കേരളത്തിലെ സാമൂഹ്യവികാസം ഇടതുപക്ഷ ഭരണത്തിലും വലതുപക്ഷ ഭരണത്തിലും - 3

തിരഞ്ഞെടുപ്പ് കാമ്പെയ്ന്‍

അധികാര വികേന്ദ്രീകരണവും ഭരണപരിഷ്കാരവും
1957-59 ഇടതുപക്ഷ ഭരണത്തില്‍

ധികാര വികേന്ദ്രീകരണവും ഗ്രാമസ്വരാജും സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് ദേശീയതലത്തിലോ സംസ്ഥാനങ്ങളിലോ നിയമനിര്‍മാണത്തിനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. 

ഇന്ത്യയില്‍ ആദ്യമായി ഇതിനുള്ള നടപടി തുടങ്ങിയത് കേരളത്തില്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ്. മുഖ്യമന്ത്രി ഇഎംഎസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്‍ നടത്തിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 1958 ഡിസംബറില്‍ പഞ്ചായത്ത്രാജ് ബില്ലും 1959ല്‍ ജില്ലാ കൗണ്‍സില്‍ ബില്ലും അവതരിപ്പിക്കുകയുണ്ടായി. ഗ്രാമതലത്തില്‍ ഗവണ്‍മെന്‍റിനും ജനങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കേണ്ട ഏക സംവിധാനം തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകള്‍ ആയിരിക്കണമെന്നുള്ള (ഉദ്യോഗസ്ഥ സംവിധാനമായിരിക്കരുത്) കാഴ്ചപ്പാടാണ് ഈ ബില്ലുകളിലൂടെ കേരളത്തിലെന്നല്ല, ഇന്ത്യയില്‍തന്നെ ആദ്യമായി 1957ലെ ഇ എം എസ് ഗവണ്‍മെന്‍റ് മുന്നോട്ടുവച്ചത്. 

ഭരണപരിഷ്കാര കമ്മിറ്റി പട്ടികജാതി പട്ടികവര്‍ഗ സംവരണം കൂടാതെ പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണം നിര്‍ദേശിച്ചു. പിന്നോക്ക സമുദായക്കാര്‍ക്ക് വരുമാനംകൂടി മാനദണ്ഡമാക്കണം. പിന്നോക്ക വിഭാഗങ്ങളിലെ സമ്പന്നരെ സംവരണത്തില്‍നിന്ന് ഒഴിവാക്കുകയും മുന്നോക്ക വിഭാഗങ്ങളിലെ അതിദരിദ്രരെ സംവരണത്തില്‍ ഉള്‍പ്പെടുത്തുകയും വേണമെന്നും ശുപാര്‍ശ ചെയ്യപ്പെട്ടു. പിഎസ്സി നിയമനങ്ങള്‍ക്ക് യോഗ്യതയും സംവരണവും അടങ്ങിയ റൊട്ടേഷന്‍ സമ്പ്രദായം നടപ്പിലാക്കപ്പെട്ടു. 

ഔദ്യോഗിക ഭാഷ പടിപടിയായി മലയാളത്തിലാക്കണമെന്ന് അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച കോമാട്ടില്‍ അച്യുതമേനോന്‍ കമ്മിറ്റി നിര്‍ദേശിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്തും മലയാളം ബോധന ഭാഷയാക്കണമെന്നും ശുപാര്‍ശചെയ്തു. അത് നടപ്പിലാക്കാന്‍ തുടങ്ങുംമുമ്പ് 'വിമോചന സമര'ത്തെ തുടര്‍ന്ന് ആ ഗവണ്‍മെന്‍റ് പിരിച്ചുവിടപ്പെട്ടു. 

കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങള്‍ സ്ഥാപിക്കപ്പെട്ടതും 1957-59ലെ ഇടതുപക്ഷ ഭരണകാലത്താണ്. 

'വിമോചനസമരാ'നന്തരം
 കോണ്‍ഗ്രസ് ഭരണത്തില്‍

'വിമോചന സമര'ത്തിനുശേഷം അധികാരത്തിലെത്തിയ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള മുക്കൂട്ട് മുന്നണി മന്ത്രിസഭ, 1958ല്‍ ഇ എം എസ് മന്ത്രിസഭ നിയമസഭയുടെമുന്നില്‍ അവതരിപ്പിച്ച പഞ്ചായത്ത് നിയമവും മുനിസിപ്പാലിറ്റീസ് നിയമവും ഭേദഗതികളോടെ പാസാക്കി. അതുപ്രകാരം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയും പുതിയ ഭരണസമിതികള്‍ നിലവില്‍ വരികയും ചെയ്തു. എന്നാല്‍ അവയുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഈ സമിതികള്‍ ക്രമേണ നിര്‍ജീവാവസ്ഥയിലായി. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പ്രവര്‍ത്തനം ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലെത്തി. ജില്ലാ കൗണ്‍സില്‍ ബില്ല് പാസാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ആ ഗവണ്‍മെന്‍റ് യാതൊരു താല്‍പര്യവുമെടുത്തില്ല.


ഭരണപരിഷ്കാര കമ്മിറ്റി നിര്‍ദേശങ്ങളെ സംബന്ധിച്ച് കാര്യമായ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. ഇ എം എസ് ഗവണ്‍മെന്‍റ് നടപ്പിലാക്കിയ പിഎസ്സി നിയമനത്തിനുള്ള റൊട്ടേഷന്‍ നിലനിര്‍ത്തുക മാത്രം ചെയ്തു. 

ഭാഷാ മാധ്യമത്തെപ്പറ്റിയുള്ള കോമാട്ടില്‍ അച്യുതമേനോന്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വലതുമുന്നണി ഭരണം തയ്യാറായില്ല. സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സജീവമാക്കാനുള്ള ഇടപെടലുകളും 1960-67 കാലത്ത് വലതുമുന്നണി ഭരണം നടത്തിയില്ല.

ഇടതുപക്ഷ നേതൃത്വത്തില്‍ ഐക്യമുന്നണി മന്ത്രിസഭ (1967-69)
സമഗ്രമായ പഞ്ചായത്ത്രാജ് ബില്ല് കൊണ്ടുവന്നു. നിയമസഭയില്‍ അവതരിപ്പിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അത് പാസാക്കുന്നതിനുമുമ്പ് ആ ഗവണ്‍മെന്‍റ് അട്ടിമറിക്കപ്പെട്ടു. 

ഭരണപരിഷ്കാരം ലക്ഷ്യമിട്ട് റൂള്‍സ് റിവിഷന്‍ കമ്മിറ്റിയെയും സംവരണം ഉദാരമാക്കുന്നതിനായി നെട്ടൂര്‍ പി ദാമോദരന്‍ കമ്മീഷനെയും ഈ ഭരണകാലത്ത് നിയമിച്ചു. എന്നാല്‍ ഇവയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതിനുമുമ്പ് ഗവണ്‍മെന്‍റ് അട്ടിമറിക്കപ്പെട്ടു. 

മലപ്പുറം ജില്ല രൂപീകരണം-കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പിന്നോക്ക പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മലപ്പുറം ജില്ല രൂപീകരിച്ചത് 1967-69 കാലത്തെ ഇടതുപക്ഷ ഭരണത്തിലാണ്. 

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാംസ്കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവകാശ സംരക്ഷണം. 

വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം  (1969-1979)
1977-ലെ തിരഞ്ഞെടുപ്പോടുകൂടി ദേശീയ രാഷ്ട്രീയത്തിലും തുടര്‍ന്ന് കേരള രാഷ്ട്രീയത്തിലും വലിയ മാറ്റമുണ്ടായി. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടു. കോണ്‍ഗ്രസ്തന്നെ ഇന്ദിരാപക്ഷവും എതിര്‍പക്ഷവുമായി പിളര്‍ന്നു. കേരളത്തില്‍ ഇന്ദിരാവിരുദ്ധ പക്ഷത്തിന്‍റെ നേതാവായ ആന്‍റണി മുഖ്യമന്ത്രിയായി. ബംഗാളിലും ത്രിപുരയിലും സിപിഐ എം നേതൃത്വത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്‍റുകള്‍ അധികാരത്തില്‍ വന്നു. ബംഗാളില്‍ അധികാര വികേന്ദ്രീകരണം-ത്രിതല പഞ്ചായത്ത്-നടപ്പിലാക്കി. ഈ പശ്ചാത്തലത്തില്‍ അതേവരെ അധികാര വികേന്ദ്രീകരണത്തോട് മുഖംതിരിഞ്ഞുനിന്ന ആന്‍റണി കോണ്‍ഗ്രസ് ജില്ലാ കൗണ്‍സില്‍ ബില്ല് പൊടിതട്ടിയെടുത്ത് പാസാക്കി. 1962നുശേഷം ആദ്യമായി പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തി.

ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭ (1980-81, 1987-1990)
ജില്ലാ കൗണ്‍സില്‍ നിയമം 1979ല്‍ പാസാക്കിയെങ്കിലും അതുപ്രകാരമുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയില്ല. 1980ല്‍ എല്‍ഡിഎഫ് ഗവണ്‍മെന്‍റ്  ജില്ലാ കൗണ്‍സില്‍ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കി. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കും മുമ്പ് ആ മന്ത്രിസഭ അട്ടിമറിക്കപ്പെട്ടു. 

വീണ്ടും 1987ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷം നിയമത്തിലും ചട്ടങ്ങളിലും വേണ്ട ഭേദഗതികള്‍ പാസാക്കുകയും 1990ല്‍ ആദ്യമായി ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്തുകയുമുണ്ടായി. അങ്ങനെ അധികാര വികേന്ദ്രീകരണത്തിന്‍റെ പുതുയുഗത്തിന് തുടക്കമായി. 

വീണ്ടും യുഡിഎഫ് മന്ത്രിസഭ(1981-87, 1991-96)
1991ല്‍ യുഡിഎഫ് അധികാരത്തിലെത്തി മാസങ്ങള്‍ക്കകം ജില്ലാ കൗണ്‍സിലുകള്‍ പിരിച്ചുവിട്ടു. 1992 ഡിസംബറില്‍ പാര്‍ലമെന്‍റ്, അധികാര വികേന്ദ്രീകരണവും സ്ത്രീ സംവരണവും സംബന്ധിച്ച 73, 74 ഭരണഘടനാ ഭേദഗതികള്‍ പാസാക്കിയെങ്കിലും കേരളത്തില്‍ അതനുസരിച്ചുള്ള നിയമനിര്‍മാണത്തിനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താനോ യുഡിഎഫ് ഗവണ്‍മെന്‍റ് തയ്യാറായില്ല. 

ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരികയും കേന്ദ്ര പദ്ധതി വിഹിതം കിട്ടാന്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നടന്നാലേ പറ്റൂ എന്ന നില വരികയും ചെയ്തതിനെ തുടര്‍ന്നാണ് യുഡിഎഫ് 1995ല്‍ പഞ്ചായത്ത്, മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടത്തിയത്. 

1996-2001 എല്‍ഡിഎഫ് വീണ്ടും ഭരണത്തിലെത്തിയപ്പോള്‍
ജനകീയാസൂത്രണം നടപ്പിലാക്കി. പ്രാദേശിക പദ്ധതികളെല്ലാം ഏകോപിപ്പിച്ച് തദ്ദേശ ഭരണതലത്തില്‍ നിര്‍വഹണം സാധ്യമാക്കി. അതനുസരിച്ച് പ്രാദേശിക ജില്ലാതലങ്ങളില്‍ ആസൂത്രണ സംവിധാനങ്ങള്‍ നിലവില്‍വന്നു. ജനകീയതലം ശക്തിപ്പെടുത്തി. അധികാരവും വിഭവങ്ങളും പ്രാദേശിക തലങ്ങളിലേക്ക് കൈമാറി. ഇതിന്‍റെ ഫലമായി ഗ്രാമീണ പശ്ചാത്തല വികസനത്തിലും സാമൂഹ്യ വികാസത്തിലും വന്‍ കുതിച്ചുചാട്ടമാണുണ്ടായത്. 

അങ്ങനെ 1957 മുതല്‍ കമ്യൂണിസ്റ്റുപാര്‍ടി നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന അധികാര വികേന്ദ്രീകരണം 4 പതിറ്റാണ്ടിനുശേഷം സാക്ഷാത്കരിക്കപ്പെട്ടു.

ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുള്ള കുടുംബശ്രീ പദ്ധതി കൊണ്ടുവന്നു. മൈക്രോ ഫിനാന്‍സ് ഉപയോഗിച്ചുള്ള സ്ത്രീകളുടെ സ്വയം സഹായ സംഘമായിട്ടാണ് കുടുംബശ്രീ രൂപീകരിച്ചത്. അതിവേഗത്തിലാണ് കുടുംബശ്രീ കേരളമാകെ പടര്‍ന്നുപിടിച്ചത്. 

അധികാര വികേന്ദ്രീകരണം യാഥാര്‍ഥ്യമാക്കപ്പെട്ടതിനെ തുടര്‍ന്ന് നടപ്പാക്കേണ്ട ഭരണ സംവിധാനത്തിലെ മാറ്റങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെന്‍ കമ്മിറ്റിയെ നിയമിച്ചു. കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അതുപ്രകാരം നടപടികള്‍ക്ക് തുടക്കംകുറിക്കുകയും ചെയ്തു. ഭരണമാറ്റത്തെ തുടര്‍ന്ന് അത് പൂര്‍ത്തിയായില്ല. 

യുഡിഎഫ് പിന്നെയും വന്നപ്പോള്‍ (2001-06)
അധികാര വികേന്ദ്രീകരണം യാഥാര്‍ഥ്യമാക്കിയ ജനകീയാസൂത്രണ പരിപാടിയെ യുഡിഎഫ് അധികാരത്തിലെത്തിയ ഉടന്‍ മരവിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വെറും നിര്‍വഹണ ഏജന്‍സികളായി ചുരുക്കി. പ്രാദേശിക ആസൂത്രണ സംവിധാനങ്ങള്‍ മരവിപ്പിച്ചു. ജനകീയമായി ആസൂത്രണവും നിര്‍വഹണവും നടത്തുന്ന രീതി പാടേ ഉപേക്ഷിക്കപ്പെട്ടു. സിവില്‍ സര്‍വീസില്‍ വരുത്തേണ്ട പുനര്‍വിന്യാസവും വേണ്ടെന്നുവച്ചു. 

കുടുംബശ്രീയുടെ വ്യാപനത്തെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമം നടന്നു. പല സാമുദായിക സംഘടനകളും അതേ രൂപത്തില്‍ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ചു. എന്നാല്‍ അത്തരം ഇടപെടലുകള്‍ക്കെല്ലാം ഉപരിയായി കുടുംബശ്രീ ജനജീവിതത്തില്‍ ഇടംപിടിച്ച് തഴച്ചുവളര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജനശ്രീ എന്ന ബദല്‍ സംഘം ഉണ്ടാക്കിയെങ്കിലും അതിന് ഇവിടെ വേരൂന്നാന്‍ കഴിഞ്ഞില്ല. 


വീണ്ടും ഇടതു ജനാധിപത്യമുന്നണി (2006-2011)
ജനകീയാസൂത്രണ പദ്ധതി വീണ്ടും മുന്‍നിരയില്‍ ഇടംപിടിച്ചു. അതിന്‍റെ ഭാഗമായി നീര്‍ത്തട പ്രദേശങ്ങളുടെ ആസൂത്രണവും സംരക്ഷണവും ഖരമാലിന്യ സംസ്കരണവും  നടന്നു. ജീവനക്കാരുടെ പുനര്‍വിന്യാസം വലിയൊരളവോളം നടപ്പിലാക്കി. താഴെതട്ടിലുള്ള വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായും ഏകോപിതമായും നടത്തുന്നതിനായി പഞ്ചായത്ത്വകുപ്പ്, നഗരഭരണവകുപ്പ്, സാമൂഹ്യ വികസന വകുപ്പ് എന്നിവ ഒരു മന്ത്രാലയത്തിനുകീഴില്‍ കൊണ്ടുവന്നു. 

കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദായക സംഘമായി കുടുംബശ്രീ മാറി. ഒപ്പം ഏറ്റവും വലിയ സ്ത്രീ ശാക്തീകരണപ്രസ്ഥാനവും. 


ഒന്നാം യുപിഎ ഭരണകാലത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തില്‍ വയനാട്, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നടപ്പിലാക്കി. ഈ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്നും കാര്‍ഷികോല്‍പാദനം നടത്തുന്ന എല്ലാ ഭൂമിയിലും തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കണമെന്നും കേന്ദ്ര ഗവണ്‍മെന്‍റിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. എന്നാല്‍ പദ്ധതി രണ്ടാം വര്‍ഷമായപ്പോള്‍ കേരളത്തില്‍ 14 ജില്ലകളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ കേന്ദ്രാനുമതി ലഭിച്ചു. സംസ്ഥാനത്ത് തനതായി അയ്യങ്കാളി നഗര തൊഴിലിറപ്പു പദ്ധതി കൊണ്ടുവന്നു. 

2011-16ലെ യുഡിഎഫ് ഭരണകാലത്ത്
ജനകീയാസൂത്രണ പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ടു. പഞ്ചായത്ത്, നഗരഭരണ, സാമൂഹ്യവികസന വകുപ്പുകളുടെ ഏകീകരണം വേണ്ടെന്നുവച്ചു. മാത്രമല്ല, മുമ്പ് ഒരു മന്ത്രാലയത്തിനുകീഴിലായിരുന്ന പഞ്ചായത്ത് ഭരണവും നഗരഭരണവും രണ്ട് മന്ത്രിമാരുടെ നിയന്ത്രണത്തിലാക്കി. സാമൂഹ്യവും വികസനപരവുമായ ആവശ്യങ്ങള്‍ക്കുപരി യുഡിഎഫിനെ നയിച്ചത് രണ്ടുപേര്‍ക്ക് മന്ത്രിസ്ഥാനം ഉണ്ടാക്കാനുള്ള വഴിയാണ്. 

കുടുംബശ്രീയുടെ വ്യാപനത്തെ തകര്‍ക്കാന്‍ ജനശ്രീയെ ഉപയോഗിച്ചു. സര്‍ക്കാര്‍ പദ്ധതികളില്‍ സര്‍ക്കാര്‍ നിയന്ത്രണമുള്ള കുടുംബശ്രീയെ ഒഴിവാക്കി ജനശ്രീയെന്ന കോണ്‍ഗ്രസിന്‍റെ സ്വകാര്യസംഘത്തിന് കൈമാറി. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭമാണ് ഉയര്‍ന്നുവന്നത്. ഒടുവില്‍ ആ നീക്കത്തില്‍നിന്ന് പിന്‍മാറാന്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്‍റ് നിര്‍ബന്ധിതമായി. 

തൊഴിലുറപ്പു പദ്ധതി തുടര്‍ന്നുവെങ്കിലും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കാനുള്ള നീക്കങ്ങളൊന്നും നടത്തിയില്ല.

2016നുശേഷം എല്‍ഡിഎഫ്
അധികാര വികേന്ദ്രീകരണത്തിനും പ്രാദേശിക ആസൂത്രണത്തിനും നിര്‍വഹണത്തിനും വീണ്ടും പ്രാമുഖ്യം ലഭിച്ചുതുടങ്ങി.
 
കുടുംബശ്രീക്ക് കൂടുതല്‍ വികസന പദ്ധതികളില്‍ ഇടം നല്‍കി. 

കേന്ദ്രത്തില്‍ മോഡി ഗവണ്‍മെന്‍റ് അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വകയിരുത്തല്‍ കുറച്ചതോടെ വേതനം കൃത്യമായി സംസ്ഥാനത്തിന് നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ചവരുത്തി. എങ്കിലും സംസ്ഥാനത്ത് കുടിശ്ശിക വരുത്താതെ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം നല്‍കി.


പ്രളയകാലത്തും മഹാമാരിയുടെ കാലത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും വലിയ പങ്കാണ് വഹിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അതിനവയെ ചുമതലപ്പെടുത്തുകയായിരുന്നു. •