ശമ്പളപരിഷ്കരണം: പ്രതിബദ്ധത തെളിയിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

എം എ അജിത്കുമാര്‍

ടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം കൂടി നടപ്പിലാക്കിയിരിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ജീവനക്കാരുടേയും അധ്യാപകരുടേയും 10-ാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്തത് ഇനി 2024 ല്‍ ശമ്പളം പരിഷ്കരിച്ചാല്‍ മതിയെന്നായിരുന്നു. കേരളത്തില്‍ നിലനില്‍ക്കുന്ന അഞ്ചാണ്ട് വേതനപരിഷ്കരണം അട്ടിമറിക്കാനുള്ള വലതുപക്ഷ ഗൂഢാലോചനയ്ക്കെതിരെ അന്നു തന്നെ ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഈ വിഷയം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി. ശമ്പളപരിഷ്കരണം പത്തുവര്‍ഷം കഴിഞ്ഞുമതിയെന്ന 10-ാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ തള്ളിക്കളയുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 11-ാം ശമ്പളപരിഷ്കരണം ഉത്തരവാക്കിക്കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും തൊഴിലെടുത്ത് ജീവിക്കുന്നവരോടുള്ള പ്രതിബദ്ധതയാണ് പ്രകടിപ്പിച്ചത്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി അസംഘടിതമേഖലയിലടക്കം മെച്ചപ്പെട്ട കൂലിവ്യവസ്ഥയും മോശമല്ലാത്ത തൊഴില്‍സാഹചര്യവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലിനുമെതിരെ നടന്ന ചെറുത്തുനില്‍പുകളും പ്രക്ഷോഭങ്ങളും ഇടത് പുരോഗമന സര്‍ക്കാരുകളുടെ ജനപക്ഷ ഇടപെടലുകളുമാണ് മറ്റെല്ലാ മേഖലയിലുമെന്നപോലെ തൊഴില്‍രംഗത്തും ഇന്നത്തെ മെച്ചപ്പെട്ട സ്ഥിതി സംജാതമാക്കിയത്. എണ്‍പതുകളില്‍ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കപ്പെട്ടതോടെ സര്‍ക്കാരുകള്‍ വികസനക്ഷേമപരിപാടികളില്‍ നിന്നു പിന്മാറാന്‍ തുടങ്ങി. മനുഷ്യജീവിതത്തിന്‍റെ സര്‍വ വ്യവഹാരമണ്ഡലങ്ങളിലും കമ്പോളനയങ്ങള്‍ പിടിമുറുക്കാനാരംഭിച്ചു.
തൊഴിലെടുത്ത് ജീവിക്കുന്നവരുടെ വേതനം, തൊഴില്‍സുരക്ഷ, ട്രേഡ് യൂണിയന്‍ ജനാധിപത്യാവകാശങ്ങള്‍ എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെട്ടു.
ഇന്ത്യയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നവലിബറല്‍ നയങ്ങള്‍ തീവ്രമായി നടപ്പിലാക്കാനാരംഭിച്ചതുമുതല്‍ ഈ നയത്തിന്‍റെ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ സമീപനങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന്‍ - കര്‍ഷകപ്രസ്ഥാനങ്ങള്‍ നിരന്തരം സമരത്തിലായിരുന്നു. രാജ്യത്തെ തൊഴിലാളിവര്‍ഗം ഇരുപത് ദേശീയ പണിമുടക്കുകള്‍ നടത്തി. കൂടാതെ മറ്റനേകം പ്രക്ഷോഭങ്ങളും. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് തൊഴില്‍മേഖലയിലെ പരിഷ്കാരങ്ങളുടെ തീവ്രത കുറയ്ക്കാനായെങ്കിലും കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരുകള്‍ - നവലിബറല്‍ നയങ്ങളുടെ നടത്തിപ്പില്‍നിന്ന് പിന്നാക്കം പോകാന്‍ തയ്യാറായില്ല. 2014 ല്‍ ബിജെപി സര്‍ക്കാര്‍ വന്നതോടെ തൊഴില്‍മേഖലയിലെ പരിഷ്കാരങ്ങള്‍ക്ക് തീവ്രത കൂട്ടി. കോവിഡ്കാല നിയന്ത്രണങ്ങളെ മറയാക്കി തൊഴിലാളി ദ്രോഹ നയങ്ങള്‍ ശക്തമായി നടപ്പിലാക്കി. തൊഴില്‍ നിയമങ്ങളാകെ അസ്ഥിരപ്പെടുത്തി അവയുടെ സ്ഥാനത്ത് നാല് ലേബര്‍ കോഡുകള്‍ പാസാക്കിയിരിക്കുന്നു. എട്ട് മണിക്കൂര്‍ ജോലി, മിനിമം വേതനം, സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള തൊഴിലാളിയുടെ അവകാശം തുടങ്ങിയവ കവര്‍ന്നെടുക്കുന്നതാണ് ലേബര്‍ കോഡുകള്‍. സ്വകാര്യമുതലാളിമാരുടെ ചൂഷണങ്ങള്‍ക്ക് പ്രോത്സാഹനമെന്നോണം കേന്ദ്രസര്‍ക്കാര്‍ തന്നെ ജീവനക്കാരുടെ അവകാശാനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നു. വേതനപരിഷ്കരണത്തെപ്പോലും നവലിബറല്‍ നയങ്ങളുടെ പ്രയോഗത്തിനായി ദുരുപയോഗപ്പെടുത്തുന്ന സമീപനമായിരുന്നു രണ്ടു സര്‍ക്കാരുകള്‍ക്കും. 

കേന്ദ്രസര്‍വീസില്‍ പത്തുവര്‍ഷത്തിലൊരിക്കലാണ് ജീവനക്കാരുടെ വേതനപരിഷ്കരണം. 1.1.2016 ലാണ് കേന്ദ്രം ഏഴാം ശമ്പളപരിഷ്കരണം നടപ്പിലാക്കിയത്. ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന നിരവധി ബത്തകള്‍ പരിഷ്കരണത്തിലൂടെ നഷ്ടമായി. അവ പുനഃസ്ഥാപിക്കണമെന്ന ആവശ്യങ്ങളോട് നിഷേധാത്മക സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്. 1.1.2006 ല്‍ ആറാം ശമ്പളപരിഷ്കരണം നടപ്പിലാക്കുമ്പോള്‍ ഒന്നാം യുപിഎ സര്‍ക്കാരായിരുന്നു കേന്ദ്രത്തില്‍. ഗ്രൂപ്പ് ഡി വിഭാഗത്തിലെ തസ്തികകള്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത് ആ പരിഷ്കരണത്തിലായിരുന്നു. ഇനി മുതല്‍ വേതനപരിഷ്കരണം വേണ്ടതില്ലെന്നും പകരം ജീവിത വിലനിലവാര സൂചികയുടെ വര്‍ദ്ധനവും ജീവനക്കാരുടെ കാര്യക്ഷമതയും പരിഗണിച്ച് വേതനം വര്‍ദ്ധിപ്പിച്ചാല്‍ മതിയെന്നുമുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നു. കോവിഡ്കാല സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി വേതനവിഹിതം വെട്ടിക്കുറച്ചതിനുപുറമേ ഒന്നരവര്‍ഷക്കാലത്തേക്ക് ക്ഷാമബത്ത മരവിപ്പിക്കാനും മോഡി സര്‍ക്കാര്‍ തീരുമാനിച്ചു. ഇവയ്ക്കുപുറമേയാണ് സമ്പൂര്‍ണ്ണമായ നിയമന നിരോധനം ഏര്‍പ്പെടുത്തിയതും 50 വയസോ, 30 വര്‍ഷ സേവനമോ പൂര്‍ത്തിയാക്കിയവരെ നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കി തിരിച്ചയക്കാനുള്ള തീരുമാനവും. 

ഇന്ത്യയിലെ ഇതര സംസ്ഥാന സര്‍ക്കാരുകളും കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശാനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്‍റേതുപോലെ 10 വര്‍ഷം കൂടുമ്പോള്‍ വേതനം പരിഷ്കരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും ജീവനക്കാരോട് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ 1.1.2016 മുതല്‍ പ്രാബല്യം നല്‍കി ശമ്പളം പരിഷ്കരിച്ചുവെങ്കിലും കുടിശിക ഗഡുക്കളായി നല്‍കുമെന്ന് പ്രഖ്യാപിച്ച് ആദ്യഗഡു നല്‍കിയശേഷം തുടര്‍ന്ന് നല്‍കാന്‍ വിസമ്മതിച്ചിരിക്കുന്നു. ത്രിപുരയിലും പ്രാബല്യതീയതി 1.1.2016 ആണെങ്കിലും അലവന്‍സുകളും കറസ്പോണ്ടിംഗ് ശമ്പളസ്കെയിലുകളും നല്‍കാന്‍ വിസമ്മതിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ 1.1.2016 മുതല്‍ നടപ്പിലാക്കേണ്ട ശമ്പളപരിഷ്കരണം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. 2017 ന് ശേഷം ക്ഷാമബത്തയും നല്‍കിയിട്ടില്ല. ഛത്തീസ്ഗഢില്‍ 2017 ആഗസ്റ്റ് മുതലാണ് പരിഷ്കരണം നടപ്പിലാക്കിയത്. 19 മാസത്തെ കുടിശികയും നിഷേധിച്ചു. തമിഴ്നാട്ടില്‍ 21 മാസത്തെ കുടിശിക നിഷേധിച്ചുകൊണ്ട് 1.10.2017 മുതലാണ് വേതനപരിഷ്കരണം നടപ്പിലാക്കിയത്. പശ്ചിമബംഗാളില്‍ 36 മാസത്തെ കുടിശിക നിഷേധിച്ച് 1.1.2020 മുതലാണ് വേതനം പരിഷ്കരിച്ചത്. ക്ഷാമബത്ത 58 ശതമാനം കുടിശികയാണവിടെ. കേരളത്തിനു പുറമേ അഞ്ചുവര്‍ഷ പരിഷ്കരണം പിന്തുടരുന്ന കര്‍ണ്ണാടകം, തെലുങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും ജീവനക്കാര്‍ക്ക് സമയബന്ധിതമായി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍ തികഞ്ഞ വൈമുഖ്യമാണ് സര്‍ക്കാരുകള്‍ പുലര്‍ത്തുന്നത്. കര്‍ണ്ണാടകത്തില്‍ 1.4.2017 മുതല്‍ നടപ്പിലാക്കേണ്ട പരിഷ്കരണം 1.4.2018 മുതല്‍ നടപ്പിലാക്കി 12 മാസത്തെ കുടിശിക കവര്‍ന്നെടുത്തു. അലവന്‍സുകളൊന്നും വര്‍ദ്ധിപ്പിക്കാന്‍ തയാറായില്ല. തെലുങ്കാനയില്‍ 1.7.2018 മുതല്‍ നടപ്പിലാക്കേണ്ട ശമ്പളപരിഷ്കരണത്തില്‍ ഏഴര ശതമാനം ശമ്പള വര്‍ദ്ധനവാണ് ശുപാര്‍ശ ചെയ്തതെങ്കിലും ഇതുവരെ നടപ്പിലാക്കിയില്ല. 1.7.2018 മുതലാണ് ആന്ധ്രയില്‍ ശമ്പളപരിഷ്കരണം നടപ്പിലാക്കേണ്ടത്. റിപ്പോര്‍ട്ട് വാങ്ങിവച്ചിട്ടുണ്ടെങ്കിലും നടപ്പിലാക്കാനുള്ള നീക്കങ്ങളൊന്നും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. . കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും ജീവനക്കാരുടെ അവകാശാനുകൂല്യങ്ങള്‍ നിഷേധിക്കുന്നതോടൊപ്പം കൂടുതല്‍ പ്രതിലോമകരമായ നടപടികള്‍ക്ക് സിവില്‍സര്‍വീസിനെ വിധേയമാക്കിക്കൊണ്ടിരിക്കുന്നു.

സമയബന്ധിത ശമ്പള പരിഷ്കരണമെന്ന ജീവനക്കാരുടെ അവകാശത്തോട് എക്കാലവും നിഷേധാത്മക നിലപാട് പുലര്‍ത്തിപ്പോന്നവരാണ് കേരളത്തിലെ വലതുപക്ഷ സര്‍ക്കാരുകള്‍. 1968-ല്‍ ഇഎംഎസ് സര്‍ക്കാര്‍ തുടക്കം കുറിച്ച ശമ്പള പരിഷ്കരണത്തിന്‍റെ തുടര്‍ച്ചയ്ക്കായി 1973-ലും 1978-ലും അനിശ്ചിതകാല പണിമുടക്കുകള്‍ നടത്തേണ്ടിവന്നു. 1983-ല്‍ നടപ്പിലാക്കേണ്ട ശമ്പളപരിഷ്കരണം യാഥാര്‍ത്ഥ്യമായത് 1984-ലും 1985-ലും രണ്ട് അനിശ്ചിതകാല പണിമുടക്കുകളെ തുടര്‍ന്നാണ്. പക്ഷേ 21 മാസക്കാലത്തെ കുടിശ്ശിക കവര്‍ന്നെടുത്താണ് കെ.കരുണാകരന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ശമ്പള പരിഷ്കരണം അനുവദിച്ചത്. 1991-ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍  1992-ല്‍ പേ ഇക്വലൈസേഷന്‍ നടപ്പിലാക്കി. കേരളത്തില്‍ നിലനിന്നിരുന്ന മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും കേന്ദ്രത്തിലുണ്ടായിരുന്ന ആകര്‍ഷകമായ അലവന്‍സുകള്‍ നിഷേധിക്കുന്നതുമായിരുന്നു പേ ഇക്വലൈസേഷന്‍.
അഞ്ചുവര്‍ഷ തത്ത്വം പാലിച്ച് 01.03.2002 മുതല്‍ വേതനം പരിഷ്ക്കരിക്കുന്നതിനു പകരം അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ 16.01.2002-ല്‍ ഇറക്കിയ പ്രതിലോമ ഉത്തരവിലൂടെ ജീവനക്കാരുടെ അവകാശാനുകൂല്യങ്ങള്‍  കവര്‍ന്നെടുത്തു. ജീവനക്കാര്‍ ഒറ്റക്കെട്ടായി 32 ദിവസം നീണ്ടുനിന്ന സമാനതകളില്ലാത്ത പണിമുടക്കിനെത്തുടര്‍ന്ന് കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ പലതും ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കപ്പെട്ടത്. എങ്കിലും ശമ്പള പരിഷ്കരണം നടപ്പിലാക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ തയ്യാറായില്ല. അതിശക്തമായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 2006 - ല്‍ അധികാരം വിട്ടൊഴിയാന്‍ നേരത്താണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശമ്പള പരിഷ്കരണ ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ചു വര്‍ഷ പരിഷ്കരണ തത്ത്വം അട്ടിമറിച്ച് 37 മാസത്തെ കുടിശ്ശികയും കവര്‍ന്നെടുത്താണ് യു.ഡി.എഫ്. സര്‍ക്കാര്‍ എട്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കിയത്. പാര്‍ടൈംകാരടക്കം താഴെത്തട്ടിലുള്ള ജീവനക്കാര്‍ക്ക് യാതൊരാനുകൂല്യവും ലഭിക്കാത്ത ശമ്പള പരിഷ്കരണത്തിന്‍റെ അപാകതകള്‍ പരിഹരിച്ചതും ബാധ്യത ഏറ്റെടുത്തതും തുടര്‍ന്നുവന്ന എല്‍.ഡി.എഫ്. സര്‍ക്കാരായിരുന്നു. 

പത്താം ശമ്പള പരിഷ്കരണം നടപ്പിലാക്കേണ്ട സമയത്തും യു.ഡി.എഫ്. സര്‍ക്കാരായിരുന്നു ഭരണത്തില്‍. തൊഴിലെടുത്ത് ജീവിക്കുന്നവരോടുള്ള വലതുപക്ഷത്തിന്‍റെ നിഷേധാത്മക സമീപനം കൂടുതല്‍ പ്രകടമാക്കിയ സര്‍ക്കാരായിരുന്നു അത്. 01.04.2013 മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അടിച്ചേല്‍പ്പിച്ചു. ശമ്പള പരിഷ്കരണത്തിന് കാലേക്കൂട്ടി കമ്മീഷനെ നിയമിച്ചെങ്കിലും സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുംമുമ്പ് പരിഷ്കരണം നടപ്പിലാക്കാതിരിക്കാന്‍ ശ്രമം തുടര്‍ന്നു. നിരന്തരമായ പ്രക്ഷോഭങ്ങളെയും പണിമുടക്കിനെയും തുടര്‍ന്നാണ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കമ്മീഷന്‍ ഭാഗീകമായെങ്കിലും റിപ്പോര്‍ട്ട് നല്‍കിയത്. പരിഷ്കരണം നടപ്പിലാക്കിയപ്പോഴാകട്ടെ കുടിശ്ശിക നല്‍കാനുള്ള ബാധ്യത അടുത്ത സര്‍ക്കാരിനുമായി. ജീവനക്കാരുടെ സമയ ബന്ധിത ശമ്പള പരിഷ്കരണം, ക്ഷാമബത്ത, നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ തുടങ്ങിയ അവകാശങ്ങളോട് വലതുപക്ഷ സര്‍ക്കാരുകളുടെ സമീപനം എല്ലാക്കാലത്തും നിഷേധാത്മകമായിരുന്നെന്ന് മേല്‍ വിവരിച്ച വസ്തുതകള്‍ അടിവരയിടുന്നു.

ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നടപ്പിലാക്കിയ ശമ്പളപരിഷ്കരണത്തിന് പ്രാധാന്യമേറുന്നത്. അഞ്ചുവര്‍ഷതത്ത്വം പാലിച്ച് 1.7.2019 മുതല്‍ പ്രാബല്യം നല്‍കി. പ്രാബല്യതീയതി മുതലുള്ള 28 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ച് 10 ശതമാനം ഫിറ്റ്മെന്‍റ് ബെനിഫിറ്റും ചേര്‍ത്താണ് പുതിയ ശമ്പളസ്കെയിലിലേക്ക് എത്തുന്നത്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപ എന്നതാണ് മറ്റൊരു സവിശേഷത. കേന്ദ്രത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനം 18,000 രൂപയില്‍ താഴെയാണ്. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പോലും മിനിമം വേതനമായി 21000 രൂപ ആവശ്യപ്പെടുമ്പോഴാണ് കേരളത്തില്‍ 23,000 രൂപ അടിസ്ഥാനശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന ശമ്പളം മിനിമം വേതനമായി  ലഭിക്കുന്നത് കേരളത്തിലാകും. ഏറ്റവും കുറഞ്ഞ ശമ്പളവും കൂടിയ ശമ്പളവും തമ്മിലുള്ള അന്തരം 1:7.27 ല്‍ നിന്നും 1:7.25 ആയി കുറച്ചു. ഇതര സംസ്ഥാനങ്ങളില്‍ അടിസ്ഥാന ശമ്പളത്തിന്‍റെ 3 ശതമാനമാണ് കുറഞ്ഞ ഇന്‍ക്രിമെന്‍റ് നിരക്കെങ്കില്‍ കേരളത്തിലേത് 3.04 ശതമാനമാണ്. വീട്ടുവാടക ബത്ത അനുവദിക്കുന്നതിലും ജീവനക്കാര്‍ക്ക് അനുഗുണമായ തീരുമാനമാണുണ്ടായിരിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്‍റെ നാലു മുതല്‍ പത്ത് ശതമാനം വരെയാണ് പുതിയ വീട്ടുവാടകബത്ത. അവധി ആനുകൂല്യങ്ങളുടെ കാര്യത്തിലും പ്രയോജനകരമായ നിര്‍ദ്ദേശങ്ങളുണ്ട്. പിതൃത്വ അവധി 15 ദിവസമാക്കി. 40% ശമ്പളത്തോടെ പരമാവധി ഒരു വര്‍ഷം വരെ ചൈല്‍ഡ് കെയര്‍ ലീവ്, പേരന്‍റ് കെയര്‍ ലീവ് എന്നിവ അനുവദിച്ചു. മറ്റ് അലവന്‍സുകളിലും കാലാനുസൃതമായ വര്‍ദ്ധനവ് വരുത്തി. ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 11500 രൂപയായി നിശ്ചയിച്ചതോടെ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മിനിമം പെന്‍ഷന്‍ ലഭിക്കുന്ന സംസ്ഥാനവും കേരളമായി. 80 വയസ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം അധിക അലവന്‍സ് നല്‍കുന്നു. 

പ്രകൃതി ദുരന്തങ്ങളെയും പകര്‍ച്ചവ്യാധികളെയും നേരിട്ട്, രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്‍റെ അവഗണനയെ അതിജീവിച്ച് മുന്നോട്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുട്ടാതര്‍ക്കങ്ങളും തൊടുന്യായങ്ങളും നിരത്തി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ആര്‍ക്കും നിഷേധിക്കില്ലെന്ന് തെളിയിക്കുന്നതായി 11-ാംവേതനപരിഷ്കരണം.  
ജനകീയ സര്‍ക്കാരിന്‍റെ തൊഴിലെടുക്കുന്നവരോടുള്ള പ്രതിബദ്ധത ഒരിക്കല്‍കൂടി വെളിപ്പെടുത്തുന്നതായി ശമ്പള പരിഷ്കരണ തീരുമാനം. •