പെട്രോളിയം വിലവര്‍ധന: നുണപ്രചാരണങ്ങളും യാഥാര്‍ഥ്യവും

ഗിരീഷ് ചേനപ്പാടി

കോവിഡ് 19 മഹാമാരി സൃഷ്ടിച്ച മഹാദുരിതങ്ങള്‍ മൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. അപ്പോഴും മോഡി സര്‍ക്കാരും എണ്ണക്കമ്പനികളും ചേര്‍ന്ന് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും നിത്യേനയെന്നോണം വില വര്‍ധിപ്പിക്കുകയാണ്. കേരളത്തില്‍ പെട്രോളിന് ലിറ്ററിന് 92 രൂപയ്ക്കു മുകളിലായി. ഇതെഴുതുമ്പോള്‍ ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് രാജസ്താനിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും പെട്രോളിന്‍റെ വില 100നു മുകളിലായി. ഡീസലിന്‍റെ വില ഇവിടങ്ങളില്‍ 90 രൂപയ്ക്കു മുകളിലായി. ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിലയാണിത്. അക്കാര്യം മറച്ചുവച്ചുകൊണ്ടാണ് യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളും കേരളത്തിലാണ് കൂടിയ വില എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്.

പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ധനവ് ഇപ്പോള്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. പാചകവാതക സിലിണ്ടറിന് ഫെബ്രുവരി 25ന് 25 രൂപയും ഫെബ്രുവരി 14ന് 50 രൂപയും വര്‍ധിപ്പിച്ചു. 2020 ഡിസംബറില്‍ രണ്ടു തവണയായി 100 രൂപയാണ് വര്‍ധിപ്പിച്ചത്. 2020 ഏപ്രില്‍ മാസത്തിനു ശേഷം പാചകവാതകത്തിന്‍റെ സബ്സിഡി മോഡി സര്‍ക്കാര്‍ ബാങ്കുകളില്‍ അടയ്ക്കുന്നതേയില്ല. ആ സബ്സിഡി അപ്രഖ്യാപിതമായി പിന്‍വലിച്ചമട്ടാണ്.

ഒരു ലിറ്റര്‍ പെട്രോള്‍ 50 രൂപയ്ക്ക് നല്‍കും എന്നു വാഗ്ദാനം ചെയ്താണ് 2014ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. 2014ല്‍ ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ 89 ഡോളറായിരുന്നു. അന്ന് പെട്രോളിന് ലിറ്ററിന് 72 രൂപയും ഡീസലിന് 55 രൂപയുമായിരുന്നു വില. അന്ന് പാചകവാതക വില, സിലിണ്ടര്‍ ഒന്നിന് 300 രൂപയില്‍ താഴെയായിരുന്നു. ഇന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അത് 800 രൂപയ്ക്കും 900 രൂപയ്ക്കും മുകളിലായി. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പെട്രോളിന്‍റെ കേന്ദ്ര നികുതി ലിറ്ററിന് 9.48 രൂപയും ഡീസലിന്‍റേത് ലിറ്ററിന് 3.56 രൂപയും ആയിരുന്നു.

ഇപ്പോള്‍ പെട്രോളിന്‍റെ കേന്ദ്ര നികുതി ലിറ്ററിന് 32 രൂപ 90 പൈസയും ഡീസലിന്‍റേത് 31 രൂപ 80 പൈസയുമാണ്. പെട്രോളിന്‍റെ അടിസ്ഥാന വില 32. 27 രൂപയാണെന്നോര്‍ക്കണം. ഡീസലിന് അടിസ്ഥാന വില 33.59 രൂപയുള്ളപ്പോള്‍ കേന്ദ്രത്തിന്‍റെ നികുതി 31.80 രൂപയാണ്. എന്നാല്‍ അധികാരത്തിലേറിയതോടെ ബിജെപി ഗവണ്‍മെന്‍റിന്‍റെ തനിനിറം പുറത്തുവന്നു. ഒന്നാം മോഡി ഗവണ്‍മെന്‍റ് എക്സൈസ് ഡ്യൂട്ടി, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, സെസ്സ് എന്നീ ഇനങ്ങളിലായി 11 തവണയാണ് വലിയ തോതില്‍ വര്‍ധന വരുത്തിയത്. മിക്കപ്പോഴും അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയിലും സെസ്സിലുമാണ് വര്‍ധനവ, ബിജെപി സര്‍ക്കാര്‍ വരുത്തിയത്. കാരണം ആ തുക സംസ്ഥാനങ്ങളുമായി പങ്കിടാതെ കേന്ദ്രത്തിന് തനിച്ച് എടുക്കാന്‍ കഴിയും. എക്സെസ് ഡ്യൂട്ടിയാണെങ്കില്‍ അതിന്‍റെ വിഹിതം സംസ്ഥാനങ്ങള്‍ക്കും കൊടുക്കണം.

കൊറോണയുടെ കാലത്തും കേന്ദ്ര സര്‍ക്കാര്‍ നികുതിക്കൊള്ളയില്‍ ഒരു കുറവും വരുത്തിയില്ല. 2020 ഏപ്രില്‍-മെയ് മാസങ്ങളില്‍ ക്രൂഡ് ഓയിലിന്‍റെ വില അന്താരാഷ്ട്ര വിപണിയില്‍  20 ഡോളറില്‍ താഴ്ന്നു. പിന്നീട് ഏതാനും മാസങ്ങളില്‍ വില പൂജ്യത്തിലും താഴ്ന്നു എന്ന കാര്യവും നമുക്കറിയാം. ഏപ്രിലില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില കുറയുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ ആ പ്രതീക്ഷയെ എല്ലാം അട്ടിമറിച്ചുകൊണ്ട് മോഡി സര്‍ക്കാര്‍ പെട്രോളിന് 10 രൂപയുടെയും ഡീസലിന് 13 രൂപയുടെയും പ്രത്യേക തീരുവ ഏര്‍പ്പെടുത്തി. പെട്രോളിന് അഡീഷണല്‍ എക്സൈസ് നികുതിയായി 8 രൂപയും സ്പെഷ്യല്‍ എക്സൈസ് നികുതിയായി 2 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. അങ്ങനെ 10 രൂപ വിലകൂട്ടി. ഡീസലിന് അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയായി 8 രൂപയും സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടിയായി 5 രൂപയും എന്ന തോതില്‍ 13 രൂപയും വര്‍ധിപ്പിച്ചു. ഇതില്‍ ഒരു പൈസ പോലും സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ല. മുഴുവന്‍ പണവും കേന്ദ്ര ഖജനാവിലാണ് എത്തുക. അതിലൂടെ മാത്രം 2.5 ലക്ഷം കോടി രൂപയാണ് മോഡി സര്‍ക്കാര്‍ തട്ടിയെടുത്തത്.

അതായത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കൂടുമ്പോള്‍ അതിന്‍റെ ഭാരം ജനങ്ങള്‍ വഹിക്കണം. ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ വില കുറഞ്ഞാല്‍ അതും എണ്ണ വില വര്‍ധിപ്പിക്കും. ആ ഭാരവും പാവപ്പെട്ട ജനങ്ങള്‍ വഹിക്കണം. ക്രൂഡ് ഓയില്‍ വില കുറഞ്ഞാല്‍ ആ തുക അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, സെസ്സ് തുടങ്ങിയ ഇനങ്ങളില്‍ മോഡി സര്‍ക്കാര്‍ തട്ടിയെടുക്കുകയും ചെയ്യും.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയാതെ നിലനിര്‍ത്തുന്നതിനു പിന്നില്‍ വലിയ ദുരുദ്ദേശമാണ് മോഡി സര്‍ക്കാരിനുള്ളത്. ഒന്ന് പാവപ്പെട്ട ജനവിഭാഗങ്ങളെ പരമാവധി പിഴിഞ്ഞൂറ്റുക. ആ പണം വന്‍കിട കുത്തകകള്‍ക്ക് പലതരത്തില്‍ സൗജന്യമായി നല്‍കുക. കോര്‍പറേറ്റ് ടാക്സില്‍ ഇളവു വരുത്തിയും നികുതി കുടിശ്ശിക ഒഴിവാക്കിയും കോര്‍പറേറ്റുകള്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ എഴുതിത്തള്ളിയും ആണ് മോഡി സര്‍ക്കാര്‍ കുത്തക പ്രീണനം നടത്തുന്നത്. മോഡി സര്‍ക്കാരിന്‍റെ ഏഴു വര്‍ഷക്കാലയളവില്‍ 17.85 ലക്ഷം കോടി രൂപയാണ് പെട്രോളിയം നികുതിയിനത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാരിനു ലഭിച്ചത്.

അങ്ങനെ പിരിച്ചെടുത്ത നികുതിയില്‍ സിംഹഭാഗവും വന്‍കിട കുത്തകകള്‍ക്ക് സൗജന്യം നല്‍കാനാണുപയോഗിച്ചത്.
ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ പമ്പുകള്‍ നടത്തുന്നത് അംബാനിയെപ്പോലെയുള്ള വന്‍കിട കുത്തകകളാണ്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറയാതെ നിര്‍ത്തേണ്ടത് അവരുടെയും ആവശ്യമാണ്. അവര്‍ക്കു കൊള്ള ലാഭം നേടണമെങ്കില്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില കുറയുന്നതിനനുസരിച്ച് ഇവിടെ കുറഞ്ഞു കൂടാ. സ്വകാര്യ പെട്രോള്‍ കമ്പനികളുടെ ലാഭക്കണക്കുകള്‍ തന്നെ ഇതിന്‍റെ നേര്‍സാക്ഷ്യമാണ്. 2019-20 സാമ്പത്തികവര്‍ഷത്തില്‍ മാത്രം സ്വകാര്യ പെട്രോളിയം കമ്പനികളുടെ ലാഭം 50,000 കോടി രൂപയിലധികമാണ്.

2021-2022ലെ ബജറ്റിലും പെട്രോള്‍-ഡീസല്‍ വില വര്‍ധനവിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 2 രൂപ 50 പൈസയും ഡീസലിന് 4 രൂപയും സെസ്സ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. അടിസ്ഥാന എക്സൈസ് ഡ്യൂട്ടിയിലും സ്പെഷ്യല്‍/അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയിലും അനുപാതികമായ കുറവു വരുത്താന്‍ മോഡി സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ അതിന്‍റെ ഭാരം ജനങ്ങള്‍ ചുമക്കേണ്ടി വരില്ലായിരുന്നു. രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തെത്തന്നെ അപകടപ്പെടുത്തുന്ന തരത്തില്‍ സംസ്ഥാനങ്ങളെ അവഗണിച്ച് മോഡി സര്‍ക്കാര്‍ നികുതിക്കൊള്ള നടത്തുകയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍. 

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവ് എല്ലാ അവശ്യസാധനങ്ങളുടെയും വില ക്രമാതീതമായി ഉയരാനിടയാക്കുന്നു. ആ യാഥാര്‍ഥ്യം മറച്ചുവച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിന്‍റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെയും ബിജെപിയുടെ ശ്രമം. സംഘപരിവാറിന്‍റെ നുണ നിര്‍മാണശാലകളില്‍ ഒട്ടനവധി നുണകളാണ് അതിനു വേണ്ടി സൃഷ്ടിക്കപ്പെടുന്നത്. നവമാധ്യമങ്ങളിലൂടെയുള്ള അവയുടെ പ്രചാരണത്തിന് യുഡിഎഫുകാരും ഒത്താശ ചെയ്യുന്നു.
കേന്ദ്ര സര്‍ക്കാര്‍ പിരിക്കുന്ന നികുതിയില്‍ 41 ശതമാനവും സംസ്ഥാനങ്ങള്‍ക്കു കൈമാറുന്നു എന്ന പ്രചാരണം അത്തരത്തില്‍ ഒന്നാണ്. ഇങ്ങനെ കള്ളപ്രചാരണം നടത്തുന്നവരില്‍ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവരുണ്ട്. നട്ടാല്‍ കുരുക്കാത്ത നുണയാണ് അതെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.

കേന്ദ്ര നികുതിക്ക് നാലു ഭാഗങ്ങളാണുള്ളത്. ഒരു ലിറ്റര്‍ പെട്രോളിന് 18 രൂപ റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്സ് ആണ്. 11 രൂപ സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയാണ്. 2.50 രൂപ കാര്‍ഷിക സെസ്സ് ആണ്. ബേസിക് എക്സൈസ് ഡ്യൂട്ടിയാകട്ടെ 1 രൂപ 40 പൈസയേ ഉള്ളൂ. അതു മാത്രമേ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നുള്ളൂ. അതിന്‍റെ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കിടുന്നത്. 15-ാം ധനകാര്യകമ്മീഷന്‍റെ പലവിധ നിബന്ധനകള്‍ കടന്നുവരുമ്പോള്‍ കേരളത്തിനു ലഭിക്കുന്നത് ഒരു ലിറ്റര്‍ പെട്രോളില്‍നിന്ന് 0.8 ശതമാനം മാത്രമാണ്. അതായത് ഒരു പൈസയിലും അല്‍പ്പം കൂടിയ തുക.

ഒരു ലിറ്റര്‍ പെട്രോളിന് 32 രൂപ 90 പൈസയാണ് കേന്ദ്ര സര്‍ക്കാര്‍ നികുതി ചുമത്തുന്നത്. സംഘപരിവാറുകാര്‍ പ്രചരിപ്പിക്കുന്നതു കേട്ടാല്‍ തോന്നുക അതിന്‍റെ 41 ശതമാനം സംസ്ഥാനത്തിനു കിട്ടുമെന്ന്. എന്നാല്‍ ഒരു ലിറ്റര്‍ പെട്രോളിന്‍മേല്‍ 31 രൂപ 50 പൈസയും കേന്ദ്ര സര്‍ക്കാര്‍ സ്വന്തമായി എടുക്കുകയാണ്. അടിസ്ഥാന എക്സൈസ് ഡ്യൂട്ടിയിലുള്ള 1 രൂപ 40 പൈസയാണ് സംസ്ഥാനങ്ങളുമായി പങ്കിടുന്നത്. അതില്‍ തന്നെ കൂടുതല്‍ ഭാഗം കേന്ദ്രം എടുക്കുകയാണ്.

പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്ലിന്‍റെ വെബ്സൈറ്റില്‍ ഇതിന്‍റെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനെ കേരളം എതിര്‍ക്കുന്നു എന്നാണ് ബിജെപി നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ ഉന്നയിക്കുന്ന വാദം. അങ്ങനെ ചെയ്താല്‍ കേരളം ഉള്‍പ്പെടെയുള്ള 11 സംസ്ഥാനങ്ങള്‍ക്ക് 9,500 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകും. അതു നികത്തുന്നതിനെക്കുറിച്ച് മോഡി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഇക്കാര്യമാണ് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുക്കാന്‍ നാലില്‍ മൂന്ന് വോട്ട് അനുകൂലമായി ഉണ്ടാകണം. മൂന്നിലൊന്നു വോട്ട് കേന്ദ്ര സര്‍ക്കാരിനുണ്ട്. ബിജെപിയും കോണ്‍ഗ്രസ്സും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യത്തിലുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നിസ്സംഗതയെ ചോദ്യം ചെയ്യുകയാണ്. 19 സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ഭരണം നിലനിന്ന സമയത്തുപോലും പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സാധിച്ചില്ല.

ഇത്തരം വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ പാടേ തമസ്കരിച്ചുകൊണ്ടാണ് കേരളം ഒരു വാക്കു പറഞ്ഞാല്‍ ജിഎസ്ടി പരിധിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ കൊണ്ടുവരാം എന്ന് സംഘപരിവാറുകാര്‍ കള്ളം പ്രചരിപ്പിക്കുന്നത്. ജിഎസ്ടി പരിധിയില്‍ വന്നാല്‍ വില കുറയുമെന്നു പറയുന്ന നിര്‍മല സീതാരാമനും കേന്ദ്ര നികുതികളുടെ കാര്യത്തില്‍ കുറവു വരുത്തുന്നതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. •