ടൂള്‍കിറ്റും രാജ്യദ്രാഹവും

വി ബി പരമേശ്വരന്‍

രാജ്യം ഇന്ന് ഭയത്തിന്‍റെ നിഴലിലാണ്. അപ്രഖ്യാപിത  അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവര്‍ ആരായാലും -സാമൂഹ്യപ്രവര്‍ത്തകരും വിദ്യാര്‍ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും കര്‍ഷകരും ڊ-എല്ലാം തന്നെ രാജ്യത്തിന്‍റെ ശത്രുക്കളായും രാജ്യത്തെ അസ്ഥിരീകരിക്കാന്‍ ഗൂഢാലോചന നടത്തുന്നവരായും ചിത്രീകരിക്കപ്പെടുന്നു. മെക്കാളെ പ്രഭു കൊണ്ടുവരികയും  1860 മുതല്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കുകയും ചെയ്ത രാജ്യദ്രോഹകുറ്റം ചുമത്തി (ഐപിസി 124 എ വകുപ്പ്) ഇവരെ തടവിലിടുകയാണ്. ശബ്ദിക്കുന്നവരെ നിശ്ശബ്ദമാക്കുകയാണ് ലക്ഷ്യം. മോഡി സര്‍ക്കാരിന്‍റെ ഈ ജനാധിപത്യ വിരുദ്ധതയുടെയും മൗലികാവകാശലംഘനത്തിന്‍റെയും ഏറ്റവും അവസാനത്തെ ഇരയാണ് ബംഗ്ലൂരുവിലെ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി. ഈ 22കാരി രാജ്യത്തിന് ഭീഷണിയാണെന്നാണ് മോഡി സര്‍ക്കാരിന്‍റെ വാദം. ഡല്‍ഹി പൊലീസിന്‍റെ സൈബര്‍ സെല്ലാണ് ഫെബ്രുവരി 14ന് ബംഗ്ളൂരുവില്‍ പറന്നെത്തി  ഇവരെ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചത്.  മറ്റു രണ്ടു പേര്‍ക്കെതിരെ ജാമ്യമില്ലാ വാറന്‍റും പുറപ്പെടുവിച്ചിട്ടുണ്ട്. മലയാളി അഭിഭാഷക നിഖിത ജേക്കബിനും പരിസ്ഥിതി പ്രവര്‍ത്തകന്‍ ശന്തനു മുലുക്കുവിനുമെതിരെയാണ് വാറന്‍റ്. അറസ്റ്റ് തടയാന്‍ ഇരുവരും കോടതിയെ സമീപിക്കുകയുണ്ടായി. നിഖിതക്ക് മൂന്നാഴ്ച ട്രാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യവും ശന്തനുവിന് 10 ദിവസത്തെ മുന്‍കൂര്‍ ജാമ്യവുമാണ് ലഭിച്ചിട്ടുള്ളത്. ഡല്‍ഹി പൊലീസിന് കനത്ത തിരിച്ചടിയാണ് കോടതിയുടെ ഈ ഇടപെടല്‍. 

രാജ്യത്ത് നിലവിലുള്ള  നിയമവും കോടതിവിധികളും കാറ്റില്‍പറത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ട് നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസ് ദിഷയെ അറസ്റ്റ് ചെയ്തത്. ട്രാന്‍സിറ്റ് റിമാന്‍ഡ് പോലുമില്ലാതെയാണ് ഡല്‍ഹി പൊലീസ് ബംഗ്ളൂരുവിലെത്തി ദിഷയെ അറസ്റ്റ് ചെയ്ത് തലസ്ഥാനത്തേക്ക് കൊണ്ടുവന്നത്. കോടതിയില്‍ ദിഷക്ക്  അഭിഭാഷകനെയും അനുവദിച്ചില്ല.  അറസ്റ്റ് സംബന്ധിച്ച അന്തര്‍സംസ്ഥാന നിയമമോ കോടതി വിധികളോ ഒന്നും ഡല്‍ഹി പൊലീസ് പരിഗണിച്ചില്ല. ലോക്കല്‍ പൊലീസിനെ അറിയിച്ചു പോലുമില്ല. അന്തര്‍ സംസ്ഥാന അറസ്റ്റിന് ചില മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത് ഡല്‍ഹി ഹൈക്കോടതി ആയിരുന്നു.  അതാണ് ഡല്‍ഹി പൊലീസ് തന്നെ അട്ടിമറിച്ചത്. അവസാനം പട്യാല ഹൗസ് കോടതി തന്നെ ദിഷയെ കാണാന്‍ അഭിഭാഷകരെയും ബന്ധുക്കളെയും അനുവദിക്കുകയും ചെയ്തു. വനിതാ കമ്മീഷനും പ്രശ്നത്തില്‍ ഇടപെടുകയും പൊലീസ് നടപടിയില്‍ പ്രതിഷേധിക്കുകയും ചെയ്തു. ടൂള്‍കിറ്റില്‍ ദേശദ്രോഹപരമായി ഒന്നുമില്ലെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി ദീപക് ഗുപ്ത പറഞ്ഞതും ഡല്‍ഹി പൊലീസിന് തിരിച്ചടിയായി. 

കര്‍ഷക പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യൂണ്‍ബര്‍ഗ് സാമൂഹ്യമാധ്യമം വഴി പങ്കുവെച്ച ടൂള്‍കിറ്റ് (ഡിജിറ്റല്‍ ലഘുലേഖ) ഷെയര്‍ ചെയ്തതാണ് ഇവര്‍ ചെയ്ത കുറ്റം. പരിസ്ഥിതി സംരക്ഷണത്തില്‍ കര്‍ഷകര്‍ക്കുള്ള പങ്ക് പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ രണ്ട് മാസത്തിലധികമായി സമരം ചെയ്യുന്ന ഇന്ത്യന്‍ കര്‍ഷകര്‍ക്ക് സാര്‍വദേശീയ പിന്തുണ ലഭിക്കുന്നതും സ്വാഭാവികം. ലോകത്ത് നടക്കുന്ന വിമോചനപോരാട്ടങ്ങള്‍ക്കും അവകാശ സമരങ്ങള്‍ക്കും എന്നും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പാരമ്പര്യം ഇന്ത്യക്കുണ്ടായിരുന്നു. ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ ബഹുമാനിച്ചതും ഈ ആഗോള ഐക്യദാര്‍ഢ്യം കാരണമായിരുന്നു. ഇതിന്‍റെ ഭാഗമായി മാത്രമേ ഗ്രെറ്റയുടെ ഐക്യദാര്‍ഢ്യത്തെയും കാണേണ്ടതുള്ളു.  ഇന്ത്യയിലെ കര്‍ഷക പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഗ്രെറ്റയുടെ ടൂള്‍കിറ്റ് ഒരു പരിസ്ഥിതി പ്രവര്‍ത്തക എന്ന നിലയില്‍ ദിഷയും ഷെയര്‍ ചെയ്തു.  അതെങ്ങിനെയാണ് രാജ്യദ്രോഹമാകുന്നത്? സര്‍ക്കാരാണ്  ഇക്കാര്യം വിശദീകരിക്കേണ്ടത്.  പാക്കിസ്ഥാനുമായും ഖലിസ്ഥാനികളുമായും ടൂള്‍കിറ്റ് നിര്‍മാണത്തിന് ബന്ധമുണ്ടെന്നാണ് പ്രചാരണം. ഖലിസ്ഥാന്‍ അനുഭാവമുള്ളڅപോയറ്റിക് ജസ്റ്റീസ് ഫൗണ്ടേഷനുچ വേണ്ടി ദിഷയും നിഖിതയും ശന്തനുവും ചേര്‍ന്ന് ടൂള്‍കിറ്റ് തയ്യാറാക്കിയെന്ന്  ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്. എന്നാല്‍ വിശ്വസനീയമായ സ്ഥിരീകരണം ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.  ഓണ്‍ലൈന്‍ പ്രതിഷേധത്തിന് ടൂള്‍കിറ്റുകള്‍ ഉപയോഗിക്കുക എന്നത് സാര്‍വദേശീയമായി നടക്കുന്ന കാര്യവുമാണ്. കാര്‍ഷിക പ്രക്ഷോഭത്തെ പിന്തുണയ്ക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ദിഷ കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ദിഷയെ തടങ്കലിലാക്കിയിരിക്കുകയാണ്. 

രാജ്യം ഇന്ന് കര്‍ഷക പ്രക്ഷോഭത്തിന്‍റെ തീച്ചൂളയിലാണ്. രാജ്യത്തിന്‍റെ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് സമരം കൊടുങ്കാറ്റുപോലെ ആഞ്ഞുവിശുകയാണ്. സമരത്തെ തകര്‍ക്കാന്‍  ഗൂഢാലോചന നടത്തുന്നത് കേന്ദ്ര സര്‍ക്കാരും അവരെ നയിക്കുന്ന സംഘപരിവാരവുമാണ്. എന്നാല്‍ സമരത്തെ തകര്‍ക്കാനായി അവര്‍ നടത്തിയ എല്ലാ ശ്രമങ്ങളും വിഫലമായി. റിപ്പബ്ലിക്ക് ദിനമായ ജനുവരി 26 ന് ചെങ്കൊട്ടയില്‍ നടത്തിയ അട്ടിമറി നീക്കവും പാളിയതോടെയാണ് സര്‍ക്കാരിന്‍റെ പ്രതിഛായ തകര്‍ക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചന എന്ന സിദ്ധാന്തവുമായി മോഡി സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടുള്ളത്. കര്‍ഷകസമരത്തില്‍ നിന്നും നാള്‍തോറും വര്‍ധിക്കുന്ന ഇന്ധന വിലവിര്‍ധനക്കെതിരെ ഉയരുന്ന പ്രതിഷേധത്തില്‍ നിന്നും  റോക്കറ്റുപോലെ കുതിക്കുന്ന തൊഴിലില്ലായ്മ വിഷയത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ കൂടിയായിരിക്കണം  ദിഷ രവിയെ അറസ്റ്റ് ചെയ്തതെന്ന് സംശയിക്കുന്നതിലും തെറ്റില്ല.   

നിയമങ്ങളെല്ലാം അട്ടിമറിച്ച് നടത്തിയ ഈ അറസ്റ്റിനെതിരെ ഇന്ത്യയിലും ലോകത്താകെയും അതിശക്തമായ പ്രതിഷേധം ഉയരുന്നത് പ്രതീക്ഷ നല്‍കുന്നു.രാജ്യം പൊലീസ് രാഷ്ട്രമായി മാറുകയാണെന്ന് ടി എം കൃഷ്ണ വിലയിരുത്തുകയുണ്ടായി.  സി പി ഐ എം അടക്കം രാജ്യത്തെ പ്രതിപക്ഷ പാര്‍ടികള്‍, മനുഷ്യാവകാശڊ-പരിസ്ഥിതി സംഘടനകള്‍, നിയമ വിദഗ്ധര്‍ എന്നിവരെല്ലാം ദിഷ രവിയെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായ ഭാഷയില്‍ തന്നെ വിമര്‍ശിക്കുകയുണ്ടായി. ദിഷയുടെ അറസ്റ്റിനെതിരെ അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു. നാരി ശക്തിയും യുവശക്തിയും രാജ്യത്ത് യാഥാര്‍ഥ്യമാകുകയാണെന്ന് 2017 ല്‍ പ്രസംഗിച്ച മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെയാണ് സ്ത്രീകളെയും യുവജനങ്ങളെയും തുറുങ്കിലടയ്ക്കാന്‍ തയ്യാറാകുന്നത്. സ്ത്രീകളുടെ ശാക്തീകരണത്തെ മോഡി സര്‍ക്കാര്‍ ഭയക്കുകയാണെന്ന് കഴിഞ്ഞകാലത്തെ സംഭവ പരമ്പരകള്‍ തെളിയിക്കുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ തുടങ്ങി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലവരെയെത്തിയ സംഘപരിവാര്‍ ആക്രമണങ്ങള്‍ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 

രണ്ട് മാസത്തിലധികമായി തുടരുന്ന കര്‍ഷക സമരം മോഡി സര്‍ക്കാരിനെ പിടിച്ചുലച്ചിരിക്കുകയാണ്.  ആ സമരത്തിന് ലഭിക്കുന്ന വര്‍ധിച്ച പിന്തുണ അവരെ അസ്വസ്ഥമാക്കുകയാണ്. അതിന്‍റെ ഫലമായി സമരം റിപ്പോര്‍ട്ടുചെയ്യുന്ന മാധ്യമങ്ങളെയും സര്‍ക്കാര്‍ വേട്ടയാടുകയാണ്. കാരവന്‍ മാഗസിനുവേണ്ടി കര്‍ഷകസമരം റിപ്പോര്‍ട്ട് ചെയ്ത മന്ദീപ് പുനിയയെ അറസ്റ്റ് ചെയ്യുകയുണ്ടായി. സ്ഥലവാസികള്‍ എന്ന മറവില്‍ കര്‍ഷകരെ ആക്രമിച്ചവര്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് റിപ്പോര്‍ട്ട് ചെയ്തതാണ് പുനിയക്കെതിരെ തിരിയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. സിഎഎ വിരുദ്ധ പ്രക്ഷോഭവും കര്‍ഷകസമരവും നന്നായി റിപ്പോര്‍ട്ട് ചെയ്ത ന്യൂസ്ക്ലിക്ക് എന്ന ഡിജിറ്റല്‍ മാധ്യമത്തെയും സര്‍ക്കാര്‍ വേട്ടയാടി. ന്യൂസ്ക്ലിക്കിന്‍റെ ഓഫീസും എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ഥയുടെ വീടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്യുകയുണ്ടായി. നാല് ദിവസമാണ് റെയ്ഡ് തുറന്നത്. അതുപോലെതന്നെ കര്‍ഷകസമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത രാജ്ദീപ് സര്‍ദേശായി, സഫര്‍ ആഗ, മൃണാള്‍ പാണ്ഡെ, വിനോദ് കെ ജോസ് എന്നിവര്‍ക്കെതിരെയും കേസെടുക്കുകയുണ്ടായി. കോടതി ഇടപെട്ടതിനാലാണ് അറസ്റ്റു വൈകുന്നത്. 'ദ വയറി'ന്‍റെ എഡിറ്റര്‍ ഇന്‍ ചീഫ് സിദ്ധാര്‍ഥ് വരദരാജനെതിരെയും യുപി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ സര്‍ക്കാര്‍ എജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുക എന്നത് പതിവ് രീതിയായി മാറിയിരിക്കുന്നു. ഇഡി യെ മാത്രമല്ല ആദായ നികുതി വകുപ്പിനെയും ദേശീയ അന്വേഷണ ഏജന്‍സിയെയും സിബിഐയെപോലും ഉപയോഗിക്കുകയാണ്. എല്ലാ സമരങ്ങളിലും ഗൂഢാലോചന കാണുന്നതും ജനാധിപത്യത്തിന്‍റെ ശബ്ദത്തെ അടിച്ചമര്‍ത്തുന്നതും ഫാസിസത്തിന്‍റെ രീതിയാണ്. ടൂള്‍ കിറ്റ് കേസ് ഓര്‍മിപ്പിക്കുന്നതും ഇതുതന്നെയാണ്. •