ക്ഷേമപെന്‍ഷനുകള്‍ക്കു പിന്നിലെ യുക്തി

പത്രാധിപരോട് ചോദിക്കാം

മനസ്സ് എത്തുന്നിടത്ത് ശരീരം എത്താത്ത കാലത്ത് ആശ്വാസം നല്‍കുന്നതിനാണ് പെന്‍ഷന്‍ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്.
2020 നവംബര്‍ രണ്ടാംവാരത്തില്‍ ഇറങ്ങിയ ചിന്തയില്‍ വന്ന കണക്കുപ്രകാരം 49,13,786 പേര്‍ക്ക് സാമൂഹ്യ വാര്‍ദ്ധക്യ പെന്‍ഷനും, 6,29,988 പേര്‍ക്ക് ക്ഷേമനിധി പെന്‍ഷനും ലഭിക്കുന്നു.
60 വയസ്സ്, കഴിഞ്ഞ ഏതൊരു വ്യക്തിക്കും, 1400 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കിവരുന്നു. എന്നാല്‍ 18 വയസ്സുമുതല്‍ 60 വയസ്സുവരെ 42 വര്‍ഷക്കാലം പ്രതിമാസ അംശാദായം അടയ്ക്കുന്ന ക്ഷേമനിധി അംഗത്തിന് 60 വയസ്സു കഴിഞ്ഞാല്‍ ക്ഷേമനിധി പെന്‍ഷനും വാര്‍ദ്ധക്യ പെന്‍ഷനും ഉള്‍പ്പെടെ ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും ഭൂരിപക്ഷം പേര്‍ക്കും നിഷേധിക്കപ്പെടുന്നു.ഇത് അനീതിയല്ലേ?
ക്ഷേമനിധി പെന്‍ഷന്‍ 1500 രൂപ ലഭിക്കുമ്പോള്‍ വയോജന പെന്‍ഷന് തടസ്സങ്ങള്‍ ഉണ്ടാകുന്നു.  ഇനി രണ്ടു പെന്‍ഷനും ലഭിച്ചു എന്നിരിക്കട്ടെ. ആദ്യ പെന്‍ഷന്‍റെ പകുതി തുകയില്‍ ഒതുങ്ങുന്നു. ഇത് വിവേചനമല്ലേ?
പ്രതിമാസം 50,100 സ്ലാബുകളില്‍ ക്ഷേമനിധികളില്‍ പണം അടയ്ക്കുന്നവര്‍ക്ക് പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കേണ്ടതല്ലേ?

                                                                                                                                    എന്‍.മുഹമ്മദ്, മഞ്ചേരി 

നസ്സ് എത്തുന്നിടത്തൊക്കെ ശരീരത്തിന് ഒരു പ്രായത്തിലും എത്താന്‍ കഴിയില്ല. അതാണ് മനസ്സിന്‍റെ പ്രത്യേകത. ശാരീരികമായ അവശത ഒരാളെ ബാധിക്കുന്ന കാലമാണ് സാധാരണഗതിയില്‍ 60 വയസ്സ് കഴിഞ്ഞുള്ള കാലം, പ്രായാധിക്യത്തിന്‍റെ കാലം. ആ പ്രായമായവരില്‍ പലര്‍ക്കും സ്വയം അധ്വാനിച്ച് നിലനില്‍പിനുള്ള ചെലവ് സമ്പാദിക്കാന്‍ കഴിയില്ല. അതിനാല്‍ അവര്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍ അനുവദിക്കുന്നു.
ഇന്ത്യയില്‍ എന്നല്ല, പല രാജ്യങ്ങളിലും സര്‍ക്കാരിന്‍കീഴിലോ സംഘടിത മേഖലയിലോ ജോലി ചെയ്ത ചിലര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. എന്നാല്‍, കേരളം പോലെ സാമൂഹ്യപുരോഗതി കൈവരിച്ച സംസ്ഥാനങ്ങളില്‍ സര്‍ക്കാരിന്‍ കീഴിലല്ലാതെ ദീര്‍ഘകാലം അധ്വാനിച്ചു ജീവിച്ച കര്‍ഷകത്തൊഴിലാളികളെ പോലെയുള്ള ചില വിഭാഗങ്ങള്‍ക്കും നിരാശ്രയരായ സ്ത്രീകള്‍, ശാരീരിക അവശതയുള്ളവര്‍ എന്നിവര്‍ക്കും മറ്റും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വാര്‍ധക്യപെന്‍ഷന്‍ നല്‍കിവരുന്നുണ്ട്. ആദ്യമൊക്കെ പെന്‍ഷന്‍ തുക നാമമാത്രമായിരുന്നു. ഈ നൂറ്റാണ്ടില്‍, പ്രത്യേകിച്ച് കഴിഞ്ഞ പത്തു പന്ത്രണ്ട് വര്‍ഷങ്ങളായി ഈ തുക വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങി. മറ്റു തരത്തില്‍ സാമ്പത്തിക ഭദ്രതയില്ല എന്നു ചില സൂചികകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്നവര്‍ക്ക് സാമൂഹ്യ ക്ഷേമപെന്‍ഷന്‍ നല്‍കിവരുന്നു.
ഇത് ഇപ്പോഴും ഒരു അവകാശമായി പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. സാധാരണഗതിയില്‍ പട്ടിണി കിടക്കേണ്ടിവരുന്നവര്‍ക്ക് അത് ഒഴിവാക്കാന്‍ സാമൂഹ്യബോധ പ്രേരിതമായി സര്‍ക്കാര്‍ നല്‍കുന്നതാണ് ഈ പെന്‍ഷന്‍. അതുകൊണ്ടാണ് ഏതെങ്കിലും തരത്തില്‍ സാമൂഹ്യ പെന്‍ഷന് തുല്യമോ കൂടുതലോ ആയ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് സാമൂഹ്യ പെന്‍ഷന്‍ അനുവദിക്കാത്തത്.
ക്ഷേമ പെന്‍ഷന്‍ വകയില്‍ 2016 - 21 കാലത്ത് ഇതേവരെ 32,000ത്തില്‍പരം കോടി രൂപ വിതരണം ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം, കേരളീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ തുകയല്ല. സമൂഹത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ തുക മതിയാകാതെ വരുന്നതായി പരാതിയോ വിമര്‍ശനമോ ഉണ്ട്. ജനങ്ങളില്‍നിന്ന് പൊതുവില്‍ കൂടുതല്‍ നികുതി പിരിക്കാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതിയും ഉണ്ട്. അതിനാല്‍, സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവര്‍, ചോദ്യത്തില്‍ പരാമര്‍ശിക്കുന്നതുപോലെ, കൂടുതല്‍ തുക പെന്‍ഷനായി ലഭിക്കണമെന്നു ആഗ്രഹിക്കുമ്പോള്‍ അത് അനുവദിക്കാന്‍ സര്‍ക്കാരിനോ, അങ്ങനെ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാന്‍ പൊതുസമൂഹത്തിനോ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്.
ഓര്‍ക്കേണ്ട കാര്യം ഈ സമൂഹത്തിന്‍റെ പൊതുസ്ഥിതിയാണ്. അത് അത്ര മെച്ചപ്പെട്ടതൊന്നുമല്ല. കോവിഡ് മഹാമാരിമൂലം കേന്ദ്ര സര്‍ക്കാര്‍ സാര്‍വത്രിക അടച്ചിടല്‍ ഏര്‍പ്പെടുത്തിയപ്പോള്‍, ജനങ്ങളില്‍ ഭൂരിപക്ഷം പേരും ഭക്ഷണത്തിനു വകയില്ലാതെ പ്രയാസപ്പെടുന്ന സ്ഥിതി ഉണ്ടായി. അതുകൊണ്ട് സര്‍ക്കാരിനു എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ റേഷന്‍ സംവിധാനം വഴി വിതരണം ചെയ്യേണ്ടിവന്നു. അവരില്‍ പലരില്‍നിന്നും ഈടാക്കുന്ന നികുതിപ്പണം കൂടി ഉപയോഗിച്ചാണ് ക്ഷേമ പെന്‍ഷന്‍ നല്‍കപ്പെടുന്നത്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തതുകൊണ്ടാണ് ചോദ്യത്തില്‍ ഉന്നയിക്കുന്നതുപോലുള്ള വാദങ്ങള്‍ ഉയരുന്നത്. അത് അന്യായമാണെന്നല്ല. പക്ഷെ, സമൂഹത്തിനു നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയില്‍ അതിനെ പൊതുവില്‍ പിന്താങ്ങാന്‍ കഴിയില്ല.
മറ്റു പലരും പട്ടിണികിടക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ ചിലര്‍ സ്വന്തം ആവശ്യങ്ങളില്‍ ചിലവ ഒഴിവാക്കി സംഭാവന ചെയ്യാറുണ്ടല്ലോ. അതാണ് നമ്മുടെ സമൂഹം, അതിനുവേണ്ടി ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍, സാമൂഹ്യ പെന്‍ഷന്‍ വിതരണത്തിലൂടെ ചെയ്യുന്നതിന് അടിസ്ഥാനം. ആ തുക കാലാകാലങ്ങളില്‍ വര്‍ധിപ്പിക്കുന്നതിന്‍റെ യുക്തിയും അതുതന്നെ. വിലക്കയറ്റം കൊടുമ്പിരിക്കൊള്ളുന്ന ഇക്കാലത്ത് പെന്‍ഷനില്‍ നൂറുരൂപയുടെ വാര്‍ഷിക വര്‍ധനയുടെ യുക്തി അതാണ്. അതെല്ലാം കണ്ട് അത് അവകാശമായി കണക്കാക്കിക്കൂട. അവകാശമാകുമ്പോഴാണ് ചോദ്യത്തില്‍ ഉന്നയിക്കുന്ന യുക്തി പ്രസക്തമാകുക.
ക്ഷേമ പെന്‍ഷനുകളുടെ യുക്തി ലളിതമാണ്. വാര്‍ധക്യകാലത്ത് ആരും ഒരു വരുമാനവുമില്ലാതെ പട്ടിണി കിടക്കരുത്. അത് തടയാന്‍ മാത്രം വരുന്ന തുകയാണ് സാമൂഹ്യ പെന്‍ഷനായി നല്‍കുന്നത്. കൂടുതല്‍ തുകയ്ക്കുള്ള അര്‍ഹതയുടെ പ്രശ്നം ഈ 'പട്ടിണി ഒഴിവാക്കല്‍' തത്ത്വത്തിന്‍റെ അടിസ്ഥാനത്തില്‍ ഉദിക്കുന്നില്ല. ചോദ്യകര്‍ത്താവ് ഉന്നയിക്കുന്ന വാദത്തിനു അതിന്‍റേതായ യുക്തിയുണ്ട്. പക്ഷെ, പട്ടിണി ഒഴിവാക്കാന്‍ മറ്റു വരുമാനമില്ലാത്തവര്‍ക്ക് നല്‍കുന്ന സാമൂഹ്യ പെന്‍ഷനുമായി ബന്ധപ്പെടുത്തി അത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത് അതിന്‍റെ യുക്തിക്ക് ചേരുന്നതല്ല. കുറച്ചുകാലം മുമ്പ് 60 വയസ്സായ എല്ലാവര്‍ക്കും പ്രതിമാസം 10,000 രൂപ വീതം പെന്‍ഷന്‍ നല്‍കണം എന്ന വാദം ഉയര്‍ന്നിരുന്നല്ലോ. അത് സാമൂഹ്യപെന്‍ഷനായി ആയിരമോ ആയിരത്തി അഞ്ഞൂറോ രൂപ നല്‍കുന്നതിന്‍റെ ശോഭ കെടുത്താനുള്ള വാദമായിരുന്നു.
മറ്റൊരു കാര്യം കൂടിയുണ്ട്. നമ്മുടെ സമൂഹം അസമത്വത്തിന്മേല്‍ കെട്ടിപ്പടുത്തതാണ്. അത് വര്‍ധിപ്പിക്കാനാണല്ലോ മോഡി സര്‍ക്കാര്‍ കൃഷിക്കാരുടെ ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില കൊടുക്കുന്ന 60 വര്‍ഷമായുള്ള സമ്പ്രദായം നിയമംമൂലം തടഞ്ഞതും കൃഷിക്കാര്‍ അതിനെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്നതും. അത്തരം ഭരണാധികാരികള്‍ കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും തൊഴിലോ മിനിമം വരുമാനമോ നല്‍കാന്‍ താല്‍പര്യപ്പെടുന്നില്ല. അക്കൂട്ടത്തില്‍ കോണ്‍ഗ്രസുംപെടും. ആ പാര്‍ടി 2019ലെ തിരഞ്ഞെടുപ്പില്‍ താങ്ങുവില എടുത്തുകളയാം എന്ന് തിരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തതല്ലേ.
എല്‍ഡിഎഫ് സര്‍ക്കാര്‍ സമൂഹത്തിന്‍റെ ഏറ്റവും താഴെ തട്ടിലുള്ളവര്‍ പട്ടിണികിടക്കാതെ ജീവിക്കാനുള്ള സഹായം ഉറപ്പാക്കുന്നു. അതാണ് ക്ഷേമ പെന്‍ഷന്‍. വളരെ പ്രയാസപ്പെട്ടാണ് സര്‍ക്കാര്‍ ആ തുക കൃത്യമായി മാസം തോറും നല്‍കുന്നത്. അതിനെ മറ്റുതരം പെന്‍ഷനുമായി കൂട്ടിക്കെട്ടുകയോ താരതമ്യം ചെയ്യുകയോ അരുത്.  •