മോഡി സര്‍ക്കാര്‍ നഗ്നമായ സ്വേച്ഛാധിപത്യത്തിലേക്ക്

ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റായിരുന്ന കാലത്ത് ഏത് കടന്നാക്രമണത്തിനും മുട്ടാപ്പോക്കിനും ജനാധിപത്യാവകാശ നിഷേധത്തിനും അവിടെയും ട്രംപിനെ അനുകൂലിക്കുന്ന ഭരണാധികാരികളുടെ നാടുകളിലുമുള്ള മാധ്യമങ്ങള്‍ പൊതുവില്‍ പിന്തുണ നല്‍കിയിരുന്നു. അവരെ വെള്ളപൂശി കാണിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അമേരിക്കയില്‍ അത് എല്ലാ ജനാധിപത്യ സീമകളും ലംഘിച്ച് കറുത്തവരെയും വെള്ളക്കാരല്ലാത്ത ആരെയും പൊലീസ് ആക്രമിച്ച് കൊന്നൊടുക്കുന്ന സ്ഥിതി ഉണ്ടായപ്പോള്‍ പൊതുജനാഭിപ്രായം എതിരായി. അതിന്‍റെ കൊടുങ്കാറ്റില്‍ ട്രംപ് പറന്നുപോയി. പിടിച്ചുനില്‍ക്കാനുള്ള ട്രംപിന്‍റെ എല്ലാ നീക്കങ്ങളും പാഴായി. ട്രംപിസം അമേരിക്കയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും അത് ശരിയല്ല എന്ന് റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ നേതാക്കള്‍ തന്നെ തുറന്നു പറയുന്ന സ്ഥിതി ഉണ്ടായി.

ട്രംപ് മാറി ബൈഡന്‍ പ്രസിഡന്‍റായതോടെ ഐക്യരാഷ്ട്രസഭയോട് അമേരിക്ക പുലര്‍ത്തിയ അസ്പൃശ്യത മാറി. അതിന്‍റെയും ലോകാരോഗ്യ സംഘടനയുടെയും മറ്റും പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക പങ്കാളിയായി. ലോകത്താകെ ജനാധിപത്യത്തിനും അതിന്‍റെ മൂല്യങ്ങള്‍ക്കും എതിരായി ശക്തമായിരുന്ന മാധ്യമ ആക്രോശങ്ങള്‍ കുറച്ചൊക്കെ അടങ്ങിയിട്ടുണ്ട്. ഇത് ഇത്രയും പരാമര്‍ശിക്കാന്‍ കാരണം ട്രംപിന്‍റെ ഏറ്റവും വലിയ ശിങ്കിടികളില്‍ ഒരാളായ നരേന്ദ്രമോഡി ഭരിക്കുന്ന ഇന്ത്യയില്‍ ലോകമാകെ ജനാധിപത്യത്തിനും അതിന്‍റെ മൂല്യസംരക്ഷണത്തിനും അനുകൂലമായി വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കണ്ടറിഞ്ഞ് അതിന് അനുകൂലമായി നിലപാടു മാറ്റാന്‍ മോഡി വാഴ്ച തയ്യാറല്ലാത്തതുകൊണ്ടാണ്.

കൃഷിക്കാരുടെ നിലനില്‍പ്പുതന്നെ അപകടപ്പെടുത്തുന്നതാണ് മോഡി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കോര്‍പറേറ്റ് ഭീമന്മാരുടെ ഇച്ഛാനുസരണം (കോണ്‍ഗ്രസിന്‍റെ മൗനാനുവാദത്തോടെ) കൊണ്ടുവന്ന ഭേദഗതി നിയമങ്ങള്‍. അതിനെതിരെ കൃഷിക്കാര്‍ ഡല്‍ഹി കേന്ദ്രീകരിച്ചു നടത്തിക്കൊണ്ടിരിക്കുന്ന സമരം മൂന്നു മാസത്തോളമായി തുടര്‍ന്നുവരുന്നു. അതിന്‍റെ ഊക്കു കുറയുകയല്ല, വര്‍ധിച്ചു വരികയാണ്-ആഗോളതലത്തില്‍ തന്നെ ഏറ്റവും അധികം ജനപിന്തുണയുള്ള ആ സമരത്തിനു നാനാരാജ്യങ്ങളില്‍ പിന്തുണ ഏറിവരികയാണ്. പുതിയ തലമുറയില്‍ നിന്ന് അതിനു ലഭിക്കുന്ന പിന്തുണ വളരെ ശ്രദ്ധേയമാണ്.

സ്വീഡനിലെ സ്കൂള്‍ വിദ്യാര്‍ഥിയായ ഗ്രേറ്റതുന്‍ബെര്‍ഗ് നല്‍കിയ പിന്തുണയോടെ ഈ സമരത്തിന് മുമ്പു ലഭിച്ചതിലും വലിയ ആഗോള പ്രചാരം ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനു എല്ലാ രാജ്യങ്ങളും മുന്‍ഗണന നല്‍കണം എന്ന് ഐക്യരാഷ്ട്രസഭയോട് അഭ്യര്‍ഥിക്കാന്‍ അമേരിക്കയില്‍ ചെന്നഗ്രേറ്റ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപുമായി ഏറ്റുമുട്ടിയതോടെ ലോകപ്രശസ്തയായി. അവരുടെ പ്രതിഷേധ പ്രകടനവുമായി സഹകരിച്ചതിനു ബംഗളൂരിലെയും ദിഷ രവി മുംബൈയിലെ നിഖിത ജേക്കബ്, ശന്തനു മുലുക്ക് എന്നീ യുവതീ യുവാക്കളെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് ഒരുമ്പെട്ടു. ദിഷയെ പിടികൂടി ഡല്‍ഹിയിലേക്കു കൊണ്ടുപോയി. മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചിനാല്‍ മറ്റു രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഇവര്‍ ഒരു ടൂള്‍ക്കിറ്റുണ്ടാക്കി ഗ്രേറ്റക്ക് കൈമാറി എന്നാണ് കേസ്. പഴങ്കഥയിലെ ചെന്നായ ആട്ടിന്‍കുട്ടിയുടെ മേല്‍ ചാടി വീഴാന്‍ പറഞ്ഞ ന്യായത്തേക്കാള്‍ ദുര്‍ബലമാണ് ഡല്‍ഹി പൊലീസിന്‍റെ ന്യായം. പ്രശ്നം ഡല്‍ഹി പൊലീസല്ല. അതിനെ വേട്ടനായയെപ്പോലെ അഴിച്ചുവിടുന്ന കേന്ദ്ര സര്‍ക്കാര്‍ എന്ന യജമാനനാണ്. മോഡി സര്‍ക്കാരിനു കൃഷിക്കാരുടെ പ്രശ്നത്തിനു പരിഹാരം കാണാന്‍ കഴിയുന്നില്ല. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ഇന്ത്യയിലെ കോടിക്കണക്കിനു കര്‍ഷക കുടുംബങ്ങള്‍. അവരുടെ വായില്‍ മണ്ണിട്ട് വ്യവസായ - സേവനമേഖലകള്‍ക്കു പുറമെ കാര്‍ഷികമേഖലയും കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കാന്‍ ലക്ഷ്യമിട്ടാണ് മോഡി സര്‍ക്കാര്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തത്. ആ ഭേദഗതി പിന്‍വലിക്കണം എന്നാണ് കര്‍ഷകരുടെ ആവശ്യം. അല്ലെങ്കില്‍ അവര്‍ ഉന്നയിക്കുന്ന അവരുടെ അസ്തിത്വപ്രശ്നത്തിനു സര്‍ക്കാര്‍ പരിഹാരം കാണണം. ഇതാണ് സമരത്തിന്‍റെ കേന്ദ്ര പ്രശ്നം.

കൃഷി ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനു പുറമെ പരിസ്ഥിതി സംരക്ഷണപരമായ പങ്കുകൂടി അതിനുണ്ട് എന്നും അക്കാര്യം കൂടി കണക്കിലെടുത്താകണം ഈ പ്രശ്നത്തില്‍ പരിഹാരം തേടേണ്ടത് എന്നുമാണ് ഗ്രേറ്റ തുന്‍ബെര്‍ഗിന്‍റെ വാദം. അതിനോട് യോജിക്കുന്നവരാണ് ദിഷയും നിഖിതയും ശന്തനും ഉള്‍പ്പെടെ സമരത്തെ പിന്താങ്ങുന്ന യുവാക്കള്‍. കര്‍ഷക സമരത്തെ ഇന്ത്യയിലെ ബിജെപിയും കോണ്‍ഗ്രസ്സും ഒഴികെയുള്ള മിക്ക രാഷ്ട്രീയ പാര്‍ടികളും മിക്ക തൊഴില്‍ സംഘടനകളും ജീവനക്കാര്‍, യുവാക്കള്‍, സ്ത്രീകള്‍ മുതലായവരുടെ സംഘടനകളും പിന്താങ്ങുന്നു; അതിനെ പ്രചരിപ്പിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ദിഷ, നിഖിത, ശന്തനു തുടങ്ങിയവര്‍ക്കെതിരെ കരിനിയമം അനുസരിച്ച് അറസ്റ്റ് ചെയ്ത് കേസെടുക്കാനുള്ള മോഡി സര്‍ക്കാരിന്‍റെ നീക്കം. അത് മൂന്നുവര്‍ഷം മുമ്പ് ഭീമാകോറേഗാവ് കേസില്‍ ദളിതരെയും അവരുടെ പ്രസ്ഥാനത്തെയും വിവിധ തരത്തില്‍ സഹായിക്കുന്ന എഴുത്തുകാര്‍, സാമൂഹ്യ-സാംസ്കാരിക നേതാക്കള്‍ എന്നിവരെയും ഇതുപോലുള്ള കരിനിയമ പ്രകാരം അറസ്റ്റ് ചെയ്ത് വര്‍ഷങ്ങളായി വിചാരണ കൂടാതെ തടവിലാക്കിയ കീഴ്വഴക്കം അനുസരിച്ചാണ്. അതിന്‍റെ ലക്ഷ്യം വളരെ പ്രകടമാണ്. അല്ലെങ്കില്‍ എണ്‍പതു കഴിഞ്ഞ വരവരറാവുവിനെയും സ്റ്റാന്‍ സ്വാമിയെയും പോലെ ഗുരുതരമായ ആരോഗ്യപ്രശ്നമുള്ളവരെ ദീര്‍ഘകാലം തടവില്‍ പാര്‍പ്പിച്ചതിന്‍റെ യുക്തി എന്താണ്? അതില്‍ അടങ്ങിയ പ്രശ്നം ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ മുതലായ ജനവിഭാഗങ്ങളോട് മനുസ്മൃതിയാണ് ഭരണഘടനയെന്ന് ഉറച്ചുവിശ്വസിക്കുന്ന സംഘപരിവാരത്തിന്‍റെ വികൃതസാമൂഹ്യവീക്ഷണമാണ്.

മറ്റൊന്നുകൂടിയുണ്ട്. സ്വേച്ഛാധിപതികള്‍ക്ക് തങ്ങളുടെ സ്വരം, നിറം, ചിന്താഗതി, തീരുമാനങ്ങള്‍, വിശ്വാസം ഇവയോടു മാത്രമേ ബഹുമാനമുള്ളൂ. നാനാത്വത്തിലെ ഏകത്വം, വ്യത്യസ്ത വീക്ഷണങ്ങളോടുള്ള സഹിഷ്ണുത, വസുധൈവ കുടുംബകം, സമസൃഷ്ടി സ്നേഹം മുതലായി വിവേകാനന്ദനും മറ്റും ഉയര്‍ത്തിപ്പിടിച്ച ഭാരതീയചിന്തയുടെ വിവിധങ്ങളായ കാഴ്ചപ്പാടുകളോട് സമഭാവനയില്ല. അതിലേറെ പ്രകടമാകുന്നത് ഇതാണ്: ഇന്ത്യയിലെ ജനകോടികള്‍ പതിറ്റാണ്ടുകള്‍ ത്യാഗോജ്വലമായ സമരം ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ സായുധശക്തിയോട് നിരായുധമായി പോരാടി നേടി സ്ഥാപിച്ച ഇന്ത്യാ റിപ്പബ്ലിക്കിന്‍റെ അടിസ്ഥാന കാഴ്ചപ്പാടുകളോട്, ഭരണഘടനാമൂല്യങ്ങളോട് അവര്‍ക്ക് സ്നേഹാദരങ്ങളില്ല എന്ന വസ്തുത. അവയെ കാത്തുരക്ഷിക്കണം എന്ന ബോധമില്ല. അവയെ എത്രയും വേഗം തച്ചുതകര്‍ത്ത് നാനാതരം വിവേചനങ്ങളിലും അസമത്വത്തിലും അക്രമത്തിലും അധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കണം എന്ന ഭ്രാന്തമായ ചിന്തയേ ഉള്ളൂ. ആ ചിന്തയുടെ ഒരു നാവാണല്ലോ കഴിഞ്ഞ ദിവസം ബിജെപിയുടെ ത്രിപുര മുഖ്യമന്ത്രി മൊഴിഞ്ഞത്: നോപ്പാളിലും ശ്രീലങ്കയിലും കാവിക്കൊടി പാറിക്കണമെന്ന്.

ഇത് പ്രാചീനവും നവീനവുമായ എല്ലാ ഇന്ത്യന്‍ ചിന്തകളുടെയും നിരാകരണമാണ്. ഭ്രാന്തമായ അധികാരമോഹത്തിന്‍െറ തിരത്തള്ളലാണ്. അങ്ങനെ ഭ്രാന്തുള്ളതുകൊണ്ടാണ് നമ്മുടെ യുവതീ യുവാക്കള്‍ സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ പ്രചരണം നടത്തുമ്പോള്‍ അവര്‍ പറയുന്നതിലെ യുക്തി എന്ത് എന്നു പരിശോധിക്കുന്നതിനു പകരം അവരെ കാരാഗൃഹത്തിലടച്ച് അവരെ നിശ്ശബ്ദരാക്കാന്‍, അങ്ങനെ അവര്‍ ഉന്നയിക്കുന്ന വാദഗതിയെ അമര്‍ച്ച ചെയ്യാന്‍ വെമ്പുന്നത്. ഇത് സകല സീമകളും ഭേദിച്ചുള്ള ജനാധിപത്യ അവകാശത്തിന്‍റെയും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്‍റെയും നിഷേധമാണ്. സ്വാതന്ത്ര്യസമരവും ഭരണഘടനയും ഉദ്ഘോഷിക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി, മതനിരപേക്ഷത എന്നീ മൂല്യങ്ങളുടെ നിരാസമാണ്. ഈ നീക്കത്തിനെതിരെ, അമിതാധികാര പ്രവണതയ്ക്കെതിരെ ബഹുജന മനസ്സാക്ഷി ഉണരേണ്ടതുണ്ട്, ഉയരേണ്ടതുണ്ട്. അതുവഴി കര്‍ഷകരോട് നീതി ചെയ്യാന്‍ മോഡി സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കേണ്ടതുമുണ്ട്.•