വിവാദങ്ങള്‍ കെട്ടടങ്ങുമ്പോള്‍ കലാപത്തിന് തിരികൊളുത്തുന്നവര്‍

എ.അഷറഫ്

സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ബിജെപിയും ചില മാധ്യമങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയെടുത്ത കള്ളപ്രചാരണങ്ങളും അതിനെ തുടര്‍ന്നുണ്ടായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണാത്മക ആക്രമണങ്ങളും കെട്ടുകഥകളായി മാറുകയും അത് കെട്ടടങ്ങുകയും ചെയ്തപ്പോള്‍ കലാപത്തിന് തിരികൊളുത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. സമരങ്ങളെ അക്രമവല്‍ക്കരിക്കുന്നതും മണ്ണെണ്ണപ്രയോഗവും നുണപ്രചാരണങ്ങളുമെല്ലാം ഇതിന്‍റെ ഭാഗമായുള്ള നാടകങ്ങളാണ്.

അഞ്ചുവര്‍ഷംകൊണ്ട് പിഎസ്സി നിയമനത്തിലൂടെ സര്‍വകാല റെക്കോഡ് സൃഷ്ടിച്ച പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ തികച്ചും തെറ്റായ കണക്കുകള്‍ നിരത്തി വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഉദ്യോഗാര്‍ഥികളെ തെരുവിലിറക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹമാണ് ഇവര്‍ക്കുള്ളത്.  ഈ സാഹചര്യത്തിലാണ് പിഎസ്സി നിയമനത്തിലെയും മറ്റു നിയമനത്തിലെയും യഥാര്‍ഥ വസ്തുത പരിശോധിക്കാന്‍ നാം നിര്‍ബന്ധിതമായിരിക്കുന്നത്.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് പിഎസ്സിവഴി നടത്തിയ നിയമനങ്ങള്‍ 1,55,544 ആയിരുന്നെങ്കില്‍ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചുകൊണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ 1,57,911 നിയമനങ്ങള്‍ ഇതുവരെ നടത്തിക്കഴിഞ്ഞു. യുഡിഎഫിന്‍റെ കാലത്ത് അഡ്വൈസ്മെമ്മോ നല്‍കിയ 4031 പേരെയും നിയമിച്ചു. മാത്രവുമല്ല ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് പിഎസ്സി പ്രസിദ്ധീകരിച്ചത് 3113 റാങ്ക് ലിസ്റ്റുകളാണെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.

നിലവിലെ റാങ്ക് പട്ടികയില്‍ നിന്നും കൂടുതല്‍ പേര്‍ക്ക്  നിയമനം ലഭിക്കുന്നതിനായി 2021 ഫെബ്രുവരിയില്‍ കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആറുമാസത്തേയ്ക്ക് ദീര്‍ഘിപ്പിച്ചു. (വിവിധ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനുകളുടെയും ഡിവൈഎഫ്ഐയുടെയും അഭ്യര്‍ഥനകൂടി മാനിച്ചായിരുന്നു ഈ നടപടി) ഇതുവഴി ഏറ്റവും കൂടുതല്‍ വിരമിക്കല്‍ നടക്കുന്ന ഏപ്രില്‍-മെയ് മാസങ്ങളിലെ ഒഴിവുകളില്‍കൂടി ഈ റാങ്ക് ലിസ്റ്റുകളില്‍ നിന്നും നിയമനം നടത്താനും കഴിയും. അതോടൊപ്പം തന്നെ 7 മാസം മുമ്പ് റദ്ദായ (2020 ജൂണ്‍ 30) സിവില്‍ പൊലീസ് റാങ്ക് പട്ടികയില്‍ നിന്നും 2021 ഡിസംബര്‍ വരെയുള്ള വിവിധ ഒഴിവുകള്‍ കണക്കാക്കി പരമാവധി പേരെ നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കാലാവധി കഴിയുമ്പോള്‍ പ്രസ്തുത ലിസ്റ്റില്‍ വിവിധ ബറ്റാലിയനില്‍കൂടി ആകെ ഒഴിവുകള്‍ 2141 എണ്ണം മാത്രമായിരുന്നു. എന്നാല്‍ സ്ഥാനക്കയറ്റം വഴിയും ജില്ലയിലെ സിപിഒ തസ്തികയില്‍ ഇന്‍റര്‍ യൂണിറ്റ് സ്ഥലം മാറ്റം വഴിയും നികത്തുന്നതിനാലുണ്ടാകുന്ന ഒഴിവ് 2123 എണ്ണവും, പ്രതീക്ഷിത ഒഴിവ് 278 എണ്ണവും എന്‍ജെഡിയും ഉള്‍പ്പെടുത്തിയതുകൊണ്ടാണ് മൊത്തം 5609 പേരുടെ നിയമനം നടത്താനായത്. സാധാരണ രീതിയിലായിരുന്നെങ്കില്‍ ഇത് 2141 എണ്ണം മാത്രമായി ചുരുങ്ങിയേനെ. വസ്തുത ഇതായായിരിക്കെ റാങ്ക് പട്ടിക ഇനിയും നീട്ടി അതില്‍ നിന്നുമാത്രം നിയമനം നടത്തണമെന്ന വാദം എത്ര ബാലിശമാണ്. 2021 ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ നികത്തിയ സ്ഥിതിക്ക് ഇനി ലിസ്റ്റ് ആറുമാസത്തേക്ക് നീട്ടിയാല്‍ എന്തു പ്രയോജനമാണ് ഉണ്ടാവുക? യുക്തിസഹമല്ലാത്ത വാദങ്ങളും നിയമവിരുദ്ധമായ ആവശ്യങ്ങളുമാണ് സിപിഒ റാങ്ക് പട്ടികയില്‍ അവശേഷിക്കുന്നവര്‍ ഉയര്‍ത്തുന്നത്. മാത്രവുമല്ല ഈ സമരത്തെ പിന്തുണയ്ക്കുന്ന യുഡിഎഫിന്‍റെ കാലത്ത് (2011-16) ആകെ നടന്നത് 4796 നിയമനങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ നടന്നത് (2016-2020)11,268 നിയമനങ്ങളാണ്. ഈ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനാണ് എങ്ങനെയും ഒരു ജോലി തരപ്പെടുത്തണമെന്നു ആഗ്രഹിച്ചു വരുന്ന ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് സമരരംഗത്തേയ്ക്ക് വിടുന്നതും റാങ്കുപട്ടികയിലെങ്ങും ഇല്ലാത്ത യൂത്ത് കോണ്‍ഗ്രസുകാരെ മണ്ണെണ്ണയും കൊടുത്തുവിടുന്നതും.

പിണറായി സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ ആളെ കൂട്ടാന്‍ കാരണമില്ലാത്ത ഗതികേടിലായിരുന്നു യൂത്തുകാര്‍. ഈ സാഹചര്യത്തിലാണ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ മുന്നിലേക്ക് രണ്ടു യുവതുര്‍ക്കികള്‍ എടുത്തുചാടിയത്. ചുരുക്കിപ്പറഞ്ഞാല്‍ ഇവര്‍ക്ക് പിന്‍വാതില്‍ നിയമനമോ- പിഎസ്സി നിയമനമോ ഒന്നുമല്ല പ്രശ്നം, സ്വന്തം നിലനില്‍പ്പുതന്നെയാണ്. 

നിയമനങ്ങള്‍ എല്ലാം കൂടുതല്‍ സുതാര്യവും നിയമ വിധേയവുമാക്കുന്നതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 52 സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ എല്ലാം പിഎസ്സിക്കു വിടുകയാണ്  ചെയ്തത്. ഇതു കാണാതെയാണ് അനാവശ്യ വിവാദങ്ങള്‍ പ്രതിപക്ഷവും കൂട്ടരും  ഉയര്‍ത്തുന്നത്.  

വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഭാഗത്തിന്‍റെ കണക്കുകളാണ് പട്ടികയില്‍ കൊടുത്തിട്ടുള്ളത്. നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ്സ് റാങ്ക് പട്ടികയില്‍ കൂടുതല്‍ നിയമനം നടത്താന്‍ സാധിക്കാത്തത് 2012ല്‍ ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന പ്രത്യേക ഉത്തരവുമൂലമാണ്. ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ് തസ്തികയിലേക്ക് എസ്എസ്എല്‍സിയോ ഉയര്‍ന്ന മറ്റ് വിദ്യാഭ്യാസ യോഗ്യതയോ ഉള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ ഉത്തരവാണ് ലിസ്റ്റിലുള്ള കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കുന്നത് തടസ്സമായത്. എന്നിരുന്നാലും സര്‍ക്കാര്‍ ഓഫീസുകളില്‍ മാര്‍ച്ച് 31 ഓടെ വിരമിക്കുന്നത് രണ്ടായിരത്തിലധികം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണ്. അവിടങ്ങളില്‍ നിലവിലെ ലിസ്റ്റില്‍ നിന്നും നിയമനം നടത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുമുണ്ട്. 2021ല്‍ ഒറ്റമാസം കൊണ്ട് പ്രസ്തുത ലിസ്റ്റില്‍ നിന്നുമാത്രം അഡ്വൈസ് മെമ്മോ ലഭിച്ചത് 205 പേര്‍ക്ക്.

കേരള പൊലീസിലേക്ക് വനാതിര്‍ത്തിയില്‍ താമസിക്കുന്ന വിവിധ ആദിവാസി വിഭാഗങ്ങളില്‍ നിന്നു 90 പുരുഷന്മാരയെും 35 വനിതകളെയും അടക്കം 125 പേരെ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്വഴി നിയമിച്ചുകഴിഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 ദിനപരിപാടിയില്‍ ഉള്‍പ്പെടുത്തി ആദിവാസി മേഖലയിലുള്ളവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി "ട്രൈബല്‍ പ്ലസ്" പദ്ധതിയിലൂടെ 57,521 പേര്‍ക്ക് തൊഴില്‍ നല്‍കി. ഇതോടൊപ്പം പട്ടികവര്‍ഗ വിഭാഗത്തിലെ കുടുംബങ്ങള്‍ക്ക് നൂറുദിനം കൂടി തൊഴില്‍ നല്‍കുന്ന പദ്ധതി പ്രകാരം 46,910 പേര്‍ക്ക് നൂറുദിവസത്തിലധികം തൊഴില്‍ ലഭിക്കുകയുണ്ടായി. ഇതിനായി പട്ടികജാതി വികസന വകുപ്പും തദ്ദേശ വകുപ്പും സംയുക്തമായി ചെലവഴിച്ചത് 32.33 കോടി രൂപയാണ്. കൂടാതെ വനാശ്രിത വിഭാഗങ്ങളില്‍ നിന്നു അര്‍ഹരായവരെ കണ്ടെത്തി പിഎസ്സി സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റിലൂടെ നിയമനം നടത്തിയതു വഴി 500 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 'ബീറ്റ് ഫോറസ്റ്റ്' എന്ന ഈ പദ്ധതി തുടരുകയാണ്.

സംസ്ഥാനത്തെ ബിവറേജ്സ് കോര്‍പറേഷന്‍ പുതിയ സ്റ്റാഫ് പാറ്റേണിന് അംഗീകാരം നല്‍കിയതിലൂടെ 1720 പുതിയ തസ്തികയും 261 താല്‍ക്കാലിക തസ്തികയും സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇതനുസരിച്ച് ഓഫീസ്-ഷോപ്പ് അറ്റന്‍റന്‍ഡ് തസ്തികയില്‍ 250 പേര്‍ക്കും എല്‍ഡിസിയായി 136 പേര്‍ക്കും പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്നും എംപ്ലോയ്മെന്‍റ് എക്സചേഞ്ചില്‍ നിന്നും 261 പേര്‍ക്കും 17 പേര്‍ക്ക് സ്വീപ്പര്‍ തസ്തികയിലും നിയമനം ലഭിക്കും.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാര്യക്ഷമമായ ഇടപെടല്‍മൂലം ഐടി തൊഴില്‍ മേഖലയിലും ചെറുകിട വ്യവസായ മേഖലയിലും വന്‍ സാധ്യതയാണ് തുറന്നു വച്ചിരിക്കുന്നത്. മുന്‍ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി 789 കോടി രൂപ കോര്‍പസ് ഫണ്ട് നല്‍കുകയും 300 ല്‍ നിന്നും 2900 ആയി സ്റ്റാര്‍ട്ടപ്പുകള്‍ ഉയരുകയും ചെയ്തു. ഇതിനായി 5700 ചതുരശ്ര അടിയില്‍ നിന്ന് 4 ലക്ഷം ചതുരശ്ര അടിയായി പശ്ചാത്തല സൗകര്യം ഉയര്‍ത്തുകയും ചെയ്തു. ഇതു വഴി 30000 ലധികം പേര്‍ക്ക് നേരിട്ടു തൊഴില്‍ നല്‍കുന്നതിന് സാധിച്ചു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ചെറുകിട തൊഴില്‍ സംരംഭകര്‍ 10,177 ആയിരുന്നെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം 30,176 പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ചു. ഈ മേഖലയില്‍ 82,000 തൊഴിലവസരമുണ്ടായിരുന്ന സ്ഥാനത്ത് ഒന്നരലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

പിണറായി സര്‍ക്കാരിന്‍റെ 100 ദിന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും 1,16,440 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്.•

യുഡിഎഫിന്‍റെ (2011-16) കാലത്തെ 
അനധികൃത സ്ഥിരപ്പെടുത്തലുകള്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് മെറിറ്റോ, സംവരണതത്വമോ നിയമാനുസൃത മാനദണ്ഡങ്ങളോ പാലിക്കാതെയാണ് നൂറുകണക്കിന് സ്വന്തക്കാരെയും, പാര്‍ടി നേതാക്കന്മാരുടെ ബന്ധുക്കളെയും നിയമിച്ചത്. ഡല്‍ഹി കേരള ഹൗസില്‍ മൂന്നുവര്‍ഷം മാത്രം സര്‍വീസുള്ള 40 പേരെയാണ് സ്ഥിരപ്പെടുത്തിയത്. മൂന്നുവര്‍ഷം സര്‍വീസുള്ള "38" പേരുടെയും, നാലുവര്‍ഷം സര്‍വീസുള്ള "31" പേരുടെയും അഞ്ചുവര്‍ഷം സര്‍വീസുള്ള "28" പേരുടെയും സ്ഥിരപ്പെടുത്താനുള്ള ഫയലില്‍ അന്നത്തെ ധനകാര്യ സെക്രട്ടറി കെ.എം.എബ്രഹാമും, പൊതുഭരണ സെക്രട്ടറി ജ്യോതിലാലും എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 2015 ഫെബ്രുവരി 25ന് പ്രസ്തുത ഫയല്‍ മന്ത്രിസഭാ യോഗത്തിലേയ്ക്ക് വരുത്തി സ്ഥിരപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഗവണ്‍മെന്‍റ് സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് സര്‍വീസ് സംഘടനക്കാരായ-സെക്യൂരിറ്റി ഗാര്‍ഡ്മാരെ പിഎസ്സി റാങ്കു ലിസ്റ്റ് നിലനില്‍ക്കെ (ചീ. 287/12/ഋഞകകക) 2015 ഡിസംബര്‍ 21ലെ മന്ത്രിസഭാ യോഗത്തില്‍വച്ച് സ്ഥിരപ്പെടുത്തുകയായിരുന്നു. (2005ലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിഎസ്സി റാങ്ക് പട്ടികയില്‍ നിന്നും നിയമന ശുപാര്‍ശ നല്‍കിയ 27 ശുപാര്‍ശകള്‍ തിരിച്ചയച്ചായിരുന്നു-സെക്യൂരിറ്റി ഗാര്‍ഡ്മാരായ 27 പേരെ സ്ഥിരപ്പെടുത്തിയത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം 2007ല്‍ അനധികൃത നിയമനം റദ്ദുചെയ്തുകൊണ്ട് പിഎസ്സി വഴിതന്നെ നിയമനം നടത്താന്‍ ശുപാര്‍ശ ചെയ്തു. യുഡിഎഫിന്‍റെ കാലത്ത് നടത്തിയ ഇത്തരം അനധികൃത-ബന്ധു-കോഴ നിയമനങ്ങളെ "ലോക്കല്‍ റിക്രൂട്ട്മെന്‍റ്" എന്ന ഓമനപ്പേരിലാണ് വിളിച്ചിരുന്നത്.