ജര്‍മനിയിലെ കര്‍ഷക യുദ്ധം സംബന്ധിച്ച് എംഗത്സ്

പ്രഭാത് പട്നായക്

കേന്ദ്ര സര്‍ക്കാരിന്‍റെ മൂന്ന് കുപ്രസിദ്ധ നിയമങ്ങള്‍ റദ്ദുചെയ്യുന്നതിനുവേണ്ടി രാജ്യത്തെ കര്‍ഷക ജനത ധീരോദാത്തമായ ഒരു പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയും അതി രൂക്ഷമായ ശൈത്യവും മഴയും നേരിട്ടുകൊണ്ട് ഡല്‍ഹിയില്‍ സമാധാനപരമായ ഉപരോധം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലത്ത് 1525ല്‍ ജര്‍മനിയില്‍ നടന്ന കര്‍ഷക യുദ്ധത്തെ സംബന്ധിച്ച് ഫ്രഡറിക് എംഗത്സ് നടത്തിയ പഠനത്തെ അനുസ്മരിക്കുന്നത് പ്രാധാന്യമര്‍ഹിക്കുന്നതാണ്; ആ പഠനമാകട്ടെ ആ കര്‍ഷക പോരാട്ടത്തിന്‍റെ നായകന്‍ തോമസ് മ്യൂന്‍സറിനെ അനുസ്മരിക്കുന്നതുകൂടിയാണ്. മറ്റൊരു കാരണംകൊണ്ടും ഇത്തരമൊരു അനുസ്മരണം ഇപ്പോള്‍ ആവശ്യമായിരിക്കുന്നു. 
തൊഴിലാളി-കര്‍ഷക സഖ്യം എന്ന ആശയം ലെനിന്‍ മുന്നോട്ടുവയ്ക്കുകയും തുടര്‍ന്ന് മാവോ അതേറ്റെടുക്കുകയും മറ്റു മൂന്നാം ലോക കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ പിന്തുടരുകയും ചെയ്തെങ്കിലും സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ തൊഴിലാളിവര്‍ഗത്തിന്‍റെ സഖ്യശക്തിയെന്നനിലയില്‍ കര്‍ഷകരുടെ പങ്കിന്‍റെ സാധ്യതയെക്കുറിച്ച് മാര്‍ക്സും എംഗത്സും ഒരേപോലെ സംശയാലുക്കളായിരുന്നുവെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. മാര്‍ക്സിന്‍റെ ഒറ്റപ്പെട്ട ചില പരാമര്‍ശങ്ങള്‍, സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ഉദ്ധരിക്കുന്നത് ഈ ധാരണ ബലപ്പെടുന്നതിനിടയാക്കിയിട്ടുണ്ട്. 
മാര്‍ക്സിസത്തെ സംബന്ധിച്ച് ഈ ധാരണ പരത്തുന്നതില്‍ അരാജകവാദികള്‍ക്ക് പ്രത്യേകിച്ച് പങ്കുണ്ട്; കര്‍ഷകരെയാകെ പിന്തിരിപ്പന്‍ വിഭാഗമായി ജര്‍മന്‍ കമ്യൂണിസ്റ്റുകാര്‍ മുദ്രകുത്തുകയാണെന്ന് ആരോപിച്ച ബക്കുനിന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: "മറ്റൊരുവിധത്തില്‍ ചിന്തിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് കഴിയില്ല എന്നതാണ് വസ്തുത; ഭരണകൂടാധികാരത്തിന്‍റെ ഉപാസകര്‍ക്ക് എന്തുവിലകൊടുത്തും ജനകീയ വിപ്ലവങ്ങളെയാകെ എതിര്‍ക്കാതിരിക്കാനാവില്ല; പ്രത്യേകിച്ചും സ്വതവേതന്നെ അരാജക സ്വഭാവമുള്ളതും ഭരണകൂടത്തെ നിര്‍മാര്‍ജനംചെയ്യാന്‍ നേരിട്ട് നീങ്ങുന്നതുമായ കര്‍ഷക വിപ്ലവത്തിന്‍റെ കാര്യത്തില്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് മറിച്ച് ചിന്തിക്കാനാവില്ല."
എന്നാല്‍, മാര്‍ക്സിനെയും എംഗത്സിനെയും സംബന്ധിച്ച ഈ ധാരണ പൂര്‍ണമായും തെറ്റാണ്. ജര്‍മന്‍ തൊഴിലാളിവര്‍ഗ നേതാവ് ഫെര്‍ഡിനാന്‍ഡ് ലസ്സാല്‍ ആയിരുന്നു 16-ാം നൂറ്റാണ്ടില്‍ ജര്‍മനിയില്‍ നടന്ന കര്‍ഷക കലാപങ്ങളെ "പ്രത്യക്ഷത്തില്‍ അവ വിപ്ലവപരമെ"ന്ന് തോന്നാമെങ്കിലും  സത്തയിലും തത്ത്വത്തിലും 'പിന്തിരിപ്പന്‍' സ്വഭാവത്തിലുള്ളതാണെന്നു പറഞ്ഞത്. "ലസ്സാല്‍ മുന്നോട്ടുവച്ച" കൂലിയെക്കുറിച്ചുള്ള കര്‍ക്കശമായ നിയമം (Iron Law of Wages - മുതലാളിത്തത്തിന്‍ കീഴില്‍ കൂലി, നിലനില്‍പ്പിന് കഷ്ടിച്ച് ആവശ്യമുള്ളതിനപ്പുറം ഒരിക്കലും ഉയര്‍ത്താനാവില്ല) എന്ന് വിളിക്കപ്പെടുന്നതുപോലെയുള്ള ലസ്സാലിന്‍റെ കാഴ്ചപ്പാടുകളെ, മറ്റെല്ലാ മണ്ഡലങ്ങളിലുമെന്നപോലെതന്നെ, മാര്‍ക്സിന്‍റെയും എംഗത്സിന്‍റെയും ആശയങ്ങളായി തെറ്റായി അടയാളപ്പെടുത്തുകയാണുണ്ടായത്. വാസ്തവത്തില്‍, ജര്‍മനിയില്‍ 16-ാം നൂറ്റാണ്ടില്‍ നടന്ന കര്‍ഷക കലാപത്തെ സംബന്ധിച്ച എംഗത്സിന്‍റെ പഠനം ഇടതുപക്ഷത്തിനുള്ളില്‍ നിലനിന്നിരുന്ന ഈ പ്രവണതയെ എതിര്‍ക്കുകയെന്ന കൃത്യമായ ലക്ഷ്യത്തോടെയുള്ളതായിരുന്നു-വില്‍ഹെം ലീബ്നെക്ടിനെപ്പോലെയുള്ള നേതാക്കള്‍പോലും പങ്കുവച്ചിരുന്ന തൊഴിലാളിവര്‍ഗത്തിന് ഒരുതരത്തിലും കൂട്ടുകെട്ടുണ്ടാക്കാന്‍ പറ്റാത്ത അറു പിന്തിരിപ്പന്‍ ജനവിഭാഗമാണ് കര്‍ഷകര്‍ എന്നുള്ള സിദ്ധാന്തത്തെ എതിര്‍ക്കുകയെന്നതായിരുന്നു എംഗത്സിന്‍റെ ലക്ഷ്യം. 
നേരെമറിച്ച്, എംഗത്സ് വരാന്‍പോകുന്ന ജര്‍മന്‍ വിപ്ലവത്തില്‍ തൊഴിലാളി-കര്‍ഷക സഖ്യത്തിനുവേണ്ടി വാദിക്കുക മാത്രമല്ല, മറിച്ച് 1525ലെ കര്‍ഷക കലാപം പരാജയപ്പെട്ടത് ദേശീയമായ ഏകോപനം കാര്യമായി നടന്നിട്ടില്ലാത്ത പ്രാദേശികമായ സംഭവങ്ങളുടെ ഒരു പരമ്പരതന്നെ (ആ കാലത്ത് ജര്‍മനി ഒരൊറ്റ രാജ്യമായി ഏകോപിതമായിരുന്നില്ല ഉണ്ടായിരുന്നതും കര്‍ഷകര്‍ നഗരപ്രദേശങ്ങളിലെ സാധാരണക്കാരുമായി (ഇവരായിരുന്നു ആദിമ തൊഴിലാളിവര്‍ഗം) പ്രാദേശിക തലത്തിലെങ്കിലും കൂട്ടുകെട്ടുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നതും മൂലമാണ് എന്ന് നിര്‍ദേശിക്കുകയുമുണ്ടായി. വാസ്തവത്തില്‍, തോമസ് മ്യൂന്‍സര്‍ സജീവമായിരുന്ന തുരിങ്ങിയ പോലെയുള്ള നഗരവാസികളായ സാധാരണ ജനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിഞ്ഞിരുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ശക്തമായ ചെറുത്തുനില്‍പ് നടത്താന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിരുന്നു. 
യൂറോപ്പിലാകെ നടന്ന 1848ലെ വിപ്ലവത്തിന്‍റെ പരാജയത്തിന്‍റെ നിഴലില്‍ 1850ലാണ് ജര്‍മനിയിലെ കര്‍ഷക യുദ്ധം എന്ന കൃതി എഴുതപ്പെട്ടത്. പുസ്തകത്തിന്‍റെ പുതിയ പതിപ്പിന് 1870-ല്‍ എംഗത്സ് ഒരു ആമുഖം എഴുതി; അതില്‍ അദ്ദേഹം 1525ലെയും 1848ലെയും വിപ്ലവങ്ങള്‍ തമ്മിലുള്ള സമാനതകള്‍ അവതരിപ്പിക്കുകയും തൊഴിലാളി-കര്‍ഷക സഖ്യം എന്ന തന്‍റെ വാദഗതിക്ക് അദ്ദേഹം കൂടുതല്‍ വിശദീകരണം നല്‍കുകയുമുണ്ടായി. 
1870ലെ ആമുഖത്തില്‍ ജര്‍മന്‍ ബൂര്‍ഷ്വാസി രംഗത്തെത്തിയത് വളരെ താമസിച്ചാണ് എന്ന് വ്യക്തമാക്കിയ അദ്ദേഹം യൂറോപ്പിലെ മറ്റു സ്ഥലങ്ങളിലെല്ലാം ബൂര്‍ഷ്വാവികസനത്തിനൊപ്പം സമാന്തരമായിത്തന്നെ തൊഴിലാളിവര്‍ഗവും വികസിച്ചുവന്നുവെന്നും നിര്‍ദേശിച്ചു; ആ രാജ്യങ്ങളിലെ ബൂര്‍ഷ്വാസി തങ്ങളുടെ രാഷ്ട്രീയ നിലപാടില്‍ പിന്നോക്കം പോവുകയുമുണ്ടായി; മറ്റു യാഥാസ്ഥിതിക വിഭാഗങ്ങളുമായും തൊഴിലാളിവര്‍ഗ വിരുദ്ധ ശക്തികളുമായും ബന്ധം ഊട്ടിയുറപ്പിച്ചുകൊണ്ട് സ്വന്തം നില ബലപ്പെടുത്തി; ഉദാഹരണത്തിന്, ഫ്രാന്‍സില്‍ ലൂയി ബോണപ്പാര്‍ട്ടിന്‍റെ ഭരണത്തെ അംഗീകരിക്കാന്‍പോലും ബൂര്‍ഷ്വാസി തയ്യാറായി. രാഷ്ട്രീയാധികാരത്തിലേക്ക് ഒരുതരത്തിലും മുന്നേറിയിട്ടില്ലാത്ത ജര്‍മനിയില്‍ ബൂര്‍ഷ്വാസിക്ക് പിന്‍വാങ്ങേണ്ടതായി വന്നില്ല എന്നു മാത്രമല്ല, സ്വകാര്യ സ്വത്തിന്‍റെ സംരക്ഷണത്തിനായി ബൂര്‍ഷ്വാസിയും ഫ്യൂഡല്‍ സ്വത്തുടമകളുമായി ഐക്യമുന്നണി ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി അവിടെ ബൂര്‍ഷ്വാസിക്ക് തുടക്കംമുതല്‍തന്നെ ഫ്യൂഡല്‍ പ്രഭുക്കളുമായി സഖ്യമുണ്ടാക്കേണ്ടതായും വന്നു. 
ഈ പ്രക്രിയയില്‍ ബൂര്‍ഷ്വാസി നിശ്ചയമായും കര്‍ഷക ജനതയുടെ താല്‍പര്യങ്ങളെ ഹനിച്ചു; കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് തൊഴിലാളി-കര്‍ഷക സഖ്യം രൂപീകരിച്ചുകൊണ്ട് തൊഴിലാളിവര്‍ഗം അധികാരത്തിലെത്തിയാല്‍ മാത്രമെ കഴിയൂ. അത്തരമൊരു സഖ്യം ഊട്ടിയുറപ്പിക്കാന്‍ കഴിയുന്നതാണ്; തൊഴിലാളികളും കര്‍ഷകരും ഒരുമിച്ച് ചേരുമ്പോഴുള്ള ആ സഖ്യത്തിന്‍റെ സംഖ്യാപരമായ ശക്തിമൂലം തൊഴിലാളിവര്‍ഗത്തിന് അധികാരത്തിലെത്താന്‍ ശരിക്കും കഴിയുന്നതാണ്. അങ്ങനെ ബൂര്‍ഷ്വാ-ഭൂപ്രഭു സഖ്യത്തിന് ബദലായി തൊഴിലാളി കര്‍ഷക സഖ്യം ആവശ്യമാണ്; അത് സാധ്യവുമാണ്. 
19-ാം നൂറ്റാണ്ടിന്‍റെ അവസാനകാലത്തെ മൂര്‍ത്തമായ സാഹചര്യങ്ങളില്‍ തൊഴിലാളിവര്‍ഗത്തിന്‍റെ സഖ്യശക്തിയാക്കാന്‍ കഴിയുന്ന ജനവിഭാഗങ്ങളുടെ പട്ടികതന്നെ  എംഗത്സ് അവതരിപ്പിക്കുന്നുണ്ട്. അത് ഇവയാണ്. പെറ്റി ബൂര്‍ഷ്വാസി, നഗരങ്ങളിലെ താഴ്ന്ന വിഭാഗം തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍, ഭൂമിയില്‍ പണിയെടുക്കുന്ന കൂലിവേലക്കാര്‍. ഗ്രാമീണ ജനവിഭാഗങ്ങള്‍ക്കിടയില്‍നിന്ന് ഈ പട്ടികയില്‍ രണ്ടു വര്‍ഗങ്ങളെ മാത്രമെ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ചെറുകിട കര്‍ഷകരെയും (വിവിധ കര്‍ഷക വര്‍ഗങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ എംഗത്സ് ധനികര്‍, ഇടത്തരക്കാര്‍, ദരിദ്രര്‍ എന്നീ പദങ്ങളെക്കാളുപരി, വന്‍കിട, ഇടത്തരം, ചെറുകിട എന്നീ പദങ്ങളാണ് ഉപയോഗിച്ചത്) കര്‍ഷകത്തൊഴിലാളികളെയും (അഥവാ അദ്ദേഹം വിശേഷിപ്പിച്ചതുപോലെ ഭൂമിയില്‍ പണിയെടുക്കുന്ന കൂലിവേലക്കാര്‍). തന്‍റെ വാദഗതികളെ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു:
"ചെറുകിട കര്‍ഷകര്‍ (വന്‍കിട കര്‍ഷകര്‍ ബൂര്‍ഷ്വാസിയില്‍ ഉള്‍പ്പെടുന്നു) തുല്യ ലക്ഷണമുള്ള വിഭാഗമല്ല. അവര്‍ ഒന്നുകില്‍ തങ്ങളുടെ പ്രഭുക്കളോടും യജമാനന്മാരോടും കടപ്പെട്ട അടിയാളാവസ്ഥയിലായിരിക്കും; ആ ആളുകളെ അടിയാളത്തത്തില്‍നിന്നും സ്വതന്ത്രരാക്കുകയെന്ന കടമ നിറവേറ്റുന്നതില്‍ ബൂര്‍ഷ്വാസി പരാജയപ്പെടുന്നിടത്തോളം, അവരുടെ മോചനം തൊഴിലാളിവര്‍ഗത്തില്‍നിന്നു മാത്രമെ പ്രതീക്ഷിക്കാന്‍ കഴിയൂവെന്ന് അവരെ ബോധ്യപ്പെടുത്താന്‍ പ്രയാസമുണ്ടാവില്ല; അഥവാ അയര്‍ലണ്ടിലേതിന് ഏറെക്കുറെ സമാനമായ സാഹചര്യത്തിലുള്ള കുടിയാന്മാരായിരിക്കും അവര്‍. പാട്ടം ഉയര്‍ന്ന നിരക്കിലാണ് ഈടാക്കുന്നത്; സാധാരണനിലയില്‍ വിളവ് ലഭിക്കുന്ന കാലത്തുപോലും കര്‍ഷകനും അയാളുടെ കുടുംബത്തിനും കഷ്ടിച്ച് നിലനില്‍പിനുള്ള വരുമാനം ലഭിക്കാന്‍പോലും ബുദ്ധിമുട്ടാണ്; വിളവെടുപ്പ് മോശമാകുമ്പോള്‍ അവന്‍ അക്ഷരാര്‍ഥത്തില്‍ പട്ടിണിയിലാകും. പാട്ടം നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ കുടിയാന്മാര്‍ പൂര്‍ണമായും ഭൂപ്രഭുവിന്‍റെ ദയാദാക്ഷിണ്യത്തിലാകും. ബൂര്‍ഷ്വാസി ആശ്വാസത്തെക്കുറിച്ച് ചിന്തിക്കുന്നത് അവര്‍ നിര്‍ബന്ധിതരാകുമ്പോള്‍ മാത്രമാണ്. അപ്പോള്‍ കുടിയാന്മാര്‍ ആശ്വാസത്തിനായി തൊഴിലാളികളെയല്ലാതെ മറ്റാരെയാണ് നോക്കേണ്ടത്?
"മറ്റൊരു വിഭാഗം കര്‍ഷകരുണ്ട്; ഒരു ചെറിയതുണ്ട് ഭൂമി സ്വന്തമായുള്ളവര്‍. മിക്ക സംഭവങ്ങളിലും ഭൂമി പണയംവെച്ച് വായ്പയെടുക്കുന്നത്കൊള്ളപ്പലിശക്കാരെ ആശ്രയിച്ചുനില്‍ക്കാന്‍ അവരെ ബാധ്യസ്ഥരാക്കുന്നു. ഇത് കുടിയാന്മാര്‍ക്ക് ഭൂപ്രഭുക്കളോടുള്ള ആശ്രിതത്വത്തിനു തുല്യമാണ്. യഥാര്‍ഥത്തില്‍ അവര്‍ക്ക് കിട്ടുന്നത് തുച്ഛമായ കൂലി മാത്രമാണ്; ഇതാകട്ടെ നല്ല വിളവും മോശപ്പെട്ട വിളവും മാറി മാറി വരുന്നതുമൂലം അനിശ്ചിതത്വത്തിലുമാണ്. ബൂര്‍ഷ്വാസിയില്‍നിന്ന് എന്തെങ്കിലും കിട്ടുമെന്ന് ഈ ആളുകള്‍ക്ക് വളരെ ചെറിയൊരു പ്രതീക്ഷപോലും ഉണ്ടാവില്ല; കാരണം, ബൂര്‍ഷ്വാസിയാണ്, കൊള്ളപ്പലിശക്കാരായ മുതലാളിമാരാണ് അവരുടെ ജീവരക്തം ഊറ്റിയെടുക്കുന്നത്. എന്നിട്ടും, കര്‍ഷകര്‍ തങ്ങളുടെ സ്വത്തില്‍ അള്ളിപ്പിടിച്ചുനില്‍ക്കുന്നു; വാസ്തവത്തില്‍ ഈ സ്വത്ത് അവരുടേതല്ല, മറിച്ച് കൊള്ളപ്പലിശക്കാര്‍ക്കുള്ളതായി കഴിഞ്ഞതാണത്. ജനങ്ങളുടേതായ ഒരു ഗവണ്‍മെന്‍റ് എല്ലാ ഭൂപണയങ്ങളെയും ഭരണകൂടത്തിന്‍റേതായ കടബാധ്യതയായി പരിവര്‍ത്തനപ്പെടുത്തുകയും അങ്ങനെ പാട്ടം കുറയ്ക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അവര്‍ക്ക് കൊള്ളപ്പലിശക്കാരില്‍നിന്ന് മോചിതരാകാന്‍ കഴിയൂവെന്ന് ഈ ആളുകളെ നാം ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ്. എന്നാല്‍, തൊഴിലാളി വര്‍ഗത്തിനുമാത്രമെ ഇതു നേടിയെടുക്കാന്‍ കഴിയൂ. 
"ഇടത്തരവും വന്‍കിടയുമായ ഭൂ ഉടമസ്ഥത നിലനില്‍ക്കുന്നിടത്തെല്ലാം ഭൂമിയില്‍ പണിയെടുക്കുന്ന കൂലിവേലക്കാരാണ് എണ്ണത്തില്‍ ഏറ്റവുമധികമുള്ള വര്‍ഗം. വടക്കന്‍ ജര്‍മനിയിലും കിഴക്കന്‍ ജര്‍മനിയിലും ഉടനീളം ഇതാണവസ്ഥ; ഇവിടെയാണ് നഗരത്തിലെ വ്യാവസായിക തൊഴിലാളികള്‍, എണ്ണത്തില്‍ ഏറെയുള്ളതും സ്വാഭാവികവുമായ സഖ്യശക്തികളെ കണ്ടെത്തുന്നത്. ഇതേ രീതിയില്‍, മുതലാളിമാര്‍ക്ക് വ്യാവസായിക തൊഴിലാളികളോട് എതിര്‍പ്പുള്ളതുപോലെ വന്‍കിട ഭൂഉടമകളും വന്‍കിട കുടിയാന്മാരും ഭൂമിയില്‍ പണിയെടുക്കുന്ന കൂലിവേലക്കാരോട് എതിര്‍പ്പുള്ളവരാണ്. 
"ഒരു വിഭാഗത്തെ സഹായിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ മറ്റു വിഭാഗത്തെയും സഹായിക്കുന്നതാകണം. വ്യാവസായിക തൊഴിലാളികള്‍ക്ക് ബൂര്‍ഷ്വാസിയുടെ മൂലധനത്തെയും അതായത് അസംസ്കൃത പദാര്‍ഥങ്ങളെയും യന്ത്രങ്ങളെയും പണി ആയുധങ്ങളെയും - ഉല്‍പാദനത്തിനാവശ്യമായ ഭക്ഷ്യസാധനങ്ങളെയും സാമൂഹിക സ്വത്താക്കേണ്ടതാണ്-അവര്‍ക്ക് പൊതുവായി ഉപയോഗിക്കാനാവുന്ന അവരുടേതായ സ്വത്താക്കേണ്ടതാണ്. അതുപോലെതന്നെ, ഭൂമിയില്‍ പണിയെടുക്കുന്ന കൂലിവേലക്കാര്‍ക്ക് കഠിനമായ ദുരിതത്തില്‍നിന്ന് കരകയറുന്നതിന് അവരുടെ ജോലിയുടെ മുഖ്യ വസ്തുവിനെ, ഭൂമിയെത്തന്നെ, വന്‍കിട കര്‍ഷകരുടെയും അതിലും വലിയ ഫ്യൂഡല്‍ യജമാനന്മാരുടെയും സ്വകാര്യ സ്വത്തില്‍നിന്ന് മോചിപ്പിച്ചാലേ കഴിയൂ; എന്നിട്ട് പൊതുവായ അടിസ്ഥാനത്തില്‍ ഭൂമിയില്‍ പണിയെടുക്കുന്നവരുടെ ഒരു സംഘടനയ്ക്ക് കൃഷിചെയ്യാവുന്ന സാമൂഹിക സ്വത്തായി അതിനെ പരിവര്‍ത്തനപ്പെടുത്തണം."
രണ്ട് ഘട്ടങ്ങളുള്ള വിപ്ലവത്തെയല്ല, ഒരു ഘട്ടമുള്ള വിപ്ലവത്തെയാണ്, സോഷ്യലിസ്റ്റ് വിപ്ലവത്തെയാണ് എംഗത്സ് ഭാവനയില്‍ കാണുന്നത്. അതായത് വിപ്ലത്തിന്‍റെ തൊട്ടടുത്ത ദിവസംമുതല്‍ സോഷ്യലിസം വികസിപ്പിക്കുന്നതിലായിരിക്കണം എല്ലാ ശ്രമങ്ങളും കേന്ദ്രീകരിക്കേണ്ടത്, മറിച്ച് പരിവര്‍ത്തനത്തിന്‍റേതായ ഘട്ടത്തില്‍ തുടക്കത്തില്‍ മുതലാളിത്തം കെട്ടിപ്പടുക്കുന്നതിന് ശ്രമിക്കുന്നതിനു പകരം ഇതാണ് വേണ്ടത് എന്നാണര്‍ഥം. ഇതുകൊണ്ടാണ് വിപ്ലവത്തിന്‍റെ സഖ്യശക്തികളുടെ പട്ടികയില്‍നിന്നും വന്‍കിട കര്‍ഷകരെ മാത്രമല്ല ഇടത്തരം കര്‍ഷകരെപ്പോലും ഒഴിവാക്കുന്നത്. ഫ്യൂഡല്‍ എസ്റ്റേറ്റുകള്‍ പിടിച്ചെടുത്തശേഷം പുരോഗമനപരമായ ഭൂ വിതരണമല്ല നടപ്പാക്കേണ്ടത്  മറിച്ച് ഭൂമിയുടെ ദേശസാല്‍കരണമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 
തൊഴിലാളി-കര്‍ഷക സഖ്യത്തിന്‍റെ കൃത്യമായ ഘടനയും ഈ സഖ്യത്തിന്‍റെ കൃത്യമായ അജന്‍ഡയും മൂര്‍ത്തമായ സാഹചര്യങ്ങളനുസരിച്ച് ഓരോ രാജ്യത്തിലും വ്യത്യസ്തമായിരിക്കുമെന്ന് സുനിശ്ചിതമാണ്. അതിനും പുറമെ ഇന്നത്തെ പശ്ചാത്തലത്തില്‍ കര്‍ഷക പ്രശ്നം ഫ്യൂഡല്‍ അടിച്ചമര്‍ത്തലില്‍നിന്നു മാത്രമുള്ള മോചനമല്ല, മറിച്ച് തദ്ദേശീയ കോര്‍പറേറ്റുകളും ബഹുദേശീയ അഗ്രി ബിസിനസ്സുകാരും ഉള്‍പ്പെടുന്ന വന്‍കിട മൂലധനത്തില്‍നിന്നുള്ള മോചനവുംകൂടി ഉള്‍പ്പെടുന്നതാണ്. എന്നാല്‍ എംഗത്സും മാര്‍ക്സും അംഗീകരിച്ചതുപോലെ (ഈ കൃതി ആദ്യം പ്രത്യക്ഷപ്പെട്ടത് മാര്‍ക്സിന്‍റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ന്യൂറൈനിഷ് ത് സൈത്തുങ്ങില്‍ ലേഖന പരമ്പരയായിട്ടാണ്; എംഗത്സിന്‍റെ നിലപാടിനെ മാര്‍ക്സും അംഗീകരിച്ചിരുന്നുവെന്നതും സംശയാതീതമാണ്), കര്‍ഷക ജനതയുമായുള്ള അനുയോജ്യമായ സഖ്യം സോഷ്യലിസം കൈവരിക്കുന്നതിന് അനുപേക്ഷണീയമായ ഉപാധിയാണ്. •