നേപ്പാളിലെ സമീപകാല സംഭവവികാസങ്ങള്‍

ജോഗേന്ദ്ര ശര്‍മ

2018-ല്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനും പ്രവിശ്യാ തിരഞ്ഞെടുപ്പുകള്‍ക്കും തൊട്ടുമുന്‍പ് സിപിഎന്‍ (യുഎംഎല്‍), സിപിഎന്‍ (മാവോയിസ്റ്റ് സെന്‍റര്‍) എന്നിങ്ങനെ നേപ്പാളീസ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ രണ്ടു ധാരകള്‍ യോജിച്ചുനില്‍ക്കാനും ഒന്നിച്ചുനിന്ന് തിരഞ്ഞെടുപ്പിനെ നേരിടാനുമുള്ള തങ്ങളുടെ താല്‍പര്യം പ്രഖ്യാപിച്ചു. ഇത് നേപ്പാളിലെ ജനങ്ങള്‍ക്കിടയില്‍ ഒട്ടേറെ പ്രതീക്ഷയും ആവേശവും ഉണര്‍ത്തി. ഏകീകൃത (Unified) നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഏതാണ്ട് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുകയും കേന്ദ്രത്തിലും ഏഴില്‍ ആറു പ്രവിശ്യകളിലും ഗവണ്‍മെന്‍റ് രൂപീകരിക്കുകയും ചെയ്തു. നേപ്പാളില്‍ കാലങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതയുടെ ഘട്ടം അവസാനിച്ചുവെന്ന പ്രതീക്ഷ നേപ്പാളിലെയും ലോകത്താകെയുമുള്ള ജനങ്ങളില്‍ ശരിക്കും ഉടലെടുത്തിരുന്നു.
തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് സാക്ഷാത്കരിക്കുമെന്ന് വ്യാപകമായി പ്രതീക്ഷിച്ചിരുന്നു; അതായത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുക, സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുകയും അടിയന്തിര നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് അവയെ ഏകോപിപ്പിക്കുകയും ചെയ്യുക, ഫെഡറല്‍ ഘടന സൃഷ്ടിക്കുക, ഭരണഘടനാ വ്യവസ്ഥകള്‍ക്കനുസൃതമായി നിര്‍വഹണാവശ്യങ്ങള്‍ക്കായി ചട്ടങ്ങള്‍ നിര്‍മിക്കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ ഗവണ്‍മെന്‍റ് സാക്ഷാത്കരിക്കുമെന്നു വ്യാപകമായി പ്രതീക്ഷിച്ചിരുന്നു. ചുരുക്കത്തില്‍, ബഹുകക്ഷി തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ അടിസ്ഥാനപ്പെടുത്തി സോഷ്യലിസ്റ്റ് ക്രമീകരണത്തിന്‍റെ നയചട്ടക്കൂടോടു കൂടിയ ഒരു ജനാധിപത്യ - ഫെഡറല്‍ റിപ്പബ്ലിക്കിന്‍റെ ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള സമ്മതി കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിന് ജനങ്ങള്‍ നല്‍കിയിരുന്നു.
ഇരു കമ്യൂണിസ്റ്റ് പാര്‍ടികളും 2018 മെയ് 17ന് തങ്ങളുടെ ഏകീകരണം പ്രഖ്യാപിച്ചു; ഒപ്പംതന്നെ ഇത് കേവലം ഇരുപാര്‍ടികളുടെയും ഏകീകരണം മാത്രമല്ല, മറിച്ച് നേപ്പാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിലുള്ള പ്രത്യയശാസ്ത്രപരമായ രണ്ട് ധാരകളുടെ കൂടി ഏകീകരണമാണ് എന്നും ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ, കാലം ശരിയെന്നു തെളിയിച്ച തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതും, നേപ്പാളിലെ വിപ്ലവ പ്രക്രിയയുടെ ഇപ്പോഴത്തെ ഘട്ടത്തിന്‍റെ മൂര്‍ത്തമായ സാഹചര്യം കണക്കിലെടുത്തുള്ളതുമായിരുന്നു ഈ ഏകീകരണം.
രണ്ടു ധാരകളുടെയും നേതാക്കള്‍ തങ്ങള്‍ ജനാധിപത്യ കേന്ദ്രീകരണത്തിലും കൂട്ടായ നേതൃത്വത്തിലും തീരുമാനമെടുക്കലിലും, വ്യക്തിപരമായ ഉത്തരവാദിത്വങ്ങളിലും ചുമതലയിലും വിശ്വസിക്കുമെന്ന പ്രഖ്യാപനം നടത്തി. 433 അംഗ കേന്ദ്ര കമ്മിറ്റിയും 44 അംഗ സ്റ്റാന്‍ഡിങ് കമ്മിറ്റിയും ഒന്‍പത് അംഗ കേന്ദ്ര സെക്രട്ടറിയറ്റും അടങ്ങിയ ഒരു ത്രിതല ഏകീകൃത പാര്‍ടി ഘടനയ്ക്കും രൂപംകൊടുത്തു. ഏറ്റവും താഴേത്തലം വരെ ഏകീകരണ പ്രക്രിയ നടപ്പാക്കുന്നതിനുള്ള രൂപരേഖയും ആവിഷ്കരിച്ചു.
കെ പി ശര്‍മ ഒലിയെയും പുഷ്പ് കമല്‍ ദഹാല്‍ പ്രചണ്ഡയെയും പാര്‍ടിയുടെ രണ്ട് ചെയര്‍മാന്‍മാരായി പ്രഖ്യാപിച്ചു; മാധവ് നേപ്പാളിനെ പാര്‍ടിയുടെ മുതിര്‍ന്ന നേതാവായി പ്രഖ്യാപിച്ചു; പാര്‍ടിയുടെ തീരുമാനമനുസരിച്ച് രണ്ട് പാര്‍ടി ചെയര്‍മാന്‍മാരുടെയും ചുമതലകളുടെ വിഭജനം ഉറപ്പാക്കിയിരുന്നു; പാര്‍ടിയുമായി കൂടിയാലോചിച്ച് ഗവണ്‍മെന്‍റിനെ നയിക്കുക എന്ന ചുമതല കെ പി ഒലിക്കു നല്‍കി. എക്സിക്യൂട്ടീവ് അധികാരത്തോടുകൂടി പാര്‍ടിയെ നയിക്കുന്നതിനും താഴേത്തലത്തില്‍വരെ ഏകീകരണ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുമുള്ള ഉത്തരവാദിത്വം പ്രചണ്ഡയെ ഏല്‍പിച്ചു.
സത്യസന്ധരും മുതിര്‍ന്നവരുമായ പാര്‍ടി നേതാക്കളെ മാറ്റിനിര്‍ത്തിക്കൊണ്ട് പ്രധാനപ്പെട്ട ചുമതലകള്‍ തന്‍റെ വിഭാഗത്തിലെ അംഗങ്ങള്‍ക്ക് തന്നിഷ്ടത്തിന് നല്‍കുന്നതിനുവേണ്ടി ഇപ്പറഞ്ഞ എല്ലാ പാര്‍ടി തീരുമാനങ്ങളും ലംഘിച്ചത് ഒലിയാണ് എന്നാണ് പറയപ്പെടുന്നത്. കൂടാതെ പാര്‍ടി നിലപാടുകളെ വ്യാഖ്യാനിക്കുന്നതില്‍ തന്‍റെ ഇഷ്ടാനുസരണം ഇരട്ടത്താപ്പ് ഉപയോഗിച്ചുവെന്ന വിമര്‍ശനവും അദ്ദേഹത്തിന്‍റെ മേലുണ്ട്. സ്റ്റാന്‍ഡിങ് കമ്മിറ്റി, കേന്ദ്രകമ്മിറ്റി പോലുള്ള തീരുമാനങ്ങളെടുക്കുന്ന ഉയര്‍ന്ന ഘടകങ്ങളുടെ യോഗങ്ങള്‍ ചേരുന്നത് ഒലി ഒഴിവാക്കുകയും അത് കൂട്ടായി തീരുമാനമെടുക്കുന്ന പ്രക്രിയ നിര്‍ത്തിവെയ്ക്കപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്തു. രണ്ടര വര്‍ഷക്കാലം പാര്‍ടിയെ ത്രിശങ്കുവിലാക്കിക്കൊണ്ട് പാര്‍ടി സംഘടനയുടെ പൂര്‍ണ്ണമായ നിഷ്ക്രിയത്വത്തിനിതിടയാക്കി; നിശ്ചയിച്ച സമയത്തിനുള്ളില്‍ പാര്‍ടിയുടെ യൂണിഫിക്കേഷന്‍ കോണ്‍ഗ്രസിന്‍റെ തയ്യാറെടുപ്പും പാര്‍ടിയുടെ ഏകീകരണ പ്രക്രിയയും ഏതാണ്ട് നിര്‍ത്തിവെയ്ക്കപ്പെട്ടു. എല്ലാ മുതിര്‍ന്ന നേതാക്കളെയും പാര്‍ടിയുടെ തീരുമാനമെടുക്കുന്ന ഉയര്‍ന്ന ഘടകത്തെയും ഒഴിവാക്കുകയും തനിക്ക് സൗകര്യപ്രദമായവിധം ഗവണ്‍മെന്‍റിനെ മുന്നോട്ടുകൊണ്ടു പോവുകയും ചെയ്തെന്ന ആരോപണവും ഒലിക്കുമേലുണ്ട്.
നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുതിര്‍ന്ന നേതാവായ മാധവ് നേപ്പാള്‍ പറയുന്നത്,പ്രധാനമന്ത്രിയായതിനുശേഷം ഒലി സ്വേച്ഛാധിപത്യപരമായ പ്രവണതകള്‍ കാണിക്കാന്‍ തുടങ്ങുകയും തിരഞ്ഞെടുപ്പില്‍ നേടിയ മഹത്തരമായ വിജയത്തെ തന്‍റെ വിഭാഗം നേടിയതാണെന്ന് പറയുകയും ഇതെല്ലാം തന്നെ തന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങളും വ്യക്തിപരമായ അജന്‍ഡകളും നടപ്പാക്കുന്നതിനുവേണ്ടി തനിക്കുചുറ്റും വ്യക്തിത്വാരാധനയുടെ ഒരു വലയം രൂപപ്പെടുത്താന്‍ വേണ്ടിയുപയോഗിക്കുകയും ചെയ്തുവെന്നാണ്. ഈ പ്രക്രിയയില്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ വഞ്ചിക്കപ്പെടുകയും ഒലി പാര്‍ടിയെ പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തു. തല്‍ഫലമായി ഓരോ പ്രവര്‍ത്തനരംഗത്തും വിജയിക്കുന്നതില്‍ ഗവണ്‍മെന്‍റ് പരാജയപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ അതൃപ്തി വളര്‍ന്നുവരാനിടയാക്കുകയും ചെയ്തു. ഒലിയെ തിരുത്തുവാനുള്ള പാര്‍ടിയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.
ഈയൊരു സാഹചര്യത്തില്‍ 20 അംഗങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് വിളിച്ചുചേര്‍ത്ത സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തു. ഗവണ്‍മെന്‍റിന്‍റെ നയങ്ങളില്‍ സോഷ്യലിസ്റ്റ് ക്രമീകരണം കൈക്കൊള്ളാനും അഴിമതി നിരോധിക്കാനും പ്രധാനപ്പെട്ട നയതീരുമാനങ്ങളിലും രാഷ്ട്രീയ നിയമനങ്ങളിലും പാര്‍ടിയുമായി കൂടിയാലോചന നടത്താനും ഈ യോഗം പ്രധാനമന്ത്രി കെ പി ഒലിയോട് ആവശ്യപ്പെട്ടു. പാര്‍ടിയുമായി കൂടിയാലോചിച്ച് മന്ത്രിസഭയിലും പ്രവിശ്യാ ഗവണ്‍മെന്‍റുകളിലും പുനഃക്രമീകരണങ്ങള്‍ വരുത്തുവാനും ആ യോഗം തീരുമാനിച്ചു. മറ്റൊരു സുപ്രധാന തീരുമാനം, 2021 ഏപ്രിലില്‍ പാര്‍ടിയുടെ ജനറല്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കുക എന്നുള്ളതായിരുന്നു. എന്നാല്‍ പാര്‍ടി കമ്മിറ്റിയുമായി കൂടിയാലോചന നടത്താതെ മന്ത്രിസഭയില്‍ പുനഃക്രമീകരണങ്ങള്‍ വരുത്തിയും പ്രധാനപ്പെട്ട രാഷ്ട്രീയ നിയമനങ്ങള്‍ നല്‍കിയും ഒലി പിന്നെയും സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനങ്ങള്‍ ലംഘിച്ചു എന്ന ആരോപണമുണ്ടായി. ഈ പാര്‍ടി തീരുമാനലംഘനം പാര്‍ടിക്കുള്ളില്‍ വ്യാപകമായി വിമര്‍ശനവും അതൃപ്തിയും ഉളവാക്കി. ഇത് പ്രധാനമന്ത്രിയും പാര്‍ടിയിലെ മുതിര്‍ന്ന നേതാക്കളും തമ്മില്‍ കത്തുകള്‍ കൈമാറുന്നതിനും ഇടയാക്കി. സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുക്കുന്നതിനും ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗവും സെന്‍ട്രല്‍ കമ്മിറ്റി യോഗവും വിളിച്ചുചേര്‍ക്കാന്‍ പാര്‍ടിയുടെ ഉന്നത എക്സിക്യൂട്ടീവ് ഘടകമായ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പാര്‍ടി തീരുമാനപ്രകാരം 90 എംപിമാര്‍ പ്രതിനിധിസഭയുടെ ഒരു അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട്  പ്രസിഡന്‍റ് വിദ്യാ ഭണ്ഡാരിക്ക് കത്തെഴുതി.
അതേസമയം ഒലി, ഭരണഘടനാ സ്ഥാപനങ്ങളില്‍ തന്‍റെ ആളുകളെ നിയമിക്കുന്നതിനുള്ള സൗകര്യാര്‍ത്ഥം ഭരണഘടനാ കൗണ്‍സിലിലെ വ്യവസ്ഥകളെ ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചു. ഓര്‍ഡിനന്‍സില്‍ പറഞ്ഞിരുന്ന ഭേദഗതികള്‍, പരിശോധനാ സംവിധാനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണഘടനാപരമായ വ്യവസ്ഥകളെ നിഷ്ക്രിയമാക്കുന്നതിനുള്ളതായിരുന്നു. ഇത് പാര്‍ടിയുടെ ഒരു അടിയന്തിര സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേരുന്നതിലേക്ക് നയിച്ചു; ഈ യോഗത്തില്‍ പ്രധാനമന്ത്രി ഒലിയും പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും പാര്‍ടിയുടെ ഐക്യം സംരക്ഷിക്കപ്പെടുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. ഈ യോഗത്തില്‍ ഒലി താന്‍ ഭരണഘടനാ കൗണ്‍സിലുകളില്‍ ആരെയും തന്നെ നിയമിച്ചിട്ടില്ലായെന്ന് അറിയിക്കുകയും, താന്‍ പ്രഖ്യാപിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കുവാന്‍ തയ്യാറാകുകയും ചെയ്തു. ആയതുകൊണ്ടുതന്നെ ആദ്യം ഒലി ഓഡിനന്‍സ് പിന്‍വലിക്കുകയും തുടര്‍ന്ന് പ്രതിനിധിസഭയുടെ അടിയന്തിര സമ്മേളനം ചേരണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്‍റിനു നല്‍കിയ കത്ത് എംപിമാര്‍ പിന്‍വലിക്കുവാനും തീരുമാനമായി. എന്നാല്‍ ഒലി ഓര്‍ഡിനന്‍സ് പിന്‍വലിക്കുകയുണ്ടായില്ല. കൂടാതെ ഭരണഘടനാ സ്ഥാപനങ്ങളിലെ പരമപ്രധാനമായ അഞ്ച് പദവികളില്‍ നാലെണ്ണത്തിലേക്കും അദ്ദേഹം ആളുകളെ നിയമിച്ചു കഴിഞ്ഞുവെന്നും വെളിപ്പെട്ടു. ഇക്കാര്യത്തില്‍ അദ്ദേഹം പാര്‍ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും വ്യക്തമായി. ഇത് പാര്‍ടിയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി.
പ്രതിനിധിസഭ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് തന്നെ നീക്കം ചെയ്യുമെന്ന് ഭയന്ന ഒലി  2020 ഡിസംബര്‍ 20ന് പ്രതിനിധിസഭ പിരിച്ചുവിടണമെന്നും പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്‍റിനു കത്തു നല്‍കി. നേപ്പാള്‍ ഭരണഘടനയനുസരിച്ച് പ്രതിനിധിസഭ തിരഞ്ഞെടുത്താല്‍ മാത്രമേ ഒരാള്‍ പ്രധാനമന്ത്രിയായി നിയമിതനാകുകയുള്ളൂ. ഒരു പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുവാന്‍ പാര്‍ലമെന്‍റിനു കഴിയാതാവുകയോ അല്ലെങ്കില്‍, അധികാര സ്ഥാനത്തിരിക്കുന്ന ആള്‍ക്ക് പ്രതിനിധിസഭയിലുള്ള വിശ്വാസം നഷ്ടപ്പെടുകയോ അതുമല്ലെങ്കില്‍ അന്തിമ പരിഹാരമായി ഒരു ബദല്‍ കൊണ്ടുവരുവാന്‍ അതിനു സാധിക്കാതിരിക്കുകയോ ചെയ്യുന്ന ഘട്ടത്തില്‍ മാത്രമേ പ്രതിനിധിസഭ പിരിച്ചുവിടാന്‍ സാധിക്കുകയുള്ളൂ. അത്തരമൊരു സാഹചര്യത്തില്‍ മാത്രമേ പാര്‍ലമെന്‍റ് പിരിച്ചുവിടാനാകുകയുള്ളൂ; പിരിച്ചുവിട്ടാല്‍ അന്നേക്ക് ആറുമാസത്തിനുള്ളില്‍ അടുത്ത തിരഞ്ഞെടുപ്പ് നടത്തുകയും വേണം. അതുകൊണ്ടുതന്നെ എന്‍സിപിയും എല്ലാ പ്രതിപക്ഷ പാര്‍ടികളും ഈ നീക്കത്തെ ഭരണഘടനാവിരുദ്ധമെന്ന് ആരോപിക്കുകയും പാര്‍ലമെന്‍റ് പിരിച്ചുവിടരുതെന്ന് പ്രസിഡന്‍റിനോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ പ്രസിഡന്‍റ് പാര്‍ലമെന്‍റിന്‍റെ പിരിച്ചുവിടല്‍ അംഗീകരിക്കുകയും പുതിയ തിരഞ്ഞെടുപ്പിന് ഉത്തരവിടുകയും ചെയ്തു.
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു
ഇത് നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി. പാര്‍ലമെന്‍റ് പിരിച്ചുവിടുന്നതിനുള്ള ഓര്‍ഡിനന്‍സ് പിന്‍വലിക്കുവാന്‍ പാര്‍ടി, പ്രധാനമന്ത്രി ഒലിയോട് നിര്‍ദ്ദേശിച്ചു; എന്നാല്‍ അദ്ദേഹം അത് നിരസിച്ചു. ഈ പശ്ചാത്തലത്തില്‍ 2020 ഡിസംബര്‍ 22ന് കേന്ദ്രകമ്മിറ്റി കൂടുകയും ഓര്‍ഡിനന്‍സ് പിന്‍വലിക്കുവാന്‍ ഒലിയോട് വീണ്ടും നിര്‍ദ്ദേശിക്കുകയും ചെയ്തു; എന്നാല്‍ അദ്ദേഹം അപ്പോഴും നിരസിച്ചു. അപ്പോഴാണ് ഇരു പാര്‍ടികളിലൊന്നിന്‍റെ സഹ - അധ്യക്ഷ സ്ഥാനത്തുനിന്ന് കെ പി ഒലിയെ നീക്കം ചെയ്യുവാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ (315/432) കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്; പാര്‍ടിയുടെ പുതിയ ചെയര്‍മാനായി മാധവ് കുമാര്‍ നേപ്പാളിനെ തിരഞ്ഞെടുക്കുകയും പുഷ്പ് കമല്‍ ദഹല്‍ പ്രചണ്ഡ, മാധവ് കുമാര്‍ നേപ്പാള്‍ എന്നീ രണ്ട് അധ്യക്ഷന്‍മാര്‍ക്കും തുല്യ അവകാശത്തിനുള്ള വ്യക്തമായ വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്തു. പ്രസിഡന്‍റിന്‍റെ തീരുമാനത്തെ സുപ്രീംകോടതിയില്‍ എതിര്‍ക്കുവാനും ഭരണഘടനയ്ക്കും ജനാധിപത്യത്തിനുംമേലുള്ള കടന്നാക്രമണത്തിനെതിരെ ജനങ്ങളിലേക്കിറങ്ങി അവരെ അണിനിരത്തുവാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്‍റിന്‍റെ ഭരണഘടനാവിരുദ്ധമായ നടപടിക്കെതിരായ കേസ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്; നീതിന്യായ വ്യവസ്ഥ സുപ്രധാനമായ വിധി പ്രസ്താവിക്കുമെന്നും പാര്‍ലമെന്‍റ് പുനഃസ്ഥാപിക്കുമെന്നും പ്രത്യാശിക്കപ്പെടുന്നു.
പിന്നീട് പാര്‍ടി കെ പി ഒലിയെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കി. പാര്‍ടിയും അതിന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നവും അവകാശപ്പെട്ടുകൊണ്ട് ഇരുപക്ഷവും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോഴും തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല. 2021 ഫെബ്രുവരി ഒന്നാം തീയതി എന്‍സിപി കേന്ദ്രകമ്മിറ്റി യോഗം നടത്തുകയും കെ പി ഒലിയെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കുന്നതിനുള്ള തീരുമാനം അംഗീകരിക്കുകയും ചെയ്തു. കേന്ദ്രക്കമ്മിറ്റിയിലെ 433 അംഗങ്ങളില്‍ 288 പേര്‍ സിസി യോഗത്തില്‍ പങ്കെടുക്കുകയും ഒപ്പം തന്നെ ചില കാരണങ്ങളാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കുറച്ചു പേരും തീരുമാനത്തെ പിന്തുണച്ചുകൊണ്ടുള്ള അവരുടെ കത്ത് നല്‍കുകയുമുണ്ടായി. തൊട്ടടുത്ത ദിവസം തന്നെ എന്‍സിപിയുടെ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും പാര്‍ടിയും തിരഞ്ഞെടുപ്പ് ചിഹ്നവും അവകാശപ്പെടുന്നതിനുവേണ്ടി തങ്ങള്‍ക്കൊപ്പമുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ് കൈമാറുകയും ചെയ്തു.
രാഷ്ട്രീയ വലതുപക്ഷം
ഗവണ്‍മെന്‍റിനെതിരായി വലതുപക്ഷ - പിന്തിരിപ്പന്‍ ശക്തികള്‍ രാജ്യത്തുടനീളം നടത്തിവന്ന റാലികളുടെ പശ്ചാത്തലത്തിലാണ് നേപ്പാളില്‍ ഈ കലാപം ഉണ്ടാവുന്നത്. ഏതാണ്ട് ഒരു ദശകത്തിലധികമായി നേപ്പാളില്‍ വര്‍ഗീയ ഹിന്ദുത്വശക്തികള്‍ വളരെ സജീവമാണ്. അവര്‍ക്ക് നേപ്പാളെന്ന ഫെഡറല്‍ ജനാധിപത്യ റിപ്പബ്ലിക്കിനെ ഹിന്ദുരാഷ്ട്രമാക്കി മാറ്റണം. ഈ സാഹചര്യം നേപ്പാളിന്‍റെ മുന്‍ രാജാവിന് വീണ്ടും സജീവമാകുവാനുള്ള അവസരമൊരുക്കി; അദ്ദേഹം ദേശവ്യാപക സന്ദര്‍ശനങ്ങള്‍ പ്രഖ്യാപിക്കുകയും ഇപ്പോള്‍ പൊതുയോഗങ്ങള്‍ നടത്തിവരികയുമാണ്. ഈ ശക്തികളുടെ പ്രധാന കടന്നാക്രമണങ്ങള്‍ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കു നേരെയാണ്. ഈ സാഹചര്യം നേപ്പാളിന്‍റെ രാഷ്ട്രീയത്തെ ഗുരുതരമായി ബാധിക്കുകയാണ്; കാലത്തിന്‍റെയും ഊര്‍ജസ്വലതയുടെയും നേപ്പാളിലെ ജനതയുടെ ത്യാഗങ്ങളുടെയും സഹിഷ്ണുതയുടെയും ഫലമായി കെട്ടിപ്പടുത്ത നേപ്പാളിന്‍റെ ഭരണഘടനയ്ക്കു തന്നെ ഇത് ഭീഷണിയായിരിക്കുകയാണ്.
രാഷ്ട്രീയ അസ്ഥിരതയുടെ നീണ്ട കാലത്ത് നേപ്പാളിലെ ജനങ്ങള്‍ ഒട്ടേറെ ദുരനുഭവങ്ങള്‍ നേരിടുകയും വലിയ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്തിട്ടുണ്ട്. രാജഭരണം അവസാനിച്ചതിനുശേഷമുള്ള 12 വര്‍ഷത്തിനിടയില്‍ 2018ല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഒലി പ്രധാനമന്ത്രിയാകുന്നതിനുമുമ്പ് 10 പ്രധാനമന്ത്രിമാരാണ് നേപ്പാളില്‍ മാറിമാറി വന്നത്; ഇവിടെയാണ് ആ രാജ്യം നേരിട്ട രാഷ്ട്രീയ അസ്ഥിരതയുടെ വ്യാപ്തി നമുക്ക് ബോധ്യമാകുന്നത്. നേപ്പാളിലെ ജനങ്ങളുടെ രാഷ്ട്രീയ പക്വതയും അഭിലാഷങ്ങളും ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുകളില്‍ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് അവര്‍ നല്‍കിയ വമ്പിച്ച ജനവിധിയില്‍ പ്രതിഫലിക്കുന്നുണ്ട്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആ ഗവണ്‍മെന്‍റ് അവരെ തോല്‍പിച്ചു. എന്‍സിപി എല്ലാ പ്രവിശ്യകളിലും പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും പൊതു റാലികള്‍ വിളിച്ചുകൂട്ടുകയും ചെയ്തു വരികയാണ്. പ്രതിപക്ഷ പാര്‍ടികളും പൗരസമൂഹ നേതാക്കളും സുപ്രീംകോടതിയിലെ നാല് മുന്‍ ചീഫ് ജസ്റ്റിസുമാരടക്കമുള്ള ഉദ്യോഗസ്ഥരും പ്രതിനിധിസഭയുടെ പിരിച്ചുവിടലിനെതിരായി തങ്ങളുടെ ശബ്ദമുയര്‍ത്തി.
നേപ്പാളിലെ പ്രതിസന്ധിയെക്കുറിച്ച് സംഗ്രഹിക്കവെ മാധവ് കുമാര്‍ നേപ്പാള്‍ ഇങ്ങനെ പറഞ്ഞു, "ജനകീയ മുന്നേറ്റത്തിന്‍റെ സാക്ഷാത്കാരമായി ഫെഡറല്‍ ജനാധിപത്യ റിപ്പബ്ലിക്കിനെ സ്ഥാപനവല്‍ക്കരിച്ച നേപ്പാളിന്‍റെ ഭരണഘടനയ്ക്കുനേരെയുള്ള തികച്ചും പ്രതിലോമകരമായ കടന്നാക്രമണമാണിത്. ഈ റിപ്പബ്ലിക്ക് ജനങ്ങള്‍ക്ക് സോഷ്യലിസ്റ്റ് ആശയങ്ങളും ജനാധിപത്യ മൂല്യങ്ങളും രാഷ്ട്രീയമായി എല്ലാവരെയും ഉള്‍ക്കൊള്ളലും അധികാരത്തിന്‍റെ പകര്‍ന്നു നല്‍കലും ഉറപ്പു നല്‍കുന്നതാണ്. ദൗര്‍ഭാഗ്യവശാല്‍, ഫെഡറല്‍ റിപ്പബ്ലിക്കിനുനേരെയുള്ള ഈ ആക്രമണത്തെ നയിക്കുന്നത് നമ്മുടെ പാര്‍ടിയുമായി ബന്ധപ്പെട്ടുനിന്നിരുന്ന ഒരാളാണ്". എല്ലാ പ്രവിശ്യകളിലും പാര്‍ടിയിലെ ബഹുഭൂരിപക്ഷവും ഇപ്പോഴും പാര്‍ടിയോടൊപ്പമുണ്ടെന്നും കെ പി ഒലി നയിച്ച വിമത നീക്കത്തിനെതിരെ അവര്‍ പ്രക്ഷോഭം നടത്തിയെന്നും അദ്ദേഹം അവകാശപ്പെടുകയുണ്ടായി.
ഒട്ടേറെ വളവുതിരിവുകള്‍ സംഭവിച്ചേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളോടുകൂടിയ കലുഷിതമായ സാഹചര്യമാണ് നേപ്പാളില്‍ ഇന്നുള്ളത്. വര്‍ഗ - ബഹുജന പ്രക്ഷോഭങ്ങളുടെ ഏഴു പതിറ്റാണ്ടു നീണ്ട അനുഭവസമ്പത്തുള്ള നേപ്പാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഈ പ്രതിസന്ധിയെ മറികടന്ന് നിറങ്ങള്‍ പറത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. •