പരിമിതികളെ സാധ്യതയാക്കിയ ഐഎഫ്എഫ്കെ-25
രാധാകൃഷ്ണന് ചെറുവല്ലി
വേറൊരു സാഹചര്യത്തിലായിരുന്നെങ്കില്‍ നാം കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ എക്കാലത്തും ഓര്‍മയില്‍ സൂക്ഷിക്കേണ്ട ഒന്നാക്കി മാറ്റുമായിരുന്നു. കോവിഡ്കാലം മനുഷ്യസമ്പര്ക്കത്തെ സ്ക്രീന്‍കൊണ്ട് മറച്ചു. സിനിമ എന്ന മഹാ അനുഭവത്തെ ഒ ടി ടി പ്ലാറ്റ്ഫോം എന്ന ചെറിയ ചതുരത്തിനുള്ളിലേക്ക് നാം പരിവര്‍ത്തനം ചെയ്യുകയായിരുന്നല്ലോ. നടക്കുമോ ഇല്ലയോ എന്ന സന്ദേഹം ഐഎഫ്എഫ്കെ-25 ഉം ആയി ബന്ധപ്പെട്ട് നിലനിന്നപ്പോഴും കോവിഡ് മുന്‍കരുതലുകള്‍ ഉറപ്പിച്ച് മേള നടത്താന്‍ ധൈര്യം കാണിച്ച ചലച്ചിത്ര അക്കാദമിയും സാംസ്കാരിക വകുപ്പും അഭിനന്ദനം അര്‍ഹിക്കുന്നു. നാല് നഗരങ്ങളിലായി 2021 ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 5 വരെ നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവം അക്കാരണത്താല്‍തന്നെ ചരിത്രം സൃഷ്ടിച്ചു. തിരുവനന്തപുരത്തുനിന്നും ചലച്ചിത്രമേള സ്ഥിരമായി മാറ്റുകയാണോ എന്ന സന്ദേഹമുയര്ന്നുവെങ്കിലും അക്കാര്യത്തില്‍ ചലച്ചിത്ര അക്കാദമിയും സാംസ്കാരിക വകുപ്പ് മന്ത്രിയും നല്കിയ ഉറപ്പ് ചലച്ചിത്രാസ്വാദകര്‍ മുഖവിലയ്ക്കെടുത്തു. ഉത്സവഛായയില്‍ കുറവുവന്നിട്ടുണ്ടെങ്കിലും കൊച്ചി, പാലക്കാട്, തലശ്ശേരി എന്നീ നഗരങ്ങളിലേക്കുകൂടി വ്യാപിച്ച മേള ഒരു പാന്‍ കേരള അനുഭവമായി മാറും. ഓരോ പ്രതിസന്ധിയും പുതിയൊരു പരിഹാരത്തിന്റെ അവസരംകൂടിയാണല്ലോ.
ലോകത്തെമ്പാടുമുള്ള ചലച്ചിത്രമേളകള്‍ മാറ്റിവയ്ക്കപ്പെടുകയോ വെര്‍ച്വല്‍ സ്ക്രീനിങ്ങായി മാറുകയോ ചെയ്തപ്പോള്‍ ഫിസിക്കല്‍ സ്ക്രീനിങ്ങും വെര്‍ച്വല്‍ സംവാദങ്ങളുമായി ഐഎഫ്എഫ്കെ മുന്നോട്ടുപോയി എന്ന കാര്യം അഭിമാനകരമാണ്.
സമഗ്ര സംഭാവനയ്ക്കുള്ള ഐഎഫ്എഫ്കെ-25ന്റെ അവാര്‍ഡിന് അര്‍ഹനായത് ഴാങ് ലുക് ഗൊദാര്‍ദാണ്. ഫ്രഞ്ച് നവ സിനിമയുടെ പ്രയോക്താക്കളില്‍ ഒരാളാണദ്ദേഹം. സിനിമയുടെ രൂപവും ഉള്ളടക്കവും സംബന്ധിച്ചും കുലീനവും സാധാരണവുമായ ആസ്വാദന സങ്കല്പനങ്ങളുടെ ദ്വന്ദ്വാത്മകത സംബന്ധിച്ചും ശബ്ദവും ദൃശ്യവും തമ്മിലുള്ള സങ്കലനം സംബന്ധിച്ചും നിരന്തരമായി സംഘര്ഷത്തിലേര്പ്പെടുന്നതായിരുന്നു ഗൊദാര്‍ദിന്റെ സിനിമകള്‍. ഇടതുപക്ഷ നിലപാടുകള്‍ ആന്തരികവല്ക്കരിക്കപ്പെട്ട ചലച്ചിത്രകാരനാണ് ഗൊദാര്‍ദ്. 1960ല്‍ പുറത്തുവന്ന ബ്രത്ത്ലസ്, ചലച്ചിത്രത്തിന്റെ നാളിതുവരെയുള്ള രൂപത്തെയും ഉള്ളടക്കത്തെയും ഉദ്ഘോഷിക്കുന്നതായിരുന്നു. കച്ചവട സിനിമയുടെ എല്ലാ രുചിക്കൂട്ടുകളെയും ഗൊദാര്‍ദ് നിരാകരിച്ചു. ഗൊദാര്‍ദിന്റെ ഓരോ സിനിമയും വ്യവസ്ഥാപിത മൂല്യങ്ങളോടുള്ള കലാപങ്ങളായിരുന്നു. 1930ല്‍ പാരീസില്‍ ജനിച്ച ഗൊദാര്‍ദ് തന്റെ 90-ാം വയസ്സിലും പ്രതീക്ഷവറ്റാതെ നിലനില്ക്കുന്നു. ചുരുട്ടും കടിച്ചുപിടിച്ച് ഐഎഫ്എഫ്കെ-25 നല്കിയ പുരസ്കാരത്തില്‍ സന്തോഷം രേഖപ്പെടുത്തിയ ഈ മഹാനായ കലാകാരന്റെ സിനിമകള്‍ എക്കാലത്തും സിനിമയുടെ പാഠപുസ്തകമായിരിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകകാരണം ചലച്ചിത്രമേളയില്നിന്നും ഉത്സവത്തിമിര്‍പ്പ് ഒഴിഞ്ഞുപോയിരുന്നു. എങ്ങനെയെന്നറിയില്ല ഒരുതരം സങ്കടം മുറ്റിനിന്നപോലെ. ഒന്നാം മേളമുതല്‍ ഒപ്പമുണ്ടായിരുന്ന പലരും ഇന്നില്ല; സംഘാടകരും ഡലിഗേറ്റുകളും, പലരും ചിത്രങ്ങളായി, ഓര്‍മകളായി മേളയ്ക്കൊപ്പം ഉണ്ടായിരുന്നു. അജ്ഞാതരായ എത്രയോ പേര് ഇന്നില്ല. ചങ്ങാതിമാരായി ആഹ്ലാദാരവങ്ങളുമായി തിയേറ്റര്തൊട്ട് തിയേറ്റര്‍വരെ ഒപ്പം ഓടിയവര്‍. എന്നാല്‍ പുതിയ മനുഷ്യര്‍ ചുറുചുറുക്കോടെ സിനിമ എന്ന മഹാ അനുഭവം നുകരാന്‍ പായുന്നുണ്ടായിരുന്നു.
ഉദ്ഘാടനച്ചടങ്ങുകള്‍ നടന്ന നിശാഗന്ധിയില്‍ ആരും തിക്കിത്തിരക്കിയില്ല. എല്ലാവര്ക്കും പക്വതവന്നപോലെ. വെര്‍ച്വലായും നേരിട്ടുമെത്തിയ പ്രമുഖര്‍ മേളയുടെ ആവേശമായി. ഗൊദാര്‍ദ് തന്റെ സന്ദേശവുമായെത്തി. സിനിമയെന്ന നിത്യയൗവനമായി നമുക്ക് ഗൊദാര്‍ദിനെ വായിക്കാം.
ഉദ്ഘാടനചിത്രം
(Quo Vadis Aida)
എന്തുകൊണ്ടും ഉചിതമായി ഉദ്ഘാടന ചിത്രം. ക്വിവോ വാദിസ് ഐഡ (Quo Vadis Aida) - ജസ്മിലാ സബാനിക് തിരക്കഥയെഴുതി സംവിധാനംചെയ്ത ഈ സിനിമ കണ്ടുതീരുമ്പോള്‍ നാം ബോസ്നിയാ-ഹെര്സോഗോവിനയെ ഓര്‍ത്തല്ല ഉത്കണ്ഠപ്പെടുന്നത്. ഇന്ത്യയെന്ന ഈ ബഹു വംശ-ജാതി-മത രാജ്യത്ത് ആഭ്യന്തരമായി ഒരു യുദ്ധമുണ്ടായാല്‍ ഈ സിനിമയില്‍ കണ്ടതിലും എത്രയോ ഭീതിദമായിരിക്കും കാര്യങ്ങള്‍ എന്ന അലട്ടല്‍ നമ്മെ വിട്ടുമാറില്ല. 1995ല്‍ നടന്ന സെബറനിക്ക കൂട്ടക്കൊലയെ ആസ്പദമാക്കിയാണീ ചിത്രം. 8,000ല്‍ ഏറെ ബോസ്നിയന്‍ മുസ്ലീങ്ങള്‍ ഇവിടെ കൂട്ടക്കൊലയ്ക്കിരയായി. മനുഷ്യത്വത്തിനെതിരായ കുറ്റത്തിന് വിചാരണ നേരിടുന്ന റാത്കോ മ്ലാഡിക് എന്ന ജനറലാണ് ഈ കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയത്. സെബറനിക്കയിലെ യുഎന്‍ ബെയ്സില്‍ ദ്വിഭാഷിയായി ജോലിനോക്കുകയാണ് ഐഡ. യുഎന്‍ സേനയുടെ നിസ്സഹായതയും നിഷ്ക്രിയത്വവും ഐഡ നേരില്‍ കാണുന്നു. സുരക്ഷിതമേഖലയെന്ന് വിളിക്കുന്ന യുഎന്‍ ക്യാമ്പില്‍ അരങ്ങേറുന്ന അരാജകത്വവും ചോരയുറയുന്ന ക്രൂരതയും ഐഡ കാണുകമാത്രമല്ല അനുഭവിക്കുകയും ചെയ്യുന്നു. യുഎന്‍ ക്യാമ്പില്‍ അഭയം പ്രാപിക്കാന്‍ എത്തുന്നവരെ ഡച്ച് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തുന്നു. അക്കൂട്ടത്തില്‍ ഐഡയുടെ ഭര്‍ത്താവും യുവാക്കളായ രണ്ടു മക്കളുമുണ്ട്. അഭയാര്ഥികള്ക്കിടയില്നിന്നും ഭര്‍ത്താവിനെയും മക്കളെയും രക്ഷിച്ച് ക്യാമ്പിലൊളിപ്പിക്കുകയും ഒടുവില്‍ അവര്‍ പിടിക്കപ്പെടുമ്പോള്‍ നിസ്സഹായയായിത്തീരുകയും ചെയ്യുന്നു ഐഡ. ആണുങ്ങളെയും പെണ്ണുങ്ങളെയും വേര്‍തിരിച്ചശേഷം ആണുങ്ങളെ അടച്ചിട്ട മുറിയില്‍ യന്ത്രത്തോക്കിനിരയാക്കുന്നു. ഐഡയുടെ ദുഃഖം സോഷ്യലിസ്റ്റു രാജ്യം തകര്‍ന്നതോടെ സ്വത്വത്തിന്റെയടിസ്ഥാനത്തില് ചിന്നിച്ചിതറിപ്പോയ മുഴുവന്‍ മനുഷ്യരുടെയും ദുഃഖമാണ്. സോഷ്യലിസം അല്ലെങ്കില്‍ ബാര്‍ബറിസം എന്ന നിരീക്ഷണം എത്ര ശരിയെന്ന് നാം പറയും ഈ ചിത്രം കാണുമ്പോള്‍. അത്ഭുതകരമാണീ ചിത്രത്തിന്റെ നിര്‍മ്മിതി. ഓരോ നിമിഷവും സംഘര്‍ഷഭരിതമാണ്. കണ്ടുതീര്‍ക്കാന്‍ നന്നെ വിഷമിക്കും. അത്രമേല്‍ ശക്തമായ ആഘാതമാണീ ചിത്രം നമ്മില്‍ ഏല്പിക്കുന്നത്. ജസ്നഡ്രൂയിസിക് എന്ന അതുല്യ നടിയുടെ പ്രകടനം ഈ ചിത്രത്തിന്റെ ജീവനാണ്.
കോവിഡ് നിയന്ത്രണങ്ങളും കര്‍ശനമായ റിസര്‍വേഷന്‍ നടപടികളും കാരണം ഉദ്ദേശിച്ച ചിത്രങ്ങള്‍ പലതും കാണാനായില്ല. എങ്കിലും മികച്ച ചിത്രങ്ങള്‍ ചിലതു കാണാനായി. അതില്‍ ശ്രദ്ധേയമായ ചിത്രങ്ങളെപ്പറ്റി ചിലതു പറയാം.
ദെയര്‍ ഈസ് നോ ഈവിള്‍
'സാത്താന് നിലനില്ക്കുന്നില്ല' എന്ന പേര്‍ഷ്യന്‍ പേരിലുള്ള ചിത്രമാണിത്. 2020ലെ ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ബെയര്‍ അവാര്‍ഡുനേടിയ ഈ ചിത്രം സംവിധാനംചെയ്തത് മൊഹമ്മദ് റൗസലോഫാണ്. നാല് ചെറു സിനിമകള്‍ ഒരു കേന്ദ്ര വിഷയത്തിന്മേല് എന്ന പ്രത്യേകത ഈ ചിത്രത്തിന് അവകാശപ്പെടാം. ഇറാനിയന്‍ അധികാരികളുടെ നോട്ടപ്പുള്ളിയാണ് റൗസലോഫ്. തന്റെ അസിസ്റ്റന്റുമാരെ ഉപയോഗിച്ചാണ് ഓരോ ചിത്രവും ചെയ്തത്. മുഴുനീള ചിത്രത്തിന് അനുമതി ലഭിക്കില്ല എന്ന് ഉറപ്പുള്ളതിനാലാണ് ഷോര്‍ട്ട് ഫിലിമുകള്‍ക്കായി അനുമതി വാങ്ങിയത്. അനുമതി അപേക്ഷയിലെങ്ങും റൗസലോഫിന്റെ പേര് ചേര്‍ത്തിരുന്നില്ല. നിര്മാണശേഷം ഒറ്റചിത്രമായി മാറ്റുകയായിരുന്നു രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ നാല് ചെറുസിനിമകളിലെയും മുഖ്യ കഥാപാത്രങ്ങള്‍ വധശിക്ഷ നടപ്പിലാക്കാന്‍ വിധിക്കപ്പെട്ട ഉദ്യോഗസ്ഥരാണ്. കൊല്ലപ്പെടുന്നവര്‍ എല്ലാംതന്നെ രാജ്യത്തോട് കലഹിച്ചവരും. അരും കൊലകള്‍ നിര്‍വഹിച്ചശേഷം ഒന്നും സംഭവിക്കാത്തപോലെ ദൈനംദിന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവരും കുറ്റബോധംകൊണ്ട് സാധാരണ ജീവിതം അസാധ്യമായവരും അക്കൂട്ടത്തിലുണ്ട്.ദെയര്‍ ഈസ് നോ ഈവിള്‍ എന്ന ആദ്യ ചിത്രം അതിന്റെ നിഗൂഢതകൊണ്ട് ശ്രദ്ധേയമാണ്. കൂറ്റന്‍ മതില്‍ക്കെട്ടുള്ള ഒരു കെട്ടിടത്തില്‍നിന്നും ഇറങ്ങി റേഷന്‍ സാധനങ്ങള്‍ കാറില്‍ കയറ്റി ഭാര്യയെയും മകളെയും കൂട്ടി ഷോപ്പിങ് നടത്തി ഐസ്ക്രീം നുണഞ്ഞ് അമ്മയെ കാണാനെത്തുന്ന ഹെസ്മത്തിനെയാണ് ചിത്രത്തില്‍ നാം കാണുന്നത്. അവസാനത്തെ ഒറ്റ സീന്‍ സിനിമയെ ആകെ അട്ടിമറിക്കുന്നു. ലിവര്‍ വലിക്കുന്ന ശബ്ദം. അഞ്ച് ജോഡി കാലുകള്‍. ഷൂവില്നിന്നും ഒലിച്ചിറങ്ങുന്ന മൂത്രം. തൂക്കിക്കൊല എന്ന അങ്ങേയറ്റം മനുഷ്യവിരുദ്ധമായ 'കുറ്റം' ചെയ്തിട്ടും ഒരു കുറ്റബോധവും തോന്നാത്ത ഹെസ്മത്ത്. കുറ്റം ഭരണകൂടത്തിന്റേതാകുമ്പോള് നടപ്പാക്കുന്നവനെന്തിന് കുറ്റബോധം?
രണ്ടാമത്തെ ചിത്രമായ 'അവള് പറഞ്ഞു നിനക്കതു ചെയ്യാനാകും', വ്യത്യസ്തമായ കഥയാണ് പറയുന്നത്. അധികാരികളെ കബളിപ്പിച്ച് നായകന് വധശിക്ഷ നടപ്പിലാക്കാനുള്ള ചുമതല നിര്‍വഹിക്കാതെ കാമുകിക്കൊപ്പം രക്ഷപ്പെടുന്നു. ഒരുപക്ഷേ ഈ നാലു ചിത്രങ്ങളില്‍ ഏറ്റവും ശക്തമായത് 'ബര്‍ത്ത് ഡേ എന്നു പേരുള്ള മൂന്നാമത്തെ ചിത്രമാണ്. ഒരു വധശിക്ഷ നടപ്പാക്കിയതിന്റെപേരില്‍ ലഭിച്ച മൂന്നുദിവസത്തെ അവധിയുമായി കാമുകിയുടെ ജന്മദിനം ആഘോഷിക്കാന്‍ മലയോര ഗ്രാമത്തിലെത്തുന്ന സൈനികന് തിരിച്ചറിയുന്നു താന്‍ കൊന്നത് അവള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരുവനെ ആയിരുന്നുവെന്ന്.
നാലാമത്തെ ചിത്രം 'കിസ് മി' നമ്മെ അസ്വസ്ഥമാക്കുന്ന ഒന്നാണ്. ജര്‍മനിയില്‍നിന്നും ദരിയ എന്ന യുവതി തന്റെ അമ്മാവന്റെ ഇറാനിലുള്ള മലയോര വസതിയില്‍ എത്തുന്നു. ഒടുവില്‍ അവള് തിരിച്ചറിയുന്നു. അമ്മാവന് എന്നു വിളിക്കുന്നയാളാണ് യഥാര്‍ഥ പിതാവെന്ന്. അവരുടെ കുടുംബ രഹസ്യം അയാള്‍ വെളിപ്പെടുത്തുന്നു. ഭരണകൂടത്തിന് സഹായം ചെയ്തതിലുള്ള കുറ്റബോധം വേട്ടയാടുന്ന 'അമ്മാവന്' മാപ്പുനല്കാന് അവള്‍ക്കാകുമോ?
മനുഷ്യനുള്ളില്‍ കുടികൊള്ളുന്ന തിന്മയ്ക്കെതിരെ പൊരുതാന്‍ ഒരുവന് കഴിയുമോ എന്ന മൗലികമായ ചോദ്യം ഉയര്‍ത്തുകയാണ് ഈ സിനിമ. ഒപ്പം ഭരണകൂട ഭീകരതയുടെ ഞെട്ടിപ്പിക്കുന്ന മുഖം അനാവരണം ചെയ്യും. ഒന്നിനൊന്നു മികച്ചതാണിതിലെ നാല് ചിത്രങ്ങളും. ചുരുക്കിപ്പറയലിന്റെ, സെന്‍സര്‍ നിയമങ്ങള്‍ സര്‍ഗാത്മകമായി മറികടക്കുന്നതിന്റെ സൂക്ഷ്മത ഈ ചിത്രത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു.
മെമ്മറി ഹൗസ്
വര്‍ണവിവേചനവും വംശീയതയും ക്രിസ്റ്റോവം എന്ന കറുത്തവര്‍ഗക്കാരനായ തൊഴിലാളിയെ എപ്രകാരം അപമാനവീകരിക്കുന്നു എന്നാണീ ചിത്രം കാട്ടിത്തരുന്നത്. ബ്രസീലിനുള്ളിലുള്ള പഴയൊരു ഓബ്രിയന് കോളനി പ്രദേശത്തെ ഡയറി ഫാമില്‍ അയാള്‍ ജോലിനോക്കുന്നു. അയാളുടെ വേതനം വെട്ടിക്കുറയ്ക്കുമ്പോഴും വെള്ളക്കാരുടെ കൗമാരക്കാരായ കുട്ടികള്‍ അയാള്‍ക്കു നേരെ റബര്‍ ബുള്ളറ്റ് വര്‍ഷിക്കുമ്പോഴും അയാള്‍ക്കൊന്നും ചെയ്യാനാവുന്നില്ല. പഴയൊരു വീടിന്റെ ചുമരുകളില്‍നിന്നും തന്റെ ഗോത്ര പാരമ്പര്യത്തിന്റെ അടയാളങ്ങള്‍ കണ്ടെത്തുന്ന ക്രിസ്റ്റോവം അതിനെ പ്രതിരോധിക്കാനുള്ള ആയുധമാക്കി തിരിച്ചടിക്കുന്നു. ജോവോപോളോ മിരാന്റ സംവിധാനംചെയ്ത ഈ ബ്രസീലിയന്‍ ചിത്രത്തിന് 2020ലെ ചിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ 'റോജര്‍ എഗ്ബര്ട് പുരസ്കാരം ലഭിച്ചിരുന്നു.
ബേഡ് വാച്ചിങ്
ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ് ബേഡ് വാച്ചിങ് (പക്ഷിനിരീക്ഷണം). മെക്സിക്കന്‍ സംവിധായകയായ ആന്ധ്രിയ മാര്‍ട്ടിനസ് ക്രൗത്തര്‍ തിരക്കഥയും എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രമാണത്. ആന്ധ്രിയ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. വൈദ്യശാസ്ത്രത്തിന് പിടികൊടുക്കാതെ മനുഷ്യന്റെ ഓര്‍മകളെ മായ്ച്ചുകളയുന്ന അള്‍ഷിമേഴ്സ് ആണ് ഈ സിനിമയിലെ മുഖ്യ കഥാപാത്രം. നിങ്ങളുടെ ഓര്‍മകളുടെ അറകള്‍ ഒന്നൊന്നായി ഒഴിയുന്നു. ബാല്യം, കൗമാരം, പ്രണയം, കുടുംബം പരിസരം ഒക്കെയും ഓര്‍മ്മയില്‍നിന്നും മാഞ്ഞുപോകുന്ന അവസ്ഥയെ ഒരാള്‍ എങ്ങനെ നേരിടും. പണ്ഡിതയും അധ്യാപികയുമായ ലെന എന്ന എഴുത്തുകാരി താന്‍ മറവിരോഗത്തിനിരയായ കാര്യം മനസ്സിലാക്കുന്നു. മറവിയിലേക്ക് മറയുന്നതിനുമുമ്പ് മറവി കടന്നുവരുന്ന വഴികള്‍ ഒരു ഡോക്യുമെന്ററിയായി പകര്‍ത്താന്‍ ലെന തീരുമാനിക്കുന്നു. അത്യാധുനികമായ ക്യാമറ കൈവശപ്പെടുത്തി എല്ലാം ചിത്രീകരിക്കാന്‍ തുടങ്ങുന്നു. ഓര്‍മ്മകളില്‍നിന്നും അപ്രത്യക്ഷമാകുന്നതിനുമുമ്പേ ഇരുപതാം വയസ്സില്‍ തന്റെ ജീവിതപങ്കാളിയായ ഹെന്റിക്, മക്കള്‍ കുടുംബം യാത്രകള്‍ എന്നിവയെയെല്ലാം അവര്‍ പുനര്‍ സന്ദര്‍ശിക്കുന്നു. പക്ഷിനിരീക്ഷകനായ ഹെന്റിക് മരണമടഞ്ഞുവെങ്കിലും ഒപ്പമുണ്ട്. ഹെന്റിക്കിന് കമ്പം പക്ഷിനിരീക്ഷണമെങ്കില് ലെനയ്ക്കത് കവിതയാണ്. കവിതയും ചെടികളും പക്ഷികളും ആകാശവും നടപ്പാതകളും ഒരു വട്ടംകൂടി ആര്‍ത്തിയോടെ ലെന കണ്ടും അനുഭവിച്ചും തീര്‍ക്കുന്നു. ഒരു ഘട്ടം കഴിയുമ്പോള്‍ ഓര്‍മ്മകള്‍ കൈവിടുന്നതുമൂലം തന്റെ ജീവിതം ചിത്രീകരിക്കാന്‍ കഴിയാതെ വരുമ്പോള്‍ ലെന തനിക്കറിയാവുന്ന ചലച്ചിത്രകാരിയായ ആന്ധ്രിയയുടെ സഹായംതേടുന്നു. ലെന ഓര്‍മകള്‍ നഷ്ടപ്പെട്ട് വിസ്മൃതിയുടെ പൂര്‍ണതയിലേക്ക് കടക്കുംവരെയുള്ള ജീവിതം ഇരു സ്ത്രീകളും അനുഭവിക്കുന്നു. അതെല്ലാം ചിത്രീകരിക്കുന്നു. അവര്‍ ചിത്രീകരിച്ച സിനിമയ്ക്ക് അവര്‍ നല്കുന്ന പേരാണ് ബേഡ് വാച്ചിങ്. വേദനാജനകമായ ഒരു ജീവിതാവസ്ഥയെ ഹൃദയത്തില്‍ തുളച്ചുകയറുന്നൊരു കവിതപോലെ ആസ്വാദ്യമാക്കിയ സംവിധായികയെ നമുക്ക് അഭിനന്ദിക്കാതിരിക്കാനാവില്ല.
ദ വേസ്റ്റ്ലാന്റ്
ഇറാനിയന്‍ സംവിധായകനായ അഹമ്മദ് ബഹ്റാമിയുടെ ദ വേസ്റ്റ്ലാന്റ് അഥവാ തരിശുഭൂമി, മനുഷ്യജീവിതാവസ്ഥകളെ തരിശ്ശാക്കിക്കൊണ്ടിരിക്കുന്ന മുതലാളിത്തത്തെ പ്രതീകവല്‍ക്കരിക്കുകയാണ്. ഒരു ഇഷ്ടികക്കളമാണിവിടെ ഭൂമിക. വിവിധ വംശങ്ങളില്‍പെട്ട തൊഴിലാളികള്‍ ഉള്ള ഈ ഇഷ്ടികക്കളത്തില്‍ ഉടമയ്ക്കും തൊഴിലാളികള്‍ക്കും ഇടയിലെ പാലമാണ് ലൊട്ട്ഫോല്ലാഹ്. അയാള്‍ ഇരുകൂട്ടരെയും അറിയുന്നു. എന്നാല്‍ പ്രതികരിക്കുന്നില്ല. അയാള്‍ അവിടെ ജനിച്ചവനാണ്. നാല്പതു വയസ്സുണ്ടയാള്‍ക്ക്. അയാള്‍ക്ക് ഒരുവളോട് തോന്നുന്ന പ്രണയം തുറന്നു പറയാനാകുന്നില്ല. അവള് ഇടയ്ക്കിടെ ബോസിനെ സന്ദര്‍ശിക്കുന്നത് എന്തിനാണെന്നും അയാള്‍ക്കറിയാം. മുതലാളി നിരന്തരം തൊഴിലാളികളെ വിളിച്ചുചേര്‍ത്ത് പറയുന്നു. ഇഷ്ടിക നിര്‍മാണം നഷ്ടത്തിലാണ്. ബാങ്കുവായ്പ തിരിച്ചടയ്ക്കാനാവുന്നില്ല. പലരും ഈ രംഗത്തുനിന്നും പിന്മാറി. സിമന്റ് ബ്ലോക്കുകള്‍ ഇഷ്ടികയെ പിന്തള്ളുന്നു. ഈ വര്‍ത്തമാനം ഓരോ പതിനഞ്ചു മിനിറ്റിലും ആവര്‍ത്തിക്കപ്പെടുന്നു. ഒടുവില്‍ മുതലാളി ഇഷ്ടകക്കളം വിറ്റുകിട്ടുന്ന കാശുമായി നഗരത്തിലേക്ക് പോകുന്നു. തൊഴിലാളികള്‍ അവരവരുടെ ഗ്രാമങ്ങളിലേക്കും. ലോട്ട്ഫെല്ലോഹിന്റെ പ്രണയവും; മുതലാളിക്കൊപ്പം കാറില്‍കയറി നഗരത്തിലേക്ക് പോകുമ്പോള്‍ അയാള്‍ ഇഷ്ടികക്കളത്തിനുള്ളില് തന്റെ ജീവിതം ഹോമിക്കുന്നു. 2020ലെ വെനീസ് ചലച്ചിത്രമേളയിലും സിങ്കപ്പൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രം മനുഷ്യരില്‍ നിഷ്ക്രിയത്വമായി പരിണമിച്ചുകൊണ്ടിരിക്കുന്ന നൈരാശ്യത്തിന്റെ പഠനമാണ്.
വികസ്വരരാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്ക്കാണീ മേളയില്‍ മുന്‍തൂക്കം. മാനവികതയ്ക്കും ജനാധിപത്യത്തിനും വേണ്ടി ക്യാമറ കൈയിലെന്തിയ കലാകാരന്മാരെ അനുസ്മരിക്കാനും പോയ ഒരു വര്‍ഷക്കാലത്തെ ലോകവും ജനജീവിതവും എപ്രകാരമായിരുന്നു എന്ന് നേരിട്ടറിയാനും ഐഎഫ്എഫ്കെ-25 സഹായകരമായി. പ്രത്യാശയുടേതല്ല നൈരാശ്യത്തിന്റേതായിരുന്നു പോയ വര്‍ഷത്തെ ലോകം. എന്നാല്‍ മിന്നല്‍ വെട്ടം പോലെ ചിലത് ഫ്രെയിമുകളില്‍ മിന്നിമറയാതെയുമിരുന്നില്ല. ഒരു തീപ്പൊരി മതിയല്ലോ നമുക്ക് പെരുംതീയാക്കി മാറ്റാന്‍. •