ഒരു വന്‍ ജനമുന്നേറ്റമുണ്ടായിരിക്കുന്നു. ജനാധിപത്യത്തെ നിഷ്ഠൂരമായി അടിച്ചമര്‍ത്തുന്നതിനെതിരെ എല്ലാ തുറകളിലുമുള്ള ജനങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി മ്യാന്‍മറിലെ തെരുവുകളില്‍ അണിനിരക്കുന്നു.

2020 നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പിനുശേഷം പുതിയ പാര്‍ലമെന്‍റ് തുറക്കേണ്ടിയിരുന്ന ദിവസമായ ഫെബ്രുവരി ഒന്നിനാണ്, മ്യാന്‍മറിലെ സൈന്യമായ തദ്മദോ അവിടെ അട്ടിമറി നടപ്പാക്കിയത്. തിരഞ്ഞെടുപ്പില്‍ ആങ്സാന്‍ സൂകി നയിച്ച നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (NLD) വമ്പിച്ച വിജയമാണ് നേടിയത്. എന്നാല്‍ സൈന്യം, തിരഞ്ഞെടുപ്പു ഫലം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും പ്രസിഡന്‍റ് വിന്‍ മിന്‍റിനേയും സ്റ്റേറ്റ് കൗണ്‍സിലറായ സൂകിയെയും സ്ഥാനഭ്രഷ്ടരാക്കുകയും ചെയ്തു. അവരെ രണ്ടുപേരെയും മറ്റ് എന്‍എല്‍ഡി നേതാക്കളെയും അറസ്റ്റു ചെയ്തു ജയിലിലടച്ചു. 

1962ല്‍ ജനറല്‍ നെവിന്‍ അട്ടിമറി നടത്തിയതുമുതലിങ്ങോട്ട് ദശകങ്ങളായി മ്യാന്‍മര്‍ ഭരിക്കുന്നത് അവിടുത്തെ പട്ടാളമാണ്. ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭം 1981ല്‍ നല്ലൊരു മുന്നേറ്റം ഉണ്ടാക്കിയെങ്കിലും സൈന്യം അതിനെ നിഷ്ഠൂരമായി അടിച്ചമര്‍ത്തി. സൂകിയെ നീണ്ട പതിനാറു വര്‍ഷത്തോളം വീട്ടുതടങ്കലില്‍ വെച്ചു.


നീണ്ട കാലത്തെ ശക്തമായ സമരത്തിനുശേഷം, സൈന്യം ചില അധികാരങ്ങള്‍ വിട്ടുകൊടുക്കുകയും സൈന്യംതന്നെ അംഗീകരിച്ച 2008ലെ ഭരണഘടനപ്രകാരം പരിമിതമായ ജനാധിപത്യ സംവിധാനം കൊണ്ടുവരുകയും ചെയ്തു. ഈ സംവിധാനത്തിനുകീഴിലും, സൈന്യം നിര്‍ണായക അധികാരങ്ങള്‍ കൈയ്യാളിയിരുന്നു; പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലേക്കുമുള്ള സീറ്റുകളില്‍ 25 ശതമാനം പട്ടാളത്തിന്‍റെ നോമിനികള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. പ്രതിരോധമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സൈന്യത്തിനാണ്; ഒപ്പം തന്നെ ഭരണകൂടത്തിന്‍റെ മറ്റു നിര്‍ണായക മേഖലകളുടെയും നിയന്ത്രണം സൈന്യത്തിനാണ്.

2015ലാണ് പാര്‍ലമെന്‍റിന്‍റെ പ്രതിനിധിസഭയിലേക്കും ദേശീയ സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളില്‍ എന്‍എല്‍ഡി ആദ്യമായി മത്സരിച്ചത്. ഇരുസഭകളിലേക്കുമുള്ള 80 ശതമാനത്തിലധികം സീറ്റുകളില്‍ എന്‍എല്‍ഡി വിജയം കൈവരിച്ചു. വിദേശ പങ്കാളിയുള്ള ഒരു വ്യക്തിയെ ഗവണ്‍മെന്‍റിന്‍റെ തലവന്‍ എന്ന സ്ഥാനത്തിരിക്കുന്നതില്‍നിന്നും വിലക്കുന്ന ഭരണഘടനാപരമായ വ്യവസ്ഥയുണ്ടായിരുന്നതുകൊണ്ട് അന്ന് സൂകിക്ക് പ്രധാനമന്ത്രി സ്ഥാനത്ത് എത്താന്‍ സാധിച്ചില്ല; അങ്ങനെ സൂകി സ്റ്റേറ്റ് കൗണ്‍സിലര്‍ ആവുകയും ഫലത്തില്‍ പ്രധാനമന്ത്രി സ്ഥാനം വഹിക്കുകയും ചെയ്തു.

2020 നവംബര്‍ 8ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതിനിധിസഭയിലേക്കുള്ള ആകെ 310 സീറ്റില്‍ 258 എണ്ണത്തിലും, ദേശീയ സഭയിലേക്കുള്ള ആകെ 168 സീറ്റില്‍ 138 എണ്ണത്തിലും വിജയിച്ചുകൊണ്ട് എന്‍എല്‍ഡി അതിന്‍റെ നില മെച്ചപ്പെടുത്തി. സൈനിക പിന്തുണയുള്ള യൂണിയന്‍ സോളിഡാരിറ്റി ആന്‍റ് ഡെവലപ്മെന്‍റ് പാര്‍ടിക്ക്  പ്രതിനിധിസഭയില്‍ കേവലം 26 സീറ്റുകളും 5.9 ശതമാനം വോട്ടുമാണ് നേടാനായത്.

ഈ തിരഞ്ഞെടുപ്പുഫലത്തില്‍ അതൃപ്തരായ സൈന്യം, തിരഞ്ഞെടുപ്പില്‍ ഗൗരവമായ ക്രമക്കേടുകള്‍ നടന്നു എന്നു പ്രഖ്യാപിക്കുകയും തുടര്‍ന്ന് അട്ടിമറി നടത്തുകയുമായിരുന്നു. ഭരണഘടനാപരമായ വ്യവസ്ഥപ്രകാരം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സൈന്യം, ഒരു വര്‍ഷത്തിനുശേഷം പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ അത് നീളുമെന്നും പ്രഖ്യാപിച്ചു. അതുവരെ സൈന്യത്തിന്‍റെ കമാന്‍ഡര്‍ - ഇന്‍ - ചീഫായിട്ടുള്ള ജന. മിന്‍ ഓങ് ഹ്ളിയാങ് ആയിരിക്കും യഥാര്‍ഥ ഭരണാധികാരി.

ഗുരുതരമായ ഈ സൈനിക നടപടിക്കുപിന്നിലെ പ്രചോദനം എന്താണ്? സൈന്യത്തിലെ ഉയര്‍ന്ന വൃത്തങ്ങള്‍ രാജ്യത്ത് രക്ഷാകര്‍ത്തൃത്വത്തിന്‍റെയും ബിസിനസ് താല്‍പര്യത്തിന്‍റെയും ശക്തമായ ഒരു ശൃംഖല തന്നെ കെട്ടിപ്പടുത്തിട്ടുണ്ട്. ഈ ജനറല്‍മാരും സൈനികവിഭാഗത്തിലെ മുന്‍ അംഗങ്ങളും നടത്തിവരുന്ന സംരംഭങ്ങളാണ് രാജ്യത്തെ രത്നങ്ങള്‍, തടി, ധാതുവിഭവങ്ങള്‍ തുടങ്ങിയ ആദായകരമായ മേഖലകള്‍ നിയന്ത്രിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവരുന്നത്.

എന്‍എല്‍ഡിയെയും ആങ് സാന്‍ സൂകിയെയും പരാജയപ്പെടുത്തുവാനാവശ്യമായ മതിയായ വോട്ടുകള്‍ യുഎസ്ഡിപിക്ക് നേടാനാകുമെന്നാണ് സൈന്യം കരുതിയത്. പ്രസിഡന്‍റായും വൈസ് പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെടാന്‍ 67 ശതമാനത്തിന്‍റെ വമ്പിച്ച ഭൂരിപക്ഷം വേണമെന്ന വ്യവസ്ഥപോലും എന്‍എല്‍ഡിയെ തടസ്സപ്പെടുത്തുന്നതിന് മതിയായ പ്രതിബന്ധമായില്ല. കാരണം, 2015ലെ പൊതുതിരഞ്ഞെടുപ്പിലും 2020ലെ പൊതുതിരഞ്ഞെടുപ്പിലും, സൈനികേതര മേഖലയില്‍ എന്‍എല്‍ഡി 80 ശതമാനത്തിലധികം സീറ്റുകള്‍ നേടി എന്നതാണ്.

സൈന്യം പൂര്‍ണമായും ജനങ്ങളില്‍നിന്നും ഒറ്റപ്പെട്ടിരിക്കുന്നു എന്നത് ഇതിനകം വ്യക്തമായിരിക്കുന്നു. പ്രധാനമായും, ഭൂരിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആരോഗ്യമേഖലയിലെ തൊഴിലാളികളും ഊര്‍ജമേഖലയിലെ തൊഴിലാളികളും റെയില്‍വെ തൊഴിലാളികളും ജനകീയ പ്രക്ഷോഭത്തില്‍ അണിചേരുകയും പണിമുടക്കിലേക്ക് പോവുകയും ചെയ്തിരിക്കുന്നു. ഈ വിഭാഗങ്ങളുടെ സഹകരണമില്ലാതെ ഗവണ്‍മെന്‍റിനെ മുന്നോട്ടുകൊണ്ടുപോകാന്‍ സൈന്യത്തിനു ബുദ്ധിമുട്ടാകും.

ശക്തമായിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തെ നേരിടുന്നതിന് സമാധാനപരമായി പ്രതിഷേധിക്കുന്ന പ്രക്ഷോഭകര്‍ക്കുനേരെ വെടിയുതിര്‍ക്കുന്നതടക്കമുള്ള അടിച്ചമര്‍ത്തല്‍ തന്ത്രങ്ങളെ അവലംബിക്കുകയാണിപ്പോള്‍ പൊലീസും സൈന്യവും. നൂറുകണക്കിനുപേരെ ഇപ്പോള്‍ തന്നെ അറസ്റ്റു ചെയ്തു ജയിലിലടച്ചുകഴിഞ്ഞു. ഒരു ചോരപ്പുഴ ഒഴുകുന്നതിനുള്ള സാധ്യതകളും നിലവിലുണ്ട്.

എന്തുതന്നെയായാലും, ഐക്യത്തിന്‍റെയും കൂട്ടായ ഇച്ഛാശക്തിയുടെയും ഹൃദയഹാരിയായ പ്രകടനത്തിലൂടെ ജനങ്ങള്‍ സൈന്യത്തിന്‍റെ കയ്യൂക്കിനെ ധീരമായി നേരിടുകയാണ്. ഈ ഘട്ടത്തില്‍, ഇന്ത്യന്‍ ജനതയുടെ പരിപൂര്‍ണമായ പിന്തുണയും ഐക്യദാര്‍ഢ്യവും മ്യാന്‍മറിലെ ജനതയ്ക്കാവശ്യമാണ്. ഇരുരാജ്യങ്ങളും കൊളോണിയല്‍ ചരിത്രം കൊണ്ട് സാമ്യപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വശക്തികള്‍ ബഹദൂര്‍ഷാ സഫറിനെ രംഗൂണിലേക്ക് നാടുകടത്തുകയും അതേസമയം ബര്‍മയിലെ രാജാവായിരുന്ന തിബോയെ മഹാരാഷ്ട്രയിലെ രത്നഗിരിയിലേക്ക് നാടുകടത്തുകയും ചെയ്തു. ദശകങ്ങളായി മ്യാന്‍മറിലെ ജനങ്ങള്‍ സൈനിക സ്വേച്ഛാധിപത്യത്തിന്‍റെ നിഷ്ഠൂരമായ പിടിയിലായിരുന്നു. അതിനിയും സംഭവിക്കാനനുവദിക്കരുത് എന്ന് ആ ജനങ്ങള്‍ ഇപ്പോള്‍ പ്രതിജ്ഞയെടുത്തിരിക്കുന്നു.

ഇന്ത്യാ ഗവണ്‍മെന്‍റ് ഭൗമരാഷ്ട്രീയ അനുമാനങ്ങളുമായി മുന്നോട്ടുപോകരുത്; എന്നു മാത്രമല്ല മ്യാന്‍മറിലെ ജനങ്ങളോടും അവരുടെ ജനാധിപത്യ അഭിലാഷങ്ങളോടുമൊപ്പം ഉറച്ചുനില്‍ക്കേണ്ടിയിരിക്കുന്നു. •