പ്രതിപക്ഷനുണകള്‍ക്ക് കൂട്ടായി മാധ്യമങ്ങളും

സി പി നാരായണന്‍

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ദിനപത്രത്തിന് 1947 ആഗസ്ത് 15 വരെ രാഷ്ട്രപിതാവ് മിസ്റ്റര്‍ ഗാന്ധിയായിരുന്നു. അന്നന്നത്തെ ഏറ്റവും പിന്തിരിപ്പന്‍ ഭരണാധികാരികളെ വാഴ്ത്തുന്ന കൂട്ടത്തില്‍പെടുന്നവരാണ് അതിന്‍റെ ഉടമകള്‍. ഇപ്പോഴും അവര്‍ അതേ ശൈലി തുടരുന്നതില്‍ അത്ഭുതമില്ല. എന്നാല്‍, സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെ ജിഹ്വയായി കേരളത്തില്‍ ഉടലെടുത്ത മാധ്യമം ഇപ്പോള്‍ കാവിയുടുത്തു കാണുമ്പോള്‍ ഉദര നിമിത്തം ബഹുകൃതവേഷം എന്നു പറയണമോ? അതോ സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം, സാമൂഹ്യനീതി, മതനിരപേക്ഷത എന്നീ ഭരണഘടനാ മൂല്യങ്ങളെ പിഴുതെറിയാന്‍ തുനിഞ്ഞിറങ്ങിയ പരിവാര ഭീകരതയെ പുല്‍കി നില്‍ക്കുന്നു എന്നാണോ പറയേണ്ടത്? ഏതായാലും സത്യം, സമത്വം, സ്വാതന്ത്ര്യം എന്നും മറ്റും നെറ്റിയില്‍ ഇപ്പോഴും എഴുതിപ്പിടിപ്പിച്ചു നടക്കുന്ന മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് എന്ന കാര്യം അവയുമായി ബന്ധപ്പെടുന്നവരാരും മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല.

വാര്‍ത്തകള്‍ വളച്ചൊടിക്കുക മാധ്യമ സ്വാതന്ത്ര്യത്തില്‍പെടുന്നു എന്ന് അവയെ തങ്ങളുടെ വീക്ഷണത്തില്‍ അവതരിപ്പിച്ചതിനുള്ള ന്യായീകരണമായി ബന്ധപ്പെട്ടവര്‍ പറഞ്ഞേക്കാം. മുമ്പൊക്കെ പറയാറുള്ളത് തലക്കെട്ടും ഇന്‍ട്രോയും തങ്ങളുടെ വീക്ഷണകോണില്‍ നിന്നുകൊണ്ട് രൂപപ്പെടുത്താന്‍ വാര്‍ത്ത കൃത്യമായി അവതരിപ്പിക്കുന്ന മാധ്യമത്തിന് അവകാശമുണ്ട് എന്നാണ്. എന്നാല്‍, ഇല്ലാത്ത അഥവാ നടക്കാത്ത വാര്‍ത്ത നല്‍കലും മാധ്യമധര്‍മമോ അവകാശമോ ആയി അമേരിക്കയിലെയും മറ്റും കുത്തക മാധ്യമങ്ങള്‍ ഇപ്പോള്‍ അവകാശപ്പെടുന്നു. അതാണല്ലോ ട്രംപ് വാഴ്ചയുടെ കാലത്ത് ഫോക്സ് ന്യൂസും മറ്റും ചെയ്തിരുന്നത്. ആ ഫോക്സിനെ മാതൃകയാക്കി ഇവിടത്തെ ഫോക്സുകള്‍ അതേ ശൈലി പിന്തുടരുന്നു. ഇത്തരം മാധ്യമങ്ങള്‍ ചെയ്യുന്നതുപോലെ നിറംപിടിപ്പിച്ചതോ പിടിപ്പിക്കാത്തതോ ആയ നുണകള്‍ പ്രചരിപ്പിക്കുന്ന രീതി അനുകരിക്കണമോ തുടരണമോ എന്ന് ഇവിടത്തെ മാധ്യമ ഉടമകളും പ്രവര്‍ത്തകരും തീരുമാനിക്കട്ടെ. അവ പ്രചരിപ്പിക്കുന്ന സത്യേതര വാര്‍ത്തകള്‍ വിശ്വസിക്കണമോ തള്ളിക്കളയണമോ എന്നും അത് നിശ്ചയിക്കാന്‍ ഇപ്പോഴും സ്വാതന്ത്ര്യമുള്ള വായനക്കാരും ശ്രോതാക്കളും തീരുമാനിക്കട്ടെ. 


ഈ മാധ്യമങ്ങള്‍ നിരന്തരം പ്രചരിപ്പിക്കുന്നത് വസ്തുതകളല്ല, ആരൊക്കെയോ തട്ടിപ്പടയ്ക്കുന്ന പച്ച നുണകളോ നിറംപിടിപ്പിച്ച നുണകളോ ആണെന്ന് ഭൂരിഭാഗം കേരളീയര്‍ക്കും ബോധ്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത് പറയുന്നത്. ഏതാണ്ട് ആറുമാസക്കാലം ഇവ കേരളത്തിലെ വാര്‍ത്താ മണ്ഡലത്തെ അസത്യത്തിന്‍റെ വിവിധ നിറഭേദങ്ങളില്‍ മുക്കിയ വാര്‍ത്താബലൂണുകള്‍കൊണ്ട് നിറച്ചല്ലോ. തദ്ദേശഭരണ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇവര്‍ ഉല്‍പാദിപ്പിച്ച സത്യേതര വാര്‍ത്തകള്‍ പ്രതിപക്ഷ നേതാക്കളും അവര്‍ ഉല്‍പാദിപ്പിച്ചവ ഇവയും നിരന്തരം പ്രചരിപ്പിച്ചു. വോട്ടെടുപ്പുഫലം വന്നപ്പോള്‍ മുമ്പൊരിക്കലും ഇല്ലാത്തതോതില്‍ ഭരണമുന്നണിയുടെ സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും എതിര്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുകയും ചെയ്തു. അതോടെ പ്രതിപക്ഷ ആരോപണങ്ങളും കുത്തക മാധ്യമങ്ങളുടെ നിര്‍മിത നുണക്കഥകളും പണ്ടേപോലെ ഫലിക്കുന്നില്ല എന്ന് തെളിഞ്ഞു. പല നുണബലൂണുകളെയും ജാഗരൂകമായ സോഷ്യല്‍ മാധ്യമങ്ങള്‍ കയ്യോടെ പൊട്ടിച്ചുവിട്ടു. ജനങ്ങള്‍ അത്തരം വിഗ്രഹഭഞ്ജനത്തിന് നല്ല പിന്തുണനല്‍കി. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിപക്ഷവും അനുകൂല കുത്തക മാധ്യമങ്ങളുും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പഴയ പണി തുടങ്ങി. അവ ശ്രദ്ധ കേന്ദ്രീകരിച്ചത് സര്‍ക്കാര്‍ തങ്ങളുടെ സ്വന്തക്കാരെ കൂട്ടത്തോടെ ജോലിയില്‍ സ്ഥിരപ്പെടുത്തുന്നു എന്നു പ്രചരിപ്പിക്കുന്നതിലാണ്; അതുവഴി പിഎസ്സി റാങ്ക് ഹോള്‍ഡര്‍മാര്‍ക്ക് നിയമന അവസരങ്ങള്‍ നിഷേധിക്കുന്നു എന്നും. പിഎസ്സി അപേക്ഷകരെ പരീക്ഷനടത്തിയും ഇന്‍റര്‍വ്യുചെയ്തും തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികകളിലെ ശരാശരി 20 ശതമാനം പേര്‍ക്കുമാത്രമെ നിയമനം ലഭിക്കാറുള്ളൂ എന്നതാണ് അനുഭവം. റാങ്ക് പട്ടിക തയ്യാറാക്കാന്‍ സുപ്രീംകോടതിവരെ ഇടപെട്ട് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളനുസരിച്ച് അതാണ് സ്ഥിതി. ഈ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെകാലത്ത് മുമ്പുണ്ടായിരുന്ന എല്ലാ സര്‍ക്കാരുകളുടെയും കാലത്തേതിനേക്കാള്‍ കൂടുതല്‍ ഉദ്യോഗാര്‍ഥികളെ നിയമിച്ചിട്ടുണ്ട്. അതിനുവേണ്ടി അരലക്ഷത്തോളം പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും റാങ്ക് പട്ടികയുടെ കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടൊക്കെ അമിത പ്രതീക്ഷ ഉദ്യോഗാര്‍ഥികളില്‍ ഉണ്ടായിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സെക്രട്ടേറിയറ്റിനുമുന്നില്‍ സമരംചെയ്താല്‍ സര്‍ക്കാര്‍ തങ്ങളെയും നിയമിക്കും എന്ന വ്യാമോഹം ഉദ്യോഗാര്‍ഥികളില്‍ അങ്കുരിച്ചിട്ടുണ്ടാകാം. അവരെ സര്‍ക്കാരിന് എതിരാക്കാനായി പ്രതിപക്ഷ നേതാക്കള്‍ അവരുടെ സമരങ്ങളെ പിന്താങ്ങുകയും അവരില്‍ ചിലര്‍ അനുഭാവസമരം നടത്തുകയും ചെയ്യുന്നു. അതിന് രണ്ട് ഉദ്ദേശ്യങ്ങളാണുള്ളത്. ഒന്ന്, സര്‍ക്കാര്‍ കാര്യക്ഷമമായും ഫലപ്രദമായും പ്രവര്‍ത്തിക്കുന്നു എന്ന, അനുഭവത്തിന്‍റെ അടിസ്ഥാനത്തിലുള്ള ജനങ്ങളുടെ ധാരണ തിരുത്തുക; രണ്ട്, അവരുടെ പിന്തുണ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുക. എന്നാല്‍, ഇതിനകം സമരക്കാരുടെ ആവശ്യപ്രകാരം ചില റാങ്ക് പട്ടികകളുടെ കാലാവധി 6 മാസം നീട്ടിക്കൊടുത്തതും സമരക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ചചെയ്ത് സര്‍ക്കാരിന് നടത്താവുന്ന വിട്ടുവീഴ്ചകള്‍ ചെയ്തതും അതും പോരാതെ മന്ത്രിസഭ കൂടി കൈക്കൊണ്ട ഇളവുകള്‍ മുഖ്യമന്ത്രി വിശദീകരിച്ചതും ഒരുവിധം പേരെയൊക്കെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ സമരരംഗത്ത് മുഖ്യമായി യുഡിഎഫുകാരേ ഉള്ളൂ എന്നായിട്ടുണ്ട് സ്ഥിതി. തിരുവനന്തപുരത്തുംമറ്റും യൂത്ത് കോണ്‍ഗ്രസുകാരും മറ്റ് ചിലേടത്ത് യൂത്ത് ലീഗുകാരും. ഇപ്പോള്‍ സമരം തൊഴില്‍ ലഭിക്കാത്തവരുടെയല്ല, രാഷ്ട്രീയ പാര്‍ടികളുടേതായി. 

അതിനിടെ ഉമ്മന്‍ചാണ്ടി നയിച്ച യുഡിഎഫ് ഭരണകാലത്ത് ഡല്‍ഹിയിലെ കേരളഹൗസിലും മറ്റും യോഗ്യതയൊന്നും നോക്കാതെ കാശുവാങ്ങിയോ കോണ്‍ഗ്രസുകാര്‍ നിര്‍ദേശിച്ച പ്രകാരമോ നിരവധിപേരെ നിയമിക്കുകയും രണ്ടുവര്‍ഷം മാത്രം സര്‍വീസുള്ളവരെ സ്ഥിരപ്പെടുത്തുകയും ചെയ്തതിന്‍റെ വിവരം പുറത്തുവന്നു. ആ യുഡിഎഫ് ഭരണകാലത്ത് 5000-ല്‍പരം പേരാണ് ഇത്തരത്തില്‍ സ്ഥിരമാക്കപ്പെട്ടത്. അതിനുമുമ്പുള്ള എല്‍ഡിഎഫ് ഭരണകാലത്ത് നിയമനം പിഎസ്സിക്ക് കൈമാറിയിട്ടില്ലാത്ത സ്ഥാപനങ്ങളില്‍ പത്തുവര്‍ഷത്തിനകം തുടര്‍ച്ചയായ സര്‍വീസിലുള്ളവരെ സ്ഥിരപ്പെടുത്തിയിരുന്നു. എന്നാല്‍ യുഡിഎഫ് ഭരണകാലത്ത് അതിനുപകരം രണ്ടോ മൂന്നോ വര്‍ഷം സര്‍വീസ് ഉള്ളവരെയും കൈക്കൂലി കൊടുക്കുന്നവരെയും സ്ഥിരപ്പെടുത്തിയിരുന്നു. ഇത് ആരോപണമല്ല, തെളിവുള്ള കാര്യമാണ്


നിയമനങ്ങളില്‍ യഥാര്‍ഥത്തില്‍ അഴിമതിചെയ്യാറുള്ളത് യുഡിഎഫുകാരാണ്. ഇത് ജനങ്ങളില്‍ പലര്‍ക്കും അറിയാം. എന്നിട്ടും അതൊക്കെ മൂടിവെച്ചോ അതിന്‍റെനേരെ കണ്ണടച്ചോ ചില മാധ്യമങ്ങള്‍ പ്രതിപക്ഷങ്ങള്‍ക്കുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാരിനെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്നു. ഇതാണ് ഇപ്പോള്‍ നടക്കുന്നത്. 


ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെയും ഓഫീസിന്‍റെയുംമേല്‍ അഴിമതി ചാര്‍ത്താന്‍ ഇപ്പോഴും വൃഥാ ശ്രമം നടത്തുന്നുണ്ട്. വടക്കാഞ്ചേരിയിലെ ലൈഫ് വീട് നിര്‍മാണക്കരാര്‍ ഏറ്റെടുത്ത സന്തോഷ്  ഈപ്പന്‍ സ്വപ്നാസുരേഷിനും യുഎഇ കോണ്‍സല്‍ ജനറല്‍ ഓഫീസിലെ ചിലര്‍ക്കും വന്‍ തുക രൂപയായും ഡോളറായും കൈമാറിയിരുന്നു. അത് സംഭവിച്ച് ആറുമാസങ്ങള്‍ക്കുശേഷം ഇപ്പോള്‍ കസ്റ്റംസ് അക്കാര്യത്തില്‍ കേസെടുത്തിരിക്കുന്നു. ഇക്കാര്യം വെളിപ്പെട്ടിട്ടുതന്നെ മാസങ്ങളായി. വീണ്ടും ആ പ്രശ്നം വാര്‍ത്താവിഷയമാക്കി മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമായിവേണം ഇതിനെ കാണാന്‍. കസ്റ്റംസ് വകുപ്പും ആ കളിയില്‍ പങ്കാളികളായത് കേന്ദ്രഭരണകക്ഷി സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിനായി ഭരണസംവിധാനത്തെ ഏതറ്റംവരെ ദുരുപയോഗംചെയ്യും എന്നതിന് തെളിവാണ്.


എല്‍ഡിഎഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണ-രാഷ്ട്രീയ നേതാക്കളെയും അഴിമതിക്കാരാക്കി ചിത്രീകരിക്കാനുള്ള വെമ്പല്‍ ഇത്തരം മാധ്യമങ്ങളില്‍ നിറഞ്ഞുതുളുമ്പുകയാണ്. അതേസമയം സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ചുള്ള സത്യസന്ധമായ വാര്‍ത്തകള്‍ പരമാവധി ഒഴിവാക്കാനോ നാമമാത്രമായി പ്രസിദ്ധീകരിക്കാനോ ഉള്ള ശ്രമം ഇത്തരം മാധ്യമങ്ങള്‍ നിരന്തരം നടത്തുന്നു. •