കോണ്‍ഗ്രസിന്‍റെ തല മുസ്ലീം ലീഗിന്‍റെ കക്ഷത്തിലോ?

പി എസ് ഷംസുദീന്‍

കേരളത്തിലെ യുഡിഎഫ് എന്ന വലതുപക്ഷ രാഷ്ട്രീയ കൂട്ടുകെട്ട് രൂപപ്പെട്ടതിനു ശേഷമുള്ള അതിന്‍റെ ഏറ്റവും ദയനീയമായ തകര്‍ച്ചയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പ്രമുഖ പങ്കാളിയായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തിയതോടുകൂടി മുസ്ലീം ലീഗാണ് കോണ്‍ഗ്രസ്സിനു പിന്നീടുള്ള തണല്‍. മതനിരപേക്ഷ സ്വഭാവം അവകാശപ്പെടുന്ന കോണ്‍ഗ്രസ് അവര്‍ നയിക്കുന്ന മുന്നണിയുടെ തിരഞ്ഞെടുപ്പു കൂട്ടുകെട്ടുകളും സീറ്റ് വീതംവെപ്പുമെല്ലാം ലീഗിന്‍റെ ഇംഗിതത്തിനനുസരിച്ചാണ് നീക്കുന്നതെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷ നേതാവിന്‍റെയും കെപിസിസി പ്രസിഡന്‍റിന്‍റെയും തലയ്ക്കുമീതേ പ്രധാന തിരഞ്ഞെടുപ്പു ചുമതലക്കാരായി ഉമ്മന്‍ചാണ്ടിയെ നിയമിക്കാനുള്ള ഹൈക്കമാന്‍ഡിന്‍റെ തീരുമാനം. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ ലീഗിനനുവദിച്ച നാലു മന്ത്രിസ്ഥാനത്തിനു പുറമെ ഉമ്മന്‍ചാണ്ടിയെ ഓടിച്ചിട്ടുപിടിച്ച് അഞ്ചാം മന്ത്രി സ്ഥാനം ഒപ്പിച്ചെടുത്തു ലീഗ്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ തോറ്റ രാഹുല്‍ഗാന്ധിയെ വയനാട്ടില്‍നിന്നും രക്ഷപ്പെടുത്തി പാര്‍ലമെന്‍റില്‍ ഇരുത്തിയതിന്‍റെ ക്രെഡിറ്റും അവകാശപ്പെടുമ്പോള്‍ ഹൈക്കമാന്‍റിനു വഴങ്ങാതിരിക്കാന്‍ കഴിയില്ലല്ലോ. ഉമ്മന്‍ചാണ്ടിയെ കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചത് ഒരു നല്ല 'ബ്രാന്‍ഡ്' ആണെന്നാണ്. ഉമ്മന്‍ചാണ്ടി മാത്രമല്ല മകന്‍ ചാണ്ടി ഉമ്മനും ഒരു ഗുണം തെളിയിച്ചിരിക്കുന്നു. തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലീം പള്ളിയാക്കിയ വിഷയത്തില്‍ ലീഗിന്‍റെ നിലപാടിനെ ചാണ്ടി ഉമ്മന്‍ പിന്തുണച്ചത് തുര്‍ക്കിയിലെ എര്‍ദോഗാന്‍റെ മതാധിഷ്ഠിത ഭരണത്തെ പ്രകീര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിക്കൂടിയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ടി, എസ്ഡിപിഐ തുടങ്ങിയ തീവ്രവര്‍ഗീയ നിലപാടു പുലര്‍ത്തുന്ന പാര്‍ടികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു മുസ്ലീം അന്തര്‍ധാര യുഡിഎഫിനനുകൂലമായി സൃഷ്ടിക്കുന്നതോടൊപ്പം, പാര്‍ലമെന്‍റു തെരഞ്ഞെടുപ്പുകാലത്തെപ്പോലെ ഒരു ന്യൂനപക്ഷ ക്രോഡീകരണവും ലീഗിനെ മുന്‍നിര്‍ത്തി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് ഓര്‍ത്തൊഡോക്സ് സഭാമെത്രാപൊലീത്തമാരുടെ പാണക്കാട് സന്ദര്‍ശനം എന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റുപറയാനാകില്ല. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10% സംവരണം അനുവദിച്ചതിനെ നഖശിഖാന്തം എതിര്‍ത്ത പാര്‍ടിയാണ് മുസ്ലീം ലീഗ്. ഹാഗിയ സോഫിയ വിഷയത്തിലും മുസ്ലീം ലീഗിന്‍റെ നിലപാടില്‍ ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. അതിനെ തണുപ്പിച്ചു കൊണ്ടേ ന്യൂനപക്ഷ ക്രോഡീകരണം സാധ്യമാക്കാന്‍ കഴിയൂ. മെത്രാപൊലീത്തമാരും പാണക്കാട് തങ്ങളും കൂടി അതിനു വഴിയൊരുക്കണം. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുഖ്യചുമതലക്കാരന്‍ ഉമ്മന്‍ചാണ്ടിയും മുസ്ലീം ലീഗിന്‍റെ പ്രസിഡന്‍റ് പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയില്‍ ലീഗ് നേതാക്കളുമായി ചര്‍ച്ച ചെയ്യുന്നത് കേരള രാഷ്ട്രീയമാകുമ്പോള്‍ സ്വാഭാവികമായും രാഷ്ട്രീയ കേരളത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകും. മതനിരപേക്ഷതയും നവോത്ഥാന മൂല്യങ്ങളുടെ സ്വാധീനവും നിലനില്‍ക്കുന്ന കേരളീയ സമൂഹത്തെ വിശ്വാസികളും അല്ലാത്തവരും ന്യൂനപക്ഷവും ഭൂരിപക്ഷവും എന്ന തരത്തില്‍ വിഭിന്നചേരികളില്‍ നിര്‍ത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ലീഗ് കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ വിമര്‍ശിച്ചാല്‍ അതെങ്ങനെ മുസ്ലീം വിരുദ്ധമാകും?

സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ എല്‍ഡിഎഫിന്‍റെ അമരക്കാരില്‍ പ്രധാനിയാണ്. തിരഞ്ഞെടുപ്പുകാലത്ത് നടക്കുന്ന രാഷ്ട്രീയ കരുനീക്കങ്ങളെ നിരീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യുകയെന്നതും സ്വാഭാവികമാണ്. പാണക്കാട്ടേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ തള്ളിക്കയറ്റത്തെ വിമര്‍ശിച്ചതുപോലും മുസ്ലീം വിരുദ്ധമാക്കാമോയെന്നാണ് കോണ്‍ഗ്രസ്സുകാരും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്- അദ്ദേഹം പാണക്കാട്ട് തങ്ങളെ ഇകഴ്ത്തി സംസാരിച്ചുവെന്ന് ചന്ദ്രഹാസമിളക്കുന്നവര്‍ രണ്ടുപ്രാവശ്യം കോണ്‍ഗ്രസ്സ് പ്രസിഡന്‍റും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രിയും പണ്ഡിതനുമായിരുന്ന മൗലാന അബ്ദുള്‍കലാം ആസാദിനെ ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രം മതാതാധിഷ്ഠിത ഭരണത്തിന്‍റെ വക്താവാക്കി ചിത്രീകരിച്ചതില്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

1906ല്‍ രൂപീകരിക്കപ്പെട്ട മുസ്ലീം ലീഗ് എന്നും ബ്രിട്ടീഷ് പക്ഷത്തായിരുന്നു. അതിന്‍റെ സ്ഥാപകന്‍ സയ്യിദ് അഹമ്മദ്ഖാന്‍ ബ്രിട്ടീഷുകാരോടൊപ്പംനിന്നുകൊണ്ട് നേട്ടങ്ങള്‍ കൊയ്യാനാണ് ഇന്ത്യയിലെ മുസ്ലീങ്ങളോട് പറഞ്ഞത്. ഇതിനെതിരെ 'അല്‍ഹിലാല്‍' എന്ന, താന്‍ സ്ഥാപിച്ച പത്രത്തിലൂടെ ഇന്ത്യാക്കാരെ ഒന്നാകെയും മുസ്ലീങ്ങളെ പ്രത്യേകമായും ബ്രിട്ടീഷുകാരെ തുരത്താനാഹ്വാനം ചെയ്യുന്നതായിരുന്നു മൗലാന അബ്ദുള്‍കലാം ആസാദിന്‍റെ ആശയപ്രചാരണം. അതിന്‍റെ പേരില്‍ അദ്ദേഹത്തെ ബംഗാളില്‍ നിന്നു പുറത്താക്കിക്കൊണ്ട് ബ്രിട്ടീഷുകാര്‍ ഉത്തരവിടുകയും ചെയ്തു. 1929ല്‍ ലാഹോറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ "പൂര്‍ണസ്വരാജ്" എന്ന ആവശ്യം മുന്നോട്ടുവച്ചപ്പോള്‍ അതിനെ പിന്താങ്ങിക്കൊണ്ട് "സ്വാതന്ത്ര്യത്തിനുള്ള തുറന്ന പോരാട്ടം ആരംഭിച്ചിരിക്കെ മുസ്ലീങ്ങള്‍ക്ക് പ്രത്യേകമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പരിപാടി ഉപേക്ഷിക്കണം" എന്ന് മുസ്ലീം ദേശീയവാദികള്‍ പ്രസ്താവനയിറക്കിയത് അദ്ദേഹത്തിന്‍റെ പ്രേരണയിലായിരുന്നു. മുഹമ്മദാലി ജിന്ന മുസ്ലീം ലീഗിന്‍റെ നേതൃത്വം ഏറ്റെടുത്ത ശേഷം മുസ്ലീം ഇന്ത്യക്കു താങ്കളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് മൗലാന ആസാദിനെ പരിഹസിക്കുകപോലുമുണ്ടായി. തുര്‍ക്കി അടക്കമുള്ള രാജ്യങ്ങളിലെ പരിഷ്കര്‍ത്താക്കളും ജനാധിപത്യവാദികളുമായിട്ടുള്ളവരുമായി മൗലാന ആസാദിനുള്ള സൗഹൃദത്തെ ജവഹര്‍ലാല്‍ നെഹ്റു ശ്ലാഘിച്ചിട്ടുണ്ട്. അങ്ങനെയുള്ള അദ്ദേഹത്തെ ഹുക്കുമത്തെ ഇലാഹി എന്ന മൗദൂദിയന്‍ ആശയത്തിന്‍റെ വക്താവായി ചിത്രീകരിച്ചിട്ടും പ്രതികരിക്കാത്ത കോണ്‍ഗ്രസ്സ് വര്‍ഗീയവാദികളുടെ ചങ്ങാത്തത്തിനു വേണ്ടി സ്വന്തം പാര്‍ടിയുടെ ചരിത്രത്തോടുപോലും നീതികാണിക്കുന്നില്ല. മതേതര ദേശീയ ജനാധിപത്യബോധം മുസ്ലീം രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതിനോടുള്ള എതിര്‍പ്പാണ് മൗദൂദിയന്‍ ആശയത്തിന്‍റെ അടിസ്ഥാനം. അതിന്‍റെ മതരാഷ്ട്രീയ രൂപമാണ് ജമാഅത്തെ ഇസ്ലാമി. ദൈവത്തിന്‍റെ ഭൂമിയില്‍ ദൈവത്തിന്‍റെ ഭരണം (ഹുക്കുമത്തെ ഇലാഹി) എന്നതാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപകനായ അബ്ദുല്‍ അലാ മൗദൂദി മുന്നോട്ടുവയ്ക്കുന്ന ആശയം. മഹാത്മാഗാന്ധി വിഭാവനം ചെയ്യുന്ന രാമരാജ്യമാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്ന സംഘപരിവാര്‍ വാദത്തെ ഓര്‍മപ്പെടുത്തുന്നതാണ് തികഞ്ഞ മതപണ്ഡിതന്‍ കൂടിയായിരുന്ന മൗലാന അബ്ദുള്‍കലാം ആസാദിനെ തങ്ങളുടെ ആലയില്‍ കെട്ടാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ ശ്രമം. അവരുമായുള്ള തിരഞ്ഞെടുപ്പ് ബന്ധത്തിന് പാലം പണിയാന്‍ പാണക്കാട്ടെ പടിവാതിലില്‍ അട്ടിപ്പേറുകിടക്കുന്ന കോണ്‍ഗ്രസ്സ്, ലീഗിന്‍റെയും കുഞ്ഞാലിക്കുട്ടിയുടെയും ഏതു ശാഠ്യവും അംഗീകരിച്ചുകൊടുക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയല്ല; മറിച്ച് അധികാര കസേര സ്വപ്നം കണ്ടുകൊണ്ടു മാത്രമാണ്. അതുകൊണ്ടാണ് മാധ്യമം പത്രത്തിന്‍റെ എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍, മൗലാന അബ്ദുള്‍കലാം ആസാദിനെ വര്‍ഗീയവാദിയായി ചിത്രീകരിച്ചതില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധിക്കാത്തതും എ വിജയരാഘവന്‍ പാണക്കാട്ടു തങ്ങളെ വിമര്‍ശിച്ചെന്ന പേരില്‍ അദ്ദേഹത്തെ മുസ്ലീം വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നതും.•