തൊഴിലാളിവര്‍ഗ വിപ്ലവവിഹായസില്‍ ഉയര്‍ന്നുപറന്ന ചെമ്പരുന്ത്

കെ ആര്‍ മായ

"ജനാധിപത്യം തൊഴിലാളിവര്‍ഗത്തിന്‍റെ ജീവവായുവാണ്. ജനാധിപത്യത്തിനായുള്ള പോരാട്ടത്തില്‍ തൊഴിലാളികള്‍ അവരുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ പ്രയോഗിക്കുന്നതിലൂടെ മാത്രമേ തൊഴിലാളിവര്‍ഗത്തിന് അതിന്‍റെ വര്‍ഗതാല്‍പര്യങ്ങളെയും  ചരിത്രപരമായ കടമയെയും പറ്റി അവബോധമുണ്ടാകൂ".
- റോസ ലക്സംബര്‍ഗ്

 

തീപാറുന്ന ആശയസംവാദങ്ങളാല്‍ മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന് അമൂല്യസംഭാവനകള്‍ നല്‍കിയ, ഫെമിനിസത്തെ അരാജകവാദത്തില്‍നിന്ന് മോചിപ്പിച്ച് മാര്‍ക്സിസ്റ്റ് സൈദ്ധാന്തികതയില്‍ ഉറപ്പിച്ചുനിര്‍ത്തിയ, വിപ്ലവപ്പോരാട്ടത്തിന്‍റെ മുന്‍നിരയില്‍നിന്ന് ചോര ചിന്തി വീരമൃത്യു വരിച്ച റോസ ലക്സംബര്‍ഗിന്‍റെ രക്തസാക്ഷിത്വം 101 വര്‍ഷം പിന്നിടുകയാണ്. റോസ ലക്സംബര്‍ഗിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ജര്‍മന്‍ സോഷ്യല്‍ ഡെമോക്രസിയുടെ ചരിത്രം പൂര്‍ത്തിയാക്കാനാവില്ല. നാളിതുവരെയുള്ള ലോക വിപ്ലവ പ്രസ്ഥാനത്തിന്‍റെയാകെ ചരിത്രവും റോസയെ അടയാളപ്പെടുത്താതെ പൂര്‍ണ്ണമാവുകയില്ല. 


ജര്‍മന്‍ അധിനിവേശകാലത്തെ പോളണ്ടില്‍ 1871 മാര്‍ച്ച് 5ന് ഒരു ജൂതകുടുംബത്തിലായിരുന്നു റോസ ലക്സംബര്‍ഗിന്‍റെ ജനനം. ജര്‍മന്‍ പൗരയായിരുന്നെങ്കിലും പോളിഷ് വംശജ ആയാണ് അവര്‍ പരിഗണിക്കപ്പെട്ടത്. റഷ്യന്‍ സാമ്രാജ്യത്വവിരുദ്ധരായ, ലിബറല്‍ മതനിരപേക്ഷവാദികളായ റോസയുടെ മാതാപിതാക്കള്‍ ജൂതസമുദായത്തിലെ സങ്കുചിത മതയാഥാസ്ഥിതികത്വത്തെ എതിര്‍ത്തിരുന്നു. ഈ ചുറ്റുപാടിലാണ് അഞ്ചുമക്കളില്‍ ഇളയവളായ റോസയുടെ ബാല്യകാലം രൂപപ്പെട്ടുവന്നത്. ശൈശവത്തില്‍ ഇടുപ്പെല്ലിനെ ബാധിച്ച രോഗംമൂലം ശരീരത്തിനുണ്ടായ വളവ് ആജീവനാന്ത വൈകല്യമാണ് റോസയ്ക്കു സമ്മാനിച്ചത്. നടക്കുമ്പോള്‍ അത് എടുത്തുകാണിച്ചിരുന്നു. എന്നാല്‍ അതൊന്നും അവളുടെ പഠനത്തെ ബാധിച്ചില്ല. അക്കാലത്തുതന്നെ സ്കൂള്‍ അധികാരികളുടെ തെറ്റായ നടപടികളെ ചോദ്യം ചെയ്തു. അതിന്‍റെ പേരില്‍ പഠനമികവിനു കിട്ടേണ്ടിയിരുന്ന അംഗീകാരങ്ങളെല്ലാം അവള്‍ക്കു നിഷേധിക്കപ്പെട്ടു. സ്കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും കൃതികളുമായി പരിചയപ്പെടുകയും വായിച്ചുതുടങ്ങുകയും ചെയ്തു. 15 വയസ്സായപ്പോഴേക്കും വിപ്ലവ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനത്തില്‍ മുഴുകിക്കഴിഞ്ഞിരുന്നു. അന്നുമുതല്‍ ആരംഭിച്ച വിപ്ലവജീവിതം അവസാനംവരെ സംഘര്‍ഷഭരിതമായിരുന്നു. പോളണ്ടിലേക്ക് ഒളിച്ചുകടത്തിക്കൊണ്ടുവന്ന മാര്‍ക്സിന്‍റെയും ലെനിന്‍റെയും കൃതികള്‍ വായിച്ചു ചര്‍ച്ച ചെയ്യുന്ന ഇടതുപക്ഷ ഗ്രൂപ്പുകളില്‍ റോസ സജീവമായി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ പേരില്‍ അധികാരികള്‍ തന്നെ നാടുകടത്തുമെന്ന് മനസ്സിലാക്കിയ റോസ, പോളണ്ടില്‍നിന്നും സ്വിറ്റ്സര്‍ലന്‍റിലേക്കു കടന്നു. മാത്രവുമല്ല, റഷ്യയുടെ പോളണ്ടധിനിവേശ കാലത്ത് അവര്‍ നടത്തിയ ഇടതു വിപ്ലവ പ്രവര്‍ത്തനം വധശിക്ഷയര്‍ഹിക്കുന്ന കുറ്റവുമായിരുന്നു.

സ്ത്രീകള്‍ കടുത്ത അടിച്ചമര്‍ത്തലുകള്‍ നേരിട്ടിരുന്ന കാലത്താണ് റോസ സ്വതന്ത്രയായി ജീവിക്കാന്‍ ഉറച്ച തീരുമാനമെടുത്തത്. സൂറിച്ച് സര്‍വകലാശാലയില്‍നിന്നും പ്രകൃതിശാസ്ത്രത്തില്‍ ബിരുദവും "പോളണ്ടിലെ വ്യാവസായിക വികസനം" എന്ന വിഷയത്തില്‍ ഡോക്ടറേറ്റും നേടി. റഷ്യന്‍, പോളിഷ്, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളിലും അവര്‍ പ്രാവീണ്യം നേടിയിരുന്നു. ഇതിനിടയിലാണ്, 1890ല്‍ തന്‍റെ ജീവിത സഖാവായിത്തീര്‍ന്ന ലിയോ ജോഗിച്ചസിനെ റോസ പില്‍ക്കാലത്ത് കണ്ടുമുട്ടിയത്. പോളണ്ടിലെ വിപ്ലവകാരിയായിരുന്ന അദ്ദേഹവും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു. അതിന്‍റെ പേരില്‍ പലതവണ ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നു. അവര്‍ നിയമപരമായി വിവാഹിതരായിരുന്നില്ലെങ്കിലും സജീവമായ ഒരു രാഷ്ട്രീയ - പ്രണയ ജീവിതം അവസാനം വരെ തുടര്‍ന്നു. വിപ്ലവദിനങ്ങളുടെ അന്ത്യനാളുകളിലും ജോഗിച്ചസുമായുള്ള റോസയുടെ ആത്മബന്ധത്തിന്‍റെ ഇഴയടുപ്പം ദൃഢമായിരുന്നു.


1893ല്‍ തന്‍റെ 22-ാമത്തെ വയസ്സില്‍ സോഷ്യല്‍ ഡെമോക്രസി ഓഫ് ദി കിങ്ഡം ഓഫ് പോളണ്ട് (SDKP) എന്ന ഇടതു രാഷ്ട്രീയ പാര്‍ടിയുടെ സ്ഥാപകരില്‍ ഒരാളായി റോസ, സാര്‍വദേശീയ തൊഴിലാളി പ്രസ്ഥാനത്തിന്‍റെ ഭാഗമായി മാറി. തുടക്കത്തില്‍ ലെനിനും റോസയും തമ്മില്‍ ഉണ്ടായിരുന്ന ആശയപരമായ യോജിപ്പില്‍നിന്നും ക്രമേണ റോസ അകന്നു. ഗൗരവമേറിയ തര്‍ക്കം അവര്‍ക്കിടയില്‍ ഉയര്‍ന്നുവന്നു. എല്ലാ വിപ്ലവങ്ങളും സ്വാഭാവികമായി ഉയര്‍ന്നുവരണം എന്ന നിലപാടായിരുന്നു റോസയ്ക്കുണ്ടായിരുന്നത്. ഏതു വിപ്ലവത്തിന്‍റെയും കാതല്‍ കേന്ദ്രീകൃത പാര്‍ടിയുടെ നേതൃത്വത്തിന്‍ കീഴിലായിരിക്കണം; വിപ്ലവകാരികളാല്‍ കെട്ടിപ്പടുക്കപ്പെട്ട ഒരു കേന്ദ്രീകൃത പാര്‍ടി തന്നെ ആയിരിക്കണമത്. വിപ്ലവത്തിന്‍റെ പരമമായ ഉത്തരവാദിത്തം കേന്ദ്രകമ്മിറ്റിക്കു തന്നെയായിരിക്കണം - ഇതായിരുന്നു ലെനിന്‍റെ കാഴ്ചപ്പാട്. എന്നാല്‍ ലെനിന്‍റെ ഈ ആശയത്തെ റോസ "തീവ്രകേന്ദ്രവാദം"  എന്നും അത് 'അവസരവാദ'ത്തിന്‍റെ ഭാഗമാണെന്നും വിമര്‍ശിച്ചു. കേന്ദ്രീകൃത പാര്‍ടി എന്ന ലെനിന്‍റെ നിലപാടിനെ റോസ അപ്പാടെ തള്ളിക്കളഞ്ഞു. ഈ നിലപാട് പിന്നീട് റോസ നയിച്ച ജര്‍മന്‍ സോഷ്യലിസ്റ്റ് വിപ്ലവത്തെ എവിടെകൊണ്ടെത്തിച്ചുവെന്നത് ചരിത്രം. കേന്ദ്രീകൃത പാര്‍ടിയെ സംബന്ധിച്ച ലെനിന്‍റെ സിദ്ധാന്തത്തെ നഖശിഖാന്തം എതിര്‍ത്ത റോസയ്ക്ക്  വിപ്ലവം നയിക്കാന്‍ അത്തരമൊരു പാര്‍ടി കെട്ടിപ്പടുക്കേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ച് ബോധ്യംവന്നപ്പോള്‍ വല്ലാതെ വൈകിയിരുന്നു. ആ ജീവന്‍തന്നെയായിരുന്നു അതിനു നല്‍കേണ്ടിവന്ന വില.


സൂറിച്ചില്‍നിന്നും പോളണ്ടിലേക്കു വന്നപ്പോള്‍ അവിടെ തുടരാന്‍ കഴിയില്ലെന്നു കണ്ട് റോസ ജര്‍മനിയിലേക്കു കുടിയേറി. ബര്‍ലിനില്‍ വാസമുറപ്പിച്ചു. 1898ല്‍ ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി (എസ്പിഡി)യില്‍ അംഗമായി ചേര്‍ന്നു. പാര്‍ടിക്കുള്ളില്‍ നിലനിന്നിരുന്ന പരിഷ്കരണവാദത്തിന്‍റെ നിശിത വിമര്‍ശകയായി ഏറെ താമസിയാതെ അവര്‍ മാറി. നേതൃത്വത്തിലുണ്ടായിരുന്ന റിവിഷനിസ്റ്റ് ലൈനിനെതിരെ കാള്‍ കൗട്സ്കിയുമായി ചേര്‍ന്ന് പ്രവര്‍ത്തനം നടത്തി. ഒരു വ്യാവസായിക രാഷ്ട്രത്തില്‍ സോഷ്യലിസം സ്ഥാപിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവും പാര്‍ലമെന്‍ററി പ്രവര്‍ത്തനവുമാണെന്ന ബേണ്‍സ്റ്റീന്‍റെ വാദത്തെ അവര്‍ ശക്തമായി എതിര്‍ത്തു. 1900 ല്‍ പ്രസിദ്ധീകരിച്ച "പരിഷ്കരണമോ വിപ്ലവമോ?" എന്ന ലഘുലേഖ പാര്‍ടിക്കുള്ളിലെ റിവിഷനിസത്തിനുള്ള ചുട്ട മറുപടിയായിരുന്നു - തൊഴിലാളിവര്‍ഗ വിപ്ലവത്തിനായി വാദിക്കുന്ന ഒരു സൈദ്ധാന്തിക കൃതിയാണത്.


1905ലെ റഷ്യന്‍ വിപ്ലവത്തിന്‍റെ തകര്‍ച്ച റോസയെ നിരാശാഭരിതയാക്കിയെങ്കിലും, റഷ്യയിലെ വിപ്ലവ ശ്രമങ്ങളില്‍നിന്ന് പ്രചോദിതരാകാന്‍ 1905 സെപ്തംബറില്‍ നടന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി കോണ്‍ഗ്രസില്‍ പാര്‍ടി അംഗങ്ങളോട് അവര്‍ ആഹ്വാനം ചെയ്തു. പാര്‍ടി മുഖപത്രമായ വോര്‍ വാര്‍ട്ട്സിന്‍റെ (ഫോര്‍വേഡ്) എഡിറ്റോറിയല്‍ ബോര്‍ഡില്‍ റോസ നിയമിക്കപ്പെട്ടു. 1906ലാണ് "ബഹുജനപ്രക്ഷോഭം, രാഷ്ട്രീയ പാര്‍ടി, ട്രേഡ് യൂണിയനുകള്‍" എന്ന കൃതി പ്രസിദ്ധീകരിച്ചത്. 1907ല്‍ ബെര്‍ലിനിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി സ്കൂളില്‍ അധ്യാപനം ആരംഭിച്ചു. ഈ ഘട്ടത്തിലാണ് എസ്പിഡിയിലെ യുദ്ധവിരുദ്ധ വിഭാഗത്തിലെ കാള്‍ ലിബ്ക്നെഹ്റ്റുമായി അടുത്തു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഒന്നാം ലോകയുദ്ധം ആരംഭിച്ചപ്പോള്‍, രണ്ടാം ഇന്‍റര്‍നാഷണല്‍ സ്വീകരിച്ച നിലപാടില്‍ നിന്നു വ്യത്യസ്തമായി നേതൃത്വത്തിലെ  കൗട്സ്കിയെപ്പോലുള്ളവര്‍ നിലകൊണ്ടപ്പോഴാണ് ലിബെക്നെഹ്റ്റിനൊപ്പം ചേര്‍ന്ന് സ്പാര്‍ട്ടക്കസ് ഗ്രൂപ്പ് എന്ന പേരില്‍ ഒരു വിഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. യുദ്ധത്തിലെ ജര്‍മനിയുടെ പങ്കാളിത്തത്തിനെതിരെ വോട്ടു ചെയ്ത റീഷ്സ്റ്റാഗിലെ ഏക അംഗം കൂടിയായിരുന്നു അദ്ദേഹം. "ജര്‍മന്‍ ജനതയുടെ പ്രധാന ശത്രു ജര്‍മനിയിലാണ്" എന്ന ലിബ്ക്നെഹ്റ്റിന്‍റെ ലഘുലേഖ ആയിടയ്ക്കാണ് പുറത്തുവന്നത്.

1914 ഫെബ്രുവരിയില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ നിയമലംഘനം നടത്തിയെന്നാരോപിച്ച് നടത്തപ്പെട്ട വിചാരണവേളയില്‍ റോസ നടത്തിയ പ്രസംഗത്തില്‍, പട്ടാള ആധിപത്യത്തിനും യുദ്ധനയങ്ങള്‍ക്കുമെതിരെ ഒന്നാം ഇന്‍റര്‍നാഷണലിന്‍റെ 1891ലെ ബ്രസല്‍സ് സമ്മേളനത്തിന്‍റെ പ്രമേയം ഉദ്ധരിച്ചുകൊണ്ട് "യുദ്ധത്തിനെതിരായി തൊഴിലാളികളുടെ പണിമുടക്കിന് ആഹ്വാനം നല്‍കണമെന്ന്" ഓര്‍മിപ്പിക്കുകയുണ്ടായി. ഈ പ്രസംഗം സോഷ്യലിസ്റ്റ് പ്രസ്സില്‍ അച്ചടിച്ചുവരികയും (ജൂനിയസ് പാംലെറ്റ്) അത് ഒരു യുദ്ധവിരുദ്ധ ക്ലാസിക്ക് രചന എന്ന നിലയില്‍ അംഗീകാരം നേടുകയുമുണ്ടായി. തുടര്‍ന്ന് 1915 ഫെബ്രുവരിയില്‍ റോസ അറസ്റ്റിലായി. ജയില്‍ വാസത്തിനിടെ സുഹൃത്തിനെഴുതിയ കത്തില്‍ അവിടെ തനിക്ക് അനുഭവിക്കേണ്ടിവന്ന യാതനകളെപ്പറ്റി എഴുതി. വസ്ത്രം മാറാനാകാതെ, മുടി ചീകാനാകാതെ കഴിഞ്ഞ രാത്രികള്‍. ബര്‍ലിനില്‍ സൈനിക ജയിലിലായിരുന്നു ആദ്യം അടയ്ക്കപ്പെട്ടത്. അവിടെ നിന്നും പിന്നീട് പ്രോങ്കെയിലെ കോട്ടയില്‍ അടച്ചു. ഏറ്റവുമൊടുവില്‍ പ്രെസ് ലൗ ജയിലിലെ കാറ്റും വെളിച്ചവും കടക്കാത്ത ഇരുട്ടറയില്‍ അടച്ചു. രാഷ്ട്രീയ തടവുകാരിയായതിനാല്‍ പുസ്തകങ്ങളും എഴുത്ത് സാമഗ്രികളും അനുവദിച്ചിരുന്നു. ആ തടവറയിലും സ്പാര്‍ട്ടക്കസ് ലീഗിന്‍റെ പ്രസിദ്ധീകരണത്തില്‍ ജൂനിയസ് എന്ന തൂലികാനാമത്തില്‍ ലേഖനങ്ങള്‍ എഴുതി ജര്‍മന്‍ ഇടതുപക്ഷത്തിന് മാര്‍ഗനിര്‍ദേശം നല്‍കി. അവിടെവെച്ച് എഴുതി രഹസ്യമായി കടത്തിയ ചില ലേഖനങ്ങള്‍ ഡൈ ഇന്‍റര്‍നാഷണലില്‍ പ്രസിദ്ധീകരിച്ചു. ഇക്കാലത്താണ് "അര്‍ഥശാസ്ത്രത്തിന് ഒരാമുഖം"  എഴുതിയത്. യുദ്ധഭ്രാന്തിനു ബദല്‍ സോഷ്യലിസമാണെന്ന, എംഗല്‍സിന്‍റെ സങ്കല്‍പനത്തെ വിശദമാക്കിക്കൊണ്ടുള്ള "സോഷ്യലിസമോ കാടത്തമോ"  എന്ന കൃതി യുദ്ധവിരുദ്ധര്‍ക്കിടയില്‍ വലിയ ആവേശമായി. യുദ്ധം സംബന്ധിച്ച എസ്പിഡിയുടെ നിലപാടുകളെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് "ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രസിയിലെ പ്രതിസന്ധി" എന്ന പേരില്‍ ഒരു ലഘുലേഖയും എഴുതുകയുണ്ടായി.

യുദ്ധം ആരംഭിച്ചതോടെ മിക്ക യൂറോപ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടികളും "പിതൃഭൂമിയെ പ്രതിരോധിക്കുന്നതിന്‍റെ" പേരില്‍ അതാതിടത്തെ ഗവണ്‍മെന്‍റിനെ പിന്തുണച്ചു. അധികം കാത്തുനില്‍ക്കാതെ റോസ, സാമ്രാജ്യത്വ യുദ്ധത്തിനെതിരെ സംഘടന കെട്ടിപ്പടുക്കാന്‍ ശ്രമമാരംഭിച്ചു. എസ്പിഡി നേതൃത്വത്തിന്‍റെ സങ്കുചിത ദേശീയവാദ പ്രത്യയശാസ്ത്രത്തെ, അവരുടെ സാര്‍വദേശീയ തൊഴിലാളിവര്‍ഗനയവഞ്ചനയെ, റോസ തുറന്നെതിര്‍ത്തു. അങ്ങനെയാണ് റോസ, പട്ടാളാധിപത്യവിരുദ്ധമായ, അതുകൊണ്ടുതന്നെ ദേശവിരുദ്ധമെന്നാരോപിക്കപ്പെട്ടതുമായ പ്രചരണത്തിന്‍റെ പേരില്‍ നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടത്. തൊഴിലാളിവര്‍ഗത്തിന്‍റെ പിതൃഭൂമി എന്നത് സോഷ്യലിസ്റ്റ് സാര്‍വദേശീയതയാണെന്ന് അവര്‍ അടിവരയിട്ടു പറഞ്ഞു. തൊഴിലാളിവര്‍ഗത്തിന്‍റെയും സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്‍റെയും 'മരണമില്ലാത്ത ശത്രു' എന്ന നിലയിലും സൈനികവാഴ്ചയ്ക്കും യുദ്ധത്തിനും വളക്കൂറുള്ള മണ്ണ് എന്ന നിലയിലും ദേശീയതയ്ക്കെതിരെ അവര്‍ മുന്നറിയിപ്പു നല്‍കി. സങ്കുചിത ദേശയവാദ പ്രത്യയശാസ്ത്രത്തിന്‍റെ സ്വാധീനത്തില്‍നിന്നും തൊഴിലാളികള്‍ ധൈഷണികമായി മോചനം നേടണമെന്നും അവര്‍ ആഹ്വാനം ചെയ്തു.


യുദ്ധവിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ സ്പാര്‍ട്ടക്കസ് ലീഗിലെ ജോഗിച്ചസ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. അദ്ദേഹത്തെ വിചാരണ ചെയ്ത് രണ്ടരവര്‍ഷത്തെ കഠിന തടവിനു വിധിച്ചു. ഇതിനിടയ്ക്ക് റോസ സ്പാര്‍ട്ടക്കസ് ലീഗിന്‍റെ മുഖപത്രത്തിന്‍റെ പത്രാധിപരായി നിയമിക്കപ്പെട്ടു. റഷ്യന്‍ വിപ്ലവത്തിന്‍റെ വിജയത്തെത്തുടര്‍ന്ന് "റഷ്യയിലെ വിപ്ലവം" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. "മൂലധനത്തിന്‍റെ സഞ്ചയിക്കല്‍" എന്ന കൃതി എഴുതി പ്രസിദ്ധീകരിച്ചു.


1917ലെ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം നടക്കുമ്പോള്‍ത്തന്നെ ജര്‍മനിയില്‍ സ്പാര്‍ട്ടക്കസ് ലീഗിന്‍റെ നേതൃത്വത്തില്‍ വിപ്ലവത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. 1917 ജനുവരിയില്‍ എസ്പിഡിയില്‍നിന്ന് സ്പാര്‍ട്ടക്കസ് ലീഗ് പുറത്താക്കപ്പെട്ടു. പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് ഇന്‍ഡിപെന്‍ഡന്‍റ് സോഷ്യല്‍ ഡെമോക്രാറ്റ് (യുഎസ്പിഡി) എന്ന പുതിയ സംഘടന രൂപീകരിച്ചു. സംഘടനയുടെ ആഹ്വാന പ്രകാരം ലക്ഷക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത പണിമുടക്ക് ജര്‍മന്‍ വിപ്ലവത്തിന്‍റെ ഡ്രസ്സ് റിഹേഴ്സല്‍ ആയി മാറി.


1918 ഒക്ടോബറില്‍ ജര്‍മനിയിലെ കീലില്‍ നാവികകലാപം ആരംഭിച്ചത് ജര്‍മന്‍ വിപ്ലവത്തിന് തീകൊളുത്തി. റോസയെ സംബന്ധിച്ച് സാധ്യമായിടത്തോളം വിപ്ലവത്തെ സോഷ്യലിസ്റ്റു പാതയിലേക്ക് നയിക്കുക എന്നതായിരുന്നു പ്രധാനം. അങ്ങനെ തൊഴിലാളികളുടെയും പട്ടാളക്കാരുടെയും കൗണ്‍സിലുകള്‍ക്ക് അവര്‍ രൂപം കൊടുത്തു. പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് രാഷ്ട്രീയ തടവുകാര്‍ മോചിപ്പിക്കപ്പെട്ടു. റോസ ജയില്‍ മോചിതയായി. ജനകീയമുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ ജര്‍മനിയുടെ ചാന്‍സലറും കൈസറും രാജിവെച്ചു. പകരം എസ്പിഡി നേതാവായ ഫ്രെഡറിക് എബര്‍ടിനെ ചാന്‍സലറായി അവരോധിച്ച് പ്രതിവിപ്ലവത്തിന് അരങ്ങൊരുക്കി. റിവിഷനിസ്റ്റ് അവസരവാദികളായ എസ്പിഡി നേതൃത്വം സര്‍വശക്തിയും പ്രയോഗിച്ച് തൊഴിലാളികളുടെയും പട്ടാളത്തിന്‍റെയും മുന്നേറ്റത്തെ അടിച്ചമര്‍ത്തി. ജനകീയ വിപ്ലവത്തെ 'തനികൊള്ളരുതായ്മ' എന്നാണ് എബെര്‍ട്ട് വിശേഷിപ്പിച്ചത്. അങ്ങനെ തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ നിലകൊള്ളുന്നു എന്ന പേരില്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ തന്നെ സൈനികാധിപത്യത്തിന് അവസരമൊരുക്കി. അതേറ്റുപിടിച്ച് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ സ്പാര്‍ട്ടക്കസ് ലീഗിനും അതിനെ നയിച്ച റോസയ്ക്കും എതിരെ കൊണ്ടുപിടിച്ച പ്രചരണം നടത്തി. വിപ്ലവകാരികളെ അടിച്ചമര്‍ത്താന്‍ നോസ്കെ ഗാര്‍ഡുകള്‍  എന്നറിയപ്പെട്ട ഫ്രൈകോര്‍പ്സ് എന്ന പ്രതിവിപ്ലവ സംഘത്തിന് രൂപം നല്‍കി. അതിനെ ചെറുത്തുനില്‍ക്കാന്‍ സ്പാര്‍ട്ടക്കസ് ലീഗിന് ആയില്ല. 3000 അംഗങ്ങള്‍ മാത്രമുള്ള സ്പാര്‍ട്ടക്കസ് ലീഗിന് വിപ്ലവം നയിക്കാനുള്ള ശേഷിയില്ലായ്മ സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നതുകൊണ്ടുതന്നെ സ്പാര്‍ട്ടക്കിസ്റ്റുകളെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കാനും കമ്യൂണിസ്റ്റ് ആശയം ജനങ്ങളിലേക്കെത്തിക്കാനും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് ഗുണം ചെയ്യുമെന്ന് റോസ മനസ്സിലാക്കി. കമ്യൂണിസ്റ്റ് ആശയപ്രചരണം പരസ്യമായി നടത്താനുള്ള അപ്പോഴത്തെ ഒരേയൊരു മാര്‍ഗവും അതുതന്നെയാണ് എന്നായിരുന്നു റോസയുടെ പക്ഷം. വിപ്ലവം നയിക്കാന്‍ നേതൃത്വത്തെ കേന്ദ്രീകരിച്ചുള്ള ഒരു ശക്തമായ പാര്‍ടിയുടെ അഭാവം വിപ്ലവശ്രമങ്ങളെ എപ്രകാരം ദുര്‍ബലപ്പെടുത്തുമെന്ന് റോസ അനുഭവത്തിലൂടെതന്നെ മനസ്സിലാക്കുകയായിരുന്നു. ശക്തമായ സംഘടനാ ചട്ടക്കൂടും നേതൃത്വവുമില്ലാത്തതിന്‍റെ ദൗര്‍ബല്യം പ്രകടമായിരുന്നു. ഒരവസരത്തില്‍ പാര്‍ടിയിലെ സംഘടനാരീതി സംബന്ധിച്ച ലെനിന്‍റെ നിലപാടിനെ "തീവ്ര കേന്ദ്രീകരണം" എന്ന് വിമര്‍ശിച്ച റോസയ്ക്ക് അത് തിരുത്തേണ്ടി വന്ന സന്ദര്‍ഭമായിരുന്നു അത്.


പ്രതിവിപ്ലവശക്തികളെ നേരിടാനുള്ള സംഘടനാശേഷിയും കരുത്തും വിപ്ലവകാരികള്‍ക്കുണ്ടായിരുന്നില്ല. അതിനായുള്ള നിയതമായ ഒരു സംഘടനാ ചട്ടക്കൂട് അപ്പോഴും രൂപപ്പെട്ടിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. വിപ്ലവത്തിനു നേതൃത്വം കൊടുക്കാന്‍ ഒരു വിപ്ലവ പാര്‍ടി രൂപീകരിക്കാനുള്ള ശ്രമമുണ്ടായെങ്കിലും അത് ഫലപ്രാപ്തിയില്‍ എത്തിയിരുന്നുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ ജര്‍മന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കാന്‍ തക്കവിധം ശക്തമായ ഒരു തൊഴിലാളിവര്‍ഗ പാര്‍ടി ഇല്ലാതെയായി. എന്നാല്‍ ഡിസംബര്‍ അവസാനം വിപ്ലവകാരികളായ നാവികരും അവരെ അടിച്ചമര്‍ത്താന്‍ എസ്പിഡി നേതൃത്വത്തിലെ എബെര്‍ട്ട് അയച്ച സൈന്യവും തമ്മില്‍ ഏറ്റുമുട്ടേണ്ടിവന്നതോടെ തൊഴിലാളിവര്‍ഗത്തിന് എസ്പിഡിയുടെ തൊഴിലാളിവിരുദ്ധത ബോധ്യപ്പെട്ടു. തുടര്‍ന്ന് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ചെങ്കൊടിയേന്തി തെരുവിലിറങ്ങി. വിപ്ലവത്തിന് നേതൃത്വം നല്‍കാന്‍ കമ്യൂണിസ്റ്റുകാരും ഇന്‍ഡിപെന്‍ഡന്‍റ് സോഷ്യലിസ്റ്റുകളും ട്രേഡ് യൂണിയനിലെ വിപ്ലവകാരികളായ വിഭാഗവും ചേര്‍ന്ന് 'വിപ്ലവക്കമ്മിറ്റി'ക്ക് രൂപം നല്‍കി. വീണ്ടും പ്രക്ഷോഭം ശക്തമായി. എസ്പിഡി സര്‍ക്കാരിനെ പുറത്താക്കണമെന്ന മുദ്രാവാക്യം മുഴക്കി വലിയ ജനക്കൂട്ടം ബര്‍ലിന്‍ തെരുവീഥികളിലേക്ക് ഇരമ്പിയെത്തി.


അധികാരികളോട് ഏറ്റുമുട്ടാനുള്ള ശാക്തികബലം ഇല്ല എന്നറിയാമായിരുന്നെങ്കിലും വിപ്ലവകാരികളായ തൊഴിലാളികളെ പിന്തിരിപ്പിക്കാന്‍ റോസ തയ്യാറായില്ല. വിപ്ലവം മുന്നോട്ട് എന്നു തന്നെയായിരുന്നു നിലപാട്. എന്നാല്‍ സര്‍ക്കാര്‍ വിപ്ലവമുന്നേറ്റത്തെ അടിച്ചമര്‍ത്തുക തന്നെ ചെയ്തു. 1919 ജനുവരി 13ന് വിപ്ലവത്തെ പൂര്‍ണമായും അടിച്ചമര്‍ത്തി. നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെട്ടു. ബര്‍ലിന്‍ നഗരം വിട്ടുപോകാന്‍ സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം ഏറെയുണ്ടായിട്ടും വിസമ്മതിച്ച റോസയെയും ലിബ്ക്നെഹ്റ്റിനെയും അറസ്റ്റ് ചെയ്ത്, ഫ്രൈകോര്‍പ്പ്സ് എന്ന പില്‍ക്കാലത്ത് നാസിപ്പടയായി മാറിയ സംഘം ചോദ്യം ചെയ്യലിനായി അവരുടെ ഹെഡ്ക്വാര്‍ട്ടേഴ്സായി  പ്രവര്‍ത്തിച്ചിരുന്ന ആഡംബര ഹോട്ടലായ ഈഡനിലേക്ക് കൊണ്ടുപോയി. റോസ അവസാനമായി എഴുതിയ "ബര്‍ലിനില്‍ ക്രമസമാധാനം ഭദ്രം"  എന്ന ലേഖനത്തില്‍ വിവരിച്ചതുപോലെ പ്രതിവിപ്ലവ ഭീകരത അതിന്‍റെ എല്ലാ നിഷ്ഠുരതയോടുംകൂടി അവിടെ അരങ്ങേറുകയുണ്ടായി. ക്രൂരമായ ഭേദ്യം ചെയ്യലിനുശേഷം അര്‍ദ്ധപ്രാണനായ കാള്‍ ലിബ്ക്നെഹ്റ്റിനെ ടിയര്‍ഗാര്‍ട്ടനിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വെടിവെച്ചുകൊന്നു. അതിനുശേഷം റോസയെ ഫസ്റ്റ് ലെഫ്റ്റനന്‍റ് വോഗലിന്‍റെ ഉത്തരവുപ്രകാരം ഹോട്ടലിനു പുറത്തേക്കുകൊണ്ടുവന്നു. ഗ്രൗണ്ടിലേക്കു വലിച്ചിഴച്ചശേഷം തോക്കിന്‍റെ പാത്തിയാല്‍ തല അടിച്ചു തകര്‍ത്തു. അല്‍പപ്രാണനായ ആ ശരീരത്തെ അവിടെ കാത്തുകിടക്കുകയായിരുന്ന കാറിലേക്ക് തള്ളി. തലയ്ക്കുനേരെ ഒരു പ്രാവശ്യം കൂടി കാഞ്ചി വലിച്ചു. വോഗലിന്‍റെ ഉത്തരവുപ്രകാരം തന്നെ റോസയുടെ ശരീരം കെട്ടിവരിഞ്ഞ് ലിക്റ്റെന്‍സ്റ്റൈന്‍ പാലത്തില്‍നിന്ന് ലാന്‍ഡ്വീര്‍ കനാലിലേക്ക് വലിച്ചെറിഞ്ഞു. 1919 ജനുവരി 15 റോസയുടെ രക്തസാക്ഷിത്വത്താല്‍ ചുവന്നു.

പിന്നീട് മൂന്നുമാസങ്ങള്‍ക്കുശേഷമാണ് മെയ്മാസത്തില്‍, റോസയുടേതെന്നു കരുതുന്ന മൃതദേഹം കണ്ടെടുത്തത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് മൃതദേഹത്തിന്‍റെ എല്ലിനുണ്ടായിരുന്ന വളവ് തിരിച്ചറിഞ്ഞതുകൊണ്ടു മാത്രമാണ് അത് റോസയുടെ മൃതദേഹമാണെന്ന് ഉറപ്പാക്കാനായത്. ഫ്രീഡ്രിക്സ് ഫീല്‍ഡ് സെമിത്തേരിയിലെ റോസയുടെ ശവകുടീരത്തെപോലും നാസികള്‍ വെറുതെ വിട്ടില്ല. 1935ല്‍ അതും തകര്‍ത്തു.


വിയോജിപ്പുകളേറെയുണ്ടായിരുന്നിട്ടും റോസയുടെ രക്തസാക്ഷിദിനത്തില്‍ ലെനിന്‍ എഴുതിയത് ഇങ്ങനെയായിരുന്നു - "അവര്‍ ഉയരത്തില്‍ പറന്ന ഒരു ചെമ്പരുന്തായിരുന്നു; ഇപ്പോഴും അങ്ങനെ തന്നെയാണ്. ലോകമാസകലമുള്ള കമ്യൂണിസ്റ്റുകാരുടെ സ്മരണയില്‍ അവര്‍ എന്നും പ്രിയപ്പെട്ടവര്‍ തന്നെയായിരിക്കും. മാത്രമല്ല, അവരുടെ ജീവചരിത്രവും അവരുടെ കൃതികളുടെ സമ്പൂര്‍ണ സമാഹാരവും കമ്യൂണിസ്റ്റുകാരുടെ വരുംതലമുറകളുടെയെല്ലാം വിദ്യാഭ്യാസത്തില്‍ വളരെ പ്രയോജനപ്രദമായ ഒരു പാഠവുമായിരിക്കും". •