വിഷയദാരിദ്ര്യംകൊണ്ട് ഗതികേടിലായ പ്രതിപക്ഷം
സി പി നാരായണന്
നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുംതോറും യുഡിഎഫിന്, അതില്‍ വിശേഷിച്ച് കോണ്‍ഗ്രസ്സിന്, ഉല്‍ക്കണ്ഠ കൂടി വരികയാണ്.അതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ജയസാധ്യത വിലയിരുത്താനായി രഹസ്യമായി അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. അതില്‍ കണ്ടത് എല്‍ഡിഎഫിനാണ് വിജയസാധ്യത എന്നാണ്. കുറച്ചുനാള്‍ മുമ്പാണ് ഏഷ്യാനെറ്റ് അഭിപ്രായ സര്‍വെ നടത്തിയതും അതില്‍ എല്‍ഡിഎഫ് ഭരണം തുടരാനാണ് സാധ്യത എന്നു കണ്ടതും. കഴിഞ്ഞ മാര്‍ച്ചില്‍ ആ ചാനല്‍ അഭിപ്രായ സര്‍വെ നടത്തിയപ്പോഴത്തെ അതേ ഫലം. ആ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു കോവിഡുകാലത്തുപോലും - എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ് സമരകോപ്രായങ്ങള്‍ തുടര്‍ച്ചയായി നടത്തിയത്. ജൂലൈ ആദ്യം യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സ്വര്‍ണ ക്കള്ളക്കടത്ത് പിടിച്ചതിനെ തുടര്‍ന്ന് അതിനെ മുഖ്യമന്ത്രിയുടെ ഓഫീസുമായി കൂട്ടിക്കെട്ടാന്‍ യുഡിഎഫും ബിജെപിയും ചേര്‍ന്ന് കേസും കൂട്ടവും അവയെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ പ്രചരണ കോലാഹലങ്ങളും നടത്തി. എന്‍ഐഎ, കസ്റ്റംസ്, ഇഡി മുതലായവ നടത്തിയ മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോയിട്ട് സെക്രട്ടേറിയറ്റിന്റെ നാലയലത്തുപോലും കൊണ്ടെത്തിക്കാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ മാസങ്ങളോളം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടും അദ്ദേഹത്തിനുമേല്‍ ഒരു കേസുപോലും എടുക്കാനായില്ല. അതുപോലെ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരാളെയും.
ഈ പ്രചാരണ കോലാഹലങ്ങളെല്ലാം നടത്തിയത് തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പിലെ വിധി യുഡിഎഫിന് അനുകൂലമാക്കാനായിരുന്നു. പക്ഷേ, ഫലം വന്നപ്പോള്‍ സാര്‍വത്രികമായ തിരിച്ചടിയായിരുന്നു. ബിജെപിയുടെ അനുഭവവും വ്യത്യസ്തമായിരുന്നില്ല. യുഡിഎഫിനെ നയിക്കാന്‍ രമേശ് ചെന്നിത്തല പോര എന്ന അഭിപ്രായം യുഡിഎഫിലാകെ പരന്നതിനാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കാമ്പെയിന് കമ്മിറ്റി രൂപീകരിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു 2016ല്‍ യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എട്ടു നിലയില്‍ പൊട്ടി. പക്ഷേ, ഉമ്മന്‍ചാണ്ടിയെ തിരിച്ചുകൊണ്ടുവന്നത് എ - ഐ ഗ്രൂപ്പു പോര് കോണ്‍ഗ്രസ്സില്‍ മൂര്‍ഛിപ്പിച്ചിരിക്കുകയാണ്.
മുസ്ലീംലീഗാണ് യുഡിഎഫിലെ രണ്ടാം കക്ഷി. എല്‍ഡിഎഫ് ഭരണത്തിനുകീഴില്‍ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതായി കണ്ട ലീഗ് നേതൃത്വം വര്‍ഗീയ ശക്തികളായ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവയുടെ പിന്തുണ തേടി. അത് മുസ്ലീങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ്സിന്റെ അണികളിലും എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്.
ഇക്കൂട്ടരുടെ പ്രധാന പ്രശ്നം എല്‍ഡിഎഫ് ഭരണമാണ്. കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ ഓഖി, നിപ, പ്രളയം, കോവിഡ് മഹാമാരി മുതലായ ദുരന്തങ്ങള്‍ ഉണ്ടായിട്ടും ജനങ്ങള്‍ക്ക് വലിയ സംരക്ഷണം നല്‍കാനും ആശ്വാസം പകരാനും, സാമൂഹ്യപെന്ഷന് 600ല്‍നിന്ന് 1600 രൂപയായി വര്‍ധിപ്പിച്ച് മാസംതോറും 60 ലക്ഷത്തോളം പേര്‍ക്ക് വിതരണം ചെയ്യാനും, രണ്ടരലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിന്‍കീഴില്‍ വീട് വെച്ച് നല്‍കാനും ഒന്നരലക്ഷത്തിലധികം യുവാക്കള്‍ക്ക് പിഎസ്സി നിയമനം നല്‍കാനും സ്കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍ മുതലായവയുടെ നിലവാരം ആരും തലകുലുക്കി സമ്മതിക്കുംവിധം ഉയര്‍ത്താനും കഴിഞ്ഞു. സര്‍ക്കാര്‍ നേട്ടങ്ങള്‍ ഇനിയും ഏറെയുണ്ട്. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനം എന്താണെന്നും അത് തങ്ങളുടെ ജീവിതത്തില്‍ എന്തെന്ത് പുരോഗതി ഉണ്ടാക്കി എന്നും മനസ്സിലാക്കാത്തവരും അതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കാത്തവരുമായി ജനങ്ങളില്‍ ആരുമില്ല എന്നതാണ് ഇന്ന് കേരളത്തിലെ സ്ഥിതി.
ഈ പ്രതികൂല സാഹചര്യത്തിലായിരുന്നു പ്രതിപക്ഷ നേതാവ് നയിച്ച തിരഞ്ഞെടുപ്പ് പ്രചരണം ലാക്കാക്കിയുള്ള ഐശ്വര്യ കേരള യാത്ര. ജന - മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാനായി അദ്ദേഹം ദിവസംതോറും എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ച് ആരോപണം ഉയര്‍ത്തി. മ മാധ്യമങ്ങള്‍ അതിനു വലിയ പ്രചാരണവും നല്കി. എന്നാല്‍, ആ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാകയാല്‍ സര്‍ക്കാരിന് ഉടനുടന്‍ വിശദീകരണം നല്കാന് കഴിഞ്ഞു.
ഏറ്റവും ഒടുവിലാണ് ആഴക്കടല്‍ മത്സ്യബന്ധന കുത്തക ഒരു അമേരിക്കന്‍ കമ്പനിക്കു നല്കി എന്ന ആരോപണം ഉയര്‍ത്തപ്പെട്ടത്. അമേരിക്കയില്‍ താമസമായ ഒരു അങ്കമാലിക്കാരന് ഷിജു വര്‍ഗീസ് ആണ് കഥാപാത്രം. 400 ട്രോളറുകളും അഞ്ച് മദര്‍ഷിപ്പുകളും അടങ്ങുന്ന ഒരു വ്യൂഹം ചമച്ച് അറബിക്കടലില്‍നിന്ന് വന്‍തോതില്‍ മത്സ്യബന്ധനത്തിനോ അല്ലെങ്കില്‍ ഈ സമുദ്രയാനങ്ങള്‍ നിര്‍മിക്കുന്നതിനും അതോടൊപ്പം അവയ്ക്ക് അടുക്കാന്‍ കൂടുതല്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ കേരള തീരത്ത് നിര്‍മിക്കുന്നതിനും ഒക്കെയായി 2500 - 5000 കോടി കോടി രൂപയുടെ ബൃഹത്പദ്ധതികളാണ് ഷിജുവിന്റെ ഇഎംസിസി എന്ന കമ്പനി പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എംഡിക്ക് സമര്‍പ്പിച്ചത്. വകുപ്പു മന്ത്രിയെയും മുഖ്യമന്ത്രിയെയും അദ്ദേഹം കണ്ടതായും പ്രതിപക്ഷനേതാവ് പറയുന്നു.
പ്രതിപക്ഷനേതാവിന്റെ തുടര്പ്രസ്താവനകളില്നിന്ന് ആസൂത്രിതമായ നീക്കം ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമായി. മന്ത്രിമാര്‍ക്കു സമര്‍പ്പിക്കാത്ത ഔദ്യോഗിക രേഖകളാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇത്തരം പദ്ധതികള്‍ ലഭിച്ചാല്‍ ബന്ധപ്പെട്ട വകുപ്പിനു സമര്‍പ്പിക്കണം. അത് സൂക്ഷ്മപരിശോധന നടത്തി ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് സമര്‍പ്പിക്കും. ഇവിടെ അതുണ്ടാകുന്നതിനുമുമ്പ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്നതാണ് പദ്ധതി എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് ബഹളം സൃഷ്ടിച്ചു.
വകുപ്പുമന്ത്രി മേഴ്സിക്കുട്ടിയമ്മക്കും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥതലത്തില്‍ നല്കപ്പെട്ട രേഖകളുടെ സഹായത്തോടെയാണ് പ്രതിപക്ഷ നേതാവിന്റെ നീക്കമെന്ന് വ്യക്തമായി. അദ്ദേഹം മന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് കെഎസ്ഐഎന്‍സി (കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്പ്പറേഷന്)യുടെ തലവന്‍. ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച അധികാരികള്‍ ഈ പദ്ധതിക്ക് അനുമതി നിഷേധിച്ചു. അതോടൊപ്പം വ്യവസായവകുപ്പിനുകീഴില്‍ സമര്‍പ്പിക്കപ്പെട്ട മറ്റൊരു പദ്ധതിയും നിരാകരിക്കപ്പെട്ടു.
അതോടെ ആ പ്രശ്നം തീരേണ്ടതാണ് യഥാര്‍ഥത്തില്‍. സര്‍ക്കാരിനെതിരെ അതിന്റെ പേരില്‍ ആരോപണം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍, ഇത്തരം ഇല്ലാ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടല്ലാതെ യുഡിഎഫിനും ബിജെപിക്കും തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ല. അത്രയ്ക്ക് ഗതികേടിലാണ് ആ പാര്‍ടികള്‍. ഇല്ലാത്ത പ്രശ്നത്തിന്റെ പേരില്‍ മത്സ്യത്തൊഴിലാളികളെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. അവര്‍ സംഘടിപ്പിക്കാന്‍ പോകുന്ന തീരദേശ ജാഥ അതിനുവേണ്ടിയാണ്. മത്സ്യത്തൊഴിലാളികളില്‍ കൂടുതല്‍ പേരും യുഡിഎഫിന് അനുകൂലമായിരുന്നു 2016 വരെ. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ അവരുടെ സ്ഥായിയായ പ്രശ്നങ്ങള്‍ പലതിനും പുതിയ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കിയതോടെ ഇതേവരെ ഉണ്ടായിരുന്ന അവരുടെയും അവരെ നയിക്കുന്നവരുടെയും എല്‍ഡിഎഫിനോടുള്ള എതിര്‍പ്പ് അലിഞ്ഞുപോയി. അവരെ തിരികെ പിടിക്കാനാണ് യുഡിഎഫ് ശ്രമം.
ഐശ്വര്യ കേരള യാത്രയുടെ സമാപനം ഫെബ്രുവരി 22നായിരുന്നു തീരുമാനിച്ചിരുന്നത്. രാഹുല്‍ഗാന്ധി അതില്‍ പങ്കെടുക്കാനായി 23ലേക്ക് മാറ്റി. അദ്ദേഹം ആ സമാപന സമ്മേളനത്തില്‍ ചെന്നിത്തല മോഡല്‍ പ്രസംഗമാണ് നടത്തിയത്. യുഡിഎഫ് നേതാക്കള്‍ നിരവധി ആവര്‍ത്തിച്ച് വായ്ത്തല പോയ കോടാലി പോലെയുള്ള ആരോപണങ്ങളാണ് അദ്ദേഹം എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. പരമ്പരാഗത കുടുംബ പദവിയായ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണല്ലോ അദ്ദേഹം ഇപ്പോള്‍. അതിനാല്‍ കെപിസിസിയുടെ താളത്തിനൊത്ത് തുള്ളണം. അതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും താനും അമ്മയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും എതിരെ നടത്തുന്ന അന്വേഷണത്തെക്കുറിച്ചുള്ള വിമര്‍ശനം രാഹുല്‍ വിഴുങ്ങി. ഇവിടെ എല്‍ഡിഎഫ് സര്‍ക്കാരിനും നേതാക്കള്‍ക്കും എതിരെ കൂടുതല്‍ ഊര്‍ജിതമായി അന്വേഷണം നടത്തി കേസ് ചാര്‍ജ് ചെയ്യാത്തതിന് എതിരായി രാഹുല്‍ഗാന്ധി ശംഖുമുഖം പ്രസംഗത്തില്‍ കത്തിക്കയറി.
പ്രധാനമന്ത്രി മോഡിക്കും ബിജെപി സര്‍ക്കാരിനും എതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്താറുള്ള അദ്ദേഹം ഇവിടെ അക്കാര്യത്തില്‍ മൗനംപാലിച്ചു. മുല്ലപ്പള്ളി - രമേശ് ചെന്നിത്തല സ്റ്റൈലില്‍ കത്തിക്കയറിയ അദ്ദേഹം സെക്രട്ടേറിയറ്റ് പടിക്കല്‍ പിഎസ്സി റാങ്ക് പട്ടികയിലുള്ളവരോട് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്ന "അനീതിക്കെതിരെ പൊട്ടിത്തെറിച്ചു". ഇന്ത്യയിലാകെ വ്യാപകമായ തൊഴിലില്ലായ്മയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് റദ്ദാക്കലും കോവിഡിന്റെ പേരിലുള്ള അടച്ചിടല്‍ നടപടികളും തൊഴില്‍ സൃഷ്ടിക്കാനും തൊഴില്‍ ചെയ്യുന്നവര്‍ക്ക് നീതി ലഭിക്കാനുമായി ഒന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടികളുമാണ് ഇവിടെ തൊഴിലില്ലായ്മ മൂര്‍ഛിപ്പിച്ചത്. കേന്ദ്ര സര്‍വീസില്‍ ഫലത്തില്‍ നിയമനനിരോധനമാണ്. റെയില്‍വെ മുതലായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലക്ഷക്കണക്കിനാണ് ഒഴിവുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ അപ്രഖ്യാപിത നിയമനനിരോധനം തന്നെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും.
രാഹുല്‍ഗാന്ധി ഇതേവരെ മോഡി സര്‍ക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശകനായാണ് സ്വയം അവതരിപ്പിക്കാറുള്ളത്. സഹ്യപര്‍വതത്തിന് അപ്പുറവും ഇപ്പുറവും ഏറെക്കുറെ ഒരേ നയമായിരുന്നു അദ്ദേഹത്തിനിതേവരെ. ഇപ്പോള്‍ മറ്റു പല കോണ്‍ഗ്രസുകാരെയും പോലെ ഓരോ ഉമ്മറത്തിനും അനുസരിച്ച് കച്ചവടം മാറ്റുന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളുടെ അവസരവാദ സ്വഭാവത്തിലേക്ക് അദ്ദേഹവും മാറിയിരിക്കുന്നു. രാഹുല്‍ഗാന്ധി യുഡിഎഫിന്റെ വിനീത വിധേയ പടയാളിയായി മാറിയിരിക്കുന്നു. ശരിക്കും വയനാട് എംപി. ഇത്തരം വേഷങ്ങള്‍ രാഹുലും പ്രിയങ്കയും തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ കേരളത്തില്‍ കെട്ടിയാടണമെന്ന കെപിസിസിയുടെ ആഗ്രഹം നടപ്പാക്കുന്നതിന്റെ ആദ്യ ചുവടായിരിക്കാം ശംഖുമുഖത്ത് കണ്ടത്. അദ്ദേഹത്തിന്റെ മുതുമുത്തച്ഛന് 64 വര്‍ഷം മുമ്പും മുത്തശ്ശി പിന്നീട് പല തവണയും അങ്ങനെ ചെയ്തിട്ടും വകവെക്കാത്ത കേരള ജനത ഇപ്പോള്‍ അങ്ങനെ ചെയ്യുമെന്ന പ്രതീക്ഷയിലാണ് രാഹുല്‍ഗാന്ധിയും യുഡിഎഫും. അവര്‍ക്കിപ്പോള്‍ ആകെ അവശേഷിക്കുന്നത് അതു മാത്രമാണല്ലോ. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ.
'മ' മാധ്യമങ്ങള്‍ വിമോചന സമരകാലം മുതല്‍ പ്രയോഗിച്ചുവരുന്നതാണ് നിര്‍മിത വാര്‍ത്തകളിലൂടെ സമ്മതി നിര്‍മിതി. നിര്‍മിത ബുദ്ധിയെക്കുറിച്ച് ശാസ്ത്രം ചിന്തിക്കുന്നതിലും എത്രയോ മുമ്പ് ആളെ കൊല്ലും, കൊല്ലപ്പെട്ട ആളെ പിന്നീടൊരിക്കല്‍ അവതരിപ്പിക്കും. അങ്ങനെ എന്തെല്ലാം അല്‍ഭുത പ്രകടനങ്ങള്‍, മറിമായങ്ങള്‍! പക്ഷേ, അത്തരം കണ്കെട്ടു വിദ്യകള്‍ പണ്ടേപ്പോലെ ഇപ്പോള്‍ ഫലിക്കുന്നില്ല! ജനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നു. പ്രത്യേകിച്ച് സാമൂഹ്യ മാധ്യമ പ്രവര്‍ത്തകര്‍. മ മാധ്യമങ്ങളുടെ കള്ളക്കളികളെ അവര്‍ ശരിക്കും തുറന്നുകാട്ടുന്നു. അതിനാല്‍ അവയ്ക്കു കള്ളപ്രചാരണത്തിനുമേല് മായക്കൊട്ടാരങ്ങള് നിര്‍മിക്കാന്‍ കഴിയുന്നില്ല. കമ്യൂണിസ്റ്റുകാരെക്കുറിച്ച് അവര്‍ സൃഷ്ടിച്ച ഇമ്പാച്ചിപ്പേടി കണ്ട് കൊച്ചുകുട്ടികള്‍ പോലും പരിഹാസച്ചിരി ഉതിര്‍ക്കുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാരിനെ പോലെ തങ്ങളെ ചേര്‍ത്തുപിടിക്കുന്നവരെ, വിലക്കയറ്റമില്ലാതെ പൊതുവിതരണം നടത്തുന്നവരെ, സാമൂഹ്യ പെന്ഷന് കൃത്യമായി വിതരണം ചെയ്യുന്നവരെ, മഹാമാരിക്കാലത്തു മുഴുവന്‍ സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തവരെ, വീടില്ലാത്തവര്‍ക്ക് വീട് നല്‍കിയവരെ, അശരണരായ സകലരെയും ജാതി-മത രാഷ്ട്രീയ ഭേദമെന്യേ സംരക്ഷിക്കുന്നവരെ, ശ്രദ്ധാപൂര്‍വം തൊഴില്‍ നല്‍കുന്നവരെ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവരെ, കൃഷി വികസിപ്പിച്ചവരെ, കാര്ഷികോല്പന്നങ്ങള്ക്ക് താങ്ങുവില നല്‍കുന്നവരെ, വികസനത്തിന്റെ അവസാനിക്കാത്ത ഘോഷയാത്ര നടത്തുന്നവരെ - അന്ധമായ കമ്യൂണിസ്റ്റ് വിദ്വേഷവും അധികാരത്തില്‍ കയറാനുള്ള അവസരം അകന്നുപോകുന്നതിലുള്ള അമര്‍ഷവും ഉള്ളവര്‍ അല്ലാതെ മറ്റാര് എതിര്‍ക്കാന്‍!
കേരളത്തില്‍ ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു പുതിയ ഭരണമാതൃക വികസിപ്പിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം (ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ അനുവദിക്കാവുന്നിടത്തോളം) ഉറപ്പാക്കുന്നു, ലഭ്യമാക്കുന്നു. കേന്ദ്രത്തിനോ മറ്റു സംസ്ഥാനങ്ങള്‍ക്കോ ഇതിന്റെ ഏഴയലത്തുപോലും എത്താന്‍ കഴിയുന്നില്ല.
എല്ലാ വിഭാഗം ജനങ്ങളുടെയും ജീവനുള്ള അനുഭവമാണ് ഇത്. ഈ യാഥാര്‍ഥ്യത്തെ തങ്ങളുടെ വാചകക്കസര്‍ത്ത് ഉയര്‍ത്തുന്ന പൊടിപടലംകൊണ്ട് മൂടിക്കളയാം എന്ന വ്യാമോഹത്തിലാണ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള യുഡിഎഫ് - ബിജെപി നേതൃത്വങ്ങള്‍. കഴിഞ്ഞ 60 വര്‍ഷം പയറ്റിയ കണ്‍കെട്ടുവിദ്യകൊണ്ട് ജനങ്ങളെ യാഥാര്‍ഥ്യബോധം ഇല്ലാത്തവരാക്കാം എന്ന കണക്കുകൂട്ടലാണ് മ മാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഇപ്പോഴും അവ അങ്ങനെ ചെയ്യാമെന്നു വിശ്വസിക്കുന്നു. അതിന്റെ ഉറപ്പിലാണ് യുഡിഎഫിനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതിന് അവയുടെ മുതലാളിമാരും മറ്റും അച്ചാരം വാങ്ങിയിരിക്കുന്നത്. പക്ഷേ, വലതുപക്ഷ രാഷ്ട്രീയക്കാരുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കള്ളപ്രചാരണങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാനാപരിഷ്കാരങ്ങളുടെയും അനുകൂല നടപടികളുടെയും വികസന പ്രവര്‍ത്തനങ്ങളുടെയും സൂര്യപ്രകാശത്തിനുമുന്നില് തകര്‍ന്നടിഞ്ഞ് ഒലിച്ചും മാഞ്ഞും പോകുന്നു. സത്യത്തിന്റെ വെള്ളിവെളിച്ചത്തെ നുണയുടെ, പെരുംകള്ളത്തിന്റെ ഏത് അളവുകോല്‍കൊണ്ടാണ് മറയ്ക്കാനാവുക?
ഇതിനിടെയാണ് കേരളീയര്‍ക്കാകെ ആറു പതിറ്റാണ്ടു കാലത്തെ മഹത്സേവനംകൊണ്ട് ബഹുമാന്യനായ ഇ. ശ്രീധരന് എന്ന അനുകരിക്കാനാവാത്തശേഷികളുള്ള എഞ്ചിനീയര്‍ തനിക്ക് തീര്‍ത്തും അപരിചിതമായ രാഷ്ട്രീയരംഗത്ത് കടന്നുവന്നിരിക്കുന്നത്.
ചില പുരാണ കഥാപാത്രങ്ങളെപ്പോലെ തനിക്ക് അപരിചിതമായ രാഷ്ട്രീയ രംഗത്തു വന്ന് അദ്ദേഹം പരിസരബോധമില്ലാതെ, പുതിയ ചുറ്റുപാടുകള്‍ അറിയാതെ എന്തൊക്കെയോ പുലമ്പുന്നു. ആ ജ്ഞാനവൃദ്ധനോട് ആര്‍ക്കും അനുകമ്പ തോന്നും. എത്രയും വേഗം അദ്ദേഹത്തിനു പരിസരബോധവും വിവേകവും വീണ്ടെടുക്കാനാകട്ടെ എന്ന് ആഗ്രഹിഞ്ഞ് ഒലിച്ചും മാഞ്ഞും പോകുന്നു. സത്യത്തിന്റെ വെള്ളിവെളിച്ചത്തെ നുണയുടെ, പെരുംകള്ളത്തിന്റെ ഏത് അളവുകോല്‍കൊണ്ടാണ് മറയ്ക്കാനാവുക?
ഇതിനിടെയാണ് കേരളീയര്‍ക്കാകെ ആറു പതിറ്റാണ്ടു കാലത്തെ മഹത്സേവനംകൊണ്ട് ബഹുമാന്യനായ ഇ. ശ്രീധരന് എന്ന അനുകരിക്കാനാവാത്തശേഷികളുള്ള എഞ്ചിനീയര്‍ തനിക്ക് തീര്‍ത്തും അപരിചിതമായ രാഷ്ട്രീയരംഗത്ത് കടന്നുവന്നിരിക്കുന്നത്.
ചില പുരാണ കഥാപാത്രങ്ങളെപ്പോലെ തനിക്ക് അപരിചിതമായ രാഷ്ട്രീയ രംഗത്തു വന്ന് അദ്ദേഹം പരിസരബോധമില്ലാതെ, പുതിയ ചുറ്റുപാടുകള്‍ അറിയാതെ എന്തൊക്കെയോ പുലമ്പുന്നു. ആ ജ്ഞാനവൃദ്ധനോട് ആര്‍ക്കും അനുകമ്പ തോന്നും. എത്രയും വേഗം അദ്ദേഹത്തിനു പരിസരബോധവും വിവേകവും വീണ്ടെടുക്കാനാകട്ടെ എന്ന് ആഗ്രഹിക്കുന്നു. അല്ലെങ്കില്‍, മലയാളികളുടെ ആ അഭിമാനപാതം അതിവേഗം സഹതാപ പാത്രമായി മാറും.
അതേസമയം മ മാധ്യമങ്ങള്‍ എല്‍ഡിഎഫ് നേതൃത്വത്തെയും അതിന്റെ സര്‍ക്കാരിനെയും കുറിച്ചു ചെയ്യുന്ന അടിസ്ഥാനരഹിത പ്രസ്താവനകളും പ്രചരിപ്പിക്കുന്ന തീര്‍ത്തും അവാസ്തവമായ വാര്‍ത്തകളും വീക്ഷണവും പ്രബുദ്ധരായ കേരള ജനതയോട് കാണിക്കുന്ന മാപ്പ് അര്‍ഹിക്കാത്ത അപരാധമാണ്. ഇത്തരം കള്ളക്കഥകളിലൂടെ ജനങ്ങളെ വഴിതെറ്റിക്കാമെന്ന അവയുടെ അമിതാവേശവും ദുഷ്ടലാക്കും ജനങ്ങളോടുള്ള കടുത്ത അവഹേളനമാണ്, അപരാധമാണ്. കേരള സമൂഹത്തെയും അതിന്റെ സംസ്കൃതിയെയും വഴി തെറ്റിക്കാനുള്ള ഈ തല്പരകക്ഷികളുടെ നീക്കത്തിനു മതനിരപേക്ഷ ജനാധിപത്യബോധമുള്ള ജനങ്ങള്‍ അര്‍ഹമായ മറുപടി നല്‍കുക തന്നെ ചെയ്യും. •