ഡോ. നിനിതയുടെ നിയമന വിവാദവും സംവരണ/യോഗ്യത പ്രശ്നങ്ങളും
സി ജി ഗിരീഷ്
നിനിത കണിച്ചേരിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ അനാവശ്യ വിവാദം നിരവധി തലത്തിലുള്ള വാദങ്ങളാണ് ഉയര്‍ത്തിയത്. വിവാദങ്ങള്‍ പൊതുവെ രാഷ്ട്രീയവും വ്യക്തിപരവും ആയിരുന്നെങ്കിലും അതിനിടയില്‍ പൊതുവെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന മറ്റുചില കാര്യങ്ങള്‍ കുറേക്കൂടി ഗൗരവം അര്‍ഹിക്കുന്നവയാണ്. ചില വ്യക്തികളും സംഘടനകളും മാധ്യമങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളോട് സര്‍വകലാശാലയുടെയും നിനിതയുടെയും വിശദീകരണങ്ങള്‍ ചേര്‍ത്തുവച്ചാല്‍ വിവാദം ചായക്കോപ്പയിലെ വെറും കൊടുങ്കാറ്റ് മാത്രമാണെന്നതാണ് സത്യം.
ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദത്തിന്റെ മൂലകാരണം പ്രധാനമായും വ്യക്തിപരമാണ്. മൂന്ന് വിഷയ വിദഗ്ധരായ അഭിമുഖ സമിതി അംഗങ്ങള്‍ ആദ്യ ഘട്ടത്തില്‍ വിവാദത്തിന്റെ ഭാഗഭാക്കായി. എങ്കിലും ഒരാള്‍ പിന്നീട് പിന്മാറുകയാണുണ്ടായത്. സര്‍വകലാശാലക്ക് എതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും തെറ്റിധാരണമൂലം പറ്റിയതാണെന്നുമുള്ള നിഗമനത്തിലാണ് ഈ പിന്മാറല് എന്നത് സത്യത്തില്‍ വിവാദത്തിന്റെ മുനയൊടിച്ചു കളഞ്ഞു. ഉമര്‍ തറമേലിന് എന്തെങ്കിലും ആക്ഷേപമോ സംശയമോ സ്വാഭാവികമായി ഉണ്ടായിരുന്നെങ്കില്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് വ്യവസ്ഥാപിത മാര്‍ഗ്ഗത്തില്‍ വ്യക്തത വരുത്താന്‍ ശ്രമിക്കേണ്ടതായിരുന്നു. പക്ഷേ അദ്ദേഹം സ്വീകരിച്ച രീതിതന്നെ അസ്വാഭാവികത നിറഞ്ഞതായിരുന്നു. ഡോ. നിനിത ജോലിയില്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച ഒരു ലോബിക്ക് കത്തു തയ്യാറാക്കി നല്കി നിനിതയെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള സാഹചര്യമൊരുക്കുകയാണ് നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ചെയ്തത്. എന്നാല്‍ ഈ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ നിനിത ജോലിയില്‍ പ്രവേശിച്ചു. ഇതിനുശേഷം മാത്രമാണ് അദ്ദേഹം കത്ത് സര്‍വ്വകലാശാലക്ക് കൈമാറിയത്. മാത്രവുമല്ല ഉമര്‍ തറമേല്‍ ഈ വിവാദം ഉയര്‍ത്തിയതിന്റെ പ്രയോജനം ആര്‍ക്കാണോ ലഭിക്കുന്നത് അവര്‍ ഇദ്ദേഹവുമായി അടുത്ത വ്യക്തി ബന്ധമുള്ളവരാണെന്ന കാര്യവും പുറഞ്ഞുവന്നു. മാത്രവുമല്ല അഭിമുഖ സമിതി അംഗമായി തെരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ഈ വസ്തുത ഇദ്ദേഹം ബോധപൂര്‍വം മറച്ചുവച്ചതും ദുരൂഹമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ ധാര്‍മ്മിക പ്രശ്നം മുന്‍നിര്‍ത്തി ബന്ധപ്പെട്ടവര്‍ പിന്മാറുകയാണ് പതിവ്. കത്തില്‍ ഒപ്പിട്ട മറ്റൊരു വിഷയ വിദഗ്ധനും ഇത്തരം ബന്ധങ്ങള്‍ ഉള്ളയാളാണെന്ന് പിന്നീട് വെളിവായി. ശീര്‍ഷാസന വാദം ഉയര്‍ത്തിയ ഉമര്‍ തറമേലിന്റെ ഉദ്ദേശ ശുദ്ധി തികച്ചും സംശയാസ്പദമാണ് എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. എന്തുകൊണ്ടെന്നാല്‍, അദ്ദേഹം തന്നെ ആരോപണം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രീതിയും നിനിതയും ആരോപണത്തില്‍ നിന്നും പിന്‍വാങ്ങിയ വിദഗ്ധ അദ്ധ്യാപകനും വെളിപ്പെടുത്തിയ കാര്യങ്ങളും ഇത് ശരിവക്കുന്നവയാണ്.
വിവാദത്തിന്റെ കക്ഷി രാഷ്ട്രീയ മാനമാണ് മറ്റൊന്ന്. എം ബി രാജേഷ് സിപിഐഎം നേതാവായതിനാല്‍ രാഷ്ട്രീയ വിവാദം സ്വാഭാവികമാണ്. അതിനാല്‍ തന്നെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഈ വിവാദം ആഘോഷമാക്കിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. പ്രത്യേകിച്ചും പ്രതിപക്ഷം വിഷയ ദാരിദ്യവും രാഷ്ട്രീയ പ്രതിസന്ധിയും അഭിമുഖീകരിക്കുന്ന ഈയൊരു പ്രത്യേക ഘട്ടത്തില്‍. കൂടാതെ ആശയതലത്തില്‍ പ്രതിപക്ഷത്തിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഇടത് പ്രമുഖരില്‍ ഒരാളാണ് എം ബി രാജേഷ്. ഇത് പ്രതിപക്ഷ ആക്രമണത്തിന് കൂടുതല്‍ ഊര്‍ജം പകര്ന്നെന്നതും തീര്‍ച്ച. ഇവരുടെ കുടുംബം മതമുക്ത പുരോഗമന ജീവിതം നയിക്കുന്നവരായതിനാല്‍ അന്ധമായ മതവിശ്വാസികള്‍ക്കും മതമൗലികവാദികള്‍ക്കും ഒരു പ്രത്യേക താല്പര്യം ഈ വിഷയത്തില്‍ ഉണ്ടാവുമെന്നതും സ്വാഭാവികം. ഇടത് വിരുദ്ധ മാധ്യമങ്ങള്‍ക്കും മറ്റുള്ളവരുടെ ചെലവില്‍ വ്യാജവാര്‍ത്ത നിര്‍മ്മിക്കാന്‍ സൗജന്യമായി വീണുകിട്ടിയ ഒരവസരമാണിത്. ഇവരെല്ലാം ചേര്‍ന്നൊരുക്കിയ വെടിയും പുകയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. പക്ഷേ പുകമറ മായുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും.
വ്യക്തിപരതയ്ക്കും കക്ഷിരാഷ്ട്രീയത്തിനും അപ്പുറം വിവാദത്തില്‍ ഉയര്‍ന്നുവന്ന ചില ഗൗരവമര്‍ഹിക്കുന്ന കാര്യങ്ങളുമുണ്ട്. അവ സംവരണം, ലിംഗപദവി, യോഗ്യത തുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ മാനങ്ങളെ മുന്‍നിര്‍ത്തിയാണ്.
മത വിശ്വാസിയല്ലാത്തവര്‍ സംവരണത്തിന് അര്‍ഹരാണോ?
ഒരു പ്രത്യേക മത വിഭാഗത്തില്‍ ജനിച്ചവരുടെ സാമൂഹ്യ പിന്നോക്കാവസ്ഥയെ ആണോ സംവരണം അഭിസംബോധന ചെയ്യുന്നത്? അതോ മതജാതി വിശ്വാസമുള്ള വിശ്വാസിയെ ആണോ? രേഖകളുടെ അടിസ്ഥാനത്തില്‍ രണ്ടു കൂട്ടര്‍ക്കും സംവരണം ലഭിക്കും എന്നാണ് ഈ ചോദ്യങ്ങള്‍ക്കുള്ള ശരിയുത്തരം. ഇന്ത്യന്‍ ഭരണഘടന പ്രകാരം രാജ്യത്ത് ലഭ്യമാകുന്ന സംവരണം ഏതെങ്കിലും ഒരു മതത്തിനോ ജാതിക്കോ അല്ല. സാമൂഹ്യമായി പിന്നോക്കം നില്ക്കുന്ന ഏതെങ്കിലുമൊരു പ്രത്യേക മത - ജാതി സമുദായത്തിനകത്ത് ജനിച്ചവര്‍ക്ക് നീക്കിവെക്കപ്പെട്ടതാണ് സംവരണം. മത - ജാതി വിശ്വാസങ്ങളിലും അതിന്റെ ആചാരങ്ങളിലും വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നതിന് പ്രസക്തിയില്ല. ഡോ. നിനിത മത വിശ്വാസിയായിരിക്കില്ല. പക്ഷേ സാങ്കേതികമായി ഒരു മതത്തിന്റെ ഭാഗമായാണ് അവര്‍ ജനിച്ചതും രേഖപ്പെടുത്തപ്പെട്ടതും. മതപരമായ കാരണങ്ങളാല്‍ ഉണ്ടായിപ്പോയ സാമൂഹ്യ പിന്നോക്കാവസ്ഥയുള്ള ഒരു രാജ്യത്ത് ഈ രേഖപ്പെടുത്തലാണ് സംവരണ വ്യവസ്ഥയില്‍ തൊഴില്‍ നേടാനുള്ള നിയമപരമായ അവകാശം നിര്‍ണ്ണയിക്കുന്നത്. അതായത് വിശ്വാസമല്ല സംവരണത്തിന്റെ മാനദണ്ഡം. ഒരു പ്രത്യേക മത സമൂഹത്തില്‍ ജനിച്ചതിന്റെ രേഖപ്പെടുത്തലാണ് ശരിയായ മാനദണ്ഡം. അത് ഇന്ത്യന്‍ പൗര/പൗരന് എന്ന നിലയിലുള്ള ഒരാളുടെ നിയമപരമായ അവകാശത്തിന്റെ പ്രശ്നമാണ്. വിശ്വാസത്തിന്റേതല്ല.
നേതാവിന്റെ ഭാര്യ എന്നത്
അയോഗ്യത ആകുമോ?
'രാജേഷിന്റെ ഭാര്യ' പ്രയോഗത്തിന് രണ്ട് ഉദ്ദേശ്യമാണ് പ്രധാനമായും. ഒന്ന് രാഷ്ട്രീയമായി അവരെയും അവരുടെ പാര്‍ട്ടിയേയും വേട്ടയാടാനുള്ള പദ്ധതി ഒരുക്കുക. മറ്റൊന്ന് ഇങ്ങനെ ഭാര്യാ പ്രയോഗം ചാര്‍ത്തുന്നത് പുരുഷാധിപത്യ സമൂഹത്തിന്റെ വളരെ ബോധപൂര്‍വമായ ലിംഗാധികാരത്തിന്റെ ഒതുക്കല്‍ തന്ത്രമാണ്. മതിയായ യോഗ്യതയും കഴിവും ഉണ്ടായിട്ടും ഡോ. നിനിതയെന്ന സ്ത്രീയുടെ വ്യക്തിത്വം/ സ്വത്വം അംഗീകരിക്കുവാന്‍ പുരുഷ കേന്ദ്രീകൃത മൂല്യബോധത്താല്‍ നയിക്കപ്പെടുന്ന സ്ത്രി വിരുദ്ധ സമൂഹം അനുവദിക്കില്ല. 'രാജേഷിന്റെ ഭാര്യ'യെന്ന നിര്‍മ്മിത കെണിയില്‍പ്പെടുത്തി അവരുടെ തനതായ സ്വത്വത്തെ സമര്‍ത്ഥമായി തിരസ്കരിക്കുന്ന ഒരു പാരമ്പര്യ രീതി ഇവിടെയും കാണാം. ഇത് ലിംഗനീതിക്കെതിരായ പുരുഷാധിപത്യ ബോധത്തിന്റെ ഒരു പൊതുപദ്ധതിയുടെ ഭാഗമാണ്. ഇതിന്റെ ഭാഗമായി മറ്റൊരു തലം കൂടി രാജേഷിന്റെ ഭാര്യ എന്ന പ്രയോഗത്തിനുണ്ട്. അവരുടെ കഴിവും യോഗ്യതയുമല്ല മറിച്ച് ഭാര്യയെന്ന പദവിയുള്ളതിനാല്‍ മാത്രം ജോലി കിട്ടി എന്ന പൊതുബോധം സമൂഹത്തില്‍ സ്ഥാപിച്ചെടുക്കാനുള്ള തന്ത്രമുണ്ട് ഇതിന്റെ പിന്നില്‍.
എന്താണ് യോഗ്യത?
ഇവിടെ അസിസ്റ്റന്റ് പ്രൊഫസര്‍ തിരഞ്ഞെടുപ്പാണ് വിഷയം. നിലവിലെ യുജിസി സര്‍വകലാശാല ചട്ടങ്ങളനുസരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് രണ്ട് ഘട്ടങ്ങളുണ്ട്. ഒന്ന് യോഗ്യരായവരെ ഒരു നിശ്ചിത കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യലാണ്. നെറ്റ്, പിഎച്ച്ഡി, ബിരുദം, ബിരുദാനന്തര ബിരുദം, സെമിനാര്‍, പബ്ലിക്കേഷന്‍, അദ്ധ്യാപന പരിചയം തുടങ്ങിയവയാണ് ഇതിനുള്ള ഇന്‍ഡക്സ് മാര്‍ക്കിനായി പരിഗണിക്കുക. യു ജി സി റെഗുലേഷന് 2018ല്‍ പറയുന്നതിനു പുറമെയുള്ള എന്തെങ്കിലും കാര്യങ്ങള്‍ ഒരിക്കലും അധ്യാപക തസ്തികയ്ക്ക് ഒരു അധിക യോഗ്യതയല്ല. ശരിയായ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ നിനിത ആവശ്യമായ മാര്‍ക്ക് ലഭിച്ചതിനാലാണ് അവര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. രണ്ടാമത്തേത് അഭിമുഖമെന്ന പരീക്ഷണമാണ്. ഈ ഘട്ടത്തില്‍ വിഷയത്തിലും അധ്യാപനത്തിലുമുള്ള ഉദ്യോഗാര്‍ത്ഥിയുടെ കഴിവ് തെരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം വിഷയ വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്നാകെയുള്ള പ്രകടനത്തിലൂടെ വിലയിരുത്തപ്പെടും. ഇതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതും നിയമനം നല്കിയിട്ടുള്ളതും എന്ന് സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. ഇത് വ്യക്തമാക്കാനുള്ള ആധികാരികത സര്‍വകലാശാലയ്ക്ക് മാത്രമാണ്. അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിക്കോ വ്യക്തികള്‍ക്കോ അല്ല. സര്‍വകലാശാലയുടെ തീരുമാനം ശരിയാണോയെന്ന് പരിശോധിക്കാനും ഉറപ്പുവരുത്താനും ഈ രാജ്യത്ത് മതിയായ വ്യവസ്ഥാപിത സംവിധാനങ്ങളും മാര്‍ഗങ്ങളും ഉണ്ടെന്നിരിക്കെ ഉയര്‍ത്തിക്കൊണ്ടുവന്ന അനാവശ്യ വിവാദം സ്വയമേവ ദുരുദ്ദേശ്യപരമാണ്. •