ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ!

തിരഞ്ഞെടുപ്പ് കാമ്പെയ്ന്‍

മോഡിയുടെയും അമിത് ഷായുടെയും ഇംഗിതത്തിനു വഴങ്ങി ഔദ്യോഗിക പദവിയുപയോഗിച്ച് വഴിവിട്ടു സഹായിച്ച പൊലീസുദ്യോഗസ്ഥര്‍ക്കും ജഡ്ജിമാര്‍ക്കും അവര്‍ അധികാരമേറ്റ ശേഷം കൈയയച്ച് സ്ഥാനമാനങ്ങള്‍ നല്‍കി. കുപ്രസിദ്ധമായ ഏറ്റുമുട്ടല്‍ക്കൊലകളുടെ ആസൂത്രകരും ആര്‍എസ്എസിനു അനുകൂലമായി വിധിയെഴുതിയ ജഡ്ജിമാരും അവരിലുണ്ട്. 2001-2010 കാലത്ത് മോഡി-അമിത്ഷാ പ്രഭൃതികളെ അഴിമതി, വര്‍ഗീയകലാപം, കൊലപാതകം എന്നീ കേസുകളില്‍ നിന്നെല്ലാം രക്ഷിച്ചെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ഇവരുടെ ഭരണകാലത്തു നല്‍കിയ സ്ഥാനമാനങ്ങളാണ് ചുവടെ കൊടുക്കുന്നത്.

♦ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ അമിത്ഷായ്ക്കുവേണ്ടി വാദിച്ച അഭിഭാഷകന്‍ എസ് വി രാജുവിനെ                             അഡീഷണല്‍  സോളിസിറ്റര്‍ ജനറലായി നിയമിച്ചു.
♦ 1985 ഗുജറാത്ത് ഐഎഎസ് കേഡറിലെ ജി സി മുര്‍മുവിനെ, 2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ച അന്വേഷണം മൂടിവയ്ക്കുകയും          ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കേസ് തേച്ചുമായ്ച്ചുകളയുകയും ചെയ്തതിനുള്ള പ്രത്യുപകാരമായി ഇന്ത്യയുടെ ചീഫ് ഓഡിറ്റര്‍        ജനറലായി നിയമനം നല്‍കി.
♦ ഗുജറാത്തില്‍ ഒന്നാം മോഡി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യ കൊല്ലപ്പെട്ട കേസില്‍ മോഡിക്കനുകൂലമായി           കേസന്വേഷിച്ച വൈ സി മോഡിയെ എന്‍ഐഎ ചീഫ് ആയി നിയമിച്ചു.
♦ 2002ലെ ഗുജറാത്ത് കലാപത്തിനു നേതൃത്വം നല്‍കിയവരിലൊരാളായ ബാബു ബജ്റംഗിയ്ക്ക് ജാമ്യം നല്‍കിയ ജസ്റ്റിസ് അക്ഷയ്                     മേത്തയെ നാനാവതി-മേത്ത കമ്മീഷനില്‍ അംഗമാക്കി. ഇതേ കമ്മീഷന്‍ ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്കില്ല എന്നു ക്ലീന്‍ ചിറ്റ്             നല്‍കി.
♦ കോടികളുടെ അഴിമതി നടന്ന റാഫേല്‍ ഇടപാട് അന്വേഷിക്കുന്നതിനു നേതൃത്വം നല്‍കി മോഡിയെ കുറ്റവുമുക്തനാക്കിയ എയര്‍                     മാര്‍ഷല്‍ ആര്‍ കെ എസ് ഭാദുരിക്ക് ഇന്ത്യന്‍ എയര്‍ഫോഴ്സ് മേധാവിയായി സ്ഥാനക്കയറ്റം നല്‍കി.
♦ സൊഹ്റാബ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ രണ്ടാമത്തെ എഫ്ഐആറില്‍ നിന്നും അമിത്ഷായുടെ പേരു നീക്കംചെയ്ത ചീഫ്                         ജസ്റ്റിസ് സദാശിവത്തെ കേരള ഗവര്‍ണര്‍ ആയി നിയമിച്ചു.
♦ തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത്ഷായ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ യു യു ലളിത്                           സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.
♦ ഗോധ്ര തീവണ്ടി കത്തിക്കല്‍ സംഭവം അന്വേഷിച്ച് അതില്‍ മോഡി ഗവണ്‍മെന്‍റിന്‍റെ നിലപാട് ശരിവച്ച രാകേഷ് അസ്താനയെ                         സിബിഐയുടെ തലവനാക്കി.
♦ 2002ലെ ഗുജറാത്ത് വംശഹത്യയില്‍ കുറ്റക്കാരായവര്‍ക്ക് നിയമോപദേശം നല്‍കുകയും രേഖകള്‍ ചോര്‍ത്തുകയും ചെയ്ത തുഷാര്‍               മേത്തയ്ക്ക് അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിയമനം.
♦ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ, കലാപത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേകാന്വേഷണ                             സംഘത്തിന്‍റെ തലവന്‍ ആര്‍ കെ രാഘവന് സൈപ്രസിന്‍റെ ഇന്ത്യന്‍ അംബാസിഡറായി നിയമനം.
♦ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാനായി നിയമിക്കപ്പെട്ട നാനാവതി കമ്മീഷന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ജി.ടി                               നാനാവതിയുടെ മകന്‍ മൗലിക് നാനാവതി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മോഡിയുടെ അഭിഭാഷകനായി.
♦ മോഡി ഗവണ്‍മെന്‍റിനു കീഴില്‍ ഗുജറാത്തിലെ പെട്രോളിയം കോര്‍പറേഷന്‍ എംഡിയും എനര്‍ജി, പെട്രോ കെമിക്കല്‍ റവന്യൂ വകുപ്പ്         മേധാവിയുമായിരുന്ന ഡോ. ഡി ജെ പാണ്ഡ്യനെ ആ മേഖലകളെല്ലാം അദാനി- അംബാനി കുത്തകകള്‍ക്ക് തീറെഴുതുന്നതിന്                                വഴിയൊരുക്കിക്കൊടുത്തതിന്‍റെ പ്രത്യുപകാരമായി ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ് ബാങ്കിന്‍റെ (എഐഐബി)                                    വൈസ്പ്രസിഡന്‍റായി അവരോധിച്ചു.
♦ മോഡിയുടെ ഇഷ്ടക്കാരനായ, ഗുജറാത്ത് ഐഎഎസ് കേഡറിലെ ഭരത് ലാലിന് ജലമന്ത്രാലയത്തില്‍ സുപ്രധാന പദവി.
♦ റഫേല്‍ കേസില്‍ മോഡിക്കു ക്ലീന്‍ ചിറ്റ് നല്‍കിയ രഞ്ജന്‍ ഗൊഗോയിക്ക് സര്‍വീസില്‍ നിന്നും വിരമിച്ച് ഏതാനും                                                മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ രാജ്യസഭാ സീറ്റ് നല്‍കിയത് നാണക്കേടിന്‍റെ മറ്റൊരദ്ധ്യായം.

ഇതാണ് സത്യം...

ഇന്ത്യ കീഴോട്ടുതന്നെ
► സാമ്പത്തിക വളര്‍ച്ച-കഴിഞ്ഞ 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍
► കാര്‍ഷിക വരുമാനം- കഴിഞ്ഞ 14 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍
► വ്യാവസായിക വളര്‍ച്ച- കഴിഞ്ഞ ഒരു വര്‍ഷത്തിനു മുമ്പുണ്ടായിരുന്ന 7.5 ശതമാനത്തില്‍ നിന്നും 1.7 % ആയി കുത്തനെ ഇടിഞ്ഞു.
► സ്വകാര്യ നിക്ഷേപം- കഴിഞ്ഞ 7 വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍
► എഫ്ഡിഐ വളര്‍ച്ച- കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍
► സെന്‍റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) സര്‍വെപ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി ഉയര്‍ന്നു. എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് പ്രകാരം യുവജനങ്ങളിലെ തൊഴിലില്ലായ്മ 27% വര്‍ധിച്ചതായാണ്. അതാകട്ടെ കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
► നൂറിലേറെ പേരെ കൊലയ്ക്കു കൊടുത്തുകൊണ്ട് മോഡി ഗവണ്‍മെന്‍റ് കൊണ്ടുവന്ന നോട്ടു നിരോധനം ഒന്നരക്കോടി ഇന്ത്യക്കാരുടെ തൊഴില്‍ നഷ്ടപ്പെടുത്തി.
► ഒന്നാം മോഡി ഗവണ്‍മെന്‍റ് പടിയിറങ്ങുന്ന അവസാനവര്‍ഷം 2018ല്‍ മാത്രം 1.1 കോടി തൊഴിലുകളാണ് നഷ്ടമായത്. ഗ്രാമീണ ഇന്ത്യയില്‍ 91 ലക്ഷംതൊഴിലുകളും ഇന്ത്യയുടെ നഗരങ്ങളില്‍ 18 ലക്ഷം തൊഴിലുകളും നഷ്ടമായി. നഷ്ടമായ മൊത്തം തൊഴിലില്‍ 80 ശതമാനവും നഷ്ടപ്പെട്ടത് സ്ത്രീത്തൊഴിലാളികള്‍ക്കാണ്.

മൂടിവെയ്ക്കപ്പെടുന്ന കണക്കുകള്‍
ഒന്നാം മോഡി സര്‍ക്കാരിന്‍റെ അവസാനകാലത്ത് തൊഴിലില്ലായ്മ ഇന്ത്യയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ നിരക്കിലേക്ക് ഉയര്‍ന്നു. പിന്നിട്ട 70 വര്‍ഷത്തെ ഏറ്റവും വലിയ നിരക്കായിരുന്നു അത്. അത് സംബന്ധിച്ച കണക്കുകള്‍ പോലും ഗവണ്‍മെന്‍റ് പുറത്തുവിട്ടില്ല. നിയമനങ്ങള്‍ ഏതാണ്ട് സ്തംഭിച്ച അവസ്ഥയായിരുന്നു. എന്നാല്‍ രണ്ടാം മോഡി ഗവണ്‍മെന്‍റ് രണ്ടുവര്‍ഷം പിന്നിട്ടിട്ടും കേന്ദ്രസര്‍ക്കാരിലെ അഞ്ചിലൊന്ന് ഒഴിവുകളും നികത്തിയിട്ടില്ല. സൈനിക- സൈനികേതര സര്‍വീസുകളില്‍ മാത്രം ഏഴുലക്ഷത്തോളം ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. 2020 മാര്‍ച്ചില്‍ പേഴ്സണല്‍ മന്ത്രാലയം പുറത്തുവിട്ട, തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. സൈനികേതര സര്‍വീസുകളില്‍ അനുവദിക്കപ്പെട്ട മൊത്തം തസ്തിക 38,02,779. ഇപ്പോള്‍ നിലവിലുള്ള ഉദ്യോഗസ്ഥര്‍ 31,18,956. അതായത് കേന്ദ്ര സര്‍വീസില്‍ ഇനിയും നികത്തപ്പെടാതെ 6,83,823 ഒഴിവുകളുണ്ട്. പ്രതിരോധവകുപ്പിലെ സൈനികേതര തസ്തികകളില്‍ 1,87,054 എണ്ണം നികത്താതെ കിടക്കുന്നു. റെയില്‍വേയില്‍ അനുവദിക്കപ്പെട്ട മൊത്തം ജീവനക്കാരുടെ എണ്ണം 15,08,325 ആണ്; നിലവില്‍ 12,48,325 ജീവനക്കാരാണുള്ളത്. 2,60,000 ഒഴിവുകള്‍ ഇനിയും നികത്തിയിട്ടില്ല. റവന്യൂ വകുപ്പില്‍ ആകെയുള്ള 1,78,000 തസ്തികകളില്‍ 78,000 ഉം ഒഴിഞ്ഞുകിടക്കുന്നു.
സിവിലിയന്‍ ഒഴിവുകളുടെ എണ്ണം മാത്രമാണ് മേല്‍ സൂചിപ്പിച്ചത്. സൈനിക-അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, പൊതുമേഖല, ബാങ്കുകള്‍ എന്നിവ കൂടിയാകുമ്പോള്‍ നികത്തപ്പെടാതെ കിടക്കുന്ന ഒഴിവുകളുടെ സംഖ്യ ഭീമമാകും. അതുകൊണ്ടുതന്നെയാണ് ആ കണക്കുകള്‍ ഒന്നും പുറത്തുവിടാതെ മോഡി ഗവണ്‍മെന്‍റ് ഒളിച്ചു കളിക്കുന്നത്.•