കേരളത്തിലെ സാമൂഹ്യവികാസം : ഇടതുപക്ഷ ഭരണത്തിലും വലതുപക്ഷ ഭരണത്തിലും -2

തിരഞ്ഞെടുപ്പ് കാമ്പെയ്ന്‍

                                                                                            വിദ്യാഭ്യാസം
വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റമാണ് 1957ല്‍ ഇ എം എസ് ഗവണ്‍മെന്‍റ് കൊണ്ടുവന്ന വിദ്യാഭ്യാസനിയമം സൃഷ്ടിച്ചത്. 1957 ജൂലൈ 13ന് നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിന്‍റെ സവിശേഷതകളില്‍ ചിലത്:
1.     പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതവും സൗജന്യവുമാക്കി. 14 വയസ്സില്‍ താഴെയുള്ളവരെ ജോലി ചെയ്യിപ്പിക്കുന്നത് കുറ്റകരമാക്കി

2.     പൊതുതാല്‍പര്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് ബോധ്യപ്പെട്ടാല്‍ ഏത് എയ്ഡഡ് സ്കൂളും സര്‍ക്കാരിന് ഏറ്റെടുക്കാം.                     ഏറ്റെടുക്കുന്ന സ്കൂളിന് വിപണി വിലയില്‍ നഷ്ടപരിഹാരം നല്‍കും
3.     മാനേജര്‍മാര്‍ക്കു തന്നെ അധ്യാപകരെ നിയമിക്കാം. പക്ഷേ, അത് പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ ലിസ്റ്റില്‍നിന്നേ ആകാവൂ.അധ്യാപക               നിയമനത്തിന് അര്‍ഹതയുള്ളവരുടെ രജിസ്റ്റര്‍ സര്‍ക്കാര്‍ സൂക്ഷിക്കും. രജിസ്റ്ററില്‍നിന്ന് ഇഷ്ടമുള്ള അധ്യാപകരെ മാനേജര്‍ക്ക്                           തിരഞ്ഞെടുക്കാം.     
4.     സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ലഭിക്കുന്ന നിരക്കില്‍ ശമ്പളം, പെന്‍ഷന്‍, പിഎഫ്, ഇന്‍ഷുറന്‍സ്                   എന്നിവ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്കും നല്‍കും. അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം മാനേജര്‍മാരെ                             ഏല്‍പിക്കുന്നതിനുപകരം ഹെഡ്മാസ്റ്റര്‍ വഴി നല്‍കും.
5.     വേക്കന്‍സി ഇല്ലാതെ ജോലി നഷ്ടപ്പെടുന്ന അധ്യാപകര്‍ക്ക് ഒഴിവു വരുന്ന മുറയ്ക്ക് നിയമനം നല്‍കണം.
6.     വ്യവസ്ഥകളില്‍ വീഴ്ച വരുത്തിയാല്‍ അഞ്ചുവര്‍ഷത്തേക്ക് സ്കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും.

വിദ്യാഭ്യാസ ബില്ല് ചര്‍ച്ചയ്ക്കായി നിയമസഭയില്‍ അവതരിപ്പിച്ചതിന്‍റെ പിറ്റേന്ന് കെപിസിസി എക്സിക്യൂട്ടീവ് ബില്ലിനെക്കുറിച്ച് പാസ്സാക്കിയ പ്രമേയത്തില്‍ മാനേജ്മെന്‍റുകള്‍ ക്രമക്കേട് കാണിച്ചാല്‍ സ്കൂള്‍ ഏറ്റെടുക്കുന്നത് സ്വേച്ഛാധിപത്യമാണെന്നു പറഞ്ഞു. പിഎസ്സ്സി ലിസ്റ്റില്‍നിന്നും അധ്യാപകരെ നിയമിക്കണമെന്ന വ്യവസ്ഥ പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാനേജര്‍മാരെ ഞെരിച്ചുകൊല്ലുന്ന ബില്ലിനെ അറബിക്കടലില്‍ താഴ്ത്തണമെന്നായിരുന്നു മുസ്ലീംലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയ പറഞ്ഞത്.

നിയമസഭയില്‍ കോണ്‍ഗ്രസും ലീഗും ബില്ലിനെതിരെ കൈകോര്‍ത്തു. പുറത്ത് മതസാമുദായികശക്തികളും സ്വകാര്യ മാനേജര്‍മാരും കലാപമാരംഭിച്ചു.

"വിദ്യാഭ്യാസത്തില്‍ തൊട്ടാല്‍ മുണ്ടശ്ശേരിയെ തട്ടും" എന്നായിരുന്നു അന്നുയര്‍ത്തപ്പെട്ട മുദ്രാവാക്യങ്ങളിലൊന്ന്. കോട്ടയം ജില്ലയിലെ വണ്ടിപ്പെരിയാറിനടുത്ത് മ്ലാമലപ്പള്ളിയില്‍ വിദ്യാഭ്യാസ ബില്ലിനെതിരെ പൊതുയോഗം നടത്തി പുറത്തിറങ്ങിയവര്‍ വഴിയില്‍ കണ്ട രണ്ട് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തി. മന്ത്രിമാര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കാകെയുമെതിരെ ഈ പൊതുയോഗങ്ങളില്‍ കൊലവിളി പ്രസംഗങ്ങളായിരുന്നു നടന്നിരുന്നത്.


1957 സെപ്തംബര്‍ രണ്ടിന് വിദ്യാഭ്യാസ ബില്ല് നിയമസഭ പാസ്സാക്കി. എന്നാല്‍ നിയമസഭ അംഗീകരിച്ച ബില്ല് ഒപ്പിട്ട് നിയമമാക്കുന്നതിനുപകരം ഗവര്‍ണര്‍ ബി രാമകൃഷ്ണറാവു അത് പ്രസിഡന്‍റിന്‍റെ പരിഗണനയ്ക്ക് വിട്ടു - അതായത് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പരിഗണനയ്ക്ക് വിട്ടു. കേന്ദ്രം - പ്രസിഡന്‍റ് - അത് സുപ്രീംകോടതിയുടെ ഉപദേശത്തിനായി വിട്ടു.

ഒടുവില്‍ സുപ്രീംകോടതിയില്‍നിന്നുള്ള വിധി സമരക്കാര്‍ക്ക് ഹിതകരമായതായിരുന്നില്ല. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച വകുപ്പ് റദ്ദാക്കിയ കോടതി പക്ഷേ, അധ്യാപക നിയമനം പിഎസ്സി ലിസ്റ്റില്‍ നിന്നേ പാടുള്ളൂവെന്ന് വിധിച്ചു. അതായത്, മാനേജ്മെന്‍റിന് തോന്നുംപോലെ അധ്യാപക നിയമനം പറ്റില്ല; തങ്ങള്‍ക്ക് തോന്നുന്ന ശമ്പളം നല്‍കാനാവില്ല; അന്യായമായ ഫീസ് പിരിവ് പറ്റില്ല. ഇഷ്ടമില്ലാത്ത അധ്യാപകരെ പിരിച്ചുവിടാനാവില്ല. ഇതു സംബന്ധിച്ചെല്ലാമുള്ള ബില്ലിലെ വ്യവസ്ഥകള്‍ കോടതി അംഗീകരിച്ചു.


'വിമോചനസമരാ'നന്തരം (1960-67)
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുക്കൂട്ടുമുന്നണി മന്ത്രിസഭ 1960ല്‍ വിദ്യാഭ്യാസ ഭേദഗതി നിയമം പാസ്സാക്കി. 1957ലെ നിയമത്തിലെ സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ച വ്യവസ്ഥകള്‍ റദ്ദു ചെയ്യലായിരുന്നു ഈ ഭേദഗതി നിയമത്തിന്‍റെ ലക്ഷ്യം!

സുപ്രീംകോടതി വിധിയെയും നിയമവാഴ്ചയെയുംകാള്‍ എക്കാലത്തും കോണ്‍ഗ്രസിന് പ്രധാനം ജാതി - മത ശക്തികളുടെയും കൊള്ളലാഭക്കൊതിയന്മാരായ സ്വകാര്യ മാനേജര്‍മാരുടെയും ഹിതാനുവര്‍ത്തിയായി നില്‍ക്കുന്നതിലാണ്. അത് തെളിയിക്കുന്നതാണ് 1960ലെ വിദ്യാഭ്യാസ ഭേദഗതി നിയമം. പിഎസ്സി ലിസ്റ്റില്‍നിന്ന് അധ്യാപക നിയമനം നടത്തണമെന്നും 1957ലെ നിയമത്തിലെ വ്യവസ്ഥയും സ്വകാര്യ മാനേജ്മെന്‍റുകളുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന വ്യവസ്ഥയും കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതിയിലൂടെ റദ്ദു ചെയ്തു.

ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം സ്കൂള്‍ തലത്തിലേക്ക് മാറ്റുന്ന കേന്ദ്ര നയത്തിനുവിരുദ്ധമായി കോണ്‍ഗ്രസ് നയിച്ച സംസ്ഥാന മന്ത്രിസഭ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തെ പ്രീഡിഗ്രി എന്ന നിലയില്‍ കോളേജുകളില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചു.

ഇടതുപക്ഷ നേതൃത്വത്തില്‍ ഐക്യമുന്നണി മന്ത്രിസഭ (1967-69)
സെക്കന്‍ഡറി തലംവരെ വിദ്യാഭ്യാസം സൗജന്യമാക്കി. പത്താം ക്ലാസുവരെ സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം.

കേരള സര്‍വകലാശാലാ നിയമം സമഗ്രമായി ഭേദഗതി ചെയ്തു. സര്‍വകലാശാല ഭരണസമിതികള്‍ പൂര്‍ണമായും ജനാധിപത്യ സംവിധാനങ്ങളാക്കുകയും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജനാധിപത്യ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിച്ചു.

വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തില്‍ മന്ത്രിസഭ (1969-1979)
സ്വകാര്യ കോളേജ് അധ്യാപകരുടെ സേവന - വേതന വ്യവസ്ഥകള്‍ സര്‍ക്കാര്‍ കോളേജുകളിലെ അധ്യാപകരുടേതിനു തുല്യമാക്കണമെന്നാവശ്യപ്പെട്ട് പണിമുടക്ക് നടന്നു. ഈ പണിമുടക്ക് ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകളെ തുടര്‍ന്ന് സര്‍ക്കാരും മാനേജ്മെന്‍റുകളും അധ്യാപക സംഘടനകളും തമ്മിലുണ്ടാക്കിയ ത്രികക്ഷി കരാര്‍ വഴി ആ ആവശ്യം നടപ്പിലാക്കി. എന്നാല്‍ നിയമനം മാനേജ്മെന്‍റുകള്‍ക്ക് തോന്നിയപോലെ നടത്താനുള്ള സൗകര്യം നിലനിര്‍ത്തി. 1974ലെ സര്‍വകലാശാലാ ഭേദഗതി നിയമത്തില്‍ ഇത് സംബന്ധിച്ചെല്ലാമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു.

ഫീസ് ഏകീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ സമരം. ആ സമരത്തെത്തുടര്‍ന്ന് ഫീസ് ഏകീകരണം (സ്വകാര്യകോളേജുകളിലും സര്‍ക്കാര്‍ കോളേജുകളിലേതുപോലെ) നടപ്പാക്കാന്‍ ആ മന്ത്രിസഭ നിര്‍ബന്ധിതമായി. പ്രീഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന് പ്രഖ്യാപിച്ചു.

ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭ (1980-81, 1987-91)
ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം സ്കൂളുകളിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനു തുടക്കമിട്ടു.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിനും തുടക്കം കുറിച്ചു.

1989-90ല്‍ സമ്പൂര്‍ണ സാക്ഷരതായജ്ഞം ജനപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കി. തുടര്‍ സാക്ഷരതാ പരിപാടികളും ആരംഭിച്ചു.

യുഡിഎഫ് മന്ത്രിസഭ  (1981-87, 1991-96)
1981-87 കാലത്ത് പ്രീഡിഗ്രി ബോര്‍ഡ് എന്ന സംവിധാനം കൊണ്ടുവരാന്‍ ശ്രമിച്ചു. വിദ്യാഭ്യാസ കച്ചവടം ലക്ഷ്യമിട്ടുള്ള  ഈ പദ്ധതിക്കെതിരെ അധ്യാപകരും വിദ്യാര്‍ഥികളും പൊതുസമൂഹമൊന്നാകെയും സമരരംഗത്തുവന്നു. സമരം അടിച്ചമര്‍ത്താനാകാതെ വന്നപ്പോള്‍ ആ പദ്ധതി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി.

1991ലെ യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ സാക്ഷരതാ പരിപാടികള്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടു പോകാന്‍ ശ്രമിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകളെത്തുടര്‍ന്നു വന്ന ഡിപിഇപിയുടെ പശ്ചാത്തലത്തിലാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് പ്രാഥമിക വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്ക് അല്‍പമെങ്കിലും ജീവന്‍വെച്ചത്.


1987-91ലെ എല്‍ഡിഎഫ് മന്ത്രിസഭ തുടക്കംകുറിച്ച ഹയര്‍ സെക്കന്‍ഡറിയിലേക്കുള്ള മാറ്റം തുടരാന്‍ 91ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭ തയ്യാറായില്ല. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സമ്പ്രദായവും 1991ലെ സര്‍ക്കാര്‍ വിപുലീകരിച്ചില്ല.

സ്വാശ്രയ കോളേജുകളും സിബിഎസ്ഇ സ്കൂളുകളും അനുവദിക്കുന്നതിലായിരുന്നു യുഡിഎഫ് മന്ത്രിസഭയുടെ കണ്ണ്!
 

വീണ്ടും എല്‍ഡിഎഫ് മന്ത്രിസഭ (1996-2001)
പ്രാഥമിക വിദ്യാഭ്യാസത്തില്‍ വിപുലമായ പാഠ്യപദ്ധതി പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആധുനിക ബോധന പഠന സമ്പ്രദായങ്ങളെ മുന്‍നിര്‍ത്തി ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കാരങ്ങള്‍ക്ക് വലിയ ജനപിന്തുണ ലഭിച്ചു.

വിചിത്രമെന്നു പറയട്ടെ കോണ്‍ഗ്രസും മുസ്ലിംലീഗും ബിജെപിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികളും സര്‍വ വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികളെയും കൂട്ടുപിടിച്ച് ഇതിനെതിരെ കലാപമുയര്‍ത്തി.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ണമായി സ്കൂളുകളിലേക്ക് മാറ്റി. സ്വകാര്യ അണ്‍എയ്ഡഡ് മേഖലയെ പൂര്‍ണമായും ഇതില്‍നിന്നും ഒഴിവാക്കി. പ്രീഡിഗ്രി കോളേജുകളില്‍നിന്നും സ്കൂള്‍ തലത്തിലേക്ക് മാറുന്നതുമൂലം ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന കോളേജ് അധ്യാപകരില്‍ ഒരാള്‍ക്കുപോലും ജോലി നഷ്ടപ്പെടാതെ അവരുടെ സംരക്ഷണം ഉറപ്പാക്കി.

ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വാശ്രയ കോളേജുകളുടെ അനിയന്ത്രിതമായ വ്യാപനം തടയാനും നടപടികളെടുത്തു.

യുഡിഎഫ് പിന്നെയും വന്നപ്പോള്‍ (2001-06)
പാഠ്യപദ്ധതി പരിഷ്കരണത്തെ തുടക്കംമുതല്‍ പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്ത യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ അതിന്‍റെ വ്യാപനത്തെ തടഞ്ഞു. അതിനെ പരാജയപ്പെടുത്താനുള്ള വലതുപക്ഷ നീക്കങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ പിന്തുണ ലഭിച്ചു. ക്രമേണ പാഠ്യപദ്ധതി പരിഷ്കാരം വേണ്ടെന്നു വയ്ക്കപ്പെട്ടു. 2001ലെ യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യനടപടി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ 8-ാം ക്ലാസിലെ പാഠപുസ്തകങ്ങള്‍ റദ്ദാക്കുകയായിരുന്നു.

വിദ്യാഭ്യാസത്തിന്‍റെ സ്വകാര്യവല്‍ക്കരണം അതിവേഗത്തില്‍ വ്യാപിച്ച ഘട്ടമായിരുന്നു ഇത്. നാടെങ്ങും സ്വകാര്യ അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ കൂണുപോലെ മുളപൊട്ടിവന്നു. ഈ വ്യാപനം പൊതുവിദ്യാലയങ്ങളുടെ നിലനില്‍പ്പിനെ ത്തന്നെ ബാധിക്കുന്ന ഘട്ടത്തിലെത്തി. നിരവധി വിദ്യാലയങ്ങള്‍ അനാദായകരമെന്ന പേരില്‍ ഈ കാലത്ത് അടച്ചുപൂട്ടി. പ്രാദേശികമായും സംസ്ഥാന വ്യാപകമായും ഉയര്‍ന്നുവന്ന ഇടതുപക്ഷം നയിച്ച അതിശക്തമായ പ്രക്ഷോഭത്തെത്തുടര്‍ന്ന് അടച്ചുപൂട്ടല്‍ തീരുമാനത്തില്‍നിന്ന് കുറെയേറെ പൊതുവിദ്യാലയങ്ങള്‍ മുക്തി നേടി.

ഹയര്‍സെക്കന്‍ഡറി തലത്തിലേക്കും സ്വകാര്യ അണ്‍എയ്ഡഡ് മേഖലയെ കയറൂരിവിട്ടു.

പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗവും സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാരുടെ മേച്ചില്‍പ്പുറമാക്കിയതും എ കെ ആന്‍റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഈ ഭരണകാലത്താണ്.

ഇടതുജനാധിപത്യമുന്നണി വീണ്ടും വന്നപ്പോള്‍ (2006-11)
പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തെ സ്വാശ്രയകോളേജുകളെ പൊതുനിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ വേണ്ടിയുള്ള സ്വാശ്രയ വിദ്യാഭ്യാസ നിയമം കൊണ്ടുവന്നു.

നിയമസഭയില്‍ ഈ നിയമം പാസ്സാക്കുന്നതിനനുകൂലമായ നിലപാടെടുത്ത യുഡിഎഫ് പുറത്തിറങ്ങിയപ്പോള്‍ സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാരുടെ കണ്ണുരുട്ടലിനുമുന്നില്‍ മുട്ടിടിച്ചു വീഴുകയും ബില്ലിനെതിരായ നീക്കങ്ങള്‍ക്ക് ഒത്താശ നല്‍കുകയും ചെയ്തു.


സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്കനുകൂലമായ നിരവധി കോടതി വിധികളുണ്ടായത്, ആ നിയമത്തിന്‍റെ ശക്തിയും സ്വാധീനവും കുറയാന്‍ ഇടയാക്കിയെങ്കിലും സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളുടെ മേല്‍ ഒരു പരിധിവരെയെങ്കിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയുന്നത് ഈ നിയമം മൂലമാണ്.


മതമില്ലാത്ത ജീവന്‍
2007ല്‍ നടപ്പിലാക്കിയ കേരള കരിക്കുലം ചട്ടക്കൂട് പൊതുവിദ്യാഭ്യാസത്തിന്‍റെ നിലവാര നിര്‍ണയത്തില്‍ പ്രധാന പങ്കുവഹിച്ചു. മതനിരപേക്ഷവും സാമൂഹിക സമീപനവും ചരിത്രബോധവുമുള്ള ഉള്ളടക്കത്തോടുകൂടിയ പാഠപുസ്തക നിര്‍മിതിക്ക് തുടക്കംകുറിച്ചു. എന്നാല്‍ 'മതമില്ലാത്ത ജീവന്‍' എന്ന 8-ാം ക്ലാസിലെ സാമൂഹിക പാഠം ടെക്സ്റ്റിലെ ഒരു പാഠഭാഗത്തെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് മത - വര്‍ഗീയ ശക്തികളുടെ കലാപത്തിനു നേതൃത്വം നല്‍കുകയായിരുന്നു കോണ്‍ഗ്രസ്; ബിജെപിയും മുസ്ലിംലീഗും ഒപ്പം കൂടി.


സമരത്തിന്‍റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ജില്ലാ ടെക്സ്റ്റ് ബുക്ക് ഓഫീസിനുമുന്നില്‍ അതിനകത്തുനിന്ന് പാഠപുസ്തകങ്ങള്‍ പിടിച്ചെടുത്ത് കൂട്ടിയിട്ട് തീവെച്ചതും ഒരു പ്രഥമാധ്യാപകനെ ചവിട്ടിക്കൊന്നതും മറക്കാന്‍ കാലമായില്ല. അങ്ങനെ മതമില്ലാത്ത ജീവന്‍റെ പേരില്‍ വലതുപക്ഷ രാഷ്ട്രീയം ഒരു ജീവന്‍ തന്നെയെടുക്കാനും മടിച്ചില്ലായെന്നും നാം ഓര്‍ക്കണം.

കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതും ഈ മന്ത്രിസഭയുടെ കാലത്താണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റത്തിന് തുടക്കമിടുന്ന നിരവധി പരിഷ്കാരങ്ങള്‍ നടപ്പിലാക്കി.

2011-16ലെ യുഡിഎഫ് ഭരണകാലത്ത്...
സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്‍റുകളെ പൂര്‍ണമായും കയറൂരി വിടുന്ന നയം സ്വീകരിച്ചു. അണ്‍എയ്ഡഡ് സ്കൂളുകളെ ഒരു മാനദണ്ഡവുമില്ലാതെ വീണ്ടും അനുവദിച്ചത് പൊതുവിദ്യാഭ്യാസരംഗത്തെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി. ഒട്ടേറെ പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടലിന്‍റെ വക്കത്തെത്തി. ശക്തമായ ജനകീയ പ്രക്ഷോഭമാണ് അവയെ സംരക്ഷിച്ചത്. നടക്കാവ് യുപി സ്കൂള്‍ ഒരുദാഹരണം മാത്രം!

കേരള കരിക്കുലം ചട്ടക്കൂട് നിലനിര്‍ത്തിയെങ്കിലും മൂല്യനിര്‍ണയ രൂപങ്ങളില്‍ മാറ്റം വരുത്തിയത് വിദ്യാഭ്യാസത്തിന്‍റെ കച്ചവടവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു.

ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങളുടെ സത്ത കളഞ്ഞുകുളിക്കുന്ന വിധത്തില്‍ പരമ്പരാഗത ബോധന രൂപങ്ങളുമായി സന്ധി ചെയ്യുന്ന പരിഷ്കാരങ്ങള്‍ നടപ്പിലാക്കി.

2016നു ശേഷം
ഇപ്പോള്‍ എല്‍ഡിഎഫ് ഭരണത്തില്‍ സ്കൂളുകള്‍ അനാദായകരമാകുന്നില്ല, അടച്ചുപൂട്ടുന്നില്ല മാത്രമല്ല, സ്കൂളുകള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കി; പൊതുവിദ്യാലയങ്ങളില്‍ 6 1/2 ലക്ഷത്തിലധികം കുട്ടികള്‍ വര്‍ധിച്ചു.

ലോകനിലവാരത്തിലുള്ള സ്കൂള്‍ കെട്ടിടങ്ങള്‍; ഡിജിറ്റല്‍ ക്ലാസ്റൂമുകള്‍; മികച്ച പശ്ചാത്തല സൗകര്യങ്ങള്‍.•