ഉമ്മന്‍ചാണ്ടി ഭരണം: നിയമനം സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും!

തിരഞ്ഞെടുപ്പ് കാമ്പെയ്ന്‍

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഇതുവരെ നടത്തിയ എല്ലാ കുത്സിത നീക്കങ്ങളും പരാജയപ്പെട്ടപ്പോള്‍ "പിഎസ്സിയെ മറികടന്ന് പിന്‍വാതില്‍ നിയമനം" എന്ന പുകമറ സൃഷ്ടിച്ച് ഉദ്യോഗാര്‍ഥികളായ ഒരുകൂട്ടം ചെറുപ്പക്കാരെ കോമാളികളാക്കി കോണ്‍ഗ്രസും ബിജെപിയും അവരെക്കൊണ്ട് കുട്ടിക്കുരങ്ങന്മാരെപ്പോലെ ചുടുചോറുവാരിക്കുകയാണ്. നിയമനനിരോധനം കൊണ്ടുവന്നും തസ്തികകള്‍ വെട്ടിക്കുറച്ചും കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ച ചരിത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ളത്. പിഎസ്സി പരീക്ഷ എഴുതി കാത്തുനിന്നവരെ ഒഴിവാക്കിയും അല്ലാതെയും സ്വന്തക്കാരെ വിവിധ വകുപ്പുകളില്‍ നിയമിച്ചു. അവരില്‍ ചില പ്രമുഖര്‍ ഇതാ.
►    ഉമ്മന്‍ചാണ്ടിയുടെ ബന്ധുവായ കുഞ്ഞ്ഇല്ലംപള്ളി - കോ-ഓപ്പറേറ്റീവ് സര്‍വീസസ് ചെയര്‍മാന്‍.
►    സ്പീക്കര്‍ ജി കാര്‍ത്തികേയന്‍റെ ഭാര്യ എം ടി സുലേഖ-സര്‍വ വിജ്ഞാനകോശം ഡയറക്ടര്‍. 
►    മന്ത്രി അനൂപ് ജേക്കബിന്‍റെ ഭാര്യ അനില മേരി വര്‍ഗീസ്-ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, മന്ത്രി സഹോദരി അമ്പിളി ജേക്കബ്-കേരള            സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ മാര്‍ക്കറ്റിങ് മാനേജര്‍.
►    ചെന്നിത്തലയുടെ അനിയന്‍ കെ വേണുഗോപാല്‍ - കേരള ഫീഡ്സ് എംഡി.
►    മന്ത്രി വി എസ് ശിവകുമാറിന്‍റെ അനിയന്‍ വി എസ് ജയകുമാര്‍ - ശബരിമല എക്സിക്യൂട്ടീവ് ഡയറക്ടര്‍.
►    മുസ്ലീംലീഗ് അധ്യാപക സംഘടനാ നേതാവ് പി നസീര്‍ - ന്യൂനപക്ഷ വകുപ്പ് ഡയറക്ടര്‍.
►    സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവ് എര്‍ഷാദിന്‍റെ ഭാര്യ ഹമീദ - നോര്‍ക്കറൂട്സ്
►    ആര്‍ സെല്‍വരാജിന്‍റെ മകള്‍ - വെയര്‍ഹൗസിങ് കോര്‍പറേഷന്‍ അസിസ്റ്റന്‍റ് മാനേജര്‍.
►     ഉമ്മന്‍ചാണ്ടിയുടെ ഡ്രൈവറുടെ മകള്‍ സബിതയ്ക്ക് നോര്‍ക്കയില്‍ നിയമനം.
►     എക്സൈസ് മന്ത്രി കെ ബാബുവിന്‍റെ പി ആര്‍ ഒ ജലീഷ് പീറ്ററിന് സര്‍ക്കാര്‍ സെക്രട്ടറിക്ക് സമാനമായ തസ്തികയില്‍ ഡയറക്ടറായി             നിയമനം. 
►     കേരള സംസ്ഥാന കൈത്തറി വികസന കോര്‍പറേഷനില്‍ 13 പേര്‍ക്ക് അനധികൃത നിയമനം. 
►     കേരളഹൗസില്‍ 2 മുതല്‍ 4 വര്‍ഷംവരെ മാത്രം ജോലിചെയ്ത 40 പേരെ മാനദണ്ഡങ്ങളെല്ലാം മറികടന്ന് സ്ഥിരപ്പെടുത്തി രണ്ടു                           ഘട്ടമായി മൊത്തം 70 പേര്‍ക്ക് സ്ഥിരം നിയമനം.
►     ഇടതുസര്‍ക്കാര്‍ പിഎസ്സിയ്ക്കുവിട്ട കെഎസ്ആര്‍ടിസി തസ്തികകളിലേക്ക് ഉമ്മന്‍ചാണ്ടി നടത്തിയത് 2474 പിന്‍വാതില്‍ നിയമനം. 
►     പിഎസ്സി പരീക്ഷ എഴുതി കാത്തിരുന്നവരെ ഒഴിവാക്കി ലീഗിന്‍റെയും കോണ്‍ഗ്രസിന്‍റെയും പ്രവര്‍ത്തകരും ഉമ്മന്‍ചാണ്ടിയുടെ                       സില്‍ബന്ധികളുമായ 13,000 പേരെ അനധികൃതമായി വിവിധ തസ്തികകളിലും വകുപ്പുകളിലും തിരുകിക്കയറ്റി. 

 

‌                                                               തൊഴിലില്ലായ്മയില്‍ കേരളം മുന്നിലാണത്രെ!

സെന്‍റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ ഏറ്റവും പുതിയ (2021 ജനുവരി) ഡാറ്റ പ്രകാരം കേരളത്തിലെ തൊഴിലില്ലായ്മനിരക്ക് 5.5%. രാജ്യത്തിന്‍റേത് 6.5%. കഴിഞ്ഞ അഞ്ചുമാസങ്ങളിലും കേരളത്തിന്‍റെ നിരക്ക് ഒന്നുതന്നെ. ഏറ്റവും കൗതുകകരമായത് ഉമ്മന്‍ചാണ്ടി ഭരണമൊഴിഞ്ഞ 2016 മെയ് മാസത്തില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 12% ആയിരുന്നു. അതായത് ഇന്നത്തേതിന്‍റെ ഇരട്ടിയിലധികം. അന്നത്തെ ദേശീയ ശരാശരിയാകട്ടെ 9% ഉം. ഇനി പറയൂ ആരുടെ കാലത്താണ് കേരളത്തില്‍ തൊഴിലില്ലായ്മ ഉയര്‍ന്നത്? ലോക്ഡൗണ്‍കാലത്ത് ദേശീയ ശരാശരി 20 ആയിരുന്നപ്പോള്‍ കേരളത്തില്‍ 17 ആയിരുന്നു.               

 

                                                                         വലതുകാല്‍വെച്ചാലും കുറ്റം ഇടതുകാല്‍ വെച്ചാലും കുറ്റം
താല്‍കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ കഥ പലപ്പോഴും മാധ്യമങ്ങള്‍ കണ്ണീരും കയ്യുമായി അവതരിപ്പിക്കാറുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പിഎസ്സി ലിസ്റ്റ് നിലവില്‍വന്നതിനെ തുടര്‍ന്ന് സുപ്രീംകോടതി വിധിപ്രകാരം കെഎസ്ആര്‍ടിസിയിലെ എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടേണ്ട അവസ്ഥ വന്നപ്പോള്‍ അന്ന് അവരുടെ കഥ കണ്ണീരില്‍ ചാലിച്ചെഴുതിയ അതേ മാധ്യമങ്ങളാണ് ഇന്ന് മനുഷ്യത്വത്തിന്‍റെപേരില്‍ 10 വര്‍ഷം കഴിഞ്ഞവരെ സ്ഥിരപ്പെടുത്തുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തീരുമാനത്തെ പല്ലും നഖവുംകൊണ്ട് എതിര്‍ക്കുന്നത്. തിരുവനന്തപുരം കുന്നത്തുമല സ്കൂളിലെ ഏകാധ്യാപിക കെ ആര്‍ ഉഷാകുമാരിയെപോലെ 23 വര്‍ഷം നിസ്വാര്‍ഥ സേവനമനുഷ്ഠിച്ചവരെ ഈ സര്‍ക്കാര്‍ സ്ഥിരപ്പെടുത്താന്‍ തീരുമാനിക്കുമ്പോള്‍ ഇവരെക്കുറിച്ചൊക്കെ മുമ്പ് കദനകഥകളെഴുതിയ മാധ്യമങ്ങള്‍ അതപ്പാടെ വിഴുങ്ങുകയാണ്. 
എല്‍ഡിഎഫ് സര്‍ക്കാര്‍ 10-2-2021 ല്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം സൃഷ്ടിച്ച പുതിയ തസ്തികകള്‍ :-
•    വനംവകുപ്പില്‍ ആദിവാസി വിഭാഗത്തില്‍നിന്നും 500 പുതിയ ബീറ്റ് ഓഫീസര്‍മാരെ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്വഴി നിയമിക്കാന്‍                        തീരുമാനം.
•     പുരാവസ്തുവകുപ്പില്‍ 14 സ്ഥിരം തസ്തികകള്‍.
•     പുരാരേഖാവകുപ്പില്‍ 22 സ്ഥിരം തസ്തികകള്‍.
•     സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ 39 തസ്തികകള്‍.
•     സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പില്‍ 32 പുതിയ തസ്തികകള്‍.
•     25 പുതിയ പൊലീസ് സബ്ഡിവിഷനുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 25 ഡെപ്യൂട്ടി സൂപ്രണ്ട്/അസിസ്റ്റന്‍റ്              കമ്മീഷണര്‍ തസ്തികകള്‍.
•     സര്‍ക്കാര്‍ ലോ കോളേജുകളില്‍ അധിക ബാച്ചുകള്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി സൃഷ്ടിച്ചത് 13 അധ്യാപക തസ്തികകള്‍.
•     സ്പോര്‍ട്സ്-യുവജന ഡയറക്ടറേറ്റിനുകീഴില്‍ 10 തസ്തികകള്‍.
•     കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 18 പുതിയ തസ്തികകള്‍.

 

                                                    താല്‍ക്കാലിക നിയമനം സംബന്ധിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നിലപാട്
⇒  പത്തുവര്‍ഷത്തിലധികമായി ജോലിചെയ്യുന്ന താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് മനുഷ്യത്വപരമല്ല. 
⇒  ഈ സര്‍ക്കാരിന്‍റെകാലത്ത് ജോലി ലഭിച്ച ആരെയും സ്ഥിരപ്പെടുത്തില്ല. 
⇒  പിഎസ്സി റാങ്ക് ലിസ്റ്റിനെ ഇത് ഒരുതരത്തിലും ബാധിക്കില്ല. 
⇒  പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലുള്ള ഒരിടത്തും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തില്ല.     

                                                             ഉമ്മന്‍ചാണ്ടിയുടെ കാലത്തെ ക്രമവിരുദ്ധ നിയമനങ്ങള്‍ സംബന്ധിച്ച 2016ലെ സിഎജി റിപ്പോര്‍ട്ട് പറയുന്നത്
♦     സിഡ്കോ ഉള്‍പ്പെടെ 8 പൊതുമേഖലാ സ്ഥാപനങ്ങളില്‍ വഴിവിട്ട നിയമനങ്ങള്‍.
♦     പി കെ കുഞ്ഞാലിക്കുട്ടി പൊതുമരാമത്ത് മന്ത്രിയായിരിക്കെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ റിപ്പോര്‍ട്ടുചെയ്യാതെ പൊതുമരാമത്ത്         വകുപ്പിലും 6 പൊതുമേഖലാ സ്ഥാപനങ്ങളിലുമായി 1686 കരാര്‍ നിയമനങ്ങള്‍. 40 ഒഴിവുകള്‍ മാത്രമുണ്ടായിരിക്കെ 2015 ആഗസ്തില്‍         കിറ്റ്കോവഴി സിഡ്കോയില്‍ നാലിരട്ടിയോളം നിയമനങ്ങള്‍. സിഡ്കോയില്‍ പ്യൂണ്‍ തസ്തിക പിഎസ്സി വഴിയായിരിക്കണമെന്ന                 ചട്ടം നിലനില്‍ക്കെ, 120 പ്യൂണ്‍ തസ്തികയില്‍ 160 നിയമനങ്ങള്‍ നടത്തി. ഈ നിയമനങ്ങളിലൂടെ സര്‍ക്കാരിനുണ്ടായ നഷ്ടം                                 രണ്ടരകോടി   രൂപ.

 

                                                                       നോര്‍ക്കറൂട്സില്‍ വഴിവിട്ട നിയമനം
തിരഞ്ഞെടുപ്പില്‍ തോറ്റ മുന്‍ എംഎല്‍എയുടെ ശുപാര്‍ശക്കത്തിലും നിയമനം. മാവേലിക്കര മുന്‍ എംഎല്‍എ എം മുരളിയുടെ നിര്‍ദേശപ്രകാരം ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ സാംസ്കാരിക മന്ത്രി കെ സി ജോസഫ് നിയമനത്തിന് ഉത്തരവുനല്‍കി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ബന്ധുവിനും മുഖ്യമന്ത്രിയുടെ ഡ്രൈവറുടെ മകള്‍ക്കും 'വീക്ഷണം' പത്രത്തിന്‍റെ റിപ്പോര്‍ട്ടറുടെ ഭാര്യയ്ക്കും നോര്‍ക്കറൂട്സില്‍ ക്രമംവിട്ട് നിയമനം നല്‍കാന്‍ ചുമതലക്കാരനായ മന്ത്രി കെ സി ജോസഫ് ഉത്തരവിട്ടു.

 

                                                                റാങ്ക് ലിസ്റ്റിലെ എല്ലാവര്‍ക്കും ജോലി കിട്ടുമോ?
⇒     നിലവില്‍ ആകെ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ 5,28,231.
⇒     കഴിഞ്ഞ നാലരവര്‍ഷംകൊണ്ട് പിഎസ്സി നിയമനം ലഭിച്ചവര്‍ - 1,57,911.
⇒     ഒരു വര്‍ഷം പരമാവധി നിയമനം നല്‍കാവുന്നത് 25,000 പേര്‍ക്ക്. മേല്‍പറഞ്ഞ കണക്കുവെച്ചു നോക്കിയാല്‍ വര്‍ഷം നിയമനം                         ലഭിച്ചത് 25,000ത്തിലേറെ പേര്‍ക്ക്. 
⇒     നിലവില്‍ വിവിധ റാങ്കുലിസ്റ്റുകളില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം നാല് ലക്ഷം. ഇത്രയധികം തസ്തികകള്‍                                      ഇവിടെയില്ലല്ലോ.

 

 പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകള്‍
യുഡിഎഫ്     -     3113
എല്‍ഡിഎഫ്     -     4012
പൊലീസ് നിയമനങ്ങള്‍
യുഡിഎഫ്     -     4796
എല്‍ഡിഎഫ്     -     11,268
പിഎസ്സി നിയമനം
യുഡിഎഫ് അവസാന 
വര്‍ഷം     -     5.69%
എല്‍ഡിഎഫ് അവസാന     
വര്‍ഷം     -31.56% 

 

                                                                     സെക്രട്ടറിയറ്റില്‍ യുഡിഎഫിന്‍റ പിന്‍വാതില്‍ നിയമനം
സെക്രട്ടറിയറ്റില്‍ പൊതുഭരരണ, ധനവകുപ്പുകളില്‍ 70 ഓളം പേര്‍ക്ക് ഉമ്മന്‍ചാണ്ടി ഭരണത്തിലേറിയ ഉടന്‍തന്നെ നിയമനം. സര്‍വീസില്‍നിന്ന് വിരമിച്ച ഓഫീസ് സൂപ്രണ്ടിന് ടൈപ്പിസ്റ്റായി പുനര്‍ നിയമനം. ഡെപ്യൂട്ടേഷന്‍ അനുവദിക്കുന്നതിലും വ്യാപക അഴിമതിയാണ് നടന്നത്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി സാനിറ്റേഷന്‍ വിഭാഗത്തിലും തോട്ടം സംരക്ഷണ വിഭാഗത്തിലും നിരവധി അനധികൃത നിയമനങ്ങള്‍ നടത്തി. 

 

                                                                    പേഴ്സണല്‍ സ്റ്റാഫാകാന്‍ വന്‍ തുക കോഴ

2011 മെയ് 26ന് ഉമ്മന്‍ചാണ്ടിക്കാലത്ത് പുറത്തുവന്ന വാര്‍ത്ത മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ കടന്നുകൂടുന്നതിന് വന്‍ കോഴ ഇടപാട് നടന്നതായാണ്. ചില ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് റിക്രൂട്ട്മെന്‍റ് നടന്നിരുന്നത്. പ്യൂണ്‍ മുതല്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിവരെയുള്ള ഓരോ തസ്തികയ്ക്കും തരാതരംപോലെയിരുന്നു റേറ്റ്. കാസര്‍കോട് മുതലുള്ള കോണ്‍ഗ്രസ്-ലീഗ് പ്രമാണിമാര്‍ ഇടനിലക്കാരായി തലസ്ഥാനത്ത് തമ്പടിക്കുകയായിരുന്നു.

 


                                                                                    നിയമന നിരോധനം 
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ ആദ്യ സമ്മാനം 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടനെ നിയമനനിരോധനം ഏര്‍പ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും തസ്തിക വെട്ടിക്കുറച്ചു. എ കെ ആന്‍റണി മുഖ്യമന്ത്രിയായിരിക്കെ 2002ല്‍ തുടക്കമിട്ട തസ്തിക വെട്ടിക്കുറയ്ക്കലിന്‍റെ ബാക്കിയായിരുന്നു ഇത്. തസ്തിക വെട്ടിക്കുറയ്ക്കുന്നതിന് ചീഫ് സെക്രട്ടറി ചെയര്‍മാനായുള്ള എംപവര്‍ കമ്മിറ്റി രൂപീകരിച്ചതിനു പിന്നാലെ ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത് തടയാനും നിര്‍ദേശം നല്‍കി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതുമൂലം 2.5 ലക്ഷം നിയമനങ്ങള്‍ മുടങ്ങി. •