നുണ ! നുണയോടു നുണ!!
ഗൗരി
അല്ല, ഇതാരാ വരുന്നത്? നല്ല പരിചയമുള്ള മുഖമാണല്ലോ! തൂവെള്ള നിറമുള്ള വസ്ത്രം. അതെ, അതന്നെ. മ്മളെ ഉമ്മന്‍ചാണ്ടി സാറും ചെന്നിത്തല സാറുമെല്ലാം ധരിച്ചുകാണുന്ന അതേ ഖദറ് തന്നെ. ങാ പിടി കിട്ടി! ഇത് മ്മളെ മല്ലേലി ശ്രീധരന്നായരല്ലേ. നല്ല അസ്സല് കോണ്ഗ്രസ്കാരന്. ക്വാറി ഉടമകളുടെ സംഘടനാ നേതാവ്! പത്തനംതിട്ടേലെ, ചാണ്ടി സാറുമായും ചെന്നിസാറുമായും നല്ല അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവ്. അതിയാനിപ്പോ ചാണ്ടി ഗ്രൂപ്പോ ചെന്നി ഗ്രൂപ്പോന്ന് മ്മക്ക് നല്ല പിടുത്തോമില്ല. ഗ്രൂപ്പേതായാലെന്താ നല്ല അസ്സല് കോണ്‍ഗ്രസ്സ് തന്നല്ലേ!
അപ്പോ എന്താ ഇപ്പം അതിയാന് വരണത്? വേറൊന്നുമല്ല. കേരള ഹൈക്കോടതീന്ന് അതിയാനനുകൂലമായി ഒരു വിധി വന്നിരിക്കുന്നു. കേസ് മല്ലേലി ശ്രീധരന്‍നായര്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയാണെങ്കിലും അതിന്റെ മുനചെന്ന് കൊള്ളുന്നത് മ്മളെ ചാണ്ടി സാറിന്റെ ചങ്കിലാണ്.
എന്താന്നല്ലേ! മ്മളെ ക്വാറി ഉടമയ്ക്ക് കുറച്ചേറെകാശ് നഷ്ടമായി. പഴയ സോളാര്‍ ഇടപാടിലാണേ! ബിജു രാധാകൃഷ്ണനും സരിതേം അടങ്ങണ സംഘം അതിയാനെ സമീപിച്ച് പാലക്കാട്ടോ മറ്റോ സോളാര്‍ പാനല്‍ വച്ച് കറണ്ടുണ്ടാക്കണ വിദ്യയുടെ ഒരു കച്ചോടം തുടങ്ങാന്‍ മൂലധന നിക്ഷേപത്തിന് പ്രേരിപ്പിച്ചു. ഒരുറപ്പിന് അന്നത്തെ മുഖ്യന് ചാണ്ടി സാറിന്റെ പേരാണ് പറഞ്ഞത്. സരിതാദികള് ജോപ്പന്, ജിക്കു, സലിംരാജ് ആദിയായവരെയെല്ലാം ബന്ധപ്പെടുത്തി നോക്കിയെങ്കിലും ദശലക്ഷങ്ങളുടെ ദുട്ടെറിഞ്ഞുള്ള കളിയായതിനാല്‍ സാക്ഷാല്‍ ചാണ്ടി സാറുമായി നേരിട്ട് സംസാരിച്ചശേഷമേ പണം കൈമാറ്റമുള്ളൂന്ന് ശഠിച്ചതിനാല്‍ ഒടുവില്‍ ഒരു രാത്രി മ്മളെ ഹജൂര്‍ കച്ചേരീലെ സൗത്ത് ബ്ലോക്കിലെ മുഖ്യമന്ത്രീന്റെ ഓഫീസില്‍ കൊണ്ടുപോയി മുഖദാവില്‍ ചാണ്ടി സാറുമായി സംസാരിച്ചുറപ്പു വരുത്തീട്ടേ പണം കൊടുത്തുള്ളൂന്നാണ് ശ്രീധരന്‍നായര്‍ ഉവാച. അവടന്ന് മുഖ്യമന്ത്രീന്റെ കസേരേല് വല്ല വട്ടനും പൊട്ടനുമൊന്നുമല്ല, സാക്ഷാല്‍ ചാണ്ടിയദ്യേം തന്നെയായിരുന്നൂന്നും കൂറുമാറിയ നെയ്യാറ്റിന്‍കര എംഎല്‍എ അതിന്റെ ഫേവര്‍ നേടാന്‍ അപ്പം അവിടുണ്ടായിരുന്ന തെളിവും ശ്രീധരന്‍പിള്ള സിആര്‍പിസി 164 പ്രകാരം മജിസ്ട്രേട്ടിനു നല്കിയ രഹസ്യമൊഴിയില്‍ പറേണുണ്ട്. അതവിടെ നിക്കട്ടെ!
ഇപ്പം എന്താ കേസ്? ദശലക്ഷക്കണക്കി നു ചക്രം നഷ്ടപ്പെട്ട ശ്രീധരന്‍പിള്ള, ടീം സോളാറിനെതിരെ കൊടുത്ത കേസ് പത്തനംതിട്ട കോടതീന്റെ പരിഗണനയിലുണ്ട്. അതില്‍ തനിക്കു നീതി ഉറപ്പാക്കാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നൊന്നുമല്ല കേട്ടോ. സാക്ഷാല്‍ ചാണ്ടി സാറ് ഭരിക്കണ കാലത്തു തന്നെ. സര്‍ക്കാര്‍ ആ അപേക്ഷ അനുവദിക്കാതെ അങ്ങനെ പ്രത്യേകം വക്കീലിനെയൊന്നും വയ്ക്കേണ്ടതില്ലെന്ന് ഉത്തരവുമിറക്കി. കോണ്‍ഗ്രസ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രിയും (ചെന്നിത്തല) ഉള്ള കാലത്ത് കോണ്‍ഗ്രസുകാരനായ ശ്രീധരന്‍നായര്‍ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ട നിയമ പരിരക്ഷ നല്കീല്ലെന്നോ? അതും ഇപ്പം ചാണ്ടീം ചെന്നീം പിന്നെ മ്മളെ മുല്ലയണ്ണനുമെല്ലാം മുട്ടിനുമുട്ടിനും തട്ടിപ്പുകാരീന്നു പറയണ കക്ഷിക്കെതിരായ കേസില്‍. ന്താത്? കേസു വിചാരണ ങ്ങട് കടുത്താല്‍ ചാണ്ടീടെ കുരുക്കുമുറുകുമെന്നറിയാമെന്നതുകൊണ്ടുതന്നെ.
അപ്പോ സോളാര്‍ എന്നത് ഒരു സെക്സ് കേസുമാത്രമല്ല, അതൊരു വന്‍തട്ടിപ്പു കൂടിയാണ്. അതിന്റെ തലപ്പത്താകട്ടെ അന്നത്തെ മുഖ്യമന്ത്രിയും സില്‍ബന്ധികളും! അക്കാര്യത്തില്‍ സാക്ഷ്യം പറയുന്നത് കോണ്‍ഗ്രസുകാരനായ മല്ലേലി ശ്രീധരന്‍നായരും!! അക്കാര്യത്തിലാണ് ചാണ്ടി കെട്ടിയ തടയണപൊട്ടിച്ച് ഹൈക്കോടതി സ്ഫോടനം സൃഷ്ടിച്ചിരിക്കണത്. ശ്രീധരന്‍നായര്‍ക്ക് കേസിന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന് ഹൈക്കോടതി പറഞ്ഞാല്‍ പിണറായി സര്‍ക്കാരിന് അതനുവദിക്കാണ്ടിരിക്കാന് പറ്റ്വോ? അപ്പം മ്മളെ കോങ്കിയണ്ണമ്മാരും സംഘിയണ്ണന്മാരുമെല്ലാം കൂടി രാഷ്ട്രീയ പകപോക്കലെന്നും പറഞ്ഞ് വന്നേയ്ക്കരുതേ!
ഇനീം മ്മക്ക് തിരോന്തരത്തെ സെക്രട്ടേറിയറ്റിനുമുന്നില്‍ നടക്കണ സംഘി-കോങ്കി-മാധ്യമകലാപരിപാടി ഒന്നു കണ്ടാലോ? അതിന്റെയും ലേറ്റസ്റ്റ് സീനില്‍ മ്മളെ ചാണ്ടിസാറ് വേഷം കെട്ടിയാടണതാണ് 16ന്റെ പത്രങ്ങളിലെ ഒരിനം. 16ന്റെ മനോരമ മേലെ 4-ാം പേജില്‍ ഒരു റിപ്പോര്‍ട്ടും ചിത്രവും കാണാം. "സെക്രട്ടറിയറ്റിനു മുന്നിലെ തൊഴില്‍ രഹിതര്‍... കണ്ണീര് കാഴ്ചകള്‍... ഉമ്മന്‍ചാണ്ടിയുടെ കാല്ക്കല് വീണ് സമരക്കാര്‍" എന്നിങ്ങനെ ശീര്‍ഷകം. ഉമ്മന്ചാണ്ടീടെ കാലുപിടിക്കണ സമരക്കാര്‍ പിള്ളേരുടെ ചിത്രത്തിന്റെ അടിക്കുറിപ്പ്: "മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലില്‍ വീണ് സഹായിക്കണമെന്ന് അപേക്ഷിക്കുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍." ചാണ്ടിച്ചന്റെ പ്രതികരണം ബഹുജോര്‍: "അവരുടെ കണ്ണീര് വീണ് എന്റെ കാലുകള്‍ പൊള്ളി." എങ്ങനെ പൊള്ളാതിരിക്കും ഹേ? 2015ല്‍ ചാണ്ടി മുഖ്യനും ചെന്നി ആഭ്യന്തരനുമായിരിക്കവെ ആണല്ലോ മൂന്നുവര്‍ഷമായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക്ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമായി ചുരുക്കിയത്. ഇപ്പോള്‍ 6 മാസത്തിനുമുന്പ് കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി കുറച്ചാളുകളെ അണിനിരത്തി രാഷ്ട്രീയ ചവിട്ടുനാടകമാടണ ചാണ്ടിയാണ് ഇവരെ ഇങ്ങനെ തറേല് കിടത്തിക്കുന്നത് എന്നു കൂടി മനോരമ വായനക്കാരെ അറിയിക്കണമായിരുന്നു. കാലാവധി കഴിയും മുന്‍പുതന്നെ സമരവും ബഹളവുമൊന്നുമില്ലാതെ തന്നെ 2022 ജനുവരി ഒന്നുവരെ ഉണ്ടാകാന്‍ ഇടയുള്ള ഒഴിവുകള്‍കൂടി കണക്കിലെടുത്ത് നിയമനം നടത്തിയിട്ടുണ്ടെന്ന കാര്യവും കൂടി മനോരമ പറയണമായിരുന്നു. കാലാവധി കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം കാലാവധി നീട്ടാന്‍ കഴിയില്ലെങ്കില്‍പോലും വാദത്തിനു വേണ്ടി അങ്ങനെ നീട്ടാമെന്നു സമ്മതിച്ചാലും 2022 ജനുവരി ഒന്നുവരെ ഒഴിവുണ്ടാകില്ലല്ലോ ഹേ! പിന്നേം നീട്ടണമെന്നാണോ അപ്പം ചാണ്ടീം ചാണ്ടണത്! അപ്പോള്‍ അടുത്ത ലിസ്റ്റിനായി അപേക്ഷേം കൊടുത്ത് ടെസ്റ്റും എഴുതി നിക്കണവരുടെ കാര്യം ആരാണുഹേ നോക്കണത്!
16ന്റെ മനോരമേടെ ഒന്നം പേജിലെ സൂപ്പര്‍ചിത്രം കൂടി നോക്കാം. "സങ്കടഹര്‍ജി......പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ചും റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ജോലി നല്കണമെന്നാവശ്യപ്പെട്ടും നടുറോഡില്‍ മുട്ടിലിഴയുന്ന ഉദ്യോഗാര്‍ഥികള്‍." ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്ഡേഴ്സാണത്രെ ഈ സമരക്കാര്‍. അപ്പോ ലാസ്റ്റ് ഗ്രേഡുകാരുടെ ലിസ്റ്റ് 2021 ആഗസ്ത് വരെ നീട്ടിയല്ലോ. പിന്നെന്തിനാ കൊച്ചുങ്ങളെ സമരം! റാങ്ക് ലിസ്റ്റിലുള്ളവര്ക്കാകെ ജോലി എന്ന മുദ്രാവാക്യം പോലും പ്രസക്തമല്ലല്ലോ. ഇപ്പം തന്നെ കുറെ ഒഴിവുണ്ടാക്കി നിയമിക്കണമെന്ന് പറയണ കൂട്ടരുമുണ്ട്. കോങ്കി-സംഘി സംഘങ്ങള്‍ അങ്ങനെയൊക്കെ പറഞ്ഞാണല്ലോ ഈ ആളുകളെ 'സമരഭട"ന്മാരായി റിക്രൂട്ട് ചെയ്തത്. അപ്പോ ആദ്യം ലിസ്റ്റുണ്ടാക്കുക, പിന്നെ ഓരെ നിയമിക്കാന്‍ തസ്തികയുണ്ടാക്കുക! എന്താ കൊള്ളാംല്ലേ...ലേ!! അല്ലേലും ഈ ക്ലിന്റണ് ചാണ്ടിക്ക് തല തിരിഞ്ഞ ഏര്‍പ്പാടാണല്ലോ എല്ലാത്തിലും അഭികാമ്യം!
16നുതന്നെ മനോരമയുടെ 9-ാം പേജില്‍ ഒരു സ്പെഷ്യല്‍ ഐറ്റമുണ്ട്: "റാങ്ക് പട്ടികയ്ക്ക് ആയുസ്സ് 1 ദിവസം. സിപിഒ ഇടുക്കി റാങ്ക് പട്ടികയില്‍ നിന്ന് നിയമനത്തിന് ലഭിച്ചത് ഒരു ദിവസം മാത്രം." എന്താ അങ്ങനെ? സര്‍ക്കാര്‍ തടഞ്ഞുവച്ചോ? ഇല്ലല്ലോ. മനോരമ തന്നെ പറയണതും കൂടി നോക്കാം: "ഇടുക്കിയിലെ കെഎപി-5 റാങ്ക് പട്ടികയിലാകട്ടെ, ഉദ്യോഗാര്‍ഥികള്‍ കേസു കൊടുത്തതിനെത്തുടര്‍ന്ന് സ്റ്റേ വന്നതിനാല്‍ നിയമനം വീണ്ടും മുടങ്ങി. സ്റ്റേ നീങ്ങിയത് പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന്റെ തലേന്ന്." അപ്പോ ഉദ്യോഗാര്‍ഥികള്‍ പരസ്പരം കേസുകളിച്ച് സമയത്തിനു നിയമനം നടക്കാത്തതിനും സര്‍ക്കാര്‍ പിഴ മൂളണമോ? ഇനി ഒരു ദിവസമേ ലിസ്റ്റിനു ആയുസ്സുള്ളൂവെങ്കിലും അതുവരെയുള്ള ഒഴിവുകളിലാകെ നിയമനം നല്കാന് സാധ്യവുമാണ്. ഈ ലിസ്റ്റില്‍ നിന്നാകട്ടെ ആ ഒരു ദിവസംകൊണ്ട് 600 പേര്‍ക്ക് നിയമനം നല്‍കുകയും ചെയ്തു.
നുണകള്‍ കൊണ്ട് ചമച്ച ഒരു മുഖപ്രസംഗം തന്നെ കോട്ടയത്തെ നുണച്ചിപ്പാറു പത്രം പതിമൂന്നാം തീയതി താങ്ങീറ്റുണ്ട്- "മലര്‍ക്കെ തുറന്ന പിന്‍വാതില്‍. നിരാശരാകുന്ന തൊഴിലുന്വേഷകരുടെ ഭാഗത്തുനിന്നു സര്‍ക്കാര്‍ ചിന്തിക്കണം." അതിന്റെ തുടക്കം നോക്കൂ: "വ്യാപക ജനരോഷം ഉയര്‍ന്നിട്ടും ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ തെരുവിലിറങ്ങിയിട്ടും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് അര്‍ഹരായ തൊഴിലന്വേഷകരോടുള്ള മഹാപാതകമാണ്." തലവാചകം തന്നെ പച്ചക്കള്ളമാണ്. കാരണം "പിന്‍വാതില്‍" തുറന്ന് അകത്തുകടത്താന്‍ എന്ന പ്രയോഗത്തിന്റെ അര്‍ഥം തന്നെ അവിഹിതമെന്നാണ്. ഇവിടെ എന്താണ് ഹേ അവിഹിതം? തുച്ഛമായ കൂലിയും പറ്റി, മറ്റൊരാനുകൂല്യവും കൂടാതെ പണിയെടുക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ ഒട്ടേറെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലുണ്ട്. അവരാണ് പിന്‍വാതിലുകാര്‍ എന്ന പേരില്‍ മനോരമ വിളിക്കുന്ന താല്‍ക്കാലിക ജീവനക്കാര്‍. അവരില്‍ പത്തുവര്‍ഷത്തിലധികമായി സ്ഥിരമായി ജോലി നോക്കുന്നവരെയാണ് സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇങ്ങനെ സ്ഥിരപ്പെടുത്തുന്നവര്‍ ഏതെങ്കിലും കക്ഷിയുടെ ആളുകളോ ഭരണക്കാരുടെ ബന്ധുക്കളോ ആണെന്ന്, സ്ഥിരപ്പെടുത്തല്‍ പക്ഷപാതപരമാണെന്ന് പറയാനാവില്ല. പിന്നെങ്ങനെ ഒളിച്ചുകടത്തലും പിന്വാതിലുമൊക്കെയാകും?
ഉമ്മന്ചാണ്ടീടെ കാലത്തെ ശീലങ്ങളും നടപടികളും ഓര്‍ത്തായിരിക്കും മനോരമ ഇങ്ങനെ പറയുന്നത്. നാടുനീളെ നടന്ന് ഖദര്‍ധാരികള്‍ പണം പറ്റി നിയമിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്ന കലാപരിപാടി ചാണ്ടീടെ കാലത്തായിരുന്നല്ലോ നടന്നിരുന്നത്. ഉമ്മന്ചാാണ്ടീടെ കഴിഞ്ഞ (2011-16) ഭരണകാലത്ത് ഇങ്ങനെ ആറായിരത്തോളം പേരെ സ്ഥിരപ്പെടുത്തിയതും മറക്കണ്ട. ഡല്‍ഹി കേരളാ ഹൗസില്‍ രണ്ടുവര്‍ഷം പോലും തികയാത്തവരെയും മതിയായ യോഗ്യത ഇല്ലാത്തവരെയും പോലും (വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍) നിയമിച്ചിരുന്നത് മാറ്റി ഈ സര്‍ക്കാരിന്റെ കാലത്ത് അത്തരം സ്ഥാപനങ്ങളില്‍പോലും യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരസ്യപ്പെടുത്തി പൊതുവായി, ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തിയാണ് നിയമനമെന്നതും മനോരമയ്ക്ക് അറിയാത്തതാവില്ല. ഇപ്പോള്‍ സ്ഥിരപ്പെടുത്തിയവര്‍ 15 ഉം 20 ഉം വര്‍ഷമായി തുച്ഛ വേതനത്തില്‍ പണിയെടുക്കുന്നവരുണ്ട്. അവരെയൊക്കെ പിരിച്ചുവിടണമെന്നാണോ മനോരമ പറയുന്നത്? എന്നാലത് തുറന്നു പറയണം. യഥാര്‍ഥത്തില്‍ മനോരമ നടത്തുന്നതാണ് പിന്‍വാതില്‍ പണി- ഒളിച്ചുകടത്തല്‍. കോണ്‍ഗ്രസിനു വേണ്ടിയുള്ള കൂലിത്തല്ല്. ആദ്യം കഥകള്‍ മെനയുക; അതിനെ പിന്‍പറ്റി കോങ്കി-സംഘി-സുഡാപ്പി സംഘങ്ങള്‍ നാടുനീളെ നടന്ന് ആളെ ക്കൂട്ടി അക്രമത്തിന് അരങ്ങൊരുക്കുക. നടക്കാത്ത ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തി അസംതൃപ്തി സൃഷ്ടിക്കലല്ലേ ലക്ഷ്യം?
നിയമനം പിഎസ്സിക്കു വിട്ടിട്ടില്ലാത്ത തസ്തികകളും സ്ഥാപനങ്ങളും പെട്ടെന്നൊരു ദിവസം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൊട്ടിമുളച്ചതൊന്നുമല്ലല്ലോ വിദേശധനസഹായമോ വായ്പയോ കൊണ്ട് പ്രവര്‍ത്തിക്കുന്നവയും കേന്ദ്ര സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്നവയുമായി നിരവധി പ്രൊജക്ടുകളുണ്ട്, പല വകുപ്പുകളുടെയും ഭാഗമായി. അവിടെയെല്ലാം താല്‍ക്കാലിക ജീവനക്കാരെ മാത്രമേ, അല്ലെങ്കില്‍ കരാര്‍ നിയമനം മാത്രമേ, പറ്റൂവെന്നതും മനോരമാദികള്‍ക്കും സമരത്തിനു പിന്നില്‍ കളിക്കുന്ന പ്രതിപക്ഷങ്ങള്‍ക്കും അറിയാത്തതല്ല. വര്‍ഷങ്ങളായി അവിടങ്ങളില്‍ പണിയെടുക്കുന്നവരെ സ്ഥിരപ്പെടുത്തുന്നത് തൊഴില്‍ ചൂഷണം അവസാനിപ്പിക്കല്‍ കൂടിയാണ്.
ഇനി ഈ സ്ഥാപനങ്ങളിലെയും പ്രൊജക്ടുകളിലെയും നിയമനങ്ങള്‍ പിഎസ്സിക്കു വിട്ടാല്‍ പോലും പത്തോ പതിനഞ്ചോ ഇരുപതോ വര്‍ഷമായി അവിടങ്ങളില്‍ പണിയെടുക്കുന്നവരെ പിരിച്ചുവിട്ട് വഴിയാധാരമാക്കിയിട്ട് പിഎസ്സി ലിസ്റ്റില്‍നിന്ന് ആളെ നിയമിക്കണമെന്നാണോ മനോരമ പറയണത്. മാത്രമല്ല, ഈ താല്‍ക്കാലികക്കാരെ പിരിച്ചുവിട്ട്, പിഎസ്സി നിയമനത്തിന് നിയമമുണ്ടാക്കി, ടെസ്റ്റ് നടത്തി ലിസ്റ്റുണ്ടാക്കുന്നതുവരെ സ്ഥാപനങ്ങള്‍ പ്രവര്ത്തിക്കണ്ടെന്നാണോ? പിഎസ്സി ലിസ്റ്റുണ്ടാക്കുന്നതുവരെ താല്‍ക്കാലികക്കാര്‍ തുടരട്ടെയെന്നാണെങ്കില് അതെന്തു ന്യായം ഹേ? കുറഞ്ഞ കൂലിക്ക് പണിയെടുപ്പിച്ചീട്ട് തസ്തിക സ്ഥിരമാക്കുമ്പോള്‍ കരിമ്പിന്‍ചണ്ടി പോലെ അവരെ വലിച്ചെറിയണമെന്നോ?
ഇനി ഇപ്പോള്‍ സ്ഥിരം നിയമനത്തിനും സര്‍ക്കാര്‍ ജോലിക്കും വേണ്ടി ഉറഞ്ഞുതള്ളുന്ന മാന്യദേഹങ്ങളുടെ കാര്യമൊന്നു നോക്കാം. 2002 ജനുവരിയിലെ യുഡിഎഫ് ഉന്നതാധികാര സമിതി തീരുമാനവും അതനുസരിച്ചുള്ള മന്ത്രിസഭാ തീരുമാനവും ഓര്‍മയുണ്ടോ മനോരമാദികള്‍ക്ക്? അധ്യാപകരുടെയും ജീവനക്കാരുടെയും ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം തസ്തിക അധികമാണെന്ന് കണ്ടെത്തുകയും നാല്‍പ്പതിനായിരത്തോളം തസ്തിക വെട്ടിക്കുറച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്ത നടപടിക്ക് കാര്‍മികത്വം വഹിച്ചത് ചാണ്ടിയും അന്തോണിയുമായിരുന്നല്ലോ. ഈ തസ്തികകള്‍ പുനഃസ്ഥാപിച്ചുത്തരവിറക്കിയത് പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാരായിരുന്നല്ലോ!
നോക്കു അന്ന് മനോരമാദികളുടെ നയമെന്തായിരുന്നു? സര്‍ക്കാരിനേക്കാള്‍ മുന്നിട്ടിറങ്ങി സര്‍ക്കാര്‍ സര്‍വീസില്‍ ജീവനക്കാര്‍ അധികപ്പറ്റാണെന്ന്, അധികമുള്ളവരെ ഒഴിവാക്കണമെന്ന്, ശമ്പളവും ക്ഷാമബത്തയും കുറയ്ക്കണമെന്നെല്ലാമുള്ള നവലിബറല്‍ അജന്‍ഡയുടെ വക്താക്കളായി മുടിയഴിച്ചാടുകയായിരുന്നല്ലോ അന്ന് മുഖ്യധാരാ മാധ്യമങ്ങള്‍! പിന്നെന്താ ഹേ പെട്ടെന്നൊരു സര്‍ക്കാര്‍ സര്‍വീസ് പ്രേമം? 2002ല്‍ നിയമന നിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും നടപ്പാക്കിയപ്പോള്‍ അതൊരു നല്ല നടപടിയും ഇപ്പോള്‍ 44,000ത്തിലധികം തസ്തിക (സ്ഥിരം 27256+ താല്‍ക്കാലികം) സൃഷ്ടിക്കുകയും 1,60,000 പേര്‍ക്ക് സ്ഥിര നിയമനം നല്‍കുകയും ചെയ്ത സര്‍ക്കാരിനെ കൊള്ളിവയ്ക്കാന്‍ കോപ്പുകൂട്ടുന്നവര്‍ പഴയതുപോലെ തസ്തിക വെട്ടിക്കുറയ്ക്കല്‍, നിയമന നിരോധന കലാപരിപാടികള്‍ തുടങ്ങിയവ നടപ്പാക്കാനല്ലേ ശ്രമിക്കുന്നത്? അല്ലെന്ന് പറയാനാവുമോ?
കോണ്‍ഗ്രസ് ഭരണത്തിലും ബിജെപി ഭരണത്തിലും കേന്ദ്രത്തിലെ സ്ഥിതിയും തസ്തിക ഇല്ലാതാക്കലും നിയമന നിരോധനവുമാണല്ലോ. 8 ലക്ഷത്തോളം തസ്തികകള്‍ കേന്ദ്ര സര്‍വീസില്‍ നികത്തപ്പെടാതുണ്ടെന്നത് മനോരമാദികള്‍ മറക്കണ്ട. എത്ര വകുപ്പുകള്‍, എത്ര സ്ഥാപനങ്ങള്‍ 1990കള്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടി? സ്വകാര്യവല്‍ക്കരണം വ്യാപകമാക്കപ്പെടുമ്പോള് ഇല്ലാതാകുന്നതു സ്ഥിരം തൊഴിലും മാന്യമായ കൂലിയുമാണല്ലോ. മനോരമാദികളുടെയും സംഘി-കോങ്കികളുടെയും നിലപാടു കൂടി ഒന്നു വ്യക്തമാക്കിയാട്ടെ!
മനോരമയുടെ 13ന്റെ മുഖപ്രസംഗം പച്ചക്കള്ളങ്ങള്‍ നിറഞ്ഞതാണെന്നതിന് തെളിവന്വേഷിച്ച് വേറെങ്ങും പോകണ്ട. മനോരമ പറയണത് 10,27,260 ജീവനക്കാര്‍ സംസ്ഥാന സര്‍വീസിലുണ്ടെന്നാണ്. അതില്‍ 4.09 ലക്ഷം പേരും താല്ക്കാലികക്കാരാണെന്നും പറയണ മനോരമയിലെ നുണയന്മാരും നുണച്ചികളും ഈ കണക്കുകളുടെ ആധികാരികത കൂടി ഒന്നു വെളിപ്പെടുത്താമോ? എങ്കില്‍ ഓരുടെ കള്ളിപൊളിയും! "പിരിവിന്റെ തണലില്‍ ജീവിക്കുന്ന ഒരു വിഭാഗം യൂണിയന് നേതാക്കള്‍" എന്നൊരു പ്രയോഗം, കൃത്യമായി പറഞ്ഞാല്‍ അപ്പനില്ലാ പ്രയോഗം, മുഖപ്രസംഗത്തില്‍ കാണുന്നുണ്ട്. ഉമ്മന്ചാണ്ടിയാദികളുടെ സില്ബന്ധികളായ കോങ്കി-സംഘി സംഘടനക്കാരെക്കുറിച്ചാകും മനോരമേടെ ഉദ്ദീരണം! കൂടക്കിടക്കുന്നവര്ക്കല്ലേ മനോരമേ രാപ്പനി അറിയാനാകൂ. കൊറോണ വന്നാലും പ്രളയം വന്നാലും ഓഖി വന്നാലും അറുത്ത കൈയ്ക്ക് ഉപ്പുവയ്ക്കാത്തവരാകുമല്ലോ ഈ പിരിവ് ജീവികള്‍.
ഡല്‍ഹീലെ കര്‍ഷക സമരവുമായി സെക്രട്ടേറിയറ്റിനു മുന്നിലെ ഈ ഉടന്തടിചാട്ടത്തെ ഉപമിക്കുന്ന മാധ്യമശിങ്കങ്ങള് അതിലെ അത്യുക്തി അപാരമാണെന്നെങ്കിലും ഓര്‍ക്കണം. കര്‍ഷകര്‍ സമരം ചെയ്യുന്നത് സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു കരിനിയമത്തിനെതിരെയാണ്. അമ്മാതിരി എന്തു നടപടിയാണ് ഇവിടുണ്ടായത് എന്ന് മുഖ്യധാരാ മാധ്യമ വാടകക്കൊലയാളികളും കൂട്ടിക്കൊടുപ്പുകാരും ഒന്നു പറയാമോ?
അവസാനമായി 13ന്റെ മനോരമേലെ 11-ാം പേജിലെ ഒരു സ്റ്റോറിയിലേക്കുകൂടി ഒന്നു നോക്കാം. "തിരഞ്ഞെടുപ്പ് ഉടന്‍ വേണ്ട! കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍. വൈകിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ കക്ഷികള്‍" ഒരു ദിവസത്തെയെന്നല്ല 13ന് ഉച്ചവരെപ്പോലും ആയുസ്സില്ലാത്ത ഇത്തരം നുണകള്‍ പടച്ചുവിടുന്ന റബറ് പത്രം വാസ്തവത്തില്‍ "മീശമാധവന്" എന്ന സിനിമയില്‍ ദിലീപും ഹരിശ്രീ അശോകനും കൂട്ടരും ജഗതിയുടെ പിള്ളേച്ചനു മുന്നില്‍ നടത്തിയ കണികാണിക്കലാണ് സ്വന്തം വായനക്കാരുടെ മുന്നില്‍ കാണിക്കുന്നത്. കമ്യൂണിസ്റ്റു വിരോധം മൂത്ത് മാനസികരോഗം ബാധിച്ചവരാണ് അതിന്റെ നടത്തിപ്പുകാരെന്നു പറഞ്ഞാല്‍ മ്മളോട് കോപിക്കല്ലേ, കൂട്ടരെ!•