വികസനവഴിയില്‍ കൂടുതല്‍ പ്രകാശത്തോടെ

പിണറായി വിജയന്‍

ര്‍ജ സംരക്ഷണവും പരിസ്ഥിതി ആഘാത  ലഘൂകരണവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ദീര്‍ഘവീക്ഷണമുള്ള ഒരു പദ്ധതിക്ക് തുടക്കമായി.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് തെരുവ് വിളക്കുകളിലെ പരമ്പരാഗത ബള്‍ബുകള്‍ മാറ്റി കൂടുതല്‍ വെളിച്ചം ലഭിക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ ആക്കുന്നു. വൈദ്യുതി വിതരണത്തിലെ ഊര്‍ജനഷ്ടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ബില്‍ ഇനത്തില്‍ നല്‍കിവരുന്ന അധികച്ചെലവും ഒഴിവാക്കാന്‍ സഹായിക്കുന്നതാണ് നിലാവ് എന്ന പേരിലുള്ള ഈ പദ്ധതി. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയുടെ ഭാഗമായാണ് ഇത് യാഥാര്‍ഥ്യമാക്കിയത്.

കേരളത്തിലാകെ ഏതാണ്ട് 16.24 ലക്ഷം തെരുവുവിളക്കുകളാണ് ഉള്ളത്. അതില്‍ 10.5 ലക്ഷത്തിലും പരമ്പരാഗത ഇലക്ട്രിക് ബള്‍ബുകള്‍ ആണ് ഉപയോഗിച്ചു വരുന്നത്. അതിലൂടെ വലിയ തോതിലുള്ള ഊര്‍ജ നഷ്ടവും അധികച്ചെലവും ഉണ്ടാകുന്നുണ്ട്. ഇവയെല്ലാം തന്നെ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതിലൂടെ തെരുവുവിളക്കുകള്‍ക്ക് കൂടുതല്‍ മിഴിവും ഈടുനില്‍പും ഉണ്ടാകും. കിഫ്ബിയുടെ സഹായത്തോടെ 289.82 കോടി രൂപ ചെലവിട്ടു നടപ്പിലാക്കുന്ന ഈ പദ്ധതി രണ്ടു മാസത്തിനുള്ളില്‍  ലക്ഷ്യം കൈവരിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ  നിര്‍വഹണത്തിന് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി സംസ്ഥാന വൈദ്യുതി ബോര്‍ഡിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.അവര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം എല്‍ഇഡി ബള്‍ബുകള്‍ വാങ്ങി പോസ്റ്റുകളില്‍ സ്ഥാപിക്കും. എന്നാല്‍, ലൈറ്റുകളുടെ പരിപാലന ചുമതല തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും. അവര്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാന്‍ വിവിധ പാക്കേജുകളാണ് സജ്ജമാക്കിയിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ വലിപ്പവും ആവശ്യവുമനുസരിച്ച് ലഭ്യമായ അഞ്ച് പാക്കേജുകളില്‍ ഒന്നോ അതിലധികമോ പാക്കേജുകള്‍ തെരഞ്ഞെടുക്കാം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ നേട്ടം ഉണ്ടാക്കുന്ന ഈ പദ്ധതിക്ക് ഇതിനകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ആദ്യഘട്ടമായി 665 പഞ്ചായത്തുകളിലും 48 നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചു ലക്ഷത്തിലധികം എല്‍ഇഡി ബള്‍ബുകള്‍ ആദ്യ ഘട്ടമായി മാറ്റിസ്ഥാപിക്കും. ഇപ്പോള്‍തന്നെ പല പഞ്ചായത്തുകളിലും ഈ പദ്ധതിപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പള്ളിക്കല്‍, ഉടുംമ്പന്‍ചോല, ഒതുക്കുങ്ങല്‍, വെള്ളമുണ്ട, വേലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും കരുനാഗപ്പള്ളി, ചേര്‍ത്തല എന്നീ നഗരസഭകളും അതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ ബാക്കിയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലും ഈ പദ്ധതി ലക്ഷ്യമിടുന്നതിനേക്കാള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും എന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്ന ഘട്ടമാണല്ലോ ഇത്? അതില്‍ ഉള്‍പ്പെട്ട ഒരു പ്രവര്‍ത്തനമാണ് വിജയകരമായി നിലാവ് എന്ന ഈ  പദ്ധതിയിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്.  പുറമ്പോക്കില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കല്‍, ഒരു കോടി വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍, മുഴുവന്‍ റോഡുകളും മികച്ച നിലയില്‍ പുനര്‍നിര്‍മിക്കല്‍, സ്ത്രീകള്‍ക്ക് യാത്രാവേളകളില്‍ തങ്ങാന്‍ സുരക്ഷിത വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കല്‍, വഴിയോരങ്ങളിലും പ്രധാന കേന്ദ്രങ്ങളിലുമായി ശുചിമുറികള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികളിലും ഈ വേഗത കൈവരിക്കാന്‍ സാധിക്കണം. അതിനൊപ്പം സാമൂഹ്യ സന്നദ്ധസേനാ രൂപീകരണവും സജീവമാക്കേണ്ടതുണ്ട്.
അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഏറെ ആശ്വാസമായി
പുനലൂര്‍ താലൂക്ക് ആശുപത്രി

ഒരു പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയ്ക്കായി നിര്‍മിച്ച പുതിയ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടു. 

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് സംസ്ഥാനത്തെ ആദ്യ പ്രകൃതിസൗഹൃദ ആശുപത്രി മന്ദിരത്തിന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ തറക്കല്ലിടുന്നത്. 14.77 കോടി രൂപയായിരുന്നു അന്നത്തെ ബജറ്റ് വിഹിതം. എന്നാല്‍, തുടര്‍ന്ന് അധികാരത്തില്‍ വന്ന  യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോയില്ല. അതിനുപിന്നിലെ കാരണങ്ങളിലേക്കൊന്നും കടക്കുന്നില്ല. ഒരുകാര്യം മാത്രം ഓര്‍മിപ്പിക്കട്ടെ. സര്‍ക്കാര്‍ എന്നത് ഒരു തുടര്‍ സംവിധാനമാണ്. മുന്‍ സര്‍ക്കാരുകള്‍ തുടങ്ങി എന്നതിന്‍റെ പേരില്‍ ജനോപകാരപ്രദമായ പദ്ധതികള്‍ ഉപേക്ഷിക്കുന്നതോ അവഗണിക്കുന്നതോ നല്ല പ്രവണതയല്ല. 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പ്രദേശമാണ് ജില്ലയുടെ കിഴക്കന്‍ മേഖല. അതുകൊണ്ടുതന്നെ അവരുടെ ഏക ആശ്രയമായ പുനലൂര്‍ താലൂക്ക് ആശുപത്രിയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യവുമാണ്. ഈ തിരിച്ചറിവാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി 10 നില മന്ദിരം നിര്‍മിക്കാന്‍ സര്‍ക്കാരിന് പ്രേരണയായത്. പദ്ധതി പ്രഖ്യാപിക്കുക മാത്രമല്ല, രണ്ടുവര്‍ഷത്തിനുള്ളില്‍ അത് പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കുന്നതിനും സാധിച്ചു. മുമ്പ് ഉപേക്ഷിക്കപ്പെട്ട പദ്ധതിയേക്കാള്‍ മെച്ചമായ നിലയിലാണ് പുതിയ ആശുപത്രി മന്ദിരം നിര്‍മിച്ചിട്ടുള്ളത്. 

കിഫ്ബി പദ്ധതിയില്‍പ്പെടുത്തി 68.19 കോടി രൂപ ചെലവില്‍ നിര്‍മിച്ചിട്ടുള്ള ഈ ബഹുനില മന്ദിരത്തില്‍, 333 കിടക്കകളും 7 ഓപ്പറേഷന്‍ തിയറ്ററുകളുമടക്കം എല്ലാവിധ ആധുനിക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മാത്രമല്ല, പനി പരിശോധനയ്ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ശുചീകരണത്തിനായി റോബോട്ടുകള്‍, പ്ലാസ്റ്റിക് റിക്കവറിസെന്‍റര്‍, ബയോഗ്യാസ് സംവിധാനം, കുട്ടികള്‍ക്കുള്ള കളിസ്ഥലം തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്. 

സംസ്ഥാനത്തിനാകെ മാതൃകാപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യസ്ഥാപനമാണ് പുനലൂര്‍ താലൂക്ക് ആശുപത്രി. ഇക്കാലയളവില്‍ നിരവധി പുരസ്കാരങ്ങളാണ് ഈ ആശുപത്രിയെ തേടിയെത്തിയത്. ആദ്യമായി കെഎഎസ്എച്ച് അക്രഡിറ്റേഷന്‍, എന്‍ക്യുഎഎസ് അക്രഡിറ്റേഷന്‍ എന്നിവ കരസ്ഥമാക്കിയ സ്ഥാപനമാണിത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ മികച്ച താലൂക്കാശുപത്രിയ്ക്കുളള പുരസ്കാരം മൂന്നു തവണയും,  എക്സലന്‍സ് പുരസ്കാരം നാലു തവണയും ഈ ആശുപത്രിയ്ക്ക് ലഭിച്ചു. 

13-ാം പഞ്ചവത്സര പദ്ധതിയിലൂടെ ആമുഖത്തില്‍, സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളും, വരുന്ന 5 വര്‍ഷത്തിനുളളില്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മോഡലില്‍ ആരോഗ്യ രംഗത്ത് മുന്നേറണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. മാത്രമല്ല, ഐഎംജി, കില, വിജിലന്‍സ് എന്നിവ തയ്യാറാക്കിയ പരിശീലന പദ്ധതിയിലും പുനലൂര്‍ താലൂക്കാശുപത്രിയുടെ വികസന മോഡലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ നിലനിര്‍ത്തുന്നതിനോടൊപ്പം കൂടുതല്‍ മെച്ചപ്പെട്ട നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കണം. മാത്രമല്ല, സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുകയും വേണം. 

1921ലാണ് പുനലൂരില്‍ ഒരു പൊതു ആരോഗ്യ സംവിധാനം നിലവില്‍ വരുന്നത്. ഉത്രാടം തിരുന്നാള്‍ മഹാരാജാവിന്‍റെ കാലത്ത് ഒരു ധര്‍മ്മാശുപത്രി എന്ന രൂപത്തില്‍ സ്ഥാപിതമായ ഈ ആശുപത്രി ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ തന്നെ ഈ ബഹുനില മന്ദിരം നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്. 

തുറമുഖങ്ങള്‍ക്ക് കൂടുതല്‍ 
കരുത്തേകുന്ന പദ്ധതികള്‍

ബേപ്പൂര്‍ തുറമുഖത്തെ സ്ഥിരം (ഇലക്ട്രോണിക് ഡാറ്റാ ഇന്‍റര്‍ഫേസ്) ഇഡിഐ സംവിധാനം, വികസനത്തിനായി കൂടുതല്‍ സ്ഥലമേറ്റെടുക്കല്‍, തങ്കശേരിയില്‍ മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പ്, ആലപ്പുഴയിലെ മാരിടൈം ട്രെയിനിങ് ഹാള്‍, വിഴിഞ്ഞത്തെ ക്രൂ ചെയ്ഞ്ച് ടെര്‍മിനല്‍ എന്നീ പദ്ധതികളാണ് നാടിനു സമര്‍പ്പിക്കപ്പെട്ടത്. സംസ്ഥാനത്തെ തീരദേശ മേഖലയ്ക്ക് പ്രതീക്ഷയേകുന്നതാണ് ഈ പദ്ധതികള്‍.

വിഴിഞ്ഞം മുതല്‍ ബേപ്പൂര്‍ വരെ അഞ്ച് തുറമുഖങ്ങളിലായി 34.17 കോടി രൂപയുടെ വികസനമാണ് ഈ പദ്ധതികളിലൂടെ സര്‍ക്കാര്‍ സാധ്യമാക്കിയിരിക്കുന്നത്. അതില്‍ മലബാറിന്‍റെ സര്‍വതോമുഖമായ വികസനത്തിന് ആക്കംകൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ബേപ്പൂര്‍ തുറമുഖത്തിനായി 3.85 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഈ സ്ഥലം 28 കോടി രൂപ നല്‍കി ബേപ്പൂര്‍ തുറമുഖത്തിന്‍റെ ഭാഗമാക്കുന്നത്. വിദേശ കപ്പലുകളില്‍ ചരക്കുകള്‍ കയറ്റുന്നതിനും ഇറക്കുന്നതിനും 32 ലക്ഷം രൂപ ചെലവില്‍ ബേപ്പൂര്‍ തുറമുഖത്തു തന്നെ ഒരു സ്ഥിരം ഇഡിഐ സംവിധാനമേര്‍പ്പെടുത്തുന്നതിനും തുടക്കം കുറിച്ചു.

കൊല്ലം തങ്കശേരി തുറമുഖത്തു ജലവാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പും മൊബൈല്‍ ക്രയിന്‍ ഷെല്‍ട്ടറുമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 3.9 കോടി രൂപ ചെലവില്‍ നിര്‍മിച്ചിട്ടുള്ള ഈ സംവിധാനം ഇവിടത്തെ മല്‍സ്യബന്ധന മേഖലയുടെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്ക് സഹായിക്കും. ആലപ്പുഴ തുറമുഖത്ത്  മാരിടൈം ട്രെയിനിങ് ഹാളിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നു. വിനോദസഞ്ചാര മേഖലയില്‍ തൊഴിലെടുക്കുന്ന ബോട്ട് ജീവനക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വിവിധ ലൈസന്‍സുകള്‍ നേടുന്നതിന് ആവശ്യമായ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് 1.21 കോടി രൂപ ചെലവില്‍ ഈ ഹാള്‍ നിര്‍മിച്ചിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖത്ത് പണി പൂര്‍ത്തിയാക്കിയിരിക്കുന്ന ക്രൂ ചെയ്ഞ്ച് ടെര്‍മിനലും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇവിടെ അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിര്‍മാണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. കണ്ടയ്നര്‍ യാര്‍ഡ് പോര്‍ട്ട്, യൂസര്‍ ബില്‍ഡിങ്, ഓപ്പറേഷന്‍സ് ബില്‍ഡിങ്, കണ്ടയ്നര്‍ ബെര്‍ത്ത്, സബ്സ്റ്റേഷന്‍, അപ്രോച്ച് റോഡ് എന്നിവയുടെ നിര്‍മാണം ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. മൂന്നുമാസത്തിനുള്ളില്‍ കാര്‍ഗോ ഷിപ്പുകള്‍ എത്തിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

ഈ രീതിയില്‍ തുറമുഖങ്ങളേയും മല്‍സ്യബന്ധന മേഖലയെയും അഭിവൃദ്ധിപ്പെടുത്തുന്ന ഒരു സര്‍ക്കാരിനെയാണ് ചിലര്‍ അപകീര്‍ത്തിപ്പെടുത്താന്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വികസന കാര്യത്തില്‍ കേരളം നടത്തിയ എല്ലാ നീക്കങ്ങളെയും പദ്ധതികളെയും എതിര്‍ത്തവരാണ് ഇപ്പോള്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ആഴക്കടല്‍ മല്‍സ്യബന്ധനത്തില്‍ ഈ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്. മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുനിര്‍ത്തുന്ന ആ നിലപാടില്‍ ഈ സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തില്ല. •