മോഡിയുടെ മാധ്യമവേട്ട ഓര്‍മിപ്പിക്കുന്നത്
കെ എ വേണുഗോപാലന്‍
2014ല്‍ പ്രധാനമന്ത്രി പദമേറ്റെടുത്ത് ഒരു മാസത്തിനുശേഷം അഭിപ്രായപ്രകടന സ്വാതന്ത്ര്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മോഡി ഒരു പ്രസ്താവന നടത്തിയിരുന്നു. 'സംസാരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനും ഉള്ള സ്വാതന്ത്ര്യം ഉറപ്പു വരുത്താതെ ജനാധിപത്യത്തിന് നിലനില്ക്കാനാവില്ല' എന്നായിരുന്നു ആ പ്രസ്താവന. ആ പ്രസ്താവന വന്നിട്ട് ഇപ്പോള്‍ ആറു വര്‍ഷം പിന്നിട്ടിരിക്കുന്നു. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനു നേരെ ഇന്ന് കടുത്ത ആക്രമണങ്ങള്‍ അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത് അതേ മോഡി ഗവണ്മെന്റാണ്.
ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഒരു വര്‍ഷം മുമ്പ് 180 ല്‍ 140 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇന്നത് 142 ആയി കുറഞ്ഞു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ മഹാറാലി നടന്നിരുന്നു. അതില്‍ ഒരു കര്ഷകന് കൊല്ലപ്പെട്ടു. വാഹനാപകടത്തിലാണ് മരിച്ചത് എന്നാണ് ഗവണ്മെന്റിന്റെ അവകാശവാദം. എന്നാല്‍ മരിച്ചയാളുടെ കുടുംബം അയാള്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലാണ് എന്ന ആരോപണം ഉന്നയിച്ചു. മാധ്യമങ്ങള്‍ക്ക് ഈ രണ്ടു വാദവും വാര്‍ത്തയാക്കാനുള്ള അവകാശം ഉണ്ട്. മരിച്ചയാളുടെ ബന്ധുക്കള്‍ ഉന്നയിച്ച ആരോപണം വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. കേസിനാധാരമായ സംഗതി ബന്ധുക്കള്‍ ഉന്നയിച്ച ആരോപണം വാര്‍ത്തയാക്കി പ്രസിദ്ധീകരിച്ചു എന്നതാണ്. കേസില്‍ പ്രതികളായ മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ ഈ വിഷയം വാര്‍ത്തയാക്കിയവരാണ്; മറ്റു ചിലരാവട്ടെ അത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുക മാത്രമാണു ചെയ്തത്. ഇവരില്‍ ആറുപേര്‍ ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ കേസില്‍ പ്രതികളാക്കപ്പെട്ടിരിക്കുകയാണ്. മരിച്ച ഒരാളുടെ ബന്ധുക്കള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനേയും പൊലീസ് റിപ്പോര്‍ട്ടുകളെയും അവിശ്വസിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്താല്‍ അത് പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. അതെങ്ങനെയാണ് രാജ്യദ്രോഹവും കുറ്റകൃത്യവും ആവുക ?
ഇന്ത്യയില്‍ ഇന്ന് സമാധാനപരമായ പ്രതിഷേധങ്ങളെപ്പോലും ഇന്ത്യന്‍ ഭരണാധികാരികള്‍ ഭയപ്പെടുകയും വിമര്‍ശനം ഉന്നയിക്കുന്നവരെ പീഡിപ്പിക്കുകയും അത് വാര്‍ത്തയാക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നു. കാരവന് അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്ന ഒരു പ്രസിദ്ധീകരണമാണ്. പലപ്പോഴും അവര്‍ക്ക് മോഡി ഗവണ്മെന്റിന് എതിരായ വാര്‍ത്തകള്‍ കൊടുക്കേണ്ടതായി വന്നിട്ടുണ്ട്. അവരുടെ പബ്ലിഷര്‍, എഡിറ്റര്‍, എക്സിക്യൂട്ടീവ് എഡിറ്റര്‍ എന്നിങ്ങനെ ഏറ്റവും പ്രമുഖ സ്ഥാനം വഹിക്കുന്ന മൂന്നുപേര്ക്കെതിരായി അഞ്ചു സംസ്ഥാനങ്ങളിലായി ഇന്ന് രാജ്യദ്രോഹക്കുറ്റത്തിനുള്ള പത്തുകേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവരുടെ മാഗസിന്റെ ഫ്രീലാന്‍സ് റിപ്പോര്ട്ടര്മാരില് ഒരാളെ പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ 'തടസ്സമുണ്ടാക്കി' എന്ന പേരില്‍ പ്രതിഷേധ കേന്ദ്രത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും രണ്ടു ദിവസത്തിനുശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. കാരവന്റെ ട്വിറ്റര്‍ അക്കൗണ്ട് ഗവണ്മെന്റ് നല്കിയ ലീഗല്‍ നോട്ടീസിന്റെ പേരില്‍ ഏതാനും മണിക്കൂറുകള്‍ സസ്പെന്റു ചെയ്തു.
കഴിഞ്ഞവര്‍ഷം കാരവന്റെ നാല് മാധ്യമപ്രവര്‍ത്തകരെ വ്യത്യസ്തങ്ങളായ രണ്ടു സംഭവങ്ങളില്‍ ആക്രമിച്ചു. ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി ബലാല്‍സംഗത്തിനും തുടര്‍ന്ന് കൊലയ്ക്കും ഇരയായ സംഭവവുമായി ബന്ധപ്പെട്ടാണ് ഈ ആക്രമണങ്ങള്‍ അരങ്ങേറിയത്. കാരവന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ വിനോദ് ജോസ് പറഞ്ഞതു പോലെ ഗവണ്മെന്റിനെ വിമര്‍ശിക്കുന്നവരെയെല്ലാം ദേശദ്രോഹികളായാണ് ഇന്ന് ചിത്രീകരിക്കുന്നത്. അധികാരത്തിലിരിക്കുന്നവരോട് ചോദ്യം ചോദിക്കുക എന്നത് മാധ്യമ പ്രവര്‍ത്തകരുടെ കര്‍ത്തവ്യമാണ്. എന്നാല്‍ അതൊക്കെ രാജ്യദ്രോഹ കുറ്റമായാണ് മോഡി ഗവണ്മെന്റ് കാണുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ 405 ഇന്ത്യക്കാര്ക്കെതിരായാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടത്. അതില്‍ ബഹുഭൂരിപക്ഷവും 2014 ല്‍ മോഡി അധികാരം ഏറ്റെടുത്തതിനുശേഷം ആയിരുന്നു. രാഷ്ട്രീയ എതിരാളികള്‍, വിദ്യാര്‍ഥികള്‍, പത്രപ്രവര്‍ത്തകര്‍, ഗ്രന്ഥകര്‍ത്താക്കള്‍, അക്കാദമിക് പണ്ഡിതര്‍ എന്നിവരൊക്കെയാണ് പ്രതികളാക്കപ്പെട്ടത്.
വാര്‍ത്ത നല്‍കുന്നത് രാജ്യദ്രോഹക്കുറ്റം ആക്കപ്പെടുന്ന ഈ അവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് സാര്‍വദേശീയ തലത്തില്‍ വലിയ അവമതിപ്പ് ഉളവാക്കിയിട്ടുണ്ട്. അതിനെത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നെ ഉപയോഗിച്ചുള്ള പുതിയ പീഡനത്തിനാണ് ഇപ്പോള്‍ കേന്ദ്ര ഗവണ്മെന്റ് ശ്രമം ആരംഭിച്ചിട്ടുള്ളത്. ഇ.ഡിയെക്കുറിച്ച് കേരളത്തില്‍ വലിയ വിശദീകരണമൊന്നും ആവശ്യമില്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കുടുക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ കുപ്രസിദ്ധമാണ്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നത് ഒരു നിയമ നിര്‍വഹണ ഏജന്‍സിയും ഒപ്പംതന്നെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സിയും ആണ്. കേന്ദ്ര ഗവണ്മെന്റിന്റെ ധനകാര്യ വകുപ്പിനുകീഴില്‍ ആണ് ഇത് പ്രവര്‍ത്തിക്കുന്നത്. രണ്ട് കേന്ദ്ര നിയമങ്ങള്‍ക്കുകീഴില്‍ വരുന്ന കേസുകളാണ് ഇവര്‍ അന്വേഷിക്കേണ്ടത്. ഫെമ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് 1999, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് 2002 എന്നിവയാണവ.
ഇതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ (മണി ലോണ്ടറിംഗ്) നിയമവുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആയ ന്യൂസ് ക്ലിക്കില്‍ കയറിക്കൂടിയിരിക്കുന്നത്. 113 മണിക്കൂര്‍ സമയമാണ് റെയ്ഡിനെടുത്തത്.ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയ പ്രബീര്‍ പുര്‍കായസ്തയുടെ വീട്ടിലും റെയ്ഡ് നടത്തി. ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല. തങ്ങള്‍ക്കൊന്നും ഒളിക്കാനില്ല എന്ന് ന്യൂസ് ക്ലിക് വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ നടന്നു വരുന്ന കര്‍ഷക സമരത്തെക്കുറിച്ച് വളരെ വിശദമായി ലേഖനങ്ങളും കുറിപ്പുകളും പ്രസിദ്ധീകരിച്ചുവരുന്ന ഒരു മാധ്യമമാണ് ന്യൂസ് ക്ലിക്ക്. പൗരത്വനിയമഭേദഗതിക്കെതിരായി നടന്ന സമരവും അവര്‍ നന്നായി പ്രസിദ്ധീകരിച്ചിരുന്നു. അതിനാവട്ടെ നിരവധി വായനക്കാരുമുണ്ട്. അതിനൊരു തടയിടണം. അതിനുവേണ്ടിയാണ് ഈ റെയ്ഡ് നാടകം പൊലീസ് നടത്തിയത്. എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ പോലുള്ള നിരവധി സംഘടനകള്‍ ഈ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ടല്ലാതെ ജനാധിപത്യം സംരക്ഷിക്കാന്‍ ആവില്ല എന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ മൂക്കിനു കീഴെയാണ് ഈ റെയ്ഡ് നാടകം അരങ്ങേറിയത്.
1975 ല്‍ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എല്ലാ സാമൂഹ്യ സ്വാതന്ത്ര്യങ്ങളും അക്കാലത്ത് നിഷേധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ അടിയന്തരാവസ്ഥ ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഔപചാരികമായി ഒരു അവകാശവും നിഷേധിക്കപ്പെട്ടിട്ടുമില്ല. എന്നാല്‍ പ്രായോഗികമായി അവയൊക്കെ കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. നിയമബാഹ്യവും അനൗപചാരികവുമായ ഒരു അടിയന്തരാവസ്ഥയിലൂടെയാണ് നാം ഇന്നു കടന്നുപോയിക്കൊണ്ടിരിക്കുന്നത്.•