കെ-ഫോണ്‍ യുഗം

പിണറായി വിജയന്‍

ന്‍റര്‍നെറ്റ് പൗരരുടെ ഒരവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. അവകാശങ്ങള്‍ അനുഭവിക്കാന്‍ കഴിയുമ്പോഴാണ് അവ പൂര്‍ണതോതില്‍ അര്‍ത്ഥവത്താകുന്നത്. അതിനുള്ള ശ്രമമാണ് കെ-ഫോണ്‍ എന്ന പദ്ധതി നടപ്പാക്കുന്നതിലേക്ക് സംസ്ഥാന സര്‍ക്കാരിനെ നയിച്ചത്.

ലോകത്തു തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ഡിവൈഡുള്ള രാജ്യമാണ് ഇന്ത്യ. കേരളത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് ഇല്ല എന്നുറപ്പാക്കാനുള്ള ശ്രമമാണ് കെ-ഫോണിലൂടെ നാം നടത്തുന്നത്. കേരള ജനതയ്ക്കാകെ ഇന്‍റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ അവരുടെ വിരല്‍ത്തുമ്പുകളില്‍ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍.സംസ്ഥാനത്തെ എല്ലാ വീടുകളെയും ഓഫീസുകളെയും ഓപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ്. 20 ലക്ഷത്തോളം ആളുകള്‍ക്ക് അതിവേഗ ഇന്‍റര്‍നെറ്റ് സൗജന്യമായി ലഭ്യമാകും.

കേരളത്തെ ഇന്‍ഫര്‍മേഷന്‍ ഹൈവേയുമായി സര്‍ക്കാര്‍ ബന്ധിപ്പിക്കുകയാണ്. നോളജ് ഇക്കോണമിയായും ഐടി ഹബ്ബായും വളരാനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് ശക്തമായ അടിത്തറ നാം ഒരുക്കുകയാണ്. സാധാരണ ജനങ്ങള്‍ക്ക് സര്‍ക്കാരുമായി ബന്ധപ്പെടാനും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാനുമുള്ള മാര്‍ഗം കൂടുതല്‍ സുഗമമാക്കുകയാണ്. തീര്‍ത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തുന്ന ഒരു സംരംഭമാണ് കെ- ഫോണ്‍ പദ്ധതി; ഫെബ്രുവരി 15ന് കെ-ഫോണ്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. നമ്മുടെ ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ കഴിയുന്നതില്‍ ഗവണ്‍മെന്‍റിന് ചാരിതാര്‍ത്ഥ്യമുണ്ട്.

വിവരസാങ്കേതികവിദ്യയില്‍ നിരവധി പുരോഗതികള്‍ ഉണ്ടായിരുന്നിട്ടും, പത്തില്‍ താഴെ ശതമാനം സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രമേ സ്റ്റേറ്റ് നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ചിരുന്നുള്ളൂ. ഒപ്റ്റിക് ഫൈബര്‍ ശൃംഖലയുമായുള്ള ബന്ധം അതിലും കുറവായിരുന്നു. ഭൂരിഭാഗം വീടുകളിലും ഹൈ സ്പീഡ് ബ്രോഡ് ബാന്‍ഡിലേക്ക് മാറിയിട്ടുണ്ടായിരുന്നില്ല. ആ അസൗകര്യത്തിന് ഇതോടെ അറുതിവരുത്തുകയാണ്.

ഡിജിറ്റല്‍ യുഗത്തിലെ മികച്ച ഭരണത്തിനായി സുരക്ഷിതവും വിശ്വസനീയവും വിപുലീകരിക്കാവുന്നതുമായ പശ്ചാത്തലസൗകര്യം ആവശ്യമാണ്. ഇന്‍റര്‍നെറ്റിന്‍റെ ഇപ്പോഴത്തെ ലഭ്യത സ്വകാര്യ ഓപ്പറേറ്റര്‍മാരെ ആശ്രയിച്ചിരിക്കുന്നു, ഇത് പ്രധാനമായും നഗരപ്രദേശങ്ങളില്‍ മാത്രമേ ലഭ്യമാകുന്നുള്ളൂ, എന്നാല്‍, കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ പരിമിതമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോലുള്ള ഫ്യൂച്ചറിസ്റ്റ് സാങ്കേതികവിദ്യകളെ പരിപോഷിപ്പിക്കുന്ന മികച്ച സൗകര്യങ്ങള്‍ സ്വായത്തമാക്കുന്നതില്‍ സംസ്ഥാനം വേഗത കൈവരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള ബാന്‍ഡ്വിഡ്ത്ത് വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനുള്ള ഉപാധിയാണ് കെ-ഫോണ്‍. 

സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് കെ-ഫോണ്‍. സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുകയാണ്. അതുവഴി അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ 30,000ത്തോളം ഓഫീസുകളിലും കൂടാതെ ഈ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിച്ച് ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി സര്‍വീസ് പ്രൊവൈഡേഴ്സ് മുഖേന വീടുകളിലും എത്തിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെയും മറ്റു സ്വകാര്യ ടെലകോം സര്‍വ്വീസ് പ്രൊവൈഡേഴ്സിന്‍റെയും നിലവിലുള്ള ബാന്‍ഡ്വിഡ്ത്ത് പരിശോധിച്ച് അതിന്‍റെ അപര്യാപ്തത മനസ്സിലാക്കി അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്‍ഡ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

കേരള  സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചറും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ കെ-ഫോണ്‍ ലിമിറ്റഡിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കെ-ഫോണ്‍ പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനെ ടെന്‍ഡര്‍ നടപടിയിലൂടെയാണ് തെരഞ്ഞെടുത്തത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയില്‍ടെല്‍, എല്‍എസ് കേബിള്‍, എസ് ആര്‍ ഐ ടി എന്നീ കമ്പനികള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് പദ്ധതി നടപ്പിലാക്കുന്നത്. 2019 മാര്‍ച്ച് ഒമ്പതിനാണ് കരാര്‍ ഒപ്പിട്ടത്.

സംസ്ഥാനത്തെ 14 ജില്ലകളെയും കോര്‍ റിങ് വഴി ബന്ധിപ്പിക്കുകയാണ്. ഓരോ ജില്ലയിലെയും ഗവണ്‍മെന്‍റ് ഓഫീസുകളെയും മറ്റു ഗുണഭോക്താക്കളെയും ബന്ധിപ്പിക്കുന്നത് ആക്സസ് നെറ്റ്വര്‍ക്ക് വഴിയാണ്. കെ എസ് ഇ ബിയുടെ 378 സബ്സ്റ്റേഷനുകളില്‍ പ്രീഫാബ് ഷെല്‍ട്ടറിനുള്ളില്‍ ടെലികോം ഉപകരണങ്ങള്‍ സ്ഥാപിക്കും. 14 ജില്ലകളിലും കോര്‍പോപ്പ് (പൊയിന്‍റ് ഓഫ് പ്രസന്‍സ്) ഉണ്ട്. അത് കെ എസ് ഇ ബി സബ്സ്റ്റേഷനുകളില്‍ 300 സ്ക്വയര്‍ ഫീറ്റിലായിരിക്കും സ്ഥാപിക്കുക. ഈ പോപ്പുകള്‍ 110/220/400 കെവി ടവറുകള്‍ വഴി സ്ഥാപിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (കോര്‍ റിങ്) ഉപയോഗിച്ച് ബന്ധിപ്പിക്കും. ഈ ശൃംഖലകളില്‍ സ്ഥാപിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മോണിട്ടര്‍ ചെയ്യാന്‍ എറണാകുളം ജില്ലയില്‍ ഒരു നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ് സെന്‍റര്‍ (NOC) സ്ഥാപിച്ചിട്ടുണ്ട്. ഈ നെറ്റ്വര്‍ക്കിന്‍റെ 100 ശതമാനം ലഭ്യതയ്ക്കു വേണ്ടി റിങ് ആര്‍ക്കിടെക്ചര്‍ ആണ് അവലംബിച്ചിരിക്കുന്നത്.

ഓരോ ജില്ലയിലും കോര്‍പോപ്പിനു പുറമേ മറ്റ് പോപ്പുകളും കെഎസ്ഇബി സബ്സ്റ്റേഷനുകളില്‍ സ്ഥാപിക്കും. ഇവ അഗ്രിഗേറ്റ് പോപ്പുകള്‍ എന്നറിയപ്പെടും. ഇവയെ ബന്ധിപ്പിക്കുന്നതിന് ഒപ്റ്റിക് ഫൈബര്‍ ഉപയോഗിച്ച് 40 Gbps ബാന്‍ഡ്വിഡ്ത്ത് കപ്പാസിറ്റിയിലുള്ള നെറ്റ്വര്‍ക്ക് സ്ഥാപിക്കും. അഗ്രിഗേഷന്‍ റിങ്ങിനു പുറമേ പ്രി അഗ്രിഗേഷന്‍ റിങ്ങുകളും സ്പര്‍ പോപ്പുകളും സ്ഥാപിക്കുന്നതാണ്. 35,000 കിലോമീറ്റര്‍ ഒപ്റ്റിക് ഫൈബര്‍ നെറ്റ്വര്‍ക്ക് ആണ് സംസ്ഥാനത്താകെ സ്ഥാപിക്കുന്നത്. ഇത് കേരളത്തിലുള്ള ഏറ്റവും വലിയ ശൃംഖലയായിരിക്കും. ഇതൊരു ന്യൂട്രല്‍ ആക്സസ് നെറ്റ്വര്‍ക്ക് ആയി പ്രവര്‍ത്തിക്കും.

കെ-ഫോണ്‍ പദ്ധതിക്കു വേണ്ടി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി പരിപാലനം ഉള്‍പ്പെടെ   ഒമ്പതു വര്‍ഷത്തേക്ക് ഏര്‍പ്പാടാക്കിയ കരാര്‍ തുക 1531 കോടി രൂപയാണ്. ഇതില്‍ 1168 കോടി രൂപ നിര്‍മാണ പ്രവര്‍ത്തനത്തിനും 363 കോടി രൂപ ഓപ്പറേഷന്‍ ആന്‍റ് മെയിന്‍റനന്‍സിനുമാണ്. ഇതില്‍ ക്യാപെക്സ് തുകയായ 1168 കോടി രൂപയുടെ 70 ശതമാനം കിഫ്ബിയില്‍ നിന്നുമാണ് നല്‍കുന്നത്.

കേബിള്‍ ഓപ്പറേറ്റര്‍, ടെലികോം ഓപ്പറേറ്റര്‍, ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍, കണ്ടന്‍റ് സര്‍വീസ് പ്രൊവൈഡര്‍ തുടങ്ങിയ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക് ഫൈബര്‍ നെറ്റ്വര്‍ക്ക് ഇതോടെ സംസ്ഥാനത്ത് നിലവില്‍ വരും. ഐടി പാര്‍ക്കുകള്‍, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളില്‍ അതിവേഗ ഇന്‍റര്‍നെറ്റ് ലഭ്യമാകും. മുപ്പതിനായിരത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbps തൊട്ട് 1 Gbps വരെ വേഗതയില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാകും. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജെന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, സ്റ്റാര്‍ട്ടപ്പ്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ മേഖലകളില്‍ മികവിന്‍റെ കേന്ദ്രങ്ങള്‍ക്ക് കെ-ഫോണ്‍ സൗകര്യമൊരുക്കും. 

ഗ്രാമങ്ങളിലെ ചെറുകിട സംരംഭങ്ങള്‍ക്കും ഇ-കോമേഴ്സ് വഴി വില്‍പ്പന നടത്താന്‍ കെ-ഫോണ്‍ സഹായകമാകും. സര്‍ക്കാര്‍ സേവനങ്ങളായ ഇ-ഹെല്‍ത്ത്, ഇ-എഡ്യൂക്കേഷന്‍ മറ്റ് ഇ-സര്‍വീസുകള്‍ എന്നിവയ്ക്ക് കൂടുതല്‍ ബാന്‍ഡ്വിഡ്ത്ത് നല്‍കി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കെഫോണ്‍ സഹായിക്കും. ഉയര്‍ന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റം കാര്യക്ഷമമാക്കാനും കെ-ഫോണ്‍ പദ്ധതി സഹായിക്കും.

സിസ്റ്റം ഇന്‍റഗ്രേറ്റര്‍ സമര്‍പ്പിച്ച പദ്ധതി പ്രകാരം കോര്‍ അഗ്രിഗേഷന്‍, NOC എന്നിവ പൂര്‍ത്തിയായി വരികയാണ്. 29,000 ഓഫീസുകളുടെ സര്‍വേയും 32,000 കിലോമീറ്റര്‍ ഒ എഫ് സിയുടെ സര്‍വ്വേയും 8 ലക്ഷം കെ എസ് ഇ ബി എല്‍ പോളുകളുടെ സര്‍വേയും 375 പോപ്പുകളുടെ പ്രീഫാബ് ലൊക്കേഷന്‍ സര്‍വേയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 29,000 കിലോമീറ്റര്‍ എ ഡി എസ് എസ് ഒ എഫ് സി കേബിള്‍ ഇടാനുള്ളതില്‍ 14 ജില്ലകളിലായി 7200 കി.മീ. പൂര്‍ത്തികരിച്ചിട്ടുണ്ട്. 375 പോപ്പുകളില്‍ 136 സിവില്‍ ഫൗണ്ടേഷനും 125 പ്രീഫാബ് ഷെല്‍ട്ടര്‍ ഇന്‍സ്റ്റലേഷനും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഏഴ് ജില്ലകളിലായി (തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്) ആയിരത്തോളം ഓഫീസുകളുടെ കണക്ടിവിറ്റി ആണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. കേരളത്തില്‍ ഉടനീളമുള്ള 5700ഓളം ഗവണ്‍മെന്‍റ് ഓഫീസുകളില്‍ കണക്റ്റിവിറ്റി ഉടന്‍ പൂര്‍ത്തീകരിക്കുന്നതാണ്. 110 / 220 /400 കെ വി ഇലക്ട്രിക്കല്‍ ടവറുകള്‍ വഴി 2900 കിലോമീറ്റര്‍ OPGW കേബിളിടാനുള്ളതില്‍ 360 കിലോമുറ്റര്‍ കേബിളിങ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.


കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് നല്‍കാനും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനും കഴിയും. ഇത് വിദ്യാഭ്യാസത്തിനും സംരംഭകത്വത്തിനും നിക്ഷേപത്തിനും വ്യവസായത്തിനും വിനോദത്തിനും ഒക്കെയുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും. വിവിധ മേഖലകളില്‍ കേരളത്തെ ലോകത്തിന്‍റെ നെറുകയില്‍ എത്തിക്കാന്‍ കെ-ഫോണ്‍ സഹായകമാകും.

                                                                              ജലമെട്രോ യാഥാര്‍ത്ഥ്യമാകുന്നു
കൊച്ചി നഗരത്തിന്‍റെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്ന മൂന്ന് പ്രധാന പദ്ധതികള്‍  ഉദ്ഘാടനം ചെയ്തു. വാട്ടര്‍ മെട്രോയുടെ വൈറ്റില മുതല്‍ കാക്കനാട് വരെയുള്ള റൂട്ടും ടെര്‍മിനലുകളും, പനംകുറ്റി പാലം, IURWTS (Integrated Urban Regeneration and Water Transport System) പദ്ധതി, പുനരധിവാസ കേന്ദ്രത്തിന്‍റെ നിര്‍മാണോദ്ഘാടനം എന്നിവയായിരുന്നു അവ.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കൊച്ചിയില്‍ നടത്തിയത്. അതിലേറ്റവും പ്രധാനം കൊച്ചി മെട്രോയാണ്. നഗര ഗതാഗതത്തിന്‍റെ പുത്തന്‍ അടയാളമായി കൊച്ചിമെട്രോ മാറി. മലയാളികള്‍ അഭിമാനത്തോടെ മെട്രോയെ ഏറ്റെടുക്കുകയും മെട്രോയാത്ര ആഘോഷമാക്കുകയും ചെയ്തുവരുന്നു. 

നഗരഗതാഗതമെന്ന പോലെ ജലഗതാഗതവും സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാട്ടര്‍ മെട്രോയ്ക്ക് സര്‍ക്കാര്‍ രൂപംകൊടുത്തത്. നിരവധി പ്രത്യേകതകളാണ് വാട്ടര്‍മെട്രോയ്ക്കുള്ളത്. എല്ലാവര്‍ക്കും പ്രാപ്യമായതും, സുരക്ഷിതവും കാര്യക്ഷമവുമായ ഒരു ഹരിത ഗതാഗത സംവിധാനമാണിത്. സുഖകരമായ സഞ്ചാരത്തിനായി എയര്‍കണ്ടീഷന്‍ ബോട്ടുകളാണ് ഉപയോഗിക്കുന്നത്. ഫ്ളോട്ടിംഗ് ജെട്ടികള്‍ അവതരിപ്പിക്കുന്നതിലൂടെ രാജ്യത്താദ്യമായി ഭിന്നശേഷി സൗഹൃദമായ ഒരു ജലഗതാഗത സംവിധാനമായി വാട്ടര്‍ മെട്രോ മാറുകയാണ്. മാത്രമല്ല, പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, ഫോസില്‍ ഇന്ധനങ്ങള്‍ വഴിയുണ്ടാകുന്ന പാരിസ്ഥിതികനാശവും ഉണ്ടാകില്ല. 

ആദ്യഘട്ടമെന്ന നിലയില്‍ കൊച്ചിയുടെ സമീപത്തുള്ള 10 മനോഹരമായ ദ്വീപുകളെയാണ് ഈ പദ്ധതിയുമായി ബന്ധിപ്പിക്കുന്നത്. ദ്വീപുകള്‍ നഗര ഹൃദയവുമായി ബന്ധിപ്പിക്കുന്നതിലൂടെ വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകും. ഇത് ദ്വീപുനിവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകും.

38 ടെര്‍മിനലുകളും 78 ബോട്ടുകളുമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ ഒന്നാം ഘട്ടമെന്ന നിലയില്‍ 16 ടെര്‍മിനലുകള്‍ നിര്‍മ്മിക്കുവാനാണ് തീരുമാനിച്ചത്. വൈറ്റില മുതല്‍ കാക്കനാട് വരെയുള്ള വാട്ടര്‍മെട്രോയുടെ ആദ്യ സഞ്ചാരപാത, വൈറ്റിലയിലും കാക്കനാടും നിര്‍മിച്ച രണ്ട് ടെര്‍മിനലുകള്‍ എന്നിവയുടെ ഉദ്ഘാടനം നടന്നു. ഈ സഞ്ചാരപാത ഇന്‍ഫോപാര്‍ക്കിലേയ്ക്കും, സ്മാര്‍ട്ട് സിറ്റിയിലേയ്ക്കും ദീര്‍ഘിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട ദീര്‍ഘിപ്പിക്കല്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഇന്‍ഫോപാര്‍ക്കിലേയും, സ്മാര്‍ട്ട് സിറ്റിയിലേയും ജീവനക്കാരുടെ യാത്ര ഏറെ സുഗമമാകും.

പേട്ടയേയും തൃപ്പൂണിത്തുറയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് പനംകുറ്റി പാലം. പേട്ട ജങ്ഷനു സമീപം പൂര്‍ണ്ണാനദിക്കു കുറുകെ 50 വര്‍ഷത്തോളം പഴക്കമുള്ളൊരു പാലം ഉണ്ടായിരുന്നു. പേട്ടയിലെ ഗതാഗത കുരുക്കിന് പ്രധാന കാരണമായി ഇതു പലപ്പോഴും ചൂണ്ടിക്കാട്ടപ്പെടാറുണ്ടായിരുന്നു. നടപ്പാതയില്ലാതിരുന്നതിനാല്‍ കാല്‍നടയാത്രക്കാരും വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ഈ ബുദ്ധിമുട്ടുകള്‍ക്ക് ഇതോടെ ശാശ്വത പരിഹാരമായിരിക്കുകയാണ്.

പൂര്‍ണ്ണാനദിക്കു കുറുകെ സുരക്ഷിതമായ കാല്‍നടപ്പാതയുള്‍പ്പെടെ സജ്ജമാക്കിക്കൊണ്ടാണ് പുതിയ പാലം നിര്‍മ്മിച്ചിട്ടുള്ളത്. 17.2 കോടിരൂപാ ചെലവില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ പാലത്തിന് 250 മീറ്റര്‍ നീളമാണുള്ളത്. ഇതില്‍ 70 മീറ്റര്‍ നീളത്തില്‍ അഞ്ചു സ്പാനുകളും അപ്രോച്ച് റോഡുകളുമുണ്ട്. 22 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, 15 മാസം കൊണ്ടുതന്നെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായി. സര്‍ക്കാരിന്‍റെ നിശ്ചയദാര്‍ഢ്യവും കൊച്ചി മെട്രോയുടെ പ്രവര്‍ത്തനമികവുമാണ് ഇതിനു കാരണമായത്. 

കൊച്ചിയിലെ ഉള്‍നാടന്‍ കനാലുകളെ പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച IURWTS എന്ന പദ്ധതിക്കും തുടക്കമിട്ടു. കൊച്ചിയിലെ ആറു പ്രധാന കനാലുകളെ കൊച്ചിയെ ചുറ്റുന്ന നദികളിലേയ്ക്കുള്ള പ്രവേശനത്തിനായി ഉപയോഗയോഗ്യമാക്കുക എന്നതാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഏകദേശം 1528 കോടി രൂപ ചെലവില്‍ ഇടപ്പള്ളി കനാല്‍, ചിലവന്നൂര്‍ കനാല്‍, തേവര-പേരണ്ടൂര്‍ കനാല്‍, തേവര കനാല്‍, മാര്‍ക്കറ്റ് കനാല്‍, കോന്തുരുത്തി കനാല്‍ എന്നീ കനാലുകളുടെ 34.75 കിലോമീറ്റര്‍ മാലിന്യം നീക്കി ഗതാഗതയോഗ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോയ്ക്ക് തന്നെയാണ് ഈ പദ്ധതിയുടെയും ചുമതല.

IURWTS പദ്ധതി നടപ്പാക്കുന്നതിലൂടെ വീടും സ്ഥലവും നഷ്ടപ്പെട്ടവരുണ്ട്. അവരെ കണ്ടില്ലായെന്നു നടിക്കാന്‍ ഈ സര്‍ക്കാരിനാകില്ല. അതുകൊണ്ടുതന്നെ ഈ പദ്ധതിയുടെ ഉദ്ഘാടനത്തോടൊപ്പം ഇത്തരത്തില്‍ ഭൂമി നഷ്ടമായവരുടെ പുനരധിവാസത്തിനായി നിര്‍മ്മിക്കുന്ന ഭവനസമുച്ചയത്തിന്‍റെ നിര്‍മാണോദ്ഘാടനവും ഈ ലേഖകന്‍ നിര്‍വഹിച്ചു. കേവലം താമസസൗകര്യം മാത്രമല്ല ഇതിന്‍റെ ഭാഗമായി ഒരുക്കുന്നത്. ഇവരുടെ സാമൂഹ്യ - സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മനുഷ്യനെ കാണാതെയുള്ള വികസനമല്ല ജനങ്ങളെ ചേര്‍ത്തു പിടിച്ചുകൊണ്ടുള്ള വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. 

 

                                                                             കോവളം - ബേക്കല്‍ പശ്ചിമ തീര ജലപാത
നിരവധി ജലാശയങ്ങളാല്‍ സമൃദ്ധമായ നാട് ആയതുകൊണ്ടുതന്നെ ഉള്‍നാടന്‍ ജലഗതാഗതത്തിന്‍റെ കാര്യത്തിലും വലിയ സാധ്യതയാണ് കേരളത്തിനുള്ളത്. അതു തിരിച്ചറിഞ്ഞുകൊണ്ടാണ് വടക്ക് ബേക്കല്‍ മുതല്‍ തെക്ക് കോവളം വരെ കേരളത്തില്‍ ജലഗതാഗതം സാധ്യമാക്കുന്നതിനായി ദേശീയ ജലപാതയുടെ നവീകരണത്തിനുവേണ്ട മുന്‍കൈ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇത്തരത്തിലുള്ള ജലഗതാഗത സൗകര്യം ഒരുക്കുന്നതിലൂടെ താരതമ്യേന ചെലവും മലിനീകരണവും കുറഞ്ഞ യാത്രാ സംവിധാനങ്ങളാണ് കേരളത്തില്‍ യാഥാര്‍ത്ഥ്യമാവുന്നത്.

കേരളത്തിന്‍റെ തീരപ്രദേശത്തിനു സമാന്തരമായി കായലുകളെയും പുഴകളെയും ബന്ധിപ്പിച്ച് നിരവധി കനാലുകള്‍ നിര്‍മിച്ച് രൂപപ്പെടുത്തിയതാണ് വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നറിയപ്പെടുന്ന പശ്ചിമതീര ജലപാത. തിരുവനന്തപുരം ജില്ലയിലെ കോവളം മുതല്‍ കാസര്‍കോട് ജില്ലയിലെ നീലേശ്വരംവരെ 590 കിലോമീറ്ററും തുടര്‍ന്ന് വടക്കോട്ട് നീലേശ്വരം മുതല്‍ ഹോസ്ദുര്‍ഗ് - ബേക്കല്‍ ഭാഗവും വരെ 620 കിലോമീറ്ററുമാണ്. ഇതില്‍ കൊല്ലം മുതല്‍ കോഴിക്കോട് ജില്ലയിലെ കല്ലായി വരെ 328 കിലോമീറ്റര്‍ ഭാഗം നാഷണല്‍ വാട്ടര്‍ വേ (എന്‍എച്ച്-3) ആണ്. കൊല്ലം മുതല്‍ കോട്ടപ്പുറം വരെ 168 കിലോമീറ്റര്‍ ഭാഗത്ത് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ ഡബ്ലിയു എ ഐ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. കോട്ടപ്പുറം മുതല്‍ കല്ലായിപ്പുഴ വരെയുള്ള 160 കിലോമീറ്റര്‍ ഭാഗത്ത് സംസ്ഥാന സര്‍ക്കാരാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്.  മറ്റു ഭാഗങ്ങള്‍ സ്റ്റേറ്റ് വാട്ടര്‍ വേ ആയി പരിഗണിച്ചു വരുന്നു. കൂടാതെ 1200 കിലോമീറ്റര്‍ ഫീഡര്‍ കനാലുകളും വിവിധ ജില്ലകളിലായി നിലവിലുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തെക്കന്‍ ജില്ലകളിലെയും മലബാറിലേയും കനാലുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള നിര്‍മിതികള്‍ ജലഗതാഗതത്തിന് അനുയോജ്യമായി നവീകരിക്കുന്നതിനുള്ള ക്ലാസ്സിഫിക്കേഷന്‍ നടത്തുകയും മൂന്നു ഘട്ടങ്ങളായി കനാല്‍ വികസനം നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഒന്നാം ഘട്ടത്തില്‍ നിലവിലുളള കനാലുകള്‍ ലഭ്യമായ വീതിയില്‍ ആഴം കൂട്ടി ഗതാഗത യോഗ്യമാക്കും. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഭൂമി ഏറ്റെടുത്ത് കനാലുകളുടെ വീതി വര്‍ദ്ധിപ്പിച്ച് ദേശീയ ജലപാതാ നിലവാരത്തില്‍ കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന രണ്ടാംഘട്ടം 2022ല്‍ അവസാനിക്കും. 2025ല്‍ അവസാനിക്കുന്ന 3-ാം ഘട്ടത്തില്‍ പശ്ചിമതീര കനാലിന്‍റെയും ഫീഡര്‍ കനാലുകളുടെയും നിര്‍മാണം പൂര്‍ത്തീക്കരിക്കുവാന്‍ കഴിയും.

520 കിലോമീറ്റര്‍ ഭാഗത്ത് ഒന്നാംഘട്ട വികസനം നടപ്പിലാക്കിയിട്ടുണ്ട്. ഉയര്‍ന്ന മൂലധന ചെലവുവരുന്ന കനാല്‍ ഭാഗങ്ങള്‍ നിര്‍മിക്കുന്നതിന് കിഫ്ബിയില്‍ നിന്നും ധനസഹായം ലഭ്യമാക്കുന്നതിനായി എസ്പിവി കമ്പനിയായ കെ ഡബ്ല്യു ഐ എല്‍ ആണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  

നഗരങ്ങളിലൂടെ കടന്നു പോകുന്ന കനാല്‍ഭാഗങ്ങള്‍ എല്ലാം തന്നെ കയ്യേറ്റത്താല്‍ വികസനം നടപ്പിലാക്കുവാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു. കൂടാതെ നഗരങ്ങളില്‍ നിന്നുളള ഖര-ദ്രവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഇടങ്ങളായി കനാലുകള്‍ മാറിയിരുന്നു. തിരുവനന്തപുരം, വര്‍ക്കല, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളില്‍ കനാല്‍ നാശോന്‍മുഖമായിത്തീര്‍ന്ന അവസ്ഥയായിരുന്നു. പുനരധിവാസം നടപ്പിലാക്കി സ്ഥലങ്ങള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനമാണ് ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. അങ്ങനെ വര്‍ക്കലയില്‍ 60 കുടുംബങ്ങളെ 600 ലക്ഷം രൂപ ചെലവില്‍ പുനര്‍ഗേഹം പദ്ധതി നടപ്പിലാക്കി പുനരധിവസിപ്പിക്കുന്നു. മറ്റു സ്ഥലങ്ങളിലും ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രവര്‍ത്തനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മാലിന്യനിക്ഷേപം തടയുന്നതിന് കോര്‍പ്പറേഷനുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും വലിയ പങ്കുണ്ട്. മാലിന്യപ്രശ്നം പരിഹരിക്കാനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക, കനാല്‍ പാര്‍ശ്വങ്ങളില്‍ കമ്പിവല സ്ഥാപിക്കുക മാലിന്യനിക്ഷേപം തടയുന്നതിന് ബോധവല്‍ക്കരണം നടത്തുക എന്നീ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ദ്രവമാലിന്യങ്ങള്‍ തടയുന്നതിന് സെപ്റ്റിക് ടാങ്ക് നിര്‍മിച്ച് നല്‍കുന്നതിനും പദ്ധതിയുണ്ട്. പാര്‍വതീ പുത്തനാറില്‍ വളളക്കടവ് ഭാഗത്ത് 34 കുടുംബങ്ങള്‍ക്ക്  സിയാലിന്‍റെ ഫണ്ട് ഉപയോഗിച്ച്  സെപ്റ്റിക് ടാങ്ക് നിര്‍മിച്ചു നല്‍കി. 308 കുടുംബങ്ങള്‍ക്ക് ശുചിത്വമിഷന്‍ ഫണ്ട് ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് നിര്‍മിക്കുവാന്‍ കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.  ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. പലവിധ എതിര്‍പ്പുകളെ തരണം ചെയ്ത് കൊല്ലം നഗരത്തിലെ കൊല്ലം തോടിന്‍റെ ഒന്നാംഘട്ട നവീകരണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

520 കിലോമീറ്ററില്‍ പൂര്‍ത്തീകരിച്ച ഒന്നാംഘട്ട വികസനത്തിന്‍റെയും രണ്ടാംഘട്ട വികസനത്തിന്‍റെ ആരംഭത്തിന്‍റെയും ഉദ്ഘാടനം ഈ ലേഖകന്‍ ഫെബ്രുവരി 15ന് നിര്‍വഹിച്ചു. •