ഹിമാചല്‍പ്രദേശ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : തിളക്കമാര്‍ന്ന വിജയം നേടി സിപിഐ എം

ഓംകാര്‍ ഷാദ്

ഹിമാചല്‍പ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജനുവരി 17, 19, 21 എന്നീ തീയതികളിലായി നടന്ന തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന നേട്ടമാണ് സിപിഐ എം ഉണ്ടാക്കിയത്. സിപിഐ എം പിന്തുണ നല്‍കിയ സ്ഥാനാര്‍ത്ഥികളില്‍ പലരും അഭിമാനാര്‍ഹമായ വിജയമാണ് നേടിയത്. പാര്‍ടി ചിഹ്നത്തിലല്ല പലരും മല്‍സരിച്ചത്. പാര്‍ടിയുടെയും ബഹുജന സംഘടനകളുടെയും നേതാക്കളും സജീവ പ്രവര്‍ത്തകരുമാണ് ഇങ്ങനെ സ്വതന്ത്ര ചിഹ്നങ്ങളില്‍ നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചത്. സിപിഐ എം പിന്തുണച്ച 12 പേര്‍ ജില്ലാ പഞ്ചായത്തംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. 2016ലെ തിരഞ്ഞെടുപ്പില്‍ 2 സീറ്റുകള്‍ പാര്‍ടിക്കു ലഭിച്ച സ്ഥാനത്താണ് ഈ വിജയം.
ജില്ല - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് തലങ്ങളിലായി 2016ല്‍ സിപിഐ എമ്മിന് ആകെ 42 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ മൊത്തം 1196 സീറ്റുകളില്‍ 337 സീറ്റുകളില്‍ വിജയിക്കാന്‍ പാര്‍ടിക്കു സാധിച്ചു. പഞ്ചായത്തു പ്രസിഡന്‍റുമാരായി 28 പേരും വൈസ് പ്രസിഡന്‍റുമാരായി 30 പേരും തിരഞ്ഞെടുക്കപ്പെട്ടു. ഇവരെല്ലാവരും പ്രാദേശികതലത്തില്‍ അറിയപ്പെടുന്ന സിപിഐ എം നേതാക്കളാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഈ സീറ്റുകള്‍ സിപിഐ എമ്മിനു ലഭിച്ചത്. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ നിരവധി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത് നിസ്സാര വോട്ടുകള്‍ക്കാണ് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജില്ലാ പരിഷത്തുകളിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കും സിപിഐ എമ്മിന്‍റെ പിന്തുണയോടെ നിരവധി പേര്‍ വിജയിച്ചിരുന്നു. ജനപ്രതിനിധികള്‍ എന്ന നിലയിലുള്ള അവരുടെ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളോട് അവര്‍ കാണിച്ച താല്‍പര്യവും ആത്മാര്‍ത്ഥതയോടെയുള്ള ഇടപെടലുകളും പാര്‍ടി നേതൃത്വത്തോട് ജനങ്ങള്‍ക്ക് നല്ല മതിപ്പുളവാക്കാന്‍ ഇടയായി. ഗ്രാമപ്രദേശങ്ങളില്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ടി പ്രവര്‍ത്തകര്‍ പ്രാദേശിക വിഷയങ്ങളുയര്‍ത്തിയും അതിലുപരി കാര്‍ഷിക - ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങളുയര്‍ത്തിയും നടത്തിയ പോരാട്ടങ്ങള്‍ അവര്‍ക്ക് വലിയ സ്വീകാര്യതയാണ് ജനമനസ്സുകളില്‍ നേടിക്കൊടുത്തത്. പരിമിതമായ വിഭവങ്ങളുമായി പ്രവര്‍ത്തിക്കുന്ന പാര്‍ടി പ്രവര്‍ത്തകര്‍ക്കും വ്യാപകമായ അംഗീകാരമാണ് ജനങ്ങളുടെ ഇടയിലുണ്ടായത്. ഗ്രാമീണമേഖലകളില്‍ പാര്‍ടിയുടെ സ്വാധീനം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ ഇതു തുണയായി. ഹിമാചല്‍ പ്രദേശിലെ മൊത്തം ജനസംഖ്യയില്‍ 90 ശതമാനവും അധിവസിക്കുന്നത് ഗ്രാമീണ മേഖലകളിലാണ്.
തിരഞ്ഞെടുപ്പിനു മൂന്നു മാസത്തിനു മുന്‍പു തന്നെ സിപിഐ എം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എല്ലാ ലോക്കല്‍ കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും പ്രാദേശിക തലത്തിലുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പാര്‍ടിക്കും ബഹുജനസംഘടനകള്‍ക്കും സാന്നിധ്യമുള്ള പ്രദേശങ്ങളില്‍നിന്ന് സ്ഥാനാര്‍ത്ഥികളാവേണ്ടവര്‍ ആരൊക്കെയെന്ന് നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥികളുടെ പേരും പാര്‍ടി പ്രഖ്യാപിച്ചു.
തൊഴിലില്ലായ്മ, ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ ശോച്യാവസ്ഥ എന്നിവയും പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം ചര്‍ച്ചാ വിഷയമാക്കാന്‍ പാര്‍ടി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതും കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പാര്‍ലമെന്‍റില്‍ ബിജെപി പാസ്സാക്കിയതും തിരഞ്ഞെടുപ്പു വിഷയമാക്കിയതോടെ ബിജെപി വിരുദ്ധ അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക, പഴവര്‍ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പാലിനും പൂക്കള്‍ക്കും ധാന്യങ്ങള്‍ക്കും താങ്ങുവില പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ പാര്‍ടി ഉയര്‍ത്തി. അവയും തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാ വിഷയമാക്കുന്നതില്‍ ഒരു പരിധിവരെ സിപിഐ എം വിജയിച്ചു.
തിരഞ്ഞെടുപ്പു കാമ്പയിനില്‍ പാര്‍ടി ഉയര്‍ത്തിയ വിഷയങ്ങള്‍ യുവ വോട്ടര്‍മാരെ ഗണ്യമായി സ്വാധീനിച്ചു. പാര്‍ടി പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥികളില്‍ ഏറെയും യുവജനങ്ങളായിരുന്നു. ഹിമാചലില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ മല്‍സരം പാര്‍ടി ചിഹ്നത്തിലല്ല. പ്രദേശം, ജാതി, ബന്ധുത്വം, വ്യക്തിബന്ധങ്ങള്‍, പ്രാദേശിക വൈരുദ്ധ്യങ്ങള്‍ എന്നിവയൊക്കെ വലിയ തോതില്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച ഘടകങ്ങളാണ്.
ഹിമാചല്‍ പ്രദേശില്‍ പഞ്ചായത്തീരാജ് സമ്പ്രദായം വികസന പ്രവര്‍ത്തനങ്ങളില്‍ വിശേഷിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ദാന പദ്ധതിയുടെ നടത്തിപ്പില്‍ ആഴത്തിലുള്ള അഴിമതി ബാധിച്ച മേഖലയാണ്. സിപിഐ എം നേതാക്കളുടെ മെച്ചപ്പെട്ട പ്രതിഛായ പാര്‍ടി പിന്തുണയോടെ മല്‍സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് ഏറെ സഹായകമായി; അഴിമതിവിരുദ്ധ വികസനം സാധ്യമാക്കാന്‍ പാര്‍ടി പിന്തുണ നല്‍കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കു സാധിക്കും എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ജനങ്ങളുടെ വിവിധ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി സിപിഐ എം നേതാക്കള്‍ സമരങ്ങള്‍ സംഘടിപ്പിച്ചു പ്രശ്നപരിഹാരം കണ്ടെത്തുമെന്ന് ജനങ്ങള്‍ കരുതുന്നു. പാര്‍ടിയിലുള്ള വിശ്വാസമാണ് സിപിഐ എം പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്.
പാര്‍ടിയും ബഹുജനസംഘടനകളും കെട്ടിപ്പടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കുള്ളത്. ചിട്ടയായ വികസന പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സുകളില്‍, അനുകൂലമായ ചലനമുണ്ടാക്കാന്‍ പറ്റിയ നല്ല സാധ്യതയാണ് ജനപ്രതിനിധികള്‍ക്കു ലഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നല്ല നിലയില്‍ നിര്‍വഹിക്കുന്നതിലൂടെ ജനവിശ്വാസം നല്ല നിലയില്‍ നേടിയെടുക്കാന്‍ അവര്‍ക്കു സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. •