ചെന്നിത്തലയിലേക്ക് ചുരുങ്ങുന്ന രാഹുല്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സവിശേഷമായ 'ഐശ്വര്യം' ആ യാത്രക്കിടെ അദ്ദേഹം എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി ദിവസേന ആരോപിച്ചിരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളായിരുന്നു. കേള്‍വിക്കാരെ പെട്ടെന്ന് അത്ഭുതപ്പെടുത്തിയിരുന്ന ഓരോ ആരോപണവും സര്‍ക്കാരിന്‍റെ വിശദീകരണം വരുന്നതോടെ വെയില്‍ പരക്കുമ്പോള്‍ മായുന്ന മൂടല്‍മഞ്ഞുപോലെ അപ്രത്യക്ഷമാകും. ഏറ്റവും ഗുരുതരമായ ആരോപണമായിരുന്നു ആഴക്കടല്‍ മത്സ്യബന്ധനം ഒരു അമേരിക്കന്‍ കമ്പനിയുടെ കുത്തകകള്‍ക്ക് വിടുന്നുവെന്നത്. അത് രമേശ് ചെന്നിത്തല മന്ത്രിയായിരുന്നപ്പോള്‍ അന്ന് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ കെഎസ്ഐഎന്‍സി ചെയര്‍മാന്‍ ഉണ്ടാക്കിയ ധാരണാപത്രം യുഡിഎഫിനു തിരഞ്ഞെടുപ്പു പ്രചരണം നടത്താന്‍ വേണ്ടി വച്ച ടൈംബോംബാണ് എന്നാണ് സൂചന. അത് റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവിലൂടെ അതിന്‍റെ കഥ കഴിഞ്ഞു.

ഇങ്ങനെ കത്തിക്കയറിയ ഐശ്വര്യ കേരള യാത്രയുടെ സമാപനം കോണ്‍ഗ്രസിന്‍റെ മുടിചൂടാമന്നനായ രാഹുല്‍ഗാന്ധിക്ക് ഒരുങ്ങി വരാനായി ഒരു ദിവസം മാറ്റിവച്ചാണ് നടത്തിയത്; തിരുവനന്തപുരത്ത് ശംഖുമുഖം കേരളത്തിലെ പല വലതുപക്ഷ മാധ്യമങ്ങളും ആഘോഷിച്ചുകാണുന്നു. എന്നാല്‍, കോണ്‍ഗ്രസ്സിന്‍റെ അഖിലേന്ത്യാനേതാവ് സംസ്ഥാന നേതാക്കളുടെ നിലവാരത്തിലേക്ക് താഴ്ന്നതായാണ് കേള്‍വിക്കാര്‍ക്ക് ബോധ്യപ്പെട്ടത്. ശശി തരൂരിനെപ്പോലെയുള്ള കേരളത്തില്‍ നിന്നുള്ള ചില എംപിമാരെങ്കിലും, കേരള രാഷ്ട്രീയത്തെ പരാമര്‍ശിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി-രമേശ് ചെന്നിത്തല- മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദിയായ സംസ്ഥാന നേതാക്കളുടെ ഭാഷയും ശൈലിയുമല്ല പിന്തുടരാറുള്ളത്. രാഹുല്‍ഗാന്ധിയും അങ്ങനെ തന്നെയായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അവസരത്തിലും മറ്റും പ്രസംഗിച്ചിരുന്നത്.

ഇപ്പോള്‍ അദ്ദേഹം ആ രീതി മാറ്റിയിരിക്കുന്നു. തിരുവനന്തപുരത്തെ ഏറെ കുപ്രസിദ്ധമായ സ്വര്‍ണകള്ളക്കടത്ത് നടന്നിട്ട് എട്ടുമാസത്തോളമായി. കേന്ദ്ര സര്‍ക്കാരിന്‍റെ അന്വേഷണ ഏജന്‍സികളായ കസ്റ്റംസ്, എന്‍ഐഎ, ഇഡി എന്നിവ ഇത്രയും കാലം അന്വേഷിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസുമായി അതിനെ ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്തിയതായി കോടതിയില്‍ ബോധിപ്പിച്ചിട്ടില്ല. ആ സംഭവം ഉണ്ടായതു മുതല്‍ ഇവിടത്തെ ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ആരംഭിച്ച ആരോപണാക്രമണം ഇപ്പോഴും തുടരുന്നുണ്ട് എന്നത് നേരാണ്. അത് ഉള്‍പ്പെടെ പ്രതിപക്ഷത്തെ പാര്‍ടികളും നേതാക്കളും വാ പൂട്ടാതെ ആവര്‍ത്തിച്ചു കൊണ്ടിരുന്നിട്ടും സര്‍ക്കാരിന് അനുകൂലമായ വിധിയാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. ജനാധിപത്യ പ്രക്രിയയോടും ജനാധിപത്യ മൂല്യങ്ങളോടും അല്‍പമെങ്കിലും പ്രതിബദ്ധതയും ജനങ്ങളോട് വിധേയത്വവും ഉണ്ടായിരുന്നെങ്കില്‍ രാഹുല്‍ഗാന്ധിയെപ്പോലുള്ള കോണ്‍ഗ്രസിന്‍റെ നേതാക്കള്‍ ഇങ്ങനെ പ്രതികരിക്കരുതായിരുന്നു. പക്ഷേ, ജീവിക്കാനുള്ളത് ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങള്‍ നിഷേധിച്ച് അടിയന്തരാവസ്ഥ രാജ്യത്ത് പ്രഖ്യാപിച്ച ഒരു മഹതിയുടെ പൗത്രന്‍, അവരുടെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശി ഇങ്ങനെ പ്രതികരിച്ചില്ലെങ്കില്‍ അല്ലേ അത്ഭുതപ്പെടേണ്ടത്.

സംസ്ഥാനം പലതരം പ്രകൃതി ദുരന്തങ്ങളെയും ആരോഗ്യമഹാമാരികളെയും ഏറ്റവും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ പ്രതിപക്ഷ പ്രതികരണങ്ങളെയും നേരിട്ടപ്പോഴും എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ച സര്‍ക്കാരാണ് ഇപ്പോഴത്തേത്. അവര്‍ക്ക് അടിയന്തിര ആശ്വാസം പകരുക മാത്രമല്ല, പ്രളയ ബാധിതരെ പുനരധിവസിപ്പിച്ചും എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിപുലമായ തോതില്‍ ആശ്വാസം നല്‍കിക്കൊണ്ടിരിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റെല്ലാ സര്‍ക്കാരുകളും സര്‍ക്കാര്‍ സര്‍വീസില്‍ നിയമന നിരോധനം ഫലത്തില്‍ നടപ്പാക്കിയിരിക്കുന്നു.

ആ സന്ദര്‍ഭത്തിലാണ് മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ഒന്നര ലക്ഷത്തിലധികം പേരെ നിയമിച്ചത്; അറുപതിനായിരത്തിലധികം തസ്തികകള്‍ പുതുതായി സൃഷ്ടിച്ചത്. ഇതിനു പുറമെയാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ പല പുതിയ പദ്ധതികളും ആരംഭിച്ച് അവയിലേക്ക് നിയമനം നടത്തുന്നത്. അങ്ങനെ കേരള സര്‍ക്കാര്‍ മുമ്പൊരിക്കലും ഇല്ലാത്ത തോതില്‍  നിയമനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് "ഉദ്യോഗാര്‍ഥികള്‍ നിരാഹാരം കിടന്നു മരിച്ചാലും മുഖ്യമന്ത്രിക്കു കുലുക്കമില്ല" എന്ന രാഹുല്‍ഗാന്ധിയുടെ രണ്ടാമത്തെ ആരോപണം.

സര്‍ക്കാരുദ്യോഗങ്ങളില്‍ നിയമനം നടത്തി നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കാനാവില്ല. സ്വകാര്യ-സഹകരണാദി മേഖലകളില്‍ വ്യാപകമായി ആളുകളെ നിയമിക്കുന്നതിനു സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് സര്‍ക്കാരാണ്. അതിനു വിരുദ്ധമായിട്ടാണ് രാഹുല്‍ ഗാന്ധിയുടെ പിതാവ് പ്രധാനമന്ത്രിയായിരുന്ന കാലം മുതല്‍ക്ക് കേന്ദ്ര നയസമീപനം. ഇപ്പോള്‍ പ്രധാനമന്ത്രി മോഡി പറയുന്നത്, കേന്ദ്ര സര്‍ക്കാര്‍ ഭരിക്കും, സ്വകാര്യ വ്യവസായികള്‍ തൊഴില്‍ മേഖല നിയന്ത്രിക്കും എന്നാണ്. അതില്‍ നിന്നു വ്യത്യസ്തമായി പൊതുമേഖലയില്‍ പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്, അതിനു വേണ്ടി പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമായി നടത്തുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ മാത്രമാണ്. വസ്തുത ഇതായിരിക്കെയാണ് ചൊവ്വയില്‍ നിന്നുള്ള മനുഷ്യനെപ്പോലെ രാഹുല്‍ഗാന്ധിയുടെ ശംഖുമുഖം പ്രഖ്യാപനം.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ  സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് ചോദിച്ച രാഹുല്‍ഗാന്ധിയോട് വിനയപൂര്‍വം പറയാനുള്ളത് ഇത്രയുമാണ്: മത്സ്യത്തൊഴിലാളികളോടൊപ്പമാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ കടലില്‍ ചാടിയ നേരം അല്‍പ്പസമയം സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചിരുന്നുവെങ്കില്‍, ഇതിനുള്ള ഉത്തരം ലഭിക്കുമായിരുന്നു. സംസ്ഥാനത്ത് ഈയിടെ രണ്ടു ദിവസം സഞ്ചരിച്ചല്ലോ. അപ്പോഴോക്കെ കണ്ണു തുറന്നു നോക്കിയിരുന്നെങ്കില്‍, ഈ മണ്ടന്‍ ചോദ്യം ഉന്നയിക്കുമായിരുന്നില്ല. സംസ്ഥാനത്തൊട്ടാകെ ഈ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുടെ കയ്യൊപ്പുണ്ടല്ലൊ. കുതിരക്ക് മുമ്പില്‍ വെള്ളം വയ്ക്കാനേ മറ്റുള്ളവര്‍ക്ക് കഴിയൂ. കുടിക്കണമെങ്കില്‍ കുതിരതന്നെ തീരുമാനിക്കണം എന്ന ചൊല്ലുണ്ടല്ലോ. രാഹുല്‍ഗാന്ധിക്കു കാര്യം അറിയണമെന്നുണ്ടെങ്കില്‍, വായിക്കേണ്ട സര്‍ക്കാര്‍ രേഖകള്‍ ഏതൊക്കെയെന്നു പറഞ്ഞുകൊടുക്കാം. അദ്ദേഹം കേരളത്തിലെ ഒരു എംപി അല്ലേ? ആ നിലയില്‍ ഇത് സംബന്ധമായ രേഖകള്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ ഓഫീസിനെ അറിയിച്ചത് നോക്കാന്‍ സന്മനസ്സുണ്ടായാല്‍ മതി.

ഏറ്റവും അവസാനം അദ്ദേഹം കയറിപ്പിടിച്ചത് മത്സ്യത്തൊഴിലാളികളുടെ കാര്യമാണ്. ഈ സര്‍ക്കാര്‍ എന്തൊക്കെ നടപ്പാക്കി എന്ന് അവരോട് അദ്ദേഹം തിരക്കട്ടെ. പക്ഷേ, ജനങ്ങളെ പറ്റിക്കാന്‍ വേണ്ടി വാടി കടപ്പുറത്തുനിന്നു ഒരു മത്സ്യബന്ധന ബോട്ടില്‍ കയറി രണ്ടരമണിക്കൂര്‍ നേരം കടലില്‍ കറങ്ങിയതു പോലെയാകരുത്. ആ പോക്കില്‍ മീന്‍ കാര്യമായി പിടിക്കാന്‍ കഴിഞ്ഞില്ല എന്നാണ് മത്സ്യത്തൊഴിലാളി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. രാഹുല്‍ഗാന്ധി പോയത് മത്സ്യം പിടിക്കാനല്ല, മത്സ്യത്തൊഴിലാളികളെ പിടിക്കാനായിരുന്നു എന്നതല്ലേ വസ്തുത! ഇത്തരത്തിലുള്ള പ്രചാരണാത്മക പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് തിരുമണ്ടത്തരങ്ങള്‍ മൊഴിയാനേ കഴിയു എന്ന് സാമാന്യജനങ്ങള്‍ക്ക് അറിയാം.

മറ്റുള്ളവരുടെ പണം ചുളുവില്‍ സ്വന്തമാക്കുന്ന പരിപാടിയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ചുരുങ്ങിപ്പോയിരിക്കുന്നു എന്നാണല്ലോ സോണിയാഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും പേരില്‍ നടക്കുന്ന നാഷണല്‍ ഹെറാള്‍ഡ് കേസ് പോലുള്ളവ വെളിപ്പെടുത്തുന്നത്. •