ജാതിവ്യവസ്ഥയുടെ ഉന്മൂലനത്തിനുവേണ്ടി

വൃന്ദ കാരാട്ട് / വിജയ് പ്രസാദ്

വിജയ് പ്രസാദ് : "ഇന്ത്യയിലെ കമ്യൂണിസ്റ്റ്പാര്‍ടി അടിമത്തത്തിന്‍റെയും ജാതിവ്യവസ്ഥയുടെയും എല്ലാ രൂപത്തിലുമുള്ള ജാതീയമായ അസമത്വത്തിന്‍റെയും (സാമൂഹികം, സാംസ്കാരികം തുടങ്ങിയവ) സമ്പൂര്‍ണമായ ഉന്മൂലനത്തിനുവേണ്ടി പൊരുതും. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടി അധ്വാനിക്കുന്ന പറയരുടെയും നമ്മുടെ രാജ്യത്തെ അധ്വാനിക്കുന്ന എല്ലാ മനുഷ്യരുടെയും പരിപൂര്‍ണവും പരമവുമായ സമത്വത്തിനുവേണ്ടി പോരാടും." ഇന്ത്യയിലെ കമ്യൂണിസ്റ്റ്പാര്‍ടി നേതാക്കള്‍ 1930ല്‍ എഴുതിയ പ്രവര്‍ത്തന പരിപാടിയില്‍ (Platform of Action) ഇങ്ങനെ പറയുന്നുണ്ടല്ലോ. എന്താണ് ഈ പ്രസ്താവനയുടെ പ്രാധാന്യം? 

വൃന്ദ കാരാട്ട് : "കമ്യൂണിസ്റ്റ്പാര്‍ടിയുടെ 1930ലെ ആദ്യ നയപ്രസ്താവനയുടെ പ്രാധാന്യത്തിന് മൂന്ന് വശങ്ങളുണ്ട്. അതില്‍ ആദ്യത്തേത്, ജാതി വ്യവസ്ഥയെ മൊത്തത്തിലും അതിന്‍റെ ഭാഗമായുണ്ടാകുന്ന എല്ലാവിധ അസമത്വങ്ങളെയും ഉന്മൂലനംചെയ്യുന്നതിനുള്ള പ്രതിബദ്ധതയാണ്. 1916ല്‍ കൊളംബിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്ന ബി ആര്‍ അംബേദ്കര്‍ "ജാതി ഇല്ലാതാക്കുവാനുള്ള നിരന്തരമായ ശ്രമങ്ങള്‍" എന്ന തന്‍റെ ലേഖനത്തില്‍ "പ്രകൃതിവിരുദ്ധമായ സ്ഥാപനം" എന്നാണ് ജാതിവ്യവസ്ഥയെ വിശേഷിപ്പിച്ചത്. ജ്യോതിബ ഫുലെയെയും മറ്റും പോലെയുള്ള, ജാതിവ്യവസ്ഥയ്ക്കെതിരെ പൊരുതിയിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ മഹാന്മാരായ സാമൂഹിക പരിഷ്കര്‍ത്താക്കളെ പിന്തുടര്‍ന്ന അംബേദ്ക്കറിനുംശേഷം, ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ടികളില്‍, ജാതി വ്യവസ്ഥയെത്തന്നെ നിര്‍മാര്‍ജനം ചെയ്യുന്നതിനുവേണ്ടിയുള്ള പോരാട്ടത്തിന് ആഹ്വാനം നല്‍കുന്ന ആദ്യത്തെ രാഷ്ട്രീയ പാര്‍ടിയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടി. ഈ പശ്ചാത്തലത്തില്‍, അടിസ്ഥാനപരമായ ചട്ടക്കൂടിനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ജാതിവ്യവസ്ഥയെ പരിഷ്കരിക്കുകയെന്ന ഗാന്ധിയന്‍ സമീപനത്തെ 1930ലെ ഈ രേഖ വിമര്‍ശിക്കുന്നു. 
രണ്ടാമത്തെ വശം, ഈ രേഖ ജാതിവ്യവസ്ഥയ്ക്കെതിരായ പോരാട്ടത്തെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനും ഫ്യൂഡലിസത്തിനുമെതിരായ ദേശീയ സമരവുമായി ബന്ധിപ്പിച്ചുവെന്നതാണ്. അതില്‍ ഇങ്ങനെ പറയുന്നുണ്ട്, "നമ്മുടെ രാജ്യത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വവാഴ്ചയുടെ ഭാഗമായി എല്ലാവിധ അവകാശങ്ങളും നിഷേധിക്കപ്പെട്ട കോടിക്കണക്കിന് അടിമകളും സാമൂഹികമായി ബഹിഷ്കൃതരായ അധ്വാനിക്കുന്ന പറയരും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പിന്നിട്ട കാലങ്ങളിലെ ബ്രിട്ടീഷ് ഭരണം, നാടുവാഴിത്ത വ്യവസ്ഥ, അറുപിന്തിരിപ്പന്‍ ജാതിവ്യവസ്ഥ, മതപരമായ കാപട്യങ്ങള്‍, എല്ലാവിധ അടിമ-അടിയാള സാഹചര്യങ്ങള്‍ എന്നിവ ഇന്ത്യന്‍ ജനതയെ വരിഞ്ഞുമുറുക്കുകയും അവരുടെ മോചനത്തിന്‍റെ പാതയില്‍ തടയിടുകയും ചെയ്തു. ഇതിന്‍റെയെല്ലാം ഫലമായി ഈ ഇരുപതാം നൂറ്റാണ്ടിലും ഒന്നിച്ചു കഴിയേണ്ട എല്ലാ മനുഷ്യരുമായും ഒത്തുചേരാനോ പൊതു കിണറുകളില്‍നിന്നും വെള്ളം കുടിക്കുവാനോ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുവാനോ യാതൊരു അവകാശവുമില്ലാത്ത പറയര്‍ ഇന്നും ഇന്ത്യയിലുണ്ട്". ദേശീയ നേതൃത്വത്തില്‍നിന്ന് വ്യത്യസ്തമായി ബ്രിട്ടീഷുകാര്‍ക്ക് ഈ ജാതിവ്യവസ്ഥയെ നിലനിര്‍ത്തുവാന്‍ യാതൊരു താല്‍പര്യവുമില്ലെന്നും അതുകൊണ്ട് ഏറ്റവും നല്ല രീതി, പരിഷ്കാരങ്ങള്‍ നടപ്പാക്കലാണെന്നും ഉള്ള മിഥ്യാധാരണകളും പ്രതീക്ഷകളും ജാതിവ്യവസ്ഥയ്ക്കെതിരായി പോരാടുന്ന ചിലരിലെങ്കിലുമുണ്ടാവാം. യഥാര്‍ഥത്തില്‍, ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തങ്ങളുടെ തന്ത്രം നടപ്പാക്കുന്നതിനുവേണ്ടി ഹിന്ദു-മുസ്ലീം എന്നീ മതപരമായ സ്വത്വങ്ങളെ പ്രചരിപ്പിച്ചതുപോലെതന്നെ ജാതിയെയും ഉപയോഗപ്പെടുത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിയുമായിരുന്നു. ജാതിവ്യവസ്ഥയെ നിലനിര്‍ത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും അതിയായ താല്‍പര്യമുള്ള ഫ്യൂഡല്‍ ശക്തികളും നാടുവാഴികളും രാജാക്കന്മാരും മഹാരാജാക്കന്മാരുമായിരുന്നു ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കുള്ള പിന്തുണയുടെ നെടുംതൂണുകള്‍ എന്ന വര്‍ഗപരമായ യാഥാര്‍ഥ്യമാണ് അതിന് കാരണം; ജാതിവ്യവസ്ഥ നിലനിര്‍ത്തുന്നതുകൊണ്ട് ഈ ഫ്യൂഡല്‍ ശക്തികള്‍ക്കും നാടുവാഴികള്‍ക്കും രാജാക്കന്മാര്‍ക്കും മഹാരാജാക്കന്മാര്‍ക്കും അയിത്തക്കാരില്‍നിന്നും കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ ലഭിക്കാനും അടിമ-അടയാള സമ്പ്രദായം നിലനിര്‍ത്തി പോകുവാനും സാധിക്കുന്നു എന്നതുകൊണ്ടായിരുന്നു അത്. അതുകൊണ്ടുതന്നെ കൊളോണിയല്‍ വാഴ്ചയ്ക്കെതിരായ പോരാട്ടം ഫ്യൂഡലിസത്തിനും ആഴത്തില്‍ വേരൂന്നിയിട്ടുള്ള ജാതിവ്യവസ്ഥയ്ക്കുമെതിരായ പോരാട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. "ഗാന്ധിയന്‍ രീതിയിലുള്ള പരിഷ്കൃതമായ ജാതി വ്യവസ്ഥയുടെ സമ്പൂര്‍ണമായ ഉന്മൂലനം കൊണ്ടുമാത്രമേ, കാര്‍ഷിക വിപ്ലവവും ബ്രിട്ടീഷ് ഭരണത്തെ ബലപ്രയോഗത്തിലൂടെ പുറത്താക്കിക്കൊണ്ടുമാത്രമേ അധ്വാനിക്കുന്ന പറയരുടെയും അടിമകളുടെയും സാമ്പത്തികവും സാംസ്കാരികവും നിയമപരവുമായ മോചനവും സാധ്യമാകുകയുള്ളൂ". 
മൂന്നാമത്തെ തലം, 1930ലെ ഈ പ്രവര്‍ത്തന പരിപാടി അംഗീകരിച്ചതിനുശേഷം ആയിടെ മാത്രം രൂപംകൊണ്ട കമ്യൂണിസ്റ്റ്പാര്‍ടി ബ്രിട്ടീഷുകാരുടെ കൊടിയ മര്‍ദനങ്ങളും അടിച്ചമര്‍ത്തലുകളും വകവെയ്ക്കാതെ, മീററ്റ് ഗൂഢാലോചന കേസില്‍ (1929-1933) നേതാക്കളെ തുറങ്കിലടയ്ക്കുകയും ഒന്നിനുപിറകെ ഒന്നായി "ഗൂഢാലോചന" കേസുകള്‍ ചുമത്തുകയും ചെയ്തിട്ടും തൊട്ടുകൂടായ്മയ്ക്കും നിര്‍ബന്ധിത ഒറ്റപ്പെടുത്തലിനും മുപ്പതുകളിലെ ദളിത് വിരുദ്ധ പ്രവൃത്തികള്‍ക്കുമെതിരായി സമരങ്ങളില്‍ പങ്കെടുക്കുകയും ഒട്ടേറെ ചെറുത്തുനില്‍പുകള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ജാതിവ്യവസ്ഥയോട് പൊരുതുക എന്ന അനിവാര്യമായ വശം സംബന്ധിച്ച പ്രത്യയശാസ്ത്രപരമായ നിലപാടു മാത്രമല്ല, യഥാര്‍ഥ സമരത്തിലെ, കമ്യൂണിസ്റ്റുകാരുടെ പങ്കും കൂടിയാണ് ഇത് കാണിക്കുന്നത് എന്നതും ഇതിന്‍റെ പ്രാധാന്യമാണ്. 


സ്വാതന്ത്ര്യസമരകാലത്തും പിന്നീട് സ്വതന്ത്ര ഇന്ത്യയിലും ജാതിയുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന്‍റെയും സമാനശക്തികളുടെയും പങ്ക് എന്തായിരുന്നു?
നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെതന്നെ, സ്വാതന്ത്ര്യസമരത്തിലെ ആര്‍എസ്എസുകാരുടെ "സംഭാവന" എന്നു പറയുന്നത്, ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ തന്ത്രത്തിന്‍റെ ഇന്ത്യന്‍വത്കരണമാണ്. ഹിന്ദു, മുസ്ലീം സമുദായങ്ങള്‍ യോജിച്ചുനിന്നുകൊണ്ട് 1857-ല്‍ നടന്ന ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരായ കലാപത്തോടുകൂടി ബ്രിട്ടീഷുകാര്‍ ഒരു കാര്യം തിരിച്ചറിഞ്ഞു; അതായത് ഇത്തരമൊരു ഐക്യം തങ്ങളുടെ ഭരണത്തിന് അപകടകരമാണ് എന്ന്. 1857ലെ കലാപത്തിനുശേഷം ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയ ഐക്യത്തെ ഭിന്നിപ്പിക്കുകയും ദുര്‍ബലപ്പെടുത്തുകയുംചെയ്ത സ്വത്വങ്ങളെ കേന്ദ്രീകരിച്ചുള്ള നിയമങ്ങള്‍ മോടിപിടിപ്പിച്ചു; സാമൂഹിക ധ്രുവീകരണം തീവ്രമാക്കുന്നതിനുവേണ്ടി പ്രധാന മത സമുദായങ്ങളില്‍ ഏറ്റവും യാഥാസ്ഥിതിക ശക്തികളെ രൂപപ്പെടുത്തിക്കൊണ്ടായിരുന്നു ബ്രിട്ടീഷുകാര്‍ ഇത് നടപ്പിലാക്കിയത്. അങ്ങനെ 1906ല്‍ മുസ്ലീം ലീഗ് രൂപംകൊണ്ടു. ദേശീയ പ്രസ്ഥാനത്തെ ഭിന്നിപ്പിക്കാന്‍ സഹായിക്കുമെന്നതിനാല്‍, ബ്രിട്ടീഷുകാര്‍ അതിനെ അനുകൂലിച്ചു. ഹിന്ദു സ്വത്വങ്ങളെന്നു വിളിക്കപ്പെടുന്നവയുടെ അക്രമോത്സുകമായ വികാസം നടപ്പാക്കുന്നതിന് 1925ലെ ആര്‍എസ്എസ് രൂപീകരണം ബ്രിട്ടീഷുകാര്‍ക്ക് സഹായകമായി. സ്വാതന്ത്ര്യസമരത്തില്‍ അണിചേരുന്നതില്‍നിന്നും ആര്‍എസ്എസ് അവരുടെ അംഗങ്ങളെ ഫലപ്രദമായി പിന്തിരിപ്പിച്ചു. ഒട്ടേറെപ്പേര്‍, നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയടക്കം ഒട്ടേറെപ്പേര്‍ 'ഗുരുജി' ആയി കണക്കാക്കുന്ന ഗോള്‍വാള്‍ക്കര്‍ അന്ന് പറഞ്ഞത് ഇങ്ങനെയാണ്, "മതത്തെയും സംസ്കാരത്തെയും സംരക്ഷിക്കുന്നതിലൂടെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മള്‍  പറയുമ്പോള്‍, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതിനെക്കുറിച്ച് നമ്മുടെ പ്രതിജ്ഞയില്‍ പറയുന്നില്ലായെന്ന് നാം ഓര്‍ക്കണം." (ശ്രീ ഗുരുജി സമഗ്ര ദര്‍ശന്‍, വോള്യം- IV പേജ് 40)
ഹിന്ദുത്വ ദര്‍ശനത്തിന്‍റെ പിതാവെന്ന് പറയപ്പെടുന്ന വി ഡി സവര്‍ക്കര്‍ ജാതിയ്ക്കെതിരായിരുന്നു എന്നും അദ്ദേഹം മിശ്ര വിവാഹങ്ങള്‍ സംഘടിപ്പിച്ചിരുന്നു എന്നുമാണല്ലോ അവകാശവാദം. ജാതിവ്യവസ്ഥയുടെ ഉന്മൂലനത്തിനുവേണ്ടിയുള്ള ഒരു പോരാട്ടത്തിന്‍റെ ഭാഗമായിരുന്നോ ഇത്? അതില്‍നിന്നൊക്കെ ഏറെ ദൂരത്താണിത്. സവര്‍ക്കറും അദ്ദേഹത്തിന്‍റെ അനുയായികളും ജാതിവ്യവസ്ഥയെ ശക്തമായി പ്രകീര്‍ത്തിച്ചിരുന്നു എന്നതാണ് വാസ്തവം. "ചില പ്രത്യേക സാഹചര്യങ്ങള്‍ക്കും പരിതഃസ്ഥിതികള്‍ക്കും കീഴില്‍ ഹിന്ദു സമുദായത്തിന്‍റെ കരുത്തുറ്റ ഏകീകരണവും ആശ്ചര്യപ്പെടുത്തുന്ന സ്ഥിരതയും ഉറപ്പാക്കിയത് ജനനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജാതി വിഭജന സമ്പ്രദായമാണെന്നത് നാം മറന്നുകൂട. ഇതിന്‍റെ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തുമ്പോള്‍ ജാതിയെന്ന സ്ഥാപനത്തിന്‍റെ അടുത്തകാലത്ത് കാണുന്ന ദോഷഫലങ്ങളിലേക്കു മാത്രം വിരല്‍ചൂണ്ടുന്നത് തികഞ്ഞ നന്ദികേടാണ്... രക്തബന്ധങ്ങളുടെയും സമുദായ ജീവിതത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും പവിത്രത സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ഹിന്ദുരാഷ്ട്ര താല്‍പര്യത്തെ നെഞ്ചിലേറ്റിയ പോയകാലങ്ങളിലെ ഹിന്ദുക്കള്‍ ജനനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജാതി വിഭജനങ്ങള്‍ക്ക് രൂപംകൊടുത്തതും അവയെ നൈസര്‍ഗികമായി വികസിക്കുന്നതിന് അനുവദിച്ചതും എന്നതുകൂടി ഉള്‍ക്കൊള്ളേണ്ടതുണ്ട്" (സഹാസൊനേരി പേയ്ന്‍ അഥവ ഇന്ത്യന്‍ ചരിത്രത്തിലെ മഹത്തരമായ ആറു യുഗങ്ങള്‍; സമഗ്ര സവര്‍ക്കര്‍ വാങ്മയ, വോള്യം 4 1963, പേജ് 710) എന്നാണദ്ദേഹം പറഞ്ഞത്. "വന്ധ്യരും ദരിദ്രരുമായിരുന്നവരുടെയെല്ലാം വന്ധ്യതയും ദാരിദ്ര്യവും ഹനിക്കുന്നതിനുവേണ്ടി വിശ്വാസികളായവര്‍ക്കിടയിലേക്ക് കുലീനരക്തം കടക്കുന്നത് നിയന്ത്രിക്കുകയാണ് ജാതിവ്യവസ്ഥ മൊത്തത്തില്‍ ചെയ്തത്," എന്നാണ് ഹിന്ദുത്വ: ആരാണ് ഹിന്ദു (1923) എന്ന തന്‍റെ പുസ്തകത്തില്‍ സവര്‍ക്കര്‍ എഴുതിയത്. അപ്പോള്‍ ഹിന്ദുത്വശക്തികളുടെ ആരാധ്യപുരുഷനായ സവര്‍ക്കറെ സംബന്ധിച്ചിടത്തോളം ഹിന്ദു സമുദായത്തെ സംരക്ഷിക്കുന്നതില്‍ ജാതി നിര്‍ണായകമായ പങ്കുവഹിച്ചു എന്നതുകൊണ്ടുതന്നെ ചില "ദോഷഫലങ്ങളു"ണ്ടെങ്കില്‍കൂടിയും അതിനെ സ്തുതിക്കണം എന്നാണദ്ദേഹം പറയുന്നത്.  പവിത്രമായി സൂക്ഷിക്കേണ്ട "കുലീനരക്തം" തീര്‍ച്ചയായും ഉന്നത ജാതിക്കാരുടെയും, "വന്ധ്യരും ദരിദ്രരുമായവര്‍" ശൂദ്രരും അതിലും താഴെയുള്ള മറ്റു ജാതികളും ആണെന്നതില്‍ സംശയമില്ല. സവര്‍ക്കര്‍ ജാതിക്കെതിരായിരുന്നു എന്ന അവകാശവാദം പൊള്ളയാണെന്ന് ബോധ്യപ്പെടാന്‍ ഇത്രയൊക്കെ പോരേ? "ഇന്ത്യന്‍" എന്നതിന് വിരുദ്ധമായി "ഹിന്ദു" എന്ന അഖില-ഇന്ത്യന്‍ സ്വത്വത്തിന് ഊന്നല്‍ കൊടുക്കുന്നതിനുവേണ്ടി ആര്‍എസ്എസും സമാനമനസ്കതയുള്ള സാമൂഹിക ശക്തികളും മനുസ്മൃതിയിലെയും മറ്റ് മത ഗ്രന്ഥങ്ങളിലെയും ആശയങ്ങളെ പ്രോത്സാഹിപ്പിച്ചു. മറുവശത്ത്, ആര്‍എസ്എസിന്‍റെയും അതിനുംമുമ്പ് ഹിന്ദു മഹാസഭയുടെയും (1915) പിറവിമുതല്‍തന്നെ അവരുടെ രാഷ്ട്രീയ ലക്ഷ്യമായ ഹിന്ദുത്വവും ഹിന്ദു രാഷ്ട്രവും സാധ്യമാക്കുന്നതിന് ഹിന്ദു ഐക്യത്തെ ഉയര്‍ത്തിപ്പിടിക്കുക എന്നത് അവരുടെ ആവശ്യമായി വന്നു. വ്യവസ്ഥിതിയില്‍തന്നെയുള്ള അടിസ്ഥാനപരമായി മനുഷ്യവിരുദ്ധമായ ചൂഷണാത്മക സ്വഭാവം സംബന്ധിച്ച യാതൊരു പഠനവും ആര്‍എസ്എസ് നടത്തിയിട്ടില്ലെന്ന് സവര്‍ക്കറുടെ കൃതികളില്‍നിന്നു വ്യക്തമാണ്. ജാതിവ്യവസ്ഥയെ കേടുപറ്റാതെ സംരക്ഷിച്ചു നിലനിര്‍ത്തുകവഴി, എല്ലാ ഹിന്ദുക്കളും മര്‍ദകരായ മുഗള്‍ ഭരണാധികാരികളുടെ ഇരകളായിരുന്നു എന്ന സിദ്ധാന്തം ഉപയോഗിച്ച് ഹിന്ദു "ഐക്യം" "നേടിയെടുക്കാം" എന്നതാണവരുടെ ലക്ഷ്യം. 
ഈ ന്യായീകരണവുമായി മുന്നോട്ടു പോകുന്നതിനുവണ്ടി 'വിചാരധാര' (1966) എന്ന തന്‍റെ കൃതിയില്‍ ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ എഴുതി: "ഒരുവശത്ത്, ഈ പറയുന്ന ജാതിയധിഷ്ഠിതമായ ഹിന്ദു സമുദായം കീഴടക്കാനാവാത്തവിധം അനശ്വരമായി നിലനില്‍ക്കുന്നു... രണ്ടായിരം വര്‍ഷക്കാലത്തോളം ഗ്രീക്കുകാരുടെയും ശകന്മാരുടെയും ഹൂണന്മാരുടെയും മുസ്ലീമുകളുടെയും യൂറോപ്യന്മാരുടെപോലും കൊള്ളയടിക്കലുകളെ ഒന്നിനുപുറകെ ഒന്നായി നേരിട്ടുകൊണ്ടാണ് ഹിന്ദു സമുദായം ഇങ്ങനെ നിലനിന്നത്. മറുവശത്ത് ജാതിരഹിതമായ സമുദായങ്ങള്‍ ഒരിക്കലും ഉയര്‍ത്തെണീക്കാനാകാത്തവിധം നിലംപരിശായിരിക്കുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഈ വിപരീത ചിന്തപ്രകാരം ജാതിവ്യവസ്ഥ ഹിന്ദു സമുദായത്തിന്‍റെ ശക്തി സുദൃഢമാക്കി". 
ആര്‍എസ്എസ് ബുദ്ധിജീവിയായ ദീന്‍ദയാല്‍ ഉപാധ്യായ 'ഇന്‍റഗ്രല്‍ ഹ്യൂമനിസം' (ഏകാത്മമാനവവാദം) എന്ന തന്‍റെ സിദ്ധാന്തത്തില്‍ വര്‍ണവ്യവസ്ഥയെ അഥവാ ജാതി വ്യവസ്ഥയെ ന്യായീകരിക്കുകയും ഇന്ന് ഇന്ത്യ ഭരിക്കുന്ന ബിജെപിയെ അതിന്‍റെ  പ്രത്യയശാസ്ത്രപരമായ ഉദാഹരണമായി ഉയര്‍ത്തുകയും ചെയ്തു. 1965ല്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. "നമ്മുടെ ആദര്‍ശപ്രകാരം നാലു ജാതികളെ വിരാട പുരുഷന്‍റെ (മഹാവിഷ്ണു) വ്യത്യസ്ത അവയവങ്ങള്‍ക്ക് സമാനമായി കണക്കാക്കുന്നു. ഈ അവയവങ്ങള്‍ ഒന്ന് മറ്റൊന്നിന് പൂരകമാണ് എന്നു മാത്രമല്ല  അതിനുമപ്പുറം അവയ്ക്ക് വ്യക്തിത്വവുമുണ്ട്, ഐക്യവുമുണ്ട്. അവിടെ പൂര്‍ണമായ സ്വത്വ താല്‍പര്യമുണ്ട്. പരസ്പരാശ്രിതത്വമുണ്ട്. ഈ ആശയത്തെ സജീവമായി നിലനിര്‍ത്തിയില്ലായെങ്കില്‍ പരിപൂരകമാകുന്നതിനുപകരം ജാതി, സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചേക്കാം. പക്ഷേ അങ്ങനെയാകുമ്പോള്‍ ഇത് ദുര്‍വ്യാഖ്യാനമാണ്". 
അപ്പോള്‍ ദളിതര്‍ നേരിട്ട അടിച്ചമര്‍ത്തലിന്‍റെയും വിവേചനത്തിന്‍റെയും ചരിത്രം, ജാതിവ്യവസ്ഥമൂലമല്ല, മറിച്ച് അതൊരു 'ദുര്‍വ്യാഖ്യാനമാണ്"; അന്നും ഇന്നും ബിജെപിയുടെ ധാരണ ഇതാണ്. അതുകൊണ്ടാണവര്‍ മനുസ്മൃതിയെ ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയാക്കണമെന്ന് പറയുന്നത്. നമ്മുടെ ഭരണഘടനാ നിര്‍മാണസഭ ഭരണഘടനയ്ക്ക് അന്തിമ രൂപം നല്‍കി നാലുദിവസത്തിനുശേഷം 1949 നവംബര്‍ 30ന് ആര്‍എസ്എസ് നടത്തിയ പ്രതികരണമിതായിരുന്നു, "ഈ കാലത്ത് മനുസ്മൃതിയില്‍ രേഖപ്പെടുത്തിയതനുസരിച്ചുള്ള മനുവിന്‍റെ നിയമങ്ങള്‍ ലോകത്തിന്‍റെയാകെ ആദരവ് പിടിച്ചുപറ്റിയിട്ടുണ്ട്; അത് സ്വാഭാവികമായ അനുസരണയും ഐകരൂപ്യവും വെളിപ്പെടുത്തി: എന്നാല്‍ ഭരണഘടനാ പണ്ഡിതരെ സംബന്ധിച്ചിടത്തോളം അവര്‍ ഇതിനൊന്നും വിലകല്‍പിക്കുന്നില്ല."
അതിനാല്‍, ഡോ. അംബേദ്കറും കമ്യൂണിസ്റ്റുകാരും ജാതി വ്യവസ്ഥയുടെതന്നെ ഉന്മൂലനത്തില്‍ വിശ്വസിക്കുകയും അതിനുവേണ്ടി പോരാടുകയും, ഗാന്ധിയന്മാര്‍ അതിന്‍റെ പരിഷ്കരണത്തില്‍ വിശ്വസിക്കുകയും ചെയ്തപ്പോള്‍ ആര്‍എസ്എസിന്‍റെ ഹിന്ദുത്വവാദികള്‍ ഹിന്ദു സമുദായത്തെ ഒന്നിച്ചുനിര്‍ത്തുന്നതിന് ജാതിവ്യവസ്ഥ അനിവാര്യമാണെന്നാണ് പറഞ്ഞത്.

ജാതിയോടുള്ള ആര്‍എസ്എസിന്‍റെ ഇന്നത്തെ സമീപനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ?

ജാതിയോടുള്ള ആര്‍എസ്സിന്‍റെ സമീപനത്തില്‍ മൗലികമായ യാതൊരു മാറ്റവും വന്നിട്ടില്ല. മിശ്രഭോജനം നടത്തലും ബിജെപി നേതാക്കള്‍ ദളിതരുടെ വീടുകളില്‍നിന്നും ഭക്ഷണംകഴിക്കലും തുടങ്ങിയ പ്രതീകാത്മകമായ പരിപാടികളിലൂടെ ഉപരിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടെന്നു കാണിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്; യഥാര്‍ഥത്തില്‍ ഇത് തുല്യ പൗരത്വത്തിന്‍റെ അംഗീകാരമില്ലാത്തവരാണ് ദളിതരെന്ന് കാണിക്കുന്നു എന്നതിനാല്‍ ഇതുതന്നെ ദളിതരെ അപമാനിക്കലാണ്. അതേസമയംതന്നെ പ്രണയബന്ധത്തിലായിട്ടുള്ള ആണ്‍കുട്ടി ഒരു ദളിതനാകുമ്പോള്‍, വ്യത്യസ്ത ജാതികള്‍ തമ്മിലുള്ള വിവാഹത്തെ സംബന്ധിച്ച അത്യന്തം പിന്തിരിപ്പനായ ഖാപ് പഞ്ചായത്തുകളുടെ (മേല്‍ജാതിക്കാരും ഭരണവര്‍ഗവും ആധിപത്യം വഹിക്കുന്ന വില്ലേജ് കൗണ്‍സിലുകള്‍) സമീപനത്തിന് ആര്‍എസ്എസ് പരിപൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്നു. തങ്ങളുടെ ജാതിയധിഷ്ഠിത സ്വഭാവത്തെ മറച്ചുവെയ്ക്കുന്നതിനുവേണ്ടി അവര്‍ അംബേദ്കറെ കൈക്കലാക്കാന്‍ നോക്കുന്നു. എന്നാല്‍ മറുവശത്ത് മനുസ്മൃതിയോടൊപ്പം ജാതിയുടെ പുതു വ്യാഖ്യാനങ്ങള്‍ അവതരിപ്പിക്കുകയും ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയുടെ കടുംപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ ഇവരുടെമേല്‍ സൂചിപ്പിച്ച ശ്രമങ്ങളെല്ലാം സ്വമേധയാതന്നെ വൈരുധ്യങ്ങള്‍ നിറഞ്ഞതാകുന്നു. 
ശ്രേണീബദ്ധമായ ജാതിയെയും അടിച്ചമര്‍ത്തലിനെയും വ്യക്തമായി ന്യായീകരിച്ച ഗോള്‍വാള്‍ക്കറടക്കമുള്ള അതിന്‍റെ സ്ഥാപക നേതാക്കള്‍ സ്പഷ്ടമാക്കിയ ജാതി സംബന്ധിച്ച കാഴ്ചപ്പാടുകളില്‍നിന്നും ആര്‍എസ്എസ് ഒരിക്കല്‍പോലും, ഒരുതവണപോലും അകലം പാലിക്കുകയോ അതിനെ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. ഹിന്ദു സമുദായത്തില്‍ ജാതിവ്യവസ്ഥ എന്നത് ലളിതമായി പറഞ്ഞാല്‍ അധ്വാനത്തിന്‍റെ വിഭജനം മാത്രമായിരുന്നു എന്നും, അതില്‍ ശ്രേണീതിരിവുകളും വിവേചനവും കൊണ്ടുവന്നത് മുസ്ലീങ്ങളാണ് എന്നുമാണ് ആര്‍എസ്എസ് ഇപ്പോള്‍ പറയുന്നത്. വ്യത്യസ്ത ജാതികളെക്കുറിച്ച് ഒരു ആര്‍എസ്എസ് അനുകൂലി എഴുതിയ പുസ്തകത്തിനുള്ള തന്‍റെ ആമുഖത്തില്‍ (2019) മുതിര്‍ന്ന ആര്‍എസ്എസ് നേതാവായ ഭയ്യാജോഷി പറയുന്നതിങ്ങനെ, ശൂദ്രര്‍ ഒരിക്കലും അയിത്തക്കാരായിരുന്നില്ല. ചന്‍വര്‍ വംശത്തിലെ ക്ഷത്രിയരുടെ ഹിന്ദു സ്വാഭിമാനത്തെ ഭംഗപ്പെടുത്തുന്നതിനുവേണ്ടി അറേബ്യയില്‍നിന്നുള്ള അക്രമികളും മുസ്ലീം ഭരണാധികാരികളും ഗോമാംസം ഭക്ഷിക്കുന്നവരും ചേര്‍ന്ന് പശുക്കളെ കൊല്ലുക, അവയുടെ തോലുപൊളിക്കുക, അവയുടെ അവശിഷ്ടങ്ങള്‍ വിജനമായ ഇടങ്ങളില്‍ കൊണ്ടുപോയിക്കളയുക തുടങ്ങിയ നികൃഷ്ടമായ ജോലികള്‍ ചെയ്യാന്‍ അവരെ നിര്‍ബന്ധിതരാക്കി. അങ്ങനെ അഭിമാനികളായ ഹിന്ദു തടവുപുള്ളികള്‍ക്ക് ശിക്ഷയായി ഇത്തരം പ്രവൃത്തികള്‍ ചെയ്യിപ്പിച്ചുകൊണ്ട് വിദേശ കയ്യേറ്റക്കാര്‍ ചര്‍മ-കര്‍മ (ത്വക്കുമായി ബന്ധപ്പെട്ട ജോലി)യെന്ന  ജാതി സൃഷ്ടിച്ചു." ഇനി, മറ്റൊരു മുതിര്‍ന്ന ആര്‍എസ്എസ് നേതാവായ സുരേഷ് സോണി എഴുതിയതിങ്ങനെയാണ്, "തുര്‍ക്കികളുടെയും മുസ്ലീങ്ങളുടെയും മുഗളന്മാരുടെയും കാലത്താണ് ദളിതരുടെ ഉത്പത്തി നടന്നത്. വാത്മീകികള്‍, സുദര്‍ശന്മാര്‍, മജാബി സിക്കുകള്‍ തുടങ്ങിയ ജാതികളും അവയുടെ 624 ഉപജാതികളും ഉണ്ടായത്, മധ്യയുഗത്തില്‍ അഥവാ ഇസ്ലാമിക യുഗത്തില്‍ ബ്രാഹ്മണര്‍ക്കും ക്ഷത്രിയന്മാര്‍ക്കുമെതിരെ നടന്ന അതിക്രമങ്ങളുടെ ഭാഗമായാണ്". അപ്പോള്‍,  ദളിതര്‍ യഥാര്‍ഥത്തില്‍ ക്ഷത്രിയരായിരുന്നു എന്നും, മുഗള്‍ ഭരണകാലത്ത് അവര്‍ ശിക്ഷിക്കപ്പെടുകയും "വൃത്തിഹീനമായ" നികൃഷ്ട ജോലികള്‍ ചെയ്യുവാന്‍ മുസ്ലീങ്ങള്‍ അവരെ നിര്‍ബന്ധിതരാക്കുകയും അങ്ങനെ അവരെ തൊട്ടുകൂടാത്തവരാക്കി മാറ്റിയത് മുഗള്‍ ഭരണാധികാരികളാണെന്നുമാണ് ആര്‍എസ്എസിന്‍റെ പ്രത്യയശാസ്ത്രകാരന്മാര്‍ പറയുന്നത്. ഇതിഹാസങ്ങളടങ്ങിയ ആര്‍എസ്എസിന്‍റെ ചരിത്രത്തില്‍ അലംകൃതമായിട്ടുള്ള ഏകലവ്യന്‍റെയും ശംബുകന്‍റെയും ശബരിയുടെയും കഥകളെല്ലാം മറക്കുക, മനുസ്മൃതിയിലും മറ്റു മതപരമായ ഗ്രന്ഥങ്ങളിലും പറയുന്ന അനുശാസനകള്‍ മറക്കുക; ഏതെങ്കിലും മുസ്ലീങ്ങള്‍ ഈ ഉപഭൂഖണ്ഡത്തിലേക്ക് എത്തുന്നതിനും വളരെ മുമ്പുള്ള ഈ മൂലകൃതികള്‍ അവര്‍ക്ക് മറച്ചുപിടിക്കണം.
നിലവില്‍ പ്രധാനമന്ത്രിയും മുന്‍ ആര്‍എസ്എസ് പ്രചാരകനുമായ നരേന്ദ്രമോഡി "കര്‍മയോഗ്" എന്ന പ്രസിദ്ധീകരണത്തില്‍ തോട്ടിപ്പണിയെടുക്കുന്നവരെക്കുറിച്ച് ഇങ്ങനെയാണ് എഴുതിയത്; മൊത്തം സമൂഹത്തിന്‍റെയും ദൈവങ്ങളുടെയും സന്തോഷത്തിനുവേണ്ടി ഈ പണി ചെയ്യേണ്ടത് തങ്ങളുടെ കടമയാണെന്ന ഉള്‍വിളി ചിലര്‍ക്ക് ഒരു സമയത്തുണ്ടായി; ദൈവം തങ്ങളില്‍ ചൊരിഞ്ഞിരിക്കുന്ന ഈ കര്‍ത്തവ്യം തങ്ങള്‍ ചെയ്യേണ്ടതാണെന്ന ഉള്‍വിളി; ഈ ശുചീകരണ തൊഴില്‍ നൂറ്റാണ്ടുകളോളം ആന്തരികമായ ഒരു ആത്മീയ പ്രവര്‍ത്തനമായി തുടരണമെന്ന ഉള്‍വിളി. ഇത് തലമുറകള്‍ തുടര്‍ന്നുവന്നു. ഇവരുടെ പൂര്‍വികര്‍ക്ക് മറ്റേതെങ്കിലും തൊഴിലോ ബിസിനസോ തിരഞ്ഞെടുക്കുന്നതിന് കഴിയുമായിരുന്നില്ലായെന്ന് വിശ്വസിക്കുക അസാധ്യമാണ്. 
ഇന്നും തുടര്‍ന്നുവരുന്ന, ജനനാടിസ്ഥാനത്തില്‍ ജാതി തൊഴിലുകള്‍ നിര്‍ണയിക്കുന്ന സമ്പ്രദായത്തെക്കുറിച്ചുള്ള വിചിത്രമായ ഈ ന്യായീകരണം, ജാതിവ്യവസ്ഥയോടുള്ള ആര്‍എസ്എസിന്‍റെയും ഹിന്ദുത്വത്തിന്‍റെയും യഥാര്‍ഥ സമീപനമാണ്. ഭൈറോണ്‍ സിംഗ് ശെഖാവത്ത് മുഖ്യമന്ത്രിയായിട്ടുള്ള രാജസ്താന്‍ ഗവണ്‍മെന്‍റ് രാജസ്താന്‍ ഹൈക്കോടതി വളപ്പില്‍ മനുവിന്‍റെ ഒരു പ്രതിമ സ്ഥാപിച്ചു. അത് നീക്കം ചെയ്യുന്നതിനുവേണ്ടി കേസ് വന്നപ്പോള്‍, ആ പ്രതിമ നീക്കം ചെയ്യുന്നതിനെതിരായി കോടതിയില്‍നിന്നും സ്റ്റേ ഓര്‍ഡര്‍ വാങ്ങിച്ചത് മറ്റൊരു ആര്‍എസ്എസ് സംഘടനയായ വിഎച്ച്പിയായിരുന്നു. രാജസ്താനില്‍ തുടര്‍ന്നുവരുന്ന ഗവണ്‍മെന്‍റുകളുടെ കാപട്യത്തിന്‍റെ നാണംകെട്ട ചിഹ്നമായി ആ പ്രതിമ ഇന്നും അവിടെയുണ്ട്. മോഡി ഗവണ്‍മെന്‍റ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആര്‍എസ്എസ് അജന്‍ഡ ജാതിവ്യവസ്ഥ കാതലായി നിലനില്‍ക്കുന്ന ഒരു ഹിന്ദു രാഷ്ട്രത്തിനുവേണ്ടിയാണ്. 1950ല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ "മനുവിന്‍റെ ഭരണം അവസാനിച്ചു" എന്നാണ് ബാബാസാഹിബ് അംബേദ്കര്‍ പറഞ്ഞത്; തങ്ങളുടെ ആനുകാലിക പ്രസിദ്ധീകരണമായ  ഓര്‍ഗനൈസറില്‍ അതിനു മറുപടിയായി ആര്‍എസ്എസ് എഴുതിയ ലേഖനത്തില്‍ "മനു ഞങ്ങളുടെ ഹൃദയങ്ങളെ ഭരിക്കും" എന്നാണ് പ്രതികരിച്ചത്. ഇതാണ് ആര്‍എസ്എസിന്‍റെ പ്രത്യയശാസ്ത്രം. അംബേദ്കര്‍ ഇങ്ങനെകൂടി പറഞ്ഞുവെച്ചു, "ഹിന്ദുരാജ് ഒരു യാഥാര്‍ഥ്യമായാല്‍, യാതൊരു സംശയവും വേണ്ട, അതീ രാജ്യത്തിന്‍റെ കൊടിയ ദുരന്തമാകും... അത് ജനാധിപത്യത്തിനുവിരുദ്ധമായ ഒന്നാണ്". അതായിരുന്നു അന്നത്തെ യാഥാര്‍ഥ്യം, അതുതന്നെയാണ് ഇന്നത്തെയും യാഥാര്‍ഥ്യം.
സ്വാതന്ത്ര്യം ലഭിച്ച് 73 വര്‍ഷത്തിനുശേഷവും ഭൂരിഭാഗം ദളിതരും ഗ്രാമീണ - നാഗരിക തൊഴിലാളികളായി നിലനില്‍ക്കുകയാണല്ലോ. എന്താണ് ജാതിയും വര്‍ഗവും തമ്മിലുള്ള ബന്ധം?

വര്‍ഗസമൂഹത്തിന്‍റെ തന്നെ വികാസത്തിന് അനുബന്ധമായി ജാതിവ്യവസ്ഥ ചരിത്രപരമായി ഉയര്‍ന്നതെങ്ങനെയെന്ന് കമ്യൂണിസ്റ്റുകാരും മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജാതിവ്യവസ്ഥ സാമൂഹിക ബന്ധങ്ങളിലും ഉല്‍പാദനബന്ധങ്ങളിലും ആഴ്ന്നുകിടക്കുന്നു. ഉല്‍പാദനശക്തികളുടെ വികാസം കൃഷിയില്‍ ഉറച്ചുനില്‍ക്കുകയും സാമൂഹികമായി ഉല്‍പാദിപ്പിക്കപ്പെടുന്ന മിച്ചം social surplus)വികസിക്കുകയും ചെയ്തതോടുകൂടി, ഉത്പാദനോപാധികള്‍ക്കും മിച്ചത്തിനുംമേല്‍ ഉടമസ്ഥാവകാശവും നിയന്ത്രണവും ലഭിച്ച വര്‍ഗങ്ങളും മിച്ചം ഉല്‍പാദിപ്പിക്കുന്ന വര്‍ഗങ്ങളും എന്ന നിലയില്‍ വര്‍ഗങ്ങളുടെ വികാസവും നടന്നു; ഇത് നമുക്കെല്ലാം അറിവുള്ള സമൂഹങ്ങളെ സംബന്ധിച്ച പഠനം വികസിച്ചുവരുന്നതിന്‍റെ ഭാഗമാണ്. പുരാതന ഇന്ത്യയുമായി ബന്ധപ്പെട്ട് വ്യാപകമായി അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ചരിത്രകാരന്‍ ഡി ഡി കൊസാംബി എഴുതിയത്, ഇന്ത്യയില്‍, "ഏറ്റവും കുറഞ്ഞ നിയന്ത്രണമുപയോഗിച്ച് പ്രാഥമിക ഉല്‍പാദകന് അവന്‍റെ മിച്ചം നിഷേധിക്കുന്നതിനനുകൂലമായ തരത്തിലുള്ള സാമൂഹികബോധം രൂപപ്പെടുത്തുന്ന ഒരു മതപരമായ മാര്‍ഗമെന്ന നിലയില്‍ ജാതി എന്നത് ഉല്‍പാദനത്തിന്‍റെ ആദിമതലത്തില്‍ വര്‍ഗമാണ്". ജാതിവ്യവസ്ഥയ്ക്ക് മതപരമായ അംഗീകാരം നല്‍കുകയും, അത് അതിന്‍റെ മാരകമായ വ്യാപനത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുവാന്‍ സഹായകമാവുകയും ചെയ്തു. വര്‍ഗസമരവും ജാതീയമായ അടിച്ചമര്‍ത്തലും (ദി മാര്‍ക്സിസ്റ്റ്, ജൂലൈ 2002) എന്ന തന്‍റെ ലേഖനത്തില്‍ ജയന്‍തനൂജ ബന്ദോപാധ്യായ വിശദമാക്കിയിട്ടുള്ളതുപോലെ "പറഞ്ഞുപരത്തിയ ദൈവീകമായ ഉല്‍പത്തിയെന്ന മുടന്തന്‍ ന്യായം ഉപയോഗിച്ചുകൊണ്ട് മതപരമായ ഗ്രന്ഥങ്ങള്‍ ചാതുര്‍വര്‍ണ്യത്തിനു നല്‍കിയ പിന്തുണ, മൊത്തം അധ്വാനിക്കുന്ന വര്‍ഗത്തെയാകെ അടിച്ചമര്‍ത്തുന്നതിലും ചൂഷണം ചെയ്യുന്നതിലും അധിഷ്ഠിതമായ നീതിയുക്തമല്ലാത്ത തൊഴില്‍വിഭജനത്തിന്‍റെ പുരാതന രൂപത്തെ പവിത്രീകരിക്കുന്നതിനും ശാശ്വതീകരിക്കുന്നതിനുംവേണ്ടി മാത്രമായിരുന്നു; ആ തൊഴില്‍ വിഭജനം പുരാതന ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തെ എണ്ണംകൊണ്ട് വളരെ ചെറുതും പരാന്നഭുക്കുകളുമായ ഒരു ഭരണവര്‍ഗം അടിച്ചമര്‍ത്തുകയും ചൂഷണവിധേയമാക്കുകയും ചെയ്യുന്ന ഒന്നാണ്. ഇഹലോകത്തെ ചൂഷണാത്മകമായ സാമൂഹിക സാമ്പത്തികഘടനയെ മഹത്വവല്‍കരിക്കുന്നതിനുവേണ്ടി കരുതിക്കൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന പ്രത്യയശാസ്ത്രത്തിന്‍റെ സ്വഭാവത്തിലായിരുന്നു 'പരലോകത്തെ' മതപരമായ കല്‍പനകള്‍".
വര്‍ഷങ്ങളേറെ കഴിയുമ്പോള്‍, നവലിബറല്‍ സാമ്പത്തികനയങ്ങളുടെ ഇരകള്‍ വര്‍ധിച്ചുവരുകയും ഭൂരിപക്ഷം ദളിതരും സാമൂഹിക സാമ്പത്തിക ശ്രേണിയില്‍ ഇന്നും താഴേതട്ടില്‍ തടവിലാക്കപ്പെട്ടിരിക്കുകയുമാണ് എന്നു പറഞ്ഞാല്‍, അത് മറ്റൊന്നുംകൊണ്ടല്ല, ഭരണവര്‍ഗം, അതായത് ആധുനിക ഇന്ത്യയിലെ ബൂര്‍ഷ്വാസി ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്നതുകൊണ്ടാണ്. ദളിതര്‍ സവിശേഷമായും ഒപ്പം മറ്റു പിന്നോക്ക ജാതി വിഭാഗങ്ങളും അടങ്ങുന്ന സേന ഉല്‍പാദിപ്പിക്കുന്ന മിച്ചമൂല്യം കൂടുതല്‍ പിടുങ്ങുന്നതിനുള്ള ഒരു ഉപകരണമായി ജാതിവ്യവസ്ഥയെ നിര്‍ണയിക്കുകയും ദത്തെടുക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ ജാതിയെ മുതലാളിത്തപൂര്‍വ ബന്ധങ്ങളുടെ മാത്രം ഭാഗമായി കാണുന്നത് തികഞ്ഞ അബദ്ധമാണ്. ജാതീയമായ ബന്ധങ്ങള്‍ ഫ്യൂഡല്‍ സമൂഹത്തിന്‍റെ ഭാഗമാണ് എന്ന് നമ്മുടെ പ്രസ്ഥാനത്തിനുള്ളില്‍പോലും പറയപ്പെടുന്നുണ്ട്. എന്നാല്‍ ആധുനിക ബൂര്‍ഷ്വാ സമൂഹത്തില്‍ ജാതി അപ്രത്യക്ഷമാവുകയും വര്‍ഗബന്ധങ്ങള്‍ മേധാവിത്വം പുലര്‍ത്തുകയും ചെയ്യുമെന്ന ഒരു ധാരണയാണ് ഈ ചിന്തയില്‍ അന്തര്‍ലീനമായി കിടക്കുന്നത്. പക്ഷേ നമ്മുടെ അനുഭവം തന്നെ ഇത് പൂര്‍ണമായും തെറ്റായ ധാരണയാണെന്ന് തെളിയിക്കുന്നു. സാമൂഹിക രൂപീകരണത്തിന്‍റെ ചരിത്രം പ്രതിഫലിപ്പിക്കുന്ന രീതിയില്‍ വര്‍ഗം സ്വയം പ്രകടമാകുന്നു. ഉദാഹരണത്തിന്, വംശീയമായ ശ്രേണീബന്ധങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ വംശീയമായ പിന്തുടര്‍ച്ചാ സമ്പ്രദായത്തോട് സങ്കീര്‍ണമായ രീതികളില്‍ വര്‍ഗം ബന്ധപ്പെട്ടുകിടക്കുന്നു (ഒട്ടേറെ പാശ്ചാത്യ സമൂഹങ്ങളിലും തെക്കേ ആഫ്രിക്കയിലും നടക്കുന്നതുപോലെ). ഇന്ത്യയില്‍, ആദിവാസികള്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കും മേല്‍ ചുമത്തിയിട്ടുള്ള ശിക്ഷയും ജാതീയമായ ശ്രേണീബന്ധങ്ങളുമടക്കമുള്ള നമ്മുടെ തന്നെ ചരിത്രപരമായ വികാസങ്ങളിലുടെയും രൂപങ്ങളിലൂടെയും വര്‍ഗം സ്വയം പ്രകടമാകുന്നു. ഈ "പഴയകാല" രൂപങ്ങള്‍ വര്‍ത്തമാനകാലത്ത് അതിജീവിക്കുന്നതല്ല എന്നതുകൊണ്ടുതന്നെ അവയെ മുതലാളിത്ത സാമൂഹികബന്ധങ്ങള്‍ എന്ന നിലയില്‍ പുനഃക്രമീകരിക്കുകയും നമ്മുടെ ആധുനിക സമൂഹമെന്ന സംഘടനയുടെ ചീഞ്ഞളിഞ്ഞ തത്വമായി അവ മാറുകയും ചെയ്തു.
അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യാ മാര്‍ക്സിസ്റ്റിന്‍റെ പാര്‍ടി പരിപാടിയില്‍ (1964, 2000ത്തില്‍ പുതുക്കിയ) ഇങ്ങനെ പ്രസ്താവിച്ചത്: ഉയര്‍ന്നുവരുന്ന ബൂര്‍ഷ്വാസിയാല്‍ തകര്‍ക്കപ്പെട്ട പ്രാങ് മുതലാളിത്ത സമൂഹത്തിന്‍റെ ചാരത്തിന്മേലാണ് വികസിത മുതലാളിത്ത രാജ്യങ്ങളില്‍ മുതലാളിത്തം വളര്‍ന്നുവന്നതെങ്കില്‍, അതിനുവിരുദ്ധമായി ഇന്ത്യയില്‍ പ്രാങ് മുതലാളിത്ത സമൂഹത്തിനുമേല്‍ മുതലാളിത്തം അടിച്ചേല്‍പിക്കപ്പെടുകയാണുണ്ടായത്. മുതലാളിത്തത്തിന്‍റെ സ്വതന്ത്രമായ വികാസത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മുന്നുപാധികളില്‍ ഒന്നാണ് പ്രാങ് മുതലാളിത്തത്തെ തകര്‍ക്കുക എന്നത്. എന്നാല്‍ തങ്ങളുടെ വാഴ്ചക്കാലത്ത് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാധികാരികളോ സ്വാതന്ത്ര്യത്തിനുശേഷം ഭരണം ഏറ്റെടുത്ത ഇന്ത്യന്‍ ബൂര്‍ഷ്വാസിയോ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയുണ്ടായില്ല. അതിനാല്‍ ഇന്നത്തെ ഇന്ത്യന്‍ സമൂഹം കുത്തക മൂലധനമേധാവിത്വവും ജാതി - മത - ഗോത്ര സ്ഥാപനങ്ങളും തമ്മിലുള്ള ഒരു സവിശേഷ സംയോഗമാണ്.
ആയതുകൊണ്ടുതന്നെ ജാതിയെ ഫ്യൂഡല്‍ അഥവാ പ്രാങ് മുതലാളിത്ത ബന്ധമായി കാണുന്നതിനുപകരം, മുതലാളിത്തത്തിന്‍കീഴില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങളില്‍ ജാതിവ്യവസ്ഥ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു എന്നു നാം മനസ്സിലാക്കണം. ജാതിവ്യവസ്ഥക്കെതിരായി പൊരുതാതെ മുതലാളിത്തത്തോട് പോരാടാനോ മുതലാളിത്തത്തിനെതിരെ പോരാടാതെ ജാതിവ്യവസ്ഥയെ ചെറുക്കുവാനോ നമുക്ക് സാധിക്കില്ല.

എന്താണ് മുന്നോട്ടുള്ള പാത?

വര്‍ഗപരമായ ചൂഷണത്തെ കാണാതെ ജാതിയധിഷ്ഠിത അടിച്ചമര്‍ത്തലിലേക്കു മാത്രം ഊന്നല്‍ കൊടുത്ത സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്‍റെ പരിമിതികള്‍ ചരിത്രം നമുക്ക് കാണിച്ചുതന്നു. ജാതീയമായ അടിച്ചമര്‍ത്തലും ചൂഷണവും നടപ്പിലാക്കുന്ന രീതിയെക്കുറിച്ചുള്ള സാമൂഹികബോധം ഉണ്ടാക്കാതെ വര്‍ഗസമരം കെട്ടിപ്പടുക്കുന്നത്, വര്‍ഗസമരത്തെത്തന്നെ ദുര്‍ബലപ്പെടുത്തും എന്നും അനുഭവങ്ങളില്‍നിന്ന് നമ്മള്‍  പഠിച്ചു. ദളിത് സമുദായത്തില്‍പെട്ടവളായതുകൊണ്ട് ഇരട്ട ചൂഷണവും മര്‍ദനവും അനുഭവിക്കുന്ന തൊഴിലാളിവര്‍ഗത്തിലെ ഒരു വലിയ വിഭാഗം അദൃശ്യരാണ്. ഇനി, ഒരു ദളിത് സ്ത്രീയായിരിക്കുക എന്നു പറഞ്ഞാല്‍, ദളിത്, തൊഴിലാളി, സ്ത്രീ എന്നീ മൂന്നുനിലയിലുള്ള ചൂഷണവും മര്‍ദനവും അവര്‍ക്ക് നേരിടേണ്ടിവരുന്നു. ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി വര്‍ഗസമരത്തിന്‍റെയും ജാതിവിരുദ്ധ സമരത്തിന്‍റെയും ഒരു സംയോഗം കെട്ടിപ്പടുക്കുക എന്നതാണ് മുന്നോട്ടുള്ള ഒരേയൊരു പാത.
മുതലാളിത്തത്തിന്‍റെ വികാസത്തോടുകൂടി ജാതികള്‍ക്കുള്ളിലും വ്യതിരിക്തതയുടെ പ്രക്രിയ വികസിച്ചു എന്നതും നമ്മള്‍ മനസ്സിലാക്കണം. വര്‍ഗവും ജാതിയും സമാനമല്ല. ജാതി സ്വത്വ രാഷ്ട്രീയം ഈ വ്യതിരിക്തതയെ മറച്ചുവെയ്ക്കുന്നു. എന്തുതന്നെയായാലും ഇന്ത്യയിലെ വര്‍ഗസമരത്തിന് അനുപമമായ ഒരു സവിശേഷതയുണ്ട്, അതായത് അത് ജാതിവ്യവസ്ഥയ്ക്കെതിരായ സമരം കൂടി ആണ്, അങ്ങനെ തന്നെ ആവണം എന്ന വസ്തുതയെ വിശാലാര്‍ഥത്തില്‍ ഇത് ദുര്‍ബലപ്പെടുത്തുകയില്ല. പാര്‍ടി പരിപാടി പ്രസ്താവിച്ചിരിക്കുന്നതുപോലെ, ദളിത് ജനതയില്‍ മഹാഭൂരിപക്ഷവും അധ്വാനിക്കുന്ന വര്‍ഗങ്ങളുടെ ഭാഗമാണ് എന്നതിനാല്‍ ദളിത് പീഡനത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരായ ഐക്യം തൊഴിലാളിവര്‍ഗ ഐക്യത്തിനുള്ള മുന്നുപാധിയാണ്. ജനാധിപത്യ വിപ്ലവത്തിന്‍റെ സുപ്രധാന ഭാഗമാണ് ജാതിവ്യവസ്ഥയ്ക്ക് അറുതി വരുത്തുന്നതിനുള്ള പോരാട്ടം. വര്‍ഗപരമായ ചൂഷണത്തിന് എതിരായ സമരവുമായി ബന്ധപ്പെട്ടതാണ് ജാതീയ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടവും. 
1930ലെ പ്രവര്‍ത്തന പരിപാടി കൈക്കൊണ്ട് 91 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ 2021ല്‍, വെറുക്കപ്പെട്ട ഈ ജാതിവ്യവസ്ഥയുടെയും അതിനെ നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ ശ്രമിക്കുന്ന എല്ലാവിധ ശക്തികളുടെയും ഉന്മൂലനത്തിനുവേണ്ടി പോരാടും എന്ന പ്രതിജ്ഞ നമുക്ക് നിറവേറ്റാം. •