അമേരിക്കയില്‍ ബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍

ജി വിജയകുമാര്‍

ടുവില്‍ ഗത്യന്തരമില്ലാതെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങി. അധികാരമൊഴിയാതിരിക്കാനുള്ള സര്‍വ അടവും പയറ്റിയിട്ടാണ് പാതി മനസ്സോടെ ട്രംപ് പുറത്തുപോയത്. 7.4 കോടി വോട്ടര്‍മാരുടെ പിന്തുണയെന്ന തുറപ്പുചീട്ടാണ് ട്രംപിന് കരുത്തേകിയത്. അമേരിക്കന്‍ പാര്‍ലമെന്‍റിന്‍റെ ആസ്ഥാനമായ കാപ്പിറ്റോളില്‍ ജനുവരി 6ന് അതിക്രമിച്ചുകടന്ന് അഴിഞ്ഞാടിയ ട്രംപനുകൂല അക്രമിക്കൂട്ടങ്ങള്‍ മാത്രമല്ല ട്രംപിന് വോട്ടുചെയ്ത ഈ 7.4 കോടി ആളുകളും അമേരിക്കയ്ക്കെന്നല്ല, ലോകത്തിനുതന്നെ വലിയൊരു വെല്ലുവിളിയായി നില്‍ക്കുന്നുവെന്നതാണ് വസ്തുത. ട്രംപ് അധികാരമൊഴിഞ്ഞതോടെ ട്രംപിസത്തിന്‍റെ ഭീഷണിയില്‍ നിന്നും ലോകം മുക്തമാകില്ലെന്നര്‍ഥം.
ആ ഭീഷണിയുടെ കരിനിഴലില്‍തന്നെ ആയിരുന്നു അമേരിക്കയുടെ 46-ാമത് പ്രസിഡന്‍റായി ജോസഫ് ആര്‍ ബൈഡനും പ്രഥമവനിതാ വൈസ്പ്രസിഡന്‍റായി കമല ഹാരിസും അധികാരമേറ്റത്. 200 വര്‍ഷത്തിലേറെക്കാലമായി അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ അധികാരാരോഹണത്തെ വര്‍ണാഭമാക്കിയിരുന്ന ചടങ്ങുകളെല്ലാം ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. നാഷണല്‍ ഗാര്‍ഡിലെ 25,000 സൈനികര്‍ കാവല്‍ നില്‍ക്കുമ്പോഴും പതിവിനു വിപരീതമായി പൊതുജനത്തെ അകറ്റിനിര്‍ത്തിയായിരുന്നു ജോ ബൈഡനും കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
അമേരിക്കയുടെ 16-ാമത് പ്രസിഡന്‍റായി എബ്രഹാം ലിങ്കണ്‍ 1861ലും 1865ലും അധികാരമേറ്റത് തെക്കും വടക്കും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്നപ്പോഴാണ്. ആദ്യ തവണ അധികാരമേറ്റെടുക്കാന്‍ തന്‍റെ പ്രവര്‍ത്തനമണ്ഡലമായിരുന്ന ഇല്ലിനോയി സ്റ്റേറ്റിലെ സ്പ്രിങ് ഫീല്‍ഡില്‍ നിന്ന് വാഷിങ്ടണിലേക്ക് വന്നതുതന്നെ കൊലയാളി സംഘങ്ങളുടെ കണ്ണുവെട്ടിച്ചായിരുന്നു. എന്നിട്ടും രണ്ടു തവണയും വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു, സമാധാനത്തോടെയും അച്ചടക്കത്തോടെയും തടിച്ചുകൂടിയിരുന്ന ജനാവലിയെ അഭിസംബോധന ചെയ്ത ശേഷമായിരുന്നു ലിങ്കണ്‍ അധികാരമേറ്റത്. ആ ആഭ്യന്തരയുദ്ധകാലത്തെക്കാള്‍ ഗുരുതരമായ അവസ്ഥയിലാണ്, അന്നത്തേതിനെക്കാള്‍ രൂക്ഷമായ ചേരിതിരിവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജോ ബൈഡന്‍ അധികാരമേറ്റത്.
ട്രംപിന്‍റെ അധികാരാരോഹണത്തോടെ സൃഷ്ടിക്കപ്പെട്ട ഒരു സ്ഥിതിവിശേഷമല്ല, അമേരിക്കന്‍ സമൂഹത്തിലെ ഈ ധ്രുവീകരണം. ട്രംപിന് അധികാരത്തിലേറാന്‍ കഴിഞ്ഞതുതന്നെ വംശീയ ധ്രുവീകരണത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ്. ഒബാമ പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് അക്രമാസക്തമായി അഴിഞ്ഞാടിയ ടീ പാര്‍ടി പ്രസ്ഥാനക്കാരാണ് പിന്നീട് ട്രംപനുകൂലികളായ കാളികൂളി സംഘങ്ങളായി ഉയര്‍ന്നുവന്നത്. ട്രംപിന്‍റെ ഭരണകാലത്തും തിരഞ്ഞെടുപ്പ് പ്രചരണകാലത്തും ഉടനീളം ഈ അക്രമിസംഘങ്ങളാണ് അരങ്ങുനിറഞ്ഞുനിന്നത്. അവരെ ഉശിരുപിടിപ്പിക്കാനാണ് ട്രംപ് വംശീയ വിദ്വേഷം മുറ്റിയ വാചകങ്ങള്‍ നിരന്തരം പ്രയോഗിച്ചുകൊണ്ടിരുന്നത്.
അമേരിക്കന്‍ രാഷ്ട്രീയ സംവിധാനത്തില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്ന ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഭീകരമായ മുഖമാണ് ട്രംപിലൂടെ, പ്രത്യേകിച്ചും ഈ തിരഞ്ഞെടുപ്പ് വേളയില്‍ പുറത്തുവന്നത്. കൂ ക്ലക്സ് ക്ലാനും 1920കളിലും 1930കളിലും ഉയര്‍ന്നുനിന്ന റെഡ്സ്ക്കാര്‍ പ്രസ്ഥാനങ്ങളും 1950കളിലെ മക്കാര്‍ത്തിയിസവും ജോണ്‍ ബിര്‍ച്ച് സൊസൈറ്റിയുമെല്ലാം അമേരിക്കന്‍ ഭരണവര്‍ഗത്തിന്‍റെയും അവയുടെ മാധ്യമങ്ങളുടെയും പിന്തുണയാര്‍ജിച്ച് നിറഞ്ഞുനിന്ന തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളാണ്. വംശീയ വിദ്വേഷവും കമ്യൂണിസ്റ്റു വിരോധവും സോവിയറ്റ് വിരുദ്ധതയും തൊഴിലാളിസംഘടനാ വിരോധവുമെല്ലാം ഈ കാംപെയ്നുകളുടെയെല്ലാം മുഖമുദ്രയായിരുന്നു. അമേരിക്കന്‍ ജീവിതരീതി (അാലൃശരമി ണമ്യ ീള ഘശളല) എന്ന സവിശേഷ തീവ്രദേശീയ വികാരം വെള്ളക്കാരായ സാധാരണക്കാരുടെ മനസ്സുകളില്‍ ഇളക്കി വിട്ടായിരുന്നു വിദ്വേഷത്തിന്‍റേതായ ഈ തീവ്രവലതുപക്ഷ രാഷ്ട്രീയം അമേരിക്കന്‍ സമൂഹത്തില്‍ നിലനിന്നത്. അതിന്‍റെ ഒരു വഷളന്‍ രൂപമായിരുന്നു ട്രംപിന്‍റെ അധികാരാരോഹണത്തിലൂടെ പുറത്തുവന്നത്. 2007-08 കാലത്തെ ആഗോളധനപ്രതിസന്ധിയെയും സാമ്പത്തികമാന്ദ്യത്തെയും തുടര്‍ന്ന് ലോകത്താകെ ആധിപത്യം സ്ഥാപിക്കാനും ഈ തീവ്രവലതുപക്ഷ  രാഷ്ട്രീയത്തിനു കഴിഞ്ഞു. ഇന്ത്യയിലെ മോഡിയും ബ്രസീലിലെ ബൊള്‍സനാരൊയും തുര്‍ക്കിയിലെ യെര്‍ദൊഗാനും ഫിലിപ്പൈന്‍സിലെ റോഡ്രിഗൊ ദുത്താര്‍ത്തെയും ഇസ്രായേലിലെ ബെഞ്ചമിന്‍ നെതന്യാഹുവും ബ്രിട്ടനിലെ ബോറിസ് ജോണ്‍സണും ഹങ്കറിയിലെ വിക്ടര്‍ ഓര്‍ബാനുമെല്ലാം ഈ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്‍റെ വിവിധ മുഖങ്ങളാണ്.
അമേരിക്കയെ സംബന്ധിച്ചിടത്തോളം "ശാസ്ത്രവും സത്യവും നയിക്കു"മെന്ന് ജോ ബൈഡന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രസ്താവിച്ചെങ്കിലും അതെല്ലാം കേവലം ഭംഗിവാക്കായി മാറുമെന്നാണ് ചരിത്രം ഓര്‍മ്മിപ്പിക്കുന്നത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ശക്തമായി ഉയര്‍ന്നുവന്ന സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് ആശയങ്ങളെയും തൊഴിലാളിപ്രസ്ഥാനങ്ങളെയും ദുര്‍ബലമാക്കാന്‍ അമേരിക്കന്‍ ഭരണവര്‍ഗം ശാസ്ത്രത്തെയും സത്യത്തെയുമല്ല കൂട്ടുപിടിച്ചത്, മറിച്ച് അശാസ്ത്രീയതയെയും അസത്യത്തെയുമാണ്. അതിന്‍റെ ഭാഗമായി തന്നെ തീവ്ര വംശീയതയും തീവ്രദേശീയതയും ആഴത്തില്‍ വേരുറപ്പിക്കപ്പെട്ടിരുന്നുവെന്നതും അതിന്‍റെയെല്ലാം ഇളകിയാട്ടമാണ് ട്രംപിലൂടെ പുറത്തുവന്നത് എന്നതുമാണ് യാഥാര്‍ഥ്യം. വ്യക്തികളായ പ്രസിഡന്‍റുമാര്‍ക്കപ്പുറം അമേരിക്കന്‍ രാഷ്ട്രീയ-ഭരണസംവിധാനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് മിലിറ്ററി-ഇന്‍ഡസ്ട്രിയല്‍ കോംപ്ലെക്സാണെന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ചൂണ്ടിയത് അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ഐസനോവര്‍ (1953-61) തന്നെയാണ്. മാറ്റത്തിന്‍റെ ആള്‍രൂപമായി അധികാരത്തില്‍ വന്ന ഒബാമ പോലും ആ സംവിധാനത്തിന്‍റെ തടവറയ്ക്കുള്ളില്‍ തന്നെയായിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്.
ജനാധിപത്യവിരുദ്ധത അമേരിക്കന്‍ ഭരണഘടനയിലും ഭരണസംവിധാനത്തിലാകെയും ഉള്‍ച്ചേര്‍ക്കപ്പെട്ടതാണെന്നും 2020ലെ അമേരിക്കന്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ആവര്‍ത്തിച്ചു പുറത്തുകൊണ്ടുവന്ന, ചര്‍ച്ച ചെയ്യപ്പെട്ട വസ്തുതകളാണ്. തിരഞ്ഞെടുപ്പുകള്‍ ജനഹിതത്തിന്‍റെ യഥാര്‍ഥപ്രതിഫലനമാകാതെ നിയന്ത്രിക്കപ്പെടുന്നതിനുള്ള മുന്നുപാധിയാണ് ഇലക്ടറല്‍ കോളേജ് സംവിധാനമെന്നതും ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ട്രംപ് അധികാരത്തിലെത്തിയതുതന്നെ അങ്ങനെ ആയിരുന്നല്ലോ. അമേരിക്കന്‍ സെനറ്റിന്‍റെ ഘടനപോലും ജനാധിപത്യവിരുദ്ധമായ നിലയിലാണ്.
2000ത്തിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ അന്തിമവിധി തീര്‍പ്പുണ്ടായത് അമേരിക്കന്‍ സുപ്രീംകോടതിയില്‍നിന്നാണ്. നാലിനെതിരെ അഞ്ച് സുപ്രീംകോടതി ജഡ്ജിമാരുടെ വിധി തീര്‍പ്പായിരുന്നു തര്‍ക്കവിഷയമായ ഫ്ളോറിഡയിലെ ജനവിധി ബാലറ്റുകള്‍ എണ്ണിത്തിട്ടപ്പെടുത്തി നിര്‍ണയിക്കേണ്ടതില്ലെന്നത്. റിപ്പബ്ലിക്കന്മാര്‍ ഫ്ളോറിഡയിലെ ഗവര്‍ണര്‍ ജെഫ് ബുഷിന്‍റെ (പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോര്‍ജ് ബുഷിന്‍റെ സഹോദരന്‍) നേതൃത്വത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറിക്ക് അമേരിക്കന്‍ സുപ്രീംകോടതി നിയമസാധുതയും നീതികരണവും നല്‍കുകയാണുണ്ടായത്. അങ്ങനെയാണ് ജോര്‍ജ് ബുഷ് 2000ത്തില്‍ അധികാരത്തില്‍ വന്നത്. അത് ഭരണവര്‍ഗത്തിന്‍റെ ഹിതമായിരുന്നു, ആവശ്യമായിരുന്നു. ജോര്‍ജ് ബുഷും അല്‍ഗോറും (ഡെമോക്രാറ്റ്) തമ്മിലുള്ള തിരഞ്ഞെടുപ്പ് കേസില്‍ ഭൂരിപക്ഷ വിധിയുടെ നായകനായിരുന്ന ജസ്റ്റിസ് ആന്‍റണിന്‍ സ്ക്കാലിയ വ്യക്തമാക്കിയത് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാന്‍ അമേരിക്കന്‍ ഭരണഘടന ജനങ്ങള്‍ക്ക് അവകാശം നല്‍കുന്നില്ലയെന്നാണ്. അത് മനസ്സില്‍ പേറിയാണ് ഇപ്പോള്‍ ട്രംപും പയറ്റിയത്.
ട്രംപിസത്തിന്‍റെ വിപത്ത് അമേരിക്കന്‍ രാഷ്ട്രീയാന്തരീക്ഷത്തില്‍ നിന്നും ഒഴിഞ്ഞുപോകുമോയെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ട്രംപല്ല, 7.4 കോടി ജനങ്ങളാണ് പ്രത്യക്ഷത്തില്‍ ട്രംപിസത്തിനനുകൂലമായിനിന്നത് എന്ന യാഥാര്‍ഥ്യമാണ് ഇവിടെ വെല്ലുവിളി ഉയര്‍ത്തുന്നത്. ട്രംപിസം എന്ന സ്വേച്ഛാധിപത്യത്തിന്‍റെയും വംശീയതയുടെയും തീവ്രദേശീയതയുടെയും രാഷ്ട്രീയം, തീവ്രവലതുപക്ഷ രാഷ്ട്രീയം ഒരു ട്രംപില്‍ നിന്നോ റിപ്പബ്ലിക്കന്‍ പാര്‍ടിയില്‍ നിന്നോ മാത്രം ഉയര്‍ന്നുവന്നതോ വരുന്നതോ അല്ല. അത് മൂലധനാധിപത്യത്തിന്‍റെ സ്വാഭാവികമായ അനന്തരഫലം മാത്രമാണ്. മൂലധനത്തിന് ലാഭം പെരുപ്പിക്കാന്‍ അതിനെതിരായി ഉയര്‍ന്നുവരുന്ന ശക്തികളെ ശിഥിലീകരിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യേണ്ടത് എക്കാലത്തും അനിവാര്യമാണ്. അതാണ് ഇത്തരം ശക്തികളും ചിന്താഗതികളും സജീവമായിരിക്കുന്നത്. അവിടെ ഒരു ട്രംപ് പോയാല്‍ മറ്റൊരു ട്രംപ്, റിപ്പബ്ലിക്കന്‍ പാര്‍ടി മാറിയാല്‍ ഡെമോക്രാറ്റുകളില്‍നിന്ന് ഈ വിപത്ത് ഉയര്‍ന്നുവരിക തന്നെ ചെയ്യും. 1860കളിലെ അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്ത് അടിമക്കച്ചവടത്തിന്‍റെ വക്താക്കളായ കോണ്‍ഫെഡറേറ്റുകളുടെ പാര്‍ടി ഡെമോക്രാറ്റുകളായിരുന്നു. എബ്രഹാം ലിങ്കണ്‍ റിപ്പബ്ലിക്കനുമായിരുന്നുവെന്നും ഓര്‍ക്കണം.
അപ്പോള്‍ ട്രംപ് അധികാരമൊഴിഞ്ഞതും ബൈഡന്‍-കമല ടീം അധികാരത്തില്‍ വന്നതും ഒരു മാറ്റവും ഉണ്ടാക്കുന്നില്ല എന്നാണോ എന്ന ചോദ്യം ഉയര്‍ന്നുവരും. അങ്ങനെയല്ല പ്രശ്നത്തെ കാണേണ്ടത്. ട്രംപ് ഭരണമെന്ന അശ്ലീലക്കാഴ്ച ലോകമുതലാളിത്തത്തിന്‍റെ തലതൊട്ടപ്പനായി അമേരിക്കന്‍ ഭരണത്തിന്‍റെ തലപ്പത്ത് കഴിയുന്നത് മഹാവിപത്തു തന്നെയാണ്. അതുകൊണ്ടാണ് അമേരിക്കകത്തും പുറത്തുമുള്ള പുരോഗമനശക്തികള്‍ ട്രംപിനെതിരായ നിലപാടെടുത്തത്. അമേരിക്കന്‍ കമ്യൂണിസ്റ്റു പാര്‍ടിയും അമേരിക്കയിലെ പുരോഗമന സോഷ്യലിസ്റ്റ് വിഭാഗങ്ങളുമാകെ ജോ ബൈഡന് പിന്തുണ നല്‍കിയതും അതുകൊണ്ടുതന്നെയാണ്.
അമേരിക്കന്‍ ചരിത്രത്തില്‍ രണ്ടു തവണ ഇംപീച്ച്മെന്‍റിനു വിധേയനായ പ്രസിഡന്‍റ് എന്ന സ്ഥാനം ട്രംപിനാണ്. അധികാരമൊഴിഞ്ഞ ശേഷവും സെനറ്റിനുമുന്‍പില്‍ വിചാരണയ്ക്ക് വിധേയനാകുകയാണ് ഇപ്പോള്‍ ട്രംപ്. അധികാരമൊഴിഞ്ഞ ശേഷം ഇംപീച്ച്മെന്‍റിനു വിധേയനാകുന്ന ആദ്യ മുന്‍ പ്രസിഡന്‍റുമാണ് ട്രംപ്. ആദ്യ ഇംപീച്ച്മെന്‍റില്‍ ഒരാള്‍ പോലും വേറിട്ടുമാറാതെ റിപ്പബ്ലിക്കന്‍ പ്രതിനിധി സഭാംഗങ്ങളും സെനറ്റര്‍മാരും ഒറ്റക്കെട്ടായി നില്‍ക്കുകയാണുണ്ടായത്. മാത്രമല്ല, ട്രംപിനുവേണ്ട എല്ലാ നിയമനിര്‍മാണങ്ങള്‍ക്കും ബജറ്റുകള്‍ക്കും സര്‍വാത്മനാ പിന്തുണ നല്‍കിയിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ടി ഒന്നടങ്കം. എന്നാല്‍ ഇപ്രാവശ്യം പ്രതിനിധി സഭയില്‍ ഇംപീച്ച്മെന്‍റ് പ്രമേയത്തിനനുകൂലമായി 12 റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ വോട്ടുചെയ്തു. എന്നാല്‍ ഫെബ്രുവരി 8ന് സെനറ്റില്‍ ആരംഭിക്കുന്ന കുറ്റവിചാരണയില്‍ ട്രംപ് ഇംപീച്ച് ചെയ്യപ്പെടും എന്നു കരുതാനാവില്ല. കാരണം സെനറ്റില്‍ റിപ്പബ്ലിക്കന്മാര്‍ക്കും ഡെമോക്രാറ്റുകള്‍ക്കും 50 പേര്‍ വീതമാണ് ഇപ്പോഴുള്ളത്. സെനറ്റിന്‍റെ അധ്യക്ഷയെന്നനിലയില്‍ വൈസ്പ്രസിഡന്‍റ് കമല ഹാരിസ് കൂടി വോട്ടുചെയ്താലും 51 പേരേ ഡെമോക്രാറ്റു പക്ഷത്തിനു സെനറ്റിലുള്ളൂ. ഇംപീച്ച്മെന്‍റ് പ്രമേയം സെനറ്റില്‍ പാസ്സാവാന്‍ കേവല ഭൂരിപക്ഷം പോരാ- 67 പേരുടെ പിന്തുണ വേണം. 17 പേര്‍ റിപ്പബ്ലിക്കന്‍ പക്ഷത്തുനിന്ന് മാറി വോട്ടുചെയ്താലേ പ്രമേയം പാസ്സാകൂ. അതിനുള്ള സാധ്യത തീരെ കുറവാണ്. ടെക്സാസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം ജോണ്‍ കോര്‍നൈന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്, മുന്‍ പ്രസിഡന്‍റുമാരെ ഇംപീച്ച് ചെയ്യുന്നത്, തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നാണ്. ഇതനുവദിച്ചാല്‍ തങ്ങള്‍ക്ക് മുന്‍ പ്രസിഡന്‍റ് ഒബാമയെയും ഇംപീച്ച് ചെയ്യാനാകുമെന്ന പ്രതിരോധമാണ് ട്രംപനുകൂലിയായ സെനറ്റര്‍ കോര്‍നൈന്‍ ഉയര്‍ത്തുന്നത്.
ബൈഡന്‍ അധികാരമേറ്റതിനെക്കുറിച്ച് ജനുവരി 13ന് ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ ബോര്‍ഡംഗം ജെസ്സി വെഗ്മാന്‍ "ട്രംപുണ്ടാക്കിയ മുറിവുണക്കാന്‍ ബൈഡനു കഴിയും" എന്ന ശീര്‍ഷകത്തില്‍ ആ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നതിങ്ങനെ: "അമേരിക്കയെ ഇപ്പോള്‍ നയിക്കുന്നത് മാന്യനായ, അനുഭവ സമ്പന്നനായ ഒരു പൊതുജനസേവകനാണ്; അദ്ദേഹം തന്‍റെ ജനങ്ങളുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തുന്ന കാര്യത്തില്‍ ശ്രദ്ധചെലുത്തും." എന്നാല്‍ ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇക്കാര്യത്തില്‍ നടത്തിയത് ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ പ്രൈമറികളില്‍ ബൈഡനെതിരെ മത്സരിച്ച സെനറ്റര്‍ ബേണി സാന്‍ഡേഴ്സ് ആണ്. ഗാര്‍ഡിയന്‍ പത്രത്തില്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍, "കാര്യങ്ങള്‍ പതിവ് ചട്ടപ്പടിയാകുന്നത് അവസാനിപ്പിക്കണം" എന്നാണ് ബൈഡനോടും ഡെമോക്രാറ്റിക് പാര്‍ടിയോടും ആവശ്യപ്പെടുന്നത്. ബേണി സാന്‍ഡേഴ്സ് ഉയര്‍ത്തിക്കൊണ്ടുവന്ന ജനപക്ഷ നയങ്ങള്‍ക്ക് അമേരിക്കന്‍ ജനങ്ങളില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു. ട്രംപിസത്തെ ചെറുക്കണമെങ്കില്‍ ബൈഡന്‍ ഭരണം ബേണി സാന്‍ഡേഴ്സ് ഉയര്‍ത്തിക്കൊണ്ടുവന്ന ബദല്‍ നയങ്ങള്‍ ആഭ്യന്തരരംഗത്തും വിദേശനയത്തിലും നടപ്പാക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ കഴിയൂ. എന്നാല്‍ അതിനുള്ള യാതൊരു നീക്കവും, ബൈഡന്‍റെ ഭാഗത്തുനിന്ന് കാണുന്നില്ല. മന്ത്രിസഭയില്‍ സാന്‍ഡേഴ്സിന്‍റെ പുരോഗമന നിലപാടുള്ള ഒരാളെയും ഉള്‍പ്പെടുത്താന്‍ ബൈഡന്‍ തയ്യാറായില്ല. ഡെമോക്രാറ്റിക് വോട്ടര്‍മാരില്‍ ഗണ്യമായ ഭാഗത്തിന്‍റെ പിന്തുണ സാന്‍ഡേഴ്സിനുണ്ടായിരിക്കെയാണ് മൂലധനശക്തികളുടെ ഇഷ്ടതാരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ബൈഡന്‍ കാബിനറ്റ് രൂപീകരിച്ചത്.
ബൈഡന്‍ അധികാരമേറ്റ് ആദ്യ ദിനം പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ ട്രംപ് കാലത്തെ തെറ്റുകളില്‍ ചിലത് തിരുത്തുന്നതാണെങ്കിലും കാര്യമായ മാറ്റമൊന്നും പ്രതിഫലിപ്പിക്കുന്നില്ല. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നത് നിര്‍ത്തിവയ്ക്കാനും ട്രംപ് ഏര്‍പ്പെടുത്തിയ മുസ്ലിങ്ങള്‍ക്കെതിരായ യാത്രാനിരോധനം റദ്ദുചെയ്യാനും പാരീസ് കാലാവസ്ഥാ ഉച്ചകോടി കരാറില്‍ വീണ്ടും ചേരാനും ലോകാരോഗ്യ സംഘടനയിലേക്കു തിരിച്ചുവരാനുമുള്ള ഉത്തരവുകളാണ് ബൈഡന്‍ പുറപ്പെടുവിച്ചത്. എന്നാല്‍ ഇറാനുമായുള്ള കരാര്‍ ട്രംപ് റദ്ദുചെയ്തത് പുനഃസ്ഥാപിക്കാനോ ക്യൂബയുമായി ഒബാമ തുടങ്ങിവച്ച ബന്ധം മെച്ചപ്പെടുത്തല്‍ തുടരാനോ ചൈനയുമായും റഷ്യയുമായുമുള്ള ട്രംപിന്‍റെ കാലത്തെ ശത്രുതാപരമായ നിലപാട് തിരുത്താനോ ബൈഡന്‍ തയ്യാറായിട്ടില്ല. ബൈഡന്‍കാബിനറ്റിലെ വിദേശകാര്യ സെക്രട്ടറി അന്തോണി ബ്ലിങ്കന്‍ പ്രസ്താവിക്കുന്നത് ചൈനയുടെ കാര്യത്തില്‍ ട്രംപിന്‍റെ നിലപാട് പൂര്‍ണമായും ശരിതന്നെയെന്നാണ്. പുതിയ ഡിഫെന്‍സ് സെക്രട്ടറി റിട്ടയേര്‍ഡ് ജനറല്‍ ലോയിഡ് ആസ്റ്റിന്‍ പറയുന്നത് ചൈനയ്ക്കെതിരായ നടപടികളില്‍നിന്ന് പിന്നോട്ടുപോകില്ലെന്നാണ്.
ആഭ്യന്തര രംഗത്ത് അടിയന്തര ഇടപെടല്‍ വേണ്ടത്, കുതിച്ചുയരുന്ന സാമ്പത്തിക അന്തരം കുറച്ചുകൊണ്ടുവരാനും അനിയന്ത്രിതമായി തുടരുന്ന കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കാനും വേണ്ട നടപടികളാണ്. 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്ത് അമേരിക്കയിലെ 651 ശതകോടീശ്വരന്മാരുടെ കൂട്ടായ സ്വത്ത് ഒരു ലക്ഷം കോടി ഡോളറിലധികമാണ് വര്‍ധിച്ചത്. ഇതേ കാലത്തേക്ക് 15.9 കോടി അമേരിക്കക്കാരുടെ കോവിഡ് സമാശ്വാസത്തിനായി 26700 കോടി ഡോളര്‍ മാത്രമാണ് ട്രംപ് ഗവണ്‍മെന്‍റ് നീക്കിവച്ചത്. ഇതുപ്രകാരം 1200 ഡോളറിന്‍റെ സഹായമാണ് ഓരോ അമേരിക്കക്കാരനും ലഭിച്ചത്. വര്‍ഷാവസാനത്തോടെ 600 ഡോളര്‍ കൂടി നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ 1400 ഡോളറിന്‍റെ വര്‍ധനവിനുള്ള പുതിയ പാക്കേജ് അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ പരിഗണനയിലുള്ളത് ഡെമോക്രാറ്റുകള്‍ക്കുള്ള ഭൂരിപക്ഷം ഉപയോഗിച്ച് പാസ്സാക്കാനല്ല റിപ്പബ്ലിക്കന്മാരുമായി സമവായമുണ്ടാക്കാനാണ് ബൈഡന്‍ ശ്രമിക്കുന്നത്. അതിനര്‍ഥം ധനമൂലധന ശക്തികളുടെ ഇംഗിതത്തിനനുസരിച്ച് പരിമിതപ്പെടുത്തപ്പെടും എന്നാണ്. മാസ്ക് ധരിക്കല്‍ നിര്‍ബന്ധിതമാണെന്ന ഉത്തരവിറക്കിയതുമാത്രമാണ് ബൈഡനില്‍ നിന്നുണ്ടായ ഏകതീരുമാനം. പ്രതിദിനം മൂവായിരത്തിലധികം അമേരിക്കക്കാര്‍ മരിച്ചുകൊണ്ടിരിക്കുകയും ആശുപത്രികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞുകവിയുകയും ചെയ്യുമ്പോഴാണ് ചടുലമായ തീരുമാനങ്ങളെടുക്കുന്നതിലെ ഈ മെല്ലെപ്പോക്ക്. മാത്രമല്ല, ട്രംപിന്‍റെ കാലത്ത് തുടങ്ങിയ നഴ്സുമാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും പിരിച്ചുവിടലും നിര്‍ബാധം തുടരുക തന്നെയാണ്.
അമേരിക്കയില്‍ 1993ല്‍ ബില്‍ ക്ലിന്‍റണ്‍ അധികാരത്തിലെത്തിയത് "പ്രതീക്ഷ"യെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നെങ്കിലും റീഗന്‍റെയും ബുഷിന്‍റെയും നയങ്ങളുടെ തുടര്‍ച്ചയാണ് ഉണ്ടായത്. ഒബാമയാകട്ടെ "പ്രതീക്ഷയും മാറ്റവും" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അധികാരത്തില്‍ വന്നതെങ്കിലും കാര്യമായ മാറ്റത്തിനൊന്നും തയ്യാറാകാത്തതാണ് ടീ പാര്‍ടി പ്രസ്ഥാനത്തിന്‍റെയും ട്രംപിസത്തിന്‍റെയും വളര്‍ച്ചയ്ക്ക് വഴിവച്ചത്. ബൈഡനും ആ നില തുടരുകയാണെങ്കില്‍ ട്രംപിസത്തിന്‍റെ ശക്തമായ തിരിച്ചു വരവിന് വഴിയൊരുക്കലാകും അത്. അല്ലെങ്കില്‍ തൊഴിലാളിവര്‍ഗം ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവരണം. •