ഇംപീച്ച്മെന്‍റില്‍ ട്രംപ് വിശുദ്ധനാക്കപ്പെടുമ്പോള്‍

ജി വിജയകുമാര്‍

ഡൊണാള്‍ഡ് ട്രംപ് രണ്ടാം ഇംപീച്ച്മെന്‍റിനെയും അതിജീവിച്ചു. 2019ലെ ഇംപീച്ച്മെന്‍റ് നീക്കത്തില്‍നിന്നും ഇപ്പോഴത്തെ നീക്കത്തിലുണ്ടായ കാര്യമായ ഒരു മാറ്റം 2019ല്‍ റിപ്പബ്ലിക്കന്‍ പാര്‍ടി ഒറ്റക്കെട്ടായി ട്രംപിനുപിന്നില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ ഇപ്പോള്‍ പ്രതിനിധിസഭയിലും സെനറ്റിലും ട്രംപിനെതിരെ വോട്ടുചെയ്യാന്‍ റിപ്പബ്ലിക്കന്‍മാരില്‍ ചിലരെങ്കിലും ഉണ്ടായി എന്നതാണ്. പ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ 10 പേരും സെനറ്റില്‍ 7 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനായി വോട്ടുചെയ്തു.
 
പ്രതിനിധി സഭയിലും സെനറ്റിലും നടന്ന ചര്‍ച്ചകളില്‍ വ്യക്തമാക്കപ്പെട്ടത് ജനുവരി 6ന്‍റെ കാപ്പിറ്റോള്‍ ആക്രമണത്തില്‍ ട്രംപ് കുറ്റക്കാരന്‍തന്നെയാണെന്നാണ്. സെനറ്റില്‍ ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ ആരംഭിച്ചശേഷം പ്രതിനിധിസഭയിലെ വാഷിങ്ടണില്‍ നിന്നുള്ള അംഗം ജയ്മെ ഹെരേര ബ്യൂട്ട്ലര്‍ (റിപ്പബ്ലിക്കന്‍) പുറപ്പെടുവിച്ച പ്രസ്താവനയില്‍ സഭയിലെ റിപ്പബ്ലിക്കന്‍ നേതാവ് കെവിന്‍ മക്കാര്‍ത്തിയും ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഉദ്ധരിച്ച് ട്രംപ് കുറ്റക്കാരനാണെന്നും അയാളെ ഇംപീച്ച്ചെയ്യേണ്ടത് ഭരണഘടനാ ബാധ്യതയാണെന്നും അമേരിക്കന്‍ ജനാധിപത്യത്തിന്‍റെ സംരക്ഷണത്തിന് അതാവശ്യമാണെന്നും വ്യക്തമാക്കുകയുണ്ടായി.

ബ്യൂട്ട്ലറുടെ പ്രസ്താവന പറയുന്നതിങ്ങനെ: "ജനുവരി 6ന് കെവിന്‍ മക്കാര്‍ത്തി പ്രസിഡന്‍റ് ട്രംപിനെ സമീപിച്ച് കലാപകാരികളെ പിന്തിരിപ്പിക്കാന്‍ പരസ്യമായും ശക്തമായും ഇടപെടണമെന്നാവശ്യപ്പെട്ടപ്പോള്‍, കാപ്പിറ്റോള്‍ ആക്രമണം നടത്തിയത് ഇടതുപക്ഷക്കാരായ ആന്‍റിഫ സംഘമാണെന്ന നുണ ആവര്‍ത്തിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. ട്രംപിന്‍റെ ആ വാദം മക്കാര്‍ത്തി തള്ളിക്കളയുകയും അക്രമകാരികള്‍ ട്രംപനുകൂലികള്‍തന്നെയാണെന്ന് തറപ്പിച്ച് പറയുകയുമുണ്ടായി. ആ ഘട്ടത്തില്‍ ട്രംപ് ഇങ്ങനെ പ്രതികരിച്ചതായാണ് മക്കാര്‍ത്തി പറഞ്ഞത്, "ശരിയാണ് കെവിന്‍, ഈ ആളുകളെ തിരഞ്ഞെടുപ്പ് ഫലം താങ്കളെക്കാള്‍ അധികം അസ്വസ്ഥമാക്കിയിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്". ഈ ഫോണ്‍ സംഭാഷണം നടക്കുമ്പോള്‍ ട്രംപിന് സമീപമുണ്ടായിരുന്നവര്‍ പരസ്യമായി രംഗത്തുവന്ന് ട്രംപിനെ കുറ്റവിചാരണചെയ്ത് ശിക്ഷിക്കാന്‍ വേണ്ട തെളിവ് നല്‍കണമെന്നും ആവശ്യപ്പെടുകയുണ്ടായി. 

സാക്ഷികളെ വിസ്തരിക്കണമെന്ന് സെനറ്റ് വോട്ടിട്ട് തീരുമാനിച്ചെങ്കിലും അത്തരമൊരു വിശദമായ വിചാരണയിലേക്കും ട്രംപിനൊപ്പം കാപ്പിറ്റോള്‍ ആക്രമണത്തെ പിന്തുണച്ചവരെ തുറന്നുകാണിക്കുന്നതിലേക്കും വരാന്‍ ഇംപീച്ച്മെന്‍റ് പ്രമേയാവതാരകനായ ജെയ്മി റെക്സിനോ മറ്റു ഡെമോക്രാറ്റുകളോ തയ്യാറായില്ല. ഹെരേര ബ്യൂട്ട്ലറുടെ പ്രസ്താവനയെ ഇംപീച്ച്മെന്‍റ് പ്രമേയത്തിന്‍റെ ഭാഗമായി ചേര്‍ത്തുകൊണ്ട് പ്രമേയം വോട്ടിനിടുകയാണുണ്ടായത്. സെനറ്റില്‍ പാസാകാന്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ (67) പിന്തുണ വേണമെന്നതിനാല്‍ അത് ലഭിക്കാത്ത സാഹചര്യത്തില്‍ ട്രംപ് കുറ്റവിമുക്തനാക്കപ്പെടുകയാണുണ്ടായത്. 

ഏറ്റവും വിചിത്രമായ കാര്യം സെനറ്റിലെ റിപ്പബ്ലിക്കന്‍ കക്ഷി നേതാവായ മിച്ച്മക്കൊണല്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ചത് ട്രംപിനെ കുറ്റപ്പെടുത്തിക്കൊണ്ടാണെങ്കിലും വോട്ടെടുപ്പില്‍ ട്രംപിനനുകൂലമായ നിലപാടാണ് സ്വീകരിച്ചത് എന്നതാണ്. മക്കൊണല്‍ മാത്രമല്ല, വോട്ടെടുപ്പില്‍ ട്രംപിനനുകൂലമായിനിന്ന് റിപ്പബ്ലിക്കന്മാരില്‍ വേറെയും പലരും ചര്‍ച്ചയില്‍ ജനുവരി 6ന്‍റെ കാപ്പിറ്റോള്‍ ആക്രമണത്തിന്‍റെ ചരടുവലിച്ചത് ട്രംപാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് ജനാധിപത്യത്തെയും ജനവിധിയെയും അട്ടിമറിച്ച് ഭരണം കൈക്കലാക്കാന്‍ ട്രംപ് ശ്രമിച്ചുവെന്നതിന് വേണ്ടുവോളം തെളിവുണ്ടെന്നുതന്നെയാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്ത മിച്ച്മക്കൊണലിനെ സെനറ്റിലെ റിപ്പബ്ലിക്കന്‍ കക്ഷി നേതൃസ്ഥാനത്തുനിന്ന് തൊഴിച്ചു പുറത്താക്കണമെന്ന സെനറ്റിലെ റിപ്പബ്ലിക്കന്‍മാരോടുള്ള ആഹ്വാനമാണ്.
 
റിപ്പബ്ലിക്കന്‍ കക്ഷിക്കുള്ളിലെ ശക്തമായ ചേരിതിരിവിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്. റിപ്പബ്ലിക്കന്‍മാരില്‍ മാത്രമല്ല, ഡെമോക്രാറ്റുകളിലെ ഇംപീച്ച്മെന്‍റ് വിഷയത്തില്‍ മൃദുസമീപനം മതിയെന്ന ഔദ്യോഗിക നേതൃത്വത്തിന്‍റെ നിലപാടിനെതിരായി ശക്തമായ സമീപനം സ്വീകരിക്കുന്ന ഒരു വിഭാഗംകൂടിയുണ്ടെന്നതാണ് വസ്തുത. അമേരിക്കന്‍ ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ വളര്‍ന്നുവരുന്ന രൂക്ഷമായ പ്രതിസന്ധിയെയാണ് ഇതെല്ലാം കാണിക്കുന്നത്. 

ട്രംപ് കുറ്റവിമുക്തനാക്കപ്പെട്ടതോടെ 2024ലെ തിരഞ്ഞെടുപ്പിലും ട്രംപ് പ്രധാന ശക്തിയായി നില്‍ക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. റിപ്പബ്ലിക്കന്‍മാരില്‍ വിയോജിപ്പിന്‍റെ സ്വരം കാണാമെങ്കിലും ട്രംപുതന്നെയായിരിക്കും ആ പാര്‍ടിയുടെ കാര്യങ്ങള്‍ തുടര്‍ന്നും നിര്‍ണയിക്കുക എന്നും തെളിഞ്ഞിരിക്കുകയാണ്. 

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാത്രമല്ല ഭരണാധികാരികളെ തിരഞ്ഞെടുക്കുന്ന രീതിയില്‍തന്നെ ആശങ്കയും സംശയവും സൃഷ്ടിക്കുകയെന്ന അജന്‍ഡയാണ് ട്രംപ് ആദ്യവസാനം വെളിപ്പെടുത്തിക്കൊണ്ടിരുന്നത്. 2016ലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍തന്നെ ട്രംപ്  ഇത്തരത്തില്‍ സംശയം സൃഷ്ടിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ആ തിരഞ്ഞെടുപ്പിലെ ജനവിധിക്കുശേഷമാകട്ടെ, ട്രംപിനെക്കാള്‍ 30 ലക്ഷത്തോളം ജനകീയ വോട്ട് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്‍റണ് അധികം ലഭിച്ചത് തിരഞ്ഞെടുപ്പ് കൃത്രിമത്തിലൂടെയാണെന്ന് വാദിക്കാനാണ് ട്രംപ് ശ്രമിച്ചത്. 2020ലാകട്ടെ, പ്രചരണത്തിന്‍റെ തുടക്കംമുതല്‍തന്നെ ജനാധിപത്യത്തോടുള്ള തന്‍റെ അസഹിഷ്ണുത ട്രംപ് പ്രകടിപ്പിക്കുകയാണുണ്ടായത്. 

എന്തിനാണ് ഇടയ്ക്കിടെ ഇങ്ങനെ തിരഞ്ഞെടുപ്പ് നടത്തുന്നത് എന്നുപറയാന്‍പോലും അയാള്‍ മടിച്ചില്ല. തിരഞ്ഞെടുപ്പ് നടന്നാല്‍ താന്‍തന്നെയായിരിക്കും വിജയിക്കുക എന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്ന ട്രംപ് പിന്നെന്തിന് വെറുതെയൊരു തിരഞ്ഞെടുപ്പ് നടത്തണം എന്ന ചോദ്യമാണ് ഉയര്‍ത്തിയത്. താന്‍ പരാജയപ്പെടുന്നുവെങ്കില്‍ അതിനര്‍ഥം വ്യാപകമായ തിരഞ്ഞെടുപ്പ് അട്ടിമറി നടന്നുവെന്നാണ് എന്നായിരുന്നു ട്രംപിന്‍റെ വാദം. നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസംപോലും ജയിക്കുന്നത് താന്‍തന്നെയാണെന്ന് പറയുക മാത്രമല്ല, 2021 ജനുവരി 20ന് അധികാര കൈമാറ്റത്തിന്‍റെ ആവശ്യമില്ലെന്നുപറയുകപോലുമുണ്ടായി. 

തനിക്കെതിരായി വ്യാപകമായി ജനങ്ങള്‍ വോട്ടുചെയ്യാനിടയുള്ള പ്രദേശങ്ങളില്‍ ട്രംപ് സ്വന്തം അനുയായികളായ 'പ്രൗഡ് ബോയ്സ്' പോലെയുള്ള കാളികൂളിസംഘങ്ങളെ ഇറക്കി അക്രമം അഴിച്ചുവിട്ടതും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പോസ്റ്റല്‍ ബാലറ്റ് വ്യാപകമായി അനുവദിച്ചത് തടയാന്‍ കൊണ്ടുപിടിച്ച് ശ്രമിച്ചതുമെല്ലാം ജനാധിപത്യവിരുദ്ധതയുടെ ദൃഷ്ടാന്തങ്ങളാണ്. വോട്ടെണ്ണല്‍ നടക്കുമ്പോഴും താന്‍തന്നെയാണ് ജയിച്ചതെന്ന് പ്രസ്താവിച്ച ട്രംപ് ഇനി എന്തിന് വോട്ടെണ്ണുന്നുവെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് പ്രക്രിയയെതന്നെ പ്രഹസനമായി അവതരിപ്പിക്കുകയായിരുന്നു. അവസാനഘട്ടത്തില്‍ കോടതികളിലൂടെയും റിപ്പബ്ലിക്കന്‍ കക്ഷിക്കാരായ ഗവര്‍ണര്‍മാരിലൂടെയും തിരഞ്ഞെടുപ്പ് അട്ടിമറിച്ച് അധികാരം നിലനിര്‍ത്താന്‍ ശ്രമിച്ച ട്രംപിന്‍റെ അറ്റകൈപ്രയോഗമായിരുന്നു കാപ്പിറ്റോള്‍ ആക്രമണം. 

ശ്രദ്ധേയമായ കാര്യം ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആഹ്വാനങ്ങളും നീക്കങ്ങളും ട്രംപില്‍നിന്ന് നിരന്തരമുണ്ടായിട്ടും ജനുവരി 6ന്‍റെ കാപ്പിറ്റോള്‍ ആക്രമണം നടക്കുന്നതുവരെ കോര്‍പറേറ്റ് മാധ്യമങ്ങള്‍ ട്രംപിനെതിരെ ശക്തമായ വിമര്‍ശനമൊന്നും ഉയര്‍ത്തിയിരുന്നില്ല എന്നതാണ്. ഇപ്പോള്‍ ട്രംപിന്‍റെ നടപടികള്‍ തെറ്റാണെന്നും കാപ്പിറ്റോള്‍ ആക്രമണത്തില്‍ ട്രംപിന് പങ്കുണ്ടെന്നും റിപ്പബ്ലിക്കന്‍മാരില്‍തന്നെ ഗണ്യമായ വിഭാഗം, പ്രത്യേകിച്ച് സെനറ്റിലെ റിപ്പബ്ലിക്കന്‍ ലീഡറായ മിച്ച്മക്കൊണല്‍വരെ അഭിപ്രായപ്പെട്ടെങ്കിലും ട്രംപിനെ കുറ്റവിമുക്തനാക്കുന്നതില്‍ കാണുന്നത് അമേരിക്കന്‍ ഭരണവര്‍ഗം ഇപ്പോഴും ട്രംപിനൊപ്പമാണെന്നാണ്. റിപ്പബ്ലിക്കന്‍ പാര്‍ടിയിലെ 37 ശതമാനം കോണ്‍ഗ്രസ് അംഗങ്ങളും നവംബറിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതാണെന്ന ട്രംപിന്‍റെ അഭിപ്രായമുള്ളവരാണ്. 80 ശതമാനം റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളും ജനുവരി 6ന്‍റെ ആക്രമണത്തില്‍ ട്രംപിനെ കുറ്റവിമുക്തനാക്കാന്‍ വോട്ടുചെയ്തവരാണ്. അതിനുംപുറമെയാണ് ഇപ്പോഴും ട്രംപിനൊപ്പമുള്ള ജനപിന്തുണ. 2016ലേതിനെക്കാള്‍ 74 ലക്ഷം ആളുകളാണ് 2020ല്‍ ട്രംപിന് കൂടുതലായി വോട്ടുചെയ്തത്. അതിനനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതാകട്ടെ കോര്‍പറേറ്റ് മാധ്യമങ്ങളും.

ഇതു കാണിക്കുന്നത് ആഗോള മൂലധനത്തിന് നിലനില്‍ക്കാന്‍ ജനാധിപത്യം എത്ര പരിമിതമായിട്ടുപോലും ഇല്ലാതാകണമെന്ന അവസ്ഥയെയാണ്. ട്രംപിനെപ്പോലെ സ്വേച്ഛാധിപതിയും വംശീയവെറി ഇളക്കിവിടുന്നവനുമായ വിടുവായന്മാരെയാണ് മുതലാളിത്തം ഈ ഘട്ടത്തില്‍ ഭരണത്തിലിരുത്താന്‍ ആഗ്രഹിക്കുന്നതെന്നാണ്. രൂക്ഷമായി വരുന്ന പ്രതിസന്ധിയുടെ ഘട്ടത്തില്‍ ജനാധിപത്യത്തിന്‍റെ പുറംതോട് പൊട്ടിച്ച് നഗ്നമായ സ്വേച്ഛാധിപത്യം സ്വീകരിക്കാനാണ് മുതലാളിത്തം ഇന്ന് ശ്രമിക്കുന്നത്. അതിന് വംശീയതയുടെയും വര്‍ഗീയതയുടെയും തീവ്രദേശീയതയുടെയും കൂട്ടും ആവശ്യമായിരിക്കുകയാണ്. അതാണ് അമേരിക്കയില്‍ മാത്രമല്ല, ബ്രിട്ടനിലും ഹങ്കറിയിലും ഇസ്രയേലിലും ഉക്രയിനിലും തുര്‍ക്കിയിലും ഇന്ത്യയിലുമെല്ലാം കാണുന്നത്. ലിബറല്‍ ജനാധിപത്യവാദികള്‍ എന്നറിയപ്പെടുന്ന വിഭാഗവും ഈ ഫാസിസ്റ്റ് ശക്തികള്‍ക്കുമുന്നില്‍ മുട്ടുമടക്കുന്നതും ഈ പ്രവണതയുടെ ഭാഗമാണ്.•