എന്തുകൊണ്ട് എംഗത്സിനെ വായിക്കണം?

പ്രബീര്‍ പുര്‍കായസ്ഥ

ഫ്രെഡറിക് എംഗത്സിന്‍റെ 200-ാം ജന്മവാര്‍ഷികാചരണ വേളയില്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ പ്രതിഫലിപ്പിക്കുന്ന മൂന്നു വിഷയങ്ങള്‍ മനസ്സിലേക്ക് വരുന്നു. ഇന്ന് അദ്ദേഹത്തിന്‍റെ കൃതികള്‍ നാം എങ്ങനെ വായിക്കണം എന്നതാണ്. ആദ്യത്തേത് അദ്ദേഹത്തിന്‍റെ കൃതികളില്‍ ഏറെയും നിലവിലുള്ള വ്യവസ്ഥയുടെ സംരക്ഷകര്‍ക്കെതിരായ വാദങ്ങളാണ്; അല്ലെങ്കില്‍ നൂതനവും നീതിയുക്തവുമായ സമൂഹത്തിനായുള്ള തൊഴിലാളിവര്‍ഗത്തിന്‍റെ സമരങ്ങളെക്കുറിച്ചുള്ള മാര്‍ക്സിന്‍റെയും എംഗത്സിന്‍റെയും കാഴ്ചപ്പാടുകള്‍ക്കെതിരായ സിദ്ധാന്തങ്ങള്‍ നിര്‍ദേശിക്കുന്നവര്‍ക്കെതിരായ വാദഗതികളാണ്. ഇവിടെ നാം രണ്ടു പ്രശ്നങ്ങള്‍ നേരിടുന്നു; ഒന്ന് എംഗത്സ് എന്തിനെതിരെയാണ് എഴുതിയത് എന്ന് മനസ്സിലാക്കലാണ്; പല വ്യക്തികളും, ഉദാഹരണത്തിന് ദൂറിങ്ങ് ഇന്ന് ജീവിക്കുന്നത് എംഗത്സിന്‍റെ 'ദൂറിങ്ങിനെതിരെ' എന്ന കൃതിയില്‍ മാത്രമാണ്. രണ്ടാമത്തെ പ്രശ്നം കൃതിയുടെ ഭാഷയാണ്. അത് എഴുതപ്പെട്ടത് അക്കാലത്തേക്കു വേണ്ടിയാണ് (ആ പ്രദേശത്തിനു വേണ്ടിയും); ആയതിനാല്‍ അവയില്‍ ഏറെയും ഇന്ന് നമുക്ക് അറിയാവുന്നവയുമായി ബന്ധപ്പെട്ടു വരുന്നില്ല. മൂന്നാമത്തെ പ്രശ്നം, സയന്‍സിന്‍റെ കാര്യത്തിലേക്കു വരുമ്പോള്‍, എംഗത്സ് എഴുതിയിരുന്ന മണ്ഡലത്തെ നാം കഷ്ടിച്ചു മാത്രം അറിയുകയാണ്. വിഷയത്തിന്‍റെ ഉള്ളടക്കം -വിവിധ ശാസ്ത്രശാഖകള്‍-എംഗത്സിന്‍റെ കാലത്തേതില്‍ നിന്ന് ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു.
അതിനാല്‍ നാം എന്തുകൊണ്ട് സ്വന്തം കൃതികള്‍ വിസ്മൃതിയിലായിക്കഴിഞ്ഞവര്‍ക്കെതിരെ അക്കാലത്ത് എഴുതപ്പെട്ട മാര്‍ക്സിന്‍റെയും എംഗത്സിന്‍റെയും വാദപ്രതിവാദപരമായ കൃതികള്‍ ഉഴുതുമറിക്കണം? ഇന്ന് ഈ അടിസ്ഥാന കാര്യങ്ങളിലേക്ക് നാം തിരികെ പോകേണ്ടതിന് രണ്ട് കാര്യങ്ങളുണ്ട്- പ്രത്യേകിച്ചും സയന്‍സ് നിഷ്പക്ഷവും സമൂഹത്തില്‍നിന്നും വേറിട്ടതുമായ ഒന്നായാണ് പലപ്പോഴും അവതരിപ്പിക്കപ്പെടാറുള്ളത്. നേരെമറിച്ച് സയന്‍സ് സമൂഹത്തെ കൈപ്പിടിയില്‍ ഒതുക്കിയിട്ടുള്ള വര്‍ഗങ്ങളുമായി അവിഭാജ്യമായ വിധം കെട്ടുപിണഞ്ഞുകിടക്കുകയാണ്; അതുകൊണ്ട് ആ വര്‍ഗങ്ങള്‍ തന്നെയാണ് സയന്‍സിന്‍റെ വികാസത്തെ നിയന്ത്രിക്കുന്നതും.
മുതലാളിത്ത രാജ്യങ്ങളിലെ പ്രസിദ്ധവും ബൃഹത്തുമായ ശാസ്ത്രമാകെ മൂലധനത്തിന്‍റെ അത്യാര്‍ത്തിയുമായോ യുദ്ധവുമായോ ബന്ധപ്പെട്ട് കിടക്കുന്നുവെന്നത് യാദൃച്ഛികമേയല്ല. പൊതുപണം ഉപയോഗിച്ച് നടത്തിയ ഗവേഷണത്തിന്‍റെ ഫലമായിട്ടുണ്ടാക്കപ്പെട്ടതാണെങ്കില്‍ പോലും വലിയൊരു വിഭാഗം വാക്സിനുകളും ലാഭക്കണ്ണോടുകൂടിയുള്ളവയാണെന്ന് നാം കാണുന്ന ഈ കോവിഡ് കാലത്ത് ഇത് കൂടുതല്‍ വ്യക്തമായി വരികയാണ്. അഥവാ ആയുധങ്ങളും സര്‍വകലാശാലകളിലെ ശാസ്ത്രഗവേഷണവും തമ്മിലുള്ള ബന്ധം നാം കാണുമ്പോഴും ഇത് വ്യക്തമാവുകയാണ്. ജെബിഎസ് ഹാല്‍ഡേന്‍ പറഞ്ഞതുപോലെ, "...പ്രൊഫസര്‍മാര്‍ രാഷ്ട്രീയത്തെ തനിയെ വിടുകയാണെങ്കില്‍ പോലും, രാഷ്ട്രീയം ഈ പ്രൊഫസര്‍മാരെ തനിയെ വിടില്ല." അതുകൊണ്ട് ശാസ്ത്രവും ശാസ്ത്ര ഗവേഷണവും എക്കാലത്തും രാഷ്ട്രീയവുമായി  ബന്ധപ്പെട്ടതാണ്- വ്യക്തികളായ ശാസ്ത്രജ്ഞര്‍, അവരുടെ അഭിപ്രായത്തില്‍, അങ്ങനെ അല്ലെങ്കില്‍ പോലും.
രണ്ടാമത്തെ കാര്യം ശാസ്ത്രവും സാങ്കേതികവിദ്യയും കേവലം അക്കാദമികമായ വിഷയങ്ങള്‍ മാത്രമല്ല. വികസനം അപകടകരമായ ദിശകളിലേക്ക് നമ്മെ കൊണ്ടുപോകുമ്പോഴും അവ ഇന്ന് വികസനത്തിന്‍റെ ചാലകശക്തിയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ആണവായുധങ്ങളോ ശബ്ദത്തെക്കാള്‍ വേഗതയുള്ളതോ ബഹിരാകാശാധിഷ്ഠിതമോ ആയ ആയുധങ്ങള്‍ സൃഷ്ടിക്കുന്ന വിപത്തുകളെകുറിച്ചും ഈ വിഷയങ്ങളെക്കുറിച്ചുള്ള അറിവില്ലാതിരുന്നാല്‍ മാനവരാശിക്കുണ്ടാകുന്ന ആപത്തുകളെക്കുറിച്ചും സംസാരിക്കാന്‍പോലും സാധ്യമല്ല. അഥവാ ഗൂഗിളോ ഫേസ്ബുക്കോ അവയുടെ ആധിപത്യ മുതലാളിത്തത്തിന്‍റേതായ പതിപ്പുകളോ ചേര്‍ന്ന് നാം അറിയുന്നതിനെയെല്ലാം മാറ്റുകയാണ്; മുതലാളിത്തത്തെത്തന്നെയും അവ മാറ്റുകയാണ്.
ആണവായുധങ്ങള്‍ നിയന്ത്രിക്കുന്ന മിക്കവാറും എല്ലാ ഉടമ്പടികളില്‍ നിന്നും അമേരിക്ക പിന്‍വാങ്ങിയതും ബഹിരാകാശ കമാന്‍ഡിനു അത് രൂപം നല്‍കിയതും പുതിയ വിപത്തുകള്‍ സൃഷ്ടിക്കുന്നു. എന്നിട്ടും, യഥാര്‍ഥത്തില്‍ ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ടപ്പോഴും പിന്നീട് 1980കളില്‍ ന്യൂട്രോണ്‍ ബോംബ് വികസിപ്പിച്ചതിനും റീഗന്‍റെ നക്ഷത്രയുദ്ധ പരിപാടിക്കുമെതിരായിട്ടും കണ്ടതുപോലെയുള്ള പ്രതിഷേധങ്ങളൊന്നും ഉയരുന്നില്ല. സമാധാന പ്രസ്ഥാനത്തിന്‍റെ ദൗര്‍ബല്യം ശാസ്ത്രസമൂഹത്തിലെ രാഷ്ട്രീയത്തിന്‍റെ അഭാവം മൂലം മാത്രമല്ലെന്നിരിക്കിലും അതിന്‍റെ ശ്രദ്ധേയമായ ദൗര്‍ബല്യങ്ങളില്‍ ഒന്ന് ഇതു തന്നെയാണ്. രണ്ടാം ലോകയുദ്ധാനന്തരം ഉയര്‍ന്നുവന്ന സമാധാനപ്രസ്ഥാനത്തിന്‍റെയും ആണവായുധ വിരുദ്ധപ്രസ്ഥാനത്തിന്‍റെയും നിര്‍ണായകഘടകം ശാസ്ത്രജ്ഞരായിരുന്നു. ഇടതുപക്ഷം സയന്‍സിന്‍റെയും സാങ്കേതികവിദ്യയുടെയും രംഗത്തേക്ക് കടക്കുന്നതിന് പ്രാപ്തമാകേണ്ടത് അതിന്‍റെ പ്രയോക്താക്കളുടെ പ്രവര്‍ത്തനങ്ങളുടെ പരിണതഫലത്തെയും പ്രാധാന്യത്തെയും സംബന്ധിച്ച് സംസാരിച്ചുകൊണ്ടു മാത്രമല്ല, മറിച്ച് സയന്‍സിനെയും സാങ്കേതികവിദ്യയെയും സംബന്ധിച്ച മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടിലൂടെ അവരുടെ ഭാവനയെ ഉത്തേജിപ്പിച്ചുകൊണ്ടു കൂടിയായിരിക്കണം. നമ്മുടെ സമൂഹത്തില്‍ ഈ വിഭാഗങ്ങളെക്കൂടാതെ, ആണവയുദ്ധവും പൊതുജനാരോഗ്യവും കോവിഡ് 19 മഹാമാരിയും മുതല്‍ ആധിപത്യ (Surveillance) മുതലാളിത്തം വരെയുള്ള ഒരു കൂട്ടം വിഷയങ്ങള്‍ സംബന്ധിച്ച വാദപ്രതിവാദങ്ങളില്‍ നാം തീരെ ദുര്‍ബലരായിരിക്കും.
ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും ഡോക്ടര്‍മാരെയുമെല്ലാം എക്കാലത്തും മാര്‍ക്സിസം ആകര്‍ഷിച്ചിട്ടുണ്ട്; കാരണം അത് സയന്‍സിന് സമൂഹത്തില്‍ വലിയൊരു അടിസ്ഥാനം നല്‍കുന്നുണ്ട്; സമൂഹത്തിന്‍റെ സജീവപ്രശ്നങ്ങളുമായി സയന്‍സിനെ ബന്ധപ്പെടുത്തുന്നുമുണ്ട്. അതേപോലെ തന്നെ, സാങ്കേതികവിദ്യയുടെ ചരിത്രം, സയന്‍സുമായും ഉല്‍പ്പാദനവുമായുമുള്ള അതിന്‍റെ ബന്ധം എന്നിവ കോവിഡ് 19 മഹാമാരിയില്‍ വികസിത മുതലാളിത്ത രാജ്യങ്ങള്‍ക്ക് അവയുടെ സമ്പദ്ഘടനയ്ക്ക് വെല്ലുവിളി നേരിടുകയാണെങ്കില്‍ എന്തെല്ലാം ചെയ്യാനാകുമെന്ന് കാണുമ്പോഴാണ് വ്യക്തമാകുന്നത്; എന്നാല്‍ മുതലാളിത്ത രാജ്യങ്ങളുടെ സമ്പദ്ഘടനയെ ബാധിക്കുമ്പോഴല്ലാതെ പകര്‍ച്ചവ്യാധികള്‍ ദരിദ്രരാജ്യങ്ങളുടെ പ്രശ്നമാണെങ്കില്‍ അങ്ങനെയൊന്നും ഉണ്ടാകുന്നുമില്ല.
ഇത് മൂലധനവും ലാഭവും പൊതുജനാരോഗ്യവും തമ്മിലള്ള ബന്ധത്തെക്കുറിച്ച് ബോധ്യമാകാന്‍ സ്വാഭാവികമായി ജനങ്ങളെ പ്രാപ്തരാക്കുമോ? വിപുലമായ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനത്തിലൂടെയല്ലാതെ അഥവാ ജനകീയ ആരോഗ്യപ്രസ്ഥാനത്തിലൂടെയല്ലാതെ നമ്മുടെ ധാരണയെ ജനങ്ങളിലെത്തിക്കാന്‍ കഴിയില്ല. അതിന് നാം വിപുലമായ ശാസ്ത്ര സമൂഹത്തിലേക്ക് കടക്കേണ്ടതുണ്ട്.
ഇവിടെയാണ് എംഗത്സും അദ്ദേഹത്തിന്‍റെ ഭൗതികവാദപരമായ വൈരുദ്ധ്യവാദവും നമ്മെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്നത്. എംഗത്സിനു മാത്രമല്ല മാര്‍ക്സിനും തങ്ങളുടെ കാലത്തെ ശാസ്ത്രശാഖകളില്‍ അതീവ താല്‍പ്പര്യമുണ്ടായിരുന്നു; അവര്‍ അവയുമായി അടുത്ത് ബന്ധപ്പെട്ടിരുന്നു. മാര്‍ക്സ് സാങ്കേതികവിദ്യയുടെ കാര്യത്തില്‍ അതീവശ്രദ്ധാലുവായിരുന്നു; ഇംഗ്ലണ്ടിലെ ടെക്സ്റ്റൈല്‍ മില്ലുകളില്‍ സാങ്കേതികവിദ്യ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹത്തിന്‍റെ കൃതികളില്‍ നമുക്ക് കാണാവുന്നതാണ്. തറപ്പാട്ടത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പഠനത്തില്‍, മണ്ണിന്‍റെ ഉല്‍പ്പാദനക്ഷമതയില്‍ രാസവളങ്ങളുടെ ഉപയോഗം സൃഷ്ടിക്കുന്ന പ്രഭാവത്തെക്കുറിച്ച് മനസ്സിലാക്കാന്‍ അദ്ദേഹം താല്‍പ്പര്യപ്പെടുന്നുണ്ട്. എന്നാല്‍ സയന്‍സിനെ സംബന്ധിച്ച് എഴുതേണ്ടതായി വന്നപ്പോള്‍ അദ്ദേഹം സയന്‍സുമായി കൂടുതല്‍ അടുത്ത് ബന്ധപ്പെട്ടിരുന്ന എംഗത്സിനെ അതിന്‍റെ വഴികാട്ടിയാകാന്‍ അനുവദിച്ചു. ദൂറിങ്ങിന്‍റെ അതിഭൗതികവാദപരമായ ആശയങ്ങളുമായി എതിരിടുന്നതിന് ആന്‍റി ദൂറിങ്ങില്‍ വൈരുദ്ധ്യവാദത്തെ സംബന്ധിച്ച് എഴുതിയത് എംഗത്സാണ്. ലുഡ്വിഗ് ഫൊയര്‍ബാഹും ക്ലാസ്സിക്കല്‍ ജര്‍മന്‍ തത്ത്വചിന്തയുടെ അന്ത്യവും എന്ന കൃതിയിലും പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന അപൂര്‍ണകൃതിയിലും എംഗത്സ് ഭൗതികവാദപരമായ വൈരുദ്ധ്യവാദത്തെക്കുറിച്ച് കൂടുതല്‍ വിശദമാക്കി.
ഹെഗലിന്‍റെ ആശയവാദപരമായ വൈരുദ്ധ്യവാദത്തിന്‍റെ നിയമങ്ങള്‍ പ്രകൃതിക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നെങ്കില്‍ ദാര്‍ശനികമായി അത് പ്രകൃതിയെ സംബന്ധിച്ച ഭൗതികവാദപരവും വൈരുദ്ധ്യവാദപരവുമായ കാഴ്ചപ്പാടില്‍നിന്നു പൊതുവെയുള്ള ഒരു പിന്മാറ്റമുണ്ടാക്കിയിട്ടുണ്ട്. അതിനുപകരം, സയന്‍സ് അതിന്‍റെ സിദ്ധാന്തങ്ങളിലൂടെ വിശദീകരിക്കുന്ന ലോകത്തെ സംബന്ധിച്ച ബാഹ്യയാഥാര്‍ഥ്യം സ്വീകരിക്കവെതന്നെ ഭൗതികവാദവുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന യാഥാര്‍ഥ്യവാദ ചിന്താഗതിക്കാര്‍ (Realist School) സ്വയം ഭൗതികവാദികളായി അറിയപ്പെടാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. മാര്‍ക്സുമായും എംഗത്സുമായും പിന്നീട് കമ്യൂണിസ്റ്റുകാരുമായും ബന്ധപ്പെട്ടുനില്‍ക്കുന്ന ഭൗതികവാദം "കളങ്കിതമായ" വാക്കായാണ് പരിഗണിക്കപ്പെടുന്നത്. സയന്‍സിന് ഒരു തത്ത്വചിന്തയുടെ ആവശ്യമുണ്ടെന്ന കാര്യം ശാസ്ത്രജ്ഞര്‍ നിരാകരിച്ചതോടെയാണ് വൈരുദ്ധ്യവാദത്തില്‍ നിന്നുള്ള പിന്തിരിയലുണ്ടായത്; സയന്‍സ് ആ നിലയില്‍ തന്നെ മതിയാകുമെന്നും സയന്‍സിന് ഒരു സംഘാടകതത്ത്വത്തിന്‍റെ ആവശ്യമേയില്ല എന്നുമുള്ള കാഴ്ചപ്പാടാണ് വൈരുദ്ധ്യവാദത്തില്‍ നിന്ന് ശാസ്ത്രജ്ഞരെ അകറ്റിയത്.
സയന്‍സിന്‍റെ വിവിധ ഭാഗങ്ങളെ നമുക്ക് ഏകോപിപ്പിക്കാന്‍ കഴിയുംവിധം വിശാലമായൊരു സംഘാടകതത്ത്വം പ്രദാനം ചെയ്യുന്നതാണ് വൈരുദ്ധ്യവാദം. പദാര്‍ഥം ഉള്‍പ്പെടെ സര്‍വതും ചലിച്ചുകൊണ്ടിരിക്കുകയാണ്, അഥവാ മാറ്റത്തിന്‍റെ പ്രക്രിയയിലാണ് എന്ന വിശ്വാസമാണ് വൈരുദ്ധ്യവാദത്തിന് ആധാരമായ കാര്യം. നാം സമൂഹത്തെയോ പ്രകൃതിയെയോ നോക്കുമ്പോള്‍, അവ കാലത്തിലും ഇടത്തിലും നിശ്ചലമാക്കപ്പെട്ടതുപോലെ നോക്കിക്കാണുന്നതിനു പകരം അവ മാറിക്കൊണ്ടിരിക്കുകയാണെന്ന ധാരണയോടെയാണ് അവയെ നോക്കിക്കാണേണ്ടത്.
'ദൂറിങ്ങിനെതിരെ' എന്ന കൃതിയില്‍ എംഗത്സ് വൈരുദ്ധ്യവാദത്തിന്‍റെ മൂന്നുതത്ത്വങ്ങള്‍ വിശദീകരിക്കുന്നുണ്ട്: ഗണപരമായ മാറ്റത്തില്‍നിന്നും ഗുണപരമായ മാറ്റം (അഥവാ ഊര്‍ജതന്ത്രജ്ഞര്‍ വിളിക്കുന്നതുപോലെ ദശാമാറ്റം); പ്രകൃതിയില്‍ വൈരുദ്ധ്യങ്ങളുടെ പങ്ക്, വര്‍ധിച്ചുവരുന്ന സങ്കീര്‍ണതയില്‍നിന്നും ഉയര്‍ന്നുവരുന്ന പുതിയ ഗുണവിശേഷങ്ങള്‍ (നിഷേധത്തിന്‍റെ നിഷേധം). സയന്‍സില്‍ ഒരു സവിശേഷ പ്രതിഭാസമായി പരിമിതപ്പെടുത്തുന്ന അവയെ നിയമങ്ങള്‍ എന്നു വിളിക്കുന്നതിനു പകരം വിശാലമായ സംഘാടകതത്ത്വങ്ങള്‍ എന്ന നിലയിലാണ് കാണേണ്ടത്; ആ സംഘാടക  തത്ത്വങ്ങള്‍ക്കുള്ളിലാണ് നാം ശാസ്ത്രീയ നിയമങ്ങളെ മനസ്സിലാക്കേണ്ടത്.
തന്‍റെ സാമ്പത്തിക ശാസ്ത്ര നിയമങ്ങള്‍ കരുപ്പിടിപ്പിച്ചെടുത്തത് വൈരുദ്ധ്യവാദത്തില്‍ നിന്നല്ല; മറിച്ച് മൂലധനത്തിന്‍റെ നിയമങ്ങള്‍ രൂപപ്പെടുത്തിയ ശേഷമാണ് വൈരുദ്ധ്യവാദത്തിന്‍റെ നിയമങ്ങളുമായി അവ പൊരുത്തപ്പെട്ടിരിക്കുന്നുവെന്നു മാര്‍ക്സ് എഴുതിയത്. അതുപോലെ തന്നെ സയന്‍സുമായി വൈരുദ്ധ്യാത്മക നിയമങ്ങള്‍ ചേര്‍ത്തു വയ്ക്കുകയായിരുന്നില്ല എംഗത്സ്, മറിച്ച് സയന്‍സ് കണ്ടെത്തിയ പ്രകൃതിയുടെ നിയമങ്ങളെ വൈരുദ്ധ്യാത്മക ചട്ടക്കൂടിനുള്ളില്‍ വിഭാവനം ചെയ്യാവുന്നതാണ് എന്നദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന കൃതി എംഗത്സ് തന്‍റെ ജീവിതകാലത്ത് പൂര്‍ത്തിയാക്കിയില്ല. പ്രശസ്ത പരിണാമാത്മക ജീവശാസ്ത്രജ്ഞനും ബ്രിട്ടീഷ് മാര്‍ക്സിസ്റ്റുമായ ജെബിഎസ് ഹാള്‍ഡേന്‍ 1939ല്‍ പ്രകൃതിയുടെ വൈരുദ്ധ്യാത്മകത പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്‍റെ ആമുഖത്തില്‍ ഇത്രകാലമായിട്ടും അത് അപ്രകാശിതമായി തുടര്‍ന്നതില്‍ പരിതപിച്ചുകൊണ്ട് ഇങ്ങനെ എഴുതി: "ഡാര്‍വിനിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങള്‍ സാര്‍വത്രികമായി അറിയപ്പെട്ടിരുന്നെങ്കില്‍ ഒരുപാട് ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാകുമായിരുന്നു. അതിലെ അപൂര്‍ണമായ ഭാഗങ്ങളിലൊന്ന് മനുഷ്യപരിണാമത്തില്‍ അധ്വാനം വഹിച്ച പങ്കിനെ സംബന്ധിച്ചായിരുന്നു; പ്രത്യേകിച്ച്, കൈകളുടെ പരിണാമത്തെക്കുറിച്ചായിരുന്നു. പണി ആയുധങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള അധ്വാനപ്രക്രിയയിലൂടെയാണ് കൈകളുടെ പരിണാമം നടന്നത്; അതാണ് മനുഷ്യനെ ആള്‍ക്കുരങ്ങില്‍നിന്ന് വേറിട്ടതാക്കിയത്. എംഗത്സ് എഴുതുന്നു, "അങ്ങനെ കൈ അധ്വാനിക്കാനുള്ള അവയവം മാത്രമല്ല, അധ്വാനത്തില്‍നിന്നുണ്ടായ ഉല്‍പ്പന്നം കൂടിയാണ്." കൈകളുടെ പരിണാമമല്ല ജീവി വര്‍ഗമെന്ന നിലയിലുള്ള നമ്മുടെ പരിണാമത്തിനിടയാക്കിയത്; മറിച്ച് ചരിത്രപരമായ പ്രക്രിയയെന്ന നിലയില്‍ കൈകളുടെയും അധ്വാനത്തിന്‍റെയും ഒന്നിച്ചുള്ള പരിണാമമാണ് അതിലേക്ക് നയിച്ചത്.
പരിണാമവുമായി ബന്ധപ്പെട്ട് എംഗത്സ് ലാമാര്‍ക്കിസവുമായി പൊരുത്തപ്പെട്ടുവെന്നൊരു വിമര്‍ശനമുണ്ട്; അധ്വാനശേഷിയുടെ പാരമ്പര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിശദീകരണത്തിന് വിമര്‍ശനമുണ്ടായത് അതുകൊണ്ടാണ്. ആളുകള്‍ വിസ്മരിക്കുന്നത് ഡാര്‍വിന്‍ പ്രകൃതി നിര്‍ധാരണത്തെകുറിച്ച് വിവരിക്കവെ പരിണാമത്തിന്‍റെ ചാലകശക്തിയെന്ന നിലയില്‍ ലാമാര്‍ക്കിന്‍റെ ആര്‍ജിത സവിശേഷതയുടെ പാരമ്പര്യം എന്ന സിദ്ധാന്തത്തെ പിന്തുണച്ചിരുന്നുവെന്നതാണ്. മെന്‍ഡേലിയന്‍ ജനിതകവിജ്ഞാനത്തെക്കുറിച്ച് ജീവശാസ്ത്രജ്ഞര്‍ക്ക് അറിവുണ്ടായിരുന്നില്ല; വളരെക്കാലത്തിനുശേഷം മാത്രമാണ് മെന്‍ഡേലിയന്‍ ജനിതക വിജ്ഞാനം ജീവശാസ്ത്രവുമായി (ബയോളജി) കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
പ്രകൃതി അതിന്‍റെ ചരിത്രത്തില്‍ മാറ്റം കൂടാതെ വെറുതെ ഒരു പശ്ചാത്തലമായി നില്‍ക്കുകയല്ല എന്ന് തെളിയിച്ചതാണ് എംഗത്സിന്‍റെ മുഖ്യസംഭാവന. പ്രകൃതി മാറ്റമില്ലാതെ നില്‍ക്കുകയല്ല, മറിച്ച് അതും പ്രകൃതിയിലെ ജീവിവര്‍ഗങ്ങളെ പോലെതന്നെ പരിണമിക്കുകയാണ് എന്ന് എംഗത്സ് വ്യക്തമാക്കി. പ്രകൃതിയും മനുഷ്യര്‍ ഉള്‍പ്പെടെയുള്ള അതിലെ ജീവിവര്‍ഗങ്ങളും ഒരു ചരിത്രപ്രക്രിയയെന്ന നിലയില്‍ മാറ്റത്തിന്‍റേതും-പരിണാമത്തിന്‍റേതുമായ ഈ ചലനാത്മക പ്രക്രിയയുടെ ഭാഗമാണ്.
മാര്‍ക്സിനെയും എംഗത്സിനെയും സംബന്ധിച്ചിടത്തോളം അവരുടെ പഠനത്തിന്‍റെ കേന്ദ്രബിന്ദുക്കളിലൊന്ന് സയന്‍സിനും സാങ്കേതികവിദ്യയ്ക്കും ഉല്‍പ്പാദനവുമായുള്ള ബന്ധത്തെ സംബന്ധിച്ച പഠനമാണ്. വ്യവസായത്തിലും കൃഷിയിലുമുള്ള സാങ്കേതികവിദ്യയിലെ മാറ്റങ്ങളിലാണ് മാര്‍ക്സ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതേ സമയം തന്നെ തങ്ങളിലൊരാള്‍ സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ക്കപ്പുറം അത്തരം മാറ്റങ്ങള്‍ സാധ്യമാക്കിയ ശാസ്ത്രപുരോഗതിയെക്കുറിച്ച് മനസ്സിലാക്കേണ്ടതാണെന്നും അദ്ദേഹം കരുതി. സയന്‍സിലെ സംഭവ വികാസങ്ങള്‍ മാര്‍ക്സ് പിന്തുടര്‍ന്നിരുന്നെങ്കിലും പലപ്പോഴും അദ്ദേഹം സാങ്കേതികവിദ്യാപ്രയോഗത്തെ ബാധിക്കുന്ന ശാസ്ത്രശാഖകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചറിയാന്‍ സഹായത്തിനായി എംഗത്സിലേക്ക് തിരിഞ്ഞിരുന്നു.
വ്യവസായ വിപ്ലവത്തിന്‍റെ അനന്തരഫലമെന്ന നിലയില്‍ എംഗത്സ് ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗത്തിന്‍റെ സ്ഥിതിയെക്കുറിച്ച് എഴുതുക മാത്രമായിരുന്നില്ല, അദ്ദേഹം മാഞ്ചസ്റ്ററിലെ ടെക്സ്റ്റൈല്‍ മില്ലിലെ പാര്‍ട്ട്ണറായി പണിയെടുക്കുകയും ചെയ്തു. ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരുന്ന വ്യവസായവിപ്ലവത്തിന്‍റെ ഭാഗം തന്നെയായി നിന്നിരുന്ന എംഗത്സ്, ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റായിരുന്ന കാള്‍ ഷോള്‍മെര്‍ എന്ന കെമിസ്റ്റിന്‍റെ ഉറ്റചങ്ങാതിമാരില്‍ ഒരാളായി കണക്കാക്കപ്പെട്ടിരുന്നു. ആ കാലത്തെ പ്രമുഖ ശാസ്ത്രജ്ഞരില്‍ ഒരാളും റോയല്‍ സൊസൈറ്റി ഫെലോയുമായിരുന്ന ഷോള്‍മെറായിരുന്നു സയന്‍സിനെ സംബന്ധിച്ച മാര്‍ക്സിന്‍റെയും എംഗത്സിന്‍റെയും അറിവ് വിപുലപ്പെടുത്താന്‍ സഹായിച്ചത്.
മാര്‍ക്സും എംഗത്സും തമ്മിലുള്ള തൊഴില്‍ വിഭജനം സയന്‍സിനെ സംബന്ധിച്ച് എഴുതുന്നതിലുമുണ്ടായിരുന്നു; പ്രകൃതിയുടെയും സമൂഹത്തിന്‍റെയും മൗലികധര്‍മമെന്ന നിലയില്‍ മാറ്റത്തെ കാണാതിരുന്ന അതിഭൗതിക ചിന്തയ്ക്കെതിരായ പോരാട്ടത്തിലും അവര്‍ തമ്മിലുള്ള തൊഴില്‍ വിഭജനമുണ്ടായിരുന്നു. മൂലധനവും അതിന്‍റെ ഒന്നാം വോള്യവും വ്യവസായ വിപ്ലവത്തിലെ സാങ്കേതികവിദ്യയുടെ ചരിത്രത്തിന്‍റെ അതിശക്തമായ വിവരണങ്ങളില്‍ ഒന്നായിരുന്നെങ്കില്‍, പ്രകൃതിയുടെ വൈരുദ്ധ്യാത്മകത, അതിന്‍റെ അപൂര്‍ണമായ രൂപത്തില്‍ പോലും തന്‍റെ ജീവിതകാലത്ത് സയന്‍സില്‍ സംഭവിച്ചുകൊണ്ടിരുന്ന സംഭവവികാസങ്ങളെ സംബന്ധിച്ചുള്ള എംഗത്സിന്‍റെ ധാരണയുടെ ആഴവും വ്യാപ്തിയും വെളിപ്പെടുത്തുന്നു.
ഉല്‍പ്പാദനശക്തികളുടെ വികാസത്തിനായുള്ള അളവറ്റ വിഭവമായി പ്രകൃതിയെ പരിഗണിക്കുന്ന ഉല്‍പ്പാദകത്വ പക്ഷപാതിത്വം ബാധിച്ച ഒന്നായി മാര്‍ക്സിസത്തെ കണക്കാക്കുന്ന മാര്‍ക്സിന്‍റെയും എംഗത്സിന്‍റെയും നിരവധി വിമര്‍ശകരുണ്ട്. നമ്മുടെ രാജ്യത്തെ ഗാന്ധിയന്മാരുടെ വിമര്‍ശനമാകട്ടെ മാര്‍ക്സിസവും മുതലാളിത്തവും ഒരേപോലെ വ്യാവസായികവികസനത്തില്‍ ശ്രദ്ധയൂന്നുന്നതായാണ്-വ്യവസായ വികസനം പ്രകൃതിയെ മാറ്റിമറിക്കുമെന്നും അത് പാരിസ്ഥിതിക പ്രതിസന്ധിക്കിടയാക്കുമെന്നുമാണ് അവരുടെ വിമര്‍ശനം.
നേരെമറിച്ച്, മാര്‍ക്സും എംഗത്സും പ്രകൃതിക്കുണ്ടാകുന്ന അളവറ്റ നാശത്തെ സംബന്ധിച്ചും ഉല്‍പ്പാദനത്തിന്‍റെ അചിന്തനീയമായ വികാസത്തെ തുടര്‍ന്നുവരുന്ന ഉല്‍പ്പാദനത്തിന് ഈടുറ്റതാകാനുള്ള ശേഷിയില്ലായ്മയെക്കുറിച്ചും ഒട്ടേറെ എഴുതിയിട്ടുണ്ട്. മെസൊപൊട്ടോമിയയുടെ മരുവല്‍ക്കരണം, ഇന്ത്യയിലെ പരുത്തിത്തുണിനെയ്ത്തുകാരെ നശിപ്പിച്ച ബ്രിട്ടീഷ് വാഴ്ചയുടെ വിനാശകരമായ നയം എന്നിവ ഉള്‍പ്പെടെ ഉദാഹരണങ്ങളാണ്. മൂലധനം ഒന്നാം വോള്യത്തില്‍ മാര്‍ക്സ് എഴുതുന്നു-"ഇംഗ്ലണ്ടിലെ കോട്ടണ്‍മില്‍ യന്ത്രസാമഗ്രികള്‍ ഇന്ത്യയില്‍ തീവ്രമായ ആഘാതം സൃഷ്ടിച്ചു. 1834-35ല്‍ ഗവര്‍ണര്‍ ജനറല്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു: "വാണിജ്യചരിത്രത്തില്‍ ഇതിനു സമാനമായ ദുരിതം വളരെ അപൂര്‍വമായേ കാണുകയുള്ളൂ. ഇന്ത്യന്‍ സമതലങ്ങളില്‍ പരുത്തിത്തുണി നെയ്ത്തുകാരുടെ എല്ല് വെള്ളമാവുകയാണ്."
പ്രകൃതിയുടെ ഉല്‍പ്പാദന ശേഷിക്ക് മുതലാളിത്തം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് എംഗത്സിന് നല്ല ബോധ്യമുണ്ടായിരുന്നു. മന്ത്ലി റിവ്യൂവില്‍ ബെല്ലമി ഫോസ്റ്റര്‍ എഴുതുന്നു (നവംബര്‍ 1, 2020),"ജാമാക്കപ്പെട്ട സേഫ്ടിവാല്‍വ് തുറക്കാന്‍ പറ്റാത്തവിധം ദുര്‍ബലനായ ഡ്രൈവറുള്ള ആവി എഞ്ചിന്‍ പോലെ നശിപ്പിക്കുന്നതിനുള്ള ഓട്ടപ്പന്തയത്തിലേര്‍പ്പെട്ടിരിക്കുന്ന സമൂഹനേതൃത്വത്തിന്‍കീഴിലുള്ള ഒരു വര്‍ഗമാണ് മുതലാളിവര്‍ഗം എന്ന് എംഗത്സ് സൂചിപ്പിച്ചിട്ടുണ്ട് ('ദൂറിങ്ങിനെതിരെ'യില്‍). 'സ്വന്തം അധികാരത്തിനപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞ ഉല്‍പ്പാദനശക്തികളെ നിയന്ത്രിക്കുന്നതിനുള്ള മൂലധനത്തിന്‍റെ കഴിവില്ലായ്മതന്നെയാണത്- ബൂര്‍ഷ്വാ സമൂഹത്തെ ഒന്നടങ്കം നാശത്തിലേക്കോ വിപ്ലവത്തിലേക്കോ നയിച്ചിരുന്ന സഹജവും സാമൂഹികവുമായ പരിസരത്തിനുമേല്‍ ഇത് വിനാശകരമായ ആഘാതമാണ് ഏല്‍പ്പിക്കുന്നത്. ആയതിനാല്‍ ആധുനിക സമൂഹം ഒന്നടങ്കം നശിക്കുന്നില്ലെങ്കില്‍, ഉല്‍പ്പാദനരീതികളിലും വിതരണത്തിലും വിപ്ലവമുണ്ടാകും എന്നാണ് എംഗത്സ് വാദിച്ചത്.
മൂലധനം പ്രകൃതിയെ നശിപ്പിക്കുകയാണെന്നത് വിസ്മരിക്കാത്ത മാര്‍ക്സിനും എംഗത്സിനും പ്രകൃതിയില്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. അടുത്ത മൂന്നുമാസക്കാലത്തെ ലാഭത്തിനും ഓഹരി വിപണിയിലെ തങ്ങളുടെ ഓഹരിയുടെ വിലയ്ക്കും അപ്പുറം ചിന്തിക്കാത്ത മുതലാളിത്ത ഉല്‍പ്പാദനരീതിയുടെ പ്രശ്നങ്ങളെ നേരിടാന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം മുന്നോട്ടുവരേണ്ടതിന്‍റെ ആവശ്യത്തെക്കുറിച്ച് ഇക്കോ സോഷ്യലിസ്റ്റ് പ്രസ്ഥാനം പറയുന്നുണ്ട്. മൂലധനത്തിന്‍റെ അത്യാര്‍ത്തി സൃഷ്ടിക്കുന്ന ബഹുവിധ വിനാശങ്ങളെ ചെറുക്കുന്നതിനു ഏറ്റവും മികച്ച ശാസ്ത്ര-സാങ്കേതിക പ്രതിഭകളെ ഇടതുപക്ഷ പ്രസ്ഥാനം അണിനിരത്തേണ്ടതുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് നാം ഇതാണ് ചെയ്തിരുന്നത്. സയന്‍സിനും സാങ്കേതികവിദ്യയ്ക്കും സമൂഹത്തിനുമുള്ളില്‍ മറ്റു ബദലുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് നാം വ്യക്തമാക്കേണ്ടതുണ്ട്. അതെ, സയന്‍സിനും സാങ്കേതികവിദ്യയ്ക്കും സ്വയമേവ സമൂഹത്തിന്‍റെയും പ്രകൃതിയുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവില്ല. പക്ഷേ ആ പരിഹാരത്തിന്‍റെ ഭാഗമായി സയന്‍സും സാങ്കേതികവിദ്യയും കൂടാതെ ഒന്നിനും നിലനില്‍ക്കാനുമാവില്ല. എംഗത്സ് മുന്നോട്ടുവയ്ക്കുന്ന ഉദാഹരണം ഇതാണ്; നാം അത് പിന്തുടരേണ്ടതുമുണ്ട്.•